Sunday, August 30, 2009

നിരാശിത കലാകാരന്മാര്‍ .....

നിരാശിതരായ ആര്‍ട്ടിസ്റ്റുകള്‍ മറ്റുള്ളവരെയും/ സര്‍ഗാത്മക സഹജീവികളെയും നിരാശയില്‍ വീഴ്ത്തുന്നു.' സുഹൃത്ത് ഒരു വെളിപാട് പോലെ ഏതാണ്ട് ഈ അര്ത്ഥം വരുന്ന 'വാചകം എഴുതി Face Book കോളത്തില്‍അതിനോട് നൂറു ശതമാനം യോജിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതായി ഇന്നലെ എന്റെ ഉറക്കം കെടുത്തിയ ഒരു ടെലി ഫോണ്‍ വിളി ..

രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനും ഇടയ്ക്ക് മദ്യപിച്ചു കഴിഞ്ഞ് ഉള്‍വിളിയായി വരുന്ന 'സ്നേഹത്താല്‍ ' പ്രചോദിത യായി എന്റെ ' സ്നേഹിത' ടെലി ഫോണില്‍ വിളിക്കുന്നു . പതിവില്ലാതെ ...അവര്‍ ടെലി ഫോണില്‍ ഊഷ്മള വചനങ്ങള്‍ ചൊരിഞ്ഞു . എന്റെ കവിതയെ ശ്ലാഘിച്ചു , അഭിമുഖഭാഷണം നടത്തണം എന്ന് ആഗ്രഹിക്കുന്നതായി ഏറെ വികാര പ്രകടനത്തോടെ കെഞ്ചി. എന്ന് അത് സാധിക്കും എന്ന് ആരാഞ്ഞു.. ഉറക്കം മാറ്റി വച്ചു ഞാന്‍ സ്നെഹിതക്കു ചെവി കൊടുത്തു . പറയുന്നതു എന്റെ മഹത്വങ്ങള്‍ ആണല്ലോ . മറു നാട്ടു കാരിയായ അവര്‍ക്ക് മലയാളം അത്രയ്ക്ക് വഴങ്ങുന്നില്ല .. എങ്കിലും ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ എനിക്ക് മനസ്സിലാക്കി തന്നു . 'നിങ്ങള്‍ വളരെ സോഫ്റ്റ്‌ ആണ് ..അങ്ങനെ ആയാല്‍ പോര .. എങ്ങനെ നിങ്ങള്ക്ക് ഇങ്ങനെ സോഫ്റ്റ്‌ ആകാന്‍ കഴിയുന്നു.. ഹും ...നിങ്ങള്‍ ജീവിത കാലം മുഴുവന്‍ ഇങ്ങനെ കവിത എഴുതി കൊണ്ടിരുന്നോ.. അത് മതിയല്ലോ.....' ഇങ്ങനെ പതുക്കെ പതുക്കെ എന്റെ വിദൂര സ്നേഹിത യുടെ ശബ്ദം ഉച്ചത്തിലായി തുടങ്ങി.. ടെലി ഫോണ്‍ ഭാഷണം അവസാനിപ്പിക്കാന്‍ ഞാന്‍ ഒരവസരം കിട്ടാനായി ആഗ്രഹിച്ചു.. അവര്‍ പറഞ്ഞതു പോലെ ഞാന്‍ സോഫ്റ്റ്‌ ആണല്ലോ. അറുത്തു മുറിച്ചു പറയാന്‍ , ഞാന്‍ മദ്യപിച്ചിട്ടില്ലാത്തത് കൊണ്ടു കഴിയുന്നില്ല .
സ്നേഹിത യുടെ സ്വരം വീണ്ടും ഉച്ചസ്ഥായിലേക്ക് ഉയര്‍ന്നു.. കവിത എഴുതി ജീവിതം തുലച്ചതിനു എന്നെ ഗുണ ദോഷിക്കുന്നതിനിടക്ക് പറഞ്ഞു.. 'shame on you...bastard.. .നീ ജീവിതത്തില്‍ എന്ത് ചെയ്തു. കലാകാരന്മാര്‍ക്ക് വേണ്ടി ..' എന്നെ പോലെയുള്ള കലാ കാരന്മാര്ക് വേണ്ടി ഒരു വാചകമെങ്കിലും ഉയര്‍ത്തിയോ ....എന്ത് ചെയ്തു ..നീ.. " .അവരുടെ ചോദ്യത്തില്‍ ഞാന്‍ കവികളെയും ചിത്രകാരന്മാരെയും സംരക്ഷിക്കാത്ത ഒരു ക്രൂരയും ചെറ്റയുമായി. എന്റെ അവതാരോദ്ദേശം അങ്ങനെ തീരു മാനിക്കപ്പെട്ടിരിക്കുന്നോ എന്ന് ഞാന്‍ സംശയിച്ചു ..അവരോട് തിരിച്ചു ഒന്നും ചോദിക്കാന്‍ ഇടം കിട്ടാത്തവിധം അവര രുടെ സ്വരം പൂര്‍വാധികം ഉയര്‍ന്നു ..... .എന്തിനധികം പറയണം ,( ഇതാണല്ലോ ചില സാമ്പ്രദായിക എഴുത്തിന്റെ ഉപ സംഹാര സ്റ്റയില്‍ ), ഇങ്ങനെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടെയിരുന്ന '..'സ്നേഹിത അവസാനം ഒരു ഓണാശംസ ഏറവും ഉച്ചസ്ഥായിയില്‍ നേരാന്‍ മറന്നില്ല .." HAPPY ONAM BASTARD ..!!!!

Frustrated artist in turn frustrate other artists....other humans.. and pollute the whole world ..

Thursday, August 27, 2009

ഞാന്‍ തിരയുന്നത്

ഒരു പത്തു ദുരനുഭവങ്ങള്‍ നിരത്തി മനസ്സു ശുദ്ധ മാക്കാം എന്നായിരുന്നു വിചാരം .. അത് വേണ്ടി വന്നില്ല രണ്ടെണ്ണം എഴുതിയപ്പോഴേക്കും മനസ്സു തെളിഞ്ഞു.. ജീവിതത്തില്‍ വെറുതെ , തീര്‍ത്തും അനാവശ്യമായി ..മൂര്‍ച്ചയുള്ള വാചകങ്ങള്‍ പറഞ്ഞു സ്വന്തം അസ്വസ്ഥ മനസ്സു വെളിവാക്കുകയായിരുന്നു വല്ലോ അവരെല്ലാം . എനിക്കത് ഊര്‍ജമായി മാറി എന്നത് കൊണ്ടു തന്നെ വെളിപ്പെട്ട കറുത്ത വാക്കുകള്‍ എന്നെ സംബന്ധിച്ച് വെളുത്ത തായി. തേട്ടി വരുന്ന എല്ലാ ദുസ്വപ്നങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു. ..

"ഭാഷകള്‍
ഭൂമിയില്‍ മനുഷ്യര്‍ മനുഷ്യരോട് സംസാരിക്കുന്നവ മാത്രമല്ല
വാക്കുകള്‍
പാലിനോടൊപ്പം നുകരുന്ന
അക്ഷരങ്ങള്‍ മാത്രമല്ല ...
....................................
.....................................
നക്ഷത്രങ്ങള്‍ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു.....

...........
എനിക്ക്
പറയേണ്ടത്
ബധിരന്റെ കേള്‍വിപ്പെടാത്ത ഭാഷയാണ്
ഞാന്‍ തിരയുന്നത്
മൂകന്റെ പറയപ്പെടാത്ത ഭാഷയാണ്
എന്റെ ഭാഷയാണ് ..Tuesday, August 25, 2009

ദുരനുഭവം -2

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു മൂന്നു കുട്ടികള്‍, വിമന്‍സ്‌ കോളേജില്‍ പഠിക്കുന്നവര്‍, എന്നെ കാണാനായി വന്നു . കോളേജ് വിട്ടു അഞ്ചെട്ടു കൊല്ല മായി .കൂടെ പഠിച്ചവരെല്ലാം വിവാഹിതരായൊ ജോലി തേടിയോ രംഗം വിട്ടിരുന്നു. പിന്നെ എന്നെ കാണാന്‍ ആര് വരുന്നു വിമന്‍സകോളേജില്‍ നിന്നു ? അങ്ങനെ വിസ്മയിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ സന്ദര്‍ശനോദ്ദേശം വെളിവാക്കുന്നത് . കോളേജില്‍ ഇത്തവണ കലാ സാഹിത്യ രംഗം കൈയ്യാളുന്ന കുട്ടികളാണ് ...'യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു .ആര്‍ട്സ് ക്ലബ്ബ് ഉദ് ഘാടന മാണ്‌. ചേച്ചിയും വരണം . കവി സമ്മേളനത്തില്‍ പങ്കെടുക്കണം ." അങ്ങനെ ആകാം എന്ന് പറഞ്ഞു ഞാന്‍ . പിന്നെ കോളേജിലെ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു കുറെ നേരം കളഞ്ഞു അവര്‍ പോയി.
അക്കാലത്തു ഞാന്‍ പത്തു മുപ്പത്തഞ്ചു കവിതകള്‍ എഴുതിയിരുന്നു . അതോ നാല്പതോ .സുഹൃത്തുക്കള്‍ അതെല്ലാം കൂടി സമാഹരിച്ചു ഒരു പുസ്തകവും ആക്കി ക്കഴിഞ്ഞു . അങ്ങനെ ഒരു കവി സ്ഥാനത്താണ് എന്റെ ഇരുപ്പ്. അത് കൊണ്ടാണ് കുട്ടികള്‍ എന്നെ സീനിയറും ജൂനിയറും ആയ കവികള്‍ക്കൊപ്പം അതിലും ജൂനിയ റായ എന്നെയും കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചത്. ആര്‍ട്സ്‌ ക്ലബ്‌ സെക്രടരിക്ക് കുറച്ചു ഫെമിനിസം ചായ്‌വും ഉണ്ടായിരുന്നു.
സമ്മേളന ദിവസം എത്തി . മൂന്നു കൊല്ലം ബിരുദ പഠനം നടത്തിയ കോളേജ് ആണ് . വീണ്ടും ചെല്ലുന്നത് പത്തു കൊല്ലത്തിനു ശേഷം . അതിന്റെ ഒരു സന്തോഷത്തിലാണ് ഞാന്‍ കുട്ടികളെയും കാത്തു ഒരുങ്ങി ഇരുന്നത് . കൃത്യം പതിനൊന്നു മണിക്ക് കവി സമ്മേളനം തുടങ്ങും. വലിയ പല കവികളും ഉണ്ട് കൃത്യതയും സമയ നിഷ്ഠയും പാലിക്കുന്നവര്‍. സമയത്തിന് വലിയ വിലയുള്ളവര്‍. അത് കൊണ്ടു പത്തു മണിയായ പ്പോഴേ ഞാന്‍ ഒരുങ്ങി കുട്ടികളുടെ വണ്ടിയും കാത്തു ഇരിപ്പ് തുടങ്ങി.

സമയം പതിനൊന്നാകുന്നു. അപ്പോഴാണ് വെള്ള അംബാസിഡാര്‍ കാറില്‍ നേതാവായ കുട്ടി പാഞ്ഞു വരുന്നതു. ചേച്ചീ ഒരുങ്ങിയോ.. എന്ന് വിയര്‍ത്ത മുഖവും പരിഭ്രമവുമായി . ഞാന്‍ നിമിഷം പാഴാക്കാതെ കാറില്‍ കയറി. എന്താ ഇത്ര പരിഭ്രമം എന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു. പതിനൊന്നു മണിക്ക് അഞ്ചു മിനുട്ടുള്ളപ്പോള്‍ വീട്ടിന്റെ മുന്നില്‍ നില്‍ക്കാമെന്ന് സാറ് പറഞ്ഞതാണ്‌. അദ്ദേഹം വലിയ കൃത്യ നിഷ്ഠ ക്കാരനാണ് ചെല്ലാന്‍ വൈകിയാല്‍ ദേഷ്യ പ്പെടും. അത് പോലെ മറ്റൊരു കവിയോടും പതിനൊന്നിനു പതിനച്ചു മിനുട്ടുള്ളപ്പോള്‍ ചെല്ലാമെന്നു പറഞ്ഞതാ .അതും നടന്നില്ല. ' കുട്ടികള്‍ വിഷണ്ണരായി പറഞ്ഞു. 'എന്നാ പിന്നെ അവരെ കൊണ്ടു വിട്ടിട്ടു വന്നാല്‍ പോരായിരുന്നോ എന്നെ വിളിക്കാന്‍ ? ഞാന്‍ ചോദിച്ചു ." എനിക്ക് അത്രയ്ക്ക് സമയ നിഷ്ടയൊന്നു മില്ല ." അതല്ല ചേച്ചി ഞങ്ങള്‍ നേരത്തെ ഇറങ്ങിയതാ ..ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഈ കഴുത മറന്നു. രണ്ടാമത്തെ കുട്ടി നേതാവിനെ കുറ്റപ്പെടുത്തി. നിങ്ങള്‍ രണ്ടു തവണ വന്നതല്ലേ പിന്നെ എന്തെ മറക്കാന്‍ ? അത്ര പ്രയാസവും ഇല്ല ഈ വീട് കണ്ടു പിടിക്കാന്‍ '.
നേതാവ് പറഞ്ഞു..'ഞാന്‍ കുറച്ചു ടെന്‍ഷനില്‍ ആയി ചേച്ചീ .വീടിനു മുന്‍പില്‍ കൂടി മൂന്നു നാല് തവണ പോയി. എന്നിട്ടും കത്തിയില്ല.' അവള്‍ തലക്കടിച്ചു കൊണ്ടു പറഞ്ഞു. പിന്നെ കുറെ ദൂരം പോയി പലരോടും ചോദിച്ചു ..കോളനി വിട്ടു പോയതുകൊണ്ട് അവര്ക്കു ചേച്ചിയുടെ വീട് അറിയാനും പറ്റിയില്ല. ." ഇത്രയും സംഭാഷണം നടത്തുമ്പോഴേക്കും ഞങ്ങള്‍ ഒരു സീനിയര്‍ കവിയുടെ ഗേറ്റിനു മുന്‍പില്‍ എത്തി .
കുട്ടികള്‍ ക്ഷമ യാചിക്കുന്ന മുഖവുമായി ഇറങ്ങി ബെല്ലടിച്ചു .കവി ഇറങ്ങി വന്നു വീട്ടില്‍ ധരിക്കുന്ന വേഷം കുട്ടികള്‍ പത്തു മിനിട്ടു വൈകിയിരുന്നു ..അതിനാല്‍ അദ്ദേഹം വേഷം മാറി പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഏകദേശം തീരു മാനിച്ച മട്ടാണ്. കുട്ടികള്‍ കെഞ്ചി വിശദീകരിക്കുന്നത് ഞാന്‍ കാറില്‍ ഇരുന്നു നോക്കി കൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹം കുട്ടികളുടെ അഭ്യര്‍ഥന മാനിച്ചു കാറില്‍ .മുഖം അപ്രസന്നമായിരുന്നു. ഇനി അടുത്ത കൃത്യ നിഷ്ടയില്‍ കണിശ ക്കാരനായ കവിയുടെ വീടാണ് . അവിടെ ചെന്നപ്പോള്‍ അദ്ദേഹവും കോപിഷ്ടനായി ഇരിക്കുകയാണ് . ഏകദേശം അര മണിക്കൂര്‍ ആയി അദ്ദേഹം വേഷവും കെട്ടി ഇരിക്കുന്നു എന്ന് കുട്ടികളോട് കോപിച്ചു. കുട്ടികള്‍ ഒരു വിധത്തില്‍ അദ്ദേഹത്തെയും കാറില്‍ കയറ്റി . കയറിയ പാടെ സീനിയര്‍ കവികള്‍ പരസ്പരം അഭിവാദ്യം ചെയ്തു കുട്ടികളുടെ ഉത്തരവാദിത്യ മില്ലായ്മയെ വിമര്‍ശിച്ചു. പിന്നെ ചോദിച്ചു 'എന്താ നിങ്ങള്‍ വൈകാന്‍ കാരണം.' കുട്ടികള്‍ എന്റെ വീട് കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടിയ കാര്യം അവരോട് വിശദീകരിച്ചു . അത് കേട്ടയുടന്‍ ഒരു സീനിയര്‍ പരിഹസിച്ചു ..'അങ്ങനെ നാട്ടുകാര്‍ക്കൊന്നും അറിയാത്ത ,വീടും പേരും ഒക്കെ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ടുള്ളവരെ യൊക്കെ നിങ്ങള്‍ എന്തിനാ വിളിക്കാന്‍ പോയത്..?'
പരിഹാസം രസിച്ച മറ്റേ സീനിയര്‍ ഹാ ഹാ ഹാ . എന്ന് ആര്‍ത്തു ചിരിച്ചു..'പേരും നാളും ഒന്നും ഇല്ലാതവരെയാണോ കവിയരങ്ങില്‍ പങ്കെടുപ്പിക്കുന്നത്..?' എന്ന ചോദ്യം അകമ്പടിയായി ..പിന്നെ ഇരുവരും ആര്‍ത്തു രസിച്ചു ചിരിച്ചു..
കുട്ടികള്‍ വല്ലാതായി ..അവര്‍ക്ക് അതില്‍ ചിരിക്കാന്‍ കഴിഞ്ഞില്ല. എന്നോട് 'ഞങ്ങളോട് ഒന്നും തോന്നല്ലേ ചേച്ചീ' എന്ന് ഒരു കുട്ടി അപ്പോള്‍ തന്നെ എന്റെ കയ്യില്‍ പിടിച്ചു..നേതാവ് 'ചേച്ചി യുടെ കുറ്റമല്ല എന്ന് കവികളോട് വിശദീകരിക്കാന്‍ ശ്രമിച്ചു .
എന്തായാലും അവരുടെ പരിഹാസ ചിരി കേട്ടു ,ഞാന്‍ അതെ വരെ ഗുരു സ്ഥാനീയരും ബഹുമാന്യരും അറിവിന്റെ അവതാരങ്ങളും ആയി കണ്ടിരുന്ന ആ ബിംബങ്ങള്‍ ചൂളക്കിടാത്ത കളിമണ്‍ പ്രതിമ പോലെ എന്റെ ഉള്ളില്‍ തകര്ന്നു.
എങ്കിലും എനിക്ക് അറിവ് വര്‍ദ്ധിച്ചു. എന്തല്ല ജ്ഞാനം എന്ന് ഞാന്‍ പഠിച്ചു, ആരാണ് ജ്ഞാനി എന്നും.

Monday, August 24, 2009

ദുരനുഭവം - 1

ഭൂമി സ്വന്തം അച്ചു തണ്ടില്‍ കറങ്ങുന്നതിനു താനാണ് നിമിത്തം എന്ന മട്ടില്‍ ലോകത്തിനു കേന്ദ്രമായി നിന്നു വേദാന്തി പറഞ്ഞു " നിങ്ങള്‍ മരിച്ചാലും ലോകത്തിനു ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല .സമാധാനമായി കിടക്കൂ '..!ആശുപത്രിക്കിടക്കയില്‍ ഡങ്കി പനിയോ ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ ചോര ച്ഛര്‍ദിച്ചും മൂക്കിലൂടെ ചിലപ്പോള്‍ രക്തം പ്രവഹി പ്പിച്ചും കിടക്കുകയായിരുന്നു ഞാന്‍ .
വേദാന്തി എന്റെ സുഹൃത്താണ് ,രോഗവിവരം അന്വേഷിച്ചു വന്നതാണ് ,സാന്ത്വനി പ്പിക്കാനാണ് മേല്‍പ്പറഞ്ഞ വാചകം 'ഹ ഹ ഹ 'ശബ്ദത്തോടെ ഉച്ചരിച്ചത് .
എട്ടാം ക്ലാസുകാരനായ എന്റെ മകന്‍ പേടിച്ചരണ്ട മുഖവുമായി അമ്മയെ എങ്ങനെ ശുശ്രൂഷിക്കണം എന്നറിയാതെ അവന്റെ അച്ഛന്റെ വരവും കാത്ത് എന്റെ കട്ടിലിനരികില്‍ നില്‍ക്കുകയായിരുന്നു .
സുഹൃത്തിന്റെ വാചകം കേട്ടു അവന്‍ വിളറി .അവന്റെ അമ്മ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷെ അവന് അത് സങ്കല്പ്പിക്കാനാവില്ലെന്നു അവന്റെ മുഖം വിളിച്ചു പറഞ്ഞു .പന്ത്രണ്ടു വയസ്സുകാരന് വേദാന്ത ഭാഷ്യത്തെ നേരിടാനുള്ള പാണ്ഡിത്യം ഉണ്ടായിരുന്നില്ല .അവന്റെ മുഖം പൂര്‍വാധികം വിളറിയും കണ്ണുകള്‍ നിറഞ്ഞു മിരിക്കുന്നത് ഞാന്‍ കണ്ടു .അവന്‍ എന്റെ കൈകളില്‍ പതുക്കെ തൊട്ടു.
സുഹൃത്തിന്റെ 'ആപേക്ഷിക സത്യ 'വചനത്തെ നേരിടാന്‍ ശ്രമിച്ചു ഞാന്‍ പറഞ്ഞു 'ശരിയാണ് ചികുന്‍ ഗുനിയയോ എന്ന് തീരുമാനിക്കപ്പെടാതെ മരിച്ചാലും ഒന്നുമില്ല അത് തീരുമാനിക്കപ്പെട്ടിട്ടാണ് എങ്കിലും ഒന്നും സംഭവിക്കില്ല . നിങ്ങള്‍ മരിച്ചു പോയാല്‍ ലോകത്തിനു എന്തെങ്കിലും സംഭവിക്കുമോ ? "

വേദാന്തി ചിരിച്ചു..ഹാ ഹാ... എന്ത് ചോദ്യം ഞാന്‍ പണ്ഡിതനാണ് വേദാന്തി യാണ് , ഒരു വേദാന്തി സമാധിയായാല്‍ ലോകം നിശ്ചലമാവും.. ലോകം തന്നെ അയാള്‍ക്ക്‌ വേണ്ടി കരയും..എന്നെ കൊണ്ടു ലോകത്തിനു ആവശ്യമുണ്ട് ..." അയാള്‍ തമാശ പറയുകയാണോ ..മുഖം കണ്ടിട്ട് അങ്ങനെ തോന്നിയില്ല ..അയാള്‍ ഒരു നിമിഷം എന്റെ സുഹൃത്ത് അല്ലാതായി ..അയാള്‍ ഇഷ്ടപ്പെടാത്ത എന്തോ ഞാന്‍ ചോദിച്ചു എന്ന് അയാളുടെ മുഖം പറയുന്നതു പോലെ. അയാള്‍ പറഞ്ഞതിനെ സമര്‍ഥി ക്കാന്‍ ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചു .ദേവ ഭാഷ അറിയാത്ത എന്റെ മകനും കഷ്ടിയായ ഞാനും സ്തംഭിച്ചു എന്നയാള്‍ക്ക് മനസ്സിലായി. അയാളുടെ മുഖം പ്രസന്നമായി .
എന്റെ മകന് അയാളുടെ മേല്‍ തുപ്പണം എന്ന് തോന്നുന്നുണ്ട് എന്ന് എനിക്ക് തോന്നി അവന്‍ കുളിമുറിയില്‍ പോകുന്നതും അകത്തെ വാഷ്‌ ബേസിനില്‍ ഛ ര്‍ദിക്കുന്നതും ഞാന്‍ അറിഞ്ഞു .

ബാര്‍ലി വെള്ളം മണിക്കൂറിനു രണ്ടു ഗ്ലാസ്‌ എന്ന കണക്കില്‍ കുടിച്ചു, ആശു പത്രിക്കാര്‍ പരീക്ഷണത്തിനും നിരീക്ഷണത്തിനും വിട്ടു ,രക്ഷപ്പെടാന്‍ സാധ്യത തീരെ കുറവെന്നു പറഞ്ഞ എന്റെ ഉടലിനെ നിരന്തരംമൂത്ര മൊഴിച്ച്എന്നെ കൊലചെയ്യാനെത്തിയ വൈരസ്സിനെ പുറത്താക്കി, ഞാന്‍ രക്ഷിച്ചു . സോക്ട്ടര്‍ മാര്‍ കീറി പറിക്കാന്‍ ഒരു ഉടല്‍ നഷ്ട പ്പെട്ടത്തില്‍ ഖേദിച്ചു. കാരണം എന്റെ ഉടല്‍ മരണ ശേഷം പഠന സാമഗ്രിയാക്കാന്‍ ഞാന്‍ അനുവാദം നല്‍കിയിരുന്നു.

വേദാന്തിയെ ഞാന്‍ നന്ദിയോടെ സ്മരിച്ചു .അയാളുടെ വാക്കുകളാണ് എനിക്ക് വൈറസ്സ് കളോട് പൊരുതാന്‍ ശക്തി നല്കിയത് . എന്റെ മകന് എന്നെ എത്രമാത്രം ആവശ്യമാണെന്ന് അവന്റെ കണ്ണുകളില്‍ തെളിഞ്ഞത് ഞാന്‍ കണ്ടതാണല്ലോ . പനിയോടൊപ്പം സുഹൃത്തും എന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോയി.
എന്നാല്‍ ഈയിടെ ലോക വൈരം വെടിഞ്ഞു , പരിഷ്കാരിയും സുമുഖനുമായി , ലൌകികനായി അയാളെ ഞാന്‍ ഒരു രിയാളിടി ഷോ വിലെന്ന പോലെ ലോക റാമ്പില്‍ അടി വെച്ചടിവെച്ച് നീങ്ങുന്നത്‌ കണ്ടു .
അയാള്‍ക്ക്‌ ചികുന്‍ ഗുനിയയോ പന്നി പ്പനിയോ പിടിപെടണമെന്നും ചോര തുപ്പി ആശുപത്രിയില്‍ കിടക്കണമെന്നും ,ആ നേരം സാന്ത്വനിപ്പിക്കാനായി 'സാരമില്ല നിങ്ങള്‍ മരിച്ചാല്‍ ലോകത്തിനു ഒന്നും സംഭവിക്കില്ല ..ചിരിച്ചു കൊണ്ടു കിടക്കൂ ' എന്ന് കണ്ണ് നിറഞ്ഞു നില്ക്കുന്ന ഭാര്യയുടെയും കുഞ്ഞു മകളുടെയും മുന്‍പില്‍ വച്ച് പറയണമെന്നും ആഗ്രഹിക്കുന്നില്ല . ..

പക്ഷെ ആരെങ്കിലും അയാളോട് ഒരിക്കല്‍ അങ്ങനെ പറയാതിരിക്കുമോ? ..അയാള്‍ക്ക്‌ അത് സ്വയം പറയാന്‍ കഴിയുമോ എന്നെങ്കിലും.?

Saturday, August 22, 2009

life goes on ..

Life goes on ...
I continue digging ...
The shovel doesn't hit anywhere...
So the pit becomes larger and larger, deeper and deeper...
do I expect something underneath,
anything solid or liquid?

Life really is generous to those who pursue their 'destiny' It says
What is my destiny...
I wonder...
I am here by chance like every body else in this world.

Am I digging my destiny perhaps? Only the shovel knows...
not me...
I am its tool, and not the shovel mine.

Happy birthday to me!!

Friday, August 21, 2009

ഹിറ്റ്‌ ലര്‍

മാനല്ലാത്തതില്‍
മീനാവാത്തതില്‍
പക്ഷിയോ പ്രാണിയോ
അല്ലാത്തതില്‍ എന്തിന് ഖേദിക്കണം ?
ഓന്തല്ലാത്തത്തില്‍ മുതലയോ മുയലോ
അരണയോ അല്ലാത്തതില്‍ എന്തിന് ക്ലേശി ക്കണം ?
വേണ്ടന്നുറപ്പിച്ചു
പക്ഷിയെ അതിന്റെ പറക്ക ലിലേക്കും
ഉരഗങ്ങളെ അവയുടെ ഇഴച്ചിലെ ലേക്കും ഞാന്‍ വിടുന്നു


എങ്കിലും
ഞാന്‍ ദുഃഖിക്കുന്നു
ആണല്ലാത്തതില്‍
പെണ്ണാ യതില്‍
കാരണം നിങ്ങള്‍ക്കെന്നപോലെ
ഹിറ്റ്ലര്‍ ആണല്ലോ എന്റെയും നായകന്‍

Thursday, August 20, 2009

നിത്യജീവിതം ...

ജീവിതം നൂല്‍ പാലത്തിലൂടെയാണ് എന്ന് പറയുന്നതു വെറുതെയല്ല .പക്ഷെ ആരാണ് നമ്മളെ അങ്ങനെ നടത്തുന്നത്? ദൈവമല്ല തീര്‍ച്ച. സ്വയം നടക്കുന്നതാണ് എന്നാണെങ്കില്‍ ഒരാള്‍ക്ക് അങ്ങനെ നടക്കാതിരിക്കാന്‍ കഴിയാത്തതെന്താണ്‌? രാജ്യങ്ങള്‍ക്ക് പറ്റുന്നില്ല പിന്നെ യാണ് ..കെല്‍പ്പില്ലാത്ത ഒറ്റപ്പെട്ട മനുഷ്യര്‍. കാരണം അവതാരങ്ങള്‍ പലവിധമാണ്. പടക്കോപ്പുകള്‍ ഉണ്ടാക്കുന്ന ഒരുവന് നാട്ടില്‍ യുദ്ധമാണ് ആവശ്യം ..മരുന്നുണ്ടാക്കുന്ന ഒരുവനും യുദ്ധം ആവശ്യമാണ്‌. പടയില്‍, ചത്തവനും ചാകാറായ വനും മരുന്ന് വേണമല്ലോ ..ഇനി സമാധാന പ്രിയര്‍ക്കും കാരുണ്യ ശീലര്‍ക്കും വേണ്ടത് യുദ്ധം തന്നെ. യുദ്ധത്തില്‍ ചത്തവന്റെ കുടുംബത്തെ കണ്ണീരില്‍ നിന്നു കരകയറ്റാന്‍ അവരല്ലേ ഉള്ളു. ഇനി നമ്മള്‍ ഉപദേശികളുടെ ഉപദേശം കേട്ടു നന്നാവാന്‍ തന്നെ തീരുമാനിക്കുകയും അത് മൂലം നാം നൂല്‍ പ്പാലയാത്രയില്‍ നിന്നു മോചിതരാവുകയും ചെയ്യും എന്നാണോ ? പാപം ചെയ്യാത്തവര്‍ നാട്ടിലില്ലെങ്കില്‍ ഉപദേശികള്‍ , സദാചാരികള്‍ എന്ത് ചെയ്യും? അവരുടെ നിലനില്‍പ്പ്‌ അവതാളത്തിലാവും ..അങ്ങനെ ആകാതിരിക്കാന്‍ ഉള്ള മാര്‍ഗമാണ് പാപം ചെയ്യ്ന്നവരെ കല്ലെറിയുകയും ആ ഏറുകൊണ്ട് ചാകാരായവരെ കാരുണ്യ പൂര്‍വ്വം ശുശ്രൂഷിക്കുകയുമെന്ന രണ്ടു കൈക്കുമുള്ള പണി .പാപം ചെയ്യിക്കാന്‍ വയാഗ്ര മാത്രമല്ല ഉടു തുണി ഊരി നൃത്തവും നിത്യവും നാം കൈകാല്‍ നീട്ടി സ്വീകരിക്കുന്നുണ്ട് . ഉടല്‍ മൂടി ദേവിയായി ഇരിക്കാറ് മുണ്ട് അങ്ങനെ ഇരുന്നില്ലെങ്കില്‍ ഇരുത്താന്‍ വീണ്ടു മുണ്ട് പാപോപദേശം ..ബാലന്‍സ് ചെയ്യാനാണോ അത് അല്ല ....ആര്‍ക്കാണ് അതറിഞ്ഞു കൂടാത്തത് ? നിത്യജീവിതം ഇങ്ങനെ യുദ്ധവും സമാധാനവും പാപവും പുണ്യവും ,വിഷവും ഔഷധവും മൊത്തമായും ചില്ലറയായും വില്‍ക്കുന്ന അവതാരങ്ങള്‍ക്കിടയില്‍ .... .....നൂല്‍ പ്പാലത്തില്‍ ... എനിക്ക് വേണമെങ്കിലും വേണ്ടെങ്കിലും ....

Wednesday, August 19, 2009

ബാക്കി

രഹസ്യങ്ങള്‍ ഇല്ലാത്ത ഈ ലോകം വല്ലാതെ അടുത്തു വരുമ്പോള്‍ എനിക്കുണ്ട് പരിഭ്രാന്തി.ഇങ്ങനെ രഹസ്യങ്ങളൊന്നും ഇല്ലെന്നു ഭാവിക്കുന്ന തുറന്നു തന്നെ യിരിക്കുന്ന ഈ പുസ്തകം അത്ര എളുപ്പം വഴങ്ങുന്നതല്ലെന്ന തിരിച്ചറിവാണോ. അതോ ആഴത്തോടൊപ്പം പരപ്പുകൊണ്ടും ഇതെന്നെ ശ്വാസം മുട്ടിക്കുന്നു എന്ന് തോന്നുന്നതോ..എപ്പോഴും നീല നിറമാര്‍ന്ന , തിരയടിച്ചു കൊണ്ടേയിരിക്കുന്ന കടലിനടുത്ത് ഇരിക്കുന്നതുപോലെ ..ഇടയ്ക്ക് വന്നു നിറം പകര്‍ന്നു പോകുന്ന ഒരു സൂര്യനും ഇന്നു എന്റെ അസ്വസ്ഥതകളെ ബാഷ്പീകരിക്കുന്നില്ല..വാഴക്കയ്മേല്‍ ഇരിക്കുന്ന നീല പക്ഷി , എന്നോട് എന്തോ പറയുന്നുണ്ട് ..അതിന്റെ ഇടക്കിടെയുള്ള ചെറു കുലുക്കങ്ങള്‍ , അതൊരു പക്ഷെ ചിരിക്കുന്നതാവാം.സ്വപ്നത്തിലാവാം ..
ലോകത്ത് രഹസ്യങ്ങള്‍ ഇനിയുമുണ്ട് ബാക്കി.

Sunday, August 16, 2009

കുട്ടികള്‍ പഠിക്കുന്നത് .

നളിനി ജമീലയുടെ ജീവിത രേഖ പാഠ പുസ്തകമാക്കുന്നു കേരള യുനിവേഴ്ത് സിറ്റി എന്ന വാര്‍ത്ത ഇപ്പോള്‍ സജീവ ചര്‍ച്ചയാണ് മാദ്ധ്യമങ്ങളില്‍ . പുസ്തകത്തിന്റെ പേരു 'ഞാന്‍ ലൈംഗിക തൊഴിലാളി' . ഇതിനകം ധാരാളം മലയാളികള്‍ അത് വായിച്ചു കഴിഞ്ഞു . ഇനിയും വായിക്കുകയും ചെയ്യും. പതിനെട്ടിനും ഇരുപത്തൊ ന്നിനും ഇടയ്ക്ക് പ്രായമുള്ള ബിരുദ വിദ്യാര്‍ഥി കളാണ് നളിനി ജമീലയുടെ പുസ്തകം പഠിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ എന്നാണ് ചര്‍ച്ചകള്‍ പറയുന്നതു . കുട്ടികള്‍ പഠിക്കട്ടെ എന്നും അവര്‍ അത് പഠിക്കരുത് എന്നും രണ്ടു വാദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട് . മണിയന്‍ പിള്ള എന്ന 'കള്ളന്‍' തന്റെ ജീവിത കഥ കുട്ടികള്‍ പഠി ക്കേണ്ടതില്ല എന്ന അഭിപ്രായത്തില്‍ നില്‍ക്കുമ്പോള്‍ നളിനി അവര്‍ തന്റെ ജീവിത കഥ വായിച്ചു പഠിക്കട്ടെ എന്ന അഭിപ്രായത്തിലാണ്.
അവരുടെ അഭിപ്രായം അങ്ങനെ നില്‍ക്കട്ടെ. എനിക്കും തോന്നുന്നു ചിലത്. അനാവശ്യകാര്യങ്ങളില്‍ കണ്ണ് ഉടക്കിയാല്‍ ആര്‍ക്കും സംഭവിക്കാവുന്നത്‌ .
തോന്നല്‍ ഇതാണ് : പാഠ പുസ്തകത്തില്‍ നിന്ന് ആരും പഠിക്കുന്നില്ല : എഴുതിക്കഴിഞ്ഞ ചോദ്യ പേപ്പര്‍ എന്ന പോലെ പഠിച്ച പാഠങ്ങളും കുട്ടികള്‍ ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുന്നു.


അത് കൊണ്ടാണല്ലോ ഗാന്ധിജിയെ കുറിച്ചും , വിവേകാനന്ദനെ കുറിച്ചും, ടാഗോറിനെ കുറിച്ചും വിളക്കേന്തിയ വനിതയെ കുറിച്ചും മറ്റും മറ്റും പഠിച്ചു വരുന്ന കുട്ടികള്‍ സത്യാനേഷണ പരീക്ഷണ ങ്ങള്‍ നടത്താത്തത് .
ടാഗോര്‍
കവിതകള്‍ വായിച്ചു പഠിച്ച എല്ലാ കുട്ടികളും കവിത ചമ ക്കാത്തതും . അല്ലെങ്കില്‍ പഠിച്ചതില്‍ നിന്നു ,-കേട്ടതില്‍ നിന്നും-അവര്‍ വഴുതി മാറുന്നത് . അതുപോലെ നളിനി ജമീലയുടെ പാഠ പുസ്തകം പഠിച്ചു ജയിച്ചു വരുന്ന കുട്ടികള്‍ ; ഗാന്ധിയെ പഠിച്ചു കഴിഞ്ഞു പുറത്തിറങ്ങി
വന്ന ഒരുവന്‍ ഗാന്ധി യന്‍ ആകാത്തതുപോലെ, അല്ലെങ്കില്‍ പഠിച്ചതിനു പ്രായശ്ചിത്തമായി കള്ളനോ കൊല പാതകിയോ ആയി വിപരീത ദിശ തിരഞ്ഞെടുക്കുന്നതുപോലെ
അവര്‍ ജമീല പഠിപ്പിച്ച പാഠങ്ങളും മറന്നേക്കാം.. പകരം പഠിച്ചതിനും പഠിപ്പിച്ചതിനും ഇടയില്‍ പഠി പ്പിക്കാതാത്തത് സ്വീകരിച്ചേക്കാം. നേര്‍ വിപരീത ദിശ തിരഞ്ഞെടുത്തെക്കാം..

അപ്പോള്‍, അങ്ങനെ ആണെങ്കില്‍ എന്താണ് കുട്ടികള്‍ ഈ പാഠ പുസ്തകം പഠിക്കുന്നത് കൊണ്ട് കേരളത്തില്‍ സംഭവിക്കുക? ഉത്തരം വളരെ ലളിതം . പുതിയ കേരളത്തില്‍ ലൈംഗിക തൊഴില്‍ തന്നെ ഇല്ലാതായേക്കാം!!! ......അങ്ങനെയു മുണ്ട് സാധ്യതകള്‍ .

Friday, August 14, 2009

അമ്മാത്തെത്തിയവര്‍

'ഇല്ലത്ത് നിന്നു പുറപ്പെട്ടു , അമ്മത്തൊട്ടെ ത്തിയതുമില്ല എന്നാണു എന്റെ സ്ഥിതി ' വിഷണ്ണനായ സുഹൃത്തിന്റെ വിലാപം .
ഇല്ലത്ത് നിന്നു പുറ പ്പെടെണ്ടായിരുന്നു എന്നാണോ ? ' ഞാന്‍ ചോദിച്ചു
അങ്ങനെ യല്ല ..പുറപ്പെട്ടിട്ടും എന്തായി ഫലം എന്നാണ് ..
അപ്പോള്‍ പുറപ്പെടാത്തവര്‍ സന്തുഷ്ടരാണ് എന്നാണോ ..
ഇല്ലത്ത് തന്നെ ഇരുന്നവര്‍ / ഇരിക്കുന്നവര്‍ ?
അതുമല്ല ' ആരാണ് ഇപ്പോള്‍ അമ്മാത്ത്‌ എത്തിയവര്‍ ?
' അവര്‍ കൊട് മുടികള്‍ കീഴടക്കിയവരെ പ്പോലെ യും ,
വാന പ്രസ്ഥ ത്തിനു പുറ പ്പെട്ട നിസ്സംഗപാണ്ഡവരെ പ്പോലെയും
ആഹ്ലാദ വന്മാരാണോ ? ഞാന്‍ ചോദിച്ചു .
സുഹൃത് ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു .
ഇല്ലത്ത് നിന്നു പുറ പ്പെടാത്തവരുടെ സ്ഥിതി ഓര്‍ത്താണോ
അമ്മാത്ത് എത്തി സന്തുഷ്ടരായി എന്ന് കരുതുന്നവരെ കുറിച്ചാണോ ,
തന്നെ പ്പോലെ നടുക്ക് നിന്നു കരയുന്നവരെ കുറിച്ചാണോ അയാള്‍ ഭാവന ചെയ്യുന്നത് ..
മുഖംഒന്നും പറയുന്നില്ല .
ക്ലീഷേ കളില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ടാവണം അത് കണ്ണാടിയായി ഒന്നും പ്രതിഫലിപ്പിച്ചു മില്ല.

Saturday, August 1, 2009

a quote

" When a person really desires something, all the universe conspires to help that person to realise his dream." I wish the alchemist is true .