എന്താണ് ഫിലോസഫി എന്തിനാണ് ഫിലോസഫി , ലൌകിക ജീവിതത്തില്‍ അതായത് ദൈനം ദിന ജീവിതത്തില്‍ തത്വ ശാസ്ത്രങ്ങള്‍ കൊണ്ട് എന്ത് കാര്യം എന്നിങ്ങനെ വലിയ വലിയ അറിവാളന്മാര്‍ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഫിലോസഫി എന്ന് വച്ചാല്‍ എന്താണ് എന്ന് ചോദ്യം ചെയ്യുന്നതും അതിനു മനുഷ്യ ജീവിതവുമായി ബന്ധം ഇല്ല എന്നും ഉണ്ടെങ്കില്‍ തന്നെ അത് വെറും ഭാവന മാത്രം ആണ് പ്രാക്ടിക്കല്‍ ആയ ജീവിതത്തില്‍ തത്വ ചിന്തക്കോ എന്തിനു ചിന്തക്ക് തന്നെയോ കാര്യമില്ല എന്ന മട്ടില്‍ വിവരമുണ്ട് എന്ന് നാം ധരിക്കുന്ന ആളുകള്‍ പറയുന്നത് കേട്ട് പല വട്ടം അന്തം വിട്ടിട്ടുണ്ട് ഞാന്‍. ഈയിടെയും അതുണ്ടായി.
തത്വശാസ്ത്രത്തിന്റെ നിര്‍വചനം എന്ത് മായിക്കൊള്ളട്ടെ, ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിന്റെ ബലത്തില്‍ അല്ലാതെ മനുഷ്യര്‍ക്ക് കഴിയാന്‍ , ജീവിച്ചിരിക്കാന്‍ കഴിയില്ല. ഒരാള്‍ ആപത്തില്‍ അവന്റെ അമ്മയെ വിളിക്കുമ്പോള്‍, അറിയാതെ ദൈവത്തെ വിളിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്പലത്തിലോ പള്ളിയിലോ പോകുമ്പോള്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ തനിക്കു തന്നെ വേര്‍തിരിച്ചു അറിയാത്ത ഒരു തത്വത്തില്‍ തന്റെ ജീവിതം ഊന്നുകയാണ്. ഇനി ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരുവനും റോക്കറ്റ് വിടുമ്പോള്‍ ദൈവത്തിനു നേര്‍ച്ചയും പൂജയും കഴിക്കുന്നതുപോലെ ഒരു ഭാവനയില്‍ തന്റെ സ്വത്വം ഊന്നുന്നതും നാം കാണുന്നു. ആധുനികമോ പഴഞ്ചനോ ആയ ജീവിത ശൈലിയില്‍ ജീവിച്ചു പോകുന്ന ഏതൊരാളും ഇങ്ങനെ തന്റെ ജീവിതം ഏതെങ്കിലും തത്വ ശാസ്ത്രത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടായിരിക്കും കഴിയുന്നത്. എന്നാല്‍ അയാള്‍ പറയും സാഹിത്യത്തിനു, ഭാവനക്ക് അല്ലെങ്കില്‍ പാട്ടിനോ പടത്തിനോ ഈ ലോകത്ത് ഒന്നും ചെയ്യാനില്ല, സയന്‍സ് മാത്രമാണ് ശരി തെറ്റുകളെയും അറിവുകളെയും ഉല്‍പ്പാദിപ്പിച്ചു മനുഷ്യ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന്. കേള്‍ക്കുമ്പോള്‍ ശെരി എന്ന് തോന്നാം. പാട്ട് കൊണ്ട് പാലം പണിയാന്‍ പറ്റില്ല, ഒരു ചിത്രത്തിലെ പാലത്തിലൂടെ നടക്കാന്‍ കഴിയില്ല. കവിതയിലൂടെയോ കഥയിലൂടെയോ സഞ്ചരിച്ചാല്‍ അമേരിക്കയിലോ ജര്‍മ്മനിയിലോ നമ്മുടെ ശരീരം എത്തില്ല.
ഇങ്ങനെ ഭാവനയെയും അതിന്റെ ഉല്‍പ്പന്നങ്ങളെയും നിഷേധിക്കുന്ന, അവ അനാവശ്യമാണെന്ന് വാദിക്കുന്ന അരസിക ക്കൂട്ടങ്ങളുടെ ഇടക്കായിപ്പോയ ഒരു നിമിഷം എനിക്ക് ജീവിതം വേണ്ടെന്നു വരെ തോന്നിപ്പോയി.
സത്യത്തില്‍ അവര്‍ അങ്ങനെ വാദിക്കുന്നതിനും പറയുന്നതിനും ഒരൊറ്റ ക്കാരണമേ ഉള്ളൂ. അവര്‍ നിലനില്‍ക്കുന്ന ,അവര്‍ ഇപ്പോള്‍ ജീവിക്കുന്ന, അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ തുടര്‍ന്നും കിട്ടുന്ന തിനുഉപോല്‍ബലകമായ ഫിലോസഫി ഏതാണോ അതില്‍ ആണ് വിശ്വസിക്കുന്നത് . അവന്റെ /അവളുടെ ചുറ്റും നടക്കുന്ന ജീവിതമോ അതില്‍ പിടയുന്ന മറ്റു മനുഷ്യരോ അവര്‍ക്ക് മുന്നില്‍ ഇല്ല. നിലനില്‍ക്കുന്ന സമൂഹം കൊടുക്കുന്ന അറിവുകള്‍, തീറ്റ, ഭോഗം, പണം ഇവയാണ് ഒരു മനുഷ്യന് വേണ്ടുന്ന അവശ്യം ആവശ്യമായത് എന്ന തത്വം മാത്രമാണ് അവരെ നയിക്കുന്ന, ജീവിപ്പിക്കുന്ന ഘടകം. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ പണം, അതുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അത് നടപ്പാക്കുന്നതിനാവശ്യമായ ഇന്ന് നിലനില്‍ക്കുന്ന വഴികള്‍, അതിന്റെ തത്വശാസ്ത്രം എന്താണോ അതാണു അയാളുടെയും തത്വശാസ്ത്രം . പക്ഷെ അയാള്‍ പറയും അയാള്‍ക്ക് ഫിലോസോഫിയില്‍ വിശ്വാസമില്ല, രാഷ്ട്രീയമില്ല ഞാന്‍ ന്യൂട്രല്‍ ആണ് തുടങ്ങിയ ജല്‍പ്പനങ്ങള്‍. പക്ഷെ അയാള്‍ / അവള്‍ ആണ് ഈ സമൂഹം മാറ്റങ്ങള്‍ ഇല്ലാതെ തുടരുന്നതിന് , ഭാവന വേണ്ടാതെ ജീവിക്കുന്നതിനു, നേര്‍രേഖയില്‍ സഞ്ചരിക്കുന്ന മാന്യ ദേഹങ്ങള്‍. ആ നേര്‍ രേഖ എത്ര വേണമെങ്കിലും നിലനില്‍ക്കുന്ന മാന്യ സമൂഹത്തിനു വേണ്ട വിധം അതായത് ,അയാളെ /അവളെ നിലനിര്‍ത്തുന്നതിനാവശ്യമായ വിധം വളയുകയും ചെയ്യും. അതിനുവേണ്ടുന്നതത്വങ്ങള്‍ അവരുടെ ഉള്ളില്‍ ആവിര്‍ഭവിച്ചു കൊണ്ടും ഇരിക്കും. അപ്പോഴും അവര്‍ പറയും അവര്‍ ശാസ്ത്രത്തിന്റെ, സയന്‍സിന്റെ ബലത്തില്‍, മരുന്നുകള്‍ മുതല്‍ വിമാനം, കാര്‍, തീവണ്ടി, മുതലായ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ടു പിടുത്തത്തിന്റെ ബലത്തില്‍ ആണ് ജീവിക്കുന്നത് എന്ന്. ആ കണ്ടു പിടുത്തങ്ങള്‍ക്ക് പിന്നില്‍ ഉള്ള ഭാവനയെ പോലും കാണാനാവാതെ, അംഗീകരിക്കാന്‍ ആവാതെ അന്ധതയില്‍.
No comments:
Post a Comment