Tuesday, April 27, 2010

ഈ ചെറു പുഴ ,ഓരോ പുഴയും .

 അധികം താമസിയാതെ തൂര്‍ന്നു പോകാന്‍ ഇടയുള്ള ഒരു ചെറിയ പുഴയുടെ കരയിലാണ് എന്റെ വാസം .എന്നും പുലരുമ്പോള്‍ ഉണര്ന്നെഴുന്നെല്ലുന്ന ഉടന്‍ ഭയാശങ്കയോടെ പുഴ അവിടെ തന്നെ ഉണ്ടോ എന്നു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല .നിരന്തരം വന്നു പോകുന്നലോറികളും പെട്ടിഓട്ടോ കളും കയറ്റി കൊണ്ട് പോകുന്ന മണല്‍ ഈ ചെറു പുഴയുടെകാലന്മാരാണ് എന്ന അറിവ് തന്നെ .
തീരത്ത് തന്നെ വസിക്കുന്ന അനേകരില്‍ ഒരാളായ ഞാന്‍ രാത്രിശബ്ദങ്ങളില്‍ പുഴയിളകുന്നതും  മണല്‍ കരയിലെക്കെടുക്കപ്പെടുന്നതും കാണുന്നുണ്ട് .ജീവനും സ്വത്തിനും പൊതു മുതലിനും  കാവല്‍ ആകേണ്ട പോലീസ് കാര്‍ കൃത്യ നിഷ്ഠയോടെ അത് കണ്ടില്ലെന്നു നടിക്കുന്നുണ്ടാവണം.
എങ്കിലും ഒന്നു പറയാതെ വയ്യ പരിസ്ഥിതിയെ പറ്റി യും  നിയമ ലംഘിക്കപ്പെടുന്നു എന്നും ബോധമുള്ള ഒരു സബ് -ഇന്‍സ്പെക്ടര്‍ അഞ്ചാറു മാസം ഈ പ്രദേശത്തിനു കാവല്‍ കിടന്നു .ഇടയ്ക്കിടെ രാത്രിയും പകലും വന്നു പരിസരം നിരീക്ഷിച്ചു  മണല്‍ സംഘങ്ങളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു . ആ ഉദ്യോഗസ്ഥന്‍ സ്ഥലം  മാറി പോയി അഥവാ അയാള്‍ മാറ്റപ്പെട്ടു എന്നു തോന്നുന്നു  . നിജ സ്ഥിതി മണല്‍ നേതാവിനും അനുചരന്മാര്‍ക്കും മാത്രം അറിയാം .അതാരായാലും .
കാരണം പുഴ വീണ്ടും ഒരിടവേളക്ക് ശേഷം രാത്രിയില്‍ കുത്തി കീറപ്പെടുന്നതും  മുഴുനീളം    കരയുന്നതും  ഇപ്പോള്‍ എനിക്ക് കേള്‍ക്കാം .പുഴയുടെ വിഹ്വലതകള്‍ എനിക്ക് കാണാം . പഴയ പോലീസ് കാരന് പകരം പോലീസ് കാര്‍ വരുന്നതും കാണാം . പുഴ ഇളകാതെയും  മണല്‍ ലോറികളില്‍ അപ്രത്യക്ഷ മായതിന്റെയും ശേഷം ആണെന്ന് മാത്രം . എനിക്ക് അതിനെ രക്ഷിക്കാന്‍ ആവുമെന്ന് ബോധ്യമില്ല. അതിനാല്‍ പുഴയുടെ മൌന സങ്കടങ്ങള്‍ പങ്കിട്ടു ഞാന്‍ മൌനമായി ഇരിക്കുന്നു .



Sunday, April 25, 2010

അടച്ച വാതിലിനു മുന്‍പില്‍

'വാതില്‍ അടഞ്ഞിരിക്കുന്നു   അര്‍ദ്ധ രാത്രിയും വന്നു ചേര്‍ന്നിരിക്കുന്നു  '
 ആത്മഹത്യ ചെയ്യാനുറചിരിക്കുന്ന ഓരോ മനസ്സും ഇങ്ങനെ മുന്‍കൂട്ടി വാതില്‍ അടച്ചു അര്‍ദ്ധരാത്രിയാക്കി യായിരിക്കും ഇരിക്കുന്നത് . അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പുലര്‍ച്ച യുണ്ട്  എന്നറിയാതെ അര്‍ദ്ധരാത്രിയെ തന്നെ വീണ്ടും വീണ്ടും ധ്യാനിച്ച്‌ .
എല്ലാ ആത്മഹത്യയും അത് പോലെ ആണെന്ന് പറയാന്‍ കഴിയില്ല, എങ്കിലും . കാനു സന്യാല്‍ ആത്മഹത്യ ചെയ്തതുപോലെ യാണോ  ശ്രീനാഥും സന്തോഷ്‌ ജോഗിയും ചെയ്ത സ്വയം ഹത്യകള്‍ .
തീര്‍ത്തും ഉത്തരവാദി ത്വത്തില്‍  നിന്നുള്ള ഒളിച്ചോടല്‍ ആയി കാണാന്‍ തോന്നുന്നവിധം  സുതാര്യം ആണ് ആ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്ത മരണ വഴി എന്നു തോന്നുന്നു എനിക്ക് .( അല്ലെങ്കില്‍ നാം നമ്മുടെ സഹ ജീവികളെ നമ്മുടെ തന്നെ സ്വാര്‍ത്ഥത  കൊണ്ട്   ആത്മ ഹത്യയിലെക്കു തള്ളിവിടുകയാണോ )

ഓരോ ജീവിതവും സങ്കീര്‍ണമാണ്  .ഓരോ ജീവിതവും അനന്യമാണ് , ഓരോ ജീവിതവും അയാളെ /അവളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ കുരുക്കുകളില്‍ നിന്നു കുരുക്കുകളിലെക്കുള്ള നടന്നു ഓടിയും ഉള്ള കയറ്റമാണ് .ശരി തന്നെ .പ്രണയിയുടെ മനസ്സ് പോകുന്ന വിധം പ്രണയികള്‍ക്ക് മാത്രം അറിയാം എന്നു പറഞ്ഞത് പോലെ മരണത്തെ പ്രണയിച്ചു ചാവാന്‍ ഒരുങ്ങുന്നവരുടെ മനസ്സും മറ്റൊരാള്‍ക്കും പിടി കിട്ടില്ല . പക്ഷെ ജീവിതം ഇങ്ങനെ ഓടി ഓടി തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍   കൂടെ ഓടുന്ന ,ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരെ  വിട്ടു വഴിയില്‍ മിണ്ടാതെ ഒറ്റക്ക് ഇറങ്ങാന്‍  തോന്നുന്ന ആ തോന്നലിനെ ആണ് നമുക്ക് സ്വാര്‍ഥത എന്നു വിളിക്കാന്‍ തോന്നുന്നത് . ഓടിക്കുഴയുന്നത് മനസ്സിലാകും .പക്ഷെ എന്തിനു ഇങ്ങനെ ത്വര പിടിചോടണം എന്നു ഒരു നിമിഷം ചിന്ത വന്നിരുന്നെങ്കില്‍ .അവരവരുടെ  കൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭാര്യയേയും കുട്ടികളെയും ഒരു നിമിഷം  ഓര്‍മ്മയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ..എങ്കില്‍ . .

ഒരു സര്‍ഗാത്മക മനസ്സിന് ഉടമയാവുക എന്നു പറയുന്നത് തന്നെ  അസാധാരണ ലോകത്ത് എത്തി ച്ചെരുന്നതിനു തുല്യമാണ് .അസാധാരണ വും സര്‍ഗാത്മകവുമായ മനസ്സുമായി സാധാരണജീവിതം നയിക്കേണ്ടി വരുന്ന , മത്സരിച്ചു ഓടേണ്ടി വരുന്ന ഏതൊരാള്‍ക്കും ആത്മഹത്യ ഒരു രക്ഷ പ്പെടല്‍ പോലുമാണ് ..അതറിയാതെ അല്ല ഞാന്‍ ആത്മഹത്യയുടെ ആവശ്യവും അനാവശ്യവും കൂട്ടിക്കുഴക്കുന്നത് .

ജയിച്ചവരുടെയും തോറ്റ വരുടെതുമായി ,ലോകത്തെകറുപ്പും വെള്ളയും മാത്രമായി കാണാന്‍ തുടങ്ങുന്ന ഓരോരുത്തരും ഇത്തരം മനോഭാവങ്ങളില്‍ കുടുങ്ങുമെന്നുള്ളതിനു ഒരു സംശയവും ഇല്ല .ജീവിതത്തിലെ നിറങ്ങളെ ,പല നിറങ്ങളെ കാണാത്തവര്‍ , തിരിച്ചറിയാത്തവര്‍ , തങ്ങളുടെ മുന്‍പില്‍ മാതൃകകള്‍ ആയി 'വിജയിച്ചവര്‍ എന്നു ചിലരെ പ്രതിഷ്ടിക്കുന്നവര്‍ . . അവര്‍ക്കറിയില്ല താന്‍ അയാളെ പോലെയോ അയാളെ ക്കാള്‍ അധികമോ ആയ 'ഒരു ആള്‍' ആണെന്ന് . അയാളല്ല താനെന്ന് . പക്ഷെ  ആ 'വിജയി' ആവാന്‍ പരിശ്രമിച് ഒടുവില്‍  താന്‍ ഒരു പരാജയം ആണ് ,ആ അപരന്റെ നിലനില്‍പ്പ്‌ പോലെ തനിക്കു നില നില്‍ക്കാന്‍ കഴിയാത്തത് ആണ് തന്റെ പരാജയം എന്നു വിചാരിക്കുന്ന അത്തരക്കാര്‍ക്കു  ജീവിതം എന്നും നരക തുല്യം തന്നെ ആയിരിക്കും .തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സന്തോഷിച്ച ആ നിമിഷങ്ങള്‍ പോലും എത്ര ഉദാത്തമായിരുന്നു എന്നു ഓര്‍ക്കാന്‍ മിനക്കെടാത്തവര്‍ ; അവര്‍ പിന്നെ എന്ത് ചെയ്യും .?

കാനു സന്യാലിന്റെ സ്വയം ഹത്യ പോലെ ,മഹാ തത്വചിന്തകരായ വാള്‍ട്ടര്‍ ബഞ്ചമിന്‍ ന്റെയോ     , ദലെസിന്റെയോ ആത്മഹത്യപോലെ അല്ലെങ്കില്‍ പുരാതന ഭാരതത്തിലെ മഹാപ്രസ്ഥാന പാരമ്പര്യതിലെത് പോലെ , ഉദാത്തമല്ല ഒളിച്ചോട്ട ക്കാരുടെയും  പരാജിതര്‍  ആണ് താനെന്ന് നിശ്ചയിച്ചു ജീവന്‍ ഒടുക്കുന്നവരുടെയും കാര്യം . പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു കഴിഞ്ഞു എന്നും രോഗം തന്നെയും മറ്റുള്ളവരെയും ഒരുപോലെ ക്ലേശി പ്പിക്കുക മാത്രമാണ്  താന്‍ ഈ ജീവിതം തുടരുന്നത് കൊണ്ടുണ്ടാവുന്ന ഫലം  എന്നും തിരിച്ചറിഞ്ഞു , മരിക്കുന്ന നിമിഷം വരെ ചിന്തയിലും വിചിന്തനത്തിലും  മനുഷ്യരാശിയെ കുറിച്ച്‌ മാത്രം വേവലാതി പ്പെട്ടും ഒടുവില്‍ തന്റെ റോള്‍ കഴിഞ്ഞു എന്നു സ്വയം ഏറ്റവും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന ആ വിട വാങ്ങലുകള്‍ ....അത് സന്യാസിമാരുടെ , നമ്മുടെ പരമ്പരാഗത വാനപ്രസ്തവും പരി നിര്‍വാണവും പോലെ മനോഹരമായ ഒരു ഒടുങ്ങ ലാണ് . അത് ആത്മഹത്യ യല്ലഎന്നാണു ഞാന്‍ പറയുക .

തുടരെ തുടരെ ആത്മഹത്യകള്‍  വാര്‍ത്ത കളായി  വന്നു മനസ്സ് കലക്കി മറിക്കുന്നു. അതിനിടയില്‍ തോന്നിയ ചിലതാണിത് ...ഇനിയും ഒടുങ്ങാത്ത ചിന്തകള്‍ വന്നു നിറയുന്നു എങ്കിലും...നിര്‍ത്താം .