Monday, February 8, 2010

ചില നേര്‍ കാഴ്ചകളെ പറ്റി -വെറുതെ

   നമ്മുടെ പൌര ബോധത്തെ കുറിച്ച്‌ ഉപന്യസിക്കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ എന്റെ ഉപന്യാസം താഴെ പറയുന്ന മൂന്നു നാല് ഉദാഹരണങ്ങളില്‍ കൂടി ആയിരിക്കും പുറത്തു വരുക.ഇതാ ഇതുപോലെയുള്ള നേര്‍ അനുഭവങ്ങളിലൂടെ .

കോട്ടയത്തെക്കുള്ള  എന്റെ ബസ്‌ യാത്ര കുറച്ചു നീണ്ടതായിരുന്നു . ഒരു സമ്മേളനത്തില്‍ , സെമിനാറില്‍ പങ്കെടുക്കാനാണ് . മനുഷ്യ സഹജമായ ഒരാവശ്യമാണ് എനിക്കും എന്റെ കൂട്ടുകാരിക്കും അത്രയേറെ  നീണ്ട യാത്രക്കൊടുവില്‍ ഉണ്ടായതു . ഒന്നു ടോയ് ലറ്റില്‍  പോകണം . ബസ്‌ സ്റാന്റിലെ ടോയ് ലറ്റിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു . കൂട്ടുകാരി വാതില്‍ക്കല്‍ കാവല്‍ നിന്നു . ഞാന്‍ മൂത്രപ്പുരയുടെ വാതില്‍ തുറന്നു അകത്തേക്ക് കാല്‍ വച്ചു. അകത്തേക്കുള്ള കാല്‍ വെപ്പ് പക്ഷെ ഏകദേശം  മുട്ടോളം എത്തുന്ന മൂത്ര സംഭരണി യിലെക്കായിരുന്നു . എന്റെ നിവൃത്തികേട് കൊണ്ട് ആ മൂത്ര സംഭരണി യെ എനിക്ക് ആശ്രയിക്കേണ്ടി വന്നു ..വെള്ളം , ടാപ്പ്‌ .ഇതൊന്നും ആ പ്രദേശത്ത് തന്നെ ഇല്ലായിരുന്നു .അതിവൃത്തിഹീന മായിരുന്ന ആ മൂത്രപ്പുരയിലെ ഒറ്റ കയറ്റം കൊണ്ട് രാത്രിയാകുന്നതിനു മുന്‍പേ എനിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി ,കലശലായ പനിയും .ഡോക്ടര്‍ ,മരുന്ന് എല്ലാമായി  യാത്ര , സമ്മേളനം എല്ലാം നരക തുല്യമായ ഒരോര്‍മ്മയായി എന്റെ യുള്ളില്‍ ഇപ്പോഴും നില്‍ക്കുന്നു ..ആ കക്കൂസ് പോലെ തന്നെ .( ബസ്‌ സ്ടാന്റ്റ്  എന്നു  കേട്ടാല്‍ എന്റെ മനസ്സില്‍ കോട്ടയം ബസ് സ്റാന്റിലെ   ആ ദിവസം ഓടി വരികയായി ; ഇപ്പോള്‍ , ഈ യിടെ ആ നിലക്ക് എന്തെങ്കിലും മാറ്റം  വന്നോ എന്നു എനിക്ക് അറിയില്ല .എങ്കിലും ).കോട്ടയം  ബസ് സ്ടാന്റ്റ്  മൂത്രപ്പുര അനുഭവം കഴിഞ്ഞു പിന്നെയും ഉണ്ടല്ലോ അനുഭവങ്ങള്‍ .
എറണാകുളത്തെ  കാര്യം തന്നെ എടുക്കാം അത് രണ്ടു ദിവസം മുന്‍പേ നടന്നത് .

സൌത്ത് റയില്‍ വെ  സ്റേഷന്‍  ആണ് സ്ഥലം .പുറത്തൊക്കെ നല്ല വൃത്തിയും വെടുപ്പും ഉണ്ട് . ഇരിക്കാനും നില്‍ക്കാനും സൌകര്യമുണ്ട് . തീര്‍ച്ചയായും ഒന്നിനും വലിയ കുറ്റം പറയാനില്ല . എന്നാല്‍ പണം കൊടുത്തു ടോയ്ലറ്റില്‍ കയറുമ്പോഴാണ് നമ്മുടെ പൌര ബോധം എത്രയാണെന്ന് തിരിച്ചറിയുക . മുട്ടോളം  മൂത്രം നിറഞ്ഞു തടാകമായില്ലെങ്കിലും ആവശ്യത്തിനു അതുണ്ട് . ഒരു ബക്കറ്റും കപ്പും അതിനുള്ളില്‍ വച്ചിട്ടുമുണ്ട്  ടൈല്‍സ് ഇട്ട വൃത്തിയുള്ള നിലമാണ്‌ . പക്ഷെ ഇതൊക്കെയായിട്ടും അതുപയോഗിക്കുന്നവര്‍ മൂത്രം  ഒഴിച്ച് കഴിഞ്ഞാല്‍ ഒരു കപ്പ്‌ വെള്ളം അതിനു മേലെ  ഒഴിക്കാന്‍ നില്‍ക്കാതെ പിന്നീട് വരുന്നവര്‍ക്കായി തന്റെ മൂത്ര സുഗന്ധവും മൂത്രവും അവശേഷിപ്പിച്ചു പോകുന്നതിനെ , ആ മനോ ഭാവത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം ?

ഇനി വരുന്നത് ഇന്ദിരാഗാന്ധി യുടെ പേരില്‍ അറിയപ്പെടുന്ന ദല്‍ഹിയിലെ ആ അന്താരാഷ്‌ട്ര വിമാന ത്താവളത്തിലെ    കുളിമുറിയും കക്കൂസുമാണ് . ഈയിടെ   എനിക്ക് അതിലൊന്നില്‍  കയറാന്‍  ഉള്ള 'ഭാഗ്യം ' സിദ്ധിച്ചു . വിമാനത്താവളത്തിലെ   വൃത്തിയും ഭംഗിയും ഞാന്‍ വിസ്തരിക്കേണ്ട കാര്യമില്ല . എല്ലാം വെട്ടി തിളങ്ങുന്നത്  തന്നെ . ടോയലട്ടും അങ്ങനെ തന്നെ ആയിരിക്കണമല്ലോ .വെള്ളം , ടിഷ്യൂ പേപ്പര്‍ വേസ്റ്റ്  ബാസ്കറ്റ്  എല്ലാമുണ്ട് . അതില്‍ കയറാന്‍ വരുന്നവരോ  വിദേശിയും സ്വദേശിയുമായ പരിഷ്കാരികള്‍ .ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് അല്ലെ. പക്ഷെ നാം പ്രതീക്ഷിക്കാത്തത് അവിടെയും സംഭവിക്കാം . വെള്ളവും വെളിച്ചവും , വേസ്റ്റ് ബാസ്കടും ടിഷ്യൂ പേപ്പറും ഉണ്ടെങ്കിലും അവ ഒന്നുപോലും ഉപയോഗിക്കാതെ  ചോര പുരണ്ട സാനിട്ടറി നാപ്കിന്‍ ടോയലറ്റിന്റെ മൂലയ്ക്ക് വേസ്റ്റ് ബാസ്കട്ടിനടുത്തു തന്നെ വക്കുക , മലവും മൂത്രവും വിസര്‍ജിച്ചു  വെള്ളം കൈകൊണ്ടു തൊടാതെ  എഴുന്നേറ്റു പോവുക .....
എന്തായിരിക്കാം അങ്ങനെ ചെയ്യുന്ന ഒരു മഹിളയുടെ മനസ്സില്‍ ..അതും വിമാനയാത്രക്കാരിയായ ഒരു മഹിളാ  രത്നത്തിന്റെ . ..എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല . എങ്കിലും ഒരു കാര്യം തോന്നി.  തന്റെ പിന്നാലെ കയറാന്‍ വരുന്ന തന്നെ പോലുള്ള ഒരുത്തിക്ക് കുറഞ്ഞപക്ഷം ഒരു ഓക്കാനത്തിനുള്ള   വക നല്‍കണം .

ഇനിയുമുണ്ട് മാലിന്യ വിശേഷം  . ഞങ്ങളുടെ വീടിനു മുന്‍പില്‍ ഒരു പുഴയുണ്ട് .സ്വാഭാവികമായും അതിനു ഒരു തീരവും. . പുഴയില്‍ നിന്നുള്ള കുളിര്‍ കാറ്റു കൊണ്ട്  ഇരിക്കാം എന്നു നിങ്ങള്‍ കരുതിയെങ്കില്‍ അത് വെറുതെ . തീരത്ത് ഞങ്ങളുടെ ഉമ്മറത്ത്‌ എന്ന വിധം സ്ഥിരം മലവും മൂത്രവും വിസര്‍ജ്ജിച്ചു  ഞങ്ങളുടെ രാവിനെയും രാവിലെകളെയും സന്ധ്യകളെയും ഒരു പോലെ മലിന ഗന്ധത്താല്‍ നിറക്കാന്‍ ആളുകള്‍ ഉണ്ട് .
അവര്‍ക്ക് കക്കൂസുകള്‍ ഉണ്ടാവില്ലായിരിക്കും , സാധുക്കള്‍ എന്നാണെങ്കില്‍ ..അതല്ല .അവര്‍ക്ക്ക് അതിനുള്ള എല്ലാ സംവിധാനങ്ങളും  ഉണ്ട് . പക്ഷെ ചൊട്ടയിലെ ശീല മല്ലേ , മാറ്റാന്‍ പറ്റുമോ ?  ..പുഴ ത്തീരത്ത് 'കക്കൂസുക ' ഒഴുക്കില്ലാത്ത ആപുഴയില്‍ കഴുകുക അതില്‍ തന്നെ കുളിക്കുക ....അതാണ്‌ കാലാ കാലങ്ങളായുള്ള ശീലം  . ധരിക്കുന്ന വസ്ത്രമാണ് നമ്മള്‍ എന്നു പറയുന്നതുപോലെ ശീലമാണല്ലോ നമ്മള്‍ . ഇനി ഈ പുഴ യെ പറ്റി ...പുഴ എന്നു പറഞ്ഞാല്‍ നമ്മുടെ ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴയൊന്നുമല്ല  എന്നറിയാമല്ലോ  . ഒരു വലിയ തോട് അത്രതന്നെ . ഇ പ്പോള്‍  അതിന്റെ തീരത്തെപറ്റി നിങ്ങള്‍ക്കു ഒരു ഏകദേശ  ധാരണ കിട്ടിയിട്ടുണ്ടാകുമല്ലോ .

ഇത്രയും അമേധ്യ/മലിന  സംബന്ധിയായ അനുഭവത്തില്‍ നിന്നു എനിക്ക് മനസ്സിലായ ,അല്ലെങ്കില്‍ ഞാന്‍ ഉരുത്തിരിച്ച ഒരു സിദ്ധാന്തം ഇങ്ങനെ പോകുന്നു .
മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ  അമേധ്യത്തിനു കൊടുക്കുന്ന അത്ര ബഹുമാനം / പ്രാധാന്യം പോലും അന്യനു /അപരന് കൊടുക്കുന്നില്ല  . അല്ലെങ്കില്‍ അവന്റെ സ്വയം രമിക്കല്‍  സ്വന്തം തീട്ടതിനു സുഗന്ധമാണ് എന്നു വിശ്വസിക്കാവുന്ന വിധം സ്വാര്‍ത്ഥം കൊണ്ട്  നിറഞ്ഞിരിക്കുന്നു .പരിഷ്കാരി എന്നും സമ്പന്നര്‍ എന്നും വിദ്യാഭ്യാസം കൊണ്ട് വിവരം വച്ചവര്‍ എന്നും നാം പറയുന്ന കൂട്ടര്‍  മുതല്‍ ഈ പറഞ്ഞതൊന്നും ഇല്ലാത്തവര്‍  വരെ ഇക്കാര്യത്തില്‍ സമന്മാര്‍ . 

നിങ്ങള്‍ക്കു വിയോജിക്കാം . നാറാത്ത ഒരു പബ്ലിക്‌ ടോയ് ലറ്റില്‍ കയറാന്‍ സാധിക്കുന്ന ദിവസം വരുന്നു എങ്കില്‍ , പുഴയോരത്തെ ഞങ്ങളുടെ  സ്വന്തം വീടിനുള്ളില്‍ മല ഗന്ധമേല്‍ക്കാതെ  ഉറങ്ങാന്‍,  ഉണരാനും  സാധിക്കുന്ന  ഒരു ദിനം വരുന്നു  എങ്കില്‍  ഞാനും മേല്‍ പറഞ്ഞതിനോട്  സ്വയം വിയോജിക്കാം .








2 comments:

വല്യമ്മായി said...

സ്വന്തം വീടായി പൊതുഇടങ്ങളെ കാണാന്‍ നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു.ഇതേ ആളുകള്‍ വിദേശത്ത് വന്നാല്‍ അവിടെ നന്നായി പെരുമാറുകയും ചെയ്യും.അപ്പോള്‍ അറിയാഞ്ഞിട്ടല്ല,വേണ്ട എന്ന് വെക്കുന്നത് കൊണ്ടാവും ഇങ്ങെനെയൊകെ പെരുമാറുന്നതും.

savi said...

വേണ്ട എന്ന് വക്കുന്നതായിരിക്കുമല്ലോ....തനിക്കു ശേഷം പ്രളയം എന്നല്ലേ പഠിച്ച പാഠം !വിദേശ രാജ്യങ്ങളില്‍ പോയാല്‍ സിവില്‍ മര്യാദ പാലിക്കാതെ 'പ്രളയം ' എന്ന രീതിയില്‍ സ്വാര്‍ത്ഥം കാണിക്കാന്‍ തരപ്പെടുന്നുണ്ടാവില്ല :)