Monday, April 27, 2009

ചാരുലത

ചാരുലത
കണ്ണാടിക്ക് മുമ്പിലിരുന്നു ചാരുലത അലറിക്കരഞ്ഞു .മുറിയില്‍ അതുകേള്‍ക്കാന്‍ പക്ഷെ ആരും ഉണ്ടായിരുന്നില്ല . എന്നിട്ടും നിര്‍ത്താതെ കണ്ണ് പൊത്തിയും തലമുടി മാന്തി പറിച്ചും വെളുത്തു മിന്നുന്ന ഭംഗിയുള്ള കൈത്തണ്ട പിച്ചി പ്പറിച്ചുംഅവള്‍ കണ്ണാടിയില്‍ നോക്കി സ്വന്തം ഉടലിനെ ആക്രമിച്ചു കൊണ്ടിരുന്നു .കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ ആഗ്രഹിച്ചു അവള്‍ . ഉടല്‍ കീറി പറിക്കാന്‍ ഒരു മണ്ണുമാന്തി വേണമെന്ന് അവള്‍ അതിയായി മോഹിച്ചു. ഏറ്റവും സ്നേഹ ശൂന്യമായ അവളുടെ നോട്ട മേറ്റ് തോളിനു ഇരുവശവും ഒഴുകി യിറങ്ങിയ നീണ്ട പിന്നിയിട്ട തലമുടി അവളുടെ മാറിടത്തില്‍ പറ്റിച്ചേര്‍ന്നു നിന്ന് കോപത്തില്‍ നിന്ന് രക്ഷപ്പെടുതാനെന്നപോലെ മുലകളെ മറച്ചു. അല്ലെങ്കിലുംപിന്നിയിട്ടതോ അല്ലാത്തതോ ആയ അവളുടെ നീണ്ട മുടി പ്രകൃതി ക്ഷോ ഭങ്ങള്‍ എന്നപോലെ നിനച്ചിരിക്കാതെ വരുന്ന ആക്രമണങ്ങളെ തടുക്കാനായി എന്നും മുന്നിലുണ്ടായിരുന്നു . കുട്ടിക്കാലത്ത് അവള്‍ സ്നേഹിച്ച അവളുടെ ഒരേ ഒരവയവം . ഇരുവശം പിന്നി ത്തീരേണ്ട താമസം അവ മുന്നിലേക്ക് കേറി നിന്ന് സ്കൂളിലേക്കുള്ള അവളുടെ യാത്രയില്‍ മാറിലേക്ക്‌ വരുന്ന അസ്ത്രങ്ങള്‍ക്ക് പരിചയായി നിന്നു.ഇന്ന് ഉടലിനു ചുറ്റും പാറി നിന്നു അവളെ കണ്ണാടിക്കു മുന്‍പില്‍ നിന്നും മറച്ചു നിര്‍ത്താന്‍ ഓരോ ഇഴകളും ആഗ്രഹിക്കുന്നത് പോലെ .
പതുക്കെ പ്പതുക്കെ കെട്ടുകള്‍ അഴിചെടുക്കനെന്നവണ്ണം ചാരുലത അവയെ തലോടി . അവള്‍ക്കറിയാം എന്നും അവള്‍ക്കു ഉടലില്‍ അനേകം കൈകളായി നിന്നു അവ അവള്‍ക്കു വേണ്ടി പോരടിച്ചിട്ടുണ്ട് .അവ അവളെ ആപത്തില്‍ നിന്നു രക്ഷിക്കാന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തുമെന്നും പാമ്പായോ , അരണയോ ഒന്തോ പുലിയോ സട കുടഞ്ഞു എണീക്കുന്ന സിംഹം തന്നെ യായോ അത് പരിണമി ക്കുമെന്ന് അവള്‍ വിശ്വസിച്ചു .കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങളില്‍ അഴിച്ചിട്ട മുടിയുമായി കൈകളില്‍ വാളും ചോരയിറ്റുന്ന തലയുമായി നിന്ന കാളിയായിരുന്നു അവള്‍ക്കു അമ്മ . അമ്മ ആരുടേയും തല അറുത്തിട്ടില്ല . ചിലപ്പോള്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ അമ്മക്ക് എങ്ങനെ സ്വന്തം ശരീരത്തിനോട്‌ ക്രൂരത ചെയ്യാന്‍ കഴിഞ്ഞു .തല കയര്‍ കുരുക്കില്‍ കുടുക്കി എങ്ങനെ മരിക്കാന്‍ കഴിഞ്ഞു .കുരുക്കില്‍ തല നീട്ടി വക്കുമ്പോള്‍ അത് ഉടലും തലയും വികാരവും വിചാരവും എല്ലാം മുറിച്ചു കളയുന്ന ഒരു അറുക്കല്‍ തന്നെ യായിരുന്നില്ലേ .

അമ്മ കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടു സ്വന്തം പ്രവര്‍ത്തിക്ക് വിശദീകരണം തരുമെന്നു പ്രതീക്ഷിചിട്ടെന്നവണ്ണം ചാരുലത മുടി കൊണ്ട് മൂടിപ്പുതച്ച ശരീരവുമായി അതിലേക്കു തുറിച്ചുനോക്കി . " ചോദ്യത്തി നൊന്നുമല്ല എനിക്ക് ഉത്തരം വേണ്ടത് " ചാരുലത കണ്ണാടിയില്‍ തുറിച്ചു നോക്കി കൊണ്ട് തന്നെ പറഞ്ഞു . അമ്മ കാളി യല്ലായിരുന്നിരിക്കാം , ഒരു ദാരികനെയും കൊന്നിട്ടുമില്ലായിരിക്കാം . പകരം സ്വന്തം കഴുത്തില്‍ കുരുക്കിട്ടു ഒടിച്ചുലച്ചു ദാരികമാരുടെ മേല്‍ ചോരകൊണ്ട് കുരുതിയാടി അപ്രത്യക്ഷയായതായിരിക്കാം . അമ്മയുടെ ജീവിതം അവള്‍ക്കിപ്പോള്‍ പുരാണം പോലെ പഴയതായി.
പക്ഷെ തോറ്റമ്പി നില്‍ക്കുന്ന ഒരമ്മയെ താന്‍ കൊണ്ട് നടക്കുന്നുണ്ട് . കണ്ണാടിയിലേക്ക് വീണ്ടും നോക്കുമ്പോള്‍ അവള്‍ക്ക് അമ്മയെ കണ്ടതായി തോന്നി . ചാരുലത അലറി ക്കരഞ്ഞു . അവളുടെ നിഴലും അത് തന്നെ ചെയ്തു .
ഉടല്‍ ഒരു തട വറ ആണെന്ന് എപ്പോഴാണ് അവള്‍ക്കു തോന്നി തുടങ്ങിയത്? അതില്‍ നിന്നുള്ള മോചനം മരണം മാത്രമാണോ എന്നാണു അവള്‍ക്ക് അറിയേണ്ടത് .ചാരുലത തുറിച്ചു നോക്കുന്ന സ്വന്തം കണ്ണുകളിലേക്കു നോക്കി ചുണ്ടനക്കി. "പറ , കഴുത്തില്‍ കുരുക്കിട്ടാണോ ഞാന്‍ ഉടലിന്റെ തടവറയില്‍ നിന്നു ചാടേണ്ടത്‌ ? ഉടലറ പൊളി ക്കേണ്ടത് ?"
പത്തു വയസ്സിനു ശേഷം ചാരുലത അമ്മയെ ക്കുറിച്ച് അങ്ങനെ ചിന്തിക്കാ റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ കണ്ണാടിയില്‍ അമ്മയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ചുഴിഞ്ഞു നോക്കി . അമ്മ പ്രത്യക്ഷപ്പെടുമോ ഒരു ഉത്തരവുമായി .ഒരു പക്ഷെ അമ്മക്ക് ഒന്നേ പറയാനുണ്ടാവൂ " നീ ഞാന്‍ ചെയ്തതുപോലെ ചെയ്യൂ മോളെ , വേറെ എന്ത് വഴി ? ഉടലിനെപ്പറ്റി ബോധം വന്നു പോയാല്‍ ഒന്നുകില്‍ അതിനെ മൂടി പൊതിഞ്ഞു അതില്ലെന്നു ഭാവിച്ചു ജപമാലയുമായി ദൈവമേ എന്ന് വിളിച്ചു ആകാശത്തേക്ക് നോക്കി വാവിട്ടു നിലവിളിക്കുക . കണ്ണാടിയില്‍ നോക്കിയാല്‍ നീ വീണ്ടും നിന്റെ ശരീരം കണ്ടുപോകില്ലേ ?അതിന്റെ സാന്നിധ്യം അറിഞ്ഞു പോകില്ലേ അതുകൊണ്ട് മോളെ ആദ്യം നീ അതിനു മുന്‍പില്‍ നിന്ന് മാറു‌, അത് നിന്റെ കണ്ണെന്ന വിധം പൊട്ടിച്ചു കളയൂ... ."

ഉത്തരത്തില്‍ തനിക്കു താത്പര്യമില്ലെന്ന് ചാരുലത തല ഒരു വശത്തേക്ക്‌ ചരിച്ചു തൂങ്ങിയാടുന്ന ,നൈറ്റിയിട്ട ഉടലുമായി ആടി ക്കൊണ്ടേ യിരിക്കുന്ന അമ്മയെ കണ്ണാടിയില്‍ കണ്ടിട്ടെന്ന പോലെ പറഞ്ഞു .. ഇനി എന്ത് പറയാന്‍ ? അമ്മയുടെ തുറിച്ച് പുറത്തു ചാടാനോരുങ്ങുന്ന കണ്ണിലേക്കു നോക്കിയിരുന്നു കരയാന്‍ മറന്ന പഴയ എട്ടു വയസ്സുകാരി ചാരുലത യായി അവള്‍ .പാവം അമ്മ

-പക്ഷെ നിമിഷ നേരം മാത്രമേ ചാരുലത ചിന്തയില്‍ തളഞ്ഞു നിന്നുള്ളൂ .കറുത്ത് തഴച്ച മുടിക്കടിയില്‍ നിന്ന് മറഞ്ഞിരിക്കുന്ന സ്വന്തം ഉടല്‍ പിടഞ്ഞു ജ്വലിക്കുന്നത് അവള്‍ക്കു അറിയാനായി . ഇരുപതു വയസ്സില്‍ ഉടല്‍ ഉപേക്ഷിക്കാന്‍ തനിക്കും തോന്നിയിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട് .ചാരുലത സ്വന്തം ഉടലിനോട് പിറു പിറുത്തു ." പക്ഷെ ഒന്നുണ്ട് , അമ്മയെ അനുകരിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത് . ഉടല്‍ ചാട്ടമാണ് , ഉടലില്‍ നിന്നുള്ള പുറത്തു ചാടല്‍ . അതിനു ഒന്നോ രണ്ടോ വഴി മാത്രമല്ല ഉള്ളത് . ..അതെന്താണ്..?
മനസ്സിലായി എന്നാ മട്ടില്‍ ചുറ്റും കൂടി വളഞ്ഞു നിന്ന മുടി നാരുകള്‍ അവളെ ഇക്കിളി പെടുത്താന്‍ എന്ന പോലെ ഉടലില്‍ ഉരസി. വടക്കന്‍ പാട്ടിലെ ഏതെങ്കിലും വീര നായകന്‍ മുടിക്കെട്ടിനടിയില്‍ നിന്ന് തന്റെ പിന്‍കഴുത്തില്‍ ഉമ്മവക്കുന്നുണ്ടോ എന്ന് അവള്‍ പതിയെ മുടിക്കകത്തേക്ക് നോക്കി

. താന്‍ കാമുകന്മാരെ പ്പറ്റി ചിന്തിക്കുകയോ ? കാമുകന്മാര്‍ നോട്ടം കൊണ്ട് കീറി പ്പറിച്ച ഉടലുമായാണ് താന്‍ നടക്കുന്നത് തന്നെ. മുടിപിന്നിലെക്കും വശങ്ങളിലേക്കും വിടര്‍ത്തിയിട്ടു അതിനെ സംരക്ഷിച്ചു നടക്കുകയാണ് ഓര്‍മ്മ വച്ച നാള്‍ മുതല്‍ . അങ്ങനെ യാണത് തനിക്കു ഒരു ഭാരമായത്. നോട്ടങ്ങള്‍ ഏറ്റു, അതിന്റെ ചൂടേറ്റു കരിഞ്ഞ കൈകളും ഉടലുമാ ണിത്....ചാരുലത ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
ഓരോ വൈകുന്നേരവും കണ്‍ ഏറു കൊണ്ട് പൊള്ളി വെന്ത ഉടലിനെ കുളിപ്പിച്ച് അമ്മ വന്ദിക്കുന്ന എല്ലാ ദൈവങ്ങളുടെയും മുന്പില്‍ ഉള്ളില്‍ നിരനിരയായി വന്നു കൊണ്ടിരുന്ന ചോദ്യങ്ങളില്‍ ചിലത് അവള്‍ ചോദിച്ചിട്ടുണ്ട് .
നിസ്സാര ചോദ്യങ്ങളെന്നു തീരുമാനിചിട്ടയിരിക്കാം ദൈവങ്ങള്‍ അതിനുത്തരമൊന്നും പറഞ്ഞില്ല ..

." നിനച്ചിരിക്കാതെമഴപെയ്യുന്ന വൈകുന്നേരങ്ങളില്‍ എന്തിനാണ് പുസ്തകങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത് പരവേശത്തോടെ വീട്ടിലേക്കു പായുന്ന തന്നെ നോക്കി ,എന്താ ,ചന്തം ഓട്ടത്തിന് എന്ന് വഴിയോരക്കടകളിരുന്നു ചിരിച്ചു ആണ്‍ ശബ്ദങ്ങള്‍ താന്‍ ഓടിയ ഓട്ട ങ്ങളെ എല്ലാം ഒറ്റയടിക്ക് വലിച്ച് വെട്ടിച്ചുരുക്കിയത് ? കണംകാലിനെയും പാദങ്ങ ളേയും വെണ്ണ യോടുപമിച്ച് തന്റെ മനസ്സിലെ പിറക്കാനിരിക്കുന്ന കവിതകളെ പ്പോലും എന്തിനാണ് അവര്‍ ഇല്ലായ്മ ചെയ്യുന്നത് ? മഴയും മേഘവും കാറ്റും വെയിലും ചന്തം നിറയ്ക്കുന്ന ഭൂമിയില്‍ അവ എനിക്ക് മാത്രം പേടിപ്പിക്കുന്നതും അലോസര പ്പെടുത്തുന്നതായി മാറ്റുന്നതെന്തിനാണ്. ?".............കാറ്റടിച്ചു പൊങ്ങുന്ന പാവട , വെയില്‍ കൊണ്ട് തുടുക്കുന്ന മുഖം ..എല്ലാം ഇങ്ങനെ റാഞ്ചിക്കൊണ്ട് പോകുന്നതാരാണ് ?"
ഇങ്ങനെ പോയി ചോദ്യങ്ങള്‍ ................വാക്കുകളുടെ തൊണ്ട് മാത്രം അവശേഷിപ്പിച്ചു കൊണ്ട് എല്ലാം ശബ്ദരഹിതമായി നിന്നു. പെണ്‍കുട്ടികളുടെ ഇത്തരം നിസ്സാരപ്രശ്നങള്‍ക്ക് ഉത്തരം കണ്ടെത്തി കൊടുക്കലല്ല ദൈവത്തിനും വലിയവര്‍ക്കും പണി എന്നാവും മൌനത്തിന്റെ പൊരുള്‍ . കാനിബാള്‍സ് എന്നൊരു കൂട്ടര്‍ ഇല്ലെന്നു ടീച്ചര്‍ പറഞ്ഞത് കുട്ടിക്കാലത്ത് അവള്‍ വിശ്വസിച്ചു. പക്ഷെ അയല്‍പക്കക്കാരന്‍ ചേട്ടന്‍ ഐസ്ക്രീം നുണയുന്നതിന്റെ കൂടെ തന്നെയും തിന്നു തീര്‍ത്തപ്പോള്‍ അവള്‍ ടീച്ചര്‍ പറഞ്ഞതിനെ അവിശ്വസിച്ചു .

അമ്മ ഉണ്ടായിരുന്നെങ്കില്‍. താന്‍ പറയുന്നത് അമ്മക്ക് മനസ്സിലാകുമായിരുന്നോ . പെണ്ണാ യിരിക്കാന്‍ എളുപ്പമല്ലെന്ന് മാത്രം അമ്മക്ക് മനസ്സിലായിരുന്നു . അത് അമ്മ പറയുന്നത് അവള്‍ കേട്ടിരിക്കുന്നു ,പലതവണ . എളുപ്പമില്ലായ്മയെ അമ്മ വെറുതെ ഒരു ചരടിന്‍ തുമ്പില്‍ കോര്‍ത്തു.

ഇപ്പോള്‍ കണ്ണ് കീറാത്ത പട്ടിക്കുഞ്ഞുങ്ങളെ പോലെ വാക്കുകള്‍ അവളുടെ ചുറ്റും തപ്പിനടക്കുന്നതായി ചാരുലത കണ്ടുകൊണ്ടിരുന്നു .ഒരു വേള തന്റെ പരാധീനതകള്‍ക്കെല്ലാം കാരണം മുല കളായിരിക്കുമോ ? തേമ്പിയ ചന്തിയും ഉണങ്ങി വലിഞ്ഞ തൊലിയുമായി ഒറ്റ രാത്രികൊണ്ട്‌ വൃദ്ധ യായി തീര്‍ന്നെങ്കില്‍ എന്ന് എത്ര തവണ ആഗ്രഹി ച്ചിരിക്കുന്നു .ആഗ്രഹങ്ങള്‍ വെറുതെ അലയുകയല്ലാതെ അവളുടെ മിന്നുന്ന തൊലി തൂങ്ങിയാടുകയോ കണ്ണിലെ തീ കെടുകയോ ചെയ്തില്ല .
.അലറിക്കരഞ്ഞും ഉടല്‍ പിച്ചി പറിച്ചും ചാരുലത കണ്ണാടിക്കുമുന്പില്‍ ഇരിക്കുക തന്നെ യാണ് .ഇനി അവള്‍ക്കു ഒരടവുകൂടി പരീക്ഷിക്കാനുണ്ട് ..........
.ഉടല്‍ അവളെ അടയാള പ്പെടുത്തിക്കഴിഞ്ഞു , അവള്‍ക്കു ഒരവസരം പോലും ലഭിക്കുന്നതിനുമുന്പേ അത് അവള്‍ ആരെന്നു നിശ്ചയിച്ചും കഴിഞ്ഞു .അവള്‍ക്കു ഉടല്‍ ചാടിയേ മതിയാവൂ . അവള്‍ക്ക് അവളെ സ്വയം അടയാളപ്പെടുത്തണം . ചാട്ടം അനിവാര്യമാണ് , ചാരുലത പറഞ്ഞു കൊണ്ടിരുന്നു . 'ഞാന്‍ അടയാള പ്പെടുത്തും എന്റെ ഉടലിനെ . ചാരുലത ഉടലിനോട് പറഞ്ഞു . "എന്റെ പരാധീനതകള്‍ക്കെല്ലാം കാരണം നിങ്ങളാണ് ." ചാരുലത മുല കളെ ഓര്‍മ്മിപ്പിച്ചു ."നിങ്ങള്‍ ഇംഗ്ലീഷില്‍ മാമ്മറി ഗ്ലാന്റ്സ് ആണ്, അമ്മിഞ്ഞയെന്നു തനി മലയാളത്തില്‍ പറയാം , സ്തനമെന്നു സംസ്കൃതത്തിലും പറയാം .. ലോകഭാഷകളില്‍ നിങ്ങള്‍ക്കു ഇനിയും പേരുകള്‍ ഉണ്ടാകാം . അത് പോകട്ടെ........." ചാരുലത അവയെ വൈരാഗ്യ പൂര്‍വ്വം നോക്കി പിറുപിറുത്തു .
ഇങ്ങനെ മുലകളുടെ പര്യായ പദങ്ങള്‍ പറഞ്ഞു കൊണ്ട് അവള്‍ പരന്നതല്ലാത്ത തന്റെ മാറ് ഉള്ളിലേക്ക് വലിച്ചും ഉടല്‍ അകത്തെക്കാക്കി വളഞ്ഞും നിന്നു ഉടല്‍ കുലുക്കി .വീണ്ടും വീണ്ടും കുലുക്കി . കിരീടവും ചുവന്ന പട്ടു മായി ഭാഗവതിക്കുമുന്പില്‍ തെയ്യവേഷം എന്നതുപോലെ കണ്ണാ ടിക്കു മുന്‍പില്‍ ചാരുലത ഉടല്‍ വളച്ച് അകത്താക്കി കുനിഞ്ഞു കുലുങ്ങി നിന്നു . കുലുങ്ങി ക്കൊണ്ടെയിരുന്നു. നോക്കി നില്‍ക്കെ തന്റെ മുലകള്‍ ഞെട്ടറ്റു താഴെ വീഴുന്നതും നിരുന്മേഷത്തോടെ അവ ഉരുണ്ടു രുണ്ട് മുറ്റവും ഗേറ്റും കടന്നു അപ്രത്യക്ഷമാവുന്നതും ചാരുലത കണ്ടു.
ചാരുലത ദീര്‍ഘ മായി നിശ്വസിച്ചു . പെട്ടെന്ന് ശരീരമില്ലാതെ ഒഴുകി നടക്കുന്ന ആത്മാവുമാത്രമായ കാവ്യനായികയായി മാറിയതുപോലെ ചാരുലത ഉടലറയുടെ വാതില്‍ക്കല്‍ നിന്നു .
വിടുതല്‍ നേടിയ ഉടലുംമനസ്സുമായി ചാരുലത വീണ്ടും കണ്ണാടിക്കു മുന്പിലിരുന്നു . അവളുടെ കണ്ണുകള്‍ തോര്‍ന്നും തെളിഞ്ഞുമിരുന്നു . നീണ്ടു കനത്തു ഉടല്‍ മൂടിനില്‍ക്കുന്ന മുടിയെ അവള്‍ ആദ്യമായി വാത്സല്യത്തോടെ നോക്കി ,അവ അവള്‍ക്കു പിന്നില്‍ ഒതുങ്ങി നിന്നു . നഗ്ന മായ ഉടല്‍ കണ്ണാടിയില്‍ പ്രതിബിംബിച്ചു , തിളങ്ങി നിന്നു . ഉടലിനോട് അവള്‍ കൈവിരലുകള്‍ കൊണ്ട് സംസാരിക്കാനാരംഭിച്ചു . ഓരോ തലോടലിലും അവള്‍ അവളെ ഉണ്ടാക്കി കൊണ്ടേയിരുന്നു . തണുത്ത തുടകളും മിനുങ്ങുന്ന കാലുകളുമായി പ്യൂപ്പയില്‍ നിന്നു പുറത്തുവന്ന പൂമ്പാറ്റയെ പോലെ അവള്‍ കണ്ണാടിക്കു മുന്പിലിരുന്നു.
അവളുടെ കണ്ണുകള്‍ തോര്‍ന്നും തെളിഞ്ഞുമിരുന്നു .നീണ്ടു കനത്ത ഉടല്‍ മൂടി നില്‍ക്കുന്ന മുടിയെ അവള്‍ ആദ്യമായി വാല്‍സല്യത്തോടെ നോക്കി .അവ അവള്‍ക്കു പിന്നില്‍ ഒതുങ്ങി നിന്നു. നഗ്നമായ ഉടല്‍ കണ്ണാടിയില്‍ പ്രതിബിംബിച്ചു , തിളങ്ങി നിന്നു. ഉടലിനോട് അവള്‍ കൈവിരലുകള്‍ കൊണ്ട് സംസാരിക്കാനാരംഭിച്ചു. ഓരോ തലോടലിലും അവള്‍ അവളെ ഉണ്ടാക്കി കൊണ്ടേയിരുന്നു. തണുത്ത തുടകളും മിനുങ്ങുന്ന കാലുകളുമായി പ്യൂപ്പയില്‍ നിന്നു പുറത്തുവന്ന പൂമ്പാറ്റയെ പോലെ അവള്‍ കണ്ണാടിക്കു മുന്‍പില്‍ ഇരുന്നു ; ഉടലില്‍ പുതായികിളിര്‍ത്ത അകിടുകലുമായി, കാമധേനുവായി. ഉപമയും ഉപമാനങ്ങളും രൂപകങ്ങളും പര്യായ പദങ്ങളും കുടഞ്ഞെറിഞ്ഞു ഉടലില്‍ പുതിയ ഉടലില്‍ അവള്‍ അവളായി -ചാരുലതയായി ദൃശ്യ പ്പെടാനൊരുങ്ങി.

(മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 584 ലില്‍ , ഏപ്രില്‍ 27 th 2009 ,പ്രസിദ്ധീകരിച്ചത് )

Wednesday, April 22, 2009

മൂകം

ശബ്ദമില്ലാത്തവരുടെയും വാക്കുകള്‍ ഇല്ലാത്തവരുടെയും ലോകത്തെ ഭാഷ , വസ്തുക്കളുടെതും നിറങ്ങളുടെതുമാവാന്‍ തരമുണ്ട് . ഇന്നലെ ചെറുപ്പക്കാരായ മുപ്പതോളം കേള്‍വിയും വാക്കുകളുമില്ലാത്ത കുട്ടികളുടെ ലോകത്ത് ചെന്നപ്പോള്‍ ..ഇവരുടെ ,ലോകങ്ങളിലേക്ക് എത്ര കുറച്ചാണ് ഞാന്‍ മനസ്സുകൊണ്ടെങ്കിലും കടന്നിട്ടുള്ളത് എന്നോര്‍ത്തു..ഏറ്റവും കുറച്ചാണ് ഞാന്‍ അവരേക്കുറിച്ചും അവര്‍ എങ്ങനെ ശബ്ദം നിറഞ്ഞ ലോകത്ത് നിലനില്ക്കുന്നു എന്നും വേവലാതി പെട്ടിട്ടുള്ളത് . ചായങ്ങളും അതിന്റെ വിന്യാസങ്ങളും കണ്ടു ഇരുപതു വയസ്സിനു താഴെ പ്രായം വരുന്ന ഊര്ജ്വസ്വലരായ ആ കുട്ടികള്‍ കൈകൊട്ടി സന്തോഷിക്കുന്നു. അവരുടെ രൂപം ക്യാന്‍ വാസില്‍ പകര്‍ത്തി കൊടുക്കുന്ന ചിത്രകാരുടെ മുന്‍പില്‍ വരക്കപെടാന്‍ ഇരുന്നും ക്യാന്‍വാസില്‍ പതിഞ്ഞ തങ്ങളെ ക്കണ്ട് നന്നായിരിക്കുന്നു എന്ന് ആഹ്ലാദിച്ചു ചിരിക്കുകയും ചെയ്യുന്നു. അവര്‍ വസ്തുക്കളെ അറിയുന്നത് ശബ്ദങ്ങളില്‍ കൂടി യല്ലാത്തതുകൊണ്ട് തന്നെ അവര്‍, നമ്മള്‍ ആംഗ്യ ഭാഷയില്‍ പറയുന്ന, വസ്തുക്കളില്‍ ഊന്നിയ കാര്യങ്ങള്‍ മാത്രമെ മനസ്സിലാക്കുന്നുള്ളു‌ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ എന്റെ സംശയം അസ്ഥാനത്താണ് എന്ന് തോന്നിപ്പിച്ചു ഒരു പെണ്‍കുട്ടി വരച്ച ചിത്രം. ഓയില്‍ കളര്‍ പെയിന്റിംഗ്. അതില്‍ നീല നിറത്തിലുള്ള വെള്ളവും വെള്ളത്തില്‍ ഒരു യുവതിയും ജനിച്ചു ദിവസങ്ങളോ നിമിഷങ്ങ ളോ പ്രായമായ കുഞ്ഞും കിടക്കുന്നു .ചുറ്റും മത്സ്യങ്ങള്‍ കുഞ്ഞിനെ വലം ചെയ്തു നീന്തി തുടിക്കുന്നുണ്ട്. ഇതാണ് ചിത്രത്തിന്റെ എമ്പരിക്കല്‍ റിയാലിറ്റി .എന്നാല്‍ ചിത്രം വരച്ച പെണ്‍കുട്ടി പറഞ്ഞു .."അവിഹിത ഗര്‍ഭം ധരിച്ച ഒരു യുവതി കുഞ്ഞിനെ വെള്ളത്തില്‍ ഉപേക്ഷിക്കുന്നതും തീറ്റ യാണെന്ന് കരുതി മത്സ്യങ്ങള്‍ കുഞ്ഞിനെ തിന്നാന്‍ അടുക്കുന്നതും ഇളകുന്ന വെള്ളമായി ദൈവം പ്രത്യക്ഷപ്പെട്ടു കുഞ്ഞിനെ രക്ഷിക്കുന്നതുമാണ് 'അവള്‍ വരച്ചത് എന്ന്. ഈ കുട്ടികള്‍ക്ക് വസ്തുക്കളുടെ ലോകത്ത് നിന്ന് ആശയങ്ങളുടെ ലോകത്തേക്കും കടക്കാന്‍ കഴിയും എന്നത് തീര്‍ച്ചയായും എന്നെ സന്തോഷിപ്പിച്ചു..
പേരറിയാത്ത വസ്തുക്കളില്‍ നിന്നു അവര്‍ ആശയങ്ങളുടെ ലോകം മെനയുന്നത് എങ്ങനെയായാലും അവര്‍ അതുണ്ടാക്കുന്നു എന്നുള്ളതാണ് പ്രധാനം ..അവര്‍ക്ക്‌ ചിരിക്കാനറിയാം കരയാനും എന്നാല്‍ അവര്‍ക്ക് ചിരി എന്നോ കരച്ചില്‍ എന്നോ ഉള്ള വാക്കില്ല , അതിന്റെ ശബ്ദമില്ല. ....

ഈ നല്ല ദിവസത്തിന് മൂകലോകത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് നന്ദി !അവര്‍ക്ക്‌ നല്ലത് വരട്ടെ .

Friday, April 17, 2009

'സര്‍ഗജീവിതം'

മധ്യ വര്‍ഗ വീട്ടമ്മയുടെ സര്‍ഗ ജീവിതം (കേരളം )

രാവിലെ 5:30 to 8:30 പ്രഭാത ഭക്ഷണ പാചകം
8:30 to 9:00 കുളി :
9:00 to 9:15 പ്രഭാത തീറ്റ,
9:15 to 10:30 തുണി കഴുകല്‍ ,
10:30 to 12:00 ഉച്ച ഭക്ഷണം തയ്യാറാക്കല്‍,
12 to 1:30 വീട് വൃത്തിയാക്കല്‍ ,
1:30 to 2:30 ഉച്ച തീറ്റ , പാത്രം കഴുകല്‍ ,
2:30 to 4:00സര്‍ഗ പ്രക്രിയ ,
4:00 to 6:30 രാത്രി ഭക്ഷണം തയ്യാറാക്കല്‍ ,
6:30 to 8:00 മാധ്യമ ക്കാഴ്ച ,
8:00 to 9: 30 രാത്രി ഭക്ഷണം , പാത്രം കഴുകല്‍
അടുക്കള അടപ്പ് , ഉറക്കം .......

Thursday, April 16, 2009


സമയം രാത്രി ഒന്നര മണി . ഭാര്‍ഗവി നിലയം സിനിമ ടി. വി യില്‍ കണ്ടുകഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ് ഞാന്‍. കറുപ്പിലും വെളുപ്പിലുമുള്ള ഇമേജുകള്‍ എന്റെ പിന്നാലെ വന്നു ഭാര്‍ഗവിക്കുട്ടി മറഞ്ഞു നിന്നു ഉറങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു. 'ശുഭരാത്രി ഭാര്‍ഗവിക്കുട്ടി ' എന്ന് സാഹിത്യ കാരനായി അഭിനയിക്കുന്ന മധുവിനെ അനുകരിച്ചു ഞാന്‍ പറഞ്ഞു കണ്ണടച്ചു.
ഇടക്കുണര്‍ന്നു വെള്ളം കുടിച്ചാലോ എന്ന് മടിയോടെ ആലോചിച്ചു എഴുന്നേറ്റു.മുകളിലത്തെ മുറിയില്‍ പ്രോജക്റ്റ് വര്‍ക്കുകളുമായി മല്ലിടുന്ന എന്റെ മകന്‍ ഉറങ്ങിയിട്ടില്ലെന്നു മുറിയിലെ വെളിച്ചം . ആ വെളിച്ചത്തില്‍ ഡൈനിംഗ് റൂമിലെ മേശപ്പുറത്തിരിക്കുന്ന വെള്ളം നിറച്ച കൂജ യും തളികയില്‍ വച്ചിരിക്കുന്ന റോ ബസ് റ്റ പഴത്തിന്റെ അവ്യക്ത പാറ്റെണ്കളും കണ്ടു .'താമസ........... വരുവാന്‍'..... എന്ന് ഭാര്‍ഗവിക്കുട്ടിയുടെ കാമുകന്‍ പാടുന്നതും ഭാര്‍ഗവിക്കുട്ടി ഊഞ്ഞാലില്‍ ആടുന്നതും വെള്ളസ്സാരി ചുറ്റി കടല്‍ത്തീരത്ത്‌ നിന്നു വില്ലന്‍ ചിരി ചിരിക്കുന്നതും മനസ്സില്‍ തെളിഞ്ഞു വന്നു. എങ്ങനെ ആയിട്ടും പേടിക്കാത്ത മധു വാണു ധീരന്‍ !
ഡൈനിംഗ്
ടേബിളില്‍ നിന്നു കൂജ പൊക്കി വെള്ളം കുടിക്കാനോരുങ്ങുന്ന സമയത്താണ് കോണി പടിയില്‍ ഇരുട്ടിന്റെ ഒരു കൂന ഇരിക്കുന്നു എന്ന് തോന്നിയത് .ഇത്ര ഘനീഭവിച്ച ഇരുട്ട് എവിടെ നിന്നു വന്നു ? കുട്ടിക്കാലം മുതല്‍ക്കേ മുഖത്ത് നിന്നു മാറ്റാത്ത കണ്ണട ഇപ്പോള്‍ എന്റെ മുഖതില്ലാതതിനാല്‍ കാഴ്ച വ്യക്തമാകുന്നില്ല .യുക്തിവാദിയും അന്ധവിശ്വാസിയും ഭക്തയും അല്ലാത്ത ഒരാള്‍ ഈ കാഴ്ചയെ എങ്ങനെ വ്യാഖ്യാനിക്കും ? അത് പൂച്ച യായിരിക്കും ,അയല്‍ വീട്ടില്‍ നിന്നു വന്നത് .


പെട്ടെന്ന് ഇരുട്ടിന്റെ ആ കഷ്ണം ഇളകി എന്ന് തോന്നി ...ഭാര്‍ഗവി എന്നെ പിടിക്കൂടിയോ ?കറുത്ത കട്ട ഇളകി നിവര്‍ന്നു നിന്നു. ഒരു വലിയ പൂച്ചയേക്കാള്‍ തടി മാത്രമല്ല ഉയരവും വാല്‍ നീളവും അതിനു അധികമുണ്ടായിരുന്നു .' ഇവനാര് ' ...എന്ന സിനിമാ ഡ യലോഗ് മനസ്സില്‍ തോന്നി , .......അത് ചാമരം പോലുള്ള അതിന്റെ വാല് വീശിയോ ? ഇനി അത് കുറുക്കനായിരിക്കുമോ? അല്ലെങ്കില്‍ നീര്‍ നായ ? ഈ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു . തൊട്ടടുത്ത പുഴയില്‍ വെള്ളത്തില്‍ കളിക്കേണ്ട നീര്‍ നായക്ക് എന്റെ ഡൈനിംഗ് റൂമിലെ കോണി പ്പടിയില്‍ എന്ത് കാര്യം ?
പതുക്കെ നടന്നു പോയി ഞാന്‍ ലൈറ്റ് ഇട്ടു . പക്ഷെ കണ്ണട യില്ലതതിനാല്‍ ഇപ്പോഴും ഒന്നും വ്യക്തമായില്ല .എന്നാല്‍ ലൈറ്റ് ഇട്ടതും കറുമ്പന്‍ നാലുകാലില്‍ നിവര്‍ന്നുനിന്നു വളരെ പതുക്കെ,സ്ലോ മോഷനില്‍ ജനലിന ടുത്തെക്കും തുടര്‍ന്ന് അഴികള്‍ക്കിടയിലൂടെ പുറത്തേക്കും കടന്നു .
എനിക്കൊന്നും മനസ്സിലായില്ല . ഞാന്‍ ജനലിനടുത്തു ചെന്ന് സാഹിത്യകാരന്‍ ഭാര്‍ഗവിക്കുട്ടി വീണു മരിച്ച കുണ്ടന്‍ കിണറ്റി ലേക്ക് എന്ന പോലെ ഇരുട്ടിന്റെ കയത്തിലേക്ക് നോക്കി നിന്നു. അവിടെ ഒന്നും കാണാനുണ്ടായിരുന്നില്ല , വലിയ ഇരുട്ടല്ലാതെ.
എനിക്ക് തോന്നിയതാവും . ഒരു ജീവിയും ഈ ജനലിലൂടെ സ്ലോ മോഷനില്‍ ഇറങ്ങി പ്പോയിട്ടില്ല . ഞാന്‍ സ്വയം പറഞ്ഞു. ..ഇനി ഈ ഭാര്‍ഗവി...ഛെ !

സൂര്യനുദിച്ചു , പക്ഷികള്‍ പാടി,.രാവിലെയായി എന്റെ ദിവസം പടികയറി, പതിവുപോലെ .. ഉണര്‍ന്നതും തലേന്ന് രാത്രിയിലെ ഭാര്‍ഗവി ക്കുട്ടി ,പൂച്ച, സാഹിത്യകാരന്‍ ഇല്ലാം മനസ്സില്‍ വന്നു. കുട്ടിക്കാലത്ത് പോലും ബ്ലാക്ക് & വൈറ്റ് സിനിമ ഇങ്ങനെ ബാധിച്ചിട്ടില്ല .പിന്നെയാണ് ഇപ്പോള്‍ എന്ന് മുഖം കോട്ടി തലേന്ന് രാത്രിയെ ഞാന്‍ മായിക്കാന്‍ ശ്രമിച്ചു.
ഡൈനിംഗ് റൂം ലക്ഷ്യമാക്കി നടന്നു . മേശപ്പുറം ആകെ ചന്തമില്ലാതെ കിടക്കുന്നു .കൂജ യഥാ സ്ഥാനത്ത് തന്നെ. പക്ഷെ റോ ബസ് റ്റ പഴത്തിന്റെ തൊലി മൂന്നു നാലെണ്ണം ചിതറിക്കിടക്കുന്നു. പഴവിരോധിയായ മകന്‍ ഇന്നലെ മൂന്നു പഴം ഒരുമിച്ചു തിന്നെന്നോ. നന്നായി ....
പിറ്റേ ദിവസം ഞാന്‍ പ്രേത സിനിമയൊന്നും കണ്ടില്ല .. ഉറക്കവും നന്നായി ..രാവിലെകളില്‍ മേശപ്പുറത്തു കിടക്കുന്ന പഴത്തൊലികള്‍ കണ്ടാല്‍ രാത്രി ഉറങ്ങാതെ ജോലി ചെയ്യുന്ന മകന്റെ ആഹാരം പഴത്തിലേക്ക് മാറി എന്ന് തോന്നും .` ഇവന് കുറച്ചു കൂടി വൃത്തിയില്‍ വച്ചുകൂടെ ഈ തിന്ന പഴത്തൊലികള്‍ ..പോകട്ടെ അവന്‍ പഴം തിന്നു തുടങ്ങിയല്ലോ.

പക്ഷെ ഇന്നലെ ഞാന്‍ ഒരു പ്രേത സിനിമ കണ്ടു ഉറങ്ങാന്‍ കിടന്നതും ഭാര്‍ഗവിക്കുട്ടിക്കു പകരം ചെറിയ കത്തിയുമായി വട്ടമുഖമുള്ള പാവക്കുട്ടി ഷെല്‍ ഫില്‍ നിന്നും ചാടി വീഴുന്നതായി എനിക്ക് തോന്നി. തൊണ്ട വരണ്ടു ..ഡൈനിംഗ് റൂമില്‍ മേശപ്പുറത്തു വെള്ളം നിറച്ച കൂജ യുണ്ടല്ലോ .പഴവും ഉണ്ട് .എഴുന്നേറ്റു വെള്ളം കുടിച്ചു പേടി തീര്‍ക്കാം ...കൂജ കയ്യിലെടുത്തതും അതാ നില്‍ക്കുന്നു ഒരു ഇരുട്ടിന്റെ കട്ട എന്റെ മുന്‍പില്‍. ഇത്തവണ അത് കുത്തിയിരുന്ന് പഴം തിന്നുകയാണ്.
ഉറക്കത്തില്‍ കണ്ണട പതിവില്ലാത്ത തുകൊണ്ട് ഇത്തവണയും മുഖത്ത് കണ്ണട യില്ല .ലൈറ്റ് ഇട്ടതും ഞാന്‍ അതിനെ ഒരു നോക്ക് കണ്ടു. മേശപ്പുറത്തു നിന്നു പതുക്കെ ചാടി ജനലിനരികിലേക്ക് നടന്നു ,പിന്നെ ,കര്‍ട്ടനു അടിയിലേക്ക് മറഞ്ഞു നീങ്ങി ജനല്‍ ചാടിക്കടന്നു മറഞ്ഞ ആ ഇരുട്ടിന്റെ കണ്ടത്തെ...അത് ഇതാ ഏക ദേശം ഇങ്ങനെ യിരുന്നു.മുകളിലെ ചിത്രത്തിലേത് പോലെ ..

Saturday, April 11, 2009

The book: Whistling in the dark'

Reading this book Whistling in the Dark :Twenty queer interviews.Edited by R. Raj Rao. and Dibyajyoti Sharma

Very interesting in the sense that the book , as the back cover writing claims 'focuses on issues like sexuality , sexual identity ,marriage, gay activism, gay bashing,police atrocities and the laws vis-a`-vis these ..The interviewees represent a cross section of society ranging from university professors, gay right activists and students on the one hand , to working class men such as office boys, auto-rickshwa drivers and even untertrials who have served prison sentences, on the other.'
The poet R. Raj rao's introduction itself is a fine piece.

Will come back with more after reading it completely....

Wednesday, April 8, 2009

അപരാഹ്ന ത്തിലേക്ക് ചാഞ്ഞ്


നെരൂദ യുടെ കവിത: പരിഭാഷപ്പെടുത്തിയത്

Tuesday, April 7, 2009

ഉടുക്കാത്ത ......

ഉടുക്കാത്ത രാജാക്കന്മാരുടെ
ഉടുക്കാത്ത പ്രജകളുടെ
ഉടുക്കായ്ക വിളിച്ചു ചൊല്ലിയ കുട്ടി
കാരാഗൃഹത്തില്‍ ...
ഇന്നലെ രാത്രിയില്‍
ജനലിലൂടെ പാളി നോക്കിയ ചന്ദ്രന്റെ തുമ്പില്‍
നിലാവിന്റെ വള്ളിക്കുരുക്കില്‍ അവന്‍ കെട്ടി ഞാന്നു.
കാരാഗൃഹത്തില്‍ നിലാവിന്റെ നൂലിഴകളും യും പൂക്കളും ബാക്കി വച്ച്
അവന്‍ ........

Saturday, April 4, 2009

"കാല മതീവ വിശാലം "

വാസ്തവത്തില്‍ ന്യൂ ജനറേഷന്‍ ബ്ലോഗ് നെപ്പറ്റി , അല്ലെങ്കില്‍ ബ്ലോഗ് നെപ്പറ്റി യാണ് എന്റെ ചിന്ത.. ഈ സംവിധാനം എന്റെ എഴുത്തിനെയോ ചിന്തയെയോ തൊട്ടു ഉണര്‍ത്തുന്നില്ല . എഴുതാന്‍ പോലും പ്രേരിപ്പിക്കുന്നില്ല. പക്ഷെ എനിക്ക് സ്വാതന്ത്ര്യമുണ്ട് .എഴുതാനും എഴുതാതിരിക്കാനും ... അത് അല്ലെങ്കിലും എനിക്കുണ്ടല്ലോ ..ജനാധിപത്യമല്ലേ. സ്വതന്ത്ര രാജ്യ മല്ലെ.
വായനയും ചിന്തയും വേണ്ടാത്ത ഒരു യുഗത്തിലാണ് എന്റെ ജീവിതം . വിരലിന്റെ അറ്റത്ത്‌ വിവരങ്ങള്‍ ഉള്ളതിനാല്‍ എല്ലാം അറിഞ്ഞവര്‍ എന്ന് കരുതുന്നു ഞാന്‍ കാണുന്നവരും പരിചയപ്പെടുന്നവരും. നല്ലത് തന്നെ... എല്ലാവര്‍ക്കും എല്ലാം അറിയാമല്ലോ .
എല്ലാവര്‍ക്കും എല്ലാം അറിയുന്നത് കൊണ്ടാണോ ജീവിതം ദുസ്സഹമാകുന്നത്‌ ? അതോ അറിവ് ഏറ്റവും ഉപരിപ്ലവമായി തലയ്ക്കു മുകളിലൂടെ പോകുന്നത് കൊണ്ടോ. അല്ലെങ്കില്‍ എന്താണ് അറിവ് ? തന്റെ തൊട്ടു മുന്പുള്ള തലമുറ അതായത് തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടുന്ന ആ തലമുറ പെട്ടെന്ന് ഒടുങ്ങി ക്കിട്ടിയെങ്കില്‍ എന്ന് കരുതുന്ന ഈ തലമുറയുടെ അറി വാണോ അറിവ്? ഇന്നു പത്രങ്ങള്‍ തന്ന വാര്‍ത്തകള്‍ കേട്ടാല്‍ അങ്ങനെ തോന്നും. തിരുവന്തപുരത്ത് നിന്നുമാത്രം വന്ന റിപ്പോര്‍ട്ട് ഇങ്ങനെ ..85 വയസായ വൃദ്ധയെ ഓട്ടോ റിക്ഷയില്‍ കൊണ്ടുവന്നു മക്കള്‍ വഴിയില്‍ നിക്ഷേപിച്ചു പോയത്രേ. തള്ളക്ക് ഏഴാണ് മക്കള്‍. വൃദ്ധ മാതാവിനെ പട്ടിക്കൂട്ടില്‍ കെട്ടിയിട്ട മകളും തിരു വനന്ത പുരത്ത് തന്നെ തന്നെ.ഇങ്ങനെ ഈ ആഴ്ച ഏഴ് ദിവസവും ഇങ്ങനത്തെ ഏഴ് 'കഥ' കള്‍ വായിച്ചു തീര്‍ത്തു. എല്ലാ സാമൂഹ്യ ശാസ്ത്ര കാരന്മാരെ പോലെ ഞാനും രോഷം കൊണ്ടു .ഇപ്പോള്‍ ഇതു എഴുതുകയും ചെയ്യുന്നു.

പക്ഷെ എന്റെ രോഷം കൊണ്ടു എന്ത് പ്രയോജനം ? സിനിമയില്‍ മമ്മൂട്ടി യുടെ അല്ലെങ്കില്‍ മോഹന്‍ ലാലിന്റെ കഥാപാത്രം പോലെ തന്നെ ഞാനും ...അവര്‍ സിനിമയില്‍ നന്മ ജയിപ്പിച്ചു നമ്മളെ സന്തോഷിപ്പിക്കുന്നു . ഞാനോ വെറുതെ ഈ ഇലക്ട്രോണിക് ഉപകരണത്തില്‍ അക്ഷരങ്ങള്‍ നിരത്തുന്നു. ......
ഞാനും നിങ്ങളും ഈ പട്ടിക്കൂട്ടില്‍ തന്നെ ഒടു ങ്ങുമോ..
.....................................................................................................................................................

"കാല മതീവ വിശാലം
..കളയുക കരയും ശീലം നാമിനി..കാമിനി "

..അയ്യപ്പ പണിക്കര്‍ ഓര്‍മ പ്പെടുത്തുന്നു

നായ

കുരക്കാത്ത തന്റെ നായക്ക് പേ പിടി ചിട്ടുണ്ടെന്ന് അയാള്‍
അത് കുരക്കു ന്നില്ലെന്ന് മാത്രമല്ല അത് ശുദ്ധനെയോ അശുദ്ധനെയോ
തിരിച്ചറിഞ്ഞു ഒരു കണ്‍ ചിമ്മലില്‍ കൂടി പോലും മുന്നറിയിപ്പ് തരുന്നില്ല .
പത്രക്കാരെയോ ടി .വി ക്രൂകളെയോ ഓടിച്ചിട്ട് കടിക്കാന്‍ തുനിയാത്തതും ,
മന്ത്രി മാര്‍ക്ക് മുന്നിലോ ,
മന്ത്രി വാഹനങ്ങള്‍ക്ക് മുന്നിലോ
സ്ഥാനാര്‍ഥി ക്ക്മുന്നിലോ കുരച്ചു കൊണ്ടു ചാടാത്തതും
കള്ളനെയോ കള്ളിയെയോ
തിരിഞ്ഞു കടിക്കാത്തതും മാത്രം മതിയായിരുന്നു
അയാള്‍ക്ക്‌
തന്റെ വളര്‍ത്തു നായയെ ഭ്രാന്തന്‍ നായ എന്ന് ഉറപ്പിക്കാന്‍ .
അതുമാത്രമോ
അത് രക്ഷകനെ തിരിഞ്ഞു നോക്കാതായി ,
ശിക്ഷകനെ കണ്ടില്ലെന്നു നടിച്ചു.
മുന്‍കാലുകള്‍ നീട്ടി അതില്‍ കഴുത്തമര്‍ത്തി വച്ചു
പളുങ്ക് കണ്ണുകള്‍ കിടന്നകിടപ്പില്‍ വട്ടം ചുഴറ്റി
ആരോടും കുശലം പറയാതായി .
തിന്നാന്‍ മാത്രം വാ തുറക്കുന്ന
തന്റെ നായ തനി ഭ്രാന്തന്‍ തന്നെ എന്ന് അയാള്‍
വന്നു വന്നു ആ നായക്ക് ഭ്രാന്താണ്
എന്ന്
ഭാര്യയോടും കുട്ടികളോടും
വരുന്നവരോടും കാണുന്നവരോടും പറഞ്ഞു തുടങ്ങി
എന്നിട്ടും തൃപ്തനാകാതെ കുരക്കാത്ത നായ്ക്കള്‍ എല്ലാം ഭ്രാന്തന്‍ മാരാണെന്നും
അവ വിഷം തിന്നോ
കോര്‍പ്പറേഷന്‍ കാരുടെ കയര്‍ ക്കുരുക്കിലോ
ചാകേണ്ട താണെന്നും വാശി കയറി.

പളുങ്ക് ഗോലി പോലുള്ള കണ്ണ് തുറന്നു വച്ചു
നായ അയാളുടെ വാക്കുകള്‍ കേട്ടു കൊണ്ടിരുന്നു.
പരാതിയും കോപവും കണ്ടുകൊണ്ടിരുന്നു.
അടുത്ത ക്ഷണം 'എടാ ഭ്രാന്തന്‍ നായെ' എന്ന വിളി
അയാളുടെ വായില്‍ നിന്നു വീണതും നായ
ആടിനെ പട്ടിയാക്കുന്ന യജമാനന്റെ കൈകളില്‍ ഊക്കില്‍ കടിച്ചു

പിന്നെ
'കുരക്കും പട്ടി കടിക്കില്ല' എന്ന പഴയ ഒരു ചൊല്ലിലേക്ക് കയറിപ്പോയി .

Thursday, April 2, 2009

Babble

എന്തെഴുതാന്‍ ...ഒന്നുമില്ല.
കാക്കയും വിരുന്നു വിളികളുമില്ല..
മുദ്ര്യാവാക്യങ്ങളില്‍ മുങ്ങി നില്ക്കുന്ന രാജ്യത്ത് ഒച്ച കേള്‍പ്പിക്കാനും ശരിയായ ഒച്ച ഏതെന്ന് തിരിച്ചറിയാനും പണി. babble ആണ് ചുറ്റും. സ്വന്തം ശബ്ദം പോലും കേള്‍ക്കാന്‍ ആകുന്നില്ല .
ചെന്നൈ യിലേക്കുള്ള രാത്രി ബസില്‍ യാത്ര ചെയ്ത ഒരു വേളയില്‍ തുടര്‍ച്ചയായി രജനി കാന്തും , വിജയ് -അര്‍ജുന്‍ മാരും കൂട്ടരുമുള്ള സിനിമകള്‍ ശബ്ദ ഘോഷം കൊണ്ടു കാതടപ്പിച്ചു മാറി മാറി തലവേദന തന്നപ്പോള്‍ യാത്രയില്‍ പഞ്ഞി കരുതാത്തില്‍ ഖേദിച്ചു . അന്നും ഇതു പോലെ ശബ്ദവും സിനിമയിലെ വീരവാദങ്ങളും നന്മ തിന്മകളുടെ പരസ്പരമുള്ള യുദ്ധവും കണ്ടു മതിയായി .
.ഇപ്പോള്‍ എന്റെ ചുറ്റും പോരാട്ട വീറിന്റെ ശബ്ദ ഘോഷങ്ങള്‍ ..ലോകം നന്മ /നിന്മ ദ്വന്ദ ങ്ങളായി വേര്‍തിരിഞ്ഞു നില്‍ക്കാത്ത തുകൊണ്ടും ഇനി അങ്ങനെ ആണെങ്കില്‍ തന്നെ പാലില്‍ നിന്നു വെള്ളം ബാക്കി വച്ച് പാല്‍ മാത്രം കുടിക്കുന്ന പുരാണത്തിലെ അരയന്ന മല്ലാത്തതിനാലും ഞാന്‍ ഈ കടല്‍ കടഞ്ഞെടുക്കുന്ന വിഷം വിഴുങ്ങി ഒരു 'നീലകണ്ഠം 'ആകാന്‍ തീരുമാനിച്ചു ..