Wednesday, July 29, 2009

ആര്‍ക്കറിയാം

മലയാള സിനിമയെ ഒന്നു കൂടി ദരിദ്രമാക്കി കൊണ്ടു ഒരു നടന്‍ കൂടി നമ്മെ വിട്ടു പോയി , രാജന്‍ .പി .ദേവ് . അദ്ദേഹത്തിന്റെ അഭാവം, അഭാവം തന്നെ ആയി അവശേഷിക്കും . അത് പോലെ മലയാള സിനിമയില്‍ ഏതൊക്കെയോ തരത്തില്‍ ശൂന്യത സൃഷ്ടിക്കുന്നുണ്ട് , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ യും , എന്‍ . എഫ്‌ . വര്‍ഗീസിന്റെയും മറ്റും വേര്‍പാടുകള്‍. ഇവരൊക്കെ വലിയ നടന്മാരായത് കൊണ്ടു തന്നെ യാണ്, അല്ലെങ്കില്‍ അവര്‍ തികഞ്ഞ കലാകാരന്മാരായത് കൊണ്ടു തന്നെ യാണ് അവരുടെ സ്ഥലം അങ്ങനെ ഒഴിഞ്ഞു കിടക്കുന്നതും അവരെ നാം വീണ്ടും വീണ്ടും ഓര്‍മിക്കുന്നതും.

ചിലപ്പോള്‍ മരണത്തിന്റെ വിത്തു മായി ജനിക്കുന്ന ഒരാള്‍ക്കും അത് വളര്‍ന്നു പന്തലിച്ചു ഫലവും വേണ്ടത്ര തന്നു കഴിഞ്ഞു വേരറ്റു പോകുമ്പോള്‍ വീഴാതെ പറ്റില്ല എന്ന പ്രകൃതി നിയമം നടപ്പാവുകയാണ് എന്ന് ഓര്‍ക്കും . എങ്കിലും കൈയോ കാലോ മുറിയുമ്പോള്‍ മുറിയാനുണ്ടായ കാരണം അറിയുമ്പോള്‍ നമ്മുടെ വേദന കുറക്കാന്‍ ആ അറിവ് ഉത്തകാത്തത് പോലെ അത്തരം ചിന്തയോ അറിവോ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസ മാകാറില്ല. എങ്കിലും 'പിംഗള കേശിനിയായ മരണത്തെ കാല്‍പ്പനികമായി ഭാവന ചെയ്തു ഭയന്നും , താന്‍ ചത്തു പോയികഴിഞ്ഞുള്ള അടുത്ത ദിവസത്തെ പത്ര വാര്‍ത്ത എന്തായിരിക്കുമെന്നോ ലോകം എങ്ങനെ യായിരിക്കുമെന്നോ ഒക്കെ മുന്‍‌കൂര്‍ ഓര്‍ത്തു ക്ലേശി ക്കുന്നത് തമാശ തന്നെ. ഓരോ ആത്മഹത്യ ക്കാരനും / കാരിയും താനില്ലാത്ത അടുത്ത ദിനം ഭാവന ചെയ്തു തീര്‍ത്താവണം ജീവിതം അവസാനിപ്പിക്കുന്നത് . അവര്‍ ഭാവന ചെയ്തത് പോലെ തന്നെ ആയിരുന്നിരിക്കുമോ അവരില്ലാത്ത അടുത്ത പ്രഭാതം ? ആര്‍ക്കറിയാം.

Saturday, July 25, 2009

അതിലൊരാള്‍

ലോകത്തോട്‌ പലതും പറയാനുണ്ടെന്ന് എനിക്കറിയാം ,
കുറഞ്ഞ പക്ഷം ഞാന്‍ അങ്ങനെ വിചാരിക്കുന്നു.
എന്നാല്‍ ഒരിക്കലും എനിക്ക് പറയാനുള്ളത് ഒന്നും ഇതു വരെ പറഞ്ഞിട്ടില്ല എന്നും തോന്നുന്നു. അതല്ലെങ്കില്‍ ഉറക്കത്തിലും ,
സ്വപ്നത്തിലും ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോഴും ഉറക്കെ വിളിച്ചു പറയൂ
എന്ന് വിളിച്ചു കൂവിക്കൊണ്ട് ക്യൂ വായി നില്ക്കുന്ന വാക്കുകളെ ഞാന്‍ ഒരിക്കലും ഒരിഞ്ചു മുന്നോട്ടു നീക്കാത്ത തെന്താണ്‌ ? അവയെ അങ്ങനെ തന്നെ നിര്‍ത്തി ഞാന്‍ മറ്റു ജോലികള്‍ക്കായി പോകുന്നു.
ഒരു പക്ഷെ പ്രക്ഷേപിക്കപ്പെടുന്ന വാക്കുകള്‍ വെറുതെ ശൂന്യാകാശത്ത് തങ്ങി നില്‍ക്കാനുള്ളതാണ് എന്ന തിരിച്ചറിവായിരിക്കുമോ ?
എന്ത് കൊണ്ടു വാക്കുകളും പ്രവര്‍ത്തികളും ചിന്തകളും പോലും ഇങ്ങനെ സെന്‍സര്‍ ചെയ്തു മാത്രം പുറത്തു വരുന്നു. അതും അറിയില്ല.

ലോകത്തോട്‌ യുദ്ധം ചെയ്യുന്ന ഓരോ സാധാരണക്കാരനും /കാരിയും ആയുധങ്ങള്‍ ഒന്നു മില്ലാത്ത വരാണ്.വാക്കുകള്‍ നിഷ്ഫല മായ കരച്ചിലായി, അന്തരീക്ഷത്തില്‍ മഴയായി , മഴക്കാ റായി പെയ്തും പെയ്യാതെയും ..എനിക്കറിയാം ഞാനും അതിലൊരാള്‍ .
ലോകം ആവേശിക്കപ്പെട്ട,
ലോകത്തിലെ അനേകം കോടികളില്‍ ഒരാള്‍ ..

Thursday, July 23, 2009

തൊണ്ടി പ്പഴം

വീട്ടില്‍ പൈപിന്റെ അറ്റ കുറ്റ പണിക്കു വന്ന മുരുകന്റെ വളരെ ബാസ്‌ ഉള്ള ശബ്ദം അപ്പോള്‍ വളരെ താഴ്ന്നിരുന്നു. ചെറിയ പണിക്കു കൂടുതല്‍ പണം പറ്റിയതിന്റെ ചെറിയ ഒരു പിടിക്കരുതായ്കയുമായാണ് ഞങ്ങളുടെ നില്‍പ്പ്. ആകെ ഒരു മണിക്കൂര്‍ പണി, രണ്ടാളുകള്‍ , ഒരു ദിവസത്തെ മുഴുവന്‍ കൂലി .750 രൂപ . പൊട്ടിയ ഡ്രൈ നജ് പൈപ്പിന്റെ ലീക്ക്‌ മാറ്റണം ഒരു കഷ്ണം മുറിച്ചു പ്ലുംബര്മാര്‍ക്ക് മാത്രം അറിയാവുന്ന പശ വച്ചു ഒട്ടിക്കണം . അത് ചെയ്തു കഴിഞ്ഞു വാങ്ങിയ കൂലി , അത് കുറച്ചു കൂടി പോയില്ലേ എന്ന് ചോദിക്കാതെങ്ങനെ ..ഇതാണ് ചിന്ത.
അത് ചോദിക്കുന്നതിനു മുമ്പ് തന്നെ മുരുകന്‍ പറഞ്ഞു .രാവിലെ വാങ്ങി കൊണ്ടു പോയ ആയിരം രൂപയുടെ ബാക്കി തരാന്‍ ഇത്ര വൈകി രാത്രി പത്തു മണി വരെ നീണ്ടതെന്താണ് എന്ന് . അയാളുടെ ബന്ധു, വകയില്‍ ഒരമ്മാവന്‍ ,55 വയസ്സ് പ്രായം , നെയ്യാറ്റിന്‍ കരയിലെ ഒരാശുപത്രിയില്‍ അഞ്ചു ദിവസമായി കിടക്കുന്നു. വയറു വേദനയാണ് രോഗം .എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല , വേദന കൊണ്ടു പുളയുകയാണ്. ഇതിനകം തന്നെ 25,000 രൂപ ഡോക്ടര്‍ ക്കും മരുന്നിനു മായി ചിലവായി . ഇനി കിടക്കുന്ന വീട് വിറ്റാലെ കാശുള്ളു . അത് കൊണ്ടു ഈ വകയില്‍ അമ്മാമന്‍ കരയുന്ന കരച്ചിലിനെ പറ്റി കേട്ടു മുരുകന്‍ അയാളെ തിരുവനന്ത പുരം മെഡിക്കല്‍ കോളെജിലേക്ക് കൂട്ടികൊണ്ട് വന്നു . അവിടെ ചികിത്സ സൌജന്യ മാണല്ലോ ..
അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാത്രമെ വരാന്‍ കഴിഞ്ഞുള്ളൂ. "അമ്മാമനു
എന്താണ് ശരിക്കും അസുഖം ? ഞങ്ങള്‍ ചോദിച്ചു . "അതറിയില്ല ഡോക്ടര്‍ ഒന്നും പറഞ്ഞില്ല . നാളെ തന്നെ ഓപ്പ റേഷന്‍ വേണം എന്ന് പറഞ്ഞു . അതിന് ഡോക്ടര്‍ക്ക് ആയിരം രൂപ കൊടുത്തു .. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു മയക്കു ഡോക്ടര്‍ക്ക് ഒരഞ്ഞൂറു രൂപ കൊടുത്തേരെ എന്ന്'" ..അനസ്തേഷ്യ നല്കുന്ന ഡോക്ടര്‍ ആയിരിക്കണം .."അയാള്‍ക്കും വീട്ടില്‍ അത് കൊണ്ടു കൊടുത്തു" . എന്താ അസുഖം എന്ന് ഈ ഡോക്ടറും പറഞ്ഞില്ലേ എന്ന ചോദ്യത്തിന് മുരുകന് ഇതു മാത്രമായിരുന്നു മറുപടി. ഓപ്പ റേഷന്‍ കഴിഞ്ഞാലും അത് പിന്നെയും വേറെ എവിടെ യെങ്കിലും വരും എന്ന് ഡോക്ടര്‍ പറഞ്ഞു ..
അങ്ങനെ മുരുകന്റെ കയ്യിലെ കാശ് മുഴുവന്‍ ആ ഡോക്ടര്‍മാര്‍ വീതിച്ചെടുത്തു എന്ന് ചുരുക്കം ..പൊട്ടിയ പൈപ്പിന് പശ തേച്ചു മിനുക്കിയതിന് കിട്ടിയ കാശ് മുഴുവനും ചിലവായി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ഇനി എന്ത് ചോദിക്കാന്‍.

തിന്നാനെടുത്ത തൊണ്ടിപ്പഴം കിണറ്റില്‍ വീണു പോയ കാക്ക അതെടുത്ത് തരാന്‍ കൊല്ലനോടും , അതെടുത്ത് തരാന്‍ കൂട്ടാക്കാത്ത കൊല്ലനെ കടിക്കാന്‍ നായയോടും ,തൊണ്ടി പ്പഴം എടുതുതരാത്ത കൊല്ലനെ കടിക്കാത്ത നായയെ കുത്താന്‍ തേളി നോടും , അതിനുതയ്യാ റാകാത്ത തേളിനെ തല്ലാന്‍ ആനയോടും ,അതുകൂട്ടാക്കാത്ത ആനയെ കടിക്കാന്‍ കട്ട് ഉറുമ്പിനോടും ആവശ്യവും പ്പെടുന്നു കുട്ടി കഥയിലെ കാക്ക . അവസാനം കട്ട് ഉറുമ്പ്‌ ആനയെ കടിക്കാനും ആന തേളിനെ തല്ലാനും തേള് നായയെ കുത്താനും നായ കൊല്ലനെ കടിക്കാനും പേടിച്ച കൊല്ലന്‍ തൊണ്ടിപ്പഴം എടുക്കാനും തയ്യാറാവുന്നുണ്ട് കഥയില്‍ ...

കിണറ്റില്‍ പോയ തൊണ്ടി പ്പഴങ്ങള്‍..ഈ ജീവിതങ്ങള്‍... എന്റെയും നിന്റെയും ..അതെടുക്കാന്‍ കീടനാശിനിയില്‍ വിളയിച്ച പച്ചക്കറി യും അത് തിന്നു വയറിളക്കവും വയറു വേദനയും വന്ന അതിന് വേറെ മരുന്ന് തിന്നു കുടല്‍ കരിഞ്ഞ , കുടല്‍ കരിക്കുന്ന മരുന്ന് വിളയിക്കുന്ന മരുന്ന് കമ്പനിയെ കാണാത്ത , അങ്ങനെ യങ്ങനെ നീളുന്ന കഥയില്‍ ..ഏതെങ്കിലും കുരുടന്‍ പ്രത്യക്ഷപ്പെടും .അയാള്‍ ഏത് കിണറ്റിലെ ഏത് തൊണ്ടിപ്പഴം എടുക്കും ?

Tuesday, July 21, 2009

ഭ്രമരം

ഭ്രമരം എന്ന മോഹന്‍ ലാല്‍ സിനിമ കണ്ടു. സംവിധായകന്‍ ബ്ലെസി . നല്ല തിരക്കായിരുന്നു. പിതൃക്കള്‍ ക്ക് ബലി തര്‍പ്പണ മിടാന്‍ സര്‍ക്കാര്‍ അവധി കൊടുത്ത ദിവസം .തര്‍പ്പണം കഴിഞ്ഞു ആളുകള്‍ സിനിമ കാണാന്‍ ഇറങ്ങിയതാവാം .
മോഹന്‍ ലാലിന്റെ അഭിനയം വളരെ കേമം .നിസ്സഹായന്റെ ധര്‍മ്മ സങ്കടങ്ങള്‍ , നിസ്സഹായന്റെ നിസ്സഹായതയുടെ ആഴങ്ങള്‍ , വളരെ subtle ആയ ഭാവങ്ങള്‍ ഒക്കെ എത്ര നന്നായി .സിനിമയെ നിരൂപണം ചെയ്യാന്‍ എനിക്കുദ്ദേശമില്ലാതതുകൊണ്ട് അതിന്റെ ഭംഗികളെ കുറിച്ചു മാത്രം ഓര്‍ക്കുന്നു . സിനിമ ഒരു നിമിഷവും മുഷിപ്പിച്ചില്ല .മറിച്ച് ടെന്‍ഷന്‍ നിലനിര്‍ത്തുകയും , പരമ്പരാഗത തമാശ ക്കാരില്ലാതെ തന്നെ നേര്‍ത്തനര്‍മ പ്രയോഗങ്ങളിലൂടെ തിയേറ്ററില്‍ ആളുകളെ ചിരിപ്പിക്കയും ചെയ്തു ..ഇങ്ങനെ പറയാനാണെങ്കില്‍ ഇനിയും നല്ലവാക്കുകള്‍ പറയാം ..

...കളിക്കൂട്ടുകാരുടെ , നിഷ്കളങ്ക മെന്നു തോന്നിക്കുന്ന ചതി , മുതിര്‍ന്നതിനുശേഷം ഗത്യന്തരമില്ലാതെ അവര്‍ നടത്തുന്ന ഏറ്റുപറച്ചിലും പാശ്ചാത്താപവും ..പാശ്ചാത്തപിക്കുന്നവരോട് പൊറു ക്കേണ്ടി വരുന്ന ഗതികേടും നിസ്സഹായതയും ..പാശ്ചാതാപവും കുമ്പസാരവും പാപം ചെയ്തവരെ രക്ഷിക്കുമായിരിക്കാം ..പക്ഷെ ആ പാപത്തിനു ള്ള ഫലം ഏല്‍ക്കേണ്ടി വന്ന സാധുവായ നിസ്സഹായന്‍ ക്ലേശ ങ്ങളില്‍ തന്നെ ജീവിച്ചു തീരുന്നു .. പാശ്ചാതാപം കൊണ്ടു എന്താണ് സംഭവിക്കുന്നത് ? മതപരവും മതേതരവുമായ പാശ്ചാത്താപങ്ങള്‍ കൊണ്ടു ലോകത്ത് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ ? ബ്ലെസി ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല .. എങ്കിലും സിനിമ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നു .


( സിനിമ യിലെ തമാശ കൂടാതെ തിയേറ്ററില്‍ ഒരു പരസ്യത്തില്‍ മിന്നി മറഞ്ഞ വാചകങ്ങളാണ് എന്നെ അതിലേറെ ചിരിപ്പിച്ചത് ...പരസ്യ വാചകം തുടങ്ങുന്നത് ഇങ്ങനെ.....'ദാമ്പത്യ രോഗങ്ങളാല്‍ അവശത യനുഭവിക്കുന്ന ദമ്പതിമാര്‍ക്ക്..........' ചികിത്സ ഏതു വിഭാഗത്തിലാണ് കിട്ടുന്നതെന്ന് , അലോപ്പതിയോ ആയുര്‍ വേദമോ , ഹോമിയോ പതിയോ , യൂനാനിയോ, നോക്കാന്‍ ചിരിക്കിടയില്‍ കഴിഞ്ഞില്ല )

Wednesday, July 15, 2009

തമാശകള്‍ തീരുന്നില്ല

തമാശകള്‍ തീരുന്നില്ല ,ജീവിതം എത്ര സങ്കീര്‍ണം ആയാലും .ഇന്നലെ യാണ് അതുണ്ടായത്‌ . വരിവരിയായി പോകുന്ന വാഹനങ്ങള്‍ , വീതികുറഞ്ഞ റോഡ്‌ , തിരക്കിന്റെ ആധിക്യം താരതമ്യേന കുറഞ്ഞു വരുന്ന രാവിലെ ;പത്തര മണി ..കാല്‍ നടക്കാര്‍ ,ഓട്ടോ റിക്ഷക്കാര്‍, ബൈക്കുകള്‍ ഈ തിരക്കിനിടയിലും വിമാന മാക്കാന്‍ നോക്കുന്ന യുവാക്കള്‍ ,കാര്‍ , സര്‍ക്കാര്‍ ബസ്സുകള്‍ ,അക്ഷമ പ്പെടുന്ന പ്രൈവറ്റ് ബസ്സുകളുടെ ഇരമ്പുന്ന ഹോണുകള്‍ ....ഇതിനിടയിലാണ് ഞാനും ഒരു വാഹനത്തില്‍ ഇരിപ്പു ഉറപ്പിച്ചത് .
എന്റെ മുന്നിലായി പോകുന്ന മാരുതിക്കാര്‍ അല്‍പ്പം തുറവു കണ്ട മുഹൂര്‍ത്തത്തില്‍ ലേശം വേഗം കൂട്ടി ..സ്പീട് എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ മണിക്കൂറിനു ഒരു അമ്പത് കിലോമീറ്റര്‍ ! പെട്ടെന്ന് തന്നെ വലിയ ഒച്ചയോടെ അത് നിന്നു ..കാറില്‍ നിന്നു ഒരു സ്ത്രീ ചാടിയിറങ്ങി . കാറിനു മുന്‍പില്‍ കിടക്കുന്നതു ഒരു യുവതി യാണെന്ന് കണ്ടു .ഇരുപതിനും മുപ്പതിനും ഇടയ്ക്ക് എവിടെയു മാകാം പ്രായം . യുവതിയെ പിടിചെഴുന്നെല്‍പ്പിച്ചതും കാറോടിച്ച സ്ത്രീ അവളെ തലങ്ങും വിലങ്ങും കലി തീരു വോളം തല്ലി.. പെട്ടെന്ന് വന്നു ട്രാഫിക്‌ പോലീസും നാട്ടുകാരും ..കാറിടിച്ചു ഇടിച്ചില്ല എന്ന മട്ടിലായിരുന്നു ..പെണ്ണിന് മുറിവോ ചതവോ ഇല്ലായിരുന്നു അടികൊണ്ട വേദന കാണു മായിരിക്കാം ...പരസ്പരം പറയുന്ന വാക്കുകള്‍ കലപിലയില്‍ തിരിച്ചറിയാന്‍ ഞാന്‍ കാതോര്‍ത്തു . ഞാനിരിക്കുന്ന വാഹനത്തിലെ ഡ്രൈവര്‍ അതിനുമുമ്പേ കാഴ്ച കാണാന്‍ പോയ് കഴിഞ്ഞിരുന്നു . പോലീസ്‌ യുവതിയെ കൊണ്ടു പോകാനുള്ള ഒരുക്കത്തില്‍ .. ഈ രാവിലെ അങ്ങനെ മോശമല്ലാതെ തുടങ്ങി ...ഞാന്‍ കരുതി ..
ഡ്രൈവര്‍ തിരിച്ചു വന്നു കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു കൊണ്ടു ഇതിനകം നീങ്ങി തുടങ്ങിയ വണ്ടികള്‍ക്ക് പിന്നാലെ പാഞ്ഞു ."ആ പെണ്ണ് ആത്മഹത്യ ചെയ്യാന്‍ ചാടിയതാണ് എന്നാണു പോലീസിനോട് പറഞ്ഞതു .അതിന് മരിക്കണ മത്രേ! മയക്കു മരുന്നടിച്ച് അതിന് തീരെ ബോധവും ഇല്ല
എന്റെ ഡ്രൈവര്‍ തുടര്‍ന്നു " ആത്മഹത്യ ചെയ്യാന്‍ ആരെങ്കിലും ജഗതി പാലത്തില്‍ നിന്നു മാരുതി കാറിനു മുമ്പില്‍ ചാടുമോ ? എന്നാ പിന്നെ തമ്പാനൂരില്‍ പോയി ട്രെയിനിനു മുപില്‍ ചാടിക്കൂടെ ..വീട്ടുകാര്‍ക്ക് റയില്‍വേ ക്കാര്‍ മൂവായിരം രൂപ കോമ്പന്‍സേഷന്‍ കൊടുക്കും ...."

ഏതു വിഭാഗത്തില്‍ പെട്ട മലയാളികളും എപ്പോഴും സിനിക്കല്‍ തന്നെ , നര്‍മ്മവും കുറവല്ല .

Tuesday, July 14, 2009

സ്വയം ഭൂ സിദ്ധാന്തം

നിന്റെ ആത്മ കഥയില്‍ ,
അത് കഥയാണെങ്കില്‍ കൂടി
നീ സ്വയം ഭൂവായതെങ്ങനെ ?
നിന്റെ അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ പേരു അതില്‍ കടന്നു കൂടാഞ്ഞതെന്തു?
അമ്മ നിന്നെ പ്രസവിച്ചിട്ടില്ലെന്നും
അച്ഛന്‍ അതിന് കാരണ ക്കാരനായില്ലെന്നുമാണോ വിവക്ഷ?

ജന്മത്തിന് കാരണക്കാരായവരെ തള്ളി ക്കളയുന്നതാണ് ബുദ്ധി
കാരണം അവര്‍ വാര്‍ധക്യത്തില്‍ മാത്രമല്ല
യൌവനത്തിലും ഒരു ഭാരമാണ് .
നിന്റെ കവിതയെ അതിന്റെ പിച്ച വപ്പിനെ ,
നിന്റെ നിറം മാറ്റങ്ങളെ
നീ പഠിക്കാത്ത പാഠങ്ങളെ എല്ലാം
അവര്‍ നിരന്തരം ഓര്‍മ്മിപ്പിക്കും

എങ്കില്‍ നീ നിന്റെ അനുജനെ ,
ജ്യേഷ്ടനെയും എങ്ങനെ മറന്നു ?
നിന്നെ ലോകത്തിന്റെ നെറുകയില്‍ കാണാന്‍ മോഹിച്ച ഒരന്ജനും നിന്റെ കവിതകള്‍
വെടിയുപ്പ് നിറച്ച മഴ വില്ലുകളാണെന്ന്
കുന്നിന്‍ മുകളിലേറി മേഘങ്ങളോടും കാറ്റിനോട് മെന്ന പോലെ
കാട്ടു മാനോനോടും മനുഷ്യരോടും
ഉറക്കെയുറക്കെ പറഞ്ഞ ഒരു ജ്യേഷ്ടനും നിനക്കുണ്ടല്ലോ
എന്നിട്ടും നീ .....


കാരണം അച്ഛനമ്മ മാരെ പോലെ
സഹോദരങ്ങളും മുതുകില്‍ കെട്ടിവച്ച
ഓരോ അമ്മിക്കല്ലുകള്‍ ആണ് ;വഴി മുടക്കികള്‍
ഇത്തരം
വഴി മുടക്കികളെ
നീക്കി നീക്കി യും തള്ളിക്കളഞ്ഞുമാണ്
ഞാനൊരു അനാഥ നായത് .
ഞാനൊരു സ്വയം ഭു‌വായത്

Sunday, July 12, 2009

'പ്രബുദ്ധ കേരളം '

നെടുമങ്ങാട് :ആസ്പത്രിയില്‍ എത്തിക്കാന്‍ വീട്ടില്‍ നിന്നും ഓട്ടോയില്‍ കയറ്റിക്കൊണ്ടു വന്ന വൃദ്ധയെ മക്കളും മരുമക്കളും ചേര്ന്നു കൂവക്കുടി ആറ്റിന്‍ കരയില്‍ ഉപേക്ഷിച്ചു . ക്ഷീണിതയായി കാണപ്പെട്ട ഇവരെ നാട്ടുകാര്‍ ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിലെ ത്തിച്ചു . വട്ടപ്പാറ വേങ്കോട്‌ നെട്ടറ വീട്ടില്‍ സരസമ്മയെ (80) ആണ് ബന്ധുക്കള്‍ ആറ്റിന്റെ തീരത്ത് ഉപേക്ഷിച്ചത് . ആസ്പത്രിയില്‍ കൊണ്ടു പോകാനെന്ന പേരില്‍ മക്കളും മരു മക്കളും ചേര്‍ന്ന്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു വന്നു സരസമ്മ പറയുന്നു . വണ്ടിയില്‍ കയറ്റി കൊണ്ടു പോകണമെന്നു ആവശ്യപ്പെട്ടു പിന്നാലെ പോയെങ്കിലും മെറ്റല്‍ എടുത്തു എറിഞ്ഞു ഓടിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു ...................................നാല് മക്കളുണ്ടെന്നും .ഭര്‍ത്താവ് ദാമോദരന്‍ നായര്‍ മരിച്ചു പോയെന്നും സരസമ്മ പറയുന്നു ..വേങ്കോട്‌ ഏഴര സെന്റ് ഭൂമിയും ഒരു വീടും ഇവരുടെ പേരില്‍ ഉണ്ടെന്നും പറയുന്നു.....[.മാതൃ ഭൂമി -2009 ജുലായ് 12 ഞായറാഴ്ച ]

എന്റെ പ്രബുദ്ധ കേരളം !!!!!!!!!!!!!!!!!!!!!!!!!!

Friday, July 10, 2009

വരും.... വരാതിരിക്കില്ല

അടുക്കള പണിക്കിടെ ഒരു കവിത വന്നു പോയി ..
ദോശ ചട്ടിയില്‍ മാവ് ഒഴിക്കുമ്പോള്‍ വിചാരിച്ചു ഇതാ ഈ രണ്ടെണ്ണവും കൂടി കഴിഞ്ഞാല്‍ തീര്‍ന്നു ..ഞാന്‍ നിന്നെ കടലാസില്‍ തളചിടും..ക്ഷമിക്കു കുറച്ചു നേരം .
.കവിത ക്ഷമിക്കാന്‍ കൂട്ടാക്കിയില്ല . അത് മതിലിരുന്നു ക്രാ ക്കിക്കുന്ന കാക്കയെ പോലെ ചെരിഞ്ഞു തന്നെ നോക്കി ..മുഖം വീര്‍പ്പിച്ചു..
ഇതാ കഴിഞ്ഞു ..ഒരു നിമിഷം ഞാന്‍ പറഞ്ഞു..
അത്
മൂളിയോ ?
ഇല്ല ..വെറുതെ പുറത്തെ വാഴയിലയില്‍ പറ്റി നില്ക്കുന്ന വെള്ളത്തുള്ളികള്‍ നോക്കി , പുഴത്തീരതാടുന്ന മുളം ചില്ലകളെ നോക്കി,
പുഴയില്‍ പൊന്തി നില്ക്കുന്ന മരക്കുറ്റിയില്‍ ചാഞ്ഞ് വന്നിറങ്ങുന്ന പരുന്തിനെ നോക്കി ..
അലരി പൂവുകളെയും തെച്ചിപ്പൂക്കളെയും നോക്കി ..
അത്
കുറച്ചു നേരം കൂടി എന്നെ തൊട്ടു കൊണ്ടിരുന്നു .
അപ്പോള്‍
ചട്നിയില്‍ ചേര്‍ക്കേണ്ട മുള കുകളുടെ എണ്ണത്തില്‍ എന്റെ കണക്കു തെറ്റി .
കവിത കുപ്പായ തുമ്പത്ത് നിന്നു വലിക്കുന്നുണ്ടായിരുന്നു അപ്പോഴും ..ഇത്തിരി നേരം കൂടി ...
ഈ ചട്നിയില്‍ ഒന്നു കടുക് വറുക്കട്ടെ..
വീണ്ടും ഞാന്‍ .
ഇത്തവണ കവിത എന്റെ കുപ്പായ തുമ്പു വിട്ടു .
അത്
കാക്ക കരച്ചിലിനും മുളം കാട്ടിലെ കാറ്റിനും ചെവിയോര്‍ത്തു നിന്നു ..
പുഴയില്‍ മത്സ്യങ്ങളെ തൊടാനായി അത് പെട്ടെന്ന് എന്റെ അടുക്കള വിട്ടു.
എന്നെയും .

അതുവരും ..ഇനിയും എന്റെ മുടിയിളക്കുന്ന കാറ്റിനൊപ്പം വരും ....
വരാതിരിക്കില്ല .

Sunday, July 5, 2009

മുരള്‍ച്ചയില്‍

സന്ധ്യ ഓഫീസിലേക്ക് പുറപ്പെടും മുമ്പ്‌ പലവട്ടം മനസ്സില്‍ പറഞ്ഞുറപ്പിച്ചു ' ഇന്നു ഞാന്‍ എന്റെ മുമ്പില്‍ എത്തുന്ന ആരോടും കോപിക്കില്ല.' തന്റെ കോപത്തെ കുറിച്ചു നല്ല ബോധ്യമുള്ളതു കൊണ്ടു എന്നും ഇങ്ങനെ പറഞ്ഞു ഉറപ്പിച്ചിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതെങ്കിലും അതെല്ലാം കൌണ്ടറിനു മുമ്പിലിരിക്കുന്നതും സന്ധ്യ മറന്നു പോകുന്നു എന്നതാണ് അവളുടെ അനുഭവം .

ഒന്നാമത്തെ , രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ യാത്രക്കാരന്‍ ടിക്കറ്റിനു വേണ്ടി കൈനീട്ടുമ്പോള്‍ വരെ സന്ധ്യ മയത്തില്‍ പെരുമാരാറില്ല എന്നല്ല . അങ്ങനെ യാത്രക്കാര്‍ പെരുകി പെരുകി വന്നു , തലക്ക് മുകളിലൂടെ കൈകളുയര്‍ത്തി ദല്‍ഹി, മംഗലാപുരം , ചെന്നൈ എന്നിങ്ങനെ വിളിച്ചു പറഞ്ഞു വരുമ്പോള്‍ സന്ധ്യയുടെ തലയില്‍ മുരള്‍ച്ച തുടങ്ങുകയായി . ഓരോ യാത്രക്കാരനും ഓരോ യാത്രക്കാരിയും സ്വന്തം തലയില്‍ ഓരോ ചുമടു മുരള്‍ച്ച യുമായാണ് കൌണ്ടറിനു മുമ്പില്‍ ബാഗും കുടയുമായി നില്‍ക്കുന്നതെന്ന് സന്ധ്യ ഓര്‍ക്കാറില്ല. ഡ്യൂട്ടി കഴിയാറാകും പോഴേക്കും സന്ധ്യ ക്ക് തന്റെ ഡ്യുട്ടി തന്റെ ആവശ്യമല്ലെന്നും ആരോ അടിച്ചേല്‍പ്പിച്ച താണെന്നുംതോന്നി തുടങ്ങും ...ലോകത്തെ കടിച്ചു കീറാനുള്ള ഒരാവേശത്തോടെ സന്ധ്യ ഓരോ യാത്രക്കാരന് നേരെയും ചില്ലറ ഇല്ലാത്തതിന്റെ പേരിലോ വേണ്ടത്ര ഉച്ചത്തില്‍ സ്ഥലനാമം പറയാതതിന്റെ പേരിലോ അല്ലെങ്കില്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന നാട്യതിലോ , ഒച്ച കൂടിയതിന്റെ പേരിലോ മുരണ്ടു വിറയ്ക്കുന്ന പുലി എന്ന വണ്ണം മാന്തിപ്പറിക്കും .തല തണുക്കുന്നത് വരെ .
സന്ധ്യയുടെ മുന്നിലേക്ക് ചെന്നൈ യിലേക്ക് പോകാന്‍ ടിക്കറ്റിനു വേണ്ടി കാത്തു നില്ക്കുന്ന തിനിടയില്‍ സുരേഷ് വിചാരിച്ചു 'ഇന്നു എന്നെ കോപം ആവേശിക്കല്ലേ..എന്റെ കോപത്തിന്റെ കടിഞ്ഞാണുകള്‍ ബലത്തില്‍ തന്നെ ഇരിക്കണേ...-' സന്ധ്യയെ പോലെ ഈ വാചകങ്ങള്‍ മനസ്സില്‍ ഉരുവിട്ടാണ് സുരേഷും ദിവസം ആരംഭിക്കാറുള്ളത്.കൂടെ ചില പ്രതിജ്ഞാ വാചകങ്ങളും ഉരുവിടും . കൊട്ടും ടൈയും അണിഞ്ഞു ഓഫീസിലേക്ക് യാത്രതിരിക്കുംപോഴേക്കും സുരേഷില്‍ മനം മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കും . ലിഫ്റ്റ്‌ ഓപറെട്ടറോട് കുരച്ചു കൊണ്ടും അയലത്തെ പട്ടിക്കുട്ടിയുടെ കാലില്‍ ചവിട്ടി നോവിച്ചു കൊണ്ടും നാലുമാസം പ്രായമായ മകന്റെ കരച്ചിലിനോട് കോപിച്ചു കൊണ്ടും സുരേഷ് തന്നോടു തന്നെയുള്ള ശപഥം തെറ്റിച്ചു മുന്നേറും.
അല്ലെങ്കില്‍ ശപ ഥ മെടുത്തു ഇറങ്ങിയ താന്‍ റയില്‍വേ സ്റേഷന്‍ വരെ തന്നെ എത്തിച്ച ഓട്ടോ റിക്ഷ ക്കരനോടു ദേഷ്യ പ്പെടെണ്ട കാര്യമെന്തായിരുന്നു ? അയാള്‍ കൂലി കൂടുതല്‍ ചോദിച്ചു ശരി തന്നെ . എങ്കിലും മയത്തില്‍ സംസാരിച്ചു കാര്യം ശരിയാക്കവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ? എന്നാല്‍ റിക്ഷാക്കാരന്റെ ഇഞ്ചി കടിച്ചതുപോലുള്ള മുഖം കണ്ടപ്പോഴേ തനിക്ക് കലി കയറി എന്ന് സുരേഷ് ഓര്‍ത്തു . ഇയാള്‍ക്ക് ഇത്ര കാലത്തു , അഞ്ചു മണി സമയത്തു ഒന്നു ചിരിച്ച മുഖവുമായി വണ്ടി ഓടിചാലെന്താ എന്നോ മറ്റോ താന്‍ ചിന്തിക്കുകയും ചെയ്തു .
എന്നിട്ടോ കുഴിയും നോക്കാതെ ഓട്ടോ പായിച്ചു , റോഡു ക്രോസ് ചെയ്തു പാഞ്ഞ പൂച്ചക്കുട്ടിയെ ചതച്ചരച്ച് പിറകെ പോയ നായയെ ശപിച്ചു ,കുറുകെ ചാടിയ പാല്‍ വിതരണക്കാരനെ തെറി വിളിച്ചു റയില്‍വേ പോര്‍ട്ടിക്കൊവിലീക്ക് ഇരച്ചു കയറി ബ്രൈക്കിട്ടതും പോരാ ഇരട്ടി കൂലി ചോദിച്ചു അലറി വിളിച്ചതിനും താന്‍ മാത്രമാണോ കാരണം ?

താന്‍ പതുക്കെ , എന്നും എന്താടോ ഇത് ? ഇത്ര സ്പീട് എന്നു മൊക്കെ അയാളുടെ മരണ പ്പാചിലിനെ തടയിടാന്‍ ശ്രമിച്ചതേ ഉള്ളു , മയത്തില്‍ . പക്ഷെ ഈ കൂലി .....അതിനു തിരിച്ചും ഒച്ചയിടാതിരിക്കാന്‍ തന്റെ ശപ ഥം മുടക്കാതെ പറ്റില്ലല്ലോ .
ക്യൂവില്‍ നിരങ്ങി നീങ്ങി കൌണ്ടറില്‍ എത്തി ഒരു ചെന്നൈ എന്നു സുരേഷ് പറഞ്ഞതും കൌണ്ടറിലിരിക്കുന്ന യുവതി 'ആയിരത്തിനു ഇവിടെ ചില്ലറ ഇല്ല . കാലത്ത് ഓരോന്നു വന്നോളും ഓരോ വലിയ നോട്ടും പിടിച്ചോണ്ട് ' എന്നു ചോദിച്ചതും അയാളെ വീണ്ടും ശപ ഥം മുടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു . എന്നാല്‍ തൊട്ടു പിന്നിലെ വൃദ്ധന്‍ 'കാലില്‍ ചവുട്ടാതെ പെട്ടെന്ന് മാറടെ.......അല്ല പിന്നെ..'! എന്നു തലയ്ക്കു പിന്നില്‍ ഇരുട്ടടിയടിച്ചു . സുരേഷിന് ഇനി പിന്മാറാതെ പറ്റില്ല.

' ഞാന്‍ ആവശ്യമില്ലാതെ ആ ചെറുപ്പക്കാരനോട്‌ കോപിച്ചു .അയാള്‍ക്ക്‌ ചില്ലറ യില്ലാഞ്ഞു ടിക്കറ്റ് കിട്ടാതിരുന്നിട്ടുണ്ടാവുമോ ?' നാരായണന്‍ നായര്‍ എന്നാ റിട്ടയര്‍ഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ റയില്‍വേ കൌണ്ടറിനു അടുത്തുനിന്നു നീങ്ങുമ്പോള്‍ വിചാരിച്ചു .
കോപിക്കുന്നത് പ്രഷറും ഹൃദയ സ്പന്ദനവും കൂടുമെന്ന് മാസികയില്‍ വായിച്ചത് ഭാര്യ വിസ്തരിച്ചു പറഞ്ഞത് അയാള്‍ ഓര്‍ത്തു . ഞാന്‍ ഒരാളോടും ആവശ്യമില്ലാതെ കോപിക്കില്ലെന്നും പ്രഷര്‍ കൂട്ടില്ലെന്നും ഭാര്യയോടു പറഞ്ഞു മന്ദഹസിച്ചു കൊണ്ടാണ് ഇറങ്ങിയത്‌ എന്നും അയാള്‍ ഓര്‍ത്തു. എന്നിട്ടോ . ഇറങ്ങുമ്പോള്‍ കൊച്ചുമോന്‍ പിന്നില്‍ നിന്ന് വിളിച്ചു .കാര്യം കൊല്ലം വരെയുള്ള യാത്രയെ ഉള്ളു, എങ്കിലും അതും യാത്ര തന്നെ യല്ലേ . ' അസത്ത് , ശകുനം മുടക്കിക്കോളും" എന്ന് മൂന്നു വയസ്സുകാരനെ നോക്കി പറഞ്ഞത് നന്നായില്ലേ , ഇനി .. ശകുനത്തില്‍ വിശ്വാസ മുള്ളത് കൊണ്ടല്ല ..എന്നാലും.. ഭാര്യക്ക് അതിനെ ഇത്ര വെളുപ്പിനെ തന്നെ ഉണര്‍ത്തി പൊക്കി എടുത്തു 'റ്റാറ്റ ' പറയിക്കണ മായിരുന്നോ ? നാരായണന്‍ നായര്‍ ഭാര്യയെ അടിച്ചില്ലെന്നെ ഉള്ളു.

'ഇനി ഇതുപോലെ ഉണ്ടാവില്ല , ഉറപ്പു ' തന്നോടും ഭാര്യയോടും പേരക്കുഞ്ഞിനോടുമായി നാരായണന്‍ നായര്‍ മനസ്സില്‍ പറഞ്ഞു.
ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറി കൊണ്ടിരുന്ന നാരായണന്‍ നായര്‍ ചിന്തയില്‍ മുഴുകി അങ്ങനെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ നായരുടെ കൈ അറിയാതെ, പടി ഇറങ്ങി ധൃതിയില്‍ വരുന്ന മധ്യ വയസ്കയുടെ ശരീരത്തിലെവിടെയോ സ്പര്‍ശിച്ചു .സ്പര്‍ശിച്ചത്‌ എവിടെ എന്ന് നാരായണന്‍ നായര്‍ക്കു തിട്ടമില്ലെങ്കിലും വത്സല കുടയും ചോറ്റു പാത്രവുമടങ്ങുന്ന ബാഗ് വീശി ' കിളവനായിട്ടും ഇതാ പണി അല്ലേടാ '..എന്ന് ചോദിച്ചു മുതുകില്‍ പ്രഹരിച്ചതും ഒപ്പമായിരുന്നു .നാരായണന്‍ നായര്‍ വീണി ല്ലെന്നെ ഉള്ളു . അയാള്‍ മിഴിച്ചു നോക്കി .എന്തിനാണ് ഈ പ്രഹരം ?
. 'എന്താ ചേച്ചി ഇത് ..? അങ്ങേര്‍ കണ്ടു കാണില്ല ' എന്ന് വത്സല യെ കടന്നു പോകുന്നതിനിടെ ആരോ ചോദിച്ചത് വത്സലയിലെ സ്ത്രീ വാദിയെ ഒന്ന് കൂടി ജ്വലിപ്പിച്ചു . ' നിനക്കെന്ത റിയാമെടാ..' എന്ന് വത്സല ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു ; ഇതിനകം അഭിപ്രായ പ്രകടനം നടത്തിയ യാത്രക്കാരന്‍ മറഞ്ഞു കഴിഞ്ഞിരുന്നു .വത്സല തിരിഞ്ഞു നോക്കി ജാള്യത്തോടെ നീങ്ങുന്ന വയസ്സനെ കണ്ടപ്പോള്‍ അവള്‍ക്ക്‌ ഒരു വല്ലായ്മ തോന്നി . ശരിയായില്ലേ ചെയ്തത് ?
ഇന്നലെ രാത്രിയില്‍ ട്രെയിനില്‍ കയറി ക്കൂടിയതാണ് . രാവിലെ ഓഫീസില്‍ പിടിപ്പതു പണിയുണ്ട് വീട്ടില്‍ ആഴ്ചയിലൊരിക്കല്‍ എങ്കിലും പോകാതിരിക്കുന്നതെങ്ങനെ ? അമലക്കും അമലിനും പരീക്ഷയാണ്‌ അവരുടെ അച്ഛന്‍ വിചാരിച്ചാലൊന്നും അവരെ തീറ്റയും കൊടുത്തു പുസ്തകത്തിന് മുമ്പില്‍ ഇരുത്താന്‍ കഴിയില്ല . അതോര്‍ത്തു തല കറങ്ങിയതാണ് രാത്രി മുഴുവന്‍ . ഓഫീസില്‍ മാനേജര്‍
ഇന്ന് തൊള്ള തുറക്കും ഫയല്‍ കുന്നു കൂടിയതിനു ശകാരിക്കും .ഒരാഴ്ച അവധി യായിരുന്നല്ലോ .
ഒരു പക്ഷെ വയസ്സന്‍ അറിഞ്ഞു ചെയ്തതാവില്ല ..എന്നാലും ഇത്ര കൃത്യമായി .....ഛെ.!

രാത്രിയില്‍ ട്രയിന്‍ കയറുമ്പോഴേ കുട്ടികളുടെ അച്ഛന്‍ പറഞ്ഞതാണ് ' ശ്രദ്ധിക്കണം , ഈയിടെയായി നിനക്ക് മുന്‍ കോപം കുറച്ചു കൂടുതലാണ് ". അതുകെട്ടയുടന്‍ താന്‍ വാക്ക് കൊടുത്തതാണ് .സമ്മതിച്ചു ഇനി ഞാന്‍ കോപിക്കുകയെ ഇല്ല ,തീര്‍ച്ച .' എന്നിട്ടെന്തുണ്ടായി ..എതിരെ വന്ന വൃദ്ധനോട് മാത്രമല്ല ഇന്നലെ തൊട്ടടുത്ത ബര്‍ത്തില്‍ കിടന്ന കൂര്‍ക്കം വലിക്കാരനെ കുടകൊണ്ട്‌ കുത്തിയും താന്‍ കലി തീര്‍ത്തു ..അല്ല പിന്നെ ഉറങ്ങാന്‍ സമ്മതിക്കേണ്ടേ ..
പോകട്ടെ ഇനി ശ്രദ്ധിക്കാം ...
ശ്രദ്ധിച്ചു കൊണ്ട് തന്നെ യാണ് ബസ്‌ സ്റ്റാണ്ടിലേക്ക് നടന്നതും റോഡു മുറിച്ചു കടക്കാന്‍ തുടങ്ങിയതും . " നേരം വെളുത്തു തുടങ്ങിയില്ല അപ്പോഴേക്കും ചാവാന്‍ ഇറങ്ങിയോ തള്ള ...?
പിന്നില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ 'പാലിയോ' എന്നോ മറ്റോ എഴുതിയ വമ്പന്‍ കാര്‍ ബ്രൈക്കിട്ടു നിന്നു.. ചെറുപ്പക്കാരന്‍ വത്സലയെ വിരട്ടി . ഞെട്ടല്‍ മാറാത്ത തുകൊണ്ട് വത്സലയ്ക്ക് കോപി ക്കാനോ വാക്കുകള്‍ കൊണ്ട് ചെകിടത്ത് പ്രഹരിച്ചു പ്രതികരിക്കാനോ ആയില്ല ..പകരം 'മോനെ...'എന്ന് ദയനീയമായി പറയാനെ സാധിച്ചുള്ളൂ ..
വിപിന്‍ ക്രുദ്ധമായ നോട്ടം പിന്‍ വലിക്കാതെ തന്നെ കാര്‍ തിരിച്ചു സ്പീഡില്‍ ഓടിച്ചു പോയി .പോകുമ്പൊള്‍ റിയര്‍ മിററില്‍ റോഡിന്റെ മധ്യത്തില്‍ നടുങ്ങി നില്‍ക്കുന്ന , തന്റെ അമ്മയോളം പ്രായമുള്ള സ്ത്രീയെ ഒന്ന് കൂടി നോക്കി ..ചാവാനിറങ്ങിയ താണോ തള്ളെ ' എന്ന് ചോദിച്ചത് അധികമായോ..?
വണ്ടിയുമായി ഇറങ്ങുമ്പോള്‍ അമ്മ പറഞ്ഞതാണ് " വിപിന്‍ ശ്രദ്ധിച്ചു വണ്ടി ഓടിക്കണം . അതിരാവിലെയാണ് , ആളുകള്‍ കുറവായിരിക്കും റോഡില്‍ എന്നൊക്കെ വിചാരിച്ചു നീ കാറിനെ വിമാന വേഗത്തില്‍ പറപ്പിക്കരുത്'.'
ഓ ! തുടങ്ങി ഈ അമ്മ . ഞാന്‍ പതുക്കെ ഓടിച്ചോളാം " അവന്‍ തിരിച്ചു അമ്മയോട് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തു ' നീ റോഡില്‍ കാണുന്നവരോട് തട്ടി കയറാന്‍ നില്‍ക്കരുത് ..റോഡ്‌ നടക്കുന്നവര്‍ക്ക് കൂടി ഉള്ളതാണ് .."
'ശരി ... എന്റെ അമ്മേ...ഞാന്‍ ആരോടും തട്ടി കയറുകയോ സ്പീഡില്‍ ഓടിക്കുകയോ ഇല്ല പോരെ...? "മതി ..."അമ്മ പറഞ്ഞു .
ഇങ്ങനെ പറഞ്ഞാണ് ഇറങ്ങിയതെങ്കിലും താന്‍ കുറച്ചു സ്പീഡില്‍ ഓടിച്ചു എന്നുള്ളത് നേര് തന്നെ.

ഗോപന്‍ ഒരു പക്ഷെ ഇതിനകം തന്നെ കാത്തുനിന്നു മുഷിഞ്ഞിരിക്കും എന്ന് കരുതിയാണ് കാര്‍ ഓടിച്ചു കൊണ്ടിരുന്നത് , കുറച്ചു വേഗം കൂടിയിട്ടുണ്ടാവാം ..കോളെജിലേക്ക് പോകും മുമ്പ്‌ അവനു മായി ചേര്‍ന്ന് ഒരു പ്രൊജക്റ്റ്‌ മുഴുമിപ്പിക്കാനുണ്ട്. താന്‍ വൈകിയാല്‍ അവനും കുഴപ്പമാകും .രഘൂത്തമന്‍ സാറിന്റെ ശിക്ഷ ചിലപ്പോള്‍ കഠിന മാകും .
കമ്പ്യൂട്ടറില്‍ ലോക വിവരം മുഴുവനും ഉണ്ടെന്നു പറഞ്ഞിട്ടെന്താ .അതൊക്കെ അടിച്ചു കൂട്ടി സ്വന്തം ഭാഷയിലേക്ക് പകര്‍ത്തി സാറിനെ ആശ്ചര്യ പ്പെടുത്തേണ്ട ബാധ്യതയുണ്ടല്ലോ , മാര്‍ക്ക് കിട്ടാന്‍. ഗോപന്‍ വീടിനു മുമ്പില്‍ തൂണ് പോലെ നില്‍ക്കുന്നുണ്ടായിരുന്നു പേടിത്തൊണ്ടന്‍! മൂന്നു വര്‍ഷമായി കോളേജില്‍ എന്നിട്ടും രഘൂത്തമന്‍ സാറിന്റെ ഉരുട്ടിയ കണ്ണ് കണ്ടാല്‍ പേടിക്കും.

ഗോപന്റെ പിന്നാലെ അവന്റെ മുറിയിലേക്ക് നടന്നു .കമ്പുട്ടരില്‍ അക്ഷരങ്ങള്‍ പതിക്കുമ്പോഴും ഗോപനോട് പ്രൊജക്റ്റ്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും വിപിന് ഇന്നെങ്കിലും നീലിമ തന്നോടു കയര്‍ക്കാതെ സംസാരിക്കാന്‍ അലിവു കാട്ടുമോ എന്ന ചിന്തയായിരുന്നു .

അതുകൊണ്ട് എത്രയും വേഗത്തില്‍ ക്യംപസിലെത്താന്‍ തിടുക്കം കൂട്ടി അവന്‍ കമ്പ്യൂട്ടറുമായുള്ള മല്ലിടല്‍ നിര്‍ത്തി . ഗോപനെ അവന്റെ പഠന ത്തിന്റെ ഗൌരവത്തിലേക്ക് വിട്ടു വിപിന്‍ നേരം കളയാതെ കോളെജിലേക്ക് വണ്ടി പായിച്ചു . വിമന്‍സ്‌ ഹോസ്ടലിന്റെ പടിക്കല്‍ വച്ച് തന്നെ നീലിമയെ കാണണം . കാറ് പാര്‍ക്ക് ചെയ്തു പാറാവ്‌ കാരനെ പോലെ നിന്ന വിപിനോട് ഗേറ്റ് കാവല്ക്കാരന് പക്ഷെ അലിവോന്നും ഉണ്ടായില്ല . അയാള്‍ പറഞ്ഞു ." ഡേ, കാലത്ത് വായി നോക്കാനിരിക്കാതെ പോടേ... പോടേ പോ ..."
വിപിന്റെ പാലിയോ കാറോ കൂളിംഗ് ഗ്ലാസ്സോ വക വക്കാതെ അയാള്‍ ഒച്ചയുയര്‍ത്തി .മാത്രമല്ല കയ്യിലിരുന്ന മുളവടി അവന്റെ നേരെ വീശി എറിയുകയും ചെയ്തു.
വിപിന് വിമന്‍സ്‌ ഹോസ്റ്റലിന്റെ ഗേറ്റില്‍ വച്ച് ഇനിയൊന്നും നേടാനില്ല .പിന്മാറ്റ മല്ലാതെ വേറെ ഗതിയുമില്ല .അവന്‍ പെട്ടെന്ന് കാറില്‍ കയറി .
ഗോവിന്ദന്‍ നാടാര്‍ അത്ര വിചാരിച്ചില്ല .അവന്‍ മുരണ്ടു കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് വടി വീശി എറിഞ്ഞത് . കുറച്ചുകൂടി ശബ്ദമുയര്‍ത്തി പറഞ്ഞു തന്റെ കര്‍ത്തവ്യ വ്യഗ്രത ബോധ്യപ്പെടുതുകയുമാകാം എന്നും വിചാരിച്ചിരുന്നു. ഇവനെന്ത് ? പൂച്ചക്കുട്ടിയോ? അങ്ങനെയാണെങ്കില്‍ എറിയെണ്ടായിരുന്നു .
ഈ പെണ്‍പിള്ളേര്‍ക്ക്‌ താന്‍ കാവല്‍ നില്‍ക്കുന്നത് സ്വന്തം മകള്‍ക്ക് കാവല്‍ നില്‍ക്കും പോലെ ശുഷ്ക്കാന്തിയോടെ ആണ് . വീട്ടില്‍ ശ്രീജക്കും ജയന്തിക്കും അവരുടെ അമ്മയ്ക്കും വയസ്സായ അച്ഛനാണ് കാവല്‍. എന്തിനും ഒരു ആണ്‍ തുണ വീട്ടില്‍ ഇല്ലാതെ എങ്ങനെ ....ഹും...വീട്ടിലെ ചിന്ത മുറിച്ചു കൊണ്ട് ഗോവിന്ദന്‍ നാടാര്‍ വിചാരിച്ചു ഈ പയ്യന്‍ മുമ്പും പല തവണ ഇവിടെ...അവനെ കാണുമ്പോള്‍ തല താഴ്ത്തുന്ന പെങ്കോച്ചിനെയും തനിക്കറിയാം .അവളുടെ ഇഷ്ടം അവളുടെ അച്ഛന്‍ നടത്തി കൊടുക്കട്ടെ താനാരാ അതിനു കൂട്ട് നില്‍ക്കാന്‍ .
ഗോവിന്ദന്‍ നാടാര്‍ ഒരു വല്ലായ്മയോടെ വിചാരിച്ചു .എന്നാലും അവനെ വടിയെടുത്തെറി ഞ്ഞതു മോശമായോ .ഏറില്‍ അവന്റെ കഴുത്തിന്‌ വല്ലതും പറ്റി ക്കാണ്‌മോ. കാലിലെക്കാ എറിഞ്ഞത് ഇത്തിരി മാറി അത് കൊണ്ടത് അവന്റെ പിടലിക്ക് ആണ് എന്ന് തോന്നുന്നു ..

"ചെറുപ്പക്കാരാണ് , അവരോടു ഇടപെടുമ്പോള്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ ദേഷ്യ പ്പെടരുതെന്നു മാഡം വാര്‍ഡന്‍ എത്ര തവണ പറഞ്ഞിരിക്കുന്നു ഭാര്യയും എന്നും ഓര്‍മ്മിപ്പിക്കും 'നിങ്ങക്ക് ഒന്ന് ക്ഷമിച്ചാലെന്താ കൊച്ചു പയ്യന്മാരേം പെണ്‍ പിള്ളാരേം ഒരുമിച്ചു കാണുമ്പോ അല്ലെങ്കിലും നിങ്ങള്‍ മുഖം വീര്‍പ്പിക്കും .അവരുടെ കൂടെ യാ നിങ്ങടെ നില്‍പ്‌ ,അതോര്‍മ്മവേണം . ദേഷ്യം കുറക്കുന്നതാ നല്ലത് . മുന്നറിയിപ്പ് പോലെ യാണ് കാര്‍ത്തിയുടെ ശബ്ദം.
ഇല്ല കാര്‍ത്തി. ഇനി മുതല്‍ ഇവരോടൊന്നും ഞാന്‍ മൂച്ച് കാണിച്ചു പേടിപ്പിക്കുകയോ അവരെ വിരട്ടുകയോ ചെയ്യില്ല ,അത് പോരെ .' ഇത് താന്‍ പറഞ്ഞത് തന്നെ..പക്ഷെ പറഞ്ഞ വാക്കുകള്‍ ഇത്ര പെട്ടെന്ന് മറന്നു പോകുന്നതെന്താണ് എന്ന് ഗോവിന്ദന്‍ നാടാര്‍ അത്ഭുതം കൂറി നില്‍ക്കെ പെണ്‍ കുട്ടികളുടെ സംഘം ഗേറ്റിനടുത്ത് എത്തി .ആ പെണ്‍കുട്ടി പയ്യനെ ദൂരെ നിന്ന് കണ്ടു കാണുമോ .. അയാള്‍ സംശയിച്ചു .നിന്നതും ഗേറ്റിനു അടുത്തെത്തിയ നീലിമ വിപിന്റെ കാര്‍ അതിവേഗം ഓടി പോകുന്നത് കണ്ടു അവന്‍ തന്നോടു മിണ്ടാതെ , അതായത് സ്ഥിര ചോദ്യങ്ങള്‍ ആത്മഗതം പോലെ പറയാതെ പോയതെന്ത്?
ഗോവിന്ദനാശാന്റെ മുഖത്തിനെന്താ ഒരു മാറ്റം .ഒരു പന്തികേട്‌ . ചോദിച്ചു കളയാം .'എന്താ അങ്കിളേ ആ പയ്യന്‍ പറഞ്ഞത് " ? നീലിമ വെറുതെ ചോദിച്ചു.' അവനൊന്നും പറഞ്ഞില്ല കുഞ്ഞേ ..വെറുതെ വായിനോക്കി .." ഗോവിന്ദനാശാന്‍ പുച്ഛം മറക്കാതെ പറഞ്ഞു." കൊച്ചിനെ കാണാനാണോ അവന്‍ വരുന്നത് ? അത് നല്ലതല്ല കൊച്ചെ ..അത് കൊണ്ടല്ലേ ഞാനവനെ വടി കൊണ്ടെറിഞ്ഞു ഓടിച്ചത് ." ആശാന്‍ വിജയിയെ പോലെ പറഞ്ഞു
" ഹോ ! നീലിമക്ക് അരിശം വന്നു.
' തനെന്തിനാടോ എന്റെ രക്ഷിതാവാകാന്‍ നടക്കുന്നത് ? എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം - ഒരു ഉപദേശി നീലിമ നിലത്തു തുപ്പിയും റോടില്‍ ചവുട്ടി മെതിച്ചും ഗോവിന്ദന്‍ നാടാരെ കണ്ണുരുട്ടി കാണിച്ചും അവളുടെ കലിയടക്കി ഗോവിന്ദന്‍ നാടാര്‍ വല്ലാതായി ജാള്യതയോടെ നില്‍ക്കെ നീലിമയും കൂട്ടരും മതിലിനോട് ചേര്‍ന്ന് നടക്കുകയാണ് . നടക്കുന്നതിനിടയില്‍ നീലിമക്ക് വിപിനെയും ഗോവിന്ദനാശാനെയും പറ്റി വിചാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല . പാവം വിപിന് ഏറു കൊണ്ടു. നാടാര്‍ അങ്കിളി നോട് പറഞ്ഞത് കുറച്ചു കൂടി പോയോ അയാള്‍ ചെയതതും ഒട്ടും ശെരി ആയില്ല .തനിക്കു വിപിനോട് പ്രേമമൊന്നു മില്ലെന്കിലും എന്നും ഗേറ്റിനരികില്‍ തന്നെയും കാത്തു നില്‍ക്കുന്ന അവനോടു വിരോധമൊന്നുമില്ല . വടിയെറിഞ്ഞു ഓടിക്കത്തക്ക തെറ്റൊന്നും അവന്‍ ഇത് വരെ ചെയ്തിട്ടില്ല . എങ്കിലും വയസ്സായ ഒരാളോട് താന്‍ ....

'നീലിമ മനോരാജ്യത്തില്‍ മുഴുകി നടന്നതും യു‌നിഫോമിട്ട പത്തുവയസ്സുകാരന്‍ സൈക്കിളില്‍ കാറ്റ് പോലെ വന്നു അവളുടെ കണംകാലില്‍ ഇടിച്ചു മറിഞ്ഞതും.....................
ചെറുക്കന്‍ പാതിയെഴുന്നേറ്റു അവളെ നോക്കി ഒരു മുത്തച്ഛന്റെ ഭാവത്തില്‍ പറഞ്ഞു .." എന്റെ മോളെ .ഒന്ന് നോക്കി നടന്നു കൂടെ ..ഇത്രേം ആയല്ലോ ...സ്റ്റുപിഡ്! " നീലിമക്ക് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല കണം കാലില്‍ പോറിയ വേദന പോരാഞ്ഞു ചെറുക്കന്റെ ഒരു വാചകം ..അവള്‍ അനുജന്‍ നീരജിനെ എന്ന പോലെ സൈക്കിളുകാരന്‍ അഖിലിന്റെ കവിളില്‍ നിര്‍ത്താതെ തല്ലി .. അവന്‍ ചേച്ചിയെ തിരിച്ചു മാന്തി പ്പറിച്ചു .മുടിയില്‍ ആഞ്ഞു വലിച്ചു ...
ആനേരം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്‍ അമ്മക്ക് കൊടുത്ത വാഗ്ദാനം തറയില്‍ കൈകാലിട്ടടിച്ചു ..." "ഞാന്‍ ഇന്നരോടും വഴക്ക് കൂടില്ല ...."

ഇത്രയും ആയപ്പോഴേക്കും വാഗ്ദാനങ്ങള്‍ക്കും പ്രതിജ്ഞ കള്‍ക്കും തീരുമാനങ്ങള്‍ക്കും മതിയായി . അവ സന്ധ്യയുടെയും സുരേഷിന്റെയും , വിപിന്റെയും വത്സലയുടെയും നാരായണന്‍ നായരുടെയും നാടാരുടെയുമെല്ലാം ഉടലും തലയും വിട്ടു പ്യു‌പ്പയില്‍ നിന്ന് സ്വതന്ത്രരായ പൂമ്പാറ്റ കളെയും വണ്ടു കളെയും പോലെ ആകാശത്ത് പാറി പ്പറന്നു . കുട്ടികള്‍ മൈതാനത്ത് അവയ്ക്ക് പിറകെ ഓടി . മൈതാനത്തിനു മധ്യത്തില്‍ നേതാവ് പ്രസംഗിക്കുന്നുണ്ടായിരുന്നു.


Thursday, July 2, 2009

മിന്നലുകള്‍

'അസ്വതന്ത്രനായ മനുഷ്യന് കാമം മോചനത്തിന്റെ മിഥ്യ തരുന്നു . വിചാരണയും വിധിയും കാത്തു കിടക്കുന്ന തടവുപുള്ളി , രാജ്ഞിമാരെ ധ്യാനിച്ചു മുഷ്ടി മൈഥുനം നടത്തുന്നു . കൊല മരമേറുന്നതിന്റെ തലേ രാത്രയില്‍ അവന്റെ വാര്‍ന്നു തീരുന്ന നിമിഷങ്ങള്‍ അവന്‍ ഈശ്വരന്റെ മേല്‍ വ്യയം ചെയ്യുന്നില്ല . മറിച്ച് , ആ നിമിഷങ്ങളെ ഒരായുഷ്ക്കാലത്തിന്റെയത്രയും കാമത്തിന്റെ ഓര്‍മ്മകള്‍ കൊണ്ടു നിറയ്ക്കുന്നു'
. വി .വിജയന്‍ (അരിമ്പാറ )

വരികള്‍ എന്റെ ഉള്ളില്‍ പെട്ടെന്ന് മിന്നല്‍ പിണര്‍ നിറച്ചു..

ഈയിടെ അന്തരിച്ച മൈക്കല്‍ ജാക്സണ്‍ എ .ആര്‍ .രെഹ് മാന്റെ മുന്നില്‍ ഡാന്‍സിന്റെ ഒരു സ്റ്റെപ്പ് കാണിച്ചു എന്നും അത് കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ കൂടി , അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ടു ഒരു മിന്നല്‍ പിണര്‍ കടന്നു പോയി എന്നും എഴുതിയത് വായിച്ചു. ആ പറഞ്ഞതിന്റെ അര്‍ത്ഥം വിജയന്റെ ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് പൂര്‍ണ്ണ മായും മനസ്സിലായി.