Wednesday 14 March 2012

വെള്ളിമാട് കുന്നില്‍

വെള്ളിമാട് കുന്നു വെറും സ്ഥലപ്പേരു മാത്രമായിരുന്നു എനിക്ക് ഇത് വരെ. കുട്ടിക്കാലം മുതല്‍ കോഴിക്കോട്ടു ബസ് സ്റ്റാന്റില്‍ വെള്ളിമാട് കുന്നിലേക്കുള്ള ബസുകള്‍ കണ്ടതായി ഓര്‍മയുണ്ട്. ഇത് വരെ, കാലം അനവധി കഴിഞ്ഞിട്ടും ആ പ്രദേശം കുന്നാണോ അവിടെ ആടുമാടുകള്‍ ഉണ്ടോ എന്തുകൊണ്ട് അതിനു വെള്ളി + മാട്  = വെള്ളിമാട് എന്ന് പേര് വന്നു എന്നൊന്നും അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി വെള്ളി മാട് കുന്നിലെ ജുവനൈല്‍ ഹോമിലെ കുട്ടികളും , കൌമാരക്കാരായ ആണ്‍ പെണ്‍കുട്ടികളും അമ്മമാരും മുത്തശ്ശിമാരും മുത്തശ്ശന്മാരും മനോ രോഗികളും കുട്ടി ക്കുറ്റകൃത്യക്കാരും അടങ്ങുന്ന വ്യത്യസ്തരായ ഒരു കൂട്ടം ആളുകളുടെ കൂടെ ആയിരുന്നു ഞങ്ങള്‍.
പല പ്രായക്കാരായ കുട്ടികള്‍ക്ക് ചിത്രം വരയെ കുറിച്ച് പറഞ്ഞുകൊടുക്കുകയും അവര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങള്‍ ഏഴുപേര്‍ അടങ്ങുന്നകലാ പ്രവര്‍ത്തകരുടെ ദൌത്യം. പ്രൊഫഷനല്‍ ആയി ചിത്രകല മുടങ്ങാതെ ചെയ്യുകയും അതില്‍ അന്താരാഷ്‌ട്ര  തലത്തില്‍ തന്നെ  പേരെടുക്കുകയും ചെയ്ത കലാകാരികളും, തുടക്കക്കാരും അതെ സമയം ചിത്ര രചന ജീവിത മാര്‍ഗവും പ്രവര്‍ത്തിയും ആയി കണ്ടു തുടങ്ങിയ ചെറുപ്പക്കാരായ പ്രതിഭാശാളികലായ കുട്ടികളും ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നു.
ഞങ്ങളുടെ ചിത്രങ്ങളോ വാക്കുകളോ ഞങ്ങളുടെ ചുറ്റും കൂടിയ കുഞ്ഞുങ്ങളില്‍ എന്ത് ചലനം സൃഷ്ടിച്ചു അല്ലെങ്കില്‍ സൃഷ്ടിക്കും എന്നതിനേക്കാള്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്തതും ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട് , ഞങ്ങള്‍ നിങ്ങളില്‍ നിന്ന് അന്യര്‍ അല്ല എന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചതും  ആണ്  എന്നെ സംബന്ധിച്ചിടത്തോളം ആ കൂടിച്ചേരലിന്റെ നന്മ.
  പതിനഞ്ചു വയസ്സുള്ള അനിത എന്ന പെണ്‍കുട്ടി കവിത എഴുതുകയും എഴുതിയ കവിത ക്ക് സംഗീതം നല്‍കി പാടുകയും ചെയ്തു. നമ്മള്‍ കേള്‍ക്കുന്ന പല സിനിമ പ്പാട്ടുകളേക്കാള്‍   നന്നായിരുന്നു അതിന്റെ സംഗീതം. ഇരു നൂറു പേജിന്റെ ഒരു നോട്ട് പുസ്തകം നിറയെ പ്രണയ ഗാനങ്ങള്‍ എഴുതി കൂടെയുള്ള കൂട്ടുകാര്‍ക്ക് പാടി കേള്‍പ്പിക്കലാണ് പ്ലസ് വന്‍ വിദ്യാര്‍ഥിനിയായ അനിതയുടെ ഒരു നേരം പോക്ക്. അതില്‍ ചിലതാണ് ഞങ്ങളെ അവള്‍ കേള്‍പ്പിച്ചത്
  ചിത്രങ്ങളും കൊണ്ട് വന്ന കുട്ടികള്‍ക്കും നല്ല ഭാവി ഉണ്ടെന്നു നമുക്ക് ബോധ്യമാകും. പഠിത്തത്തില്‍ നല്ല  മാര്‍ക്കും ഉപരി പഠനവും തുടര്‍ന്ന് നല്ല ജീവിതവും  നേടി  ഹോം വിട്ടു പോയ നിരവധി കുട്ടികളെ കുറിച്ച് ഇതിന്റെ നടത്തിപ്പ് ചുമതലയുള്ള ഏലിയാമ്മ പറഞ്ഞു. അവര്‍ക്ക് ഈ കുട്ടികളെ കുറിച്ച് വലിയ പ്രതീക്ഷയാണ്. വാസ്തവത്തില്‍ അവരുടെ താല്‍പ്പര്യം ഞങ്ങളെ പോലുള്ളവരെ ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

ഞങ്ങള്‍ കാണാന്‍ ചെന്നതില്‍ വല്ലാതെ സന്തോഷിക്കുന്ന വളരെ പ്രായ മായ മുത്തശ്ശിമാര്‍. അനാഥരും മക്കളും ബന്ധുക്കളും ഉണ്ടായിട്ടും അനാഥാവസ്ഥയില്‍ കഴിയുന്നവരും ആ കൂട്ടത്തില്‍ ഉണ്ട് .ഭൂതകാലത്തിലേക്ക് നോക്കി നിസ്സംഗരായി അവര്‍ കഴിയുന്നു. മിടുക്കരായ അനാഥകുഞ്ഞുങ്ങളെ സ്വന്തം മക്കളായി കണ്ടു സന്തോഷിക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞ ഒരമ്പലം താന്‍ കുട്ടിക്കാലത്ത് പോയിരുന്ന തന്റെ നാട്ടിലെ അമ്പലമാണെന്ന് സങ്കല്‍പ്പിക്കുന്നു.
സ്കൂള്‍ വാനില്‍ ഞായറാഴ്ച സിനിമ കാണാന്‍ പോയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങിയ സംഘത്തിന്റെ   ബസ് ഇനിയും എത്തിയില്ലല്ലോ എന്ന് ആശങ്കപ്പെടുന്നു.

   അങ്ങനെ ഭൂതവും ഭാവിയും വര്‍ത്തമാനവും പ്രതീക്ഷകളുമായി ലോകത്തോട്‌ സംവദിച്ചു കൊണ്ട് വെള്ളിമാട് കുന്നിലെ വിശാലമായ കുന്നിന്‍ പ്രദേശത്തെ വലിയ തുറന്ന സ്ഥലത്ത്  കാറ്റും വെളിച്ചവും ഏറ്റു തന്നെ അവര്‍ നമുക്കൊപ്പം കഴിയുന്നു. അവരുടെ ജീവിതത്തില്‍ ഒരു നിമിഷത്തിന്റെ സന്തോഷം പകരാന്‍ കഴിഞ്ഞു വെങ്കില്‍, അതില്‍ എനിക്കും സന്തോഷം.

Thursday 1 March 2012

സൂരി

മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന സൂരി എന്ന കഥ  Soory - Short story  

ഇവിടെ വായിക്കാം.

Saturday 18 February 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 3

മലയാള മനോരമ പത്രത്തില്‍ തിരുവനന്തപുരത്ത് നിന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു . ചെറുപ്പക്കാരനായ ഒരു സീരിയല്‍ നടന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ  മതിലിനു മുകളില്‍ രാത്രി കാലങ്ങളില്‍ കയറിപ്പറ്റി നഗ്നതാ പ്രദര്‍ശനം നടത്തിയത് നാട്ടുകാരും പോലീസും പിടികൂടി . നടനെ അറസ്റ്റു ചെയ്തു . ഏഴുതവണ അയാള്‍ ഈ വിധം പ്രവര്‍ത്തിച്ചി ട്ടുണ്ടെന്നു സമ്മതിച്ചു.  ഈ സംഭവം സീരിയല്‍ നടന്റെ  ചിത്രവും പ്രായവും അടക്കമുള്ള വിവരണങ്ങ ളോടെ തിരുവനന്തപുരം നിവാസികളുടെ  ശ്രദ്ധയില്‍ കൊണ്ടുവന്ന നാട്ടുകാരുടെയും പോലീസുകാരുടെയും പത്ര ധര്‍മ്മസ്ഥ രുടേയും ശുഷ്കാന്തി ശ്രദ്ധേയം ! ഈ നടന്റെ അല്ലെങ്കില്‍ ഈ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഞരമ്പ്‌ രോഗികളെയും ലൈംഗിക  വൈകൃതക്കാരെയും പേരും നാളും ചിത്രങ്ങളും സഹിതം പത്രത്തില്‍ അച്ചടിച്ച്‌  നാട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന രീതി അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്യുന്നതാണോ? അവരെ സമൂഹത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യാന്‍ ആണോ ഈ വിധം അവരെ തുറന്നു കാണിക്കുന്നത്? എന്തായിരിക്കും വാസ്തവത്തില്‍ ഈ ജാതി വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് സമൂഹത്തിനു കിട്ടുന്ന നേട്ടം? വൈകൃതക്കാരനെ കണ്ടാല്‍ ഒഴിഞ്ഞു പോകാം എന്നായിരിക്കുമോ?  അതോ ഇങ്ങനെ ചെയ്യുന്നവന് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത മനോ നിലയില്‍ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തി എന്ന  നിലയില്‍ , ഒരു രോഗം എന്ന നിലയില്‍ കണ്ടു അയാളെ ചികിത്സിക്കാന്‍ സഹായിക്കയാണോ മാനസിക രോഗം ഈ വിധം ബാധിക്കാത്തവര്‍ , താരതമ്യേന കുറഞ്ഞവര്‍ ചെയ്യേണ്ടത് ? ( ഈ തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനെ ന്യായീകരിച്ചു   കൊണ്ടല്ല ഈ ചോദ്യം. കേരളത്തിലെ ഒരു വിധപ്പെട്ട സ്ത്രീകള്‍ക്ക്  എല്ലാം തന്നെ കാലാ കാലങ്ങളായി ഇത്തരം രോഗികളെ നേരിടേണ്ടി വന്നിട്ടുണ്ട്  /വരാറുണ്ട്. പ്രായഭേദ മേന്യേ. അറപ്പും ജുഗുപ്സയുമാണ് അതുകാണുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും തോന്നുകയെന്നത് കാണിക്കുന്നവന് മാത്രമേ അറിയാതുള്ളൂ.)
  തിരുവനന്തപുരത്തെ പല ഹോട്ടലുകളില്‍  നിന്നും ചീഞ്ഞതും അളിഞ്ഞതുമായ ഭക്ഷണ സാധനങ്ങള്‍, മരുന്ന് കടകളില്‍ നിന്ന് നിരോധിക്കപ്പെട്ടതും , നിലവാരം കുറഞ്ഞതും,   കാലാവധി കഴിഞ്ഞിട്ടും വില്‍ക്കുന്ന മരുന്നുകള്‍ തുടങ്ങിയവ പോലീസും മറ്റും റൈഡ് ചെയ്തു ഇടയ്ക്കിടെ പിടിക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ പത്രത്തിലും ഏത് കട, ഏത് ഹോട്ടല്‍ ആരാണ് മുതലാളി,തൊഴിലാളി എന്ന്  എഴുതിക്കാണാറില്ല.  എന്തിനു 'മാന്യന്മാരായ' കൊലപാതകികളെയും 'മാന്യ' ന്മാരായ കള്ളന്മാരെയും മുഖം മൂടിയും പേര് വെളിപ്പെടുത്താതെ യും   ആണ് ജയിലിലേക്കും ലോക്കപ്പിലേക്കും കൊണ്ട് പോവുക. ഇന്നത്തെ  സീരിയല്‍ നടന്റെ പേരുവിവരം അടക്കമുള്ള സംഗതികള്‍ വായിച്ചു കണ്ടപ്പോള്‍ ഉറപ്പായി ഇനി മുതല്‍ ഇരട്ട ത്താപ്പുകള്‍ ഇല്ലാത്ത സുതാര്യമായ റിപ്പോര്‍ട്ടുകള്‍ ആയിരിക്കും  നമുക്ക് ലഭിക്കുക എന്ന്.
മേല്‍പ്പറഞ്ഞ നടന്റെ സീരിയല്‍ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍  ടി വി അടിക്ടുമല്ല. പക്ഷെ  അയാളുടെ നിര്‍ഭാഗ്യവതിയായ ഭാര്യയേയും അച്ഛന്‍ അമ്മ ഇവരെയും കുറിച്ച് ഓര്‍ത്ത്  കഷ്ടം തോന്നുന്നു. ആ പത്ര റിപ്പോട്ട് നിരപരാധികളായ അവര്‍ക്ക് നല്‍കുന്ന മാനസിക പീഡനം വലുതാവും എന്ന് തന്നെ ഞാന്‍ കരുതുന്നു.

വലുതും ചെറുതുമായ ലൈഗിക കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടാന്‍ കിട്ടുന്ന ഒരവസരവും ആഘോഷമാക്കാതെ വിടാന്‍ ഇക്കാലത്തെ മലയാളി തയ്യാറല്ല അതിനു തെളിവാണ് ഈ വാര്‍ത്ത. 

Thursday 9 February 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 2

      ഞാന്‍  കാണുമ്പോള്‍  സുഹൃത്ത്‌ കുറച്ചു ഖിന്നയായിരുന്നു. എന്ത് പറ്റി അവര്‍ക്ക് എന്ന് ആലോചിച്ചു തീരും മുന്‍പേ അവര്‍   പറഞ്ഞു. 'ഞാന്‍ കഴിഞ്ഞ ആഴ്ച . ഒരു മാല വാങ്ങി. വജ്രം പതിച്ചതു .കുറച്ചേറെ പണമായി. ലക്ഷങ്ങള്‍." 'കൊള്ളാം നന്നായി'. ഞാന്‍ പറഞ്ഞു.  എങ്കിലും അത് പറയുമ്പോള്‍ സുഹൃത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലായ്മ. ഇത്രയും കാശ് ചിലവാക്കിയിട്ടും സന്തോഷം വരുന്നില്ലെന്നോ? "എന്താ കാര്യം , പറയുമ്പോള്‍ ഒരു ആഹ്ലാദം കാണുന്നില്ലല്ലോ" ഞാന്‍ കളിയായി ചോദിച്ചു.  ' ഞാന്‍ ഇത്ര കാശ് ചിലവാക്കി മാല വാങ്ങാന്‍ ചെന്നിട്ടു ആ കടക്കാര്‍ മാലകളുടെ സ്റ്റോക്ക്‌ ഒന്ന് കാണിക്കണമല്ലോ. ആ ഡിസൈന്‍ കാണിക്കൂ ഈ ഡിസൈന്‍ കാണിക്കൂ എന്ന് എത്ര പറഞ്ഞാലാണ്  അവര്‍ മുഖത്തേക്ക് തുറിച്ചു നോക്കി മനസ്സില്ല മനസ്സോടെ എടുക്കുന്നത്.' സുഹൃത്ത്‌   ദീര്‍ഘമായി  നിശ്വസിച്ചു. എനിക്ക് മനസ്സിലായില്ല. സാധാരണ  വില്‍പ്പനക്കാര്‍, അതും ആഭരണ കടക്കാര്‍, വാങ്ങാന്‍ ചെല്ലുന്നവരോട് സാമാന്യം ഭേദപ്പെട്ട പെരുമാറ്റം കാഴ്ച വക്കേണ്ടതല്ലേ. ഇതെന്തു പറ്റി . സുഹൃത്തിനെ  പോലെ ഞാനും വിസ്മയിച്ചു. 

  'എന്താ ഇങ്ങനെ തോന്നാന്‍ ഞാന്‍ ചോദിച്ചു. അവര്‍ക്ക് വെറുതെ തോന്നിയതാവും. " എന്ത് പറയാനാ ടീച്ചറെ , എന്നെ അവര്‍ക്ക് അത്ര പിടിച്ചില്ലായിരിക്കും ' വീണ്ടും ആശയക്കുഴപ്പം.  സാധനം വാങ്ങാന്‍ ചെല്ലുന്നവരുടെ നേരെ   കടക്കാര്‍ക്ക് അനിഷ്ടം തോന്നേണ്ട കാര്യമെന്ത്? 
' കടക്കാര്‍ എന്ത് ചെയ്തു'? ഞാന്‍ അത്ഭുതം മറയ്ക്കാതെ  ചോദിച്ചു. 
' എന്റെ കോലം കണ്ടപ്പോള്‍ അവര്‍ക്ക് ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് തോന്നിക്കാണും . അല്ലെങ്കില്‍ ഇവര്‍ വജ്രാഭരണം വെറുതെ കണ്ടു രസിക്കാന്‍ വന്നതാണ് എന്നും കാല്‍ പ്പവന്‍ മാലയും വാങ്ങി പോകുകയേ ഉള്ളൂ എന്നും വിചാരിച്ചു കാണും.'
 കോലത്തിനെന്താ കുഴപ്പം? ഞാന്‍ വീണ്ടും അന്ധാളിച്ചു. നല്ല  സാരി. പഴയ തരത്തില്‍ പെട്ട ഡിസൈന്‍ ആണെങ്കിലും കാഞ്ചീപുരം.ലളിതമായ ക്രീം കളര്‍, ഒരൊറ്റ സ്വര്‍ണ്ണ മാല ,കട്ടിയുള്ള സ്വര്‍ണ്ണ വള. നീണ്ട പിന്നിയിട്ട മുടി, ചെറിയ പൊട്ട്. നല്ല വൃത്തിയും ഐശ്വര്യവും ഉള്ള മുഖം. എനിക്ക് സുഹൃത്തിനെ  സൂക്ഷിച്ചു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. (കൂട്ടത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല കൈക്കൂലിയോ കള്ളത്തരമോ കാണിക്കാതെ തന്റെ പ്രൊഫഷന്റെ എത്തിക്സും ,മര്യാദയും പാലിക്കുന്ന ആദര്‍ശ ശുദ്ധിയുള്ള ഒരാളാണ് എന്റെ ഈ സുഹൃത്ത്‌)

"എന്നെ കണ്ടതും ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് അവര്‍ തീരുമാനിച്ചു കളഞ്ഞു.ടീച്ചറെ". ഡോക്ടര്‍ തന്റെ നിരാശയും അവഹേളിക്കപ്പെട്ടു  എന്ന തോന്നലും മറച്ചു വയ്ക്കാതെ പറഞ്ഞു.  
എന്ത് പറയണം എന്ന് എനിക്കും മനസ്സിലായില്ല. 

  അവര്‍ അങ്ങനെ പെരുമാറാന്‍ എന്താ കാരണം എന്നാണു  വിചാരിക്കുന്നത് ? ഞാന്‍  സുഹൃത്തിനെ സമാധാനിപ്പിക്കുന്ന ശബ്ദത്തില്‍  ചോദിച്ചു.  "ഓ!എന്റെ സാരിക്ക് മിനുങ്ങുന്ന 'പല്ലു' ഇല്ലായിരുന്നല്ലോ, എന്റെ കാതില്‍ തോളറ്റം വരെ ഞാന്നു കിടക്കുന്ന 'ഇമിറ്റേഷന്‍ കുണുക്കും,ഇമിറ്റേഷന്‍ മാലയും വളയും വിരല്‍ മുഴുക്കെ മോതിരവും ഇല്ലല്ലോ ,  വില്ല് പോലെ വളഞ്ഞ ഷേപ്പ് ചെയ്ത പുരികവും, സ്ട്രെയിറ്റ്  ചെയ്ത മുടിയും ഇല്ല എന്റെ  ടീച്ചറെ." 
അവര്‍  പാതി പരിഹാസം കലര്‍ത്തി പറഞ്ഞു. 
'ഈ പറഞ്ഞതൊക്കെ ഉള്ള ഒരു പെണ്ണ് ടെലിവിഷന്‍ സീരിയലിലെ പുരാണ കഥാപാ ത്രങ്ങളെ പോലെ വേഷമിട്ടു വന്നപ്പോള്‍ എടുത്തു കൊടുപ്പ് കാരുടെ ഒരു ഉത്സാഹം കാണണം . അവര്‍ ഒരു പാട് വാങ്ങും എന്ന് കരുതി അവരൊക്കെ  ആ പെണ്ണിന്റെ പിന്നാലെ ചെന്നിട്ടെന്താ അവള്‍ ഒരു കുഞ്ഞു കമ്മലും വാങ്ങി അവരെ നോക്കി ചിരിച്ചോണ്ട് പോയി. " ഞാന്‍ ചിരിച്ചു.  'അത് കണക്കായിപ്പോയി' എന്ന്  സുഹൃത്തും   മനസ്സ് തുറന്നു ചിരിച്ചു. 

'ഇനി ഇപ്പൊ പച്ചക്കറി ക്കടയിലും തുണി ക്കടയിലും ആശുപത്രിയിലും എല്ലാം ആളുകളുടെ പരിഗണന കിട്ടണ മെങ്കില്‍ കഥകളിക്കാരെ പോലെ തിളങ്ങുന്ന തുണിത്തരങ്ങളും ആഭരണങ്ങളും  അണിഞ്ഞു ചെല്ലേണ്ടി വരുമോ എന്ന ഇപ്പൊ പേടി '  വില കൂടിയ ആഭരണം  വാങ്ങിയിട്ടും ഒരു സന്തോഷവും അതില്‍ നിന്ന് കിട്ടാത്ത തു പോലെ  നിരുന്മേഹയായി സുഹൃത്ത്‌ പറഞ്ഞു മുഖത്ത് ഒരു പാഠം പഠിച്ച മട്ട്. 

മലയാളികള്‍  പുറം പകിട്ടില്‍ വല്ലാതെ ഭ്രമിച്ചിരിക്കയാണ് എന്നാണോ എന്റെ സുഹൃത്ത്‌ പറയുന്നത്? 'മലയാളികള്‍  നല്ല മിന്നുന്നതും തിളങ്ങുന്നതുമായ വസ്ത്രം ഉടുത്തു നടക്കട്ടെ' എന്റെ ചങ്ങാതീ ' ഞാന്‍ തമാശ പറയാന്‍ ശ്രമിച്ചു.  'ആയിക്കോട്ടെ . പക്ഷെ മിനുങ്ങാത്ത തുണി ഉടുത്ത് നടക്കുന്നവരെ  കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകള്‍ എന്ന വിധം കാണരുത്. കുണുക്ക് ഇടാന്‍   താല്പര്യം ഇല്ലാത്തവര്‍ കടയില്‍  കയറിയാല്‍ സാധനം കിട്ടില്ലെന്നോ?  സുഹൃത്തിനു  മലയാളികളോട് മൊത്തം അമര്‍ഷം ഉണ്ടെന്നു തോന്നി.  
   സുഹൃത്തിന്റെ  ഖിന്ന വര്‍ത്തമാനം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായി സംശയം. ഡിസൈനര്‍ ഡ്രസ്സും ആഭരണങ്ങളും  ഇല്ലാത്തത്   കൊണ്ടായിരിക്കുമോ ഇന്നലെ ആ ഓട്ടോ റിക്ഷക്കാരന്‍ എന്നെ അയാളുടെ ഓട്ടോയില്‍ കയറ്റാന്‍ മടിച്ചത്? മിനി സ്ക്രീനില്‍ കാണുന്നതുപോലെചുവന്ന ടൈല്‍ പാകിയ മുറ്റവും  ബട്ടന്‍ ഞെക്കിയാല്‍  തുറക്കുന്ന വലിയ ഗേറ്റും ഇല്ലാത്തത് കണ്ടാണോ അയാള്‍  മുഖത്ത് ഒരു  പു ച്ഛ ഭാവം കാണിച്ചതും   ഇരട്ടി ചാര്‍ജ് വേണമെന്ന് ശഠിച്ചതും ?

Monday 6 February 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം-1

രോഗാതുരമായ രണ്ടു മാസത്തിനു ശേഷം വീണ്ടും ബ്ലോഗ്‌ എഴുത്ത്. ചുറ്റും പല വിധ രോഗങ്ങളാല്‍ വേദനിക്കുന്നവര്‍ ഉണ്ട് എന്ന കാര്യം അറിയാമെങ്കിലും   ഉടലും മനസ്സും വേര്‍പെട്ടു നില്‍ക്കുന്ന ചില അവസ്ഥകളില്‍ ഉടല്‍ മനസ്സിനെ അനുസരിക്കില്ല. കുറച്ചൊക്കെ നിന്റെ ഉടലിന്റെ വേദന യഥാര്‍ത്ഥം  തന്നെ എന്ന്  അതിനോട് ലേശം മമത കാണിക്കൂ എന്ന് അത് പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ മമത കാണിച്ചു രണ്ടു മാസം . 
അതല്ല എന്റെ വിഷയം .
  കൊറഗര്‍ എന്ന, കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്ഗോഡ് ജില്ലയിലെ  ഒരു ആദിവാസി സമൂഹത്തെ കുറിച്ച്  എനിക്ക് വലിയ അറിവില്ല. എന്നാല്‍ അറിയുന്ന കാര്യം വളരെ പരിതാപകരമാണ് താനും. കൊറഗര്‍  കുറ്റിയറ്റു  പോകാന്‍ പാകത്തില്‍ വിരലിലെണ്ണാവുന്ന വിധം ആയി ക്കഴിഞ്ഞു. സര്‍ക്കാര്‍ കണക്കു പ്രകാരം തൊള്ളായിരത്തി നാല്‍പ്പത്തി രണ്ടു പേര്‍. പണ്ട് ഈ മലയാള രാജ്യത്തെ അനേകം രാജാക്കന്മാരില്‍ ഒരു കൂട്ടരായിരുന്നു ഈ കൊറഗ  വംശത്തില്‍ പെട്ടവരുടെ മുന്‍ഗാമികള്‍ എന്ന് ചരിത്രം പറയുന്നു. ഇപ്പോഴുള്ള ഈ ജന വിഭാഗം നശിക്കുന്നതോട് കൂടി മറ്റൊരു ആദിമ സംസ്കാരം കൂടി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷ്മമാകും. ഇപ്പോള്‍ തന്നെ കുറഗര്‍ അവരുടെ ആദി ജീവിതത്തില്‍ നിന്ന് മാറി ക്രിസ്ത്യാനികള്‍ ആയും  ഹിന്ദുക്കള്‍ ആയും അവരുടെ വിശ്വാസങ്ങളെ മാറി സ്ഥാപിച്ചു കഴിഞ്ഞു. എങ്കിലും അത് വെറും പുറം ലേപനം പോലെ നില്‍ക്കുകയെ ഉള്ളു എന്ന് നമുക്കറിയാം. ഇനി ഈ മാറ്റങ്ങള്‍ കൊണ്ട് അവരടെ ജീവിത ഗതിയില്‍ എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ല .അത്  കൂടുതല്‍ പരിതാപകരമാവുകയല്ലാതെ. സര്‍ക്കാര്‍ വച്ച് കെട്ടി കൊടുത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഒരു കൂട്ടം കുടുംബങ്ങളെ  ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ കൂടി ഒരു യുവതി  കാണിച്ചു തന്നു. വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്‍ പെടാതെ ദാരിദ്ര്യവും  രോഗവും കൊണ്ട് പൊറുതി മുട്ടി കഴിയുന്ന കുറെ മനുഷ്യ ജീവനുകള്‍. ദേഹമാസകലം ചൊറി പിടിച്ച മുതിര്‍ന്നവരും കുട്ടികളും വൃദ്ധരും എത്ര! കണ്ണില്‍ നിസ്സംഗ ശൂന്യതയുമായി  വെറുതെ ഇരിക്കുന്നവര്‍ എത്ര!..കിടപ്പും ഇരുപ്പും മലമൂത്ര വിസര്‍ജനവും, ഒരേ സ്ഥലത്ത് തന്നെ നടത്തി കഴിയുന്നവര്‍. കിടക്കാന്‍ ഇടമില്ലാതതുകൊണ്ട് സര്‍ക്കാര്‍ കെട്ടികൊടുത്ത പൊതു കക്കൂസ് വീടാക്കി കക്കൂസിന് മുകളില്‍ കിടക്കുന്നവര്‍ എത്ര!..കക്കൂസ്  തന്നെ വീടാക്കി അതില്‍ ഉറങ്ങുന്നവര്‍!   ...മുതിര്‍ന്നവര്‍ ചാരായവും  പിഞ്ചു കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ  ലഹരി മരുന്നുകള്‍ക്കും അടിപ്പെട്ടു കഴിയുന്നു. ഒരു രണ്ടു മിനുട്ട്  റിപ്പോര്‍ട്ട്   സമകാല കൊറഗ ജീവിതത്തെപ്പറ്റി ഇത്രയും അറിവുകള്‍ കൂടി എനിക്ക് പകര്‍ന്നു തന്നു. വിദ്യാഭ്യാസമോ സ്ഥിര ജോലിയോ, വരുമാനമോ ഇല്ലാതെ ജീവിക്കുന്ന അവര്‍ മലയാളികള്‍കളുടെ മനസ്സില്‍ ഒരു നീറല്‍ പോലും ആവാത്തതെന്തു ?
   കാടു വെട്ടി കൃഷി ഭൂമി ആക്കിയതും പോരാതെ ഇപ്പോള്‍ റിസോര്‍ട്ടുകള്‍ പണിഞ്ഞു വെള്ളക്കാരെ കൊണ്ട് വന്നു താമസിപ്പിച്ചു കാശുണ്ടാക്കാനാണ് ഇനിയുള്ള ടൂറിസം കളി. അതിനിടെ എന്ത് ആദി വാസി, എന്ത് സാധാരണക്കാര്‍, എന്ത് പരിസ്ഥിതി. എന്തിലും വ്യവസായവും പണവും മാത്രം കാണുന്ന ആര്‍ത്തി പിടിച്ച വ്യവസായ പ്രമുഖര്‍ ക്ക് അതൊന്നും കാണേണ്ട കാര്യമില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തഞ്ചു കൊല്ലം ആയിട്ടും ഇത്രയും പരിതാവസ്ഥയില്‍ ആളുകള്‍ ഇവിടെ കഴിയുന്നു എന്ന് തിരിച്ചറിയാത്ത ഭരണാധികാരികള്‍. അവര്‍ക്ക് ഈ കഷ്ട ജീവിതങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ എന്ത് ന്യായം? ന്യായം ഒന്ന് മാത്രം.ഈ ദരിദ്ര വാസികള്‍ക്ക് ഇതൊക്കെ മതി. അവര്‍ പുഴുക്കളെ പോലെ കഴിയട്ടെ. അവസാനം  അവര്‍ ഈ ആദിമ നിവാസികള്‍ ഈ ഭൂമിയില്‍ നിന്ന് പതുക്കെ ഇല്ലാതാവട്ടെ.എന്നിട്ട് വേണം അവരുടെ കാടുകള്‍ ,അവരുടെ ജീവിതം എല്ലാം തട്ടി പ്പറിച്ചു സ്വന്തമാക്കാന്‍. ഇതാണ്, ചുരുക്കത്തില്‍ ആദിവാസികളെ മനുഷ്യരായി കണക്കാതിരിക്കുന്നതിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന മനോഭാവം.  പഴയ ബ്രിട്ടീഷു കാരുടെ മനോഭാവം തന്നെ. അങ്ങനെ  നിന്ന് നോക്കുമ്പോള്‍ അവര്‍ നമുക്ക് അപരിഷ്ക്രുതര്‍ .അവര്‍ക്ക് ഒറ്റമുറി വീട് മതി. 

   അവരുടെ കാടുകള്‍, അവരുടെ ആവാസ വ്യവസ്ഥ, അവയെല്ലാം സംരക്ഷിച്ചു  അവര്‍ക്ക് ജീവിക്കാനുതകും വിധം നിലനിര്‍ത്താന്‍ കച്ചവട ക്കണ്ണുകള്‍ ഇല്ലാത്ത, മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ഭരണാധികാരി യെങ്കിലും  ഉണ്ടാവുമോ? ഈ കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയല്ല.  

Tuesday 29 November 2011

ആന്ദ്രെ ബ്രെവിക്

എഴുപത്തി  ഏഴു  , യുവാക്കളെയും കുട്ടികളെയും വെടി വച്ചു കൊല്ലുകയും നൂറ്റി അന്‍പത്തി ഒന്നു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വെക്കാരന്‍  ആന്ദ്രെ ബ്രെവിക്  എന്ന  മുപ്പത്തി രണ്ടു കാരനെ  മാനസിക രോഗി യാണെന്ന് കണ്ടെത്തലില്‍ ജയിലിലെക്കയക്കുന്നതിനു പകരം ചികിത്സക്കായി  അയക്കണമെന്നാണ്   മാനസിക രോഗ വിദഗ്ദ്ധന്മാര്‍  പറയുന്നത്. അയാള്‍ മനപൂര്‍വം അല്ല കൂട്ടക്കുരുതി നടത്തിയത് എന്നാണ് വാദം. ഒരു ഭ്രാന്തന് കിട്ടുന്ന ആനുകൂല്യം ! യൂറോപ്പിനെ മുസ്ലിമ്ങ്ങളുടെയും മാര്‍ക്സിസ്റ്റു  കളുടെയും  കയ്യില്‍ നിന്നു രക്ഷപ്പെടുത്താന്‍ അയാള്‍ കണ്ട പദ്ധതിയായിരുന്നല്ലോ കൂട്ടക്കൊല. എന്ത് കൊണ്ടാണ് അയാളുടെ ചെയ്തി  ഈ വിധം ഭ്രാന്തിലേക്ക് ചുരുക്കി അയാളുടെ തീവ്ര വാദത്തെയും ചെയ്ത കൂട്ടക്കൊലയെയും നിസ്സാരമാക്കുന്നത്.  മരിച്ച നിരപരാധികളായ യുവതീ യുവാക്കള്‍ക്ക് എങ്ങനെ യാണ് നീതി ലഭിക്കാന്‍ പോകുന്നത്?   തങ്ങളുടെ നിസഹായാവസ്ഥയില്‍ കലി കയറുന്ന   ഒരു കൂട്ടം ആളുകള്‍ സംഘടിച്ചു  ചെയ്യുന്ന പ്രവര്‍ത്തികള്‍ തീവ്ര വാദം എന്ന വകുപ്പിലേക്ക് മാറുന്നതും  അവര്‍ രാജ്യദ്രോഹികള്‍ എന്ന് നിലയിലേക്ക് മാറുന്നതും  നാം കാണുന്നു. പക്ഷെ ഇപ്പോള്‍ ബ്രെവിക് ന് കിട്ടിയ നീതി യുടെ  യുക്തിയനുസരിച്ച്, അതായത്    ബ്രെവിക് തന്റെ രാഷ്ട്രീയ നിലപാടില്‍  നിന്നു കൊണ്ട് കൂട്ടക്കൊല നടത്തിയത് ഭ്രാന്താണെങ്കില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ തീവ്ര വാദികള്‍ക്കും ആ ആനുകൂല്യം കിട്ടേണ്ട താണ് . അവരെയെല്ലാം വിടെണ്ടതും  ആശുപത്രികളിലേക്ക് തന്നെ . മാനസിക രോഗ വിദഗ്ധര്‍ അവരെ പരിചരിക്കട്ടെ!

http://www.bbc.co.uk/news/world-15936276



Sunday 27 November 2011

ഫ്ലോറന്‍സ് നൈറ്റിംഗേല്‍സ് !

ആശുപത്രികളില്‍ രാപകല്‍ ജോലിചെയ്യുന്ന  നഴ്സുമാരുടെ ജോലി ഭാരത്തെ  കുറിച്ചും അവരുടെ വേതനത്തെ കുറിച്ചുമൊന്നും ആരും വേവലാതിപ്പെട്ടു    കണ്ടിട്ടില്ല. കേരളത്തില്‍ കൂണ്‍  പോലെ പെരുകി  പെരുകി വരുന്ന ആതുര ശുശ്രൂഷാ കേന്ദ്രങ്ങളുടെ നട്ടെല്ല് തന്നെ യാണ് തുച്ഛ  ശമ്പളത്തില്‍   പണിയെടുക്കുന്ന അവിടങ്ങളിലെ നഴ്സുമാര്‍. ഓരോ ആശുപത്രിയും ഓരോ വിധമാണ് അവരവരുടെ  സ്ഥാപനത്തിലെ നഴ്സുമാരെ ചൂഷണം ചെയ്യുക. അവരെ തൊഴിലാളികള്‍ ആയി കണക്കാതിരിക്കുന്നത് കാരണം അവര്‍ അവരുടെ ചൂഷണ തിനെതിരായി  ഒച്ച ഉയര്‍ത്താന്‍ തുടങ്ങിയാല്‍ പിന്‍ തുണക്കാന്‍ ആളില്ലാതാകുന്നു. ഫാക്റ്ററിയില്‍ പണിയെടുക്കുന്നവര്‍  മാത്രമാണ് തൊഴിലാളികള്‍ എന്ന് തോന്നും. തൊഴില്‍ എടുക്കുന്നവര്‍ മുഴുവന്‍ തൊഴിലാളികള്‍ ആണ് എന്ന്  ഇക്കൂട്ടര്‍ക്ക് ബോധം വരുന്നത് എന്നാണാവോ.
നഴ്സുമാരെ പ്പോലെ തന്നെ ചൂഷണ ത്തിനു  വിധേയരായി കഴിയുന്ന  ഐ  ടി പ്രൊഫഷണ്‌കളുടെ  കാര്യവും ഇതിന്റെ  കൂടെ ഓര്‍ക്കണം.

ഇപ്പോള്‍ നഴ്സുമാരെ കുറിച്ച് ഓര്‍ക്കാന്‍ കാരണം കൊല്ലത്ത് എസ എന്‍ ആശുപത്രിയിലെ നഴ്സുമാര്‍ സമരം ചെയ്തതും അവരെ ഗുണ്ടകളെ വച്ച് തല്ലി ഓടിച്ചു എന്നും ഉള്ള വാര്‍ത്ത  കണ്ടത് കൊണ്ടാണ്. ഞാന്‍ ജോലിചെയ്തിരുന്ന  സ്ഥാപനത്തില്‍ തൂപ്പ് കാരിയായി ജോലി ചെയ്തിരുന്ന ഒരാളുടെ  മകള്‍ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നതിന്റെ സന്തോഷം എന്നോട് പങ്കുവച്ചിരുന്നു . കടം വാങ്ങിയും മറ്റും ആ കുട്ടിയെ അവര്‍ പഠിപ്പിച്ചു. അവസാന വര്ഷം ആകുമ്പോഴേക്കും അവരുടെ സന്തോഷം വലുതായിരുന്നു. ഇനി കുട്ടിക്ക് ജോലി കിട്ടും കല്യാണം നടത്തണം. ആഭരണം വാങ്ങണം എല്ലാം കുട്ടിയുടെ ശമ്പളം കിട്ടിയിട്ട് വേണം . എന്നാല്‍ ഒരു ദിവസം അവര്‍ സങ്കടപ്പെട്ടു വന്നിരിക്കുന്നത് കണ്ടു. മകള്‍ തോറ്റു പോയോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു ഞാന്‍ വിവരം  ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.അവരുടെ കുട്ടി  നല്ല മാര്‍ക്കില്‍ ജയിച്ചു .സര്‍ട്ടിഫിക്കറ്റിന്   ചെന്നപ്പോള്‍ ആണ് അറിയുന്നത്  അവള്‍ പഠിച്ച കോളേജിന്റെ ആശുപത്രിയില്‍ രണ്ടു വര്ഷം ശമ്പളമില്ലാതെ സേവനം ചെയ്തതിനു ശേഷമേ സര്‍ടിഫിക്കറ്റ് കൊടുക്കൂ എന്ന്. സര്‍ട്ടിഫിക്കറ്റ്   പിടിച്ചു വച്ചതുകാരണം സ്ഥാപനം വിട്ടു പോകാനും നിവൃത്തിയില്ല.  അനിയനെ പഠിപ്പിക്കണം ,നല്ല ഉടുപ്പ് വാങ്ങിക്കൊടുക്കണം . എല്ലാം ശമ്പളം കിട്ടിയിട്ട് എന്ന് മകള്‍ പറയുന്നത്  ആവര്‍ത്തിച്ചു അവര്‍ കരഞ്ഞു.
ഇങ്ങനെ പട്ടാളത്തിലെ നിര്‍ബന്ധ സേവനം പോലെ ആശുപത്രിക്കാര്‍ സൌജന്യ സേവനം പിടിച്ചു വാങ്ങുന്നുമുണ്ട്  അവരുടെ നിത്യ ചൂഷണ ത്തിനു  പുറമേ. സ്ത്രീകള്‍ കൂടുതല്‍ ഉള്ള മേഖല ആയതു കൊണ്ടാവും   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ അടിമ വര്‍ഗ്ഗത്തോട്  ഇത്ര അവഗണന എന്ന് തോന്നുന്നു. ഫ്ലോറന്‍സ് നൈറ്റിംഗേല്‍ മാര്‍ക്ക് നല്ലത് വരട്ടെ!