പബ്ലിക് ആയി സ്വകാര്യ ഡയറി എഴുതുന്ന ഒരാള്‍ ആണ് ഞാന്‍ എന്നു തോന്നുന്നു. ഈ ബ്ലോഗില്‍ അതാണ് നടക്കുന്നത്. ശിഥില ചിന്തകള്‍ .പ്രസക്തവും അപ്രസക്തവും ആയവ ഉണ്ടാവാം. വിരസമായവ, സാഗത്യമുള്ളവ ...ഇല്ലാത്തവ. തുപ്പല്‍ കൂട്ടി വിഴുങ്ങാതെ ഞാനിത് വീണ്ടും തുടരുന്നു.
കടുത്ത നിരാശയില്‍ ആണ്ട, ഒരാളെ , ഒരു സ്ത്രീയെ ഞാന്‍ ഇന്നലെ കണ്ടു. പരിചയപ്പെട്ടു .അല്ലെങ്കില്‍ അവര്‍ വെറുതെ എന്നെ തേടി വന്നു എന്നും പറയാം .
മനുഷ്യര്‍ക്ക് ദുഖിക്കാന്‍ കാരണങ്ങള്‍ തേടി പോകേണ്ട കാര്യമില്ല . ജനിച്ചു എന്ന ഒറ്റക്കാരണം തന്നെ ധാരാളം . അത് പോരാതെ തന്റെ ചുറ്റും നിന്നു തന്നെ പൊതിയുന്ന ആവേശിക്കുന്ന ഈ ലോകം അവനെ/അവളെ വെറുതെ വിടാനോ? തീര്‍ച്ചയായും അതുണ്ടാകില്ല . അന്യരായി, അന്യന്റെ മുതലായി, അന്യന്റെ സുഖ ജീവിതത്തിന്റെ കാഴ്ചകളായി,മുന്നില്‍ വന്നു നിന്നു തന്റെ ഇല്ലായ്മകളെ പെരുപ്പിച്ചു മുന്നില്‍ നിര്‍ത്തും .
എന്റെ മുന്നില്‍ ഏറ്റവും ഭംഗിയായി ഒരുങ്ങി മനോഹരിയായി വന്ന ആ സ്ത്രീയെയും ഈ ലോകം വല്ലാതെ വലയ്ക്കുന്നു എന്നു തോന്നി . ഭര്‍ത്താവ് ഉപേക്ഷിച്ച /അല്ലെങ്കില്‍ മരിച്ചു പോയ ഒരു സ്ത്രീ . മുതിര്‍ന്ന മക്കള്‍ . ചെറിയ ജോലിയുണ്ട് അവര്‍ക്ക്. ഒരു കാലത്ത് വലിയ സമ്പന്നയായിരുന്നു. ഇപ്പോള്‍ വിദേശത്ത് പണിയെടുക്കുന്ന മക്കള്‍ പണം അയക്കുന്നുണ്ട് . ഒരു വിധത്തില്‍ ഒറ്റക്കായി പോയ ഒരു സ്ത്രീയാണ് .
ഇപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ വിവാഹം കഴിക്കാന്‍ പുറപ്പെടുന്നതാണ് അവരെ അസ്വസ്ഥയാക്കുന്നത്, മുള്‍ മുനയില്‍ നിര്‍ത്തുന്നത് . ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ കണ്ടെത്തി അമ്മയുടെ മുന്‍പില്‍ നിര്‍ത്തുന്നു. കണ്ട പാടെ അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ കുട്ടികളുടെ ആഗ്രഹം നിഷേധിക്കാന്‍ ഒരു മടിയും കാണിച്ചില്ല . അക്കാരണം കൊണ്ടു തന്നെ കുട്ടികള്‍ അകന്നു. കേട്ടാല്‍ അവര്‍ക്ക് തിരുത്താവുന്നതെ ഉള്ളു എന്നു തോന്നും .വാസ്തവത്തില്‍ അതാണ് വേണ്ടതും. എന്റെ 'ഉപദേശവും മറ്റൊന്നായിരുന്നില്ല. അപ്പോള്‍ പരിചയപ്പെട്ട സ്ത്രീ തന്ന, അവരുടെ ഭാഗത്ത് നിന്നുള്ള വിവരണങ്ങള്‍ആണല്ലോ അത് . അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ ക്ലേശ ത്തില്‍ കേള്‍വിക്കാരി യായി നിന്നു ഞാന്‍ കുട്ടികളുടെ പ്രണയത്തിനു എതിരായി പറയുമെന്ന്. മക്കളുടെ ഉടമസ്ഥരാവാതിരിക്കാന്‍ ആ സ്ത്രീ എന്നു പഠിക്കുന്നോ അന്ന് അവര്‍ക്ക് ശാന്തി ലഭിക്കും എന്നു എനിക്ക് പറയാന്‍ കഴിയില്ലല്ലോ . അത് അവര്‍ക്ക് മനസ്സിലാവില്ല എന്നു എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ എനിക്ക് തോന്നുന്നു അനാവശ്യമായി ആകാശത്ത് നിന്നെന്ന പോലെ അശാന്തികള്‍ മാത്രം വലിച്ചെടുക്കാന്‍ ഒരാന്റിന യുമായി ജനിച്ച എത്രാമാത്തെയോ ആളെ യാണ് ഞാന്‍ പരിചയപ്പെടുന്നത് എന്നു .
No comments:
Post a Comment