രോഗാതുരമായ രണ്ടു മാസത്തിനു ശേഷം വീണ്ടും ബ്ലോഗ് എഴുത്ത്. ചുറ്റും പല വിധ രോഗങ്ങളാല്‍ വേദനിക്കുന്നവര്‍ ഉണ്ട് എന്ന കാര്യം അറിയാമെങ്കിലും ഉടലും മനസ്സും വേര്‍പെട്ടു നില്‍ക്കുന്ന ചില അവസ്ഥകളില്‍ ഉടല്‍ മനസ്സിനെ അനുസരിക്കില്ല. കുറച്ചൊക്കെ നിന്റെ ഉടലിന്റെ വേദന യഥാര്‍ത്ഥം തന്നെ എന്ന് അതിനോട് ലേശം മമത കാണിക്കൂ എന്ന് അത് പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ മമത കാണിച്ചു രണ്ടു മാസം .
അതല്ല എന്റെ വിഷയം .
കൊറഗര്‍ എന്ന, കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്ഗോഡ് ജില്ലയിലെ ഒരു ആദിവാസി സമൂഹത്തെ കുറിച്ച് എനിക്ക് വലിയ അറിവില്ല. എന്നാല്‍ അറിയുന്ന കാര്യം വളരെ പരിതാപകരമാണ് താനും. കൊറഗര്‍ കുറ്റിയറ്റു പോകാന്‍ പാകത്തില്‍ വിരലിലെണ്ണാവുന്ന വിധം ആയി ക്കഴിഞ്ഞു. സര്‍ക്കാര്‍ കണക്കു പ്രകാരം തൊള്ളായിരത്തി നാല്‍പ്പത്തി രണ്ടു പേര്‍. പണ്ട് ഈ മലയാള രാജ്യത്തെ അനേകം രാജാക്കന്മാരില്‍ ഒരു കൂട്ടരായിരുന്നു ഈ കൊറഗ വംശത്തില്‍ പെട്ടവരുടെ മുന്‍ഗാമികള്‍ എന്ന് ചരിത്രം പറയുന്നു. ഇപ്പോഴുള്ള ഈ ജന വിഭാഗം നശിക്കുന്നതോട് കൂടി മറ്റൊരു ആദിമ സംസ്കാരം കൂടി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷ്മമാകും. ഇപ്പോള്‍ തന്നെ കുറഗര്‍ അവരുടെ ആദി ജീവിതത്തില്‍ നിന്ന് മാറി ക്രിസ്ത്യാനികള്‍ ആയും ഹിന്ദുക്കള്‍ ആയും അവരുടെ വിശ്വാസങ്ങളെ മാറി സ്ഥാപിച്ചു കഴിഞ്ഞു. എങ്കിലും അത് വെറും പുറം ലേപനം പോലെ നില്‍ക്കുകയെ ഉള്ളു എന്ന് നമുക്കറിയാം. ഇനി ഈ മാറ്റങ്ങള്‍ കൊണ്ട് അവരടെ ജീവിത ഗതിയില്‍ എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ല .അത് കൂടുതല്‍ പരിതാപകരമാവുകയല്ലാതെ. സര്‍ക്കാര്‍ വച്ച് കെട്ടി കൊടുത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഒരു കൂട്ടം കുടുംബങ്ങളെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ കൂടി ഒരു യുവതി കാണിച്ചു തന്നു. വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്‍ പെടാതെ ദാരിദ്ര്യവും രോഗവും കൊണ്ട് പൊറുതി മുട്ടി കഴിയുന്ന കുറെ മനുഷ്യ ജീവനുകള്‍. ദേഹമാസകലം ചൊറി പിടിച്ച മുതിര്‍ന്നവരും കുട്ടികളും വൃദ്ധരും എത്ര! കണ്ണില്‍ നിസ്സംഗ ശൂന്യതയുമായി വെറുതെ ഇരിക്കുന്നവര്‍ എത്ര!..കിടപ്പും ഇരുപ്പും മലമൂത്ര വിസര്‍ജനവും, ഒരേ സ്ഥലത്ത് തന്നെ നടത്തി കഴിയുന്നവര്‍. കിടക്കാന്‍ ഇടമില്ലാതതുകൊണ്ട് സര്‍ക്കാര്‍ കെട്ടികൊടുത്ത പൊതു കക്കൂസ് വീടാക്കി കക്കൂസിന് മുകളില്‍ കിടക്കുന്നവര്‍ എത്ര!..കക്കൂസ് തന്നെ വീടാക്കി അതില്‍ ഉറങ്ങുന്നവര്‍! ...മുതിര്‍ന്നവര്‍ ചാരായവും പിഞ്ചു കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ ലഹരി മരുന്നുകള്‍ക്കും അടിപ്പെട്ടു കഴിയുന്നു. ഒരു രണ്ടു മിനുട്ട് റിപ്പോര്‍ട്ട് സമകാല കൊറഗ ജീവിതത്തെപ്പറ്റി ഇത്രയും അറിവുകള്‍ കൂടി എനിക്ക് പകര്‍ന്നു തന്നു. വിദ്യാഭ്യാസമോ സ്ഥിര ജോലിയോ, വരുമാനമോ ഇല്ലാതെ ജീവിക്കുന്ന അവര്‍ മലയാളികള്‍കളുടെ മനസ്സില്‍ ഒരു നീറല്‍ പോലും ആവാത്തതെന്തു ?
കാടു വെട്ടി കൃഷി ഭൂമി ആക്കിയതും പോരാതെ ഇപ്പോള്‍ റിസോര്‍ട്ടുകള്‍ പണിഞ്ഞു വെള്ളക്കാരെ കൊണ്ട് വന്നു താമസിപ്പിച്ചു കാശുണ്ടാക്കാനാണ് ഇനിയുള്ള ടൂറിസം കളി. അതിനിടെ എന്ത് ആദി വാസി, എന്ത് സാധാരണക്കാര്‍, എന്ത് പരിസ്ഥിതി. എന്തിലും വ്യവസായവും പണവും മാത്രം കാണുന്ന ആര്‍ത്തി പിടിച്ച വ്യവസായ പ്രമുഖര്‍ ക്ക് അതൊന്നും കാണേണ്ട കാര്യമില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തഞ്ചു കൊല്ലം ആയിട്ടും ഇത്രയും പരിതാവസ്ഥയില്‍ ആളുകള്‍ ഇവിടെ കഴിയുന്നു എന്ന് തിരിച്ചറിയാത്ത ഭരണാധികാരികള്‍. അവര്‍ക്ക് ഈ കഷ്ട ജീവിതങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ എന്ത് ന്യായം? ന്യായം ഒന്ന് മാത്രം.ഈ ദരിദ്ര വാസികള്‍ക്ക് ഇതൊക്കെ മതി. അവര്‍ പുഴുക്കളെ പോലെ കഴിയട്ടെ. അവസാനം അവര്‍ ഈ ആദിമ നിവാസികള്‍ ഈ ഭൂമിയില്‍ നിന്ന് പതുക്കെ ഇല്ലാതാവട്ടെ.എന്നിട്ട് വേണം അവരുടെ കാടുകള്‍ ,അവരുടെ ജീവിതം എല്ലാം തട്ടി പ്പറിച്ചു സ്വന്തമാക്കാന്‍. ഇതാണ്, ചുരുക്കത്തില്‍ ആദിവാസികളെ മനുഷ്യരായി കണക്കാതിരിക്കുന്നതിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന മനോഭാവം. പഴയ ബ്രിട്ടീഷു കാരുടെ മനോഭാവം തന്നെ. അങ്ങനെ നിന്ന് നോക്കുമ്പോള്‍ അവര്‍ നമുക്ക് അപരിഷ്ക്രുതര്‍ .അവര്‍ക്ക് ഒറ്റമുറി വീട് മതി.
അവരുടെ കാടുകള്‍, അവരുടെ ആവാസ വ്യവസ്ഥ, അവയെല്ലാം സംരക്ഷിച്ചു അവര്‍ക്ക് ജീവിക്കാനുതകും വിധം നിലനിര്‍ത്താന്‍ കച്ചവട ക്കണ്ണുകള്‍ ഇല്ലാത്ത, മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ഭരണാധികാരി യെങ്കിലും ഉണ്ടാവുമോ? ഈ കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയല്ല.
No comments:
Post a Comment