Sunday 6 November 2011

നാളെ ബക്രീദ് ആണ്

ഇന്ന്  ചീരക്കാരന്‍ 'ചീരോം ' ചീര വേണോ ചീരോം ' എന്ന് വിളിച്ചു വന്നപ്പോള്‍ പ്രകൃതി ഭക്ഷണം ശീല മാക്കിയ അതല്ലെങ്കില്‍ മത്സ്യ മാംസാദികള്‍ ശീല മാക്കാത്ത ഞാന്‍ സന്തോഷിച്ചു. ഇന്നലത്തെ, പെട്രോള്‍ വില വര്ദ്ധനവിനെതിരെയുള്ള പണി മുടക്ക് കാരണം വില പിടിച്ച പച്ച ക്കറികള്‍ ഒന്നും വാങ്ങാനായില്ല. സമരത്തോട് ഐയ്ക്യം പ്രഖ്യാപിച്ചു വീട്ടില്‍ തന്നെയിരുന്നു. നിരാഹാരം .  
ചീരക്കാരന്റെ വിളി ആനന്ദദായകമായത് അത് കൊണ്ടാണ്. ഉച്ച ഭക്ഷണത്തില്‍  ഒരു ഐറ്റമായി ചീര. 
ചീരക്കാരന് ഇരുപതു രൂപാ കൊടുക്കാന്‍ തിരിഞ്ഞതും ഇതാ വരുന്നു നമ്മള്‍ കളയുന്ന എല്ലാം പെറുക്കി കൊണ്ട് പോകാന്‍ തയ്യാറായി ഒരാള്‍. . 'ചേച്ചീ ഗേറ്റ ടക്കല്ലേ..കുപ്പിയുണ്ടോ, ചാക്കുണ്ടോ ,പേപ്പര്‍ ഉണ്ടോ, ഉപയോഗിക്കാത്ത പാത്രങ്ങളുണ്ടോ, പ്ലാസ്റ്റിക്‌ കുപ്പിഉണ്ടോ , ഇരുമ്പ് പാട്ടയുണ്ടോ, കമ്പിയുണ്ടോ  തുരുമ്പുണ്ടോ , പൊട്ടിയ പൈപ്പുണ്ടോ..'' ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു തിരിഞ്ഞു ഗേറ്റ് അടക്കാനാഞ്ഞ  എന്റെ മുന്നില്‍ കൂടി അകത്തേക്ക് കയറി. വീടിനു ചുറ്റും പ്രദക്ഷിണം വച്ച്. പിന്‍ വശത്തെ വരാന്തയില്‍ അടുക്കി വച്ച സാധങ്ങള്‍ എനിക്ക് /വീട്ടില്‍  വേണ്ടാത്തതു എന്ന് അയാള്‍ സ്വയം തീരുമാനിച്ചു .സകല സാധങ്ങളും  വലിച്ചു തിരച്ചില്‍ തുടങ്ങി. എന്താ നിങ്ങള്‍ കാണിക്കുന്നതെന്ന ചോദ്യത്തിനു .നാളെ ബക്രീദ് ആണ് എന്ന് മറു പടി . അതിനു  എന്റെ വീട്ടിലെ സാധങ്ങള്‍ എല്ലാം  ചികയുന്നതെന്തിനാണ് എന്ന് ചോദിച്ചു ഞാന്‍  അയാളെ പറഞ്ഞു വിടാന്‍ സഹായത്തിനായി  എന്റെ ചങ്ങാതിയെ വിളിച്ചു. ഇതാ ഒരാള്‍ നാളെ ബക്രീദ് ആണ് എന്ന് പറഞ്ഞു നമ്മള്‍  കൂട്ടി വച്ച പെയിന്റ്  പാട്ടകളും, പേപ്പറും ,ഇരുമ്പുരുക്ക് സാധനങ്ങളും  , പഴയ പാത്രങ്ങളും  നിലത്തു വിതറി അയാള്‍ക്ക്‌ വേണ്ടത് തിരയുന്നു....എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. 
അത് കേട്ട യുടന്‍ വന്നു അയാളുടെ ഉത്തരം' ഞാന്‍ ഒന്നും കട്ട് കൊണ്ട് പോകില്ല ചേച്ചീ ,  ഇതാ ഇത് ചേച്ചി ഉപയോഗിക്കില്ലല്ലോ  പഴയ ഇഡ്ഡലി പ്പാത്രത്തിന്റെ   തട്ടുകള്‍ പൊക്കി പിടിച്ചു അയാള്‍ ചോദിച്ചു ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയും മുന്‍പേ ആറ് തട്ടുകള്‍ എടുത്തു അയാള്‍ കൈകൊണ്ടു വളച്ചു ചുളുക്കി നിലത്തേക്കു ഇട്ടു. എന്തൊരു സ്പീഡ്  .അങ്ങനെ  കയ്യില്‍ കിട്ടിയ ഓരോന്നും എടുത്തു ഇത് ചേച്ചിക്ക്  വേണ്ടല്ലോ എന്ന് പറയുകയും അവയുടെ യൊക്കെ ഞൊടിയിടയില്‍ രൂപം അപ്പാടെ മാറ്റി അയാള്‍ സ്വന്തം ചാക്കിലേക്കു തള്ളുകയും ചെയ്തു. അപ്പോഴേക്കും എന്റെ ചങ്ങാതി വന്നു. എന്താ സംഭവം എന്ന് ചോദിച്ചതും അയാള്‍ ചാക്കില്‍ അയാള്‍ സ്വരുക്കൂട്ടിയ  എല്ലാം  പുറത്തേക്കിട്ടു. കമ്പികള്‍ , ഇരുമ്പ് ചട്ടികള്‍, പത്ര ക്കടലാസുകള്‍  ഇങ്ങനെ പലതും ഞങ്ങളുടെ വരാന്തയില്‍ സമാധാനമായി ഉറങ്ങിക്കൊണ്ടിരുന്ന സാധനങ്ങള്‍. എന്താ എന്ന ചോദ്യത്തിനു ഈ ഉപയോഗമില്ലാത്ത സാധങ്ങളൊക്കെ ചേച്ചിയോട് ചോദിച്ചു എടുത്തതാ സാറേ ..നാളെ ബക്രീദ് ആണ് എന്ന് വീണ്ടും.' ഞാന്‍ പറഞ്ഞു ഇതൊക്കെ അയാള്‍ ചുളുക്കി കേടാക്കി ചാക്കിലെക്കിട്ടതാണ് . അതില്‍ കൊള്ളാവുന്ന പല പാത്രങ്ങളും ഉണ്ടായിരുന്നു. ' ഞാന്‍ വാദിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ പറഞ്ഞിട്ടും എന്ത് കാര്യം അവയൊക്കെ പല മാതിരി അമീബകളായി  വിഘടിച്ചു കഴിഞ്ഞു.
എന്തിനാ ഇതൊക്കെ ചോദിക്കാതെ എടുക്കാന്‍ തുടങ്ങിയത്' എന്ന ചോദ്യത്തിനു 'നാളെ ബക്രീദ് ആണ്; ഒറ്റ പൈസയില്ല സാറേ, ഭാര്യയും കൊച്ചും നോക്കിയിരിക്കുകയാണെന്ന് എന്ന് ഒറ്റ വീര്‍പ്പില്‍ വീണ്ടും . ഇക്കണ്ട സാധങ്ങള്‍ക്കൊക്കെ കൂടെ ഞങ്ങള്‍ക്ക് എന്ത് തരും എന്ന ചോദ്യത്തിനു അയാള്‍ ഇരു പത് രൂപ എന്ന് പറഞ്ഞു രണ്ടു പത്ത് രൂപ നോട്ടു നീട്ടി. ഇത്രയും സാധനങ്ങള്‍, പഴയ പത്രക്കടലാസും കേടാകാത്ത ബള്‍ബുകളും വളച്ചിട്ടും വളയാത്ത പാത്രങ്ങളും, പഴയ ഇരുമ്പു ചിരവയും  ചേര്‍ന്നാല്‍ ഇരുപതു രൂപയോ ,ഇയാള്‍ ആള് കൊള്ളാമല്ലോ ' പക്ഷെ അയാള്‍ ധൃതിയില്‍ ചാക്ക് കൂട്ടി പ്പിടിച്ചു നാളെ ബക്രീദ് ആണ് ബക്രീദ് ആണ് എന്ന് ഇങ്ങനെ ഉരുവിട്ട് കൊണ്ടേ യിരുന്നു. മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍. 'എന്നാല്‍ പിന്നെ നിങ്ങളത് വെറുതെ എടുത്തോ എന്ന് കളിയാക്കി പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നതോ 'വളരെ ഉപകാരം  സാര്‍..' എന്ന് കൈ കൂപ്പി എഴുന്നീട്ടു തന്ന ഇരുപതു രൂപയ്ക്കു കൈനീട്ടി .  എന്നാല്‍  ആ ഇരുപതു രൂപ സാക്ഷിയായി നില്‍ക്കുന്ന ചീരക്കാരന് കൊടുത്തു ഞാന്‍ വാതിലടച്ചു.   
കാലത്ത് ഏഴ് മണിക്ക് കൊടുങ്കാറ്റു പോലെ വന്നു എന്റെ വീടിനു ചുറ്റും മണ്ടി  നാളെ ബക്രീദ് ആണ്  എന്ന് വേവലാതിയോടെ പറഞ്ഞ അയാള്‍ ..അതില്‍ , അയാളുടെ ചെയ്തികളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടായിരിക്കുമോ? അയാള്‍ പറഞ്ഞതില്‍ ഒരു വാക്കെങ്കിലും സത്യമായിരിക്കുമോ നാളെ ബക്രീദ് ആണ്  എന്നതൊഴിച്ചാല്‍.

1 comments:

yadu said...

ബക്രീദ് ആശംസകള്‍ :D