Thursday, June 23, 2011

രാത്രികളുടെ അവകാശികള്‍ അവര്‍ മാത്രമോ!!


   തെസ്നി ബാനു എന്ന യുവതിക്കുണ്ടായ അനുഭവം അവര്‍ വിവരിക്കുന്നത് ചാനലില്‍ കണ്ടു.
മലയാളികള്‍ ഇത്ര അധ:പ്പതിച്ച  ഒരു കൂട്ടമായി മാറുന്നതില്‍ ലജ്ജ തോന്നുന്നു.
രാത്രികള്‍ അധോലോകക്കാര്‍ക്കും കള്ളന്മാര്‍ക്കും തീറെഴുതി കൊടുത്തു  മിണ്ടാതെ അടങ്ങിയൊതുങ്ങി കഴിയൂ അവമാനിക്കപ്പെടെണ്ടെങ്കില്‍ എന്നാണു മലയാളി സമൂഹം പെണ്ണുങ്ങളോട് ആവശ്യപ്പെടുന്നത്. വസ്തുക്കള്‍ക്ക് അല്ലെങ്കില്‍ പുരുഷ ഭാഷയിലെ 'ചരക്കുകള്‍' ക്ക്  സഞ്ചാര സ്വാതന്ത്ര്യം എന്തിന് ?!

 രാത്രിയില്‍ സഞ്ചരിക്കുന്നത്  സ്ത്രീകള്‍ക്കെന്ന പോലെ പുരുഷന്മാര്‍ക്കും ആപത്തുണ്ടാക്കും എന്നൊരാള്‍ പറയുന്നത് കേട്ടു. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ അരക്ഷിതമാണ് നമ്മുടെ രാത്രികള്‍ എങ്കില്‍ അങ്ങനെ ആപത്തു നിറഞ്ഞ ഒരവസ്ഥ എന്ത് കൊണ്ട് നില നില്‍ക്കുന്നു എന്നും അതിനെതിരായി എന്ത് ചെയ്യണം എന്നും വേണ്ടേ കേരള സമൂഹം ആലോചിക്കേണ്ടത്? രാത്രിയും പകലും ഭേദമില്ലാതെ മനുഷ്യര്‍ക്ക്‌( അതില്‍ സ്ത്രീകളും പെടും) ഈ ഭൂമിയില്‍ സഞ്ചരിക്കാന്‍ കഴിയണം. കള്ളനും കൊലപാതകിക്കും മനുഷ്യര്‍ക്കിടയിലെ മറ്റു അധമന്മാര്‍ക്കും മാത്രം വേണ്ടിയുള്ളതല്ല രാത്രികള്‍. 
 തസ്നിബാനു വിന്റെ രാത്രിയാത്ര കേരളത്തിലെ കള്ള സദാചാരക്കാരെ ചൊടിപ്പിച്ചെങ്കില്‍  അത്രയും നല്ലത്. രാത്രി ഏഴു മണിക്ക് ശേഷമുള്ള ആകാശത്തിന്റെ നിറം എന്താണെന്നറിയാത്ത  'മാന്യ ര്‍' യുവതിയെ കല്ലെറിഞ്ഞു കൊണ്ട് കുരക്കുന്നുണ്ടെങ്കിലും.
 വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളി  പെണ്‍കുട്ടികള്‍  കേരളത്തില്‍ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ അവരെ കുറ്റം പറയേണ്ട. അങ്ങനെ പറയുന്ന പെണ്‍കുട്ടികള്‍ കൂടി വരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു!


Tuesday, June 14, 2011

'നിങ്ങള്‍ ആവശ്യപ്പെടാത്ത റെക്കാഡുകള്‍'

                                             
   സരസ്വതിക്ക് പാട്ട് പാടാനറിയാം. ഒന്നാം ക്ലാസില്‍ വച്ചേ അവള്‍  "വാ കുരുവീ വരൂ കുരുവീ .. "എന്ന് തുടങ്ങുന്ന പദ്യം ഈണത്തില്‍  പാടി ജാനകി ടീച്ചറെ അതു ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടെ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ എന്നെയും ഞങ്ങളുടെ  ക്ലാസിലെ മറ്റു ശിശുക്കളെയും. അസ്സലായി പാടും എന്ന പേര് കേള്‍പ്പിച്ചില്ലെങ്കിലും  അക്ഷര സ്ഫുടതയും കുറച്ച്  ഈണവും മറ്റും എനിക്കും ഉണ്ട് എന്ന് ടീച്ചര്‍ കണ്ടു പിടിച്ചു. അങ്ങനെ പത്താം തരം വരെ ഞാനും സരസ്വതിയും മറ്റു ക്ലാസുകളില്‍ നിന്നും ഉള്ള മൂന്നു പേരടക്കം അഞ്ചു പേര്‍ അസംബ്ലിയിലെ പ്രാര്‍ഥനയും , ഒന്‍പതു മണിക്കുള്ള ദിവസ പ്രാര്‍ഥനയും വൈകുന്നേരത്തെ സ്കൂള്‍ വിടുന്നതിനു മുന്‍പുള്ള  ജന ഗണ മനയും മൂന്നാം ക്ലാസ് മുതലേ പാടി ത്തുടങ്ങി. അതങ്ങനെ പോകുന്നതിനിടെ സരസ്വതിയുടെ സംഗീതത്തോടുള്ള അഭിനിവേശം അറിയുന്നവരില്‍ ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ മാത്രം ഒ ഴിവ് കിട്ടുമ്പോഴൊക്കെ സരസ്വതിയോട് 'ആ പാട്ടൊന്നു പാട്വോ സരസ്വതീ' എന്ന് ചോദിക്കും .അവള്‍ ആവേശത്തോടെ പാടുകയും ചെയ്യും..
      അറുപതുകളുടെ പകുതി  ആണ് .ഞങ്ങളുടെ ആരുടേയും വീട്ടില്‍ അക്കാലത്ത് ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല. സരസ്വതി പാട്ടുകളൊക്കെ  കേട്ടു പഠിച്ചിരുന്നത്  ദൂരെ ഏതെങ്കിലും കല്യാണ വീടുകളില്‍  പ്രദേശം മുഴുവന്‍ കേള്‍ക്കുന്നത്ര ഉച്ചത്തില്‍ വക്കുമായിരുന്ന ലവ്ഡ്‌  സ്പീക്കര്‍ -ല്‍ നിന്നാണ് പാട്ട് കേള്‍ക്കാനുള്ള എന്റെ ആവേശം ഞാന്‍ ശമിപ്പിചിരുന്നതും അതു പോലെ ഒക്കെ ത്തന്നെ. അങ്ങനെ യിരിക്കെ അഞ്ചാം ക്ലാസില്‍ ആയപ്പോഴേക്കു സരസ്വതിയുടെ വീട്ടില്‍ ഒരു റേഡിയോ വാങ്ങിച്ചു . ദിവസവും തലേന്ന് കേട്ട പാട്ടുകളെ കുറിച്ച്‌ സരസ്വതി പറയും, പാടും. വീട്ടില്‍ റേഡിയോ ഇനിയും വാങ്ങിയിട്ടില്ലാത്തതുകൊണ്ട്  ഞാന്‍ അടുത്ത വീട്ടില്‍ പോയാണ് 'വയലും വീടും' പരിപാടിയില്‍ നിന്നു ചിലപ്പോള്‍ ഒരു സിനിമ പാട്ടോ നാടന്‍ പാട്ടോ  കേള്‍ക്കുന്നത്. പിന്നെ സിലോണില്‍ നിന്നുള്ള ഒരു മലയാളം പ്രക്ഷേപണവും.ഞാന്‍ ചെവിയോര്‍ത്തു  ഇരിക്കും എന്ന ഒറ്റക്കാരണത്താല്‍,  അടുത്തവീട്ടിലെ സ്നേഹസമ്പന്നരായ  ആ കൃസ്ത്യന്‍  കുടുംബം 'നിങ്ങള്‍ ആവശ്യപ്പെട്ട റെക്കാഡുകള്‍ '  എന്ന സിനിമാപ്പാട്ട് പരിപാടി രാത്രി പത്തരക്ക് എനിക്ക് കേള്‍ക്കാനായി ഓണ്‍  ചെയ്ത റേഡിയോ  പുറത്തു വരാന്തയില്‍ കൊണ്ടു വക്കും. ഇരുട്ടില്‍ വേലിക്കരികെ പോയി നിന്നു , പാമ്പുണ്ടാകും  എന്ന അമ്മയുടെ പിന്‍ വിളി കേള്‍ക്കാതെ ഞാന്‍ അതു കേള്‍ക്കും. തലേന്ന് കേട്ട പാട്ടുകളെ കുറിച്ച്‌ ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പാട്ട് കേള്‍ക്കാതെ എങ്ങനെ? ശ്രുതി കുറച്ച് കുറവാണെങ്കിലും ഞാനും പാടുമല്ലോ സരസ്വതിക്കൊപ്പം.
ദൂരെ ദൂരെ  ലവ്ഡ്‌ സ്പീക്കറില്‍ നിന്നും  ഏതെങ്കിലും ഹിന്ദി പാട്ടിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ തുടങ്ങിയാല്‍ സരസ്വതി പറയും  അതു ' ഭരീ ദുനിയാ മേം ആഖിര്‍ ദിന്‍ ...."ആണെന്ന്. അതു തന്നെ ആയിരിക്കും താനും.ഏതു പാട്ടും വിദൂരതയില്‍ നിന്നു പിടിച്ചെടുത്തു ആ പാട്ട് കേള്‍ക്കാതെ കേള്‍ക്കും സരസ്വതി. സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഉള്ള പാട്ടാണെങ്കിലും രണ്ടും സ്വയം പാടും. അഞ്ചില്‍   ആയപ്പോള്‍ സരസ്വതിയുടെ ശബ്ദം എസ്. ജാനകിയുടെ അത്ര മനോഹരമായിരുന്നു. .ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ...,പാടാത്ത വീണയും പാടും ..,  പ്രിയ സഖി ഗംഗേ ',തുടങ്ങിയ മലയാളം പാട്ടുകള്‍  സ്കൂള്‍ ആനിവേഴ്സ റിക്കും  ഞങ്ങള്‍ക്ക് കേള്‍ക്കാണ്‍ വേണ്ടിയും പാടിയിരുന്നു സരസ്വതി .ചെമ്മീനിലെ എല്ലാ പാട്ടുകളും  കാണാപാഠമായി സരസ്വതിയുടെ നേതൃത്വത്തില്‍ ഒഴിവുകിട്ടുമ്പോള്‍ ഞങ്ങള്‍  പാടി  രസിച്ചുഇതൊക്കെയാണെങ്കിലും സരസ്വതിക്ക് മുഹമദ് റാഫിയെയും   കിഷോര്‍ കുമാറിനെയും എല്‍ ആര്‍ ഈശ്വരിയെയും ലത മങ്കേഷ്കറിനെയും   ആയിരുന്നു ഏറ്റവും പ്രിയം. ഞങ്ങള്‍ക്ക് പിടി കിട്ടാത്ത പല പാട്ടിന്റെയും  വരികളും സരസ്വതി പിടിച്ചെടുത്തു പാടിക്കേള്‍പ്പിച്ചു. 'ജോ വാദ കിയാ '..." ആയെ ഫൂലോം  കി റാണി .."ബഹാരോ ഫൂല്‍ ബര്‍സാവോ ..." എന്നൊക്കെ സരസ്വതി അര്‍ത്ഥമറിയാതെ  പാടി തന്നത്  ഞങ്ങള്‍ കേട്ടു. കൂടെ എല്‍ ആര്‍ ഈശ്വരിയുടെ ഏതൊക്കെയോ തമിഴ് പാട്ടുകളും.

 
ഇങ്ങനെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ ഏഴാം  ക്ലാസില്‍ എത്തി . അപ്പോള്‍  റേഡിയോവില്‍ ലളിത സംഗീത പാഠവും ,കോഴിക്കോട്ടു നിന്നും പ്രക്ഷേപണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പരിപാടിയും ഉണ്ടായിരുന്നു. ബാല രംഗം എന്നോ മറ്റോ ആണ് പേര് എന്നാണ് തോന്നുന്നത്. കുട്ടികളുടെ പാട്ട് കഥ , നാടകം ഒക്കെ ഉള്ള പരിപാടി. എങ്ങനെയാണ് കുട്ടികള്‍ അതിലൊക്കെ പാടാന്‍ എത്തുന്നത്‌ എന്ന് ഞങ്ങള്‍ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഇങ്ങനെ പാടുന്നതും പറയുന്നതും എല്ലാം ഞായറാഴ്ചകളില്‍ ഞങ്ങള്‍ കേട്ടിരിക്കുമായിരുന്നു. സരസ്വതി അവളുടെ വീട്ടിലും ഞങ്ങള്‍ ഓരോരുത്തരും അവരവരുടെ വീട്ടിലും.
   സരസ്വതിയുടെ വീട്ടില്‍ ഞാനും എന്റെ വീട്ടില്‍ അവളും വന്നിട്ടുണ്ട്. എല്ലാം വെള്ളിയാഴച്ചകളില്‍, ഉച്ചക്ക്  ഭക്ഷണം കഴിക്കാന്‍ വിടുന്ന നേരം . വെള്ളിയാഴച്ചക്ളില്‍ ഞങ്ങള്‍ക്ക് അര മണിക്കൂര്‍ അധിക സമയമുണ്ട്  ഉച്ച വിടുതല്‍. പള്ളിയില്‍ പോകുന്ന മാഷന്മാര്‍ക്കും  കുട്ടികള്‍ക്കും പോയി വരാനും കൂടി ഉദ്ദേശിച്ചാണ് ആ അരമണി ക്കൂര്‍  അധിക സമയം. ആ നേരം ഞങ്ങള്‍ ഒന്നുകില്‍ സരസ്വതിയുടെ വീട്ടിലേക്കു ഓടും. വീട്  അത്ര അടുത്തൊന്നും അല്ല. മൂന്നു മൈല്‍, അങ്ങോട്ടും മൂന്നു മൈല്‍ സ്കൂളിലേക്ക് തിരിച്ചും .അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തന്നെ. സരസ്വതിയുടെ വീടു വളരെ ചെറിയ ഒന്നാണ്‌. രണ്ടോ മൂന്നോ മുറികളുള്ള ഓലപ്പുര. ചാണകം മെഴുകിയ തറ. കൊല്ലപ്പണിയാണ്  അച്ഛന്. രണ്ടു ചേട്ടന്മാരും  ഒരനിയനും ഉണ്ട് . ചേട്ടന്മാര്‍ പഠിത്തം നിര്‍ത്തി പണിക്കു പോകുന്നു.പത്താം ക്ലാസ് വരെ പഠിച്ചു അവര്‍. തോറ്റത് കൊണ്ടാവണം കൂലിപ്പണി ചെയ്യുന്നു.സരസ്വതിയും അനിയനും ആണ് ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുട്ടികളായി അവിടെ. സരസ്വതി  നന്നായി ചിത്രവും വരക്കുമായിരുന്നു. അതിലും ഞാനും സരസ്വതിയും ഇങ്ങനെ മത്സരിക്കും . റോസാപ്പൂവും നിലവിളക്കും എല്ലാം സരസ്വതി കാണുന്ന പോലെ തന്നെ പെന്‍സില്‍ കൊണ്ടു വരച്ചു പത്തില്‍ പത്ത് മാര്‍ക്കും ഡ്രോയിംഗ് മാസ്റ്ററുടെ കയ്യില്‍ നിന്നു വാങ്ങുമ്പോള്‍ എനിക്ക് പത്തില്‍ എട്ടു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
അതേസരസ്വതിയുടെ വീട്ടില്‍ ഉച്ചക്ക് ഓടി ചെല്ലുമ്പോള്‍ കിട്ടുന്ന ഭക്ഷണം അത്രയ്ക്ക് കേമമൊന്നുമല്ല. എനിക്ക് അവരുടെ ചോറ് തരില്ല. സരസ്വതിയുടെ അമ്മക്ക് എന്റെ ജാതിയെ കുറിച്ച്‌ ഒരു ധാരണയുണ്ട് .അതുകൊണ്ട് മത്സ്യവും ചോറും തരാന്‍ കൂട്ടാക്കില്ല. എനിക്ക് കഴിക്കാനും ആകുമായിരുന്നില്ല. വലിയ നാറ്റമായാണ്  അതെനിക്ക് അനുഭവപ്പെട്ടിരുന്നത്‌. അതുകൊണ്ട് സരസ്വതിയുടെ അമ്മ കുറച്ച്  കട്ടന്‍ ചായയും അരി വറുത്തതും എനിക്കായി കരുതി വക്കും. മൂന്നു മൈല്‍ ഓടുന്നത് ഇത്  കഴിക്കാന്‍ ആയിരുന്നോ എന്ന് അന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. വിശപ്പു മാറാത്ത  വയറുമായി ഞാനും മത്സ്യക്കറിയും   ചോറും തിന്നു വയറുളുക്കി ഓടാന്‍ വയ്യതെ സരസ്വതിയും രമയും  ഒരുമിച്ചു മൈതാനം പോലെ പരന്നു കിടക്കുന്ന കുന്നിന്‍ പുറത്തു കൂടി   ഓടുന്ന ആ ഓട്ടം ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് എന്റെ കൂട്ടുകാരികളെ സല്‍ക്കരിക്കാന്‍ മത്സ്യ ക്കൂട്ടാനു  പകരം സാമ്പാറോ, പഴമാങ്ങാ ക്കൂട്ടാനോ ആയിരിക്കും. അത്രയെ ഉള്ളു  ഞങ്ങളുടെ ജീവിത നിലവാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം
   ഈ താഴെക്കിടയിലുള്ള ജീവിതത്തില്‍ സരസ്വതിക്ക് പാട്ട് പഠിക്കാനോ ,പാട്ട് പഠിക്കാനുള്ളതാണെന്ന്  അവളുടെ വീട്ടുകാര്‍ക്കോ തോന്നിയിരുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഏതെങ്കിലും വീട്ടുകാര്‍  തങ്ങളുടെ കുട്ടികളുടെ അഭിരുചികളെ കുറിച്ച്‌ അത്തരത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം.
 അങ്ങനെയിരിക്കെ  ഞങ്ങളുടെ പാട്ടു നാളുകള്‍ ഇടക്ക് വച്ചു മുറിഞ്ഞു . സരസ്വതി ഏഴില്‍  തോറ്റു. അപ്പോഴും സ്കൂള്‍ പ്രാര്‍ത്ഥനയും ജനഗണ മനയും' ഞങ്ങള്‍ ഒരുമിച്ചു തന്നെ പാടി. പക്ഷെ ക്ലാസുമാറ്റം ഞങ്ങളെ തമ്മില്‍ എപ്പോഴും കാണുന്നത് തടഞ്ഞു. ഞങ്ങള്‍ ഹൈസ്കൂളിലും അവള്‍ താഴെ ക്ലാസിലും ആണല്ലോ!! എട്ടാം ക്ലാസിലെ അരക്കൊല്ല പരീക്ഷയുടെ നാളുകള്‍ വരാറായിപക്ഷെ ഞങ്ങള്‍ കുറച്ച് പേര്‍ക്ക്  തലേന്ന് ഉണ്ടായ സംഭവത്തെക്കുറിച്ച് സരസ്വതിയോട് ചോദിച്ചറിയാന്‍ ധൃതിയായി നില്‍ക്കുകയാണ്. സരസ്വതിയും  അനിയനും ഹെഡ് മാസ്റ്ററുടെ കയ്യില്‍ നിന്നു തല്ലു കൊണ്ടു കഴിഞ്ഞുള്ള നില്‍പ്പാണ് അസംബ്ലിയില്‍. ഇതുവരെ അതിന് തക്ക ഒരു കുറ്റവും സരസ്വതി ചെയ്തിട്ടില്ല .എന്ത് പറ്റി. ഇങ്ങനെ അടി കൊള്ളാന്‍  എന്നാണു ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത്
    സരസ്വതി സംഭവം വിവരിച്ചത് ഇങ്ങനെ യാണ്. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട സരസ്വതിയും ആറാം ക്ലാസുകാരനായ അനിയനും സ്കൂളില്‍ വരാതെ നേരെ ഒരു ബസ്സില്‍ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അതിന് മുന്‍പ് കോഴിക്കോട്ടു പോയ പരിചയം രണ്ടു പേര്‍ക്കുമില്ല. കോഴിക്കോട് ഞങ്ങളുടെ സ്കൂളില്‍ നിന്നു ഇരുപത്താറു മൈല്‍ അകലെയുള്ള പട്ടണമാണ്. ബസ് ഇറങ്ങി നേരെ ആകാശവാണി എവിടെയാണെന്ന് ചോദിച്ചു ചോദിച്ചു അവിടെ എത്തിപ്പെട്ടു. ആകാശവാണിയില്‍  കണ്ട ആരോടൊക്കെയോ  പാട്ട് പാടാനാണ് വന്നത് എന്നും പറഞ്ഞു. സരസ്വതിയെ ആരും പാട്ട് പാടാന്‍ വിളിച്ചിട്ടല്ല ഈ പോക്ക്. പാട്ട് പാടണം എന്ന ആഗ്രഹം മാത്രം. സ്കൂളുകാരോ കലാ സംഘടനക്കാരോ കൊണ്ടു വരുന്ന കുട്ടികളാണ് ബാലരംഗത്തില്‍ പാടുന്നതെന്ന് സരസ്വതിക്കും അനിയനും അറിയില്ല. ഇക്കാര്യം അവര്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കിയപ്പോള്‍ സരസ്വതി കരച്ചിലായി. "ക്കു കരച്ചില്‍ വന്നു , ഞാനും ഓനും (അനിയന്‍) കൂടി കരഞ്ഞു തുടങ്ങി "എന്നാണു അവള്‍ പറഞ്ഞത്. ഇത് കണ്ടു ഒരാള്‍ക്ക് പാവം തോന്നിയിരിക്കണം സരസ്വതിയെ കൊണ്ടു അവള്‍ക്കറിയുന്ന  പാട്ടുകള്‍ പാടിച്ചു നോക്കി. "ഒക്കെ സിനിമാ പാട്ടാണ്  ഞാന്‍ പാടിയേ, പക്ഷെ ബാലരംഗത്തില്‍ സിനിമാ പാട്ടില്ല'. അതുകൊണ്ട് രണ്ടു മൂന്നു ലളിത ഗാനങ്ങള്‍ അവര്‍ സരസ്വതിയെ  പഠിപ്പിച്ചു. അവള്‍ പെട്ടെന്ന് പഠിച്ചു കാണണം. അവിടെ കുട്ടികളുടെ ബാലരംഗം അവതരിപ്പിക്കാന്‍ വന്ന ഒരു ഗ്രൂപ്പില്‍ കൂട്ടി സരസ്വതിയുടെ പാട്ടുകളും റെക്കാഡ് ചെയ്തു. ഈ പാട്ട് പഠിത്തവും  റിക്കാഡ് ചെയ്യലും കഴിഞ്ഞപ്പോള്‍ വൈകി .ബസ് സ്റ്റാന്റില്‍ തിരിച്ചെത്തിയപ്പോള്‍ സന്ധ്യയായി. പേടിച്ചു ചേച്ചിയും അനിയനും കരഞ്ഞു കൊണ്ടു നില്‍പ്പായി , കയ്യില്‍ ബസിനുള്ള കാശും ഇല്ല. നടക്കാവുന്ന ദൂരം ഒന്നുമല്ല , ഇരുപത്താറു മൈല്‍ ഉണ്ടല്ലോ. അങ്ങനെ  നില്‍ക്കുമ്പോള്‍  ആണ് സ്കൂള്‍ വിട്ട്‌ നാട്ടിലേക്ക്  പോകുന്ന ഹെഡ് മാഷ്‌ ഭാഗ്യം കൊണ്ടു അവരെ കാണുന്നത്. മാഷിനു ജോലിയായി. വീട്ടില്‍ പരിഭ്രമിച്ചു നില്‍ക്കുന്ന അമ്മക്ക് മുന്‍പില്‍  അവരെ കൊണ്ടാക്കി .ഉപദേശിച്ചു. അപ്പോള്‍ ചീത്തയൊന്നും പറഞ്ഞില്ലത്രേ മാഷ്‌ .പിറ്റേ ദിവസം സ്കൂളില്‍ ഇവര്‍ വന്നതും ഹെഡ് മാഷ്‌  മുറിയില്‍ വിളിച്ചു രണ്ടു പേര്‍ക്കും നാലഞ്ച് അടി പാസാക്കി. ഇതാണ് നടന്നത്.
    പറഞ്ഞു കഴിഞ്ഞു  കരച്ചിലിനിടയിലും ചിരിച്ചു കൊണ്ടു സരസ്വതി പറഞ്ഞു "അടുത്ത ഞായറാഴ്ച എന്റെ പാട്ട് റേഡിയോവില്‍ വരും ന്ന്  അവര് പറഞ്ഞി ട്ടുണ്ടല്ലോ "
അടുത്ത ഞായറാഴ്ച ഞാനും അമ്മയും  എട്ത്തിയും ഒരുമിച്ചിരുന്നു സരസ്വതിയുടെ മൂന്നു പാട്ടുകള്‍  കേട്ടു ബാലരംഗത്തില്‍. ഹെഡ് മാഷും കേട്ടിട്ടുണ്ടാവും.'എന്നാലും ഈ കുട്ടികള്‍ ഇങ്ങനെ ഒറ്റയ്ക്ക് പോയല്ലോ" എന്ന് അമ്മ വേവലാതിയോടെ പറഞ്ഞു.
      വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമുള്ള അടികള്‍  കൊണ്ടു സരസ്വതിയുടെ പാട്ട് മോഹം അവസാനിച്ചു എന്ന് എല്ലാവരും കരുതി . ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു കോളേജില്‍ ചേര്‍ന്നു രണ്ടാം വര്‍ഷം പ്രീ ഡിഗ്രി ക്കു പഠിക്കുന്നു. മൂന്നു കൊല്ലത്തോളം ആയി സരസ്വതിയുമായി ഒരു ബന്ധവും ഇല്ല .ഞങ്ങളുടെ വീടുകള്‍ തമ്മില്‍ പത്ത് കിലോമീറ്ററിന്റെയെങ്കിലും ദൂരമുണ്ട്.
    ഒരു ദിവസം കോളെജിലേക്ക് പുറപ്പെട്ടു ബസില്‍ കയറി ബാലന്‍സ് ചെയ്തു തൂങ്ങി നില്‍ക്കുന്ന  എന്റെ മുന്‍പില്‍ ഉണ്ട് സരസ്വതി നില്‍ക്കുന്നു. അവള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും മുന്‍പ്  വിടര്‍ന്ന കണ്ണും ജ്വലിക്കുന്ന ,സന്തോഷം നിറഞ്ഞ മുഖവുമായി പറഞ്ഞത് ഇത് മാത്രം. " ഞാന്‍ എല്‍ .ആര്‍ ഈശ്വരിയെ കണ്ടു, അവരുടെ പാട്ട് കേട്ടു...കുറെ നേരം ഉണ്ടായീരുന്നു ...ഒരു പാട് പാട്ടുകള്‍ പാടി ...എന്തൊരു രസാ ണ് ന്നോ ....ഞങ്ങള്‍ ഇപ്പോള്‍ ഊട്ടക്കമണ്ടിലാണ് സാവ്യേ...." ആ തെളിഞ്ഞ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ഹെഡ് മാഷുടെ അടി കൊണ്ടൊന്നും സരസ്വതിയുടെ സംഗീതത്തിനോടുള്ള ഇഷ്ടം പോയിട്ടില്ല എന്ന്.
       പിന്നെ പലപ്പോഴും സരസ്വതി  എന്റെ ആലോചനയില്‍ വന്നു. അവളെ കുറിച്ച്‌ ചിന്തിക്കുമ്പോഴൊക്കെ അവള്‍ ആഗ്രഹിച്ച പാട്ടുജീവിതം അവള്‍ക്കു കിട്ടിക്കാണുമോ എന്ന്  ഒരാധിയോടെ വിചാരിക്കും.  ഉണ്ടാവില്ല എന്ന് ഓര്‍ത്തു ഖേദിക്കും. അവള്‍ അച്ഛന്‍ മരിച്ച് അമ്മയുടെ നാടായ ഊട്ടക്കമണ്ടിലേക്ക് താമസം മാറിയത്  അവള്‍ക്കു എല്‍ ആര്‍ ഈശ്വരിയെ ഒന്ന് കാണാനും അവരുടെ ഗാനമേള കേള്‍ക്കാന്‍ ഒരവസരവും കൊടുത്തു ആ കുട്ടിക്കാലത്ത് എന്നല്ലാതെ ഒന്നും സംഭവിക്കാന്‍ ഇടയില്ല. ഒരു പക്ഷെ   അവളുടെ ഉള്ളിലെ സംഗീതം മുഴുവന്‍ അവള്‍ തന്റെ കുട്ടികള്‍ക്ക് ഉറക്ക് പാട്ടായി , താരാട്ടായി ചൊല്ലി തീര്‍ത്തിട്ടുണ്ടാവാം.
അല്ലെങ്കില്‍ അവള്‍ മൌനമായി അവളുടെ പാട്ടുകള്‍ ചൊല്ലിത്തീര്‍ക്കുന്നുണ്ടാകാം ഇപ്പോഴും .
  ഇപ്പോള്‍  പല പല റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ അരങ്ങു തകര്‍ത്തു പാടുന്നതും സമ്മാനം വാങ്ങുന്നതും കാണുമ്പോള്‍ ഞാന്‍ സരസ്വതിയെ ഓര്‍ക്കുംകാലംമാറിയെന്നും  താഴെക്കിടയില്‍ നിന്നു വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് അവസരം കിട്ടുന്ന വിധം പൊതു വേദികള്‍ തുറന്ന വേദികള്‍ ആയി എന്ന് പറയുമ്പോഴും അതെത്ര കണ്ട് ഇത് പോലുള്ള സരസ്വതിമാര്‍ക്ക് ഗുണകരമാവുന്നുണ്ടാവും?  അല്ലെങ്കില്‍  ഈ റിയാലിറ്റി ഷോകള്‍ സര്‍ഗാത്മകതയെ എത്ര കണ്ട് പോഷിപ്പിക്കുന്നു ?  ഈ റിയാലിറ്റി ഷോ കളില്‍ പാടി അവസാനിക്കുകയാണോ പുതിയ സരസ്വതിമാര്‍. ആരെങ്കിലും  അവരെ അടി കൊടുത്തു സംഗീതത്തില്‍ നിന്നു പിന്‍തിരിപ്പിക്കുന്നുണ്ടാകുമോ? അതോ അവര്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ അവരുടെ സംഗീത ജീവിതത്തെ? ആര്‍ക്കറിയാം.

                                                 സാവിത്രി രാജീവന്‍

2011-ജൂണ്‍ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. 
 

വാചകംവാര്‍ത്ത യില്‍ നിന്ന് : 'വാചകം മുറിച്ചു അടുക്കി വച്ചാല്‍ കവിതയാവില്ല- ടി പദ്മനാഭന്‍. വാചകം മുറിക്കാതെ പദ്യത്തില്‍ അടുക്കി വച്ചതെല്ലാം കവിതയാകില്ല എന്ന് കൂടി ഇതിനൊപ്പം  പറയാന്‍ പദ്മനാഭന് കഴിയാത്തത് കഷ്ടം തന്നെ. 

'പട്ടണത്തിന്റെ  പരിധിയില്‍ നിന്നക-
ന്നൊട്ടേറെ  വൃക്ഷങ്ങള്‍ തന്നിടയില്‍
പായല്‍ പിടിക്കയാല്‍ നീലിച്ച മേച്ചിലില്‍   
സായന്തനാരുണച്ഛായ  തട്ടി,
പിന്ജര വര്‍ണ്ണ നാം  മണ്ണണിഞ്ഞിടിന
കുഞ്ജരം പോലൊരു വീട് നില്‍പ്പൂ....
...............
ഇങ്ങനെ വാചകം മുറിക്കാതെ മന്ജരീ വൃത്തത്തില്‍ ത്തന്നെ കഥയും കാര്യവും  പറയുന്ന  ആളുകള്‍  ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. അതൊക്കെ കവിതയായിരുന്നു അല്ലെങ്കില്‍ അത് മാത്രമാണ് കവിത എന്ന് സ്ഥാപിക്കാന്‍ പദ്മനാഭന്‍ ആഗ്രഹിക്കുന്നത് എന്താണാവോ!
Saturday, June 11, 2011

A Humble tribute to MF

എം എഫ് ഹുസൈന്‍ അന്തരിച്ചു. ഏത് യഥാര്‍ത്ഥ  സര്‍ഗാത്മക വ്യക്തിത്വങ്ങളുടെ ശാരീരിക വിയോഗത്തെ കുറിച്ച് അറിയുമ്പോഴും   ഒരു വിഷാദം പിടികൂടും. ഇക്കാര്യത്തിലും അങ്ങനെ തന്നെ. വലിയ കലാകാരന്മാര്‍ മരിക്കുന്നില്ല എന്നറിയാമെങ്കിലും.എം എഫ് ഹുസൈന്‍ ഇന്ത്യയിലെ എക്കാലത്തെയും വലിയ ചിത്രകാരന്മാരില്‍ ഒരാളാണ്, ആധുനിക ഇന്ത്യന്‍ ചിത്രകലയെ സമകാലീക ചിത്രകലയെ ലോകമെങ്ങും കാഴച്ചപ്പെടുത്തിയ പ്രതിഭാ ശലി. അദ്ദേഹത്തിന് ആദരാഞ്ജലികള്‍.

Thursday, June 9, 2011

ചികിത്സ -വിധി

 
  മലയാള മനോരമയില്‍ ഡോക്റ്റര്‍ എം ബാലകൃഷ്ണന്‍ സര്‍വീസ് മേഖലയായി കണക്കാക്ക പ്പെടെണ്ട ആരോഗ്യ രംഗം ലാഭ കൊതി മൂത്ത ബിസിനസ്സ് കാരുടെ കയ്യില്‍ എത്ര മാത്രം അധ:പ്പതിച്ചു എന്ന് വ്യാകുലതയോടെയും രോഷത്തോടെയും എഴുതിയിരിക്കുന്നു. ഈ ഡോക്റ്ററുടെ ധാര്‍മിക രോഷം പൂണ്ട വാക്കുകള്‍ കൊണ്ട്  ഡോക്റ്റര്‍ മാര്‍ക്കും അവരെ ഉത്പാദിപ്പിച്ചു പണം കൊയ്യാനിറങ്ങുന്ന അവരുടെ മാതാപ്പിതാക്കള്‍ അടക്കമുള്ള വ്യവസായ മനോഭാവക്കാര്‍ക്കും   മനം മാറ്റം ഉണ്ടായി മനുഷ്യ ര്‍ക്ക് സ്വാസ്ഥ്യം നല്‍കും എന്നാണോ? അല്ലെങ്കില്‍ തന്നെ ഉദ്ബോധനം  കൊണ്ടും ആഹ്വാനം കൊണ്ടും ലോകം നന്നാവുമായിരുന്നെങ്കില്‍ ഒരു രണ്ടായിരം കൊല്ലം മുന്‍പ് തന്നെ അത് നന്നായി പോകുമായിരുന്നു. എത്ര എത്ര ഉപദേശങ്ങളാണ് , കല്‍പ്പനകള്‍ ആണ് ദൈവങ്ങളുടെ പേരില്‍ നടന്നിട്ടുള്ളത് ,ദൈവം പ്രതിപുരുഷന്മാരെ അയച്ച് ഇപ്പോഴും നടത്തുന്നത്.  
           അപ്പോഴാണ്‌ മനുഷ്യന്  സ്വയം വിചാരിച്ചാല്‍ പോലും നന്നാവാന്‍ പറ്റില്ലെന്ന് മനസ്സിലാവുന്നത്. സ്ത്രീ അമ്മയാണ് , ദേവതയാണ്, മൂടിക്കെട്ടി, പൊതിഞ്ഞു സൂക്ഷിക്കേണ്ടത്ര വിശിഷ്ടയാണ് ( ലോകത്തെ പാപ ചിന്തയില്‍ പെടാതെ നോക്കേണ്ടത് അവളുടെ ജോലിയാണല്ലോ) എന്നൊക്കെ ഒരു വശത്ത് പ്രഭാഷണം നടത്തി  അവളെ ബര്‍ത്ത് ഡേ സ്യൂട്ടില്‍ വിപണിയില്‍ തരം താണ വസ്തുവായി പ്രദര്‍ശിപ്പിച്ചു  ആക്രാന്തം വര്‍ധിപ്പിച്ചു പണം കൊയ്യുന്നു. 
     എന്നിട്ടും ഇങ്ങനെയുണ്ട് അനീതികള്‍ ,അത് നിങ്ങള്‍ മനസ്സിലാക്കണം എന്ന് പറയാന്‍ ഒരാള്‍ തുനിയുമ്പോള്‍ നമ്മള്‍ സന്തോഷിച്ചു പോകുന്നു. നിസ്സഹായതയില്‍ വീണു കിടക്കുന്ന സാധാരണക്കാര്‍ . അവര്‍ ഇത് വായിച്ചു രണ്ടു നിമിഷം സന്തുഷ്ഠരാവട്ടെ. ' ശരിയായ വിശ്രമവും പോഷകാഹാര ങ്ങളും കൊണ്ട് മാത്രം 60% രോഗങ്ങളും തനിയെ മാറും . ഈ 60% കൊണ്ടാണ് എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ,മന്ത്രവാദം, ആദിവാസി വൈദ്യം, അരോമ തെറാപ്പി , മാഗ്നറ്റോ തെറാപ്പി, പാരമ്പര്യ ചികിത്സ , നാച്ചുറോപ്പതി, സിദ്ധ, യൂനാനി, ഹോമിയോ തുടങ്ങിയവയെല്ലാം നിലനിന്നു പോരുന്നത്. 10 % രോഗങ്ങള്‍ ഏറെ വിലയില്ലാത്ത മരുന്നുകള്‍ അഞ്ചോ പത്തോ ദിവസം വരെ കഴിച്ചാല്‍ മാറുന്നവയാണ് . പിന്നെ ഒരു 10 % രോഗികള്‍ക്ക് വിദഗ്ധ പരിശോധനകളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയും വേണ്ടി വരും. ക്യാന്‍സര്‍, വാര്‍ധക്യ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, കീടനാശിനികളും അന്തരീക്ഷ മാലിനീകരണങ്ങളും കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിങ്ങനെയുള്ള 10 % ചികിത്സിച്ചാല്‍ താല്‍ക്കാലിക ശമനം പ്രതീക്ഷിക്കാവുന്നവയാണ്. വൈദ്യ ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും ചികിത്സിച്ചു മാറ്റാന്‍  കഴിയാത്ത രോഗങ്ങള്‍ 10% വരെ വരും".
      മുകളില്‍ പറഞ്ഞ  അറുപതു ശതമാനത്തില്‍ പെട്ടവര്‍ ആണോ അല്ലയോ എന്നറിയാന്‍ ആശുപത്രിയില്‍ പോയാല്‍ പക്ഷെ , നമുക്ക് മറ്റു പത്ത് ശതമാനത്തിലേക്കുള്ള കയറ്റം ഉറപ്പാകും. 
  
 ഇനിയിപ്പോള്‍ തലവേദനക്ക് ഡോക്റ്ററെ  കാണുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചികണം ,പക്ഷെ വിടാതെ ഉള്ള തലവേദനക്ക് വിദഗ്ധ ചികിത്സ വേണം എന്നല്ലേ ഡോക്ടര്‍ മാര്‍ പറയുന്നത്! ജീവിതം തരുന്ന ഓരോ തലവേദനകള്‍ !!

Tuesday, June 7, 2011

കസ്റ്റമര്‍ കെയര്‍!     ഇന്നത്തെ ഒരു ചെറിയ കോളം വാര്‍ത്തയില്‍ ഇങ്ങനെ കണ്ടു. 'പേഷ്യന്റ് ' എന്ന്  'രോഗികളെ' വിളിക്കുന്നത്‌ ഡോക്ടര്‍ മാര്‍ ഒഴിവാക്കണം എന്നാണു വാര്‍ത്തയുടെ ചുരുക്കം .അത് രോഗികളും ഡോക്ടര്‍ മാരും  തമ്മിലുള്ള അകലം കൂട്ടുന്നതിനെ സഹായിക്കൂ എന്നാണ്. അല്ലെങ്കില്‍ അങ്ങനെ വിളിക്കാതിരിക്കുന്നത് അകലം കുറയ്ക്കും എന്നാണ്‌. ഐ എം . എ ക്കാര്‍ ആണ് ഇങ്ങനെ പറഞ്ഞത്.

   അസുഖവുമായി വരുന്നവരെ രോഗികള്‍ എന്നല്ലാതെ എന്ത് വിളിക്കും എന്ന് ആര്‍ക്കും ചോദിക്കാവുന്ന ചോദ്യം തന്നെ. എങ്കിലും മുകളില്‍ പറഞ്ഞതിനോട് നൂറു ശതമാനവും എനിക്ക് യോജിപ്പുണ്ട് . ഇരുപതു വയസ്സില്‍ ആദ്യം ഗര്‍ഭിണി യായ കാലത്താണ് ആശുപത്രിയില്‍ മാസാമാസം പോകാന്‍ ഇടവന്നത്. അന്ന് കേട്ട "പേഷ്യന്റെവിടെ?  ,പേഷ്യന്റ് ഇരുപത്തിയാറു വന്നിട്ടില്ലേ?" എന്നൊക്കെ സിസ്റര്‍ മാര്‍ നീട്ടി വിളിക്കുന്നത്‌  കേട്ട് ഓടി ചെല്ലുമ്പോള്‍ തോന്നിയ നിസ്സഹായാവസ്ഥ! ഇപ്പോഴും അത് മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭിണികളെ എന്ത് കൊണ്ടാണ് ഇങ്ങനെ പേഷ്യന്റ് എന്ന്  വിളിക്കുന്നതെന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചു. ഇതെന്താ അസുഖമാണോ എന്ന്. വാശിയുടെ പേരില്‍ ഒന്നുമല്ല ;ഒരനിഷ്ടം അന്നേ തോന്നി.ആശുപത്രികളെ കുറിച്ച്  ഇനി എത്ര അറിയാനിരിക്കുന്നു ഭാവിയില്‍ എന്ന് ഓര്‍ത്തില്ലല്ലോ അപ്പോള്‍. 
   പനി വന്നാലും ജലദോഷം വന്നാലും , പോളിയോ എടുക്കാന്‍ ചെന്നാലും വരുന്നവര്‍ മഹാരോഗികള്‍ ആണെന്ന ഒരു പരിവേഷം കിട്ടും. പിന്നെ ആശുപത്രി വിടുന്നവരെയെങ്കിലും അതില്‍ നിന്ന് മോചനം ഇല്ല. ശരീരത്തിനു ഏതെങ്കിലും തരത്തില്‍ കേടു പാടുകള്‍ പറ്റാത്ത ,ഇല്ലാത്ത ,വരാത്ത ആളുകള്‍ ഇല്ല. ഈ ഡോക്ടര്‍ മാറും നഴ്സുമാരും അടക്കം.എന്നാല്‍ അങ്ങനെയൊരു ഭാവം അവര്‍ക്കില്ല.
  ഈ വന്നടിയുന്ന രോഗികള്‍ എന്ന ജനക്കൂട്ടം ഇല്ലെങ്കില്‍ ആശുപത്രിയും , അത് കൊണ്ടുള്ള ബിസിനസ്സും ,ലക്ഷങ്ങള്‍ കോഴ കൊടുത്തു പഠിച്ച കാശ് മുതലാക്കാന്‍ ചെയ്യുന്ന 'പുണ്യ' പ്രവര്‍ത്തികളും ഉണ്ടാവില്ല എന്ന് ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ഓര്‍ക്കാറേയില്ല. ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ ജീവിച്ചിരിക്കില്ല എന്ന ധാരണ ഉണ്ടാക്കാനാണ് രോഗീ , രോഗീ എന്ന് വരുന്നവനെ വിളിച്ചു അവന്റെ അവസ്ഥ മരണത്തിന്റെ നൂല്‍ പ്പാലത്തിലാണ് എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്‌. എന്തായാലും ഇനി മുതല്‍ രോഗികളെ നല്ല കസ്റ്റമേഴ്സ് എന്ന നിലയില്‍ തന്നെ കണ്ടു പെരുമാറണം എന്നാവാം അവര്‍ പറഞ്ഞതിന്റെ പൊരുള്‍.

Saturday, June 4, 2011

'ആദാമിന്റെ മകന്‍ അബു'


ആദാമിന്റെ മകന്‍ അബു': ഒരുകുറിപ്പ് .

 ആദമിന്റെ  മകന്‍  അബു  ഒരു  ദുരന്ത /ദുരിത കഥയല്ല. വൃദ്ധരായ മുസ്ലിം ദമ്പതിക ള്‍ക്ക് അവരുടെ  വാര്‍ദ്ധക്യ കാല ജീവിതാഭിലാഷം സാക്ഷാത് കരിക്കാനാവാതെ പോയതിന്റെ നിരാശ യുടെ കഥയുമല്ല .കാരണം അബുവിനു അടുത്ത കൊല്ലം അല്ലെങ്കില്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഹജ്ജിനു  പോകാനാവും എന്ന് പ്രതീക്ഷയുണ്ട് ,അങ്ങനെ പോയില്ലെങ്കില്‍ പോലും ഖേദമില്ലാത്ത ഒരു മാനസികാവസ്ഥയില്‍ അവര്‍ എത്തുകയും ചെയ്തു. അച്ഛനമ്മ മാരെ സ്നേഹിക്കാത്ത, അവരെ ഉപേക്ഷിച്ചു 'സുഖജീവിതം നയിക്കുന്ന മക്കളുടെ പ്രവര്‍ത്തിയുടെ നീചത്വം ആവിഷ്കരിക്കാനുള്ള സാമൂഹ്യവിമര്‍ശന ശ്രമവും ഇതിലില്ല. മുസ്ലിം ദമ്പതികള്‍ക്ക്   ആപല്‍ ബാന്ധവരായി  ചാടിവീഴുന്ന മറ്റു സമുദായത്തില്‍ പെട്ടവരുടെ സദ്‌ പ്രവര്‍ത്തികള്‍  ഉയര്‍ത്തിക്കാട്ടുന്ന സെക്യുലറിസ്റ്റ്  ചിത്രവും അല്ല. എന്നാല്‍ ഈ വകയൊക്കെയാണ്   ഇതിലുള്ളതെന്നു പറയുന്നവര്‍ക്ക്  മലപ്പുറത്തും കോഴിക്കോട്ടും ജീവിക്കുന്ന സാധാരണക്കാരായ മുസ്ലിം സമുദായക്കാരെയും അവരോടൊപ്പം ആ പ്രദേശത്ത് ജീവിക്കുന്ന  മറ്റു സമുദായക്കാരെയും അറിയില്ല എന്ന് പറയേണ്ടി വരും. അവരവരുടെ വിശ്വാസങ്ങളില്‍ നിന്നു തരിമ്പും മാറാതെ തന്നെ  പരസ്പരം ബഹുമാനിച്ചും സഹായിച്ചും ജീവിക്കുന്ന അവര്‍  ഇല്ലെന്നു പറയുന്നതിന് തുല്യമാവും അത്. കാരണം അബുവിന്റെ ലളിത ജീവിത ചിത്രീകരണത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്   ഒരു സാധാരണക്കാരന്റെ യഥാതഥ ജീവിതമാണ്. പരിസ്ഥിതി സ്നേഹം ഇതിലെ ഒരു കഥാപാത്രമല്ല. മുറ്റത്ത് നട്ടു വളര്‍ത്തിയ പ്ലാവ് ഹജ്ജ്  ആവശ്യത്തിനു വില്‍ക്കാം എന്ന് കരുതിയതാണ് അബു. വില്‍ക്കുകയും  പണം കൈപ്പറ്റുകയും ചെയ്തു അയാള്‍. എന്നാല്‍ മരക്കച്ചവടക്കാരന്‍  മുറിച്ചു നോക്കുമ്പോള്‍  ഉള്ളു പൊള്ളയായ ഉപയോഗ ശൂന്യമായ മരമായി തീര്‍ന്നിരുന്നു അത്. അതില്‍ പാര്‍ത്ത കിളികള്‍ ക്കു കൂടും തണലും ഇല്ലാതാക്കിയത് ദൈവത്തിനു ഇഷ്ട മായിട്ടുണ്ടാവില്ല എന്നേ പണം തിരികെ കൊടുത്ത അബു വിചാരിക്കുന്നുള്ളു.

സിനിമ ദൃശ്യ പ്രധാനമാണ് എന്നും പ്രമേയം കൈകാര്യം ചെയ്യുന്ന രീതികളിലൂടെ യാണ് അത് ഒരു കലാസൃഷ്ടിയായി പരിണമി ക്കുന്നതെന്നും അതില്‍ തന്നെ പ്രമേയവും ദൃശ്യ ങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ എത്രമാത്രം പ്രധാനമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തും. 

തികച്ചും ലളിതമായ, സംഭവ ബഹുലമല്ലാത്ത  ഒരു സാധാരണ ജീവിതം. പക്ഷെ ഓരോ ജീവിതവും അതിന്റെ സൂക്ഷ്മ  തലത്തില്‍ വ്യത്യസ്തമാണ് താനും . അബുവിന്റെയും ഭാര്യയുടെയും സാധാരണ ജീവിതത്തിലെ അസാധാരണത്വം  സൂക്ഷ്മ തലത്തില്‍ നമ്മളോട്  സംവദിക്കുന്നു 

     പാളിപ്പോകാവുന്ന, ഒരു പ്രമേയമാണ് വൃദ്ധ മുസ്ലിം ദമ്പതികളുടെ ഭക്തിയും ഹജ് തീര്‍ഥാടന മോഹവും. അതും ദാരിദ്ര്യം അവരുടെ തീര്‍ഥാടന മോഹത്തിന് തടസ്സമാകുന്നു എന്ന് വരുകയാണെങ്കില്‍. എന്നാല്‍ അത് സുഹൃത്തുക്കളുടെ സഹായം കൊണ്ട് മറികടക്കാവുന്ന പ്രായോഗിക പ്രശ്നം ആയി അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ കാഴ്ചക്കാരില്‍  ക്ലേശം ജനിപ്പിച്ചു മുന്നോട്ടു പോകും? അതങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നില്ലെന്ന് മാത്രമല്ല   'അച്ഛന്‍, അമ്മ, മക്കള്‍, ഏറ്റവും അടുത്ത രക്ത ബന്ധുക്കള്‍ ഇവര്‍ മനസ്സറിഞ്ഞു തരുന്നത്  സ്വീകരിക്കാം എന്നെ വിശുദ്ധ പുസ്തകം പറയുന്നുള്ളൂ' എന്നതു കൊണ്ട് അയാള്‍ സുഹൃത്തുക്കളുടെ സഹായം സ്നേഹപൂര്‍വ്വം നിരാകരിക്കുകയുമാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യം കഥാപാത്രമായി ഇതില്‍ പ്രേക്ഷകരെ കണ്ണീരില്‍ വീഴ്ത്തി  കഥാപാത്രങ്ങളോടുള്ള  സഹതാപ മായി  പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ ഒരു സെന്റിമെന്റല്‍ മെലോഡ്രാമ  ഈ ചിത്രത്തില്‍ നിന്നു ഒഴിവായി പോകുന്നു. നിര്‍വ്യാജമായ ഭക്തിയും ദൈവ വിശ്വാസവുമാണ് അബുവിന്റെയും  ഭാര്യയുടെയും ലൌകിക ജീവിതത്തെ, പ്രതീക്ഷാ നിര്‍ഭരമാക്കി നില നിര്‍ത്തുന്നത്. അതില്‍ ഒരു തരത്തിലുമുള്ള വൈരുധ്യവും ഇല്ല താനും. സാധാരണക്കാരായ, എല്ലാത്തരം മതത്തിലും  പെട്ട, യഥാര്‍ത്ഥ ദൈവ വിശ്വാസികളായ മനുഷ്യരുടെ  മോക്ഷോപാധികളില്‍ ഒന്നാണ്‌ , 
വിശ്വാസത്തിന്റെ ഭാഗവുമാണ്  അവരവരുടെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നത്. അത് മാത്രമാണ് അബുവും ഭാര്യയും ആഗ്രഹിച്ചത്‌. മകന്‍ അവരെ ഉപേക്ഷിച്ചു  സ്വന്തം സ്വാര്‍ത്ഥതകളില്‍   കുടുങ്ങി തിരിഞ്ഞ് നോക്കുന്നില്ലെന്നത് അവരുടെ ദു:ഖമാണ് എങ്കിലും മകനോട്‌ വിദ്വേഷം പുലര്‍ത്താത്തതിനാല്‍ അത്‌ ഒരു പ്രധാന പ്രശ്നമായി അവര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നില്ല.സ്വന്തം അധ്വാനം കൊണ്ട് വേണം മക്ക സന്ദര്‍ശിക്കാന്‍ എന്നതും വിശ്വാസത്തിന്റെ ഭാഗമാണ് . അത് കൊണ്ട് അബു  അതിനുള്ള പണം അത്തര്‍ വിറ്റ് കിട്ടുന്നതില്‍ നിന്നു ഒരോഹരി പത്തോ ഇരുപത്തഞ്ചോ വര്‍ഷമായി എന്നും ചെറു പെട്ടിയില്‍ ശേഖരിച്ചു വച്ചു കൊണ്ടേയിരിക്കുകയാണ്. തേനീച്ച തേന്‍ ശേഖരിക്കുന്നതുപോലെ . ഹജ്ജ് യാത്ര ബിസിനസ് ആവശ്യങ്ങള്‍ നടത്താനുള്ള ഒരു ഉപാധിയായി കാണുന്ന ലൌകികന്മാരുടെ ഇടയില്‍ നിന്നു വ്യത്യസ്തമായി  ജീവിതത്തിന്റെ നിലനില്‍പ്പ്‌ തന്നെ ഒരു പ്രതീക്ഷയിലും വിശ്വാസത്തിലും  അര്‍പ്പിച്ചു മോക്ഷ മാര്‍ഗമായി , തീര്‍ഥാടനമായി തന്നെ  കാണുന്നവരാണ്  അബുവും ഭാര്യയും.  ഈ ജീവിതത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട , സുഹൃത്തുക്കളോടും മറ്റു  ആളുകളോടും തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു മാപ്പ് ചോദിച്ചും ഉണ്ടായിരുന്ന ചെറിയ കടങ്ങള്‍ വീട്ടിയും അവര്‍ ലോക ബന്ധങ്ങളില്‍ നിന്നു വിടുതല്‍ നേടി യുള്ള യാത്രയാണ് അവരുടെതെന്ന്  ഓര്‍മ്മിക്കുന്നു. ഈ ചെയ്തികള്‍ ഒരു തരത്തിലും അത്യുക്തിയായി  പരിണമിക്കുന്നില്ല  വിഷ്വലില്‍ . ഈ തരത്തിലുള്ള മത വിശ്വാസ സംബന്ധിയായ ചിത്രീകരണങ്ങള്‍ പലതുണ്ടെങ്കിലും അവ ഒരു തരത്തിലും അമിതാഖ്യാനമായി , അത്‌ വഴി സോദ്ദേശ ചിത്ര ഭാഷയിലേക്ക് വീഴുന്നില്ല. 
  യാന്ത്രികമായി പോകാവുന്ന നിരവധി സന്ദര്‍ഭങ്ങളെ ആ  വക ചുരുക്കങ്ങളിലേക്ക് പോകാതെ  ബാലന്‍സ് ചെയ്തു അവതരിപ്പിച്ചു എന്നുള്ളത് ശ്ലാഘനീയമായ  കാര്യം. യഥാതഥ മായ, നേര്‍ രേഖീയമായ ആഖ്യാന രീതിയും ലളിതമായ ചിത്രീകരണവുമായതിനാല്‍ ചെറിയ  ഒരശ്രദ്ധ അതിന്റെ എല്ലാ ഭംഗിയും ചോര്‍ത്തിക്കളയും . അതൊന്നും സംഭവിക്കാതിരുന്നതാണ്  ഈ സിനിമയുടെ വിജയം. മറ്റൊന്ന് , ചുരുക്കി പറയുകയാണെങ്കില്‍, വൃദ്ധ മുസ്ലിം ദമ്പതികളുടെ ഹജ്ജ്  തീര്‍ഥാടനത്തിനായുള്ള ആഗ്രഹവും അതിനുള്ള ഒരുക്കവും കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്ന ചിത്രം ഒന്നുകില്‍ മുസ്ലിം സ്വത്വ സിനിമയായോ അതല്ലെങ്കില്‍ ഒരു സെക്യുലര്‍ സിനിമയായോ  രണ്ടു ധ്രുവങ്ങളി ലൊന്നിലേക്ക്  കേന്ദ്രീകരിക്കപ്പെടാം .

എന്നാല്‍ ഈ രണ്ടിന് മിടക്ക്  സാധാരണ ജീവിതം, വിശ്വാസത്തില്‍ ഊന്നിയ  ഒരു മുസ്ലിം  ജീവിതം , അതിന് സമാനമായ മറ്റു ജീവിതങ്ങള്‍ ഉള്‍പ്പെടെ ,സാധ്യമാകുന്നതിന്റെ സ്ഥലമാണ് ഈ സിനിമ  സിനിമയായി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്നതു ശ്രദ്ധേയമാണ് .