Thursday, June 9, 2011

ചികിത്സ -വിധി

 
  മലയാള മനോരമയില്‍ ഡോക്റ്റര്‍ എം ബാലകൃഷ്ണന്‍ സര്‍വീസ് മേഖലയായി കണക്കാക്ക പ്പെടെണ്ട ആരോഗ്യ രംഗം ലാഭ കൊതി മൂത്ത ബിസിനസ്സ് കാരുടെ കയ്യില്‍ എത്ര മാത്രം അധ:പ്പതിച്ചു എന്ന് വ്യാകുലതയോടെയും രോഷത്തോടെയും എഴുതിയിരിക്കുന്നു. ഈ ഡോക്റ്ററുടെ ധാര്‍മിക രോഷം പൂണ്ട വാക്കുകള്‍ കൊണ്ട്  ഡോക്റ്റര്‍ മാര്‍ക്കും അവരെ ഉത്പാദിപ്പിച്ചു പണം കൊയ്യാനിറങ്ങുന്ന അവരുടെ മാതാപ്പിതാക്കള്‍ അടക്കമുള്ള വ്യവസായ മനോഭാവക്കാര്‍ക്കും   മനം മാറ്റം ഉണ്ടായി മനുഷ്യ ര്‍ക്ക് സ്വാസ്ഥ്യം നല്‍കും എന്നാണോ? അല്ലെങ്കില്‍ തന്നെ ഉദ്ബോധനം  കൊണ്ടും ആഹ്വാനം കൊണ്ടും ലോകം നന്നാവുമായിരുന്നെങ്കില്‍ ഒരു രണ്ടായിരം കൊല്ലം മുന്‍പ് തന്നെ അത് നന്നായി പോകുമായിരുന്നു. എത്ര എത്ര ഉപദേശങ്ങളാണ് , കല്‍പ്പനകള്‍ ആണ് ദൈവങ്ങളുടെ പേരില്‍ നടന്നിട്ടുള്ളത് ,ദൈവം പ്രതിപുരുഷന്മാരെ അയച്ച് ഇപ്പോഴും നടത്തുന്നത്.  
           അപ്പോഴാണ്‌ മനുഷ്യന്  സ്വയം വിചാരിച്ചാല്‍ പോലും നന്നാവാന്‍ പറ്റില്ലെന്ന് മനസ്സിലാവുന്നത്. സ്ത്രീ അമ്മയാണ് , ദേവതയാണ്, മൂടിക്കെട്ടി, പൊതിഞ്ഞു സൂക്ഷിക്കേണ്ടത്ര വിശിഷ്ടയാണ് ( ലോകത്തെ പാപ ചിന്തയില്‍ പെടാതെ നോക്കേണ്ടത് അവളുടെ ജോലിയാണല്ലോ) എന്നൊക്കെ ഒരു വശത്ത് പ്രഭാഷണം നടത്തി  അവളെ ബര്‍ത്ത് ഡേ സ്യൂട്ടില്‍ വിപണിയില്‍ തരം താണ വസ്തുവായി പ്രദര്‍ശിപ്പിച്ചു  ആക്രാന്തം വര്‍ധിപ്പിച്ചു പണം കൊയ്യുന്നു. 
     എന്നിട്ടും ഇങ്ങനെയുണ്ട് അനീതികള്‍ ,അത് നിങ്ങള്‍ മനസ്സിലാക്കണം എന്ന് പറയാന്‍ ഒരാള്‍ തുനിയുമ്പോള്‍ നമ്മള്‍ സന്തോഷിച്ചു പോകുന്നു. നിസ്സഹായതയില്‍ വീണു കിടക്കുന്ന സാധാരണക്കാര്‍ . അവര്‍ ഇത് വായിച്ചു രണ്ടു നിമിഷം സന്തുഷ്ഠരാവട്ടെ. ' ശരിയായ വിശ്രമവും പോഷകാഹാര ങ്ങളും കൊണ്ട് മാത്രം 60% രോഗങ്ങളും തനിയെ മാറും . ഈ 60% കൊണ്ടാണ് എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ,മന്ത്രവാദം, ആദിവാസി വൈദ്യം, അരോമ തെറാപ്പി , മാഗ്നറ്റോ തെറാപ്പി, പാരമ്പര്യ ചികിത്സ , നാച്ചുറോപ്പതി, സിദ്ധ, യൂനാനി, ഹോമിയോ തുടങ്ങിയവയെല്ലാം നിലനിന്നു പോരുന്നത്. 10 % രോഗങ്ങള്‍ ഏറെ വിലയില്ലാത്ത മരുന്നുകള്‍ അഞ്ചോ പത്തോ ദിവസം വരെ കഴിച്ചാല്‍ മാറുന്നവയാണ് . പിന്നെ ഒരു 10 % രോഗികള്‍ക്ക് വിദഗ്ധ പരിശോധനകളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയും വേണ്ടി വരും. ക്യാന്‍സര്‍, വാര്‍ധക്യ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, കീടനാശിനികളും അന്തരീക്ഷ മാലിനീകരണങ്ങളും കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിങ്ങനെയുള്ള 10 % ചികിത്സിച്ചാല്‍ താല്‍ക്കാലിക ശമനം പ്രതീക്ഷിക്കാവുന്നവയാണ്. വൈദ്യ ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും ചികിത്സിച്ചു മാറ്റാന്‍  കഴിയാത്ത രോഗങ്ങള്‍ 10% വരെ വരും".
      മുകളില്‍ പറഞ്ഞ  അറുപതു ശതമാനത്തില്‍ പെട്ടവര്‍ ആണോ അല്ലയോ എന്നറിയാന്‍ ആശുപത്രിയില്‍ പോയാല്‍ പക്ഷെ , നമുക്ക് മറ്റു പത്ത് ശതമാനത്തിലേക്കുള്ള കയറ്റം ഉറപ്പാകും. 
  
 ഇനിയിപ്പോള്‍ തലവേദനക്ക് ഡോക്റ്ററെ  കാണുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചികണം ,പക്ഷെ വിടാതെ ഉള്ള തലവേദനക്ക് വിദഗ്ധ ചികിത്സ വേണം എന്നല്ലേ ഡോക്ടര്‍ മാര്‍ പറയുന്നത്! ജീവിതം തരുന്ന ഓരോ തലവേദനകള്‍ !!

No comments: