Saturday, February 28, 2009

പൂക്കള്‍ പൂക്കള്‍ ആകുന്നത്

എന്താണ് 'നിന്റെ കവിതകള്‍ പൂക്കളെയും കിളികളെയും പറ്റി പാടാത്തത്‌'
എന്ന കവിയോടുള്ള ചോദ്യത്തിന്'
'വരൂ !കാണൂ ഈ തെരുവിലെ രക്തം !
എന്ന്
കവി മറുപടി പറഞ്ഞു ..
തെരുവില്‍ രക്തമൊഴുകുമ്പോള്‍ ,
അത്
നിന്റെ കാല്‍ ക്കീഴില്‍ ക്കൂടി അല്ലെങ്കിലും,
അത് സംഭവിച്ചു കൊണ്ടേ യിരിക്കുമ്പോള്‍
നീ പൂക്കളുടെ ഭംഗി കാണാതെയും
കുയിലിന്റെ പാട്ടു കേള്‍ക്കാതെയുമാകുന്നു
അല്ലെങ്കില്‍ കുയില്‍ പാടാതെയും
പൂക്കള്‍ വിരിയാതെയുമാകുന്നു
.നീ കണ്ടു കണ്ടാണ്‌ ,കേട്ടു കേട്ടാണ്‌
പൂക്കള്‍ പൂക്കളും പാട്ടു പാട്ടുമാകുന്നത് .
നിന്റെ കണ്ണുകള്‍ കാഴ്ചകള്‍ ഉണ്ടാക്കുന്നു
നിന്റെ കാത് ശബ്ദത്തെ സംഗീത മാക്കുന്നു
.കണ്ണില്‍ നിന്നു മാഞ്ഞ പൂക്കളെയും
കാതില്‍ നിന്നു വാര്‍ന്നുപോയ പാട്ടിനെയും
ഇനി ഏതു തെരുവില്‍ തിരയണം ?
അറ്റുപോയ കാതും പിഴുതുപോയ കണ്ണും എവിടെ കണ്ടെത്തണം .?
എന്റെ കാക്ക
കൂട് വിട്ടിറങ്ങി ..

Thursday, February 26, 2009

പുഴ , കാക്കയും


എന്താണ് പുഴ കാക്കയോട് ചോദിച്ചത്
അല്ലെങ്കില്‍ പറഞ്ഞത് ?
അറിയില്ല ,

എന്നാല്‍ കാക്കയുടെ ഉത്തരം ഞാന്‍ കേട്ടു.
അതിങ്ങനെ യാണ് .
" ഓ ! നീണ്ട കൈകാലുകളുള്ള എന്റെ പുഴയെ........
എനിക്ക്
നിന്റെ കൂടെ ജീവിക്കാനാവില്ല ,
കടലിലേക്ക് ഒഴുകാനോ ഒഴുകി പരക്കാനോ ആകില്ല .,
നോക്കു‌
എന്റെ ജീവിതം ഈ മുളം കൂട്ടത്തിന്നു പിന്നിലാണ് ..
എനിക്ക് നിന്നോടൊപ്പം മരിക്കാനുമാവില്ല ,
നിനക്കു എന്നോടൊപ്പം പൊങ്ങി പറക്കാനാകാത്തതുപോലെ....
അത് മാത്രമല്ല ഞാന്‍ എന്റെ തെരുവിനോടും,
പൂന്തോട്ടത്തിനോടും
കൊത്തി എറിഞ്ഞ ചീത്ത കളോടും
യാത്ര ചോദിച്ചിട്ടുമില്ല.
എന്റെ ജനലില്‍
പതിവായി വരുന്ന മഞ്ഞക്കിളിക ളോട് എനിക്ക് യാത്ര പറയാനുമാവില്ല "

പക്ഷെ എന്നിട്ടുമെന്താണ് അത് പുഴയോടൊപ്പം പടിഞ്ഞാറേക്ക് ഒഴുകി പറന്നത് ?

Tuesday, February 24, 2009

ചാനലില്‍ കേട്ടത്

ചാനലുകളില്‍ ഇന്നലെ സ്ലം ഡോഗിന്റെ ദിവസം .

ഒരു ചാനലില്‍ കേട്ടത് .
" താങ്കള്‍ ഏറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് .....എങ്ങനെ കാണുന്നു ഈ ഓസ്കാറിനെ , മലയാളിയായ റസൂല്‍ പൂക്കുട്ടിക്കും ,എ ആര്‍ രഹ് മാനും അവാര്‍ഡുകള്‍ കിട്ടി, ആദ്യമായി ഒരു മലയാളി ഓസ്കാറില്‍ ചുംബിക്കുന്ന ഈ നിമിഷം എന്ത് തോന്നുന്നു ..?
" നമുക്കു നല്ല സംവിധായകരും നടന്മാരും സാങ്കേതിക വിടഗ്ദ്ധരുമുണ്ട് ..നല്ല സംഗീതജ്ഞരും..ഓസ്കാര്‍ കിട്ടിയത് നല്ലത് തന്നെ ..പക്ഷെ അത്..... ഈ ഓസ്കാര്‍ തന്നെ ഒരു മീഡിയ ഹൈപ്പ് ആണ് .."

" നന്ദി പ്രതികരിച്ചതിന്" ....ചാനലുകാരന്‍ പെട്ടെന്ന് ഫോണ്‍ കട്ടാക്കി .

സന്തോഷിക്കാന്‍ നമുക്കു കാരണങളില്ലെന്നോ?
ഓസ്കാര്‍ വിദേശിയും , 'സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണ് എന്ന് പറഞ്ഞാല്‍ കൂടിയും ? തീര്‍ച്ചയായും ഉണ്ട് . ഈ ഭൂമിയും രാജ്യങ്ങളും പരസ്പര ചൂഷണങ്ങളും യുദ്ധങ്ങളും യാഥാര്‍ത്യ മാണ് എന്നതുപോലെ ഈ സന്തോഷങ്ങളും യഥാര്‍ത്ഥം തന്നെ . സാധ്യതകളെ പറ്റിയുള്ള സങ്കല്പങ്ങള്‍ അല്ലെങ്കില്‍ 'സാധ്യതകള്‍ ' ആണ് മനുഷ്യജീവിതം ഈ ഭൂമിയില്‍ സാധ്യമാക്കുന്നത് . അനന്തമാണ്‌ ഒരു ജീവിതത്തിലുള്ള സാധ്യതകള്‍ .....

Saturday, February 21, 2009

സാരി

സാരി യല്ല
എന്റെ ഇഷ്ട വേഷം
എന്തെന്നാല്‍
അതെന്റെ
രണ്ടു കാലുകള്‍ ഒന്നാക്കി മാറ്റി
അല്ലെങ്കില്‍
കാലുതന്നെ മാറ്റി
താമരയിലോ
ഭാരത മദ്ധ്യ
ത്തിലോ പ്രതിഷ് റിക്കുന്നു
തൊട്ടിലാട്ടിയും
താരാട്ട് പാടിയും
അമൃത വര്‍ഷവും ധനവര്‍ഷവും നടത്തി
കാലം ചെയ്തൊടുവില്‍
പാതാളത്തിലേക്ക്‌ മറയാന്‍
അതെന്നോട്‌ പറയുന്നു

സാരിയല്ല
എന്റെ വേഷം .
(1996)

Thursday, February 19, 2009

ശ്രീശാന്ത്

ഇന്നു ശ്രീശാന്തുമായുള്ള ചെറിയ ഒരഭിമുഖം കണ്ടു ടെലിവിഷനില്‍ . വളരെ പക്വതയോടെയും വിനയത്തോടെയും സംസാരിക്കുന്ന ഒരു കുട്ടി . ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതിന്റെ ദു:ഖത്തിലും സമനില വിടാതെ ശ്രീശാന്ത് തന്റെ ഏറ്റവും നല്ല കളി ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുണ്ട് , ശുഭാപ്തി വിശ്വാസവും കാണിക്കുന്നു .മാധ്യമങ്ങളിലെല്ലാം ശ്രീശാന്തിന് ഇക്കൊല്ലം ടീമില്‍ ഇടം കൊടുത്തില്ല, കിട്ടിയില്ല എന്നൊക്കെ വാര്‍ത്ത വന്നപ്പോള്‍ ക്രിക്കറ്റ് ജീവനും ശ്വാസവും ആയി കരുതി കളികള്‍ വിടാതെ കാണുക പതിവില്ലാത്ത ഞാനും ആ കുട്ടിക്ക് വേണ്ടി ഖേദിച്ചു. എന്നെ വേദനിപ്പിച്ചത് ഇങ്ങനെ നല്ലൊരു കളിക്കാരന്‍ ,പ്രതിഭയുള്ള കുട്ടി പിന്‍ തള്ളപ്പെട്ടു പോയതില്‍ മാത്ര മല്ല ,നമ്മുടെ ഇടത്തരം (mediocre ) മലയാളി പെറ്റിനസ്സ് ജയിച്ചതില്‍ കൂടിയാണ് . ക്രിക്കറ്റിലെ എന്തൊക്കെ നിയമങ്ങള്‍ ശ്രീശാന്ത്‌ തെറ്റിച്ചു എന്നൊന്നും എനിക്കറിയില്ല .പക്ഷെ ,ആ കുട്ടി സന്തോഷം തോന്നിയപ്പോള്‍ ഡാന്‍സ് ചെയ്തതും ഹര്‍ഭജന്‍ അടിച്ചതില്‍ വേദനിച്ചു കരഞ്ഞതും ഭീകര കുറ്റമായി കരുതാന്‍ എന്ത് കൊണ്ടോ എനിക്ക് സാധിച്ചിട്ടില്ല . നമ്മള്‍ കളിയില്‍ ഒന്നാമാനായാല്‍ അഭിനവ് ബിന്ദ്രയെ പ്പോലെ നിര്‍വികാരനായി മാത്രമെ നില്ക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതു കുറച്ച് കടുത്ത പറച്ചില്‍ തന്നെ. സംയമനം നല്ലത് തന്നെ .സമ്മതിച്ചു !

ഇങ്ങനെ സംയമനത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു സന്യാസി യുടെ കഥ ഓര്‍മ്മ വന്നത് .

നൂറ്റി അറുപതു വയസ്സായ സംന്യാസി യോട് ശിഷ്യന്‍ അദ്ദേഹത്തിന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചു. സന്യാസി അത് ഒറ്റവാക്കില്‍ വെളിപ്പെടുത്തി . " ബ്രഹ്മചര്യം" ..ശിഷ്യന്റെ അടുത്ത സംശയം ഇതായിരുന്നു ." എന്തിനാണ് അങ്ങ് ദീര്‍ഘ കാലം ഇങ്ങനെ ജീവിക്കുന്നത് ? ". സന്ന്യാസി എന്തെങ്കിലും ഉത്തരം ശിഷ്യനോട് പറഞ്ഞു കാണണം ..

അത്
നില്‍ക്കട്ടെ ! ശ്രീശാന്ത് 20-20 യിലും ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയും കളിച്ചു ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് സഹായിച്ചപ്പോഴും നമ്മള്‍ മലയാളികള്‍ എന്താ അയാളുടെ അഹംകാരം എന്നും , വിനയമില്ലാതവനെന്നും ശ്രീശാന്തിനെ ഭല്‍സിച്ചു. മീഡിയ അയാളുടെ അമ്മയുടെ പ്രാര്‍ഥനയും മറ്റും ടി വി യില്‍ കാണിച്ച് അവരുടെ സ്വകാര്യ തയിലും ഇടപെട്ടു . അങ്ങനെ അവരെ പരിഹാസ്യരുമാക്കി ..ഇതൊക്കെ കണ്ടു രസിച്ച, പരിഹസിച്ച മലയാളികള്‍ക്ക് ഇത്തവണ ശ്രീശാന്ത്‌ ടീമില്‍ ഇല്ലാതിരിക്കുന്നതില്‍ സന്തോഷിക്കാന്‍ വകയുണ്ട് .
അയാള്‍ സന്തോഷത്തോടെ നൃത്തം ചെയ്യില്ലല്ലോ .!!എല്ലാ രംഗത്തുമുള്ള പ്രതിഭകള്‍ ഇവിടെ കരഞ്ഞു കൊണ്ടെയിരിക്കട്ടെ . അതുകണ്ട് നമുക്ക് സന്തോഷിക്കമല്ലോ ! മലയാളി മനസ്സ്‌ ..കഷ്ടം.....!!

Wednesday, February 18, 2009

മറു ജന്മം

ഇന്നലെ എന്റെ സുഹൃത്ത് വല്ലാത്ത പാരവശ്യത്തിലാണ് സ്റാഫ് റൂമില്‍ വന്നത് . ക്ലാസ് എടുക്കാനോ പോകാനോ വലിയ ഉത്സാഹമില്ലാതെ ഒരേ ഇരുപ്പ്‌ .
എന്താണ് സംഗതി ? ജ്യോതിയും , സുരേഷും , സാജുവും ,മണിയും ബാബുവും ചോദിച്ചു ."ഒന്നു മില്ല " എന്ന് തലയാട്ടല്‍ .
സിനിമയില്‍ എല്ലാ നായികമാരും നായകന്മാരും പരവശത പൂണ്ട് വീട്ടില്‍ എത്തുമ്പോള്‍ അവരുടെ അമ്മയച്ഛന്മാര്‍ ചോദിക്കുന്ന ചോദ്യവും കിട്ടുന്ന ഉത്തരവും പോലെ തോന്നിച്ചു ആ ചോദ്യോത്തരവേള .

സന്തോഷിനു എന്ത് പറ്റിയിരിക്കും എന്ന് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി കുറെ നേരം.
തുടര്‍ന്ന് എല്ലാവരും പക്ഷെ ക്ലാസിലേക്ക് പോയി ...വീണ്ടും കാണുമ്പോഴും സന്തോഷ് അതെ ഇരുപ്പ് ,സന്തോഷമില്ലാതെ. ഭക്ഷണത്തിന് ആര്‍ത്തിപോലും കാണിക്കുന്നില്ല , ജ്യോതി പൊരിച്ച മത്സ്യം കാണിച്ചു ഒന്നു പ്രലോഭിപ്പിക്കാന്‍ നോക്കിയതും വിജയിച്ചില്ല .
കാര്യമായ പ്രശ്നം തന്നെ. വീണ്ടും ചോദ്യങ്ങളും തലയാട്ടലും ..എന്നാല്‍ ചെറിയ ഒന്നു രണ്ടു വാക്കുകള്‍ പുറത്തേക്ക് വന്നു .അതിങ്ങനെ ആയിരുന്നു . "ചെമ്പകം വന്നിട്ടുണ്ട് ."....... '
ആരാണ് ചെമ്പകം ? ബാബുവിന്റെയും മണിയുടെയും കണ്ണ് തിളങ്ങി .
സന്തോഷ് അവരെ തുറിച്ചു നോക്കി .എന്താ നോട്ടത്തിന്റെ അര്‍ത്ഥം എന്ന് പിടി കിട്ടിയില്ല .
അവര്‍ മന്ദഹാസം മറക്കാനായി ഞങ്ങളെ നോക്കി .
' ആരാ സന്തോഷ് ചെമ്പകം' ? ഞാനും പതുക്കെ ഒന്നന്വേഷിച്ചു .
സന്തോഷ് തുറിച്ചു നോക്കാതെ മെല്ലെ പറഞ്ഞു ." എന്റെ കഴിഞ്ഞ ജന്മത്തെ ഭാര്യ ".

ങേ ...എല്ലാവരും സന്തോഷിന്റെ മേശക്കു സമീപത്തു നിന്നു ഞെട്ടി മാറി .
ഭ്രാന്തായോ ഇവന് എന്നാണ് എല്ലാവരും ആലോചിച്ചതെന്നതിനു സംശയമില്ല . അതിനുള്ള സാധ്യതയൊന്നും ഇല്ല എങ്കിലും ..
ഇനി എന്ത് ചോദിക്കണം? ഞങ്ങളുടെ സംശയം സന്തോഷ് തീര്‍ത്തു തന്നു കഴിഞ്ഞ സ്ഥിതിക്ക് .
പക്ഷെ ഈ ജന്മത്തിലെ ഭാര്യ അയാളെ ശരിയാക്കും ഇതുകേട്ടാല്‍ , ആര്‍ക്കും അതില്‍ സംശയമില്ല .

."ചെമ്പകം എപ്പോള്‍ വന്നു" ഞാന്‍ എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി തുടര്‍ന്നു.
"ഇന്നലെ നാല് മണിക്ക് ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നു . എന്റെ അമ്മയുടെ അടുത്ത് "
" അമ്മക്ക് അവളെ ഓര്‍മ്മയുണ്ടോ" സുരേഷിനും ചോദ്യം ഈ വിധം തുടരുന്നതാണ് നല്ലതെന്ന് തോന്നി.'
"ചിലപ്പോള്‍ മനസ്സിലായിക്കാണണം . അമ്മ അവള്‍ക്കിഷ്ടമുള്ള ചെമ്മീന്‍ കറി ഉണ്ടാക്കി വച്ചിരുന്നു' . പിന്നെ കാബേജ് തോരനും .
നല്ല കോമ്പിനേഷന്‍ ആകണം രണ്ടും കൂടി , വെജിട്ടെരിയന്‍ ആയതുകൊണ്ട് എന്തെല്ലാം മിസ്സ് ചെയ്യുന്നു. എന്ന് ഞാന്‍ അതിനിടെ വിചാരിച്ചു .
സീമ കണ്ടോ ചെമ്പകത്തെ "? സാജുവിന് അതറിയാനായിരുന്നു ധൃതി . '
ഇല്ല അവള്‍ അവളുടെ അമ്മയുടെ അടുത്ത് പോയിരിക്കയാണ്‌ , അവളുടെ അനുജന്റെ കല്യാണതീയതി നിശ്ചയിക്കുന്ന ദിവസം അടുത്തുണ്ട് ......കഷ്ടമായി .".സന്തോഷ് എന്തോ ഓര്‍ത്തുപറഞ്ഞു . 'അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ ചെമ്പകത്തെ"
'. അത് കേട്ടതും വീണ്ടും ഞങ്ങള്‍ പരസ്പരം നോക്കി . ഭാര്യ കാണാതെ സന്തോഷ് രക്ഷപ്പെട്ടല്ലോ എന്ന് മണി നെടുവീര്‍പ്പിട്ടത് ഞങ്ങള്‍ കേട്ടതാണ് . പക്ഷെ സന്തോഷിനു ചെമ്പകത്തെ ഭാര്യ സീമ കാണാത്ത ത്തിലാണ് സങ്കടം.
" ഇനിയും കാണാമല്ലോ ' ഞാന്‍ സന്തോഷിനെ സമാധാനിപ്പിച്ചു . അല്ലാതെ എന്ത് പറയണമെന്ന് പിടികിട്ടിയില്ല . "
" അത് പറ്റില്ല ഞങ്ങള്‍ ഇന്നു തിരിച്ചു പോകും '
വീണ്ടും ങേ... എന്ന് ഞങ്ങള്‍ അന്ധാളിച്ചു .
".എവിടേക്ക് .." ഞങ്ങള്‍ ഒരുമിച്ചായിരുന്നു ആചോദ്യം ചോദിച്ചത് .
' ഞങ്ങളുടെ രാജ്യത്തേക്ക് ?
"രാജ്യത്തേക്കോ?" ഇപ്പോഴും ഒരു കോറ സ്സായിരുന്നു വന്നത്..
"അതെ ..പോകാതെ പറ്റില്ല , പ്രജകള്‍ കാത്തുനില്‍ക്കുന്നു . "
സന്തോഷ് ഞങ്ങളെ മക്കാര്‍ ആ ക്കുകയാണോ ? ഞങ്ങള്‍ സംശയിച്ചു തുടങ്ങി. പക്ഷെ സന്തോഷിന്റെ ഭാവം ഒരു പരിഹാസിയുടെതായിരുന്നില്ല .
ഇനി എന്ത് ചോദിക്കണം ? നിങ്ങള്‍ ഏത് രാജ്യത്തെ രാജാവാണ്‌ എന്നോ?

ചോദ്യം പ്രതീക്ഷിചിട്ടെന്നവണ്ണം സന്തോഷ് പറഞ്ഞു ." ഞാന്‍ പല്ലവ രാജ്യത്തെ രാജാവാണ് , രാജാവായിരുന്നു ; കഴിഞ്ഞ ജന്മം .ചെമ്പകമായിരുന്നു അന്നെന്റെ രാജ്ഞി . അവള്‍ ഒരിക്കല്‍ എന്റെ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .സ്വപനത്തില്‍ നിന്നുണര്‍ന്ന യുടനെ ഞാന്‍ സീമയോട് എല്ലാം പറഞ്ഞു .എന്റെ രാജ്യതെപ്പറ്റി , ചെമ്പകത്തെ പറ്റി ..എല്ലാം . അവള്‍ പറഞ്ഞിരുന്നു ആ ചെമ്പകം നിങ്ങളെ അന്വേഷിച്ചു വന്നാല്‍ കൂടെ പൊയ്ക്കോ എന്നും പോയി പല്ലവ രാജ്യം ഭരിച്ചോ എന്നും . ...ചെമ്പകത്തിന്റെ മുഖം പോലും ഞാന്‍ അവള്‍ക്ക് സ്കെച്ച് ചെയ്തു കാണിച്ചു സ്വപ്നം കണ്ട രാത്രി തന്നെ. അമ്മ , പിച്ചും പേയും പറയുന്നു എന്ന് എന്നെ കുറ്റപ്പെടുത്തി . ഞാനും സ്വപ്നമല്ലേ എന്ന് തള്ളിക്കളഞ്ഞതായിരുന്നു...പക്ഷെ , അത് സ്വപ്നമല്ലായിരുന്നല്ലോ ." ഇങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടു സന്തോഷ് എഴുന്നേറ്റു.
ഒന്നു തടയാനോ തുടര്‍ന്നു വിശദീകരിക്കാനോ ഞങ്ങള്‍ക്ക് അവസരം തരാതെ സന്തോഷ് എല്ലാം കേട്ടു കൊണ്ടിരുന്ന എച്ച് .ഓ .ഡി ക്ക് രാജി ക്കത്ത് നീട്ടി .തുടര്‍ന്നു ഇങ്ങനെയും പറഞ്ഞു "രാജാവിനെന്തിനാ ഇനി കോളേജില്‍ ജോലി "

ഞങ്ങളെയും ഹെഡ് നെയും തന്നെത്തന്നെയും സ്തബ്ധ നാക്കികൊണ്ട് സന്തോഷ് അയാളുടെ ബൈക്ക് ഒരു കുതിരയെ എന്നവണ്ണം പായിച്ചു കോളേജ് ഗേറ്റ് കടന്നു വേഗത്തില്‍ മറഞ്ഞു ..........

സന്തോഷിനു ഇനി എന്ത് സംഭവിക്കും ? അയാളെ പല്ലവ രാജ്യത്തെ പ്രജകള്‍ സ്വീകരിക്കുമോ ? ചെമ്പകത്തെ കാണാന്‍ ഞങ്ങള്‍ ഇന്നു പോകുന്നുണ്ട് . ഡിപ്പാര്‍ട്ട് മെന്റിന് അവധി തരാന്‍ മുരടനായ ഞങ്ങളുടെ ഹെഡ് വരെ സമ്മതിച്ചു . ഇതിനിടെ സന്തോഷ് ചെമ്പകത്തെയും കൊണ്ടു പല്ലവരാജ്യത്തെക്ക് തിരിച്ചിരിക്കുമോ? ......

Tuesday, February 17, 2009

കുഞ്ചന്‍ നമ്പ്യാര്‍

2021 ആകുമ്പോള്‍ അറുപതുവയസ്സ് കഴിഞ്ഞവര്‍ ജന സംഖ്യ യുടെ 12 ശതമാനമാകും ഇന്ത്യയില്‍ എന്ന് പഠനം ,എന്നാല്‍ അക്കാലത്ത് 25 വയസ്സിനു താഴെയുള്ളവര്‍ 70 ശതമാനം ആയിരിക്കും എന്ന വൈരുധ്യവും കാണുന്നുണ്ട് . ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്തു ,'കാലനില്ലാത്ത കാലം ' ഭാവന ചെയ്ത ആ പ്രതിഭയയെയും .


' ചത്തു പോം എന്ന ഭീതി.


വൃദ്ധന്‍ മാര്‍ ഒരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തു കൊള്വതി നേതും കഴിവില്ല കാലനില്ല
മുത്തച്ഛന്‍
മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല
അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ട്
കഞ്ഞിക്ക് വകയില്ല വീടുകളിലോരെടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്ത് പറ അരികൊണ്ട് പോര .
പത്തു നൂറു പറ വെച്ചാല്‍ മുതുക്കന്മാര്‍ക്കത് കൊണ്ടു
അങ്ങത്രമാത്രം രണ്ടു വറ്റു വിളമ്പുമ്പോള്‍ എത്തുമെല്ലാം
പത്തുകോടി ജനമുണ്ട് പല്ലു പോയിട്ടൊരു വീട്ടില്‍
കൊത്തിവെച്ച പാവ പോലെ തിങ്ങിവിങ്ങി ക്കിടക്കുന്നു
കണ്ണിലെ പോളകള്‍ കൂടി നരച്ചുള്ള നരന്മാര്‍ക്ക്

എണ്ണ മില്ലീ വണ്ണമുള്ള പെണ്ണുങ്ങള്‍ ക്കുമില്ലയെണ്ണം .
കണ്ണ് കാണാത്തവര്‍ പിന്നെ കാതു കേളാതത്തവര്‍ പിന്നെ
കിണ്ണംനേക്കാള്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ട് .
അസ്ഥിയില്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുസ്ഥിതിക്കും കുറവില്ല ദുര്‍നിലക്കും കുറവില്ല .
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപൊമെന്നതുമില്ല
പത്തനങള്‍ക്കിടം പോരാഞ്ഞെന്തു ദു:ഖം മനുഷ്യര്‍ക്ക്‌ !
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ട് പാറമേല്‍ വീഴും
ഭിന്നമാകുന്നത് നേരം മസ്തകം ഹസ്തം കാലും .
ഒന്നു രണ്ടാല്ലൊരു ലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നു കൊണ്ടും പ്രാണ നാശം വരുന്നീലി ന്നൊരു ത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ ത്താല്‍ നാടു വാഴി പ്രഭുക്കള്‍ക്ക്
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്ത്തുക്കളെ പ്പേരും കട്ടുതിന്മാന്‍ ഒരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടി യവര്‍ക്കില്ല
രാജധാനി ക്കകം പുക്കു രാജ ഭന്ധാരവും കട്ട്
വ്യാജ മെന്യേ പകല്‍ കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജ ശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജ കൊണ്ടു പുറം മാറി തിരിച്ചു എമ്പിരാന്മാരും
മന്ത്രിമാര്‍ക്ക് തമ്പുരാനെ പേടിയില്ല തൃണംത്തോളം
മന്ത്രികളെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാമ്പില്‍
അന്തമില്ല ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോള്‍ അനര്‍ത്ഥ ത്തിനൊക്കെ മൂലം
അന്തനര്‍ക്ക് യാഗമില്ല കര്‍മ്മമില്ല ധര്‍മ്മമില്ല
ശാന്തി ചെയ്യാന്‍ ക്ഷേത്രമില്ല ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്ന ഹുംകൃതി ക്കാര്‍ക്കൊത്തവണ്ണം
ജന്തു ധര്‍മ്മതിന്നു പിന്നെ വ്യേസ്തയില്ലെന്നായി വന്നു
ഉത്തമ സ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിക്കാന്‍ ഒരുമ്പെട്ടു
ചത്തുപൊമെന്നൊരു ഭീതി ദുര്‍ജ്ജനങ്ങള്‍ ക്കില്ലയെന്നാല്‍
ഇത്തരം കാട്ടുവാനാരും മടിക്കില്ലെന്ന റിഞ്ഞാലും ........"

Saturday, February 14, 2009

പ്രണയ ദിനം

അസമില്‍ നിന്നുള്ള എന്റെ സുഹൃത്ത് ദീപ്തി ഒരിക്കല്‍ പറഞ്ഞു .അവളുടെ കൂട്ടുകാരി തന്റെ പ്രണയം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുന്ന ദിവസം ആണിന്നു എന്ന് . അത് ഒരു വാലൈന്റൈന്‍സ് ഡേ ആയിരുന്നില്ല . ഏപ്രില്‍ പതിനാല് ആയിരുന്നു. അസമിലെ 'ബിഹു' ആഘോഷത്തിന്റെ ദിവസം . രംഗോളി ബിഹു എന്നാണ് അത് വിശേഷിപ്പിക്കപെടുന്നത് .കേരളത്തിലെ വിഷുപോലെ ആസ്സാം വര്‍ഷത്തിന്റെ തുടക്കം . ബിഹു എന്നെ ആകര്‍ഷിച്ചത് അത് ആസ്സാമിലെ ഉത്സവക്കാലമോ, പൂക്കാലമോ ആണെന്നതോ ബ്രഹ്മപുത്രയുടെ തീരത്ത് ആസ്സംകാര്‍ പുതുവസ്ത്രങ്ങള്‍ ധരിച്ചു ആണ്‍ പെണ്‍ ഭേദമോ ജാതി മത ഭേദമോ ഇല്ലാതെ ഒത്തൊരുമിച്ച് പാട്ടു പാടിയും ആട്ടമാടിയും ഉല്ലസിക്കുമെന്നതോ അല്ല , അങ്ങനെ ഉല്ലസിക്കുന്ന യുവതീ യുവാക്കള്‍ക്ക് അവരുടെ പ്രണയം പരസ്യമാക്കുന്നതിനുള്ള ഒരു പാരമ്പര്യ വഴിയായ ഒളിച്ചോടല്‍ നടത്താമെന്നും ' ഓടിപ്പോകുന്നവരെ വിവാഹം ചെയ്യാന്‍ മുതിര്‍ന്നവര്‍ അതോടെ സമ്മതിക്കണമെന്ന അലിഖിത നിയമം പാലിക്കപ്പെടുന്നു എന്നുള്ളതുമാണ് .അതൊരു കസ്റ്റം ആണ് . ഒരു മോഹന്‍ ലാല്‍ സിനിമയിലെ വാക്കുകളില്‍ പറഞ്ഞാല്‍ 'എത്ര നല്ല ആചാരങ്ങള്‍' ..ഇപ്പോള്‍ തോന്നുന്നു ആസാമില്‍ മാത്രമായി ചുരുങ്ങിപ്പോയ ഈ ആചാരം വാലന്റൈന്‍സ് ഡേ യില്‍ക്കൂടി ഇന്ത്യയില്‍ പുനരവതരിക്കുകയാവാം ഒരു പക്ഷെ .ലോകത്തില്‍ പ്രണയം വര്‍ദ്ധിക്കട്ടെ !

Friday, February 13, 2009

സുരാപാനം

ശ്രീരാമ സേന യാണ് രാജ്യത്തെ സ്ത്രീകളെ നേര്‍വഴിക്ക് നടത്താന്‍ വടിയുമായി ഇറങ്ങി പുറപ്പെട്ട പുതിയ കൂട്ടര്‍ . ഫെബ്രുവരി പതിനാലിന് 'ആണും പെണ്ണും പരസ്പരം നോക്കി 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുകയോ പനിനീര്‍ പൂവോ മറ്റുവല്ല സമ്മാനങ്ങളോ കൈമാറുകയോ ചെയ്‌താല്‍ ഉടന്‍ അവരെ പിടിച്ചു ദമ്പതി മാരാക്കും എന്ന് പ്രഖ്യാപനവും നടത്തിയിട്ടുണ്ട് അവര്‍ . കല്യാണം കഴിക്കുന്നതോട് കൂടി അവര്‍ക്ക് പരസ്പരമുള്ള പ്രണയം തീര്‍ന്നു കൊള്ളും എന്ന് അവര്‍ക്കറിയാം .
പ്രണയ മാണല്ലോ , സ്നേഹമാണല്ലോ നമ്മുടെ ശത്രു!
ആണുങ്ങള്‍ മദ്യപിക്കുന്നതോ പ്രണയിക്കുന്നതോ ബാറില്‍ കയറി തിമിര്‍ക്കുന്നതോ ഒരു കുറ്റമല്ല .പണ്ടു ദേവന്മാരും അസുരന്മാരും വരെ സുരാ പാനം നടത്തിയിരുന്നു എന്ന് പുരാണം .അവരുടെ സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട് , സുരാ പാനം ചെയ്തതായി കഥ യിലില്ല , എങ്ങനെ ഉണ്ടാകും ? അക്കഥകളൊക്കെ റിക്കാര്‍ഡ് ആക്കി വച്ചത് ദേവനോ മുനിയോ അസുരനോ ആയിരിക്കുമല്ലോ .ഇപ്പോഴത്തെ പോലെ തന്നെ , ലോക സദാചാര ഭാരം മുഴുവന്‍ പെണ്ണിന്റെ തോളിലായിരിക്കണം അന്നും ..എന്തുകൊണ്ട് അതിപ്പോഴും അങ്ങനെ തുടരണം, പെണ്ണുങ്ങള്‍ മാത്രം സദാചാരികളായി നിന്നു സമൂഹ സംരക്ഷണം ചെയ്യണം എന്ന് ചോദിക്കുന്ന പുതിയ പെണ്‍കുട്ടികളോട് ഇരുപതും മുപ്പതും വയസ്സില്‍ തന്നെ 'വൃദ്ധരായി' കഴിഞ്ഞ ആണ്‍കുട്ടികള്‍ ഉത്തരമായി വടി വീശുന്നു ..ഇക്കൂട്ടരെ പ്രണയവും സ്നേഹവും പഠിപ്പിക്കാന്‍ പിങ്ക് ഷട്ടികള്‍ സമ്മാനമായി അയക്കാന്‍ തീരുമാനിച്ച ഭാവനാശാലികള്‍ക്ക് ആശംസകള്‍ ........

Saturday, February 7, 2009

'സ്ലം ഡോഗ് '

എന്താണ് 'യാഥാര്‍ത്ഥ്യം ' എന്ന് വീണ്ടും വീണ്ടും ആലോചനയില്‍ വരുന്നു .കാരണം 'സ്ലം ഡോഗ് ' ചര്‍ച്ച വീണ്ടും മനസ്സിനെ മഥിക്കുന്നു എന്നത് തന്നെ. ഇന്ത്യയില്‍ സ്ലം ഇല്ല എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല , സ്ലം മാത്രമെ ഉള്ളു എന്നും ആരും പറയില്ല. എന്നാല്‍ സ്ലം എന്ന് വിളിക്കുന്ന ചേരിയും , സമ്പന്നര്‍ തിളങ്ങുന്ന ഉന്നത ഭുമി യും ഒരേ പ്രദേശത്താണ് തിളങ്ങിയും അല്ലാതെയും നില നില്‍ക്കുന്നതെന്ന് , ഒന്നു മറ്റൊന്നിനെ നിലനിര്‍ത്തുന്നു, കള്ളന്‍ പോലിസിനെ എന്ന പോലെ എന്ന് അറിയാതിരിക്കുന്നതെന്തിനാണ് ?ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല എന്ന നേര് കാണാതിരി ക്കുന്നതെന്തിനാണ് ?യാഥാര്‍ത്യത്തെ പറ്റിയുള്ള നിലവിലുള്ള ധാരണ വിചിത്രമാണ് , കുറഞ്ഞത് സിനിമയെ സംബന്ധിച്ചെങ്കിലും. നായകന്‍ ,രജനി കാന്തോ , മമ്മൂട്ടിയോ ,അമിതാബ് ബച്ചനോ ,ഒറ്റക്കുനിന്നു അന്‍പതോ അറുപതോ ആളെ പൊരുതി തോല്പിക്കുന്നത് കണ്ടു ആനന്ദിക്കുക മാത്രമല്ല ആ പോരില്‍ അവര്‍ ജയിച്ചു എന്നും ജയിക്കണ മെന്നും കാണികള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു .അതില്‍ കുറഞ്ഞ ഒരു 'യാഥാര്‍ത്യ 'ത്തെയും കാണികള്‍ക്ക് അംഗീകരിക്കാന്‍ വയ്യ . എന്നാല്‍ ധാരാവിയിലെയോ മാട്ടുംഗയിലെയോ എന്തിന് നമ്മുടെ സ്വന്തം ചെങ്കല്‍ ചൂളയിലെയോ ചേരിജീവിതം സിനിമയില്‍ കണ്ടാല്‍ അത് ' യാഥാര്‍ത്യ' മാണെന്ന് അംഗീകരിക്കാന്‍ ..എന്താ ഒരു ശീലക്കേട്‌ .....

Thursday, February 5, 2009

ആഗ്നേയിന്റെ ഒരു ദിവസം

ടിന്നി പത്രമെടുക്കാന്‍ ബാല്‍ക്കണി യിലേക്ക് കുതിച്ചു .'ഠിം ' എന്ന് ബാല്‍ക്കണിയിലെ ചുറ്റഴികളില്‍ തട്ടി പത്രങ്ങള്‍ ഓരോ ഫ്ലാറ്റിനു മുമ്പിലും വീഴുന്നതിന്റെ ഒച്ച ടിന്നിക്കെന്ന പോലെ ആഗ്നേയിനും കേള്‍ക്കാം.
ആഗ്നേയ് ഇന്നു പക്ഷെ പനിയുടെ ചൂടില്‍ മയങ്ങി ക്കിടക്കുകയാണ് .
ടിന്നി പതിവുപോലെ പത്രം ആഗ്നേയിന്റെ അച്ഛന്‌ കൈമാറി , കടിച്ചെടുത്തു കൊണ്ടു വന്നത്തിനു പ്രതിഫലമായി ഒരു തക്കാളി വാങ്ങി തിന്നു കഴിഞ്ഞു .
ആഗ്നേയിനു ഇന്നു ടിന്നിക്ക് തക്കാളി കൊടുക്കാന്‍ കഴിഞ്ഞില്ല . എങ്കിലും ഞെട്ടിയുണര്‍ന്നു 'ടിന്നി കഹാം ഹെ'.. എന്ന് ചോദിച്ചു വീണ്ടും ഉറങ്ങി . പുറത്തു മഞ്ഞാണ് , തണുപ്പും കാറ്റുമുണ്ട്. ടിന്നി ആഗ്നേയിന്റെ കട്ടിലിനു താഴെയിരുന്നു , ബാല്‍ക്കണിയുടെ തുറന്നു കിടന്ന വാതിലിലൂടെ താന്‍ പാഞ്ഞുപോയി മുകളിലെയും താഴത്തെയും ഫ്ലാറ്റുകളിലെ പത്രം ശേഖരിച്ചു പകരം തക്കാളി ചോദിക്കുന്നത് ആഗ്നേയ് ഇപ്പോള്‍ തടയില്ലെന്ന് അറിയുമെങ്കിലും .
ആഗ്നേയിനു രണ്ടു വയസ്സും ഒന്നര മാസവും ആയി . അയല്‍ക്കാരുടെ ഫ്ലാറ്റുകളില്‍ പോയി പത്രം എടുത്ത് പകരം തക്കാളി ഇരക്കുന്ന ടിന്നിയെ അയല്‍ക്കാര്‍ ചീത്ത പറയുമെന്നും , ചിലപ്പോള്‍ അടിക്കുമെന്നും ആഗ്നെയിനറിയാം . അതില്‍ നിന്നു ടിന്നിയെ രക്ഷിക്കേണ്ടത് തന്റെ ചുമതലയായി ആഗ്നേയ് എടുത്തുകഴിഞ്ഞു . അതുകൊണ്ടാണ് ബാല്‍ക്കണിയിലെ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നിട്ടിട്ടുണ്ടോ എന്നും ടിന്നി സുരക്ഷിത യായി ഇരിക്കുന്നില്ലേ എന്നും പനി വിങ്ങുന്ന തലയിളക്കി മുറിവാക്കുകളാല്‍ ആഗ്നേയ് ചോദിച്ചത് .ടിന്നി കട്ടിലിനരികില്‍ ആഗ്നെയിനെ ചുറ്റിപ്പറ്റി നിന്നു ..................................................................

ഇപ്പോള്‍ ആഗ്നേയ് ദാദാക്കും ദാദിക്കും അമ്മയ്ക്കും രാംകുമാരിക്കുമൊപ്പം മല്‍സ്യ മാര്‍ക്കറ്റില്‍ ആണ് .പനി ലേശം കുറഞ്ഞ നേരത്ത് മഞ്ഞും ,തണുപ്പും കാറ്റുമുള്ള ഈ വൈകുന്നേരം വു‌ള്ളന്‍ ഉടുപ്പിട്ട് അമ്മയുടെ ഒക്കത്തിരിക്കുകയാണ് .
പലതരം മല്‍സ്യങ്ങള്‍ , ചത്തവ- ഓരോന്ന് കാണുമ്പോഴും 'യെ ക്യാ ഹെ ' എന്ന് നിര്‍ത്താതെ ചോദിച്ചുകൊണ്ട് വായ തുറന്നു കിടക്കുന്ന മല്‍സ്യ ങ്ങളെ കണ്ട് ചിരിച്ചും ,അവയുടെ കണ്ണുകളില്‍ കൈവിരല്‍ കൊണ്ടു തോണ്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചും ആഗ്നേയ് .രാം കുമാരി തന്റെ മീന്‍ പരിജ്ഞാനം കൈമുതലാക്കി രണ്ടോ മൂന്നോ തരം മീനുകള്‍ സ്വന്തമാക്കി . കാശുകൊടുത്തു, പോളിത്തീന്‍ ബാഗില്‍ ഭദ്രമാക്കി വച്ചു . വീണ്ടും അതെടുത്ത് പച്ചക്കറി സഞ്ചിയില്‍ ഒന്നുകൂടി ഭദ്രമാക്കി . ആഗ്നേയ് പോളിത്തീന്‍ ബാഗിലിരുന്ന മീനിനെ പുറത്തുനിന്നു തൊട്ടു രസിച്ചു ഇടക്ക്. ...................

മല്‍സ്യ വിപണി വിട്ട് വണ്ടിയില്‍ കയറാനായി അടുത്ത നീക്കം. റോഡു മുറിച്ചു കടക്കണം . ആഗ്നെയും അമ്മയും രാം കുമാരിയും എന്തിന് ദാദിയും കൂടി തക്കം നോക്കി റോഡു മുറിച്ച് കടന്നു . ദാദ കുറച്ചു പിന്നിലായി .
സന്ധ്യയാണ് ,കാറുകള്‍ ബൈക്കുകള്‍ ഓട്ടോ ,സൈക്കിള്‍ റിക്ഷ എല്ലാം ഒരുമിച്ച് മീന്‍ വാങ്ങാനിറങ്ങി യതാണെന്ന് തോന്നും തിരക്ക് കണ്ടാല്‍ . ആഗ്നേയിനു റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ദാദയുടെ പരിഭ്രമം പങ്കു വക്കാതിരിക്കാന്‍ ആകുമോ .."ടാര്‍ ..ദാദാ ടാര്‍ .. എന്ന് തലങ്ങും വിലങ്ങും പായുന്ന കാറുകളെ ചൂണ്ടി ആഗ്നേയ് ഒച്ച വച്ചുകൊണ്ടിരുന്നു .
രാത്രി ആഗ്നേയിന്റെ പനി വര്‍ധിക്കുമോ എന്ന് അവന്റെ ദാദി പേടിച്ചു ..
ഒരു സാഹസിയെപ്പോലെ റോഡു കടന്നെത്തിയ ദാദയുടെ മടിയിലേക്ക്‌ ഊര്‍ന്നിറങ്ങും മുന്‍പ് ആഗ്നേയ് അനേഷിച്ചു . ' ഫിശ് കഹാം ഹെ ...' ഫിശ് കഹാം ഹെ ..'
"ഫിഷ് ബാഗ് മേ ഹെ " എന്ന് രാം കുമാരിയും അമ്മയും ഉറപ്പിച്ചു പറഞ്ഞതു ആഗ്നേയിനു അത്ര വിശ്വാസമായില്ല .ഫിഷ് വച്ച പോളിത്തീന്‍ ബാഗ് കാണാത്ത നിലക്ക് ഫിഷ് ഇവിടെയുണ്ട് എന്ന രാംകുമാരിയുടെ ഉറപ്പിനെ എങ്ങനെ വിശ്വസിക്കും . വഴിയില്‍ വീണു പോയിരിക്കാം എന്നാണ് ആഗ്നേയ് അറിയാവുന്ന വാക്കുകളില്‍ പറയുന്നത് ...ഓരോന്ന് പറയുന്നതിന്റെ അവസാനം 'ഫിശ് കഹാം ഹെ ...ഫിശ് കഹാം ഹെ ..' എന്നാവര്‍ത്തിച്ച് വണ്ടി വിടുന്നതിനെതിരെ കരച്ചിലിലെത്തി നിന്നു അത് .....ഒടുവില്‍ വലിയ ബാഗിലെ ചെറിയ പോളിത്തീന്‍ ബാഗില്‍ കിടക്കുന്ന , ആഗ്നേയ് തിന്നാന്‍ താത്പര്യം കാട്ടാത്ത മീനുകളെ കണ്ടു സന്തുഷ്ടനായി , ആഗ്നേയ് ....

എന്തിനാണ് ആഗ്നേയ് അവന്റെ കുഞ്ഞുതല ഇത്രയേറെ ഉത്തരവാദിത്വങ്ങള്‍ കൊണ്ടു നിറയ്ക്കുന്നത്..... മെട്രോ ജീവിതം കുഞ്ഞുങ്ങളെ ജനിച്ചുവീഴും മുന്‍പേ സമ്മര്‍ദ്ദങ്ങളില്‍ ആക്കി തുടങ്ങുമോ .... ഇങ്ങനെയാണോ മേട്രോകള്‍ കുഞ്ഞുങ്ങളെ ബാധിച്ചു തുടങ്ങുന്നത് ? ആഗ്നേയിന്റെ കുഞ്ഞു മുഖം ആകാംക്ഷ കൊണ്ടു വലിഞ്ഞു മുറുകുന്നത് ഞാന്‍ കാണുന്നു .
.പാവം ആഗ്നേയ് ...പാവം, പാവം കുഞ്ഞുങ്ങള്‍ ....

Wednesday, February 4, 2009

'അതിമോഹികള്‍ '

'സ്ലം ഡോഗ് മില്ല്യണയറില്‍' അഭിനയിച്ച കുട്ടികളോട് എന്‍ ഡി ടി വി അഭിമുഖ കാരി ' നിങ്ങള്‍ക്ക് എവിടെ താമസിക്കുന്നതാണ് ഇഷ്ടം , ഇവിടെയോ അതോ സിനിമയില്‍ ( അല്ലെങ്കില്‍ ചിത്രീകരണ സമയത്ത് താമസിച്ച ?) നിങ്ങള്‍ പാര്‍ത്ത ബംഗ്ലാവിലോ" എന്നര്‍ത്ഥം വരുന്ന ചോദ്യം ചോദിക്കുന്നത് കേട്ടു ഇന്നലെ . അവരുടെ പകിട്ടില്ലാത്ത വാസസ്ഥലത്ത് വച്ചാണ് ഇന്റര്‍വ്യൂ .
കുട്ടികള്‍ ആഹ്ലാദത്തോടെ' ബംഗ്ലാവില്‍ ,ബംഗ്ലാവില്‍' എന്ന് ഉച്ചത്തില്‍ പറഞ്ഞു ..
ആ ചോദ്യം കൊണ്ട് എന്തായിരിക്കാം റിപ്പോര്‍ട്ടര്‍ കാഴ്ച ക്കാരോട് പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക ? സ്ലം ലെ കുട്ടികള്‍ അതിമോഹികള്‍ ആണെന്നായിരിക്കുമോ ? അതോ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴേക്കും ദരിദ്ര കുട്ടികളുടെ തല തിരിഞ്ഞു പോയി എന്ന് നമ്മെ ബോധ്യപ്പെടുത്തിയതോ ? റിപ്പോര്‍ട്ട റെ കണ്ടുകിട്ടിയെങ്കില്‍ സംശയം തീര്‍ക്കാമായിരുന്നു ....

Tuesday, February 3, 2009

ശുദ്ധം

എന്റെ കാക്ക ഈയിടെയായി വല്ലാതെ പറക്കുന്നുണ്ട്,
രാകി പറക്കുന്ന ചെമ്പരുന്ത് ആണെന്നാണ് അതിന്റെ ഭാവം .
ഇന്നലെ റിയാലിറ്റി ഷോയില്‍ എന്തായിരുന്നു പ്രകടനം .
എല്ലാവരെയും അമ്പരപ്പിച്ചു കളഞ്ഞു .
ഒന്നാം സമ്മാനത്തിനായി പേരും നമ്പരും
എസ് എം എസ് ചെയ്യേണ്ട വിധവും ഭംഗിയായി പറഞ്ഞു .
അത്
പോകട്ടെ എന്ന് വയ്ക്കാം
ഇന്നു രാവിലെ പുലരുന്നതിനുമുന്‍പെ അത് ചെയ്ത കാര്യങ്ങളാണ് അത്ഭുതം .
ഉച്ചനേരത്ത് പുഴയില്‍ പറന്നിറങ്ങുന്ന , മീന്‍ പിടിത്തക്കാരന്‍ പരുന്തിനെ ഈ കാക്ക അനുകരിക്കുന്നു .അതെങ്ങനെ പഠിച്ചു എന്റെ കാക്ക ? പുഴക്കരികിലെ മുളംകാടുകളില്‍ ഉച്ചനേരത്ത് ചിറകൊതുക്കി മൌനമായി അതിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . ഉച്ചയുറക്കം എന്നെ കരുതിയുള്ളു . മുളംകാടുകളില്‍ പതുങ്ങിയിരുന്നു പരുന്തിനെ പഠിക്കുകയായിരുന്നു ഇക്കാല മത്രയും അതിന്റെ ജോലി എന്ന് ഇന്നത്തെ അതിന്റെ പുലര്‍കാല പ്രകടനം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് . വീടിനു മുന്‍പില്‍ പുഴയൊഴുകിയിട്ടും അതില്‍ നിന്നു ഒരു തുള്ളി വെള്ളം എന്റെ കാക്ക കുടിക്കുമായിരുന്നില്ല , അതിന് വാടര്‍ അതോറിറ്റിയുടെ പൈപ്പിലെ ശുദ്ധീകരിച്ച വെള്ളമേ വേണ്ടു .അതും സ്പടികഗ്ലാസ്സില്‍ , എന്റെ കൈകൊണ്ടു കൊടുത്തത് . പരുന്തിനെ പ്പോലെ മീനിനെ റാഞ്ചുന്നതിനിടെ അശുദ്ധ വെള്ളം കൊക്കില്‍ പുരളുന്നതിനെ ഇന്നു അത് കണ്ടില്ലെന്നു നടിച്ചു ..
ഈ കാക്കയെ ഒട്ടും പിടികിട്ടാതായി തുടങ്ങി . എങ്ങോട്ടാണ് അതിന്റെ ചരിവ് ..
ഇനി കഴുകനായി മീനിനെ എന്ന വണ്ണം അത് എന്റെ ഭൂമിയെ കൊത്തി പറക്കുമോ ? മാറ്റത്തിന് മാത്രമെ മാറ്റമില്ലാതുള്ളൂ എന്ന് എന്നെ പഠിപ്പിക്കുകയാണോ അത് ..............................

ഇനി, ഇതൊന്നുമല്ല താനെന്നും
,അല്ലെങ്കില്‍ ഇതും കൂടിയാണ് താനെന്നും അതെന്നോട്‌ പറയുകയാണോ ?ഒരു കാക്കയുടെ സാധ്യതകള്‍ ?

Monday, February 2, 2009

'റിയാലിറ്റി '

അടുക്കള ജനല്‍ തുറന്ന പാടെ,
ഊരു ചുറ്റുന്നതിനിടെ
എന്നെ കാണാനെത്തിയ എന്റെ കാക്ക പെട്ടെന്ന് ചിറകുവീശി പ്പറന്നു ,
പാത്രത്തില്‍
അതിനായി നീട്ടിയ അപ്പകഷ്ണങ്ങള്‍ തിന്നാന്‍ കൂട്ടാക്കാതെ
മനസ്സു ശു‌ന്യമാണ് എന്ന് തിരിച്ചറിഞ്ഞപോലെ
ഒഴിഞ്ഞ വെള്ളമില്ലാ കുടമെന്നതുപോലെ അത് എന്നെ അവഗണിച്ചു....

പിന്നെ
ഒരു റിയാലിറ്റി ഷോ യുടെ വേദിയില്‍ പ്രത്യഷപ്പെട്ടു
കുഞ്ഞിന്റെ കയ്യിലെ അപ്പം തട്ടിപ്പറിച്ച പാട്ടു പാടി
വൈകുന്നേരം അതെന്നെ അമ്പരപ്പിച്ചു .
ഇതാണ് റിയാലിറ്റി എന്നും
ഞാന്‍ നീട്ടിയ അപ്പം യഥാര്‍ത്ഥ അല്ലെന്നുമാണോ
കാക്കയുടെ പ്രവര്‍ത്തിയുടെ ധ്വനി ?

എന്താണ് 'കാകോ ലൂകീയം ' ......?