Tuesday, January 26, 2010

കോളനിയിലെ കുട്ടി

 കോളനിയിലെ കുട്ടി

മുറിയില്‍ കൂനിയിരിപ്പുണ്ട് മുത്തശ്ശി
നാല്  ദിവസത്തിലൊരിക്കല്‍ കുളി ,
വേഷം മുഷിഞ്ഞ മുണ്ടും ബ്ലൌസും ..പല്ലില്ലാത്ത തുപ്പല്‍ തെറിക്കുന്ന ചിരി ...

ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

..ഹെഡ് മിസ്റെസ്സ് സന്ദര്‍ശിക്കുന്നുണ്ട് കോളനിയിലെ വീടുകള്‍ .നല്ല തറവാടി കുട്ടികള്‍ ,രോഗാണു വിമുക്തമായ വീടുകളില്‍ നിന്ന് വന്നവര്‍ മാത്രം പഠിക്കുന്ന സ്കൂളാണ് ..വൈറസ്സുകള്‍ ക്കെന്ന  പോലെ രോഗാണു വാഹകരായഅച്ഛനമ്മമാര്‍ക്കും ആ സ്കൂളില്‍ പ്രവേശനമില്ല ..പിന്നെ യാണ് മുത്തശ്ശി..

കുട്ടി കാഴ്ച മങ്ങിയ കണ്ണുകളുള്ള മുത്തശ്ശിയെ നോക്കി .ലീനാമ്മ  മാഡം വരുമ്പോള്‍ അമ്മയും അച്ഛനും ഈ മുത്തശ്ശിയെ എന്ത് ചെയ്യും .?
പഴഞ്ചന്‍ മുത്തശ്ശിമാര്‍ ആധുനിക ലോകത്ത് അനര്‍ത്ഥ ങ്ങള്‍  ഉണ്ടാക്കും എന്നല്ലേ ബീന മാഡം  ഇന്നലെ പഠിപ്പി ച്ചത്? കാരണം അവര്‍ക്ക് സയന്‍സും കണക്കും അറിഞ്ഞുകൂടാ .ചന്ദ്രനില്‍ ആള് കയറിയത് പോലും വിശ്വസിക്കില്ല ..സൂര്യ ഗ്രഹണ സമയത്ത് ചാണക വെള്ളത്തില്‍ കാണുന്ന സൂര്യനെയും ചന്ദ്രനേയും തൊഴുതു പ്രാര്‍ഥിക്കും, ബൈനോക്കുലര്‍  കാഴ്ചയില്‍ തീരെ വിശ്വാസം പോര. അതൊന്നും പോരാഞ്ഞു കുട്ടികളോട് അമ്പിളി മാമാന്റെയും സംസാരിക്കുന്ന കുറുക്കന്‍ , മുയല്‍ പക്ഷി കൂട്ടങ്ങളുടെയും കഥ പറയും  ..ആര്‍ക്കാ അറിഞ്ഞു കൂടാത്തത് പക്ഷിയും മൃഗവും ഒന്നും വര്‍ത്തമാനം പറയില്ലെന്ന് .അതൊക്കെ ഒട്ടുംശാസ്ത്ര ജ്ഞാനം ഇല്ലാത്തവര്‍ പോലും സമ്മതിക്കും . എന്നിട്ടും നേര്‍ വഴിക്കുള്ള  കാര്യങ്ങള്‍ അറിയാനും പറയാനും മിനക്കെടാതെ ഈ അമ്മൂമ്മമാര്‍ , ചില അപ്പൂപന്‍ മാരും കുട്ടികള്‍ക്ക് പറക്കുന്ന കുന്നിനെ പറ്റിയും കടലിലെ കൊട്ടാരത്തെ പറ്റിയും ഒക്കെ പറഞ്ഞു കേള്‍പ്പിക്കും ..കുഞ്ഞുങ്ങളെ ....! ഒന്നാലോചിച്ചു നോക്കൂ  കുന്നിനു പറക്കാന്‍ കഴിയുമോ/  ഭൂമിയുടെ ഗ്രാവിറ്റേഷന്‍  ഫോര്‍സ്‌ ഒരു കല്ലിനെ പോലും പറക്കാന്‍ വിടില്ല ഉവ്വോ? എന്നിട്ടാണ് പറക്കുന്ന കുന്നുകള്‍ ..
മരക്കൊമ്പില്‍ സമയം തൂങ്ങിക്കിടക്കുന്നത് കാണിച്ചു ഹോം വര്‍ക്ക് ചെയ്യുന്നത് നീട്ടി വപ്പിക്കാന്‍  പോലും അവര്‍ക്ക് മടിയില്ല. '

ഇങ്ങനെ യൊക്കെ ഇന്നലെ യും ബീന മാഡം ക്ലാസ്സില്‍ ,കോളനി വിസിറ്റിനെ പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു. ബീന മാഡം സ്വന്തം അനുഭവത്തില്‍ നിന്നാണ് മുത്തശ്ശി മുത്തശ്ശന്മാരുടെ വിജ്ഞാന മില്ലായ്മയെ  കുറിച്ച്‌ കുട്ടികളോട് പറയുന്നത് .കാരണം ബീനാ മാഡത്തിന്റെ മകള്‍ ഡോക്ടര്‍ ആകാതെ കഥ എഴുത്തിലേക്ക് ആണ്   തിരിഞ്ഞത്; മകന്‍ ആകട്ടെ എഞ്ചിനീയര്‍ ആകാതെ നാടകവും കളിച്ചു നടക്കുന്നു . ജീവിത പരാജയത്തിന്റെ മൂര്‍ത്തികള്‍ എന്നാണു അവരെ പറ്റി പറയുമ്പോള്‍ ബീന മാഡ ത്തിനു  വായില്‍ വരുന്ന വിശേഷണം. ഒക്കെ വീട്ടിലെ ആ തള്ള കാരണം ..അതുകൊണ്ടാണ് പലതരം രോഗാണുക്കളെ നാം അകറ്റുന്നത് പോലെ വീട്ടില്‍ മുത്തശി മുതശ്ഷന്മാരെയും രോഗാണു ക്കള്‍ ആയി  കരുതി അകറ്റണം  എന്നവര്‍ കുട്ടികളെ ഉത്ബോധിപ്പിക്കുന്നത്
ഹാര്‍പിക് കൊണ്ട്  കക്കൂസ് കഴുകി.ഡെറ്റോള്‍ കൊണ്ട് വാഷ്‌ ബസിന്‍, നിലം മിനുക്കിയത് ആ മഞ്ഞക്കളര്‍ ദ്രാവകം കൊണ്ട്.....അമ്മയും അച്ഛനും നിര്‍ത്താതെ  പണിയെടുക്കുകയാണ്
കൊതുക് ,പാറ്റ ,പല്ലി ,ചിലന്തി ,ഈച്ച  തുടങ്ങിയ കീടങ്ങളല്ല ,സൂക്ഷ്മ ദര്‍ശിനിയില്‍ പതിഞ്ഞു കിടന്നു നമ്മുടെ തല തല്ലി പൊളിച്ചു സമൂലം നമ്മുടെ ജീവിതം ഇടിച്ചു പിഴിയുന്നവയാണ് ഈ കീടാണ്‌ക്കള്‍.
പക്ഷെ ,
ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

അതിഥി മൂക്ക് പൊത്താതെ പോയി കക്കൂസിലിരിക്കണമെങ്കില്‍ ഫ്ലാഷ് മാജിക് കാട്ടണം. ബാത്ത് റൂം അതിഥി മുറിപോലെ തിളങ്ങണം .പച്ച നിറത്തിലുള്ള ആ ഡിഷ്‌ വാഷ് കൊണ്ട് തന്നെ പാത്രം കഴുകണം ..രോഗാണുക്കള്‍ വളഞ്ഞ ഈ സ്ഥലത്ത് എങ്ങനെ ജീവിക്കുന്നുനമ്മള്‍ ഇങ്ങനെ എല്ലാം ചെയ്യാതെ ?.
നമ്മള്‍ ഈ സ്ചൂളിനെയും അതിന്റെ  പരിസരത്തെയും അതായത് നമ്മുടെ കോളനിയും എല്ലാ രോഗത്തില്‍ നിന്നും അണുക്കളില്‍ നിന്നും സംരക്ഷിച്ചു ലോകത്തിനു തന്നെ മാതൃകയാക്കാന്‍  തീരുമാനിച്ചിരിക്കയല്ലേ . അതിനോട് സഹകരിക്കാത്തവര്‍ കോളനി വിട്ടു പോകണം എന്നാണു നമ്മുടെ ആവശ്യവും അഭ്യര്‍ഥനയും പോലും .അല്ലെ..
അതുകൊണ്ടാണ് ഈ ഇടക്കാല  പരിശോധനകള്‍ .ആരെങ്കിലും തീരുമാനങ്ങള്‍  നടപ്പാക്കുന്നില്ലേ എന്നല്ല അത് തെറ്റിക്കുന്നോ എന്നാണു നമുക്ക് പരിശോധിക്കാനുള്ളത് .കുട്ടികളെ ...!അത് കൊണ്ട് ഞങ്ങള്‍ നാളെ നിങ്ങളുടെ ഭാവനങ്ങളിലേക്ക് പരിശോധനക്കായി വരുന്നു."

"മാഡം ബീനയും ലീനയും   രമേശന്‍ മാഷും പ്രിന്‍സിപ്പല്‍ ദയാനിധിയും മാനേജര്‍ ചിത്തിര കണ്ടത്തിലും ഉണ്ടാവും കൂടാതെ തോമസ്‌ എന്ന സഹായിയും" .
അച്ഛന്‍ അമ്മയോട് വേവലാതി പെട്ട് പറയുന്നത് കുട്ടി കേട്ടു .

മുത്തശ്ശിയെ എന്ത് ചെയ്യും അവര്‍ ....കുട്ടി യും വേവലാതി പെട്ടു


ഒക്കെ ശരിയല്ലേ ..പക്ഷെ വളഞ്ഞു കൂനിയ മുത്തശ്ശിയെ എന്ത് ചെയ്യും ? രോഗാണു പോലെ കൈകാര്യം ചെയ്യണ മെന്നോ?

കുട്ടിക്ക് മാഡ ത്തിനെ പേടിയുണ്ട് .അവര്‍ വന്നു കണ്ടാല്‍ കോളനി പരിശോധനക്കിടയില്‍ ..ഒളിപ്പിച്ചു വച്ചാലോ   ....പക്ഷെ മുത്തശ്ശി  ഒന്ന് തുമ്മിയാല്‍ കഴിഞ്ഞു ..എല്ലാം പൊളിയും ..അമ്മ യും അച്ഛനും എന്ത് ചെയ്യണം എന്നറിയാതെ തെക്ക് വടക്ക് നടക്കുകയാണ് .
ഈ കോളനിയില്‍ ഒരു പക്ഷെ തന്റെ വീട്ടില്‍ മാത്രമേ മുത്തശ്ശി കാണൂ. ഈ സ്കൂളില്‍ പഠിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നത് കുട്ടി ഓര്‍ത്തു . അതില്‍ ഒന്ന് ഇതായിരുന്നു വയസ്സ് ചെന്നവര്‍ ഉണ്ടാവരുത് .മുത്തശ്ശിക്ക് വയസ്സായെന്നു ആര് പറഞ്ഞു .എന്താ അല്ലെങ്കി വയസ്സ് .? ഓ! ഭൂമിക്കും ,ചന്ദ്രനും സൂര്യനും മഴക്കും എല്ലാം വയസ്സുണ്ട് എന്ന  മട്ടിലാണ് ..സയന്‍സ് എന്ന് പറഞ്ഞാല്‍ തന്നെ ഒരു തുരന്നെടുപ്പാണ് . തുറന്നാല്‍ കിട്ടാത്തതൊക്കെ ,  അതില്‍ കൊള്ളാ ത്തതൊക്കെ അതിനു   പുറത്തു .
കണക്കില്‍ മനസ്സില്ല പക്ഷെ മനസ്സില്‍ കണക്കു വേണമത്രേ ..കുട്ടിക്ക് എന്തൊക്കെയോ പിഴച്ചു എന്ന് തോന്നി ..

എന്താ ഈ സയന്‍സ് എന്ന് വച്ചാല്‍ ? ദൈവത്തിന്റെ പര്യായം ?
 ആണെന്ന് തോന്നുന്നു .തൂണിലും തുരുമ്പിലും ഉണ്ട്  ദൈവം എന്ന് പറഞ്ഞത് ആറ്റം കണ്‍സപ്റ്റ് ആണെന്നാണ് ബീനാ മാഡം പറഞ്ഞത് . ദൈവമാണോ സയന്‍സ് ഉണ്ടാക്കിയത് ?അതെ ..അതിനെന്താ സമയം ..ദൈവദോഷം ഉണ്ടാക്കുന്നതൊന്നും നമ്മള്‍പറയാനോ ചിന്തിക്കാനോ പാടില്ല എന്നും ബീന മാഡം പറയാറുണ്ട്‌ .


രോഗാണുക്കളെ കുറിച്ച്‌ ഏതു കുട്ടിക്കുമറിയാം
കക്കൂസിലെ, വാഷ്‌ ബെസിനിലെ , തൊലിയിലെ, തലയിലെ, കണ്ണിലെ, കാലിലെ ..ഹോ എന്ത് മാത്രം രോഗാണു ക്ക ളാ.സയന്സാണ് രോഗാണുക്കളെയും അവറ്റയെ കൊല്ലാനുള്ള മരുന്നും കണ്ടു പിടിച്ചത്  .നമ്മുടെ കോളനിയില്‍   അണുനാശിനി  ഫാക്ടറി ഉണ്ടാക്കിയത് പിന്നെ എന്തിനാ .വലിയ ശാസ്ത്രജ്ഞരാ  അതിന്റെ പിന്നില്‍ .കച്ചവടക്കാര്‍ ഒന്നു മല്ല .അവര്‍ ചെയ്യുന്ന സേവനത്തെ പറ്റി ബീന മാഡ ത്തിനു എന്ത് ബഹുമാനമാണ് .
കുളിക്കാത്ത മുത്തശ്ശിക്ക് ചുറ്റും രോഗാണുക്കള്‍ നൃത്തം വക്കുന്നു എന്ന് ബീനാ മാഡം പറഞ്ഞാല്‍ എന്ത് ചെയ്യും ?
മുത്തശ്ശിയെ സാനി ഫ്രഷ്‌ ല്‍  മുക്കാന്‍ പറ്റുമോ ?
അച്ഛനും അമ്മയും എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട് . കുട്ടിക്ക് സമാധാനമായി .  ഈ സ്കൂളിലെ പഠിത്തം നിര്‍ത്തി മറ്റേതെങ്കിലും സ്ഥലത്തേക്ക്  പോകാം എന്ന് എത്ര തവണയായി പറയുന്നു ‍. അപ്പോള്‍ അച്ഛനും അമ്മയും സ്കൂളിന്റെ കേമത്തം പറയും .അവിടെ പഠിച്ചാല്‍ വലിയ കേമന്‍  ആകാമത്രെ   ...എന്നിട്ടോ... അറിയാതതിനും അറിയുന്നതിനും എല്ലാം നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കി മനുഷ്യരാശിയെ  അറിവില്‍ ആറാടിക്കാം അത്രേ  ..കുട്ടിക്ക് ഈ പറഞ്ഞതൊന്നും ഗ്രഹിക്കാന്‍ ആയില്ലെങ്കിലും ആ സ്കൂളില്‍ നിന്നോ കോളനിയില്‍ നിന്നോ അവര്‍ പോകില്ല എന്ന് മനസ്സിലായി .

മിട്ടായി  ഗുളിക വില്‍ക്കുന്നു എന്ന് പറഞ്ഞു രാഹുലിന്റെ അച്ഛനെ കോളനിയില്‍ നിന്നും  രാഹുലിനെ സ്കൂളില്‍ നിന്ന് കൂടി പുറത്താക്കി . അമ്മയാണ് പറഞ്ഞത് രാഹുലിന്റെ അച്ഛന്‍ ജെര്‍മനിയിലോ  മറ്റോ പോയി പഠിച്ച  ഹോമിയോ ഡോക്ടര്‍  ആണെന്ന്. ഡോക്ടര്‍ അല്ലെ പിന്നെ എന്താ പ്രശ്നം എന്ന് കുട്ടിയുടെ ചേച്ചി ചോദിച്ചു ..അതൊന്നും സയന്സല്ല മോളെ മന്ത്രവാദം പോലെ ഒന്നാണെ ന്നാ ഈപ്പന്‍ കോരുത് ഡോക്ടര്‍ പറഞ്ഞത്  അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഡോക്ടര്‍ ആയതു . അപ്പൊ അതല്ലേ ശെരി ..? "ഈപ്പന്‍ കോരുത് കോളനിയുടെ രക്ഷധികാരിയാണ് .
കുട്ടിക്ക് അത് മനസ്സിലായില്ല . ഒരു ഡോക്ടറെ ശരി പറയുള്ളൂ? ചേച്ചിയോട് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ചേച്ചി രാഹുലിന്റെ അച്ഛന്റെ  കാര്യം മറന്നു.

അതല്ലല്ലോ ഇപ്പൊ കാര്യം ....മുത്തശ്ശിയെ എന്ത് ചെയ്യും .
അമ്മയുടെയും അച്ഛന്റെ യും മുഖം എന്തോ പറയുന്നുണ്ട് .പരിഹാരം കണ്ടു എന്ന്  ചേച്ചിയോട് പറയുന്നുണ്ടല്ലോ . ചേച്ചിക്ക് അതില്‍ വലിയ താത്പര്യം കാണാനുമില്ല . ഓ ! എന്ന് സ്വന്തം മുറി കീട  വിമുക്തമാക്കാന്‍ പോയി ചേച്ചി ! .ചേച്ചിയുടെ വെള്ള പൂച്ച യുടെ കൊഴിഞ്ഞ രോമം എടുത്തു കളയാനുണ്ടാകും.


മുത്തശ്ശിയെ ഒന്ന് കണ്ടു വരാം .കുട്ടി പതുക്കെ മുത്തശ്ശിയുടെ മുറിയില്‍ കാല്‍ വച്ചു നല്ല സുഗന്ധം .നിലവും കട്ടിലും മാര്‍ബിള്‍ പലക പാകിയ വിചിത്ര മേശയും അവിടെ തന്നെ യുണ്ട് മുത്തശ്ശിയെ പക്ഷെ കാണാനില്ല . ഒരു പക്ഷെ മേശക്കകത്താക്കിയി ട്ടുണ്ടാകുമോ  മുത്തശ്ശിയെ ? അങ്ങനെ യാണെങ്കില്‍ ശ്വാസം മുട്ടില്ലേ .കുട്ടി ഇതുവരെ ആ മേശ തുറന്നു നോക്കിയിട്ടില്ല . അതിന്റെ പിന്നില്‍ ചുമരില്‍ പറ്റിചെര്‍ന്ന സ്വിച്ച് ആണ് തുറക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. മുത്തശ്ശിക്ക് കല്ലുപാകിയ ആ മേശ കൈകൊണ്ടൊന്നും തുറക്കാന്‍ ആവില്ലല്ലോ .

കുട്ടി വിചാരിച്ചു .
പുറത്തു ശബ്ദം കേള്‍ക്കുന്നുണ്ട് .ബീനാ മാഡവും കൂട്ടരും വന്നിട്ടുണ്ടാവും .കുട്ടി മുത്തശ്ശിയുടെ മുറിയില്‍ ചുറ്റി പറ്റി നിന്നു
. വാതില്‍ തുറന്നു പ്രിന്‍സിപ്പലും രമേശന്‍ മാഷും പിന്നാലെ ബീനാ മാഡവും കയറി . വീടിന്റെ വൃത്തിയില്‍  സന്തുഷ്ടരാണ് എന്ന മുഖ ഭാവം അവരില്‍  കുട്ടി കണ്ടു . ഇപ്പൊ മുത്തശ്ശി ഇറങ്ങി വന്നാല്‍ ? അവര്‍...
കുട്ടിക്ക് പരിഭ്രമം തോന്നി.

പക്ഷെ മുത്തശ്ശി ഇറങ്ങി വന്നില്ല . പകരം ബീനാ മാഡം മേശ തുറക്കാനായി മാര്‍ബിളില്‍ കൈവച്ചു .
അച്ഛന്റെ മുഖം വിളറിയോ .അച്ഛന്റെ അമ്മയെ , തന്റെ മുത്തശ്ശിയെ അവര്‍ കണ്ടു പിടിക്കുമോ . 'മേശക്കകവും നോക്കണം മിസ്റ്റര്‍ ഗോപി ..' എന്ന വാചകത്തോടെ . ആകാമല്ലോ അച്ഛന്‍ പറഞ്ഞു .അച്ഛന്‍ മുത്തശ്ശിയെ  മേശക്കകത്തു വച്ചിട്ടുണ്ട് എന്ന് കുട്ടിക്ക് പിന്നെയും സംശയം തോന്നി .അച്ഛന്‍ അത്ര ഇഷ്ടത്തോടെയല്ല മേശതുറന്നത് 

കൌതുകത്തോടെ ബീനാ മാഡം ചുവരിലെ സ്വിച്ചില്‍ വിരല്‍ തൊട്ടതും കനമുള്ള അതിന്റെ മേല്‍ പാളി ഉയര്‍ന്നു മാറുകയും  , മേശയുടെ  ഉള്‍വശം തെളിയുകയും ചെയ്തു ..ക്ലീന്‍  ആയ അതിന്റെ  ഉള്ളില്‍ മുത്തശ്ശി ഇല്ലായിരുന്നു .കുട്ടി നെടുവീര്‍പ്പിട്ടു .

ബീനാ മാഡവും കൂട്ടരും അച്ഛനും അമ്മയും മുറിയില്‍ നിന്ന് പുറത്തിറങ്ങി . കുട്ടി മുത്തശ്ശി വരുന്നതും കാത്തു മുത്തശ്ശിയുടെ  കട്ടിലില്‍ ഇരുന്നു. പൂക്കളുടെ   സുഗന്ധം നിറഞ്ഞ മുറിയില്‍ ജനലിലൂടെ സന്ധ്യവെളിച്ചതിനോടൊപ്പം ഇളവെയില്‍ വള്ളി യില്‍ പിടിച്ചു  മുത്തശ്ശി ഇറങ്ങി വന്നു .

അപ്പോഴാണ്‌ കുട്ടിക്ക് മനസ്സിലായത് മുത്തശ്ശി കഥയില്‍  പറഞ്ഞത്   വെറും കഥയല്ല എന്ന് ; കളിയല്ല എന്നും .അമ്പിളി മാമന്റെ തണുത്ത രശ്മിയില്‍  തൂങ്ങി ഊഞ്ഞാല്‍ ആടുന്ന കുട്ടിയെ കുറിച്ചായിരുന്നു മുത്തശ്ശി ഈയിടെ പറഞ്ഞ  ഒരു കഥ ...ഇപ്പോള്‍ കുട്ടിക്ക് മനസ്സിലായി സൂര്യന്റെ ചെറു ചൂടുള്ള രശ്മിയില്‍ പിടിച്ചും ഒളിച്ചു കളിക്കാമെന്ന് .മുത്തശ്ശി അതല്ലേ ഇപ്പോള്‍ ചെയ്തത് . മുത്തശ്ശി പൂക്കള്‍ക്കൊപ്പം   മന്ദഹസിച്ചു കൊണ്ട് കുട്ടിയുടെ ഉള്ളില്‍ മധുരം നിറച്ചു .

കുട്ടി പുതിയൊരു കഥയ്ക്ക് ചെവിയോര്‍ത്തു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക്‌ ചാഞ്ഞു..മുത്തശി മുറിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും അച്ഛനോ അമ്മക്കോ ബീന മാഡ ത്തിനോ  കൂട്ടര്‍ക്കോ കാണാന്‍ ആവാത്തവിധം പൂക്കളുടെ സുഗന്ധത്തില്‍ മറഞ്ഞു ,അതില്‍ പറ്റി പ്പിടിച്ചു  നില്‍ക്കുകയായിരുന്നു എന്നും മുഖവുരയായി പറഞ്ഞു കൊണ്ട്മുത്തശ്ശി  മറ്റൊരു കഥ പറയാന്‍ തുടങ്ങി .

3 comments:

Melethil said...

ഓര്‍മ്മയായി,ഇപ്പോള്‍ മണ്ണില്‍ പൊടിഞ്ഞു പൊടിഞ്ഞു ചേര്‍ന്ന് കൊണ്ടിരിയ്ക്കുന്ന ഒരു കിഴവിയെ ഓര്‍ത്ത്‌ പോയി, അതിഥികള്‍ വരുമ്പോള്‍ ഒറ്റയ്ക്ക് മുറിയില്‍ അടച്ചിരിയ്ക്കുമായിരുന്നു അവര്‍.

savi said...

നന്ദി ! കഥ യഥാര്‍ഥ ജിവിതത്തിലെ ഒരമ്മൂമ്മയെ ഓര്‍മ്മിപ്പിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം !

ചീര I Cheera said...

നല്ല രസമുള്ള എഴുത്ത്, രസായി വായിച്ചു.
ഇപ്പൊഴാണ് ഈ ബ്ലോഗ് കണ്ടത്.