Sunday, March 21, 2010

സിംഹക്കൂട്ടില്‍

സിംഹക്കൂട്ടില്‍
( എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു മൃഗ ശാലയിലെ സിംഹക്കൂട്ടില്‍ കയറിയ ഭയമറിയാത്ത പ്രിയ കവി മാധവിക്കുട്ടിയുടെ ഓര്‍മ്മക്ക് )

സാവിത്രി രാജീവന്‍

ഇന്ന് പരീക്ഷയാണ്‌ ,
നിരന്നു നിന്ന് ചോദ്യങ്ങള്‍ കണ്ണുരുട്ടുന്ന ദിവസം

ഉത്സാഹം കെട്ട കുട്ടി കൂട്ടുകാരിയോട് പറഞ്ഞു
"ഇന്ന് നമുക്ക് മൃഗശാലയില്‍ പോകാം.."
ചോദ്യപ്പേപ്പര്‍ മനസ്സില്‍ നിന്ന് മായ്ച്ച്
അവര്‍ മൃഗശാലയിലേക്ക് പോയി .
മാന്‍ , മയില്‍ ,മുയല്‍
ഒട്ടകം
കടുവ , കഴുത കാണ്ടാമൃഗം
പുലി

ആരും അവരോടു ചോദ്യങ്ങള്‍ ചോദിച്ചില്ല
ഉറുമ്പ്‌ തീനിയോ വേഴാമ്പലോ പോലും;
അതിനാല്‍
കുട്ടിക്കും കൂട്ടുകാരിക്കും
കെട്ട ഉത്സാഹം തെളിഞ്ഞു കിട്ടി .
ഒടുവിലെത്തി
മൃഗരാജാവിന്റെ സന്നിധിയില്‍ .
ജട വിടര്‍ത്തിയിട്ടു ,
കണ്‍ മിഴിച്ചു
സിംഹത്തിന്റെ വിശ്രമക്കിടപ്പ്.
മുന്നില്‍
തളികയില്‍ ചുവന്ന മാംസ ഭക്ഷണം .
' രാജാവ്
സസ്യ ഭുക്കല്ല ' കുട്ടി പറഞ്ഞു .
' രാജാവിന് നിന്നെ തിന്നാനുള്ള സ്നേഹമുണ്ട് ,
അത് നിന്നെ നോക്കുന്നു;
പൂട്ടാത്ത വാതില്‍
ഞാന്‍ തുറക്കട്ടെ ? കൂട്ടുകാരി ചോദിച്ചു
' കേറാമോ സിംഹക്കൂട്ടില്‍ "?

കുട്ടിക്ക് സമ്മതം

'നിന്നെ തളികയില്‍ വച്ച്
അത് ഭക്ഷിക്കും '

"ഉച്ചഭക്ഷണം കഴിച്ച്
വിശ്രമിക്കുന്ന സിംഹം എന്നെ തിന്നില്ല ' കുട്ടിയുടെ ഉറപ്പ്
വിശക്കാത്ത സിംഹത്തിന്റെ വിശ്രമം മുടക്കി കുട്ടി കൂട്ടിനകത്തേക്ക് കയറി
ഭയം ഭയന്ന് പുറത്തു നിന്നു;
അത് കൂടിന്റെ വാതില്‍ തഴുതിട്ടു.

ചീകാത്ത ജടയുമായി സിംഹം
പതുക്കെ പ്പതുക്കെ
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനിയെന്നതു പോലെ
കുട്ടിക്കരികിലെത്തി നിന്നു
ചാഞ്ഞു വീണ കുട്ടിയെ
പതുപതുത്ത കൈകളാല്‍ തൊട്ടു
മുതുകില്‍ , കവിളില്‍ ,മൂക്കില്‍
പിന്നെ ഉടലാകെ
നാവുകൊണ്ടുഴിഞ്ഞു
ഒടുവില്‍
ചെവിയില്‍ മൂക്ക് കൊണ്ട് ദീര്‍ഘ ദീര്‍ഘം സ്പര്‍ശിച്ച്
മുടങ്ങിയ ധ്യാനം തുടരാനെന്ന പോലെ
അത് തളികക്ക് മുന്‍പിലേക്ക് തിരിച്ചു പോയി.

സിംഹക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി
സ്കൂളിലേക്ക് നടന്നു.
വിറയ്ക്കുന്ന കൂട്ടുകാരി ചോദിച്ചു ' സിംഹം
നിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത് ? "

" ഭയമില്ലാത്ത നീ എന്റെ ഇരയല്ല ' എന്നാണ് സിംഹം പറഞ്ഞത്
പേടിയില്ലാത്ത കുട്ടിയെ അതിനു ഇഷ്ടമാണ് എന്നും "
കുട്ടി പുഞ്ചിരിച്ചു .
കുട്ടിക്ക് മുന്‍പില്‍ വരാനുള്ള ചോദ്യങ്ങളും
അവക്കുള്ള ഉത്തരങ്ങളും ഒന്നൊന്നായി
വിടര്‍ന്നു വന്നു
സിംഹത്തിന്റെ ജടയെന്ന പോലെ .


(കുട്ടികളുടെ മാസികയായ  'തളിരില്‍ '2009 സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് )





2 comments:

Sanal Kumar Sasidharan said...

ഇതു വായിക്കാൻ കിട്ടിയതിൽ സന്തോഷം...ഒട്ടും കാവ്യഭംഗിയില്ലാത്ത വരികൾകൊണ്ട് ആത്മാവിനെ ഉയർത്തുന്ന ഒരു നിറഞ്ഞ കവിത

savi said...

Thank you Sanathanan :)