Friday, December 20, 2013

ഒരേ ദുർഘട സ്ഥാനത്ത്നമ്മൾ കാണുന്നത് ഒരേ കാഴ്ചകൾ 
കേൾക്കുന്നത് ഒരേ ഒച്ചകൾ

 അറിയുന്നത് ഒരേ നിശ്ശബ്ദത 
ചലിക്കുന്നത്‌  ഒരേ നാട്ടുവഴികളിൽ 
കിടക്കുന്നതോ ഒരേ തെരുവരുകുകളിൽ 
ഭരിക്കുന്ന രാജാവിനും മന്ത്രിക്കുമില്ല 
മാറ്റങ്ങൾ 
നാം പൂജിക്കുന്ന മെതിയടികളും 
നമ്മെ അനുഗ്രഹിക്കുന്ന ദ ണ്ഡും  
ഒന്നുതന്നെ 

എന്നിട്ടും 
എന്റെ സ്വന -ദർശന ഗ്രാഹികൾ 
പിടിച്ചെടുക്കുന്നതും 
 ഉള്ളിലേക്ക് 
അയക്കുന്നതും 
മെലിഞ്ഞ സ്പർശിനി കളാൽ 
തൊടുമ്പോൾ ഞാനറിയുന്നതും 
പറയുന്നതും 
എങ്ങനെ മറ്റൊന്നായിരിക്കുന്നു?
എങ്ങനെ  വ്യത്യാസപ്പെട്ടിരിക്കുന്നു
നിന്റെതിൽ നിന്ന്?

ദൈവങ്ങളുയും  മനുഷ്യരുടേതും  പോലെ 
നമ്മളുടെ  കാഴ്ചകൾ, 
ശബ്ദങ്ങളും നിശ്ശബ്ദതകളും 
ഭിന്നമായിരിക്കുന്നു.
നമ്മളോ 
തമ്മിൽ തമ്മിൽ  ദൃശ്യപ്പെടാതായിരിക്കുന്നു,
 എങ്കിലും
 നിൽപ്പൊരേ 
ദുർഘടസ്ഥാനത്ത്! 


Monday, December 16, 2013

ഗോവിന്ദച്ചാമികളുടെ ലോകം, നിർഭയകളുടെയും.  ദൽഹി യിൽ മാനഭംഗത്തിന് ഇരയായ നിർഭയയുടെ 'രക്ത സാക്ഷിത്വത്തിനു  ഇപ്പോൾ ഒരു വർഷം. സ്ത്രീകളും പെണ്‍കുട്ടികളും യുവാക്കളും അടങ്ങുന്ന ആൾക്കൂട്ടം സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി ദൽഹി നഗരത്തെയും ലോകത്തെ ആകെയും ഇളക്കി മറി ക്കും വിധം  ആര്ത്തു വിളിച്ചു രോഷംകൊണ്ടത്‌ കണ്ട്  ഇന്ത്യയിലെ ആണധികാര പ്പുര  ചെറുതായി ഒന്നുലഞ്ഞു എന്നതിന്റെ സൂചനയായിരുന്നു ക്രിമിനൽ നിയമത്തിന്റെ ഭേദഗതി  ബിൽ ലോക് സഭയിൽ പാസ്സാക്കപ്പെട്ടത്. എപ്പൊഴുമെന്നതു പോലെ നിയമം ഇല്ലാത്തതു കൊണ്ടല്ല , ഗുരുക്കന്മാരുടെ ഉപദേശങ്ങളും, പ്രവാചകരുടെ ഉദ്ബോധനങ്ങളും  കൽപ്പനകളും  ഇല്ലാത്തുകൊണ്ടുമല്ല , എണ്ണമറ്റ സദാചാര സംഹിതകൾ ഓലയെഴുത്തുമുതൽ കടലാസിലും ഇലക്ട്രോണിക് മാധ്യമത്തിലൂടെയും  വരെ  തെളിഞ്ഞു കിട്ടാത്തതു കൊണ്ടല്ല  മനുഷ്യർ നന്നാവാത്തത്,  ലോകമെങ്ങുമുള്ള ആണധികാര പ്രയോഗങ്ങൾ തുടരുന്നത്. അവർ പെണ്ണുങ്ങൾക്കും, കുട്ടികൾക്കും , ലൈംഗിക ന്യൂന പക്ഷങ്ങൾക്കും  ദളിതർക്കും, വയോജനങ്ങൾക്കും, പ്രകൃതിക്കും  എതിരെയുള്ള അതിക്രമങ്ങളും കയ്യേറ്റങ്ങളും  പൂർവാധികം ശക്തിയോടെ നടത്തിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി കയ്യിലൊതുക്കി വച്ച അധികാര ദണ്ഡ് വലിച്ചെറിയാൻ പുരുഷ പ്രജകൾക്ക് അത്ര പെട്ടെന്ന് കഴിയില്ല. മദ്യപിച്ച്  ഭാര്യയെ തല്ലി ച്ചതക്കലായും മകളെ ബലാൽ പീഡി പ്പിക്കലായും, റോഡിൽ അസഭ്യ നോട്ടങ്ങളും വാക്കുകളുമായും അനേകമനേക രീതികളിൽ അവൻ  തൻറെ ദണ്ഡ് വീശൽ  തുടരുന്നു.

നയതന്ത്ര ഓഫീസ് മുതൽ പഞ്ചായത്ത് ആഫീസ് വരെയുള്ള, പണിയെടുക്കുന്ന പെണ്ണുങ്ങളെ വ്യത്യാസമില്ലാതെ തങ്ങളുടെ വരുതിയിൽ നിരത്താൻ   പുരുഷാധികാര  സമൂഹം വർണ്ണ -വര്ഗ്ഗ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്നത് നാം കാണുന്നു.  മതത്തെയും ജാതിയേയുംആചാരങ്ങളെയും അനുഷ്ഠാ നങ്ങളെയും  സൌകര്യപൂർവ്വം കൂട്ടുപിടിക്കുന്ന അവർക്ക് സ്ത്രീകളുടെ അവരവരെപ്പറ്റി യുള്ള ബോധോദയങ്ങൾ തങ്ങളുടെ നിലനില്പ്പിനു തന്നെ ആപത്താണ് എന്ന് ഭയമുണ്ട്. ആ ഭയം കുടുങ്ങിയ പുരുഷൻ പെണ്ണുങ്ങളെ നിലക്ക് നിർത്താൻ ലൈംഗികാതിക്രമങ്ങൾ ആണ് ഏറ്റവും ഫലപ്രദം എന്ന് വിചാരിക്കുന്നു.

പെണ്‍  ശരീരങ്ങൾ തൊണ്ടിയായി, യുദ്ധമുതലായി  പിടിച്ചെടുക്കൽ  വിജയിച്ച പട തന്റെ ശത്രുരാജ്യക്കാരോട് നൂറ്റാണ്ടുകളായി ചെയ്തു കൊണ്ടിരുന്ന അക്രമമാണ്. അവരുടെ ഉടലിൽ മേൽ ബലാൽ ബീജ നിക്ഷേപം നടത്തൽ  കാലാൾ പ്പടക്കാലം മുതൽ പുതിയ ആയുധ പ്രയോഗങ്ങളുടെ ഈ കാലം വരെ തുടരുന്ന ഒരു 'നയമാണ്. സ്ത്രീ ശരീരങ്ങളെ അപമാനിക്കൽ ഒരു രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന ബോധം നിലനില്ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്  ഇത്തരം ചെയ്തികൾ   ഉത്പാദന യോഗ്യമായ മണ്ണും പെണ്ണും പിടിച്ചെടുത്ത വൻറെ അഹമ്മദികൾ. അതിന്റെ നിരവധി രൂപങ്ങൾ  സമൂഹമൊന്നാകെ ഇന്നും പടര്ന്നു കിടക്കുന്നു. ഓരോ സ്ത്രീയും നിരന്തരം ആണധികാരത്തിന്റെ കയ്പ്പിൽ ജീവിതം 'കഴിച്ചുകൂട്ടുന്നു '. 

ഈ സംഗതി മനസ്സിലാകാത്ത ഒരേ ഒരു കൂട്ടർ  പുരുഷന്മാരും  പുരുഷാധികാരത്തിന്റെ  ആത്മാവ് സ്വയം  ആവാഹിച്ച, 'സ്വത്വബോധമില്ലാത്ത സ്ത്രീകളുമാണ് . പുരുഷ ലോകത്തിന്റെ അരികുകൾ അലങ്കരിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നവർ, വസ്തുവത്ക്കരണത്തിൽ സ്വയം രസിക്കുന്നവർ . ഇത്തരം പൗരന്മാരെയും പൌരികളേയും വാർത്തെടുക്കുന്നതിൽ അഭിമാനിക്കുന്നവർ. ഇരുകൂട്ടരും   ലോകം പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങൾക്കും  വൃദ്ധർക്കും മറ്റു അനേകമനേകം ജീവ ജാലങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന ഏറ്റവും പ്രാഥമികമായ  നിലനില്പ്പ് സത്യം അംഗീകരിക്കാത്തവരായി എന്നും നിലകൊള്ളുന്നു. ഗോവിന്ദ ച്ചാമിമാരെ  തൂക്കി ക്കൊന്നാൽ സമൂഹം ശുദ്ധമാകും എന്ന് വിശ്വസിക്കുന്നു. സ്വന്തം ഉള്ളിലെ ,വീട്ടിലെ, ഗോവിന്ദ ച്ചാമിയെ ഒന്ന് തിരിഞ്ഞു നോക്കാതെ.

     ഉള്ളിലേയും പുറത്തേയും മോചനത്തിന് വിലങ്ങു തടിയായി നിൽക്കുന്ന  ഗോവിന്ദച്ചാമി മാരെ തുടച്ചെ റിയാൻ ഒരുമ്പെടുന്ന,  ഈ ആണധികാര ഘടനക്കെതിരെ   ആണും പെണ്ണും ഒരുമിച്ച് പൊരുതേണ്ട താണെന്ന് തിരിച്ചറിയുന്ന മനുഷ്യർ ഇവിടെ ഉണ്ടായിത്തീരും എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നത് 

Saturday, December 14, 2013


നസ്രീൻ മൊഹമ്മദിയെ വീണ്ടും സന്ദർശിക്കുമ്പോൾ 


ആധുനിക ഇന്ത്യൻ ചിത്രകലയിൽ തന്റെ സമകാലികരായ കലാപ്രവർത്തകരുടെ ശൈലികളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിച്ച്  സ്വന്തമായി ഒരു ഇടം സൃഷ്ടിച്ച പ്രതിഭാശാലിയാണ് നസ്രീൻ മുഹമ്മദി . അവരുടെ ചിത്രകലയെ ഒന്ന് സ്പർശിച്ച് പോവുക മാത്രമാണ് ഈ ചെറിയ കുറിപ്പിൽ. നസ്രീൻ ജനിച്ചത്‌ 1937 ൽ ആണ് 1990 ൽ  മരണപ്പെട്ടു. അൻപത്തി മൂന്നു വയസ്സിൽ അന്തരിക്കും  വരെ ചിത്രരചനയിൽ മുഴുകി ജീവിച്ചു 
   സ്വാതന്ത്ര്യാനന്ത ര ഇന്ത്യൻ ചിത്ര കല പൊതുവെ അഭിരമിച്ചിരുന്നത് രൂപാധിഷ്ടിതമായതോ , പ്രതീകാത്മകമായതോ സൂചനകൾ നിറഞ്ഞതോ, ധ്വന്യാത്മകമായതോ, കാലപ്പനിക മായതോ  ആയ രചനാ മാതൃകകളിൽ ആണ്. അത്തരം അഭിരുചികളിൽ നിന്ന് വ്യതിരിക്തമായ സവിശേഷമായ ശൈലി നസ്രീൻ മുഹമ്മദി തന്റെ രചനകളിൽ പരീക്ഷിച്ചു              നസ്രീൻ മൊഹമ്മദി പരമ്പരാഗത രീതിയിലുള്ള പ്രതിനിധാന ചിത്ര ണ  ശൈലിയെ പിൻതുടരാൻ ആഗ്രഹിച്ചില്ല.   അവരുടെ സമകാലികരായ പ്രശസ്തരും മൗലിക പ്രതിഭകളുമായ  ഭൂപൻ ഖാക്കർ , ഗുലാം മുഹമെദ് ഷെയ്ഖ്,,അർപ്പിത  സിംഗ്, ജെ സ്വാമിനാഥൻ തുടങ്ങിയവരുടെ രചനകളുമായി ചേർത്ത് വച്ചാലോചി ക്കുമ്പോൾ ആണ്  നന്സ്രീൻ മുഹമ്മദി യുടെ വേറിട്ട അന്വേഷണത്തെ നാം തിരിച്ചറിയുക.  രചനാശൈലിയിയിലും, സൌന്ദര്യ ശാസ്ത്ര  വീക്ഷ ണങ്ങളിലും  അവരുടെ സമകാലികരിൽ നിന്ന് അവർ വ്യത്യസ്‌ത യായിരുന്നു.  

              നസ്രീൻ മുഹമ്മദിക്കു മുൻപ് ഇന്ത്യൻ ചിത്രകലയിൽ പാശ്ചാത്യ മാതൃകകളെ പിൻപറ്റിയുള്ള  അമൂർത്ത ചിത്രരചനാ സമ്പ്രദായം ഉണ്ടായിരുന്നില്ല  എന്ന്  അതിനർത്ഥ മില്ല . മുതിർന്ന ബോംബെ സ്കൂൾ ചിത്ര കാരന്മാരായിരുന്ന വസുദേവോ  ഗൈടോൻടെ ( Vasudeo S. Gaitonde (1924–2001) ജേറാം   പട്ടേൽ  തുടങ്ങിയ കലാകാരന്മാർ നസ്രീനിൻറെ മുന്പും പിന്നീടും   അമൂരത്ത രചനകൾ നടത്തിയിരുന്നു.സുഹൃത്തും സഹാധ്യാപകരുമായി ബറോഡയിൽ ജേറാം പട്ടേൽ നസ്രീന്റെ കൂടെ ഉണ്ടായിരുന്നതും അവരുടെ കലാന്വേഷണത്തിൽ സാരമായ സ്വാധീനമായിരുന്നിരിക്കണം.
       നസ്രീന്റെ രചനകളിൽ  യഥാതഥ വസ്തുക്കളുടെ ചിത്രീകരണമോ  അവയുടെ പ്രതിനിധാനങ്ങളോ കാണില്ലെങ്കിലും മനുഷ്യ നിർമ്മിതമായ പരിസ്ഥിതികളും പട്ടണപ്രാന്തങ്ങളും അടിസ്ഥാന പ്രമേയമായി ആ രചനകളിൽ സ്വാധീനമാകുന്നുണ്ട്. ഒരു പക്ഷെ അത്തരം നഗര വാസ്തു മാതൃകകളിൽ നിന്നുള്ള പ്രചോദനം അവരുടെ രചനകളിൽ മനുഷ്യന്റെ സൂക്ഷ്മമായ, ഭൗതികാതീത മായ,  നില നില്പ്പിന്റെ ചിത്രാന്വേഷണം ആയിത്തീർന്നു  എന്ന് പറയേണ്ടി വരും . മഷിപ്പേന കൊണ്ടും പെൻസിൽ കൊണ്ടും നിർമ്മിച്ച  ജ്യാമിതീയമായ ആ വരകൾക്ക്‌  ഭൌതിക ലോകത്തിന്റെ   അമൂർത്തമായ  താളാത്മകതയും താരള്യവും ഉണ്ടായിരുന്നു . ചിലപ്പോൾ  അവ കസിമിർ മാലേവിച്ചിന്റെ സുപ്പർമാറ്റിസ്റ്റ് മേളനങ്ങളെ   അല്ലെങ്കിൽ മോണ്ട്രിയ യാനെ ഓർമ്മിപ്പിച്ചു.അതേ സമയം അവ തന്റെ ചുറ്റുമുള്ള ജീവിതത്തിന്റെ സചേതനമായ അമൂർത്താവിഷ്കാരങ്ങൾ ആകണമെന്ന് അവർക്ക്  നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നിപ്പിച്ചു.

               നസ്രീൻ തന്റെ കലാ വിദ്യാഭ്യാസം ലണ്ടനിലെ സെൻറ്  മാർടിൻസ്  സ്കൂൾ ഓഫ് ആർട്സിലും തുടർന്ന് 1961-63 ൽ പാരീസിലും ആയിരുന്നു പൂർത്തിയാക്കിയത്. പലയൂറോപ്യൻ  രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ജപ്പാൻ, നോർത്ത്  അമേരിക്ക തുടങ്ങിയ രാജ്യങ്ങളും അവർ കലാ പ്രവര്ത്തനത്തിന്റെ ഭാഗമായി   സന്ദർശിച്ചു. പ്രസിദ്ധ കലാ വിമർശകയായ ഗീത കപൂർ  നിരീക്ഷിക്കുന്നത് പോലെ നമ്മുടെ ആധുനിക ചിത്രകാരിൽ പലർക്കുമെന്ന പോലെ  നസ്രീൻ മുഹമ്മദിയുടെ രചനകൾക്കും പ്രതിഭാശാലികളായ വിദേശ ചിത്രകാരന്മാരുടെ സ്വാധീനത്തിൽ പെട്ടും അതിൽ നിന്ന് മുക്തി നേടിയും മാത്രമേ തൻറേതായ ഒരു വഴി നിർമ്മി ക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കാൻഡി ൻസ്കി യും  പോൾ ക്ലീയും നസ്രീൻൻറെയും അവരുടെ രചനകളുടെ പരിവർത്തന ഘട്ടത്തിൽ ഒരു സ്വാധീനമോ പ്രചോദനമോ ആയിരുന്നിട്ടുണ്ടാകാം. പുറം ലോകത്തിൻറെ കാഴ്ചാനുഭവത്തെയോ കാഴ്ചയെയോ ഒരു പ്രതി നിധാനം എന്ന നിലക്കല്ലാതെ അമൂർത്തമായൊരു ദൃശ്യാനുഭവമായി സ്വാംശീകരിക്കുകയും അതിനെ ചിത്ര തലത്തിൽ സന്നിവേശിപ്പിക്കുക യുമാണ്‌ നസ്രീൻ   അറുപതു കാലഘട്ടത്തിലെ രചനകളിൽ ചെയ്തത് . നസ്രീൻ തനിക്കു കാൻഡിൻ സ്കി രചനകളോടുള്ള  സമീപനം ഇങ്ങനെ വെളിപ്പെടുത്തുന്നു .  "Again I am reassured by Kandinsky-the need to take from an outer environment and bring it an inner necessity." ചുരുക്കത്തിൽ  യൂറോപ്യൻ abstract  expressionism ത്തിനു തുല്യമായ ഫ്രഞ്ച് കലാകാരന്മാരുടെ അമൂർത്ത  ചിത്ര  ശൈലീ പരീക്ഷണം നസ്രീൻ അറുപതുകളിലെ തന്റെ രചനകളിൽ പരീക്ഷിച്ചു.  
 മിനിമലിസ്റ്റ്  ചിത്ര സങ്കേതങ്ങളിൽ  ആഗ്നെസ് മാർടിൻ നസ്രീനെ സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു എഴുപതുകളിലെ അവരുടെ രചനകൾ . എഴുപതുകൾ ആകുമ്പോഴേക്കും നസ്റീൻ  തന്റെ ഭാവാത്മകതക്കും  ധ്യാനാത്മ കതക്കുമൊടുവിൽ പ്രകൃതി പ്രതിഭാസം സ്വയമേവ അതിൻറെ  ദൃശ്യതക്കപ്പുറം    തെളിഞ്ഞു വരുന്നതായി അനുഭവിച്ചിരുന്നിരിക്കണം .ആധുനികതയുടെ ഒരു സവിശേഷത തന്നെ പ്രത്യക്ഷ യാഥാർ ഥ്യ ങ്ങളെ / വസ്തുവിന്റെ പകർപ്പുകൾ ക്കപ്പുറം  ആഴത്തിൽ അറിയുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ. 

നസ്രീൻ  ഫോമിലും, ശൈലികളി ലുമുള്ള നിരന്തര അന്വേഷണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടർന്നുകൊണ്ടേയിരുന്നു .സ്വന്തം രചനാ ശൈലിയെ നിരന്തരം പുതുക്കി ക്കൊണ്ടിരിക്കാൻ, സൃഷ്ടിക്കുന്ന ഓരോ രേഖയും ആകൃതിയും തന്നോട് എന്തു സംവദിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടുള്ള  ഒരു മുന്നേറൽ. '  'My lines speak of troubled destinies/ of death/...Talk that I am struck/ by lightning or fire' ..എന്നിങ്ങനെ   കാവ്യാത്മകമായി തന്റെ ചിത്രരചനാ രീതികളിലെ പരീക്ഷണങ്ങളെ നസ്രീൻ വിശദമാക്കുന്നു.   വസ്തുക്കളുടെ' ഉള്ള്‌' മനുഷ്യരുടെ മനസ്സെന്നവണ്ണം ആഴത്തിലും അതിന്റെ വ്യത്യസ്തമായ തനിമയിലും അറിയാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ് ഒരർത്ഥത്തിൽ , പ്രതിനിധാനപരതയിൽ നിന്ന് അപ്പുറം പോയിരുന്നു ആ രചനകളിൽ ക്കൂടി നസ്രീൻ ചെയ്തത് എന്ന് കരുതേണ്ടി വരും. തീർച്ചയായും ഒരു കാലാ കാരനും  കലാകാരിയും  തന്റെ ചിത്ര മെഴുത്ത് , ലോകത്ത്  ഏതെ ല്ലാം വിധത്തിൽ  കാഴ്ചക്കാരന്റെ ഇന്ദ്രിയങ്ങളെ  സംവേദന ക്ഷമമാക്കും അതിന്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നൊന്നും അറിഞ്ഞല്ല രചനകൾ  നടത്തുന്നത്. ഇനി അങ്ങനെ ആണെങ്കിൽ  കൂടി അയാളുടെയോ  അവളുടെയോ വാഖ്യാനങ്ങൾ ക്കപ്പുറത്തെ ക്ക് പോകാൻ ആ രചനകൾ  ശക്തിയാർജ്ജിക്കുമ്പോൾ 
ആണ് അവ കലാസൃഷ്ടികളാവുന്നത്.

 നസ്രീന്റെ ചിത്രങ്ങളിലൂടെ വീണ്ടും കടന്നു പോകുമ്പോൾ അവരുടെ കല കാലത്തെ അതിജീവിക്കുന്ന വിധം വ്യാഖ്യാന മുക്തമായി നിലകൊള്ളുന്നു എന്ന് തോന്നുകയാണ്.

Thursday, December 12, 2013

എളുപ്പം 

ഇരിക്കുന്ന മുറി ചുരുങ്ങി ച്ചുരുങ്ങി 
അതിന്റെ നാല് ചുമരുകള്‍ 
ഉടല്‍ സ്പര്‍ശിക്കുന്നത് വരെ 
അവ കൈകൾ  നീട്ടി 
ബലാൽ മെയ് ഞരിക്കുന്നതുവരെ 
കഴുത്തിൽ വിരലാഴുത്തുന്നത് വരെ 

വരച്ച ചിത്രങ്ങൾ മായ്ക്കുന്നത് പോലെ 
സ്വപ്നങ്ങളിൽ നിന്നും ഉണരുന്നത് പോലെ 
ജീവിച്ചിരിക്കൽ 
കടൽതീരത്തി രിക്കൽ പോലെ 
തിരയെണ്ണൽ  പോലെ എളുപ്പം 

 അത്ര എളുപ്പമായിരുന്നില്ല.
ഒന്നും എളുപ്പമായിരുന്നില്ല,
 ഒട്ടും എളുപ്പമായിരുന്നില്ല.
എന്ന് അവസാനശ്വാസം 
നിലവിളിക്കുമ്പോൾ 
മറിച്ചൊ രുത്തരം  ചൊല്ലൽ  
എളുപ്പമായിരിക്കുമോ?


Friday, December 6, 2013

Ye Zindagi by the Band Vishwamitra This is from Manu Rajeev's album feathers to Ashes 


.I am not a critic of music, not even a student of music. But sometimes a song, an orchestra or a soulful voice of an artist makes me to brood on that particular tune or music or the composition in total. This is  one of such composition.  It is very difficult to smile while we mourn deep inside. And this song wouldn't allow you to listen to it for the mere pleasure of music...it invokes a sense of compassion..touches your heart, the real in you. 

Ye Zindagi by Band Vishwamitra

പകൽക്കിനാവുകൾ  ഷിജു എസ് ബഷീറിന്റെ ഫോട്ടോഗ്രാഫി എക്സിബിഷൻറെ  ഉത്ഘാടനത്തിൽ സംബന്ധിച്ചു, ഇന്ന്.

      ചിത്രകലയിൽ നിന്നും ഫോട്ടോ ഗ്രാഫുകളെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌ . അതല്ല ചര്ച്ചാ വിഷയം.  ചിത്രകലയുടെ ഒരു ഘട്ടത്തിൽ യഥാ തഥ ശൈലിയിൽ  ഛായാ ചിത്രങ്ങളും പ്രകൃതി ചിത്രങ്ങളും ധാരാളമായി യൂറോപ്യൻ ചിത്രകാരന്മാർ ആവിഷ്കരിച്ചു കൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും ഫോട്ടോ ഗ്രാഫി അവർക്ക് ഒരു വെല്ലുവിളിയായി .അതിൽ നിന്ന് പുറത്ത് വരാൻ, പുതിയ വഴികൾ വെട്ടാൻ, പുതിയ ശൈലികൾ പരീക്ഷിക്കാൻ ചിത്ര -ശില്പ്പ കലാകാരന്മാർ തയ്യാറായി. അങ്ങനെ പ്രതി നിധാന പരതയിൽ നിന്ന് ഫോമിന്റെ ആബ്സ്ട്രാക് ഷൻ നിലേക്കും വസ്തുവിന്റെ ചിത്രീകരണം എന്നതിലുപരി എന്താണ് ചിത്രകല,/ ശിൽപ്പകല  എന്നറി യാനും അന്വേഷിക്കാനും  കൂടുതൽ ആഴത്തിൽ  മറ്റു സാധ്യതകളിലേക്കും പോകാനും  ക്യാമറയുടെ കടന്നു വരവ് കാരണമായി. 

       ഇപ്പോഴും പലതരം വെല്ലു വിളികൾ നേരിട്ട് കൊണ്ട് ചിത്രകലയും ഫോട്ടോഗ്രാഫിയും അതാതു മേഖലകളിൽ മുന്നോട്ടു പോകുന്നു.

 ഇങ്ങനെ ആലോചിക്കാൻ  കാരണം. ഷിജു വിന്റെ ഫോട്ടോ പ്രദർശനമാണ്.
ഷിജു പല രാജ്യങ്ങൾ , പല ദേശങ്ങൾ , പല സമയങ്ങളിൽ സഞ്ചരിച്ച് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ. അവ പല കാലങ്ങളിലെക്കും , ജീവിതങ്ങളിലേക്കും, ഓർമ്മ കളിലേക്കും ,നമ്മേയും  കൊണ്ട് പോകും. അവ പക്ഷെ വെറും ദൃശ്യങ്ങൾ അല്ല. ഒരേ സമയം അതിനു വെറും കാഴ്ചയായി നില്ക്കാൻ സാധിക്കുമെങ്കിലും അവയെ  പകർത്തപ്പെട്ട   ഒരു നിമിഷത്തിലെ വെറും കാഴ്ചയിലേക്ക് ഒതുക്കാൻ ആവില്ല. കാരണം കാഴ്ചക്കാരനെ വെറുതെ കണ്ടു പോകാൻ അവ വിടില്ല എന്ന് തന്നെ.

  ചില ചിത്രങ്ങളിലെ മനുഷ്യർ കരിങ്കല്ലിൽ കൊത്തിയ പോലെ , സജീവമായി എന്നാൽ ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലുമായി നിൽക്കുന്നു. ചില മുഖങ്ങൾ മിനുങ്ങുന്ന മെഴുകു പ്രതിമപോലെ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് നോക്കും വിധം ജീവനോടെ.വാസ്തവത്തിൽ സ്ഥല കാലങ്ങൾ ക്കപ്പുറം പോകുന്ന ആ ഭാവങ്ങൾ അവരിൽ ഷിജു വിന്റെ ക്യാമറ പകര്ത്തുകയോ കണ്ടെത്തുകയോ ചെയ്യുന്നു.
    വളരെ  ലളിതമെന്നു തോന്നുന്ന ചില ചിത്രങ്ങൾ ഒരു നല്ല പെയിന്റിംഗ് ആയി അനുഭവപ്പെടും. ഒരാൾ  മത്സ്യം  ചരടിൽ കോർത്തു  കെട്ടി തൂക്കി ക്കൊണ്ട് പോകുന്ന ചിത്രം. മീൻ   കൊണ്ട് പോകുന്നവന്റെ ഇരു കാലുകളും  അവയോടു ചേർന്ന് ചത്ത മീനിന്റെ പിളര്ന്ന വായും.  കാഴ്ച്ചക്കാര നോട് സംവദിക്കുന്ന അതിന്റെ പളുങ്കു കണ്ണുകൾ.  ആ മത്സ്യങ്ങൾ മനുഷ്യരേക്കാൾ വലിയ ' മനുഷ്യത്തം' ഉള്ളവയായി നമ്മുടെ മുൻപിൽ വെളിപ്പെടുന്നു.

   ഇങ്ങനെ ഓരോ ചിത്രങ്ങളും കാഴ്ചക്കാരൻറെ  ഭാവനകൾക്കനുസരിച്ച് വിവിധ മാനങ്ങളിലേക്ക് പടരുന്നു.

  പ്രകൃതിയും മനുഷ്യനും വിരുദ്ധ ധ്രുവങ്ങളായി നിന്നിരുന്ന ആ പഴയ കാലം ഇന്നില്ല.

  ക്യാമറ മനുഷ്യ ന്റെ ഒര വയവമായി, കാഴ്ച്ചയുടെ,  കണ്ണിൻറെ ഒരു എക്സ്റ്റൻഷൻ ആയി മാറിയിട്ടുണ്ട്. അത് കൊണ്ടു  തന്നെ  യന്ത്ര സഹായത്താൽ ആവിഷ്കരിക്കുന്ന കല എന്ന നിലയിൽ അതിനെ വില കുറച്ചു കാണുന്ന കാലവും കഴിഞ്ഞു. മനുഷ്യന്റെ ഹൃദയം പ്രവര്ത്തിക്കാൻ പേസ് മേക്കർ  ശരീരത്തിൽ ഘടിപ്പിച്ച മനുഷ്യനെ നാം യന്ത്ര മനുഷ്യൻ എന്ന് വിളിക്കാത്തതു പോലെ കാഴ്ച്ചയുടെ, ഉൽ ക്കാഴച്ചയുടെ മിഴിവിന് ക്യാമറയെ ഉപയോഗിക്കുന്ന കലാകാരനേയും അങ്ങനെ വിളിക്കേണ്ടതില്ല. പറഞ്ഞു വരുന്നത്, പക്ഷെ ഡിജിറ്റൽ യുഗത്തിൽ ദൃശ്യങ്ങളുടെ ആധിക്ക്യം കൊണ്ട് ആന്ധ്യം  ബാധിച്ച  മനുഷ്യൻറെ കണ്ണ് തുറക്കാൻ , താൻ പകര്ത്തുന്ന ചിത്രം ഒരു കലാസൃഷ്ടിയായി കാഴ്ച്ചപ്പെടുത്താൻ ഒരു ഫോട്ടോഗ്രാഫർ വളരെ ഭാവനാസമ്പന്നൻ ആകേണ്ടി വരും എന്നാണ്.

     ഷിജു എന്ന പകൽ ക്കിനാവൻ അങ്ങനെയൊരു ഫോട്ടോ ഗ്രാഫർ ആണെന്ന് ഞാൻ ഇന്ന് കണ്ട ചിത്രങ്ങൾ പറയുന്നു. അയാൾ  പകൽക്കിനാവുകൾ കാണുകമാത്രമല്ല അവ നമ്മുടെ കിനാവുകളായി കാട്ടിത്തരുകയും  ചെയ്യുന്നു. 

Thursday, December 5, 2013'വഴി വെട്ടുന്നവരോട്'

    എൻ എൻ കക്കാടിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. 
ഇന്ന് എൻ  എൻ കക്കാടിന്റെ 'സഫലമീ യാത്ര'യുടെ പുന: പ്രസിദ്ധീ കരണത്തിൻറെ  പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ആ നേരം പലകാര്യങ്ങളും കാലങ്ങളും ഓർമ്മയിൽ വന്നു. പ്രി ഡിഗ്രീ പഠന കാലത്ത് പാഠപുസ്തകത്തിൽ ഇല്ലാത്ത  പുതിയ കവിതകളേയും   അവയുടെ രചയിതാക്കളെയും  പരിചയപ്പെടുത്തുന്ന  അധ്യാപകരുടെ  ക്ലാസിൽ നിന്ന് അയ്യപ്പ പ്പണിക്കർ, എൻ എൻ കക്കാട്, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ കവിതകളെ പരിചയപ്പെട്ടതു മുതൽ കണ്ടതും പരിചയപ്പെട്ടതു മായ കവികളെക്കുറി ച്ചും അവരുടെ കവിതകളെക്കുറിച്ചും 

        1979 -ൽ  കലികാല കവിത എന്ന 'നല്ല ചില പുതിയ കവിതകൾ ' എന്ന രണ്ടാം തലക്കെട്ടോടെ ,പണിക്കർ  സാർ അടക്കമുള്ളവരുടെ രണ്ടും മൂന്നും കവിതകൾ ഉൾപ്പെട്ട  ചെറിയ ഒരു സമാഹാരം പ്രസിദ്ധീ കരിക്കപ്പെടുന്നതും അതിലെ കവിതകൾ വായിക്കുന്നതും . കക്കാടിന്റെ രണ്ടു കവിതകൾ അതിലുണ്ടായിരുന്നു. അന്ന് വായിച്ച 'വഴി വെട്ടുന്നവരോട്' എന്ന  കവിത ഇപ്പോഴും എന്നെ വിടാതെ പിന്തുടരുന്നു.


 പഴങ്കഥ യുടെ മൂശയിൽ ചിട്ടപ്പെടുത്തിയ അലിവും സ്നേഹവും മൃദുവായി വായനക്കാരെ ഉടനീളം തലോടി നിൽക്കുന്ന ഒന്നാണ് ആ കവിത.   പുതിയ വഴി വെട്ടാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പുതു വഴി വെട്ടാതിരിക്കാൻ പ്രേരിപ്പിക്കുന്ന, അതിനെതിരെ ഉപദേശിക്കുന്ന  സാമാന്യ യുക്തികളെയും , അതിനായി നിരത്തുന്ന ന്യായങ്ങളെയും കവിത ഓർമ്മിപ്പിക്കുന്നു. 'വനവില്ലികൾ' എന്ന പിശാചുക്കളായാണ് അവരെ കവി കാണുന്നത്.   എന്നാൽ അതൊന്നും കൂസാതെ   വഴി വെട്ടാൻ തുനിഞ്ഞ് അതിൽ വിജയിയായ ആളെ ജനങ്ങൾ  സ്വീകരിക്കാതിരിക്കുന്നില്ല.ആനയും അമ്പാരിയും ആയി വരവേറ്റ തി നുശേഷം  ശേഷം  ദേവിക്ക് ബലിയായി നല്കുകയും  ആ മൂപ്പന് മണ്ഡപം പണിയുകയും ചെയ്യുന്നു.. പിന്നീട് കാലാകാലം വഴിപാടുകൾ, വഴിപാടിന് കഴിച്ച്  പെരു വഴിയെ തന്നെ പോക്ക് തുടരുന്നു.   മൂപ്പൻ  വഴിയെന്നു പേരിട്ട് പുതു വഴി വെട്ടാൻ തുനിയുന്നവരെ  ആ  പാതയിൽ ചവുട്ടി അശുദ്ധമാക്കാൻ സമ്മതിക്കില്ലെന്ന് കാത്തു രക്ഷിക്കുന്നു.  പെരുവഴിയുടെ 'മാർഗ്ഗം' നിരന്തരം ജയിക്കുകയും പുതു വഴി വെട്ടൽ വഴിപാടായി നില നിർത്താൻ പെരുവഴിക്കാർ എന്നും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

, പൊതു സമൂഹത്തിൽ നിന്ന് വേറിട്ട ഏതു  ചിന്തയേയും  പ്രവർത്തിയേയും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ  അതിനെ ആശ്ലേഷിക്കുന്നതായി  ഭാവിച്ച് ഒരു മൂലക്കിരുത്തുക എന്ന സമൂഹത്തിൻറെ സ്ഥിരം തന്ത്രങ്ങളെ  കവിത ഓര്മ്മിപ്പിക്കുന്നു.
.  അയ്യപ്പ പ്പണിക്കർ സാറിനെ പ്പോലെ  മലയാള കവിതയിൽ പുതു വഴി വെട്ടിയ കവിയാണ്‌  ശ്രീ എൻ എൻ കക്കാട് .പുതു വഴി വെട്ടിയവരേയും ആ  വെട്ടലിനെയും വഴിപാടാക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്ത  മുണ്ട്. ആ ഉത്തരവാദിത്ത മാണ് ഒരു പക്ഷേ ഇങ്ങനെ കക്കാടിന്റെ കവിതകൾ വീണ്ടും പ്രസിദ്ധീ കരിക്കുന്നത് വഴി നിറവേറ്റപ്പെടുന്നത്‌ എന്ന് കരുതാം. മാതൃഭുമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Monday, December 2, 2013

The age of loudness

This is an age of loudness 
And of tantrum
This is an age of Glitz
Beat the drum louder
about the innocence and sweet aroma 
of the shit you flush out daily, 
the louder the beats more the visibility...

Sunday, December 1, 2013


പദ്ധതി ശാസ്ത്രം 


അവൻറെ / അവളുടെ മൂക്കു നല്ലത്
മുഖം നല്ലത് 

അവൻറെ / അവളുടെ ചിരി നല്ലത് 
വളഞ്ഞ ചില്ലി നല്ലത് 

അവന്റെ/ അവളുടെ മൊഴി നല്ലത് 
മിഴി നല്ലത് 

അവന്റെ / അവളുടെ വാക്ക് നല്ലത് 
നോക്ക് നല്ലത് 

അവന്റെ / അവളുടെ പാട്ടു  നല്ലത് 
കുരൽ നല്ലത് 

അവന്റെ / അവളുടെ പദം നല്ലത് 
പാദം നല്ലത്

 അവൻറെ / അവളുടെ കുര  നല്ലത്
കടി നല്ലത്

അവന്റെ/ അവളുടെ കഴുത്തു നല്ലത് 
എഴുത്തും നല്ലത് 

അവന്റെ / അവളുടെ ഉടലാകെ നല്ലത് 
ഉയിരാകെ നല്ലത് 

അതേയോ ?
ഉറക്കെ പ്പറയല്ലെ ,
ആളുകൾ  കേൾക്കും 
അവന്റെ/ അവളുടെ പേരു പറയല്ലേ 
പെരുമയും പറയല്ലേ 
അവനവൾ അഹങ്കാരിയാകും
അവളവൻ  നിഷേധിയാകും 

നമ്മളെന്തി ന്  നമ്മളിലൊരാളെ
നമ്മളിലുള്ളൊരാളെ 
ഇല്ലാതെയാക്കണം?
വല്ലാതെയാക്കണം  ?
വല്ലാതെയില്ലാതെയാക്കണം?