Thursday, February 19, 2009

ശ്രീശാന്ത്

ഇന്നു ശ്രീശാന്തുമായുള്ള ചെറിയ ഒരഭിമുഖം കണ്ടു ടെലിവിഷനില്‍ . വളരെ പക്വതയോടെയും വിനയത്തോടെയും സംസാരിക്കുന്ന ഒരു കുട്ടി . ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതിന്റെ ദു:ഖത്തിലും സമനില വിടാതെ ശ്രീശാന്ത് തന്റെ ഏറ്റവും നല്ല കളി ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുണ്ട് , ശുഭാപ്തി വിശ്വാസവും കാണിക്കുന്നു .മാധ്യമങ്ങളിലെല്ലാം ശ്രീശാന്തിന് ഇക്കൊല്ലം ടീമില്‍ ഇടം കൊടുത്തില്ല, കിട്ടിയില്ല എന്നൊക്കെ വാര്‍ത്ത വന്നപ്പോള്‍ ക്രിക്കറ്റ് ജീവനും ശ്വാസവും ആയി കരുതി കളികള്‍ വിടാതെ കാണുക പതിവില്ലാത്ത ഞാനും ആ കുട്ടിക്ക് വേണ്ടി ഖേദിച്ചു. എന്നെ വേദനിപ്പിച്ചത് ഇങ്ങനെ നല്ലൊരു കളിക്കാരന്‍ ,പ്രതിഭയുള്ള കുട്ടി പിന്‍ തള്ളപ്പെട്ടു പോയതില്‍ മാത്ര മല്ല ,നമ്മുടെ ഇടത്തരം (mediocre ) മലയാളി പെറ്റിനസ്സ് ജയിച്ചതില്‍ കൂടിയാണ് . ക്രിക്കറ്റിലെ എന്തൊക്കെ നിയമങ്ങള്‍ ശ്രീശാന്ത്‌ തെറ്റിച്ചു എന്നൊന്നും എനിക്കറിയില്ല .പക്ഷെ ,ആ കുട്ടി സന്തോഷം തോന്നിയപ്പോള്‍ ഡാന്‍സ് ചെയ്തതും ഹര്‍ഭജന്‍ അടിച്ചതില്‍ വേദനിച്ചു കരഞ്ഞതും ഭീകര കുറ്റമായി കരുതാന്‍ എന്ത് കൊണ്ടോ എനിക്ക് സാധിച്ചിട്ടില്ല . നമ്മള്‍ കളിയില്‍ ഒന്നാമാനായാല്‍ അഭിനവ് ബിന്ദ്രയെ പ്പോലെ നിര്‍വികാരനായി മാത്രമെ നില്ക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതു കുറച്ച് കടുത്ത പറച്ചില്‍ തന്നെ. സംയമനം നല്ലത് തന്നെ .സമ്മതിച്ചു !

ഇങ്ങനെ സംയമനത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു സന്യാസി യുടെ കഥ ഓര്‍മ്മ വന്നത് .

നൂറ്റി അറുപതു വയസ്സായ സംന്യാസി യോട് ശിഷ്യന്‍ അദ്ദേഹത്തിന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചു. സന്യാസി അത് ഒറ്റവാക്കില്‍ വെളിപ്പെടുത്തി . " ബ്രഹ്മചര്യം" ..ശിഷ്യന്റെ അടുത്ത സംശയം ഇതായിരുന്നു ." എന്തിനാണ് അങ്ങ് ദീര്‍ഘ കാലം ഇങ്ങനെ ജീവിക്കുന്നത് ? ". സന്ന്യാസി എന്തെങ്കിലും ഉത്തരം ശിഷ്യനോട് പറഞ്ഞു കാണണം ..

അത്
നില്‍ക്കട്ടെ ! ശ്രീശാന്ത് 20-20 യിലും ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയും കളിച്ചു ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് സഹായിച്ചപ്പോഴും നമ്മള്‍ മലയാളികള്‍ എന്താ അയാളുടെ അഹംകാരം എന്നും , വിനയമില്ലാതവനെന്നും ശ്രീശാന്തിനെ ഭല്‍സിച്ചു. മീഡിയ അയാളുടെ അമ്മയുടെ പ്രാര്‍ഥനയും മറ്റും ടി വി യില്‍ കാണിച്ച് അവരുടെ സ്വകാര്യ തയിലും ഇടപെട്ടു . അങ്ങനെ അവരെ പരിഹാസ്യരുമാക്കി ..ഇതൊക്കെ കണ്ടു രസിച്ച, പരിഹസിച്ച മലയാളികള്‍ക്ക് ഇത്തവണ ശ്രീശാന്ത്‌ ടീമില്‍ ഇല്ലാതിരിക്കുന്നതില്‍ സന്തോഷിക്കാന്‍ വകയുണ്ട് .
അയാള്‍ സന്തോഷത്തോടെ നൃത്തം ചെയ്യില്ലല്ലോ .!!എല്ലാ രംഗത്തുമുള്ള പ്രതിഭകള്‍ ഇവിടെ കരഞ്ഞു കൊണ്ടെയിരിക്കട്ടെ . അതുകണ്ട് നമുക്ക് സന്തോഷിക്കമല്ലോ ! മലയാളി മനസ്സ്‌ ..കഷ്ടം.....!!