Tuesday, June 7, 2011

കസ്റ്റമര്‍ കെയര്‍!



     ഇന്നത്തെ ഒരു ചെറിയ കോളം വാര്‍ത്തയില്‍ ഇങ്ങനെ കണ്ടു. 'പേഷ്യന്റ് ' എന്ന്  'രോഗികളെ' വിളിക്കുന്നത്‌ ഡോക്ടര്‍ മാര്‍ ഒഴിവാക്കണം എന്നാണു വാര്‍ത്തയുടെ ചുരുക്കം .അത് രോഗികളും ഡോക്ടര്‍ മാരും  തമ്മിലുള്ള അകലം കൂട്ടുന്നതിനെ സഹായിക്കൂ എന്നാണ്. അല്ലെങ്കില്‍ അങ്ങനെ വിളിക്കാതിരിക്കുന്നത് അകലം കുറയ്ക്കും എന്നാണ്‌. ഐ എം . എ ക്കാര്‍ ആണ് ഇങ്ങനെ പറഞ്ഞത്.

   അസുഖവുമായി വരുന്നവരെ രോഗികള്‍ എന്നല്ലാതെ എന്ത് വിളിക്കും എന്ന് ആര്‍ക്കും ചോദിക്കാവുന്ന ചോദ്യം തന്നെ. എങ്കിലും മുകളില്‍ പറഞ്ഞതിനോട് നൂറു ശതമാനവും എനിക്ക് യോജിപ്പുണ്ട് . ഇരുപതു വയസ്സില്‍ ആദ്യം ഗര്‍ഭിണി യായ കാലത്താണ് ആശുപത്രിയില്‍ മാസാമാസം പോകാന്‍ ഇടവന്നത്. അന്ന് കേട്ട "പേഷ്യന്റെവിടെ?  ,പേഷ്യന്റ് ഇരുപത്തിയാറു വന്നിട്ടില്ലേ?" എന്നൊക്കെ സിസ്റര്‍ മാര്‍ നീട്ടി വിളിക്കുന്നത്‌  കേട്ട് ഓടി ചെല്ലുമ്പോള്‍ തോന്നിയ നിസ്സഹായാവസ്ഥ! ഇപ്പോഴും അത് മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭിണികളെ എന്ത് കൊണ്ടാണ് ഇങ്ങനെ പേഷ്യന്റ് എന്ന്  വിളിക്കുന്നതെന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചു. ഇതെന്താ അസുഖമാണോ എന്ന്. വാശിയുടെ പേരില്‍ ഒന്നുമല്ല ;ഒരനിഷ്ടം അന്നേ തോന്നി.ആശുപത്രികളെ കുറിച്ച്  ഇനി എത്ര അറിയാനിരിക്കുന്നു ഭാവിയില്‍ എന്ന് ഓര്‍ത്തില്ലല്ലോ അപ്പോള്‍. 
   പനി വന്നാലും ജലദോഷം വന്നാലും , പോളിയോ എടുക്കാന്‍ ചെന്നാലും വരുന്നവര്‍ മഹാരോഗികള്‍ ആണെന്ന ഒരു പരിവേഷം കിട്ടും. പിന്നെ ആശുപത്രി വിടുന്നവരെയെങ്കിലും അതില്‍ നിന്ന് മോചനം ഇല്ല. ശരീരത്തിനു ഏതെങ്കിലും തരത്തില്‍ കേടു പാടുകള്‍ പറ്റാത്ത ,ഇല്ലാത്ത ,വരാത്ത ആളുകള്‍ ഇല്ല. ഈ ഡോക്ടര്‍ മാറും നഴ്സുമാരും അടക്കം.എന്നാല്‍ അങ്ങനെയൊരു ഭാവം അവര്‍ക്കില്ല.
  ഈ വന്നടിയുന്ന രോഗികള്‍ എന്ന ജനക്കൂട്ടം ഇല്ലെങ്കില്‍ ആശുപത്രിയും , അത് കൊണ്ടുള്ള ബിസിനസ്സും ,ലക്ഷങ്ങള്‍ കോഴ കൊടുത്തു പഠിച്ച കാശ് മുതലാക്കാന്‍ ചെയ്യുന്ന 'പുണ്യ' പ്രവര്‍ത്തികളും ഉണ്ടാവില്ല എന്ന് ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ഓര്‍ക്കാറേയില്ല. ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ ജീവിച്ചിരിക്കില്ല എന്ന ധാരണ ഉണ്ടാക്കാനാണ് രോഗീ , രോഗീ എന്ന് വരുന്നവനെ വിളിച്ചു അവന്റെ അവസ്ഥ മരണത്തിന്റെ നൂല്‍ പ്പാലത്തിലാണ് എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്‌. എന്തായാലും ഇനി മുതല്‍ രോഗികളെ നല്ല കസ്റ്റമേഴ്സ് എന്ന നിലയില്‍ തന്നെ കണ്ടു പെരുമാറണം എന്നാവാം അവര്‍ പറഞ്ഞതിന്റെ പൊരുള്‍.





No comments: