Saturday, February 27, 2010

ശരീരത്തിന്മേല്‍ ഉള്ള അവകാശം

അലോപ്പതി അതായത് മോഡേന്‍ മെഡിസിന്‍ എന്നു ഡോക്ടര്‍ മാര്‍ പറയുന്ന ശാസ്ത്ര ശാഖ ഹോമിയോ പതി എന്നു പറയുന്ന ചികിലസാരീതി ,ഇന്ത്യയില്‍ ആണെങ്കില്‍ ആയുര്‍വേദം , യൂനാനി  ,നാട്ടു വൈദ്യം , യോഗ , മന്ത്രവാദം , തുടങ്ങി അനേകം  ഇനം ചികിത്സകരും ചികിത്സാ രീതികളും നിലാവില്‍ ഉണ്ട് .ഈ വക ചികിത്സകരെ തേടി രോഗ ശാന്തി ഉപായങ്ങള്‍ ക്കായി ആളുകള്‍ പോകാറുണ്ട് . കുറച്ചു കാലമായി ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളില്‍ ഹോമിയോ ചികിത്സ ഒട്ടും 'ശാസ്ത്രീയ' മല്ലാത്തതുകൊണ്ട്  ആ ചികിത്സാ വിധി പരി ശീലിപ്പിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അതിനു പണം ചിലവഴിക്കുന്നതും ഇംഗ്ലണ്ടിലെ ഭരണക്കാര്‍ നിര്‍ത്തണം എന്നു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന  വിഭാഗം ശക്തമായി വാദിക്കുന്നു  എന്നു റിപ്പോര്ട് ചെയ്യുന്നു .
എന്തായിരിക്കാം അതിനു പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശം .നമ്മള്‍ അതൊരിക്കലും അറിയാന്‍ പോകുന്നില്ല .
ഹോട്ടല്‍ വ്യവസായത്തെ ക്കാള്‍ എന്ത് കൊണ്ടും ലാഭവും പ്രതി ഫലവും ആരോഗ്യ വ്യവസായം രംഗത്തു നിന്നു ലഭിക്കും എന്നത്കൊണ്ട് തന്നെ ആകുമോ ? ആതുര സേവനം സേവനം അല്ലാതായിട്ടു അനേകം പതിറ്റാണ്ടുകള്‍ ആയി .അത് പണം മുടക്കി പണം കൊയ്യുന്ന ഒരു മേഖല  മാത്രം . അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തെ  യന്ത്ര ഭാഗങ്ങളെ  പോലെ പരിഗണിക്കുന്ന പാശ്ചാത്യ ചികിത്സാ  സമ്പ്രദായം അതിന്റെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി  മനുഷ്യ സമൂഹം അംഗീകരിക്കുകയും ചെയ്യ്തു / ചെയ്യുന്നു . ചികിത്സകന്‍  മനുഷ്യനെ ഏതു രീതിയില്‍ പരിഗണിച്ചാലും രോഗം മാറണം എന്നല്ലാതെ രോഗിക്ക് വേറെ എന്ത് ചിന്ത . അത് ശരി യാണ്  താനും . ആയുര്‍വേദം നല്ലതാണോ , ഹോമിയോ  നല്ലതാണോ , യൂനാനി യും അക്യു പഞ്ചര്‍ ചികിത്സയും  ,യോഗയും നല്ലതാണോ , മനുഷ്യര്‍ക്ക്‌ ഗുണം ചെയ്യുന്നതാണോ ഇവ എന്നൊന്നും ഇനി ആലോചിക്കേണ്ട കാര്യം യുക്തിക്കും ,കാഴ്ചക്കും  പണത്തിനും  മാത്രം പ്രാധാന്യം നല്‍കുന്ന ഒരു വ്യവസായ ലോകത്ത് നിന്നു പ്രതീക്ഷിച്ചു കൂടാ .
പിന്നെ ആരാണ് മനുഷ്യ ജീവിതത്തെ  മനുഷ്യ ശരീരത്തെ യടക്കം സമഗ്രമായി  കണ്ടു ചികിത്സിച്ചിരുന്ന പഴയ സമ്പ്രദായങ്ങളെ യും പുതിയ അറിവുകളെയും സമന്വയിപ്പിച്ച്  ഏറ്റവും  മാനുഷികമായ പരി ഗണനകള്‍  ഉള്ള ഒന്നു വികസിപ്പിച്ചെടുക്കുക .  മനുഷ്യ യന്ത്രം തുരുമ്പ് പിടിക്കാതെ നോക്കേണ്ടത് മരുന്ന് കച്ചവടക്കാര്‍ തൊട്ടു മെഡിക്കല്‍ യന്ത്ര സാമഗ്രി കള്‍ ഉത്പാതിപ്പിക്കുന്ന  വ്യവസായികള്‍ വരെയുള്ളവരുടെ ലാഭവര്‍ധ നവിനുള്ള ഉപാധിയായിരിക്കെ  അത് അവരുടെ  ആവശ്യമായിരിക്കെ അതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ ഇനി ഉണ്ടാവുമോ?  അവരെ അന്തിനു പ്രേരിപ്പിക്കാത്ത അച്ഛനമ്മമാരും  ?  ഉണ്ടാവാതിരിക്കില്ല ...

ഈ ശിഥില ചിന്ത തത്കാലം ഇവിടെ നില്‍ക്കട്ടെ ...!

Tuesday, February 23, 2010

നിഘണ്ടു


'നനുനനുത്ത വാക്കുകള്‍ കൊണ്ട് നീ എന്നെ മൂടണം
പൂക്കള്‍ കൊണ്ടെന്ന പോലെ
എല്ലാ വാക്കുകളും
പുഴയുടെ ഇളം നീല നിറത്തിലും കടല്‍ തിരകളില്‍ വീണു നനവാര്‍ന്നതു  മാകണം
അവയില്‍ തുടിക്കുന്നത് നിന്റെ  അനുരാഗ ലോലമായ നോട്ടങ്ങളിലെ ചുടു നിശ്വാസങ്ങള്‍ ...'

ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍
എന്റെ പ്രേമം  വഴിയുന്ന പദ നിഘണ്ടു വാക്കുകള്‍ പൂഴ്ത്തി വച്ചു തുടങ്ങി
പേജുകള്‍ സങ്കോചിപ്പിച്ചു  ചുരുങ്ങാനും .
'പ്രണയ നിഘണ്ടു വിലെ വാക്കുകള്‍ നീ മറന്നു പോകട്ടെ' എന്നു ഒരു വാചകം
ഒന്നാം പേജില്‍ എനിക്ക് കാണത്തക്കവിധം തുറന്നു  വച്ചു
പ്രണയിനിക്കൊപ്പം  വരുന്ന ആ സുഗന്ധ കാറ്റ് വിരല്‍ ഞൊ ടിച്ചു
കളിയാക്കി കടന്നു പോയി .

പകരം വന്നത്..
പ്രണയ ശവയാത്ര ക്ക്  കൂട്ട് പോകാന്‍  കുറെ വാക്കുകള്‍ ..

 ആധി,  വ്യാധി , അശാന്തി ,
  അസ്വാതന്ത്ര്യം ,അസ്വസ്ഥത ,യുദ്ധം ,
ഒളിപ്പോരു,ബോംബു ,നാറ്റോ ,
വിശപ്പ്‌ , രോഗം , വാര്‍ധക്യം ,
അശരണര്‍   ,അബല , ആദിവാസി ,
ബലാല്‍ സംഗം ,കൊള്ള, കൊല, കൊള്ളിവെപ്പു...

അങ്ങനെ 'പ്രണയ ശവയാത്രാ  നിഘണ്ടു'വില്‍ വാക്കുകള്‍ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു ..
വാക്കുകള്‍ വളര്‍ന്നു കൊണ്ടേ യിരിക്കുന്നു,
നീണ്ടു കൊണ്ടേയിരിക്കുന്നു ...







Monday, February 15, 2010

നിറകുടം

അടച്ചു വച്ച പാത്രം തുറന്നപ്പോള്‍ അത് പുറത്തു ചാടി
ശൂന്യത!
വിക്കാത്ത വാക്കുകള്‍ വളച്ചു അത് ചോദിച്ചു .
എന്തിനു നീ  കുടത്തിന്റെ മൂടി നീക്കി ?
എവിടെ എനിക്കിരിക്കാനൊരിടം?
നിറയാന്‍ ഒരിടമില്ലാതെ
ശൂന്യത നിശൂന്യതയായി നടമാടി കൊണ്ടിരിക്കെ
ചിന്തയില്‍ മുഴുകിയ എന്നെ നോക്കി അത് പറഞ്ഞു ,
ചിന്താ ഭാരം കളഞ്ഞേക്കൂ
ഞാന്‍ കവിതയില്‍ കുടിയിരുന്നോളാം,
പേടിവേണ്ട .





Thursday, February 11, 2010

പോക്ക്

ചിലച്ചു കൊണ്ട്  പറക്കുന്ന പക്ഷി
കാറ്റിനെയും വെളിച്ചത്തെയും മുറിച്ചു
തന്റെ പാട്ട്  മരങ്ങളിലേക്കും ഇലച്ചാര്‍ത്ത് കളിലേക്കും  വിതറി
കടന്നു പോകുന്നത് പോലെ
അത്ര അനായാസമാക ണം.

തിങ്ങിയ പുഴ യില്‍
കരയിലേക്കും  ആഴങ്ങളിലെക്കും തുഴയുന്ന മത്സ്യം കണക്കെ
താളത്തില്‍ ആവണം   അപ്പോള്‍ ശാസ വേഗം .

പുലിയെ കണ്ട പുള്ളിമാനിന്റെ നടുക്കം കണ്‍കളില്‍ ഉണ്ടാവരുത് ,
പകരം  ബുദ്ധന്റെ  നീണ്ടിടം പെട്ട കണ്ണിലെ ആ തിളങ്ങുന്ന ശാന്തത ,
അതുമല്ലെങ്കില്‍
നൃത്തം ചെയ്തു തളര്‍ന്ന നടരാജന്റെ കണ്ണിലെ ഹര്‍ഷം .

കൈ നീട്ടുന്നത്  പൊട്ടാത്ത  ഒരു പിടി വള്ളിയിലെക്കാവരുത് ,
മിന്നലിന്റെ  സ്വര്‍ണ  നൂലിലെക്കൊ
വെയിലിന്റെ  വെള്ളി ക്കമ്പി യിലെക്കോ ആകണം ..

വീണ്ടും വീണ്ടും വെളിച്ചത്തിലേയ്ക്കു കുതിക്കുന്ന
ഉടലും ഉയിരുമറിയാത്ത ഈയലിനപോലെ ആകരുത് 
,വെളിച്ചമായി തീര്‍ന്ന അതിന്റെ  കുതിപ്പ് ..
കെടാനോ കെടുത്താനോ ,
അണയാനോ അകലാണോ അല്ല
പടരാനും പരത്താനുമാണ് അതിന്റെ ഊളി.

അതിനാലാണ് മിന്നല്‍ വള്ളിയില്‍ തൂങ്ങി
അനായാസം അത് പറക്കുമ്പോള്‍
 അതിന്റെ ഇല്ലാത്ത
ഒരൊഴിഞ്ഞ  കൂടിനെ പറ്റി
ഞാന്‍നിന്നോട് പറയാത്തത്








Monday, February 8, 2010

ചില നേര്‍ കാഴ്ചകളെ പറ്റി -വെറുതെ

   നമ്മുടെ പൌര ബോധത്തെ കുറിച്ച്‌ ഉപന്യസിക്കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ എന്റെ ഉപന്യാസം താഴെ പറയുന്ന മൂന്നു നാല് ഉദാഹരണങ്ങളില്‍ കൂടി ആയിരിക്കും പുറത്തു വരുക.ഇതാ ഇതുപോലെയുള്ള നേര്‍ അനുഭവങ്ങളിലൂടെ .

കോട്ടയത്തെക്കുള്ള  എന്റെ ബസ്‌ യാത്ര കുറച്ചു നീണ്ടതായിരുന്നു . ഒരു സമ്മേളനത്തില്‍ , സെമിനാറില്‍ പങ്കെടുക്കാനാണ് . മനുഷ്യ സഹജമായ ഒരാവശ്യമാണ് എനിക്കും എന്റെ കൂട്ടുകാരിക്കും അത്രയേറെ  നീണ്ട യാത്രക്കൊടുവില്‍ ഉണ്ടായതു . ഒന്നു ടോയ് ലറ്റില്‍  പോകണം . ബസ്‌ സ്റാന്റിലെ ടോയ് ലറ്റിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു . കൂട്ടുകാരി വാതില്‍ക്കല്‍ കാവല്‍ നിന്നു . ഞാന്‍ മൂത്രപ്പുരയുടെ വാതില്‍ തുറന്നു അകത്തേക്ക് കാല്‍ വച്ചു. അകത്തേക്കുള്ള കാല്‍ വെപ്പ് പക്ഷെ ഏകദേശം  മുട്ടോളം എത്തുന്ന മൂത്ര സംഭരണി യിലെക്കായിരുന്നു . എന്റെ നിവൃത്തികേട് കൊണ്ട് ആ മൂത്ര സംഭരണി യെ എനിക്ക് ആശ്രയിക്കേണ്ടി വന്നു ..വെള്ളം , ടാപ്പ്‌ .ഇതൊന്നും ആ പ്രദേശത്ത് തന്നെ ഇല്ലായിരുന്നു .അതിവൃത്തിഹീന മായിരുന്ന ആ മൂത്രപ്പുരയിലെ ഒറ്റ കയറ്റം കൊണ്ട് രാത്രിയാകുന്നതിനു മുന്‍പേ എനിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി ,കലശലായ പനിയും .ഡോക്ടര്‍ ,മരുന്ന് എല്ലാമായി  യാത്ര , സമ്മേളനം എല്ലാം നരക തുല്യമായ ഒരോര്‍മ്മയായി എന്റെ യുള്ളില്‍ ഇപ്പോഴും നില്‍ക്കുന്നു ..ആ കക്കൂസ് പോലെ തന്നെ .( ബസ്‌ സ്ടാന്റ്റ്  എന്നു  കേട്ടാല്‍ എന്റെ മനസ്സില്‍ കോട്ടയം ബസ് സ്റാന്റിലെ   ആ ദിവസം ഓടി വരികയായി ; ഇപ്പോള്‍ , ഈ യിടെ ആ നിലക്ക് എന്തെങ്കിലും മാറ്റം  വന്നോ എന്നു എനിക്ക് അറിയില്ല .എങ്കിലും ).കോട്ടയം  ബസ് സ്ടാന്റ്റ്  മൂത്രപ്പുര അനുഭവം കഴിഞ്ഞു പിന്നെയും ഉണ്ടല്ലോ അനുഭവങ്ങള്‍ .
എറണാകുളത്തെ  കാര്യം തന്നെ എടുക്കാം അത് രണ്ടു ദിവസം മുന്‍പേ നടന്നത് .

സൌത്ത് റയില്‍ വെ  സ്റേഷന്‍  ആണ് സ്ഥലം .പുറത്തൊക്കെ നല്ല വൃത്തിയും വെടുപ്പും ഉണ്ട് . ഇരിക്കാനും നില്‍ക്കാനും സൌകര്യമുണ്ട് . തീര്‍ച്ചയായും ഒന്നിനും വലിയ കുറ്റം പറയാനില്ല . എന്നാല്‍ പണം കൊടുത്തു ടോയ്ലറ്റില്‍ കയറുമ്പോഴാണ് നമ്മുടെ പൌര ബോധം എത്രയാണെന്ന് തിരിച്ചറിയുക . മുട്ടോളം  മൂത്രം നിറഞ്ഞു തടാകമായില്ലെങ്കിലും ആവശ്യത്തിനു അതുണ്ട് . ഒരു ബക്കറ്റും കപ്പും അതിനുള്ളില്‍ വച്ചിട്ടുമുണ്ട്  ടൈല്‍സ് ഇട്ട വൃത്തിയുള്ള നിലമാണ്‌ . പക്ഷെ ഇതൊക്കെയായിട്ടും അതുപയോഗിക്കുന്നവര്‍ മൂത്രം  ഒഴിച്ച് കഴിഞ്ഞാല്‍ ഒരു കപ്പ്‌ വെള്ളം അതിനു മേലെ  ഒഴിക്കാന്‍ നില്‍ക്കാതെ പിന്നീട് വരുന്നവര്‍ക്കായി തന്റെ മൂത്ര സുഗന്ധവും മൂത്രവും അവശേഷിപ്പിച്ചു പോകുന്നതിനെ , ആ മനോ ഭാവത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം ?

ഇനി വരുന്നത് ഇന്ദിരാഗാന്ധി യുടെ പേരില്‍ അറിയപ്പെടുന്ന ദല്‍ഹിയിലെ ആ അന്താരാഷ്‌ട്ര വിമാന ത്താവളത്തിലെ    കുളിമുറിയും കക്കൂസുമാണ് . ഈയിടെ   എനിക്ക് അതിലൊന്നില്‍  കയറാന്‍  ഉള്ള 'ഭാഗ്യം ' സിദ്ധിച്ചു . വിമാനത്താവളത്തിലെ   വൃത്തിയും ഭംഗിയും ഞാന്‍ വിസ്തരിക്കേണ്ട കാര്യമില്ല . എല്ലാം വെട്ടി തിളങ്ങുന്നത്  തന്നെ . ടോയലട്ടും അങ്ങനെ തന്നെ ആയിരിക്കണമല്ലോ .വെള്ളം , ടിഷ്യൂ പേപ്പര്‍ വേസ്റ്റ്  ബാസ്കറ്റ്  എല്ലാമുണ്ട് . അതില്‍ കയറാന്‍ വരുന്നവരോ  വിദേശിയും സ്വദേശിയുമായ പരിഷ്കാരികള്‍ .ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് അല്ലെ. പക്ഷെ നാം പ്രതീക്ഷിക്കാത്തത് അവിടെയും സംഭവിക്കാം . വെള്ളവും വെളിച്ചവും , വേസ്റ്റ് ബാസ്കടും ടിഷ്യൂ പേപ്പറും ഉണ്ടെങ്കിലും അവ ഒന്നുപോലും ഉപയോഗിക്കാതെ  ചോര പുരണ്ട സാനിട്ടറി നാപ്കിന്‍ ടോയലറ്റിന്റെ മൂലയ്ക്ക് വേസ്റ്റ് ബാസ്കട്ടിനടുത്തു തന്നെ വക്കുക , മലവും മൂത്രവും വിസര്‍ജിച്ചു  വെള്ളം കൈകൊണ്ടു തൊടാതെ  എഴുന്നേറ്റു പോവുക .....
എന്തായിരിക്കാം അങ്ങനെ ചെയ്യുന്ന ഒരു മഹിളയുടെ മനസ്സില്‍ ..അതും വിമാനയാത്രക്കാരിയായ ഒരു മഹിളാ  രത്നത്തിന്റെ . ..എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല . എങ്കിലും ഒരു കാര്യം തോന്നി.  തന്റെ പിന്നാലെ കയറാന്‍ വരുന്ന തന്നെ പോലുള്ള ഒരുത്തിക്ക് കുറഞ്ഞപക്ഷം ഒരു ഓക്കാനത്തിനുള്ള   വക നല്‍കണം .

ഇനിയുമുണ്ട് മാലിന്യ വിശേഷം  . ഞങ്ങളുടെ വീടിനു മുന്‍പില്‍ ഒരു പുഴയുണ്ട് .സ്വാഭാവികമായും അതിനു ഒരു തീരവും. . പുഴയില്‍ നിന്നുള്ള കുളിര്‍ കാറ്റു കൊണ്ട്  ഇരിക്കാം എന്നു നിങ്ങള്‍ കരുതിയെങ്കില്‍ അത് വെറുതെ . തീരത്ത് ഞങ്ങളുടെ ഉമ്മറത്ത്‌ എന്ന വിധം സ്ഥിരം മലവും മൂത്രവും വിസര്‍ജ്ജിച്ചു  ഞങ്ങളുടെ രാവിനെയും രാവിലെകളെയും സന്ധ്യകളെയും ഒരു പോലെ മലിന ഗന്ധത്താല്‍ നിറക്കാന്‍ ആളുകള്‍ ഉണ്ട് .
അവര്‍ക്ക് കക്കൂസുകള്‍ ഉണ്ടാവില്ലായിരിക്കും , സാധുക്കള്‍ എന്നാണെങ്കില്‍ ..അതല്ല .അവര്‍ക്ക്ക് അതിനുള്ള എല്ലാ സംവിധാനങ്ങളും  ഉണ്ട് . പക്ഷെ ചൊട്ടയിലെ ശീല മല്ലേ , മാറ്റാന്‍ പറ്റുമോ ?  ..പുഴ ത്തീരത്ത് 'കക്കൂസുക ' ഒഴുക്കില്ലാത്ത ആപുഴയില്‍ കഴുകുക അതില്‍ തന്നെ കുളിക്കുക ....അതാണ്‌ കാലാ കാലങ്ങളായുള്ള ശീലം  . ധരിക്കുന്ന വസ്ത്രമാണ് നമ്മള്‍ എന്നു പറയുന്നതുപോലെ ശീലമാണല്ലോ നമ്മള്‍ . ഇനി ഈ പുഴ യെ പറ്റി ...പുഴ എന്നു പറഞ്ഞാല്‍ നമ്മുടെ ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴയൊന്നുമല്ല  എന്നറിയാമല്ലോ  . ഒരു വലിയ തോട് അത്രതന്നെ . ഇ പ്പോള്‍  അതിന്റെ തീരത്തെപറ്റി നിങ്ങള്‍ക്കു ഒരു ഏകദേശ  ധാരണ കിട്ടിയിട്ടുണ്ടാകുമല്ലോ .

ഇത്രയും അമേധ്യ/മലിന  സംബന്ധിയായ അനുഭവത്തില്‍ നിന്നു എനിക്ക് മനസ്സിലായ ,അല്ലെങ്കില്‍ ഞാന്‍ ഉരുത്തിരിച്ച ഒരു സിദ്ധാന്തം ഇങ്ങനെ പോകുന്നു .
മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ  അമേധ്യത്തിനു കൊടുക്കുന്ന അത്ര ബഹുമാനം / പ്രാധാന്യം പോലും അന്യനു /അപരന് കൊടുക്കുന്നില്ല  . അല്ലെങ്കില്‍ അവന്റെ സ്വയം രമിക്കല്‍  സ്വന്തം തീട്ടതിനു സുഗന്ധമാണ് എന്നു വിശ്വസിക്കാവുന്ന വിധം സ്വാര്‍ത്ഥം കൊണ്ട്  നിറഞ്ഞിരിക്കുന്നു .പരിഷ്കാരി എന്നും സമ്പന്നര്‍ എന്നും വിദ്യാഭ്യാസം കൊണ്ട് വിവരം വച്ചവര്‍ എന്നും നാം പറയുന്ന കൂട്ടര്‍  മുതല്‍ ഈ പറഞ്ഞതൊന്നും ഇല്ലാത്തവര്‍  വരെ ഇക്കാര്യത്തില്‍ സമന്മാര്‍ . 

നിങ്ങള്‍ക്കു വിയോജിക്കാം . നാറാത്ത ഒരു പബ്ലിക്‌ ടോയ് ലറ്റില്‍ കയറാന്‍ സാധിക്കുന്ന ദിവസം വരുന്നു എങ്കില്‍ , പുഴയോരത്തെ ഞങ്ങളുടെ  സ്വന്തം വീടിനുള്ളില്‍ മല ഗന്ധമേല്‍ക്കാതെ  ഉറങ്ങാന്‍,  ഉണരാനും  സാധിക്കുന്ന  ഒരു ദിനം വരുന്നു  എങ്കില്‍  ഞാനും മേല്‍ പറഞ്ഞതിനോട്  സ്വയം വിയോജിക്കാം .