Wednesday, November 24, 2010

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍
മാധവിക്കുട്ടിയുടെ  'നീട്ടിവച്ച മധുവിധു' എന്ന കഥയെ കുറിച്ച്‌ 
സാവിത്രി രാജീവന്‍
മാധവിക്കുട്ടിയുടെ സര്‍ഗ ശേഷിയെ കുറിച്ച്‌ നമുക്കാര്‍ക്കും സംശയമില്ല . വിരല്‍ സ്പര്‍ശം  കൊണ്ടു  വീണ ക്കമ്പികള്‍  ത്രസിക്കുന്നതുപോലെ അവരുടെ വിരല്‍ തൊട്ട അക്ഷരങ്ങളും  വാക്കുകളും ജീവന്‍ പൂണ്ടു തുടിച്ചു നിന്നു. സുഗന്ധം പരത്തി കാറ്റില്‍ പരന്നു നമ്മുടെ ശ്വാസത്തില്‍ കലര്‍ന്നു .ചെറു സംഭവങ്ങള്‍ , ചെറു വാക്കുകള്‍ , വിവരണങ്ങള്‍ ഇവ കൊണ്ടു ജീവിത ക്കാഴ്ചകള്‍ നിറഞ്ഞ അന്തമില്ലാത്തലോകങ്ങള്‍ നമുക്ക് മുന്നില്‍ അവര്‍ തുറന്നിട്ടു.മനുഷ്യ മനസ്സുകള്‍ വ്യാപരിക്കുന്നതും വ്യാപരിക്കാന്‍ സാധ്യതയുള്ളതു മായ നാനാതരം വഴികളിലൂടെ അവര്‍ നമ്മെ അങ്ങനെ കൊണ്ടു പോകും .ഏതു വഴിയിലൂടെയും വായനക്കാര്‍ക്ക് പോകാം, ഏതറ്റം വരെയും , തങ്ങളുടെ ആസ്വാദന ശേഷിയനുസരിച്ച്. ഒരു പക്ഷെ പണ്ഡിതനും പാമരനും ഒരുപോലെ കയറി ചെല്ലാവുന്ന ഒരത്ഭുത ലോകമാണ്  മാധവിക്കുട്ടി തുറന്നു വച്ചത്. ആ ലോകം തന്റേതു തന്നെ എന്നു ഓരോരുത്തര്‍ക്കും തോന്നത്തക്കവിധം വ്യത്യസ്ത മാനങ്ങള്‍ ഉള്ളവയായായിരുന്നു അവ.

മാധവിക്കുട്ടിയുടെ 'നീട്ടിവച്ച മധു വിധു' എന്ന ഒരു ചെറിയ കഥ യാണ് എന്റെ മുന്നിലിപ്പോള്‍ ഉള്ളത്.

അതിന്റെ തുടക്കം നോക്കുക
" വണ്ടി ഇളകി തുടങ്ങിയപ്പോള്‍ കുളിമുറിയുടെ വാതില്‍ പെട്ടെന്ന് തുറന്നു ഒരു ചെറുപ്പക്കാരന്‍ ആ ഒന്നാം ക്ലാസ് മുറിയില്‍ പ്രവേശിച്ചു. ' അയാളോടൊപ്പം ബീഡി പ്പുകയുടെ മണം അവിടെ വന്നെത്തി'" .


ആ ചെറുപ്പക്കാരന്റെ പ്രവേശനത്തിലെ അസ്വാഭാവികത 'കുളിമുറിയുടെ വാതില്‍  പെട്ടെന്ന് ' തുറന്നു വന്നതില്‍ കൂടി നമ്മുടെ ഉള്ളില്‍ കയറി കഴിഞ്ഞു . 'ബീഡി പുകയുടെ മണം കൂടി ' ആയപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഒന്നാം ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാന്‍ യോഗ്യനല്ല  എന്നു ഏതാണ്ട് ഉറപ്പായ ഒരു സൂചനയായി . ഒന്നാം ക്ലാസില്‍  യാത്ര ചെയ്യുന്നവര്‍ എങ്ങനെ ആയിരിക്കും / ആയിരിക്കണം  എന്നുള്ള നമ്മുടെ മുന്‍‌കൂര്‍ ധാരണ ഉടന്‍ സജീവമാവുന്നതിനാല്‍  അയാളുടെ വരവില്‍ നമ്മള്‍ ദുരൂഹത കണ്ടു തുടങ്ങുന്നു.
അയാള്‍ കയറിയ ഒന്നാം ക്ലാസ് മുറിയില്‍  ' സീറ്റില്‍ ചാരിയിരുന്നു , തന്റെ കൈനഖങ്ങള്‍ പരിശോധിച്ചിരുന്ന ധനികയായ സ്ത്രീ  മറച്ചു വക്കാത്ത നീരസത്തോടെ ആഗതനെ നോക്കി ' യതും തന്റെ ഭര്‍ത്താവിനോട് 'ഇയാള്‍ മദിരാശി വരെ ഉണ്ടാവ്വോ  ആവോ '
എന്നു ആശങ്കപ്പെട്ടതും ഒരു സ്വകാര്യതയിലേക്കുള്ള തളളി ക്കേറ്റ മാണ്  അപരിചിതന്റെ ആ വരവ് എന്നു ആ സ്ത്രീക്ക് തോന്നുന്നതായി  നാം അറിയുന്നു. സ്ത്രീ യുടെ നീരസ പ്രകടനത്തിന് അടിസ്ഥാനം ധനിക -ദരിദ്ര വര്‍ഗ ഭിന്നതയും  അതില്‍ നിന്നു വന്ന ആഭിജാത്യ നാട്യവും കൂടി ചേരുന്നുണ്ട് എന്നു  ഒരു മിന്നല്‍ പോലെ വായനക്കാരന് തിരിച്ചരിവാകുന്നു . അങ്ങനെ  ഒരു വലിയ വിസ്തരിച്ച ക്യാന്‍ വാസ് ഇതോടെ നമ്മുടെ മുന്നില്‍ ആയാസ രഹിതമായി വിടര്‍ന്നു വരികയായി.

ഭാര്യയുടെ അനിഷ്ടം മാനിച്ചു ആഗതനെ നോക്കുന്ന ഭര്‍ത്താവ് അയാളെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തുന്നു .ബലവാനും 'അജ്ഞാതമായ ഏതോ വിശപ്പ്‌ നിഴലിക്കുന്ന മുഖവുമുള്ള' വക്കു ദ്രവിച്ച  ട്രൌസറും  നീല ഷര്‍ട്ടുമിട്ട  ചെറുപ്പക്കാരന്‍ .

പുറത്തേക്ക് നോക്കി കാഴ്ചകളില്‍  ലയിച്ചിരിക്കുന്ന നീലക്കുപ്പായക്കാരന്‍  'ചെന്നായുടെ മുഖമുള്ളവനും ' തന്റെ പണത്തിനും മാന്യതക്കും ചേരാത്ത വനും ആയിരുന്നിട്ടു കൂടി സ്ത്രീക്ക് അയാള്‍ തന്റെ സൌന്ദര്യ മുള്ള ശരീരത്തെ നോക്കാതിരിക്കുക വഴി അതിനെ അവഹേളിക്കുന്നതായി , തന്റെ സ്ത്രീ യെന്ന നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്നതായി   തോന്നുന്നു. എത്ര പെട്ടെന്നാണ് വ്യത്യസ്തമായ ഒരു സ്ത്രീ മനസ്സിന്റെ  ലോകം ഒരു മറയുമില്ലാതെ തുറക്കപ്പെട്ടത്‌ . അതാണ്‌ സ്ത്രീയുടെ പുരുഷനോടുള്ള / ഉണ്ടാവേണ്ട ശാശ്വത ഭാവം എന്നൊന്നും  പറയുകയല്ല
അവര്‍. അയാളോടുള്ള വെറുപ്പിന പ്പുറം അവള്‍ വെളിപ്പെട്ടു പോവുന്നതില്‍ കഥാകാരിക്ക് യാതൊരു പ്രശ്നവുമില്ല . ഇവിടെയാണ്‌ മാധവിക്കുട്ടി മറ്റുള്ള പെണ്‍ കഥാ കൃത്തുക്കളില്‍ നിന്നു തീര്‍ത്തും വ്യത്യസ്ത യാവുന്നതും .

കഥ യിലെ ഭര്‍ത്താവിനു അന്യന്റെ സാന്നിദ്ധ്യം പ്രശ്നമല്ലെന്ന് മാത്രമല്ല അത് അവരുടെ  യാത്ര ക്ക് ലഘുത്വം തരുമെന്നൊരു അഭിപ്രായം കൂടിയുണ്ട്. പതിനഞ്ചു കൊല്ലം മുന്‍പ് നടത്തേണ്ടിയിരുന്ന ഒരു മധുവിധു യാത്രയാണ് തങ്ങള്‍  ഇപ്പോള്‍ നടത്തുന്നതെന്ന് ഭാര്യ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവിനു ഭാര്യ യോടൊപ്പമുള്ള ഒരു ആഹ്ലാദയാത്ര സങ്കല്‍പ്പത്തില്‍ പോലും  ഇല്ലെന്നു
അതോടെ വ്യക്തമാകുന്നു    .   ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ച ചെറു സൂചനയില്‍ തുടങ്ങി അത് ചെറുതല്ല എന്നു വായനക്കാര്‍ തുടര്‍ന്നുള്ള സംഭാഷണത്തില്‍  നിന്നു ഗ്രഹിക്കുന്നു .
' ' ഇപ്പൊ പോന്നത് നന്നായി '
ഉം '?
"അല്ലെങ്കില്‍ ആ പ്രേമം മൂത്ത് അപകടത്തില്‍ കലാശിക്കുമായിരുന്നു .ഈ വിരഹം കാരണം ഒരു വിവാഹ മോചനം വേണ്ടെന്നു വന്നു.'

തനിക്കു സൌന്ദര്യമില്ലേ  , പഠിപ്പില്ലേ , ധനമില്ലേ എന്നും ഒരു കുറവുമില്ലാത്ത തന്നെ വിട്ടു ഭര്‍ത്താവ് അന്യസ്ത്രീയെ പ്രണയിക്കുന്നത്‌ എന്തിനെന്നും അവള്‍ ചോദിക്കുന്നു .ഭര്‍ത്താവിന്റെ  പ്രണയത്തെ കുറിച്ച്‌ ഭാര്യ ഇങ്ങനെ കലമ്പുമ്പോള്‍ ഭാര്യയുടെ കാമുകന്‍ സെന്‍ഗുപ്തയെകുറിച്ച്‌  ഭര്‍ത്താവും ആക്ഷേപിക്കുന്നു .  ഭര്‍ത്താവിനും ആ ചോദ്യം തിരിച്ചു ചോദിക്കാം എന്നു സെന്‍ ഗുപ്ത പരാമര്‍ശത്തില്‍ വെളിവായി കഴിഞ്ഞു . നമുക്ക് പരിചിതമായ മിക്കവാറും എല്ലാ  ദാമ്പത്യങ്ങളുടെയും സ്ഥിതി ഇത് തന്നെ. ദാമ്പത്യത്തിന്റെ മടുപ്പില്‍ , ദാമ്പത്യത്തിലെ പ്രണയ മില്ലായ്മയില്‍ പരസ്പരം വികര്‍ഷിച്ചുകൊണ്ടു ആകര്‍ഷണമുണ്ടെന്ന  ഭാവത്തില്‍ മധുവിധുവെന്നു പേരിട്ട ഒരു യാത്ര  നടത്തുക . എല്ലാ നൈസര്‍ഗിക കാമനകളെയും തടവില്‍ സൂക്ഷിക്കുകയോ മെരുക്കി ഇല്ലാതാക്കുകയോ ചെയ്തു അതിന് മീതെയുള്ള ട്രപ്പീസുകളി .മാധവിക്കുട്ടി 1962 -ല്‍ തന്നെ വിവാഹ ജീവിതത്തില്‍ സാധ്യമല്ലാത്ത പ്രണയത്തെ തിരിച്ചറിഞ്ഞിരുന്നു .ഇങ്ങനെയുള്ള അവരുടെ  നിരവധി വ്യത്യസ്തമായ 'വെളിപാട് '  കഥകളിലെ കഥാപാത്രങ്ങള്‍   അത്  നമ്മെ ഓര്‍മ്മിപ്പിക്കുന്നു , നിരന്തരം .
 ഈ കഥയില്‍  വെറുപ്പ്‌  ദാമ്പത്യത്തെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു അദൃശ്യ കഥാപാത്രമായി കഥയില്‍ മാറുന്നത്  എങ്ങനെ എന്നു  നോക്കുക .പതിനഞ്ചു കൊല്ലം ഒരുമിച്ചു കഴിഞ്ഞ ദമ്പതി മാര്‍ക്കിടയില്‍ വെറുപ്പ്‌  സദാ കൂടെയുണ്ട് .
" അവര്‍ തമ്മില്‍ വളര്‍ന്നു വന്നിരുന്ന വെറുപ്പ്‌ ഒരു കരി നിഴല്‍ പോലെ ആ മുറിയില്‍ സ്ഥലം പിടിച്ചു " 

ആ കരിനിഴലിന്റെ കറുപ്പിന് എന്തൊരു കറുപ്പാണ് , എന്തൊരു സജീവ മായാണ് അത് ആ മുറിയില്‍ ഇരിക്കുന്നത് . നീലക്കുപ്പായക്കാരന്‍  ജനലില്‍ കൂടി  കണ്ടു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാഴ്ച പോലെ,  അയാളുടെ  ഒന്നു മറിയാത്ത ഇരുപ്പുപോലെ, അവരുടെ ഉള്ളിലെ ഇരുള്‍ കാഴ്ചയിലേക്ക്  നോക്കി കരിനിഴലിന്റെ ഇരുപ്പ്‌.

രാത്രിയില്‍ നീലക്കുപ്പയക്കാരന്‍ അവളെ കൊല്ലാനായി കഴുത്ത്  ഞരിക്കുമ്പോള്‍  ദുര്‍ബലമായി ,നിഴലിനോടെന്നവണ്ണം 'ആരാ' , ' എന്താ'  എന്ന ചോദ്യത്തോടെ  ഭര്‍ത്താവ് ഉണര്‍ന്നു തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ  ബാക്കി  വച്ചു ആശ്ചര്യത്തോടെ മരിക്കുകയാണ് ഭാര്യ . പക്ഷെ അവളെ കൊന്നു തീവണ്ടിക്കു പുറത്തേക്കിട്ടു അയാള്‍ .  കൃത്യം കഴിയുന്നതുവരെ  ഉറക്കം നടിച്ചു കിടന്ന  ഭര്‍ത്താവിനോട് കൂലി യായ ആയിരം രൂപ വാങ്ങി നീല ക്കുപ്പായക്കാരന്‍ പറയുന്ന വാക്കും തുടര്‍ന്നുള്ള പ്രവര്‍ത്തിയും ഈ  കഥയെ ഒരു ദാമ്പത്യ കഥാ വിവരണ ത്തിന്റെ എല്ലാ ചുരുക്കത്തില്‍ നിന്നും അടര്‍ത്തിമാറ്റി  ഫാന്റസിയുടെയും , കുറ്റാന്വേഷണ കഥയുടെയും മാത്രമല്ല ,കറുത്ത ഒരു ഫലിത കഥ പോലുമായി വായനക്കാരനെ ശിഥില മനസ്കരാക്കുന്നു .

" ഇനിയത്തെ സ്റ്റെഷനില്‍ ഇറങ്ങി പോയ്‌ ക്കൊള്ളു " അയാള്‍ പറഞ്ഞു .നീല ക്കുപ്പയക്കാരന്‍ തേഞ്ഞ പല്ലുകള്‍ കാണിച്ചു ചിരിച്ചു .
" ശരി സാഹിബ് , പക്ഷെ ഒരു കാര്യം കൂടി ചെയ്യാനുണ്ട് "

" ഉം ? '

സെന്‍ഗുപ്ത സാഹിബു പണം തന്നാരുന്നു , രണ്ടായിരം '

 ബലവാനായ ,ഘാതകന്റെ മുന്‍പില്‍ 'എന്ത് " എന്നു വിസ്മയിച്ചു എഴുന്നേറ്റിരിക്കുന്ന , മന്ദഹാസം മാഞ്ഞ ആ ധനികന്റെ വിയര്‍ത്ത മുഖം നാം നേര്‍ മുന്‍പില്‍ കാണുന്നു . 'ഹൃദയമില്ലാത്തവന്‍ ആയിരുന്നു 'അയാള്‍ എന്നു കഥാകാരി വിശേഷിപ്പിച്ച പാതകി കാല്‍ മണിക്കൂറിനു ശേഷം വണ്ടിയില്‍ നിന്നിറങ്ങി ചൂളം വിളിച്ചു ആഹ്ലാദത്തോടെ ഇരുട്ടിലേക്ക് മറഞ്ഞില്ലാതെ ആകുമ്പോള്‍ ഒട്ടനവധി ലോകങ്ങള്‍ നമ്മുടെ മനസ്സില്‍ തെളിയുകയായി. കള്ളനും കൂട്ടികൊടുപ്പുകാരനും , വാടകക്കൊലയാളിയും ഉള്‍പ്പെട്ട മറ്റൊരു ഹൃദയ ശൂന്യ ലോകവും  , അതിന് നമ്മുടെ മാന്യ ലോകവുമായുള്ള ബാന്ധവത്തിന്റെ ആഴം , അല്ലെങ്കില്‍ ഒന്നു മറ്റൊന്നിനെ എങ്ങനെ പരസ്പര പൂരകമായി നില നിര്‍ത്തുന്നു  എന്നുള്ള സൂചനയും തുടങ്ങി അദൃശ്യവും ദൃശ്യവുമായ ലോകത്തേക്കുള്ള നാനാ വഴികള്‍ വെളിച്ചപ്പെടുകയായി .

No comments: