Saturday, June 4, 2011

'ആദാമിന്റെ മകന്‍ അബു'


ആദാമിന്റെ മകന്‍ അബു': ഒരുകുറിപ്പ് .

 ആദമിന്റെ  മകന്‍  അബു  ഒരു  ദുരന്ത /ദുരിത കഥയല്ല. വൃദ്ധരായ മുസ്ലിം ദമ്പതിക ള്‍ക്ക് അവരുടെ  വാര്‍ദ്ധക്യ കാല ജീവിതാഭിലാഷം സാക്ഷാത് കരിക്കാനാവാതെ പോയതിന്റെ നിരാശ യുടെ കഥയുമല്ല .കാരണം അബുവിനു അടുത്ത കൊല്ലം അല്ലെങ്കില്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഹജ്ജിനു  പോകാനാവും എന്ന് പ്രതീക്ഷയുണ്ട് ,അങ്ങനെ പോയില്ലെങ്കില്‍ പോലും ഖേദമില്ലാത്ത ഒരു മാനസികാവസ്ഥയില്‍ അവര്‍ എത്തുകയും ചെയ്തു. അച്ഛനമ്മ മാരെ സ്നേഹിക്കാത്ത, അവരെ ഉപേക്ഷിച്ചു 'സുഖജീവിതം നയിക്കുന്ന മക്കളുടെ പ്രവര്‍ത്തിയുടെ നീചത്വം ആവിഷ്കരിക്കാനുള്ള സാമൂഹ്യവിമര്‍ശന ശ്രമവും ഇതിലില്ല. മുസ്ലിം ദമ്പതികള്‍ക്ക്   ആപല്‍ ബാന്ധവരായി  ചാടിവീഴുന്ന മറ്റു സമുദായത്തില്‍ പെട്ടവരുടെ സദ്‌ പ്രവര്‍ത്തികള്‍  ഉയര്‍ത്തിക്കാട്ടുന്ന സെക്യുലറിസ്റ്റ്  ചിത്രവും അല്ല. എന്നാല്‍ ഈ വകയൊക്കെയാണ്   ഇതിലുള്ളതെന്നു പറയുന്നവര്‍ക്ക്  മലപ്പുറത്തും കോഴിക്കോട്ടും ജീവിക്കുന്ന സാധാരണക്കാരായ മുസ്ലിം സമുദായക്കാരെയും അവരോടൊപ്പം ആ പ്രദേശത്ത് ജീവിക്കുന്ന  മറ്റു സമുദായക്കാരെയും അറിയില്ല എന്ന് പറയേണ്ടി വരും. അവരവരുടെ വിശ്വാസങ്ങളില്‍ നിന്നു തരിമ്പും മാറാതെ തന്നെ  പരസ്പരം ബഹുമാനിച്ചും സഹായിച്ചും ജീവിക്കുന്ന അവര്‍  ഇല്ലെന്നു പറയുന്നതിന് തുല്യമാവും അത്. കാരണം അബുവിന്റെ ലളിത ജീവിത ചിത്രീകരണത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്   ഒരു സാധാരണക്കാരന്റെ യഥാതഥ ജീവിതമാണ്. പരിസ്ഥിതി സ്നേഹം ഇതിലെ ഒരു കഥാപാത്രമല്ല. മുറ്റത്ത് നട്ടു വളര്‍ത്തിയ പ്ലാവ് ഹജ്ജ്  ആവശ്യത്തിനു വില്‍ക്കാം എന്ന് കരുതിയതാണ് അബു. വില്‍ക്കുകയും  പണം കൈപ്പറ്റുകയും ചെയ്തു അയാള്‍. എന്നാല്‍ മരക്കച്ചവടക്കാരന്‍  മുറിച്ചു നോക്കുമ്പോള്‍  ഉള്ളു പൊള്ളയായ ഉപയോഗ ശൂന്യമായ മരമായി തീര്‍ന്നിരുന്നു അത്. അതില്‍ പാര്‍ത്ത കിളികള്‍ ക്കു കൂടും തണലും ഇല്ലാതാക്കിയത് ദൈവത്തിനു ഇഷ്ട മായിട്ടുണ്ടാവില്ല എന്നേ പണം തിരികെ കൊടുത്ത അബു വിചാരിക്കുന്നുള്ളു.

സിനിമ ദൃശ്യ പ്രധാനമാണ് എന്നും പ്രമേയം കൈകാര്യം ചെയ്യുന്ന രീതികളിലൂടെ യാണ് അത് ഒരു കലാസൃഷ്ടിയായി പരിണമി ക്കുന്നതെന്നും അതില്‍ തന്നെ പ്രമേയവും ദൃശ്യ ങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ എത്രമാത്രം പ്രധാനമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തും. 

തികച്ചും ലളിതമായ, സംഭവ ബഹുലമല്ലാത്ത  ഒരു സാധാരണ ജീവിതം. പക്ഷെ ഓരോ ജീവിതവും അതിന്റെ സൂക്ഷ്മ  തലത്തില്‍ വ്യത്യസ്തമാണ് താനും . അബുവിന്റെയും ഭാര്യയുടെയും സാധാരണ ജീവിതത്തിലെ അസാധാരണത്വം  സൂക്ഷ്മ തലത്തില്‍ നമ്മളോട്  സംവദിക്കുന്നു 

     പാളിപ്പോകാവുന്ന, ഒരു പ്രമേയമാണ് വൃദ്ധ മുസ്ലിം ദമ്പതികളുടെ ഭക്തിയും ഹജ് തീര്‍ഥാടന മോഹവും. അതും ദാരിദ്ര്യം അവരുടെ തീര്‍ഥാടന മോഹത്തിന് തടസ്സമാകുന്നു എന്ന് വരുകയാണെങ്കില്‍. എന്നാല്‍ അത് സുഹൃത്തുക്കളുടെ സഹായം കൊണ്ട് മറികടക്കാവുന്ന പ്രായോഗിക പ്രശ്നം ആയി അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ കാഴ്ചക്കാരില്‍  ക്ലേശം ജനിപ്പിച്ചു മുന്നോട്ടു പോകും? അതങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നില്ലെന്ന് മാത്രമല്ല   'അച്ഛന്‍, അമ്മ, മക്കള്‍, ഏറ്റവും അടുത്ത രക്ത ബന്ധുക്കള്‍ ഇവര്‍ മനസ്സറിഞ്ഞു തരുന്നത്  സ്വീകരിക്കാം എന്നെ വിശുദ്ധ പുസ്തകം പറയുന്നുള്ളൂ' എന്നതു കൊണ്ട് അയാള്‍ സുഹൃത്തുക്കളുടെ സഹായം സ്നേഹപൂര്‍വ്വം നിരാകരിക്കുകയുമാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യം കഥാപാത്രമായി ഇതില്‍ പ്രേക്ഷകരെ കണ്ണീരില്‍ വീഴ്ത്തി  കഥാപാത്രങ്ങളോടുള്ള  സഹതാപ മായി  പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ ഒരു സെന്റിമെന്റല്‍ മെലോഡ്രാമ  ഈ ചിത്രത്തില്‍ നിന്നു ഒഴിവായി പോകുന്നു. നിര്‍വ്യാജമായ ഭക്തിയും ദൈവ വിശ്വാസവുമാണ് അബുവിന്റെയും  ഭാര്യയുടെയും ലൌകിക ജീവിതത്തെ, പ്രതീക്ഷാ നിര്‍ഭരമാക്കി നില നിര്‍ത്തുന്നത്. അതില്‍ ഒരു തരത്തിലുമുള്ള വൈരുധ്യവും ഇല്ല താനും. സാധാരണക്കാരായ, എല്ലാത്തരം മതത്തിലും  പെട്ട, യഥാര്‍ത്ഥ ദൈവ വിശ്വാസികളായ മനുഷ്യരുടെ  മോക്ഷോപാധികളില്‍ ഒന്നാണ്‌ , 
വിശ്വാസത്തിന്റെ ഭാഗവുമാണ്  അവരവരുടെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നത്. അത് മാത്രമാണ് അബുവും ഭാര്യയും ആഗ്രഹിച്ചത്‌. മകന്‍ അവരെ ഉപേക്ഷിച്ചു  സ്വന്തം സ്വാര്‍ത്ഥതകളില്‍   കുടുങ്ങി തിരിഞ്ഞ് നോക്കുന്നില്ലെന്നത് അവരുടെ ദു:ഖമാണ് എങ്കിലും മകനോട്‌ വിദ്വേഷം പുലര്‍ത്താത്തതിനാല്‍ അത്‌ ഒരു പ്രധാന പ്രശ്നമായി അവര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നില്ല.സ്വന്തം അധ്വാനം കൊണ്ട് വേണം മക്ക സന്ദര്‍ശിക്കാന്‍ എന്നതും വിശ്വാസത്തിന്റെ ഭാഗമാണ് . അത് കൊണ്ട് അബു  അതിനുള്ള പണം അത്തര്‍ വിറ്റ് കിട്ടുന്നതില്‍ നിന്നു ഒരോഹരി പത്തോ ഇരുപത്തഞ്ചോ വര്‍ഷമായി എന്നും ചെറു പെട്ടിയില്‍ ശേഖരിച്ചു വച്ചു കൊണ്ടേയിരിക്കുകയാണ്. തേനീച്ച തേന്‍ ശേഖരിക്കുന്നതുപോലെ . ഹജ്ജ് യാത്ര ബിസിനസ് ആവശ്യങ്ങള്‍ നടത്താനുള്ള ഒരു ഉപാധിയായി കാണുന്ന ലൌകികന്മാരുടെ ഇടയില്‍ നിന്നു വ്യത്യസ്തമായി  ജീവിതത്തിന്റെ നിലനില്‍പ്പ്‌ തന്നെ ഒരു പ്രതീക്ഷയിലും വിശ്വാസത്തിലും  അര്‍പ്പിച്ചു മോക്ഷ മാര്‍ഗമായി , തീര്‍ഥാടനമായി തന്നെ  കാണുന്നവരാണ്  അബുവും ഭാര്യയും.  ഈ ജീവിതത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട , സുഹൃത്തുക്കളോടും മറ്റു  ആളുകളോടും തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു മാപ്പ് ചോദിച്ചും ഉണ്ടായിരുന്ന ചെറിയ കടങ്ങള്‍ വീട്ടിയും അവര്‍ ലോക ബന്ധങ്ങളില്‍ നിന്നു വിടുതല്‍ നേടി യുള്ള യാത്രയാണ് അവരുടെതെന്ന്  ഓര്‍മ്മിക്കുന്നു. ഈ ചെയ്തികള്‍ ഒരു തരത്തിലും അത്യുക്തിയായി  പരിണമിക്കുന്നില്ല  വിഷ്വലില്‍ . ഈ തരത്തിലുള്ള മത വിശ്വാസ സംബന്ധിയായ ചിത്രീകരണങ്ങള്‍ പലതുണ്ടെങ്കിലും അവ ഒരു തരത്തിലും അമിതാഖ്യാനമായി , അത്‌ വഴി സോദ്ദേശ ചിത്ര ഭാഷയിലേക്ക് വീഴുന്നില്ല. 
  യാന്ത്രികമായി പോകാവുന്ന നിരവധി സന്ദര്‍ഭങ്ങളെ ആ  വക ചുരുക്കങ്ങളിലേക്ക് പോകാതെ  ബാലന്‍സ് ചെയ്തു അവതരിപ്പിച്ചു എന്നുള്ളത് ശ്ലാഘനീയമായ  കാര്യം. യഥാതഥ മായ, നേര്‍ രേഖീയമായ ആഖ്യാന രീതിയും ലളിതമായ ചിത്രീകരണവുമായതിനാല്‍ ചെറിയ  ഒരശ്രദ്ധ അതിന്റെ എല്ലാ ഭംഗിയും ചോര്‍ത്തിക്കളയും . അതൊന്നും സംഭവിക്കാതിരുന്നതാണ്  ഈ സിനിമയുടെ വിജയം. മറ്റൊന്ന് , ചുരുക്കി പറയുകയാണെങ്കില്‍, വൃദ്ധ മുസ്ലിം ദമ്പതികളുടെ ഹജ്ജ്  തീര്‍ഥാടനത്തിനായുള്ള ആഗ്രഹവും അതിനുള്ള ഒരുക്കവും കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്ന ചിത്രം ഒന്നുകില്‍ മുസ്ലിം സ്വത്വ സിനിമയായോ അതല്ലെങ്കില്‍ ഒരു സെക്യുലര്‍ സിനിമയായോ  രണ്ടു ധ്രുവങ്ങളി ലൊന്നിലേക്ക്  കേന്ദ്രീകരിക്കപ്പെടാം .

എന്നാല്‍ ഈ രണ്ടിന് മിടക്ക്  സാധാരണ ജീവിതം, വിശ്വാസത്തില്‍ ഊന്നിയ  ഒരു മുസ്ലിം  ജീവിതം , അതിന് സമാനമായ മറ്റു ജീവിതങ്ങള്‍ ഉള്‍പ്പെടെ ,സാധ്യമാകുന്നതിന്റെ സ്ഥലമാണ് ഈ സിനിമ  സിനിമയായി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്നതു ശ്രദ്ധേയമാണ് .
 

No comments: