Friday, January 1, 2010

തിരുവനന്ത പുരം എനിക്ക് തന്ന ഭംഗികളില്‍ ഒന്ന്.- ചെല്ലമ്മ എന്ന അമ്മൂമ്മ


അവര്‍ക്ക് എഴുപത്തി നാലോ എഴുപത്തി അഞ്ചോ വയസ്സ് പ്രായം ഉണ്ടാകണം .പക്ഷെ ഞാന്‍ കാണുമ്പോള്‍ അവര്‍ അത്രയും വൃദ്ധ യായിരുന്നില്ല . കഷ്ടിച്ച് നാലര അടി ഉയരം , ചെറിയ മെലിഞ്ഞ ശരീരം ,ഇരുപത്തഞ്ചു കൊല്ലം മുന്‍പാണ് . എന്റെ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിനു മുന്‍പ് ..
അമ്പതു വയസ്സില്‍ തന്നെ  വായില്‍ ഒറ്റ പല്ല് പോലുമില്ലാതെ കണ്ടാല്‍ അറുപതോ എഴുപതോ എന്ന് എന്നെ കൊണ്ട് സംശയിപ്പിച്ചു നിന്ന് അവര്‍ . ഈ ചെറിയ ഉയിര്‍  വച്ച് അവര്‍ എന്നെ എങ്ങനെ സഹായിക്കും അടുക്കളയില്‍ എന്ന്  ഞാന്‍  മുഖം ചുളിപ്പിച്ചു നില്‍ക്കെ അവര്‍ പറഞ്ഞു .."

കുഞ്ഞേ ഞാന്‍ മുറ്റം തൂക്കുകയും തുണി അലക്കുകയും കറിക്ക് അരിഞ്ഞു തരുകയും വീട്ടിനകം തൂത്ത് തുടക്കുകയും ചെയ്യാം ."
ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ഈ ചെറിയ ഉടലിനു.? ഞാന്‍ സംശയിച്ചു ആ സംശയം ഉടന്‍ അവര്‍ക്ക് മനസ്സിലായി.
"അപ്പുറത്തെ ജോലി ഇതിലൊക്കെ കൊറേ കൂടുതലാ കുഞ്ഞേ ..ഇവിടെ സാറും മോനും കുഞ്ഞു മല്ലെ ഉള്ളു ...തുണി കുറവാകും സ്ഥലോം കുറവാണ് തൂത്ത് തൊടക്കാന്‍ നിക്ക് പറ്റും കുഞ്ഞേ .."
അവര്‍ക്ക് എന്റെ സഹായിയായി നിലക്കാന്‍ താല്പര്യമാണ് എന്ന് മനസ്സിലായി .. നിന്നോട്ടെ .
എന്റെ മടികള്‍ക്കൊരു കൂട്ടായി ,എന്റെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കും ഉണരാന്‍ ഒരു സന്ദര്‍ഭം. ഒരുപക്ഷെ ഇവര്‍ ഒരുക്കി തരുന്ന ഈ ഇടവേളയുടെ നീളം സഹായിച്ചേക്കാം..
അങ്ങനെയാണ്  ചെല്ലമ്മ എന്ന  ആ സാധു സ്ത്രീ എന്റെ ജീവിതത്തിലേക്ക്  വരുന്നത് .ഏറ്റവും ഭംഗിയുള്ള അവരുടെ പല്ലില്ലാത്ത ആ ചിരിയുമായി എന്റെയും എന്റെ കുട്ടികളുടെയും ജീവിതത്തില്‍ വെറുതെ വന്നു ചേര്‍ന്നത്‌ .
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ ക്ക് മുന്‍പ് .

ഭൂമി തിരിയലില്‍ അന്നും മാറ്റമുണ്ടായിരുന്നില്ല..അതങ്ങനെ ..അടുക്കളക്കാരിക്കും  തൂപ്പുകാരിക്കും , ജയിലര്‍ക്കും പോലീസിനും ,മന്ത്രിക്കും  തന്ത്രിക്കും കള്ളനും കൊലപാതകിക്കും  പട്ടി പൂച്ച മൃഗാദികള്‍ക്കും എന്തിനു നമ്മള്‍ ഇന്നറിയുന്ന  എല്ലാ  വസ്തുവകകളും വഹിച്ചു കൊണ്ട് തിരിഞ്ഞ് കൊണ്ടേയിരുന്നു ......
അത് കൊണ്ടാവണം എന്റെ ജീവിതം മാറിമറിഞ്ഞു ....അല്ലെങ്കില്‍ അത്
 പിന്നെ  എത്ര മാറി മറിഞ്ഞില്ല !!!
...................
എന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് കൂട്ടായി, പാചകം ലവലേശം അറിയാത്ത അവര്‍ . എന്റെ കോളേജു പഠിത്തം മുതല്‍ ജോലി തേടലും തെണ്ടലും തുടങ്ങി എന്തെല്ലാം ..അതൊന്നും അവര്‍ക്ക്  അറിയേണ്ട കാര്യം  ഇല്ലായിരുന്നു .....അവര്‍ അതൊന്നും കണ്ടതും കേട്ടതുമില്ല .

എന്റെ ,അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ക്ക് അറിയുമായിരുന്നോ എന്ന് സംശയമാണ് .. ഉദാഹരണത്തിന്  'കുഞ്ഞിനെ ടി വീല്‍ കണ്ടുഇന്നലെ .മരുമോള് കാണിച്ചു തന്നു...ഫോട്ടം അത്രയ്ക്ക് നന്നായില്ല  ഇല്ലേ കുഞ്ഞേ ..' എന്ന് പറഞ്ഞു 'അവര്‍ക്ക് ഫോട്ടം പിടിക്കാനൊന്നും അറിയില്ലായിരിക്കും എന്ന് ടി വിയില്‍ എന്റെ ചന്തമില്ലയ്മക്ക്  ഫോട്ടോ ഗ്രാഫറെ കുറ്റം പറയുന്ന അവര്‍ക്ക് വേറെ ഒന്നും അറിയാനോ പറയാനോ ആവുമായിരുന്നില്ല..
 
 ബലമില്ലാത്ത ആ കൈകള്‍ കൊണ്ട് എന്ത് ചെയതാലും ശരിയാകില്ല  എന്ന് കരുതി പരമാവധി ശ്രദ്ധിച്ചാണ് അവര്‍ ഒര്രോന്നും ചെയ്തിരുന്നത്..അങ്ങിനെ അങ്ങിനെ അവര്‍.അവര്‍ക്ക് അറിയാവുന്ന ചെറു ജോലികള്‍ ചെയ്ത് ,മന്ദഹസിക്കുന്ന പ്രസാദം നിറഞ്ഞ മുഖവുമായി എന്റെ ജീവിതത്തില്‍ ഇങ്ങനെ വന്നു പൊയ്ക്കൊണ്ടിരുന്നു.

.. ഇടയ്ക്കിടെ രോഗങ്ങള്‍ അലട്ടുമ്പോള്‍ മരുന്ന് വാങ്ങാതെ , മരുന്ന് വാങ്ങിയാല്‍ മരിച്ചു പോകുമ്പോള്‍ ആകെയുള്ള സമ്പാദ്യ മായ ആ ആയിരം രൂപ യില്‍ കുറവ് വരും   എന്ന് പേടിച്ചു മരുന്ന് കഴിക്കാതെ...
ഞാന്‍ എത്ര പറഞ്ഞാലാണ് അവര്‍ ഏതെങ്കിലും ഒരു വൈദ്യനെ കാണുക ..പേരക്കുട്ടികള്‍ക്ക്‌ നോട്ടു പുസ്തകം വാങ്ങാനും . വളയും വെള്ളികൊലുസും  വാങ്ങാനും അവര്‍ ഉടല്‍ അറിയാതെ പണിചെയ്തു .മൂന്നോ നാലോ വീടുകളില്‍ ഒരേ തരം മടുപ്പിക്കുന്ന പാത്രം കഴുകലും തുണി അലക്കലും
.മകന്റെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്തു കണ്ണ് നിറച്ചു..ഒരിക്കലും അത് പറഞ്ഞു എന്നോട്  കടം വാങ്ങാനോ കൂടുതല്‍ കൂലി ചോദിക്കാനോ മുതിര്‍ന്നില്ല..

കുഞ്ഞിനു എന്റെ കാര്യം എല്ലാം അറിയാലോ എന്ന് പോലും  അവര്‍ സൂചിപ്പിച്ചില്ല ...

അവര്‍ക്ക് എന്നെയും കുട്ടികളെയും എന്റെ ഭര്‍ത്താവിനെയും അവരുടെ മക്കളെ പോലെയും പേരക്കുട്ടികളെ പോലെയും ഇഷ്ടമായിരുന്നു എന്ന് എന്നാണു എനിക്ക് മനസ്സിലാവുന്നത് ?

ഞാന്‍ മനസ്സ് മടുത്തു നില്‍ക്കുന്ന ഒരു നിമിഷം ..ഭാഷയോ ,സംഭാഷണമോ ഇല്ലാതെ; തികച്ചും എന്റെ ജീവിതത്തില്‍ നിന്ന് എത്രയോ വിദൂരത്തില്‍ നില്‍ക്കുന്ന  നിരക്ഷരയായ അവര്‍ 'എന്താ കുഞ്ഞേ ' എന്ന് ചോദിച്ചു എന്നെ അത്ഭുതപ്പെടുത്തിയ നിമിഷമാണോ...
അവര്‍ എന്നെ അറിയുന്നു എന്ന്  ഞാന്‍ അറിഞ്ഞത് ? .ഒരു പക്ഷി കൊടുങ്കാറ്റും മഴയും തിരിച്ചറിയുന്നത്‌ പോലെ ..അത്രയും സ്വാഭാവികമായി അവര്‍ എന്നെ അറിയുന്നു എന്ന്  അന്ന് ഞാന്‍ വിസ്മയിച്ചോ..
ഉണ്ടായിരിക്കണം . ഒരു പക്ഷിയെ പോലെ നിഷ്കളങ്കയായ അവര്‍ ...

 ജോലി സ്ഥലം മാറി ഞങ്ങള്‍ വടക്കന്‍ കേരളത്തിലേക്ക് യാത്രയായ ആ നേരം..അമ്മയെ വേര്‍പെട്ടു പോകുന്ന കുഞ്ഞിനെ പോലെ എത്ര വലിയ ദു:ഖമാണ്ഞങ്ങളുടെ ആ യാത്രപറയല്‍ അവര്‍ക്ക് ഉണ്ടാക്കിയത്.. തീര്‍ത്തും അത്ഭുത മായിരുന്നു  അത് ....അവര്‍ അനാഥ യല്ലായിരുന്നല്ലോ  .


അവരുടെ മൂന്നു മക്കള്‍, പേരക്കുട്ടികള്‍ , വീടിനു തൊട്ടടുത്ത്‌ തന്നെ ഞാന്‍  എന്റെ സുഹൃത്തിന്റെ വീട്ടില്‍  ഒരു ജോലിയും ഏര്‍പ്പാട് ചെയ്തിരുന്നല്ലോ ..അവര്‍ക്ക് ആയിരം രൂപ കയ്യില്‍ ഇല്ലാതെ വരരുത്  രോഗം പിടിപെട്ടു കിടക്കുമ്പോള്‍ എന്ന് അവര്‍ പറഞ്ഞു പറഞ്ഞു  ഞാനും ആഗ്രഹിച്ചു തുടങ്ങിയിരുന്നു.. മകന് അവരെ മറവു ചെയ്യാന്‍ പണം കടം വാങ്ങേണ്ടി  വരരുത്  എന്ന് മാത്രമായിരുന്നു ആ ആയിരം രൂപ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിച്ച വാശിയുടെ അടിസ്ഥാനം ..പേരക്കുട്ടികള്‍ പേനക്കും പെന്‍സിലിനു മായി  അത് ചോദിക്കുമ്പോള്‍ കൊടുത്തു പോകുന്നു എന്ന് പരാതിപ്പെട്ടു ഇടക്കൊക്കെ ..എങ്കില്‍ അത് പോസ്റ്റ്‌ ഓഫീസില്‍ നിക്ഷേപിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞതനുസരിച്ച് അത് പോസ്റ്റ്‌ ഓഫീസിലെ മേശക്കുള്ളിലായി....മാസം ഒരു നൂറു രൂപ കൂടി അതില്‍ ഇടൂ എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ ചെയ്തു
എന്നാല്‍ .ദരിദ്രനായ ഇളയ മകന് അത്യാവശ്യം വന്നപ്പോള്‍ അയ്യായിരം രൂപയായി വികസിച്ച ആ പണം മുഴുവന്‍ അവര്‍ അവനു സമ്മാനിച്ചു  എങ്കിലും  അന്ന് ആയിരം രൂപ കയ്യിലില്ലാത്ത നേരം താന്‍ മരിച്ചു പോകുമോ എന്ന സങ്കടത്തില്‍ എന്റെ മുന്‍പില്‍ ആദ്യമായി ആ പല്ലില്ലാത്ത ചിരി മാഞ്ഞ മുഖം ഞാന്‍ കണ്ടു..
പണം കുമിഞ്ഞ ഒരു ഇന്ദ്രോ നൂയി ഒന്ന് മല്ല ഞാന്‍  .എങ്കിലും മാസ ശമ്പളം  800 രൂപ ഉള്ള ഒരു ക്ലാര്‍ക്ക്  പണി എനിക്കുണ്ടായിരുന്നു അന്ന് ..അത് കൊണ്ടാണ്   ഒരായിരം രൂപ  'ഇത് കയ്യില്‍ വച്ചോളു' എന്ന് കൊടുത്തു സമാധാനിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത് ...എത്ര നന്നായി അത് എന്ന് ഇപ്പോള്‍ തോന്നുന്നു ...

 അവരുടെ ജീവിതത്തെ കുറിച്ച്‌ എനിക്ക് വളരെ ഏറെ  ഒന്നും അറിയില്ല .അല്ലെങ്കില്‍ ഒന്നും ഏറെയില്ല അറിയാന്‍ ...അതുമല്ലെങ്കില്‍ അറിയുന്നത് തന്നെ മതിയാകും ആ ജീവിതം കാണാന്‍ ....പതിമൂന്നു വയസ്സില്‍ പട്ടാളത്തില്‍ ഡ്രൈവര്‍ ആയ ഒരാള്‍, അവരെക്കാള്‍ കുറെ പ്രായമുള്ള ഒരാള്‍; കല്യാണം കഴിച്ചു ..ഇരുപതു വസസ്സിനിടെ മൂന്നു കുട്ടികള്‍ ജനിച്ചു ..അതിനിടെ അവരുടെ അനുജത്തിയുമായി , ഇഷ്ടത്തില്‍ ആയ  ഭര്‍ത്താവ് അനുജത്തിയെ കൂട്ടി വേറെ ജീവിതം തുടങ്ങി .അനുജത്തി എട്ടിലോ ഒന്‍പതിലോ പഠിക്കാന്‍ അവരുടെ കൂടെ വന്നതായിരുന്നു.


പക്ഷെ  ഞാന്‍ കാണുമ്പോഴേക്കും ആ അനുജത്തിയാല്‍  ഉപേക്ഷിക്കപ്പെട്ട വൃദ്ധനായ, രോഗിയും അഗതിയുമായ  അയാളെ ശുശ്രൂഷിക്കുന്ന ദയാലുവായിരുന്നു അവര്‍ .. പട്ടാളത്തിലെ പെന്‍ഷന്‍ അനുജത്തിയാണ് വാങ്ങുന്നത് എന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു  ..അതായത് അയാള്‍ അവരുടെ ദയയില്‍ മാത്രം കഴിയുകയാണ് എന്നായിരുന്നു അതിന്റെ അര്‍ഥം....എങ്ങനെ ആയാലും മരിക്കാന്‍ നേരം എന്റെ അടുത്ത് വന്നല്ലോ എന്നോ മറ്റോ അവര്‍ വിചാരിച്ചിരിക്കുമോ എന്നറിയില്ല......


ഞങ്ങളുടെ ജീവിതം പല വഴികളില്‍ ഒഴുകുന്ന കാലമായിരുന്നു അത് ...

ജോലിയും സ്ഥലവും കാലവും മാറി ..അതിനാല്‍ തന്നെ
അവര്‍ എഴോ എട്ടോ കൊല്ലം ഞങ്ങളുടെ വഴികളിലെങ്ങും വന്നില്ല..
ഞങ്ങള്‍ അവര്‍ ക്ക് എത്താവുന്ന പ്രദേശങ്ങളില്‍ ആയിരുന്നില്ലല്ലോ ..


എന്നാല്‍ ഈയിടെ ..മൂന്നോ നാലോ മാസങ്ങള്‍ക്ക് മുന്‍പ് ആണത്  സംഭവിച്ചത്.....ഞങ്ങളുടെ ഒരു സുഹൃത്ത്‌ സന്ധ്യക്ക്‌ വിളിക്കുന്നു.. നിങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ചെല്ലമ്മ യെന്ന ഒരു സ്ത്രീ നിങ്ങളെയും കുട്ടികളെയും കാണണ മെന്നു പറഞ്ഞു വല്ലാതെ കരയുകയും  സങ്കടപെടുകയും ചെയ്യുന്നു എന്ന്.. അവര്‍ മരിക്കാന്‍ കിടക്കുകയാണ്  എന്നും  സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തു...

സുഹൃത്തിനു, ഏകദേശം പത്തുകൊല്ലം മുന്‍പ് എന്റെ കുട്ടികള്‍ 'പല്ലില്ലാത്ത അമ്മൂമ്മ'  എന്ന് വിളിച്ചിരുന്ന  അവരെ കുറിച്ച്‌ ഒന്നും അറിയില്ല... ഞങ്ങളെ അറിയുന്ന ആളാണ്‌ ഈ സുഹൃത്ത്‌  എന്ന് എങ്ങനെയോ വിവരം കിട്ടിയതിനാലാണ് ആ അമ്മൂമ്മയുടെ മക്കള്‍ അവരുടെ ആഗ്രഹം സാധിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ തുനിഞ്ഞത്....  കുട്ടികള്‍ പല പ്രദേശങ്ങളിലാണ് ...ഡല്‍ഹിയിലും മുംബൈ  യിലും ..ഞങ്ങളും അത്ര അടുത്തല്ല...എങ്കിലും  കേട്ട പാടെ അവരെ കാണാന്‍ പോകുന്നതിനെ കുറിച്ച്‌ മാത്രമായി ചിന്ത.. പിറ്റേന്ന് തന്നെ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല ..എല്ലും തോലുമായി പോയ ആ കുഞ്ഞു ശരീരം എന്നെ കണ്ടു  കണ്ണീരു നിര്‍ത്താന്‍ ആവാതെ ..അവര്‍ എന്റെ കൈ ചുട്ടു പൊള്ളുന്ന അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.. .... ഞാന്‍ വിട്ടാല്‍ അവര്‍ മരിച്ചു പോകും എന്ന് അവര്‍ വിചാരിക്കുന്ന പോലെ...അല്ലെങ്കില്‍  കുഞ്ഞു വന്നല്ലോ എന്ന് മാത്രം ഇടയ്ക്കിടെ പറഞ്ഞു കൊണ്ട്......
ദുബായില്‍ പണിയെടുക്കുന്ന അവരുടെ മെക്കാനിക് ആയ പേരക്കുട്ടി അവര്‍ക്ക് രണ്ടു നിലയില്‍ ഒരു വീടും , മറ്റു സൌകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്‌ ..ഇപ്പോള്‍ അവര്‍ക്ക് പണത്തിനു അത്ര ആവശ്യം ഇല്ലല്ലോ  എന്നും മക്കളും പേരക്കുട്ടികളും ,അവരെ നന്നായി  ചികില്‍സിക്കുന്നുണ്ടാവും  എന്നും  എനിക്ക് തോന്നി..അത് കുറെ വാസ്തവവും ആയിരുന്നു....


എങ്കിലും അവര്‍ക്ക് സ്വന്തമായി  തന്‍ അധ്വാനിച്ച പണം കയ്യില്‍ ഇല്ലാത്തതില്‍ അതിയായ ഖേദം ഉണ്ട് എന്ന് എനിക്ക് തോന്നി...കിടപ്പിലാവുന്നത് വരെ അവര്‍ ഒരു വീട്ടില്‍ എങ്കിലും പണി ചെയ്യാനായി പോയിരുന്നു എന്ന് മരുമകള്‍ എന്നോട് പറയുകയും ചെയ്തു ..'പറഞ്ഞാലൊന്നും കേള്‍ക്കില്ല .വയ്യെങ്കിലും പോകും..അതാ ഇത്ര വയ്യാതായത്..." എന്ന മരുമകളുടെ വാക്കുകളില്‍  അവര്‍ ക്ഷീണയായി മന്ദഹസിച്ചു എന്നെ നോക്കി..
അത് നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ പഴപ്പൊതി യോടൊപ്പം   ഒരായിരം രൂപ 'ഇതിരിക്കട്ടെ മരുന്ന് വാങ്ങാന്‍' എന്ന് പറഞ്ഞു ഞാന്‍ കയ്യില്‍ വച്ചപ്പോള്‍ ....അവര്‍ ആ പഴയ, കുട്ടികളുടെ  വിളിയിലെ പല്ലില്ലാത്ത, ആ അമ്മൂമ്മയായി , തുറന്ന ആ ചിരിയുമായി  എന്റെ മുന്‍പില്‍.....


ഇന്നലെ അവര്‍ മരിച്ചു....ഇനി ആ ചിരിയില്ലെന്നോ... ഉണ്ട് ..എന്റെ മുന്‍പില്‍ എന്റെ കുട്ടികളുടെ മുന്‍പില്‍...ഞങ്ങളുടെ മുന്‍പില്‍...ഒരു പക്ഷെ ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലും.....
Post a Comment