Thursday, February 5, 2009

ആഗ്നേയിന്റെ ഒരു ദിവസം

ടിന്നി പത്രമെടുക്കാന്‍ ബാല്‍ക്കണി യിലേക്ക് കുതിച്ചു .'ഠിം ' എന്ന് ബാല്‍ക്കണിയിലെ ചുറ്റഴികളില്‍ തട്ടി പത്രങ്ങള്‍ ഓരോ ഫ്ലാറ്റിനു മുമ്പിലും വീഴുന്നതിന്റെ ഒച്ച ടിന്നിക്കെന്ന പോലെ ആഗ്നേയിനും കേള്‍ക്കാം.
ആഗ്നേയ് ഇന്നു പക്ഷെ പനിയുടെ ചൂടില്‍ മയങ്ങി ക്കിടക്കുകയാണ് .
ടിന്നി പതിവുപോലെ പത്രം ആഗ്നേയിന്റെ അച്ഛന്‌ കൈമാറി , കടിച്ചെടുത്തു കൊണ്ടു വന്നത്തിനു പ്രതിഫലമായി ഒരു തക്കാളി വാങ്ങി തിന്നു കഴിഞ്ഞു .
ആഗ്നേയിനു ഇന്നു ടിന്നിക്ക് തക്കാളി കൊടുക്കാന്‍ കഴിഞ്ഞില്ല . എങ്കിലും ഞെട്ടിയുണര്‍ന്നു 'ടിന്നി കഹാം ഹെ'.. എന്ന് ചോദിച്ചു വീണ്ടും ഉറങ്ങി . പുറത്തു മഞ്ഞാണ് , തണുപ്പും കാറ്റുമുണ്ട്. ടിന്നി ആഗ്നേയിന്റെ കട്ടിലിനു താഴെയിരുന്നു , ബാല്‍ക്കണിയുടെ തുറന്നു കിടന്ന വാതിലിലൂടെ താന്‍ പാഞ്ഞുപോയി മുകളിലെയും താഴത്തെയും ഫ്ലാറ്റുകളിലെ പത്രം ശേഖരിച്ചു പകരം തക്കാളി ചോദിക്കുന്നത് ആഗ്നേയ് ഇപ്പോള്‍ തടയില്ലെന്ന് അറിയുമെങ്കിലും .
ആഗ്നേയിനു രണ്ടു വയസ്സും ഒന്നര മാസവും ആയി . അയല്‍ക്കാരുടെ ഫ്ലാറ്റുകളില്‍ പോയി പത്രം എടുത്ത് പകരം തക്കാളി ഇരക്കുന്ന ടിന്നിയെ അയല്‍ക്കാര്‍ ചീത്ത പറയുമെന്നും , ചിലപ്പോള്‍ അടിക്കുമെന്നും ആഗ്നെയിനറിയാം . അതില്‍ നിന്നു ടിന്നിയെ രക്ഷിക്കേണ്ടത് തന്റെ ചുമതലയായി ആഗ്നേയ് എടുത്തുകഴിഞ്ഞു . അതുകൊണ്ടാണ് ബാല്‍ക്കണിയിലെ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നിട്ടിട്ടുണ്ടോ എന്നും ടിന്നി സുരക്ഷിത യായി ഇരിക്കുന്നില്ലേ എന്നും പനി വിങ്ങുന്ന തലയിളക്കി മുറിവാക്കുകളാല്‍ ആഗ്നേയ് ചോദിച്ചത് .ടിന്നി കട്ടിലിനരികില്‍ ആഗ്നെയിനെ ചുറ്റിപ്പറ്റി നിന്നു ..................................................................

ഇപ്പോള്‍ ആഗ്നേയ് ദാദാക്കും ദാദിക്കും അമ്മയ്ക്കും രാംകുമാരിക്കുമൊപ്പം മല്‍സ്യ മാര്‍ക്കറ്റില്‍ ആണ് .പനി ലേശം കുറഞ്ഞ നേരത്ത് മഞ്ഞും ,തണുപ്പും കാറ്റുമുള്ള ഈ വൈകുന്നേരം വു‌ള്ളന്‍ ഉടുപ്പിട്ട് അമ്മയുടെ ഒക്കത്തിരിക്കുകയാണ് .
പലതരം മല്‍സ്യങ്ങള്‍ , ചത്തവ- ഓരോന്ന് കാണുമ്പോഴും 'യെ ക്യാ ഹെ ' എന്ന് നിര്‍ത്താതെ ചോദിച്ചുകൊണ്ട് വായ തുറന്നു കിടക്കുന്ന മല്‍സ്യ ങ്ങളെ കണ്ട് ചിരിച്ചും ,അവയുടെ കണ്ണുകളില്‍ കൈവിരല്‍ കൊണ്ടു തോണ്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചും ആഗ്നേയ് .രാം കുമാരി തന്റെ മീന്‍ പരിജ്ഞാനം കൈമുതലാക്കി രണ്ടോ മൂന്നോ തരം മീനുകള്‍ സ്വന്തമാക്കി . കാശുകൊടുത്തു, പോളിത്തീന്‍ ബാഗില്‍ ഭദ്രമാക്കി വച്ചു . വീണ്ടും അതെടുത്ത് പച്ചക്കറി സഞ്ചിയില്‍ ഒന്നുകൂടി ഭദ്രമാക്കി . ആഗ്നേയ് പോളിത്തീന്‍ ബാഗിലിരുന്ന മീനിനെ പുറത്തുനിന്നു തൊട്ടു രസിച്ചു ഇടക്ക്. ...................

മല്‍സ്യ വിപണി വിട്ട് വണ്ടിയില്‍ കയറാനായി അടുത്ത നീക്കം. റോഡു മുറിച്ചു കടക്കണം . ആഗ്നെയും അമ്മയും രാം കുമാരിയും എന്തിന് ദാദിയും കൂടി തക്കം നോക്കി റോഡു മുറിച്ച് കടന്നു . ദാദ കുറച്ചു പിന്നിലായി .
സന്ധ്യയാണ് ,കാറുകള്‍ ബൈക്കുകള്‍ ഓട്ടോ ,സൈക്കിള്‍ റിക്ഷ എല്ലാം ഒരുമിച്ച് മീന്‍ വാങ്ങാനിറങ്ങി യതാണെന്ന് തോന്നും തിരക്ക് കണ്ടാല്‍ . ആഗ്നേയിനു റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ദാദയുടെ പരിഭ്രമം പങ്കു വക്കാതിരിക്കാന്‍ ആകുമോ .."ടാര്‍ ..ദാദാ ടാര്‍ .. എന്ന് തലങ്ങും വിലങ്ങും പായുന്ന കാറുകളെ ചൂണ്ടി ആഗ്നേയ് ഒച്ച വച്ചുകൊണ്ടിരുന്നു .
രാത്രി ആഗ്നേയിന്റെ പനി വര്‍ധിക്കുമോ എന്ന് അവന്റെ ദാദി പേടിച്ചു ..
ഒരു സാഹസിയെപ്പോലെ റോഡു കടന്നെത്തിയ ദാദയുടെ മടിയിലേക്ക്‌ ഊര്‍ന്നിറങ്ങും മുന്‍പ് ആഗ്നേയ് അനേഷിച്ചു . ' ഫിശ് കഹാം ഹെ ...' ഫിശ് കഹാം ഹെ ..'
"ഫിഷ് ബാഗ് മേ ഹെ " എന്ന് രാം കുമാരിയും അമ്മയും ഉറപ്പിച്ചു പറഞ്ഞതു ആഗ്നേയിനു അത്ര വിശ്വാസമായില്ല .ഫിഷ് വച്ച പോളിത്തീന്‍ ബാഗ് കാണാത്ത നിലക്ക് ഫിഷ് ഇവിടെയുണ്ട് എന്ന രാംകുമാരിയുടെ ഉറപ്പിനെ എങ്ങനെ വിശ്വസിക്കും . വഴിയില്‍ വീണു പോയിരിക്കാം എന്നാണ് ആഗ്നേയ് അറിയാവുന്ന വാക്കുകളില്‍ പറയുന്നത് ...ഓരോന്ന് പറയുന്നതിന്റെ അവസാനം 'ഫിശ് കഹാം ഹെ ...ഫിശ് കഹാം ഹെ ..' എന്നാവര്‍ത്തിച്ച് വണ്ടി വിടുന്നതിനെതിരെ കരച്ചിലിലെത്തി നിന്നു അത് .....ഒടുവില്‍ വലിയ ബാഗിലെ ചെറിയ പോളിത്തീന്‍ ബാഗില്‍ കിടക്കുന്ന , ആഗ്നേയ് തിന്നാന്‍ താത്പര്യം കാട്ടാത്ത മീനുകളെ കണ്ടു സന്തുഷ്ടനായി , ആഗ്നേയ് ....

എന്തിനാണ് ആഗ്നേയ് അവന്റെ കുഞ്ഞുതല ഇത്രയേറെ ഉത്തരവാദിത്വങ്ങള്‍ കൊണ്ടു നിറയ്ക്കുന്നത്..... മെട്രോ ജീവിതം കുഞ്ഞുങ്ങളെ ജനിച്ചുവീഴും മുന്‍പേ സമ്മര്‍ദ്ദങ്ങളില്‍ ആക്കി തുടങ്ങുമോ .... ഇങ്ങനെയാണോ മേട്രോകള്‍ കുഞ്ഞുങ്ങളെ ബാധിച്ചു തുടങ്ങുന്നത് ? ആഗ്നേയിന്റെ കുഞ്ഞു മുഖം ആകാംക്ഷ കൊണ്ടു വലിഞ്ഞു മുറുകുന്നത് ഞാന്‍ കാണുന്നു .
.പാവം ആഗ്നേയ് ...പാവം, പാവം കുഞ്ഞുങ്ങള്‍ ....
Post a Comment