Monday, August 24, 2009

ദുരനുഭവം - 1

ഭൂമി സ്വന്തം അച്ചു തണ്ടില്‍ കറങ്ങുന്നതിനു താനാണ് നിമിത്തം എന്ന മട്ടില്‍ ലോകത്തിനു കേന്ദ്രമായി നിന്നു വേദാന്തി പറഞ്ഞു " നിങ്ങള്‍ മരിച്ചാലും ലോകത്തിനു ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല .സമാധാനമായി കിടക്കൂ '..!ആശുപത്രിക്കിടക്കയില്‍ ഡങ്കി പനിയോ ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ ചോര ച്ഛര്‍ദിച്ചും മൂക്കിലൂടെ ചിലപ്പോള്‍ രക്തം പ്രവഹി പ്പിച്ചും കിടക്കുകയായിരുന്നു ഞാന്‍ .
വേദാന്തി എന്റെ സുഹൃത്താണ് ,രോഗവിവരം അന്വേഷിച്ചു വന്നതാണ് ,സാന്ത്വനി പ്പിക്കാനാണ് മേല്‍പ്പറഞ്ഞ വാചകം 'ഹ ഹ ഹ 'ശബ്ദത്തോടെ ഉച്ചരിച്ചത് .
എട്ടാം ക്ലാസുകാരനായ എന്റെ മകന്‍ പേടിച്ചരണ്ട മുഖവുമായി അമ്മയെ എങ്ങനെ ശുശ്രൂഷിക്കണം എന്നറിയാതെ അവന്റെ അച്ഛന്റെ വരവും കാത്ത് എന്റെ കട്ടിലിനരികില്‍ നില്‍ക്കുകയായിരുന്നു .
സുഹൃത്തിന്റെ വാചകം കേട്ടു അവന്‍ വിളറി .അവന്റെ അമ്മ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷെ അവന് അത് സങ്കല്പ്പിക്കാനാവില്ലെന്നു അവന്റെ മുഖം വിളിച്ചു പറഞ്ഞു .പന്ത്രണ്ടു വയസ്സുകാരന് വേദാന്ത ഭാഷ്യത്തെ നേരിടാനുള്ള പാണ്ഡിത്യം ഉണ്ടായിരുന്നില്ല .അവന്റെ മുഖം പൂര്‍വാധികം വിളറിയും കണ്ണുകള്‍ നിറഞ്ഞു മിരിക്കുന്നത് ഞാന്‍ കണ്ടു .അവന്‍ എന്റെ കൈകളില്‍ പതുക്കെ തൊട്ടു.
സുഹൃത്തിന്റെ 'ആപേക്ഷിക സത്യ 'വചനത്തെ നേരിടാന്‍ ശ്രമിച്ചു ഞാന്‍ പറഞ്ഞു 'ശരിയാണ് ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ മരിച്ചാലും ഒന്നുമില്ല അത് തീരുമാനിക്കപ്പെട്ടിട്ടാണ് എങ്കിലും ഒന്നും സംഭവിക്കില്ല . നിങ്ങള്‍ മരിച്ചു പോയാല്‍ ലോകത്തിനു എന്തെങ്കിലും സംഭവിക്കുമോ ? "

വേദാന്തി ചിരിച്ചു..ഹാ ഹാ... എന്ത് ചോദ്യം ഞാന്‍ പണ്ഡിതനാണ് വേദാന്തി യാണ് , ഒരു വേദാന്തി സമാധിയായാല്‍ ലോകം നിശ്ചലമാവും.. ലോകം തന്നെ അയാള്‍ക്ക്‌ വേണ്ടി കരയും..എന്നെ കൊണ്ടു ലോകത്തിനു ആവശ്യമുണ്ട് ..." അയാള്‍ തമാശ പറയുകയാണോ ..മുഖം കണ്ടിട്ട് അങ്ങനെ തോന്നിയില്ല ..അയാള്‍ ഒരു നിമിഷം എന്റെ സുഹൃത്ത് അല്ലാതായി ..അയാള്‍ ഇഷ്ടപ്പെടാത്ത എന്തോ ഞാന്‍ ചോദിച്ചു എന്ന് അയാളുടെ മുഖം പറയുന്നതു പോലെ. അയാള്‍ പറഞ്ഞതിനെ സമര്‍ഥി ക്കാന്‍ ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചു .ദേവ ഭാഷ അറിയാത്ത എന്റെ മകനും കഷ്ടിയായ ഞാനും സ്തംഭിച്ചു എന്നയാള്‍ക്ക് മനസ്സിലായി. അയാളുടെ മുഖം പ്രസന്നമായി .
എന്റെ മകന് അയാളുടെ മേല്‍ തുപ്പണം എന്ന് തോന്നുന്നുണ്ട് എന്ന് എനിക്ക് തോന്നി അവന്‍ കുളിമുറിയില്‍ പോകുന്നതും അകത്തെ വാഷ്‌ ബേസിനില്‍ ഛ ര്‍ദിക്കുന്നതും ഞാന്‍ അറിഞ്ഞു .

ബാര്‍ലി വെള്ളം മണിക്കൂറിനു രണ്ടു ഗ്ലാസ്‌ എന്ന കണക്കില്‍ കുടിച്ചു, ആശു പത്രിക്കാര്‍ പരീക്ഷണത്തിനും നിരീക്ഷണത്തിനും വിട്ടു ,രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവെന്നു പറഞ്ഞ എന്റെ ഉടലിനെ നിരന്തരംമൂത്ര മൊഴിച്ച്എന്നെ കൊലചെയ്യാനെത്തിയ വൈരസ്സിനെ പുറത്താക്കി, ഞാന്‍ രക്ഷിച്ചു . സോക്ട്ടര്‍ മാര്‍ കീറി പറിക്കാന്‍ ഒരു ഉടല്‍ നഷ്ട പ്പെട്ടത്തില്‍ ഖേദിച്ചു. കാരണം എന്റെ ഉടല്‍ മരണ ശേഷം പഠന സാമഗ്രിയാക്കാന്‍ ഞാന്‍ അനുവാദം നല്‍കിയിരുന്നു.

വേദാന്തിയെ ഞാന്‍ നന്ദിയോടെ സ്മരിച്ചു .അയാളുടെ വാക്കുകളാണ് എനിക്ക് വൈറസ്സ് കളോട് പൊരുതാന്‍ ശക്തി നല്കിയത് . എന്റെ മകന് എന്നെ എത്രമാത്രം ആവശ്യമാണെന്ന് അവന്റെ കണ്ണുകളില്‍ തെളിഞ്ഞത് ഞാന്‍ കണ്ടതാണല്ലോ . പനിയോടൊപ്പം സുഹൃത്തും എന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോയി.
എന്നാല്‍ ഈയിടെ ലോക വൈരം വെടിഞ്ഞു , പരിഷ്കാരിയും സുമുഖനുമായി , ലൌകികനായി അയാളെ ഞാന്‍ ഒരു രിയാളിടി ഷോ വിലെന്ന പോലെ ലോക റാമ്പില്‍ അടി വെച്ചടിവെച്ച് നീങ്ങുന്നത്‌ കണ്ടു .
അയാള്‍ക്ക്‌ ചികുന്‍ ഗുനിയയോ പന്നി പ്പനിയോ പിടിപെടണമെന്നും ചോര തുപ്പി ആശുപത്രിയില്‍ കിടക്കണമെന്നും ,ആ നേരം സാന്ത്വനിപ്പിക്കാനായി 'സാരമില്ല നിങ്ങള്‍ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ല ..ചിരിച്ചു കൊണ്ടു കിടക്കൂ ' എന്ന് കണ്ണ് നിറഞ്ഞു നില്ക്കുന്ന ഭാര്യയുടെയും കുഞ്ഞു മകളുടെയും മുന്‍പില്‍ വച്ച് പറയണമെന്നും ആഗ്രഹിക്കുന്നില്ല . ..

പക്ഷെ ആരെങ്കിലും അയാളോട് ഒരിക്കല്‍ അങ്ങനെ പറയാതിരിക്കുമോ? ..അയാള്‍ക്ക്‌ അത് സ്വയം പറയാന്‍ കഴിയുമോ എന്നെങ്കിലും.?
Post a Comment