Monday, January 19, 2009

യാത്രക്കിടയില്‍

യാത്രക്കിടയില്‍ , ഇന്ത്യയിലെ ഏത് പ്രദേശത്തും യു‌ണിഫോമില്‍ കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത് കാണാനാകും . ഇങ്ങനെ തീവണ്ടി യാത്രക്കിടയിലും, ബസ്സ് യാത്രക്കിടയിലും കാല്‍ നട യാത്രക്കിടയിലും കാണുന്ന യു‌ണിഫോം ധാരികളായ കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്നെ ഖേദിപ്പിച്ച ഒരു രംഗം മനസ്സില്‍ വരും. അത് ഒരപൂര്‍വ കാഴ്ച്ചയൊന്നും അല്ല വാസ്തവത്തില്‍ .
പരശുരാം എക്സ്പ്രസ്സില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി . എനിക്കിനി പോകേണ്ടത് ബസില്‍ ആണ് . ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ മൂന്നോ നാലോ ബസ്സ് ഉണ്ട് . ഓരോ ബസ്സിലേയും കണ്ടക് ട്ടറും ക്ലീനറും ,ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി,പാലക്കാട് , പട്ടാമ്പി ,പെരിന്തല്‍മണ്ണ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട് .പെരിന്തല്‍മണ്ണ യിലേക്ക് പോകുന്ന ബസ്സ് ആണ് എന്റെ ഉന്നം.
ഡ്രൈവര്‍ എഞ്ചിന്‍ ശബ്ടിപ്പിച്ചു കൊണ്ടും വളയത്തില്‍ കൈ വച്ചുകൊണ്ടും ഇരിക്കുകയാണ് .
'ഞാന്‍ ഇപ്പോള്‍ ഓടുമെന്ന 'ഭാവത്തിലാണ് ബസ്സിന്റെ നില്‍പ്പ് . ധൃതി പിടിച്ചു ഞാന്‍ ബസില്‍ വലിഞ്ഞു കയറി.
മിക്കവാറും സീറ്റുകള്‍ ഒഴിഞ്ഞാണ് കിടക്കുന്നത് .ബസ്സ് ധൃതി കാണിക്കുന്നതുപോലെ ആളുകള്‍ പുറത്ത് തിക്കിത്തിരക്കുന്നില്ല.അതിനാല്‍ എനിക്ക് സ്വസ്ഥമായി ഒരു ഒഴിഞ്ഞ സീറ്റ് തന്നെ കിട്ടി . ആ സ്വസ്ഥതയുടെ ലാഘവത്തോടെ ഞാന്‍ പുറത്തേക്ക് നോക്കി .
ഉച്ച രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവും . പുറത്ത് നല്ല വെയില്‍ .
ആ ചൂടിലേക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് കുറച്ചു കുട്ടികളെയാണ് .പത്തിരുപതു പെണ്‍കുട്ടികള്‍ ഞാന്‍ കയറിയ ബസ്സിനോട്‌ ചേര്‍ന്ന്‍ വരി വരിയായി നില്ക്കുന്നു. ഞാന്‍ കയറുന്ന നേരത്തുതന്നെ അവര്‍ അവിടെ നിരയായി നില്‍പ്പുണ്ടായിരിക്കണം . ബസില്‍ പിടച്ചു കയറുന്നതിനിടെ എന്റെ കാഴ്ചയില്‍ പെടാതിരുന്നതാണ് .
പൊള്ളുന്ന വെയിലില്‍ എട്ടു വയസ്സുകാര്‍ തൊട്ട് പതിനാറു വയസ്സുകാര്‍ വരെ ഉണ്ട് . തട്ടമിട്ടവരും ഇടാത്തവരുമുണ്ട്. എല്ലാവരും യു‌ണിഫോമില്‍ .
ബാഗും പുസ്തകങ്ങളും ടിഫിന്‍ ബോക്സും കൈകളിലും മുതുകത്തും .വിയര്‍പ്പില്‍ കുതിര്‍ന്നും ക്ഷീണിച്ചും , പൊള്ളുന്ന ചൂടില്‍ വാടി നില്ക്കുന്നു , ചിരിമായാത്ത മുഖത്തോടെ .ഇടക്കിടെ അവര്‍ ബസ്സിന്റെ വാതില്‍ക്കലേക്ക്‌ നിരയായിതന്നെ നീങ്ങും . അവര്‍ വാതില്‍ക്കല്‍ എത്തേണ്ട താമസം കിളി രൂക്ഷമായി അവരോട് കയര്‍ക്കും , 'ദൂരെ മാറ്, മാറ് 'എന്ന് നികൃഷ്ടര്‍ എന്നപോലെ ആട്ടും . കുട്ടികള്‍ പിന്നിലേക്കു വലിയും വരിയായിത്തന്നെ . ബസ്സ് കിതച്ചു കൊണ്ടിരിക്കേ പോകാനായുന്നപോലെ വീണ്ടും തിരക്ക് നടിക്കും . തിരക്കുകൂട്ടുന്ന ബസിനു നേരെ കുട്ടികള്‍ വീണ്ടും നിരതെറ്റിക്കാതെ തന്നെ എത്തും . കിളി അയാളുടെ അധികാരം വീണ്ടും പ്രയോഗിക്കും , " ഇപ്പോള്‍ കേറാന്‍ പറ്റില്ല " എന്ന കയര്‍ക്കലിലൂടെ .
ഇങ്ങനെ കുട്ടികള്‍ ഉച്ചവെയില്‍ നിരയായി ബസിനെ സമീപിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്നത് കാണാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ ആയിക്കാണണം .ബസ്സ് ബോധോദയം വന്ന മട്ടില്‍ പെട്ടെന്ന് നീങ്ങിത്തുടങ്ങി . കുട്ടികള്‍ ഓടിവന്നു നീങ്ങിതുടങ്ങുന്ന ബസിലേക്ക് ഇടിച്ചു കയറി .ഒരുവിധം കയറി പറ്റുന്നതിനിടെ ബസ്സ് നീങ്ങിക്കഴിഞ്ഞു .കുട്ടികള്‍ തൂങ്ങി നില്‍ക്കാനും.
ഒഴിഞ്ഞ സീറ്റിലേക്ക് കുട്ടികള്‍ നോക്കുന്ന പോലുമില്ല . എന്റെ അടുത്തുള്ള പകുതിസ്ഥലത്ത് ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ച കുട്ടി പതുക്കെ പുഞ്ചിരിച്ച തെയുള്ളൂ. പിറുപിറുക്കുന്ന കണ്ടക്ടറെയും കിളിയേയും അവര്‍ ഭയപ്പെടുന്ന പോലെ തോന്നി. കുട്ടികള്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവുകൊടുക്കുന്നതിനാല്‍ അവര്‍ രണ്ടാം തരം പൌരന്‍/ പൌരി ആണെന്നാണ്‌ ബസുകാരുടെ നിലപാട് .
സര്‍ക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന സൌജന്യം എങ്ങനെ അവരെ രണ്ടാം തരക്കരാക്കും ? കുട്ടികള്‍ അവരുടെ രണ്ടാം തരത്തം അം ഗീകരിച്ചപോലെ തലതാഴ്ത്തിയും , കിളിയുടെ കണ്ണുരുട്ടല്‍ പേടിച്ചു ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അറച്ച് അരയും മുക്കാലും മണിക്കൂര്‍ നേരം , വീടെത്തുവോളം തൂങ്ങി നിന്നും യാത്ര ചെയ്യുന്നു. ബസുകാരുടെ എഴുതപ്പെടാത്ത ആജ്ഞ അനുസരിച്ച് മണിക്കൂറുകളോളം അവര്‍ വെയിലത്ത്‌ നില്ക്കുന്നു . അങ്ങനെ ക്യുവില്‍ നിര്‍ത്തി ആ കുട്ടി മനസ്സുകളെ നമ്മുടെ ബസ്സുകാരും അവരുടെ ശിങ്കിടികളും അന്തസ്സും അഭിമാനവും ഇല്ലാത്തവര്‍ എന്നപോലെ , അവര്‍ നല്കുന്ന പകുതി ചാര്‍ജ് പണമേ അല്ലെന്ന മട്ടില്‍ അവരെ അപമാനിച്ചു കൊണ്ടേ യിരിക്കുന്നു, നിസ്സഹായരാക്കിക്കൊണ്ടെയിരിക്കുന്നു ദിവസവും .
എന്നാണ് നമ്മള്‍ കുട്ടികളെ കുട്ടികളായി , അഭിമാനവും അന്തസ്സും ചിന്തയുമുള്ളവരായി കാണാന്‍ തുടങ്ങുക ? പരസ്പരബഹുമാനത്തിന്റെ പാഠങ്ങള്‍ എന്നെങ്കിലും നാം അവര്‍ക്ക് കാണിച്ചോ പറഞ്ഞോ കൊടുക്കുമോ ? എനിക്ക് സംശയമാണ് ...
Post a Comment