"ഷാരോടിക്ക് എന്തെങ്കിലും കിട്ടിക്കോട്ടേ അമ്മ പറഞ്ഞു. 'പുഷ്പാഞ്ജലി ക്കുള്ളത് ശീട്ടാക്കാതെ ഷാരോടീടെ കയ്യില്‍ കൊടുത്താല്‍ മതി' .
എന്റെ വീട്ടിലേക്കുള്ള യാത്രകള്‍ അമ്മയെ കാണാനും നാടിന്റെ മാറി മാറി വരുന്ന മുഖം എങ്ങനെയിരിക്കുന്നു എന്ന് തൊട്ടും തലോടിയും അറിയാനും ആണ് . അമ്പലം നാട്ടിലെ ഒരേ ഒരു മാറാത്ത കാഴ്ചയാണ്. അമ്പലക്കുളം ഇടിഞ്ഞു തകര്ന്നു. കുട്ടിക്കാലത്ത് നായന്മാരും മറ്റു ജാതിയില്‍ പെട്ടവരും കുളിച്ചിരുന്ന പുറത്തെ കുളം പായലും കാടും പിടിച്ചു കിടക്കുന്നു. അതിന്റെ കരയില്‍ ഉണ്ടായിരുന്ന മനോഹരമായ കുളപ്പുരയുടെ തറ പോലും കാണാനില്ല. ഇതു അമ്പലത്തിന്റെ ചുറ്റു മതിലിനും പുറത്തുള്ള കുളത്തിന്റെ കഥ. മതില്‍ കെട്ടിന് അകത്തുള്ള കുളം മുക്കാലും തൂര്‍ന്നു കഴിഞ്ഞു
. വെള്ളം മഴക്കാലത്ത് പോലും കഷ്ടി. ഉള്ളതില്‍ തന്നെ കുളിക്കാന്‍ കഴിയുമോ എന്ന് സംശയം .പടവുകള്‍ ഇടിഞ്ഞു പൊളിഞ്ഞു ചവിട്ടിയാല്‍ അടര്‍ന്നു പോകുന്ന വിധത്തിലാണ്. അമ്പല മുറ്റം എപ്പോഴും കാട് പിടിച്ചു തന്നെ. നല്ല പശിമയുള്ള മണ്ണ് ആയതു കാരണം ഗോവിന്ദന്‍ നായര്‍ ചെത്തി വെടിപ്പാക്കിയാലും ഒരാഴ്ച കൊണ്ടു വീണ്ടും കാട് പിടിക്കും എന്ന് ഏടത്തി .
കുട്ടിക്കാലത്ത് സൈക്കിള്‍ ഓടിച്ചു പഠിക്കാന്‍ നട്ടുച്ച നേരത്ത് വീട്ടിലുള്ളവരെ അറിയിക്കാതെ വരുന്ന ഏട്ടന്റെ പിന്നാലെ ഏട്ടന്‍ പോലും അറിയാതെ വന്നു കെഞ്ചിയും താണു കേണും നിന്നു ഒന്നോ രണ്ടോ വട്ടം സൈക്കിളില്‍ അമ്പലം ചുറ്റി യിരുന്നത്...
ടിപ്പുവിന്റെ പടയോട്ടക്കാലം ഭാവന ചെയ്യാന്‍ എന്നും നിമിത്തമായിരുന്ന തലയും കാലും പോയ നന്ദി പ്രതിമ ..ഇളകി വീഴാതെ ഉറപ്പിച്ചു വെച്ച വെച്ച നമസ്ക്കാര തിണ്ട് കഷണങ്ങള്‍. രണ്ടു കാല്‍ മാത്രം ആയി ചുരുങ്ങിയ കൃഷ്ണ ബിംബം .. എല്ലാം എന്നും അങ്ങനെ തന്നെ ഉണ്ടായിരുന്നു. അടുത്ത കാലം വരെ ഇഇയിടെ യായി ഒന്ന് മാറിയിട്ടുണ്ട് . കൃഷ്ണന്റെ രൂപം ;
ഇപ്പോള്‍ കൃഷ്ണന്‍ ഉടലാണ്ട് നില്ക്കുന്നു .ചെറിയ മന്ദസ്മിതം ചുണ്ടിലുണ്ട്. അമ്മ പറയും ഞാന്‍ വരുമ്പോള്‍ ആ കാലു മാത്രമേ ഉള്ളു.. ഇപ്പൊ ഇങ്ങനെ രൂപം തിരിച്ചു കിട്ടിയല്ലോ.. അമ്മ അങ്ങനെ പറയുമ്പോള്‍ മിന്നി മറയുന്ന ആ ഭാവങ്ങളില്‍ തെളിഞ്ഞ സന്തോഷം..
അമ്മ പറഞ്ഞു . ' അമ്പലത്തില്‍ കുറച്ചു ദിവസം മുമ്പ് കള്ളന്‍ കയറി ' കൃഷ്ന്റെയും ശിവന്റെയും മാലയും അരഞ്ഞാണവും ഒക്കെ കൊണ്ടു പോയി .' ..കഷ്ടം '' ഇങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നുന്നുണ്ടല്ലോ ആളുകള്‍ക്ക്.. ' അമ്മക്ക് പുതിയ ആളുകളുടെ പ്രകൃതം സന്കല്‍പ്പിക്കാവുന്നതിലും അപ്പുറത്താണ് .
അമ്മ ഇങ്ങനെയൊക്കെ പറയുന്നതു കേള്‍ക്കാനാണ് ഞാന്‍ നാട്ടില്‍ പോകുന്നത് തന്നെ. അമ്പലത്തിലേക്ക് നടക്കാന്‍ വയ്യ അമ്മക്ക് . കുട്ടിക്കാലത്ത് അമ്മക്ക് തുണയായി പോകുന്നത് ഞാനായിരുന്നല്ലോ. തുണ ക്കാരത്തികള്‍ എന്റെ കുട്ടിക്കാലത്ത് തന്നെ ഇല്ലാതായിരുന്നു. അത് കൊണ്ടാണ് അമ്മയെ സന്തോഷിപ്പിക്കാനും കൂടിയായി ഞാന്‍ നാട്ടില്‍ പോകുന്ന ഓരോ തവണയും അമ്പലത്തില്‍ മുടങ്ങാതെ പോകുന്നത്.
ഏത് ഞാനാണ് അമ്പലം ചുറ്റുന്നതും തിളങ്ങുന്ന ചന്ദ്ര കല ചൂടിയ ശിവനെയും പുഞ്ചിരിക്കുന്ന കൃഷ്ണനെയും , അയ്യപ്പന്‍ ,ഗണപതി മാരെയും പ്രദക്ഷിണം വയ്ക്കുന്നത്? അത് രണ്ടിലോ മൂന്നിലോ പഠിച്ചിരുന്ന അമ്മയുടെ തുണ ക്കാരിയായ ഞാന്‍ തന്നെ . അത് കഴിഞ്ഞു ചെല്ലുമ്പോള്‍ കയ്യില്‍ കിട്ടിയ പ്രസാദം അമ്മയുടെ നെറ്റിയില്‍ തൊട്ടു കൊടുക്കുമ്പോള്‍ എനിക്ക് അമ്പലത്തില്‍ പോയതിന്റെ ശരിയായ ഫലം ലഭിച്ചു എന്ന് തോന്നും. അമ്മ ചോദിക്കും ' കുഞ്ഞപ് ഫനെ ഓര്‍മ്മയുണ്ടോ നിനക്ക് ?' ഉവ് 'ഞാന്‍ കാണുമ്പോള്‍ കൂനുണ്ടായിരുന്നു ..അമ്മ കാണുമ്പോള്‍ കൂനുണ്ടായിരുന്നോ കുഞ്ഞ ഫന്? " ഏയ് ഇല്ല.. എന്നാലും ശ്ശി വയസ്സ് അന്ന് തന്നെ ഉണ്ടായിരുന്നൂ ന്നു തോന്നുന്നു. " അച്ഛന്റെ അടുത്താ സങ്കടങ്ങളൊക്കെ പറയാന്‍ വര്വാ..അന്നും അമ്പലത്തില്‍ നട വരവോക്കെ കഷടിയാണ് ..." ശാന്തി കൊണ്ട് എന്താവാനാ. ആരുടേം കയ്യില്‍ കാശൊന്നും ഇല്ലാ.. വല്ല തേങ്ങയോ അരി യോ ഉള്ളതില്‍പങ്കു കൊടുക്കും "
"അമ്മ ഇപ്പൊ എന്താ കുഞ്ഞഫന്റെ കാര്യം പറയാന്‍ ഞാന്‍ ഇടയില്‍ കടന്നു ചോദിച്ചു
.." ഒന്നൂല്യ ആ ഷാരോടി ന്റെ കാര്യം വിചാരിച്ചപ്പോള്‍ ഓരോന്ന് ഓര്‍മ്മ വന്നു"
ഇത്തവണ അമ്മക്ക് ഷാരോടിയെ കുറിച്ചായിരുന്നു പറയാന്‍ ഉണ്ടായിരുന്നത് .
ഞാന്‍ പഴയ ശേഖര പിഷാരോടി യെയും ആത്മഹത്യ ചയ്ത അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് ഓര്‍ത്തു. മക്കളില്ലാത്തത് ആയിരുന്നു അവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ഒരിക്കല്‍ അമ്മ തന്നെയാണ് പറഞ്ഞത് "ആ ഷാരസ്യാര്‍ റയിലില്‍ തല വച്ച്..മരിച്ചു.. പാവം. " കുട്ടികളില്ലാത്ത ദുഃഖം കൊണ്ടൊന്നുമല്ല , അവര്‍ മക്കളെ പോലെ കരുതിയ അടുത്ത ബന്ധുക്കള്‍ സ്വത്തു കിട്ടിയ പാടെ അവരെ അവഗണിച്ച് തള്ളി പുറത്താക്കിയതിന്റെ ഖേദത്തില്‍ ആണ് എഴുപതാം വയസ്സില്‍ അവര്‍ റയില്‍ പാളത്തിലേക്ക് എടുത്തു ചാടിയത് .
ആ ഷാരോടി കുടുംബ വുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇപ്പോഴത്തെ കഴകക്കരനായ ഷാരോടി. പഴയ ,എന്റെ കുട്ടിക്കാലത്തെ ഷാരോടികുടുംബം ഭേദപ്പെട്ട നിലയില്‍ ഒരു രണ്ടു നില മാളികയില്‍ താമസിച്ചിരുന്നവരായിരുന്നു .ഭംഗിയുള്ള കുളവും കുളപ്പടവുകളും നല്ല ചന്തമുള്ള മുറ്റവും മുറ്റത്ത് ഒരു കിണറും മഞ്ചാടി കുരുക്കള്‍ വിതറി യിടുന്ന ഒരു മഞ്ചാടി മരവും ഒക്കയൂണ്ടായിരുന്ന ഒരു വീട്. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവര്‍ പരസ്പരം കുട്ടികളായി ചമഞ്ഞു കളിക്കും എന്ന് അവരുടെ അയല്‍വാസികള്‍ തമ്മില്‍ പറഞ്ഞു ചിരിച്ചിരുന്നു.. അതൊക്കെ കഴിഞ്ഞിട്ട് മുപ്പതു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം.
ഇപ്പോള്‍ അമ്മ പറയാന്‍ തുടങ്ങുന്ന ഷാരോടി കഥ എന്താണ് .
അമ്പലത്തില്‍ പോകാറി ല്ലെങ്കിലും അമ്മ മനസ്സ് കൊണ്ട് എന്നും അമ്പലം പ്രദക്ഷിണം വക്കുന്നുണ്ട് എന്ന് എനിക്ക് തോന്നും. ദൈവത്തിനെയും , പ്രേതങ്ങളെയും യക്ഷിയേയും ഒടിയനെയും ,ദേവന്മാരെയും അസുരന്മാരെയും എല്ലാം ഒരുപോലെ ഭാവനയില്‍ കണ്ടു പേടിക്കുകയും സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്ന കാലം.. അമ്മയും മുത്തശ്ശിയും കഥകളില്‍ അവരെയെല്ലാം നിരത്തി നിറുത്തി കാണിച്ചു ...മയില്‍ പീലി ചൂടിയ കൃഷ്ണന്‍ മുതല്‍ അനേകായിരം ദൈവരൂപങ്ങള്‍.
ഞാന്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍ അതൊക്കെ ഓര്‍ക്കും എന്ന് അമ്മക്കറിയാം. എന്റെ മനസ്സില്‍ നിന്ന് എന്നെ ഇറങ്ങിപ്പോയ ദൈവങ്ങളെയൊക്കെ അമ്മ മുന്‍പില്‍ അവതരിപ്പിക്കും. എന്റെ ബാല്യം പോലെ തന്നെ ;വീട് വിടുമ്പോള്‍ അവര്‍ എന്നെ വിട്ടു എന്റെ വീട്ടിലും അമ്പല പറമ്പിലുമായി കൂടം ചേര്‍ന്ന് നില്‍ക്കുകയും ചെയ്യും. എന്റെ അടുത്ത വരവ് കാത്തു.എന്നപോലെ.. അല്ലെങ്കില്‍ എന്നെ യാത്രയാക്കാനെന്നപോലെ.
എന്താ ഷാരോടിയെ പറ്റി അമ്മ കഷ്ടം പറഞ്ഞത് ഞാന്‍ ചോദിച്ചു.
അതിന്റെ കാര്യം വല്യ കഷ്ടത്തിലാ..അതെന്താ"?
അല്ല ബാക്കിയുള്ള ആളുകളെ പോലെ സാമര്‍ത്ഥ്യം ഒന്നും ഇല്ലാത്ത ആളാണെ അയാള്‍..." അല്ലെങ്കിലും എന്ത് സാമര്‍ത്യ മാണ് എന്നും പൂ പറിച്ചു മാലകെട്ടിയും അവ നന്നാക്കിയും മറ്റും നിത്യ വൃത്തി ചെയ്യുന്ന അയാള്‍ക്കുണ്ടാവുക. ? ഞാന്‍ വെറുതെ വിചാരിച്ചു. '
'അയാള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാറുണ്ട്. അമ്മ പറഞ്ഞു അമ്പലത്തിലെ നടവര വ് പറയത്തക്ക വിധം ഇല്ല്യല്ലോ. .ഭാര്യയും വയസ്സായ അമ്മയും ഉണ്ട് അയാള്‍ക്ക്.'
ശമ്പളമൊന്നും കിട്ടില്ലേ അമ്പലത്തില്‍ നിന്ന് ? ഞാന്‍ ചോദിച്ചു ചെറിയത് എങ്കിലും ഒരു സ്ഥിരം വരുമാനം ഉണ്ടാകുമല്ലോ ?
..ഏയ് അതൊന്നും ശരി യായിട്ടില്ല .. എന്തോ പേപ്പറ് ഇതുവരെ ശരി ആയിട്ടില്ല എന്നെ കേട്ടത്. മൂന്നുനാല് കൊല്ലം കഴിഞ്ഞു.. പേപ്പറ് ഇങ്ങനെ എഴുതി അയക്കുന്നുണ്ട് എന്നെ പറഞ്ഞത്.. ആരാ ആവോ അതൊക്കെ ശരി ആക്കി അയാള്‍ക്ക് പൈസ കിട്ടാന്‍ സഹായിക്ക്യ ...അറിയില്ല്യ ."
. അമ്മ ..ഷാരോടിയുടെ പ്രാരാബ്ദം ഓര്‍ത്തു സങ്കടപ്പെട്ടു.
ഇങ്ങനെ അമ്പലത്തില്‍ പോകാതെ തന്നെ അമ്പലത്തിലെ ദേവന്റെ കാര്യം മുതല്‍ അടിച്ചു വാരുന്ന മീനാക്ഷിയുടെ ചൂലിന്റെ തേയ്മാനം വരെ അമ്മ അറിയും .
അമ്മ പറയുന്നത് ശരിയാണെന്ന് രണ്ടോ മൂന്നോ മാസത്തെ ഒരു വിടവിനു ശേഷം ചെല്ലുമ്പോള്‍ എനിക്ക് ബോധ്യ മാവും.
ഇങ്ങനെ ഓരോന്നു വിശദീകരിക്കുമ്പോഴാണ് അമ്മ ഞാന്‍ അമ്പലത്തില്‍ പുഷ്പാഞ്ജലി കഴിക്കണം എന്നും ആ പൈസ പാവം പിടിച്ച ആ ഷാരോടിക്ക് കിട്ടാന്‍ അത് ശീട്ടാക്കാതെ അയാളുടെ കൈയില്‍ കൊടുക്കണമെന്നും ആവശ്യപ്പെട്ടത് .
ഞാന്‍ കൊടുക്കുന്ന ആ ഇരുപതു രൂപ കൊണ്ട് അയാളുടെ ഒരു ദുരിതവും മാറാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം ..അമ്മയ്ക്കും അറിയാം.
എങ്കിലും..
ഇങ്ങനെ പറയുന്ന എന്റെ വീട് ഒരു ജന്മിയുടെയോ പ്രഭുവിന്റെയോ അല്ല .. എന്റെ അമ്മ പ്രഭ്വിയും അല്ല . ..ഷാരോടിയുടെ ക്ലേശങ്ങള്‍ക്ക് സമാനാമായ ക്ലേശങ്ങള്‍ അനുഭവിച്ചും അതിനോട് സമരസപ്പെട്ടും കഴിയുന്ന പല അമ്പല വാസി , ശാന്തി മാര്‍ഗത്തില്‍ കഴിയുന്ന ആളുകളെ പോലെ തന്നെ ..നിത്യ പട്ടിണി യില്ലെന്ന് മാത്രം..എന്റെ , ഞാന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ , പ്രദേശത്തിന്റെ പൊതു നില അങ്ങനെ യാണ് .അങ്ങനെ അല്ലാത്തവര്‍ ഇല്ല എന്നല്ല ..ഉണ്ട് താനും .പക്ഷെ ഞാന്‍ പറയുന്ന ,ഞാന്‍ കൃത്യമായി അറിയുന്ന ഒരു കൂട്ടം ആളുകളും കുടുംബങ്ങളും പഴയ പുസ്തക താളില്‍ എന്ന പോലെ ജീവിച്ചു തീരുന്ന കഥാപാത്രങ്ങളാണ്.
അത് കൊണ്ടാണ് അമ്മ പറയുന്ന പിഷാരോടി കഥ കളും, പാത്തുട്ടിയുടെ കഥകളും, ആശാരി വീട്ടിലെ ലക്ഷ്മിയുടെ കഥയും എല്ലാം എന്നും പ്രസക്തമാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം. അമ്മയുടെ ദേശ സ്പര്‍ശിനി എല്ലാം വീട്ടിലിരുന്നു തന്നെ ഒപ്പിയെടുത്തു കൊണ്ടിരിക്കും . വന്നു പോകുന്ന ലക്ഷ്മിയോ പാത്തുട്ടിയോ പറയുന്ന വാക്കുകളില്‍ നിന്ന് .
ക്ക് ആരും ഇല്ല്യാതായില്ലേ എന്റെ കുട്ട്യേ ..എത്ര കൊല്ലായി ഭര്‍ത്താവും മരിച്ചു ആകെ ണ്ടായിരുന്ന മോളും മരിച്ചു '
എങ്ങനെ മോള് മരിച്ചത്? ലക്ഷ്മി കഥ പറയാനെന്നപോലെ നിലത്തിരിക്കും മുറുക്കാന്റെ, പുകയിലയുടെ രൂക്ഷഗന്ധം പരത്തി പറഞ്ഞു തുടങ്ങും.
' ഒന്നും ണ്ടായിരുന്നില്ല ന്റെ കുട്ട്യേ , സ്കൂളി പോകാന്‍ തുടങ്ങുമ്പോ ഒരു തല കറക്കം ..നിന്ന നിപ്പിനു കുഴഞ്ഞു വീണു. മരിക്ക്യേം ചെയ്തു. പതിനെട്ടു വയസ്സേര്‍ന്നു ഓള്‍ക്ക് .....നെടു വീര്‍പ്പിനു മീതെ അവര്‍ അവസാനിപ്പിക്കും "ഹാര്‍ട്ടിന്റെ സൂക്കെടെര്‍ന്നു ന്ന എല്ലാരും പറയണത് ...ഒക്ക് ഒന്നും ന്ടാര്‍നില്ല്യ.. ഒന്ന് പനിച്ചിട്ടും കൂടിയില്ല .."
ഇപ്പൊ ഇണ്ടെങ്കി ങ്ങളെ പ്രായാവും. ങ്ങക്ക് പ്പോ എത്ര വയസ്സായി " എന്ന ചോദ്യം അകമ്പടിയായി.. "അമ്പതു കഴിഞ്ഞു .."
"..ഹും ...ന്നെ നോക്കാന്‍ ഇപ്പൊ ആരുല്യാതായി "!!!മുഷിഞ്ഞ മുണ്ട് കുടഞ്ഞുടുത്തു നടക്കുമ്പോള്‍ പറയും.. " ഈ ചിക്കന്‍ ഗുനി കാരണം പണി എടുത്തു തിന്നാനും വയ്യാതായി ..കാലിനു വേദന .അല്ലെങ്കി ദിവസം മുന്നൂറു ഉരുപ്യേന്റെ പണി ഞാന്‍ ചെയ്യുവാരുന്നു ..." എല്ലാ പ്രാവശ്യത്തെ യാത്രയിലും എന്നെ കാണുമ്പോഴൊക്കെ അവര്‍ ആവര്‍ത്തിക്കുന്ന കഥയില്‍ രോഗങ്ങള്‍ കടന്നു വന്നിരുന്നില്ല ഇത് വരെ ... മകളുടെ മരണം , ആ കുഴഞ്ഞു വീഴല്‍ ഞാന്‍ എത്ര തവണ കണ്ടു... ഇപ്രാവശ്യം 'ചിക്കന്‍ ഗുനി' വേദനിപിക്കുന്ന വയസ്സായ ആ കാലുകളും കൂടി നാടിന്റെ കഥ പറഞ്ഞു ..
എന്താ ഒരു തിളക്കം കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണാഭരണ പരസ്യം കണ്ട അമ്മ പറഞ്ഞു. ഇതില്‍ ഇത്തിരി ആ ശാരോടിക്ക് കിട്ടിയിരുന്നെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ നോക്കില്ലായിരുന്നു .." അമ്മയുടെ ആത്മഗതത്തിനു ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ സ്വപ്നം പോലെ ചിറകു വരും.. അമ്മക്ക് വയസ്സ് ഏറെയായി..കുട്ടികള്‍ക്ക് തുല്യമാവാന്‍ പറ്റിയ കാലം .
അല്ല എന്തിനാ ഷാരോടിക്ക് സ്വര്‍ണം ? ഭാര്യക്ക് കൊടുക്കാന്‍ കഴിയാതെ അവള്‍ അയാളെ ചീത്ത പറഞ്ഞോ.."
അത് കൊണ്ടാണോ അയാള്‍ മരിക്കാന്‍ തുടങ്ങിയത്? ചെറുപ്പക്കാരിയായ ആ ഭാര്യയേയും മെലിഞ്ഞു പാവം പിടിച്ച ആ ഷാരോടിയെയും ഓര്‍ത്തു കൊണ്ട് ഞാന്‍ ചോദിച്ചു. പരസ്യം കണ്ടാല്‍ ഇതില്ലാതെ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തോന്നിപ്പിക്കുകയാണല്ലോ ഓരോ പരസ്യക്കാരുടെയും ഉന്നം .അങ്ങനെ സ്വര്‍ണ പണ്ടങ്ങളില്‍ മുങ്ങി പൊങ്ങാന്‍ അവസരം വേണമെന്ന് ശഠിച്ചു ഷാരോടിയുടെ ഭാര്യ അയാളെ മരണത്തിലേക്ക് നയിച്ചതാകും എന്ന് ഞാന്‍ ഉറപ്പിച്ചു..
ഏയ് അതൊന്നുമല്ല. ആ കുട്ടി ഒരു പാവാ. .
അമ്പലത്തില്‍ നിന്ന് കള്ളന്‍ ഭഗവാന്റെ വെള്ളി പൊട്ടും പ്രാര്‍ഥിച്ചു ആളുകള്‍ ചാര്‍ത്തിയ മാലയും ഒക്കെ കൊണ്ട് പോയി മൂന്നു നാല് മാസം മുമ്പ്. അതോണ്ടാ ദിവസോം ഭഗവാന്റെ ആഭരണങ്ങള്‍ ഷാരോടി സൂക്ഷിക്കട്ടെ എന്ന് കമ്മിറ്റി തീരുമാനിച്ചത് ..."
എന്നിട്ടെന്തായി ? അയാളുടെ വീട്ടീന്ന് അത് കള്ളന്‍ കൊണ്ട് പോയി ഷാരോടീടെ ഭാര്യേടെ ആ കെയുള്ള ഒന്നര പവന്റെ മാലയും , കൂടി കൊണ്ട് പോയി..'
സി ബി ഐ കഥ പോലെ യായി ഇത്തവണത്തെ അമ്മയുടെ വിവരണങ്ങള്‍..
"പാവം എല്ലാരും കൂടെ ഷാരോടിയെ കുറ്റക്കാരനാക്കി."
അതങ്ങനെയല്ലേ ചെയ്യൂ ഞാന്‍ നാട്ടുകാരുടെ ഭാഗം കൂടി ..
"അയാളുടെ ഭാര്യേടെ മാല പോയി എന്ന് കളവു പറയുകയാണെന്ന് വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി...അമ്മ എന്റെ ഭാഗം കേള്‍ക്കാന്‍ നില്‍ക്കാതെ പറഞ്ഞു.
"ആകുട്ടിയൊക്കെ ഇവിടെ വന്നു എന്താ ഒരു കരച്ചില്‍..നിറ വയറും വച്ചോണ്ട്.."
ഏടത്തിയും ഞാനും കൂടെ കരഞ്ഞു അല്ലാതെ എന്താ ചെയ്യാ.. " അമ്മ കണ്ണ് തുടച്ചു.
എന്നിട്ടോ " ഞാന്‍
'അതങ്ങനെ കഴിഞ്ഞു.....
അവര് വന്നു കൂട്യേ ആളുകളല്ലേ നാട്ടുകാര്‍ക്ക് അതും പറയാന്‍ ഒരു കാരണായി..
വന്നു കൂടിയത് എന്ന് വച്ചാല്‍ കഴകജോലിക്ക് വന്നു കൂടിയത് എന്നാണു അര്‍ഥം പത്തിരുപതു കിലോമീറ്റര്‍ ദൂരെ നിന്നാവണം .
'പിന്നെ എങ്ങനെ ഷാരോടി അത് പരിഹരിച്ചു? ഞാന്‍ വെറുതെ അമ്മയെ സന്തോഷിപ്പിക്കാന്‍ വേണ്ടി താത്പര്യം നടിച്ചു ചോദിച്ചു.
അതൊന്നും പറയണ്ട ..അയാള്‍ എങ്ങനെ പരിഹരിക്കാനാണ് . ആളുകള്‍ പറച്ചില്‍ നിര്‍ത്തി.. എന്നാ ഈ ഷാരോടി ഒരഭിമാനി തന്നെ ആണ്.
അതോണ്ടല്ലേ പിന്നെ അയാള്‍ മരിക്കാന്‍ വിഷം കഴിച്ചത്? '
വിഷം കഴിക്ക്യെ ? അതെപ്പോ ? എനിക്കും ആശ്ചര്യം തോന്നി. കള്ളന്റെ കേസ് കഴിഞ്ഞിട്ട് ഇത്ര്യേം കാലം കഴിഞ്ഞിട്ടാ മരിക്കാന്‍ നോക്കുന്നത്?
കള്ളന്റെ കേസ് ഒരു വക...ആ ആക്ഷേപം അയാള്‍ക്ക് വല്യ വിഷമം ഉണ്ടാക്കി. ഭാര്യേടെ താലി മാല പോയതിനേക്കാള്‍ വെഷമം.. ആ കുട്ടി പറഞ്ഞു കരഞ്ഞതാ അതൊക്കെ. അത് സത്യല്ലാണ്ടേ വരില്യ ."
"ഇതിനെടെലാ വട്ടി പലിശകാരുടെ വരവ്. '
എന്താ അത്?
അയാള്‍ പണം കൊടുക്കാനുള്ള ആളുകള്‍ എന്നും അതും പറഞ്ഞു വന്നു ഉമ്മറത്ത് ഇരിപ്പ് തുടങ്ങീ .ആ കുട്ടീം തള്ളയും ഒക്കെ നാണം കൊണ്ട് മിണ്ടാതെ . അമ്പലത്തില്‍ പോലും വരാതായീ ന്ന ചിരുത പറഞ്ഞത്. അമ്മ വല്ലപ്പോഴും അമ്മയെ കാണാന്‍ വരുന്ന ചിരുതയെ ഉദ്ധരിച്ചു പറഞ്ഞു.
"ഇതൊക്കെ സഹിക്കാന്‍ വയ്യാതെ അയാള്‍ മരുന്ന് കഴിച്ചു ..ചാവാനുള്ള മരുന്ന്..
കഷ്ടം... നിറവയറും വെച്ച് ഇന്നോ നാളെയോ എന്ന് പറഞ്ഞു നില്‍ക്കുന്ന ഭാര്യേം വയസ്സായി കൂനിയ അമ്മേം പറ്റീം ഓര്‍ക്കാതെ....' അമ്മക്ക് ഷാരോടിയുടെ പ്രവര്‍ത്തി ഒട്ടും നന്നായി തോന്നിയിട്ടില്ലെന്നു മനസ്സിലായി..
എന്നിട്ട് മരിച്ചില്ല അല്ലെ .അയാള്‍ക്ക് ആണല്ലോ പത്തോ ഇരുപതോ ഞാന്‍ മാല കെട്ടാനായി നാളെ കൊടുക്കുക. അമ്മ അതെ പറ്റി പറഞ്ഞതല്ലേ ഉള്ളു...
"പിന്നെ എന്താ ഉണ്ടായേ?'
ഞാന്‍ ചോദിച്ചു.
"ശര്‍ദ്ദിച്ചു തളര്‍ന്നു വീണ അയാളെ ഇതാ എട്ടനടക്കം കുറെ പേരാ ആദ്യം പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ട് പോയത് .. അവിടെ നിന്ന് തള്ളിയപ്പോ പിന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി ."
ഹും ..'
ശ്വാസോം പോയി കണ്ണും തുറിച്ചു ഇപ്പൊ മരിക്കും ന്ന സ്ഥിതിയായിരുന്നു ..ആംബുലന്‍സ് വിളിക്കാന്‍ ഡോക്ടര്‍ മാര്‍ പറഞ്ഞു. പിന്നെ അവര്‍ പഠിച്ചപണി നോക്കി ഒരുവിധം അയാളെ രക്ഷപ്പെടുത്തി. വായീ കൂടെ ട്യൂബ് ഇടാന്‍ രണ്ടു പല്ല് തല്ലി കൊഴിച്ചൂ."അമ്മ ചിരിച്ചു "
പല്ല് പോയാലും ജീവന്‍ കിട്ടിയല്ലോ.. ഞാനും ഏടത്തിയും എത്ര പ്രാര്‍ത്തിച്ചു ന്നു നിശ്ചാല്ല്യ. രാവും പകലും.. മൂന്നു ദിവസം എട്ടനടക്കം ആശുപത്രീല്‍ നിന്ന് ..ആരാ അല്ലെങ്കില്‍ അയാള്‍ക്കുള്ളതു ? ആ വയസായ തള്ളയോ..
ഷാരോടി യുടെ കടത്തിനെ പറ്റിയായി എന്റെ ആലോചന. "കടം കേറിയാണ് അയാള്‍ മരിക്കാന്‍ തുടങ്ങീതു" അമ്മ വീണ്ടും പറഞ്ഞു.
അത് കഷ്ടമായി ..ഇനി ഇപ്പൊ ആശുപത്രീന്ന് വന്ന നിലക്ക് , മരിക്കാതിരുന്നതുകൊണ്ട് കടം വീട്ടിയല്ലേ പറ്റൂ.. ഞാന്‍ വിചാരിച്ചു. പാവത്തിന് മരിക്കാനും പറ്റിയില്ല.. ആ കുട്ടീടെ കരച്ചില് ദൈവത്തിനു സഹിച്ചിട്ടുണ്ടാവില്ല . അയാള്‍ ശ്വാസം കിട്ടാതെ കിടക്കുമ്പോഴാ അയാടെ ഭാര്യ പ്രസവിച്ചത്.. അതിനു അച്ഛന്‍ ഇല്ലാതാവല്ലേ എന്ന് ഞങ്ങളും പ്രാര്‍ത്തിച്ചു.. തേവര് കേട്ടു '
.അമ്മ തൊഴുതു കൊണ്ട് പറഞ്ഞു.
എന്റെ മനസ്സില്‍ ഷാരോടിയുടെ കടം തന്നെയായിരുന്നു. ഇനി ഇപ്പൊ എന്ത് ചെയ്യും അയാള്‍ ..ഞാന്‍ കൊടുക്കുന്ന ഇരുപതു രൂപ എന്തായാലും അയാള്‍ ക്ക് കടം പോയിട്ട് ഒരു കിലോ അരി വാങ്ങാന്‍ തികയില്ല.
അതൊക്കെ വീട്ടി ..അമ്മ സന്തോഷത്തോടെ പറഞ്ഞു. കുറച്ചു പിരിവെടുത്തു. "
ഇവിടുത്തെ ഏട്ടന്‍ രണ്ടായിരം , ആ ഇല്ലത്തെ രാമന്‍ രണ്ടായിരം, പിന്നെ ആറായിരം ഗൊവിന്ദനൊ നാണു വോ .. ഒക്കെകൂടി .
" അപ്പൊ അത്രയും മതിയായിരുന്നോ.. ഇതിപ്പോ ആകെ കൂടി എണ്ണായിരം ഉറുപ്പിക യല്ലേ ആയുള്ളൂ. ? ഞാന്‍ വിശ്വാസം വരാതെ ചോദിച്ചു.
ആ അത് മതിയായിരുന്നു . "ഷാരോടി എട്ടായിരം രൂപയല്ലേ വട്ടി ക്കാരോട് വാങ്ങിച്ചിരുന്നു ള്ളൂ .. "പലിശ പന്തീരായിരം കൊടുത്തിരുന്നു അയാള്‍."
ഇനി ഒരിക്കലും എണ്ണായിരം രൂപ കയ്യില്‍ വന്നു അത് കൊടുത്തു തീര്‍ക്കാന്‍ ആവും എന്ന് അയാള്‍ക്ക് പ്രതീക്ഷ ഇല്ലായിരുന്നു. അതാണ് അയാള്‍ കീട നാശിനി വിഴുങ്ങി മരിക്കാന്‍ തീരുമാനിച്ചത്.
എണ്ണായിരം രൂപ യില്ലാതെ ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചു മരിക്കാത്ത ഷാരോടിയുടെ കയ്യില്‍ പുഷ്പാഞ്ജലി ക്കായി ഇരുപതു രൂപ വക്കുമ്പോള്‍ ....
സ്വന്തം ജീവന് എണ്ണായിരം രൂപ വിലയിട്ട ആ മെലിഞ്ഞ ചെരുപ്പക്കാരനോട് വല്ലാത്ത ഒരടുപ്പം തോന്നി ..അമ്മ പറയുന്നത് പോലെ അയാള്‍ വലിയ അഭിമാനി തന്നെ .
ആഗോള മൂലധനം ഇങ്ങനെ പൊടി പാറിച്ച് പെയ്തു നിറയുമ്പോള്‍ ..കടം വീട്ടാന്‍ എണ്ണായിരം രൂപ യില്ലാതെ ആത്മഹത്യ ക്ക് ഒരുങ്ങുന്നഒരമ്പല വാസി .................
Wednesday, October 28, 2009
Saturday, October 17, 2009
മണ്ണ്
സത്യത്തില്‍ ഗൌരവ മുള്ള കാര്യങ്ങള്‍ എഴുതണമെന്നു തോന്നുമ്പോള്‍ അല്ലെങ്കില്‍ ഏറ്റവും ആഴത്തില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന /സ്പര്‍ശിച്ച കാര്യങ്ങള്‍ എഴുതാന്‍ എനിക്ക് കടലാസും പേനയും തന്നെ വേണം. ഞാന്‍ പഴയ മനുഷ്യത്തി ആയതുകൊണ്ടാവാം ..അല്ലെങ്കില്‍ ഞാന്‍ അറിയാത്ത എന്തോ ഒന്നു എന്നെ പിന്നോട്ട് വലിക്കുന്നത് എന്ത് കൊണ്ടു..അങ്ങനെ യല്ല ഇനി ഈ വക കാര്യങ്ങളും ഞാന്‍ എന്റെ ചരിവിലിരുന്നു തന്നെ പറയാം എന്ന് വിചാരിക്കുമോ ? എനിക്കുറപ്പില്ല. എങ്കിലും ഒരു പ്രതീക്ഷയുണ്ട്...
എന്താണ് യാഥാര്‍ത്ഥ്യം ? വിര്‍ ച്വല്‍ റിയല്‍ അല്ലെങ്കില്‍ റിയല്‍ വിര്‍ച്വല്‍ ?
അതെ ഞാന്‍ യാഥാര്‍ത്ഥ്യത്തെയും കാഴ്ചയേയും , കാണാ കാഴ്ചയേയും എല്ലാം സശയിച്ചു കൊണ്ടിരിക്കുന്നു.
കടലാസില്‍ പകര്‍ത്തി ഒരു പക്ഷെ ഞാന്‍ അവയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു , അറിയാന്‍ ശ്രമിക്കുന്നു.
കാല്‍ നിലത്തു സ്പര്‍ശിച്ചു മണ്ണിനെ അറിയുന്നതുപോലെ...
എന്താണ് യാഥാര്‍ത്ഥ്യം ? വിര്‍ ച്വല്‍ റിയല്‍ അല്ലെങ്കില്‍ റിയല്‍ വിര്‍ച്വല്‍ ?
അതെ ഞാന്‍ യാഥാര്‍ത്ഥ്യത്തെയും കാഴ്ചയേയും , കാണാ കാഴ്ചയേയും എല്ലാം സശയിച്ചു കൊണ്ടിരിക്കുന്നു.
കടലാസില്‍ പകര്‍ത്തി ഒരു പക്ഷെ ഞാന്‍ അവയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നു , അറിയാന്‍ ശ്രമിക്കുന്നു.
കാല്‍ നിലത്തു സ്പര്‍ശിച്ചു മണ്ണിനെ അറിയുന്നതുപോലെ...
Thursday, October 8, 2009
വേനലില്‍ ..
വെറുതെ നടന്നു പോകുന്നവനെ/ളെ വെട്ടിക്കൊല്ലാനോ, ഉറങ്ങി കിടക്കുന്നവരെ കശാപ്പ് ചെയ്യാനോ ,കൂട്ടം ചേര്‍ന്ന് കൊള്ളയടിക്കാണോ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല എന്ന് മലയാളികളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇതു പറയുമ്പോള്‍ ഉടന്‍ ഞാന്‍ മലയാളി അല്ലെ എന്ന ചോദ്യവുമായി ആരെങ്കിലും വരാതിരിക്കില്ല. സ്വന്തം ഉള്ളിലേക്ക് നോക്കുന്നവര്‍ ചുരുക്കമായ ഇക്കാലത്ത് ,എല്ലാവരും അവരവര്‍ മാത്രം ശെരി എന്നും ,ലോകം തനിക്ക് ചുറ്റുമാണ് കറങ്ങുന്നത് എന്നും വിചാരിച്ചിരിക്കുമ്പോള്‍ , സെല്‍ഫ് ക്രിടിസിസം എന്ന വാക്കു മറന്നു പോകുന്നത് സ്വാഭാവികം. വന്നു വന്നു ജീവിതം നരകമാണെന്നു ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നു ..എന്റെ ചുറ്റുപാടുകള്‍, ഞാന്‍ കാണുന്ന ജീവിതങ്ങള്‍ , ഈ നിലനില്‍പ്പ് എല്ലാം എന്നെ അസ്വസ്ഥമാക്കുന്നു ....മനസ്സ് ഭംഗി പോയി, നിറങ്ങള്‍ പോയി, കവിത പോയി ശൂന്യമാകുന്നു...
എങ്കിലും എനിക്ക് നില നിന്നെ പറ്റു കവിതയും , നിറങ്ങളുമായി സംവദിച്ചേ പറ്റൂ ...
ഒരു പൂവും വാടുമെന്ന് കരുതി വിരിയാതിരിക്കുന്നില്ല ..ഒരു കുയിലും വസന്തത്തില്‍ പാടാതിരിക്കുന്നില്ല ..വേനലില്‍ പറക്കാതിരിക്കുന്നില്ല ...
എങ്കിലും എനിക്ക് നില നിന്നെ പറ്റു കവിതയും , നിറങ്ങളുമായി സംവദിച്ചേ പറ്റൂ ...
ഒരു പൂവും വാടുമെന്ന് കരുതി വിരിയാതിരിക്കുന്നില്ല ..ഒരു കുയിലും വസന്തത്തില്‍ പാടാതിരിക്കുന്നില്ല ..വേനലില്‍ പറക്കാതിരിക്കുന്നില്ല ...
Subscribe to:
Posts (Atom)