Saturday, November 28, 2009

കുട്ടികള്‍ക്കൊപ്പം

 കുട്ടികള്‍ക്കൊപ്പം

കുട്ടി നോക്കേ
മുറ്റത്തിരുന്നു ചിലച്ച അണ്ണാനും
വാഴക്കയ്യിലിരുന്നു വിറച്ച കാക്കയും
മഞ്ഞക്കിളിയും പച്ച തത്തയും പറഞ്ഞു...

 ഞങ്ങളെ മറന്നു കളയു ..
ഞങ്ങളുടെ കറുപ്പും പച്ചയും ഇളം മഞ്ഞയും നീലയും
എന്തിനു ഇതാ എന്റെ ഈ തവിട്ടു നിറം പോലും
മറന്നേക്ക്‌ .
അല്ല എന്റെ  ചുവന്ന കണ്ണും മറന്നേക്ക്‌  എന്ന് ചെമ്പോത്തിന്റെ മൂളല്‍
മുളയുടെ ചാഞ്ചാട്ടങ്ങല്ക്കൊപ്പം   ഉലഞ്ഞു
ചെങ്കീരിയും വെള്ള  പക്ഷിയും അത് തന്നെ പറഞ്ഞു.
ഇവര്‍ക്കെന്തു പറ്റി എന്ന് കുട്ടിക്കുണ്ട് സംശയം ,
അമ്മക്ക് മുണ്ട് സംശയം

മനസ്സിലാവുന്നില്ലല്ലോ ,
ഉറുമ്പ്  കൂടി പറയുന്നു , എന്നേ മറന്നേക്കൂ എന്ന്.

അത് കേള്‍ക്കെ കുട്ടിക്കുണ്ട് ആധി, അമ്മക്ക് മുണ്ട്.
അതിനാല്‍
കുട്ടി പറഞ്ഞു അമ്മ കേള്‍ക്കെ  ,
എനിക്ക് ഉറുമ്പി നേക്കാള്‍  ഉറുമ്പ് ആവണം ,
കാക്കയെക്കാള്‍ കാക്കയാവണം ,
അണ്ണാനെ ക്കാള്‍  ചിലച്ചു കൊണ്ട്  ഓടണം   ,
വെള്ളപ്പക്ഷിക്കൊപ്പം  പുഴകടക്കണം ..

അമ്മ നോക്കേ  കുട്ടി പോകുന്നു ,വെള്ള പക്ഷിക്കും ചെങ്കീരി, അണ്ണാന്‍, ഉപ്പനോപ്പം 
പുഴ കടന്നു ,കടലും മലയും കടന്നു
കുട്ടികള്‍ അങ്ങനെ യാണ് ..
കുട്ടികള്‍ .!!
  




Thursday, November 26, 2009

അമ്മയുടെ ലോകം -2

അമ്മയുടെ  ലോകം -2

അതങ്ങനെ തന്നെ  ഇരുന്നു.. പഴയ  ഇടിഞ്ഞു വീഴാറായ ആ വീട്.
എല്ലാ തവണയും അമ്മക്ക് ചോദിക്കാനുള്ള ചോദ്യങ്ങളില്‍ ഒന്ന് ആ വീടു മായി ,ഇല്ലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. "
യ്യ് മറന്നിട്ടില്ല ഉവ്വോ? താനാട്ടെ  മുത്തശ്ശിയെ ?ഇല്ല അമ്മെ.. എന്ന് ഈ തവണയും ഞാന്‍ പറഞ്ഞു. '
കഷ്ടം മരിച്ചിട്ടിപ്പോ കൊല്ലം ഒരു പാടായി ..'" അമ്മയുടെ എനിക്കറിയുന്ന സുഹൃത്തുക്കളില്‍ ഒരാളായിരുന്നു താനാട്ടെ  മുത്തശ്ശി. ഞാന്‍ ഓര്‍ത്തു .ആ മുത്തശ്ശി മരിക്കുന്ന  കാലത്ത് ഞാന്‍ എന്റെ വിപ്ലവകാരിയായ കൂട്ടുകാരന് മൊത്തു തെരുവുകള്‍ അലയുകയായിരുന്നല്ലോ.അതൊന്നും അമ്മ അറിഞ്ഞ കാര്യങ്ങളല്ല. അല്ലെങ്കില്‍ അമ്മയോട് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് .
അല്ലെങ്കിലും അമ്മ പറയുന്നത് കേട്ടു കൊണ്ടിരിക്കാന്‍ ആണല്ലോ   എന്റെ പതിവ് യാത്രകള്‍ .
ആദ്യമാദ്യം  എന്റെ കൂട്ടുകാരന്  അമ്മയുടെ അടുത്തെത്തുന്ന എനിക്ക് സംഭവിക്കുന്ന, നിറത്തിലും  മണത്തിലും മനസ്സിലും ഉടലിലും  വരുന്ന നേരിയ മാറ്റം പോലും അസഹ്യത ഉണ്ടാക്കിയിരുന്നു .
" വീട്ടിലെത്തേണ്ട താമസം പഴയ ഇള്ള കുട്ടി ആവുകായി ഇയാള്‍ ,  ഞാന്‍ ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലാതാവും പിന്നെ  . "
ഞാനും അത്ഭുതപ്പെട്ടു വളരെ ചെറിയ ഒരു ലോകത്തേക്കാണ് ഞാന്‍ പ്രവേശിക്കുന്നത്.. അമ്മയുടെ ഗര്‍ഭ പത്രത്തിലെക്കെന്ന  പോലെ..അവിടെ ഇപ്പോഴും വായുവും വെളിച്ചവും ഉണ്ടെന്നോ.? അത് എന്ത് കൊണ്ടാണ് ,? അതിനു എന്തിന്റെ മണ മാണ്,  അതില്‍ നിന്നുയരുന്നത് ഏതു  സ്വരമാണ്.. എനിക്കറിഞ്ഞു കൂടാ.

അതൊരു സ്ഥലമാണോ ? ഒരു സ്ഥലവും കാലവും  ആണോ ? അതിലെ സമയത്തിന്റെ അളവ് കോല്‍ എന്താണ് ?  തീര്‍ച്ചയായും അത് ഈ ലോകത്ത് തന്നെയാണ് എന്നിട്ടും ഞാന്‍ മറ്റൊരു ലോകതെന്നപോലെ സ്വച്ഛതയും സ്വാതന്ത്ര്യത്തിന്റെ വായുവും ശ്വസിക്കുന്നു.

ഹീബ്രു വിമാനത്താവള ത്തിലെ തിരക്കുകള്‍, നെടുമ്പാശ്ശേരി വിമാനത്താവള ത്തിലെ തള്ളുകള്‍, അല്ലെങ്കില്‍ വിമാനത്തിന്റെയും തീവണ്ടിയുടെയും ഇരമ്പലുകള്‍    എല്ലാം വ്യത്യസ്തമായി , അതല്ലാതെ , എന്നാല്‍ അതിനു സമാനമായ ഒന്നായി ,ഞാന്‍ ഇവിടെയും അനുഭവിക്കുന്നതെങ്ങനെ..? അവ ഈ ലോകത്ത് നിന്ന് വേറിട്ട ഒന്നല്ല . ഞാനും അമ്മയുടെ  പഴയ ചങ്ങാതിയും പോലെ തന്നെ ..ഈറനുടുത്തു അമ്പലം ചുറ്റുന്ന ആ മുത്തശ്ശി  മരിച്ചിട്ടും ഒരു തണുത്ത മേഘം പോലെ അമ്മയുടെ വാകുകളില്‍ പുനരവതരിക്കുമ്പോള്‍ ..അവര്‍ വിമാന കാഴ്ചയിലെ മേഘങ്ങളേ പോലെ  തന്നെ യഥാര്‍ഥ മാവുന്നു .
" എന്തിനാ കുറെ ജീവിക്കുന്നത് ?  ചിലപ്പോള്‍ അമ്മയുടെ ആത്മഗതം അങ്ങനെ പോകും.. മക്കളില്ല ഭര്‍ത്താവ് പതിനെട്ടു വയസ്സില്‍ മരിച്ചു...വയസ്സ് കുറെ ആയിരുന്നേ താനാട്ടെ ഏട്ടന് ..എത്രാമത്തെ വേളിയാ ..യ്ക്ക് അറിയില്ല ..
" ഉം..'
ഞാനും താനാട്ടെ മുത്തശ്ശിയെ പറ്റി ഓര്‍ക്കും.

എന്തൊരു ഭംഗിയായിരുന്നു അവര്‍ക്ക് .ഞാന്‍ കാണുമ്പോള്‍കുറഞ്ഞത്‌  നാല്‍പ്പത്തഞ്ചു വയസ്സെങ്കിലും ആയിട്ടുണ്ടാവും. പുതപ്പും ഓല ക്കുടയുമായി അമ്മയെ കാണാന്‍ വരുന്നത് .

കഥകള്‍ അനേക മനേകം അടരുകളായി അവരുടെ നാവിന്‍ തുമ്പില്‍ നിന്നും കൊഴിഞ്ഞു വീണു കൊണ്ടിരുന്നതു ...വലിയ ഗൌരവ പ്രകൃതി ആയിരുന്നു എങ്കിലും ..ആചാരങ്ങളും അനുഷ്ടാനങ്ങളും കടു കിട തെറ്റിക്കുകയില്ലെങ്കിലും.. എന്റെ അഭ്യര്‍ഥന  കളോട്   മുഖം തിരിക്കാതിരുന്നു കഥ പറയുന്ന മുത്തശ്ശി.
 മാണി ക്ക  ക്കല്ല് നഷ്ടപ്പെട്ടു പോയ സര്‍പ്പത്തിന്റെ കഥ എത്ര പറഞ്ഞാലും കേട്ടാലും മതിയാകില്ല എന്ന് തോന്നും മുത്തശ്ശി നാവില്‍ നിന്നാകുമ്പോള്‍....രാജകുമാരന് എന്തിനാണ് മാണിക്യ കല്ല്‌ ? കഥയില്‍ ചോദ്യമില്ല എന്ന് പറഞ്ഞു മുത്തശ്ശി കഥയിലെ ഇടപെടലിന്   തടയിടും ...
ആ തനാട്ടെ ഇല്ലം പൊളിക്കുക യാണിന്നു ..." അമ്മ എന്റെ മൌനം മുറിച്ചു കൊണ്ട്  പറഞ്ഞു.

" അത് ആരെ വാങ്ങിയത് ? "

പൊളിക്കുന്നത് ആരെങ്കിലും വാങ്ങിയത് കൊണ്ടാവുമല്ലോ.ആരും   താമസിക്കാനില്ലാതെ ആ വീട് ഒറ്റയ്ക്ക് എത്രയോ കാലമായി ...

ഹംസ ഹാജി യാണെന്നാ തോന്നുന്നത്. "
 അമ്മ പറഞ്ഞു
കുട്ടിച്ചാത്തന്‍ ഉണ്ടാക്കിയ ആ ചെറിയ അമ്പലം അവര്‍ എന്ത് ചെയ്യും..   പെട്ടെന്ന് എന്റെ ഓര്‍മയില്‍  വന്നത്  അതാണ്‌. ഒരു മേശയുടെ വലിപ്പമുള്ള ഒരമ്പലം ആണത്.  ..വെറും നാല് കരിങ്കല്‍ ചുമരും കരിങ്കല്ലിന്റെ മോന്തായവും . അതിനകത്ത് കുഞ്ഞു കരിങ്കല്‍ വിളക്ക് . അതില്‍ മുത്തശ്ശി  തിരിയിട്ടു  കത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  പത്തിരുപത്തഞ്ചു വര്‍ഷമായി കുട്ടിച്ചാത്തന്റെ ആ ഭവനം ഇരുട്ടില്‍ തന്നെ ആയിരിക്കും. മുത്തശ്ശി ഒറ്റക്കായിരുന്നല്ലോ മരിക്കുന്നത് വരെ . അതും എഴുപതോ എഴുപതന്ച്ചോ വര്‍ഷം .
.'അവരുടെ വേളി കഴിഞ്ഞു നാല്‍പ്പതാം ദിവസം താനാട്ടെ ഏട്ടന്‍  മരിച്ചു." അമ്മ  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.

 മുത്തശ്ശിക്ക് കുട്ടിചാത്തനില്‍    കാര്യമായ താല്പര്യം ഇല്ലാതിരുന്നിട്ട് കൂടി  ആ മനോഹരമായ ചെറു അമ്പലത്തില്‍ വിളക്ക്  തെളിയിച്ചു. ഞാന്‍ മുത്തശ്ശിയെ കാണാന്‍ പോകുന്ന വേളയില്‍ തരം കിട്ടുമ്പോഴൊക്കെ അതിന്റെ മോന്തായത്ത്  ഇരിക്കുന്നതു കണ്ടു  ചിലപ്പോള്‍ വിലക്കി, ഒടുവില്‍ സമാധാനിച്ചു കുട്ടിച്ചാത്തന് കുട്ടികള്‍ ഇരിക്കുന്നത് ഇഷ്ടാവാണ്ടേ വരില്ല ...'

ആ ഇരുപ്പില്‍   രണ്ടു വയസ്സുള്ള അനിയനെ പോലെ  ഉള്ള ഒരു  'കുട്ടി 'ചാത്തനെ മനസ്സില്‍ കണ്ടു ഞാന്‍ ചോദിക്കും  ഇതെങ്ങനെ യാണ് ഇത്രേം വല്ല്യ കല്ല്‌ ഇത്ര ചെറിയ ചാത്തന്‍ എടുത്തോണ്ട് വന്നത് അതും പടിഞ്ഞാറേ മലെന്നു ..?

മുത്തശ്ശി പറയും ചെറുതാണെങ്കിലും വലിയ ശക്തിയായിരിക്കും .. പറക്കാനോ ക്കെ പറ്റും ചിറകൊന്നും ഇല്ലാതെ തന്നെ. ' ഹനുമാന്‍ മല കൊണ്ട് പറന്നില്ലേ അതുപോലെ ആയിരിക്കും .
." കൊത്തി ഉണ്ടാക്യേതും    കുട്ടി ചാത്തനാവുമോ " ഞാന്‍ മോന്തായത്തെ മിനുസമുള്ള ചരിവില്‍ കയ്യോടിച്ച് ചോദിക്കും ...
" ഇവിടെ കൊണ്ട് വന്നു കൊത്തി ഉണ്ടാക്കിയതൊന്നു മല്ല . വളരെ പണ്ടാണ്  ..ഒരീസം  രാവിലെ ഇവിടുത്തെ  ഒരു മുത്തശ്സന്‍  എണീറ്റ്‌ പ്രഭാത വന്ദന ത്തിനു  ഇറങ്ങി യപ്പോ ഇതിങ്ങനെ കണ്ടൂ  പൊട്ടി മുളച്ച മാതിരി എന്നാ കഥ. "
മുത്തശ്ശന് അത്ഭുതമായപ്പോള്‍ ഒരുണ്ണി  ദാ നില്‍ക്കുന്നു ചിരിച്ചു കൊണ്ട്... അവിടെ.  " മുത്തശ്ശി കുളത്തിന്‍ കരയിലേക്ക് ചൂണ്ടി പറയും .ഉണ്ണിയെ കണ്ട പോലെ . തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കും തോന്നും ഒരു ചെറിയ ഉണ്ണി മന്ദഹാസം പൊഴിച്ച് നില്‍ക്കുന്നത്.

' ഏതാ ഉണ്ണി ..എവിടന്നാ എന്നൊക്കെ മുത്തശ്ശന്‍ ചോദിച്ചൂ ട്ടോ . അപ്പോള്‍ ആ ഉണ്ണി ചിരിച്ചു കൊണ്ട് ഒറ്റ കുതിപ്പാത്രേ ഈ  ചെറിയ പെരേല്‍ക്ക് ..പോകുമ്പോ പറഞ്ഞൂ ത്രെ ന്നെ ഇരുട്ടില്‍  ഇരുത്തരുതെ ന്നു  . മുത്തശ്ശന്  എന്തോ പന്തിയില്ലായ്മ തോന്നീ ..ആ കുട്ടി അത്ര ചെറുതായിട്ടെ ഇതിനുള്ളില്‍ കടന്നത്‌. കുട്ടിച്ചാത്തന്റെ വീട് ചൂണ്ടി മുത്തശ്ശി എല്ലാം കണ്ട പോലെ പറയും. ..അന്ന് മുതല്‍ വിളക്ക് കത്തിച്ചിട്ടുണ്ട് ഇവിടെ. .." ഞാന്‍ വന്നെന്റെ ശേഷം എന്തായാലും. കത്തിച്ചിട്ടുണ്ട് ..മുത്തശ്ശി എന്തോ മനസ്സില്‍ തടഞ്ഞിട്ടെന്ന പോലെ തുടരും ..ഐശ്വര്യം ഉണ്ടാവും എന്നാ ചാത്തന്‍ പറഞ്ഞത്..എന്നിട്ടോ... ഞാന്‍ ഒറ്റക്കായി.. " മുത്തശ്ശി ഏറ്റവും  നിര്‍വികാരയായി പറയും.

കുട്ടിച്ചാത്തന്‍ മുത്തശ്ശിക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല എന്ന് പറഞ്ഞു കൂടാ ..ഒറ്റയ്ക്ക് താമസിക്കുന്ന അവരെ ആരും ഉപദ്രവിക്കാതിരുന്നത്‌ കുട്ടിച്ചാത്തന്റെ ശക്തിയെ കുറിച്ചുള്ള ഭയം ഒന്ന് കൊണ്ടാണ്.കാലം മാറും തോറും മുത്തശ്ശി ഭയന്ന് തുടങ്ങിയിരുന്നോ എന്തോ..എന്റെ കുട്ടിക്കാലത്ത് അവര്‍എന്നും സന്ധ്യക്ക്‌ അമ്പലത്തില്‍ തൊഴുതു കഴിഞ്ഞു നേരെ ,എന്നെ സന്തോഷിപ്പിച്ചു കൊണ്ട് ,എന്റെ വീട്ടില്‍ വന്നു. കഥകള്‍ പറഞ്ഞു തന്നും അമ്മക്കൊപ്പം വര്‍ത്തമാനങ്ങള്‍ പറഞ്ഞും രാത്രികളില്‍ വീട്ടില്‍ തങ്ങി. പകരം അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ ഞാന്‍ നടത്തികൊടുത്തു. സോപ്പോ ശര്‍ക്കരയോ സ്കൂളില്‍ നിന്നും വരുന്ന വഴി വാങ്ങികൊടുക്കുക എന്ന ലളിതമായ പണി.
 എന്നാല്‍ പണ്ട് കാലത്ത് ചാത്തന്‍ ശക്തനായിരുന്ന കാലത്ത് മുത്തശ്ശനെ സഹായിച്ചിരുന്നു എന്നാണു മുത്തശ്ശി പറഞ്ഞു കേള്പ്പിച്ചത്. അതായത് വേനല്‍  ക്കാലത്ത് വറ്റിപ്പോയ കുളത്തിന് പകരം മറ്റൊന്ന് കുഴിച്ചു വെള്ളം വരുത്തുക . കിണര്‍ കുഴിച്ചു കുഴിച്ചു ഒരിക്കലും വറ്റാത്ത ഉറവ സൃഷ്ടിക്കുക. സന്ധ്യാ വന്ദന ത്തിനുള്ള   പൂക്കള്‍ ഉണ്ണിയായി ചമഞ്ഞു ശേഖരിക്കുക , വിറകു പെറുക്കുക ..തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍. മുത്തശ്ശന് മാത്രമേ ചാത്തനെ കാണാന്‍ പറ്റിയിരുന്നുള്ളൂ ...


ഇങ്ങനെ ഉള്ള മുത്തശ്ശനും  മുത്തശ്ശിയും കഴിഞ്ഞ ആ ഇല്ലമാണ് പൊളിക്കാന്‍ പോകുന്നു എന്ന് അമ്മ പറഞ്ഞത്. അടുത്തതും അകന്നത് മായ ബന്ധുക്കള്‍ പോലും ഇല്ലാതായി അനാഥയായ മുത്തശ്ശിയെ  പോലെ ആ വീടും ജീര്‍ണിച്ചു മരിക്കുകയാണ്.


"കുട്ടിച്ചാത്തന്‍ ഇനി എന്ത് ചെയ്യും .. അത് എന്നേ പോയിട്ടുണ്ടാവും അല്ലെ" അമ്മ എന്ത് പറയുന്നു എന്നറിയാന്‍ ഞാന്‍ ചോദിച്ചു.  കരിങ്കല്ലിന്റെ ഭംഗി തികഞ്ഞ ആ ചെറിയ 'സ്വയംഭൂ  അമ്പലം ' മനസ്സില്‍ തെളിയിച്ചു ഞാന്‍ ചോദിച്ചു. അത് മാത്രമല്ല ആ ഇല്ലവും കുളവും കിണറും എല്ലാം കുട്ടിച്ചാത്തന്‍ പണിഞ്ഞ താണ് എന്നായിരുന്നു   ആളുകള്‍ പൊതുവില്‍ വിശ്വസിച്ചി രുന്നത്.


' അത് പോയിട്ടൊന്നും ഉണ്ടാവില്ല .  വന്നാ പിന്നെ പോകാന്‍ പറ്റുമോ..? അമ്മ എന്തോ ഓര്‍ത്തു എന്ന  പോലെ പറഞ്ഞു.. ഒന്നും പോകുന്നില്ല..ഒക്കെ ഇവിടെ തന്നെ ഉണ്ടാവും.."


എന്താ അമ്മയുടെ മനസ്സില്‍ .. കുട്ടിച്ചാത്തന്റെ അമ്പലം താനാട്ടെ ഇല്ലം വിലക്ക് വാങ്ങിയ ഹംസ ഹാജി പോളിക്കില്ല എന്ന്  അമ്മക്ക് എങ്ങനെ അറിയാം . അയാള്‍ പൊളിക്കുക യൊന്നും  ചെയ്യില്ല എന്നല്ലേ അമ്മ പറഞ്ഞത്..


ആലോചിച്ചു കൊണ്ടിരിക്കെ അതിനുള്ള ഉത്തരം അമ്മ തന്നെ പറഞ്ഞു.
"നമ്മടെ സര്‍പ്പാക്കാവ് കൂടിയുള്ള  സ്ഥലം ആരാ വാങ്ങീത് ? നിശ്ചണ്ടോ? അലവിക്കുട്ടി. എന്നിട്ടോ ?നമ്മള് കാവ്‌ പാമ്പും മേക്കടിനെ കൊണ്ട് വന്നു മാറ്റി കൊടുത്തില്ലേ ?
'ഉവ്വ് 'ഞാന്‍ അമ്മ യോട് യോജിച്ചു,
 കാവ് മാറ്റീട്ടുംഅവരിപ്പോഴും ആ കാവ്   ഒരു മരം പോലും  കളയാതെ ചുറ്റും വൃത്തിയാക്കി വക്കുന്നതെന്താ .?
"ആവോ" ഞാന്‍ അജ്ഞത വെളിവാക്കി.
 "അവിടെ നമ്മള്‍ പണ്ട് പൂജ ചെയ്തിരുന്നു എന്നവര്‍ക്കറിയാം. അതങ്ങനെ തന്നെ നിന്നോട്ടെ എന്ന് വച്ചിരിക്ക്യാ അവര്..നമ്മള്‍ പറഞ്ഞിട്ടൊന്നു മല്ല ട്ടോ..അവര്‍ക്ക് തോന്നി അത് അങ്ങനെ ഇരിക്കട്ടെ എന്ന്..

അതുപോലെ കുട്ടിച്ചാത്തനും താനാട്ടു തന്നെ ഉണ്ടാവും..
ഉം ..ഞാന്‍ അടുത്ത തവണ വരുമ്പോള്‍ ഒന്ന് പോയി നോക്കും.. 

ആയിക്കോട്ടെ , വിളക്കും കത്തിക്കാം , തോന്നുകയാണെങ്കില്‍.."

അമ്മ സമ്മതം മൂളി.  " മുത്തശ്ശിക്കും സന്തോഷമാകും.."



അമ്മക്ക് സന്തോഷമാകും എന്ന് അതോടെ എനിക്കുറപ്പായി.  മുത്തശ്ശന്റെ  മുന്‍പില്‍ പ്രത്യക്ഷ പ്പെട്ട കുഞ്ഞു കുട്ടിച്ചാത്തനെ ഞാന്‍ ഒരിക്കല്‍ കൂടി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു..









Monday, November 23, 2009

അയാള്‍

അയാള്‍  
അയാള്‍ ആണാകാം പെണ്ണാകാം
അല്ലെങ്കില്‍ 'അയാള്‍' -ക്ക്
ആണാകാം പെണ്ണാകാം
ആ ആള്‍ ആണല്ലോ  'അയാള്‍'
ആള്‍ ആണല്ലോ അയാള്‍ ..
എന്ന് വച്ചാല്‍ ?
ആള്‍ ആണാണ് ,
ആണോ?
ആണ് !

പിന്നെയും 'ആണ്' എന്ന് തന്നെ
അയാള്‍ അവള്‍- ഇല്‍
കുടുങ്ങാതെ
ആണില്‍ തന്നെ -

അയാള്‍ , ആണാകാം
പെണ്ണാ കാം
അല്ലെങ്കില്‍ അയാള്‍-ക്ക് ആണാകാം പെണ്ണാ കാം ,എന്തിനു, അതുമാകാം 
എന്നിട്ടും
അയാള്‍
അതൊന്നുമാകാതെ ആണില്‍ തന്നെ.
ആ ആളില്‍ തന്നെ .......