ദൽഹി യിൽ മാനഭംഗത്തിന് ഇരയായ നിർഭയയുടെ 'രക്ത സാക്ഷിത്വത്തിനു ഇപ്പോൾ ഒരു വർഷം. സ്ത്രീകളും പെണ്‍കുട്ടികളും യുവാക്കളും അടങ്ങുന്ന ആൾക്കൂട്ടം സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി ദൽഹി നഗരത്തെയും ലോകത്തെ ആകെയും ഇളക്കി മറി ക്കും വിധം ആര്ത്തു വിളിച്ചു രോഷംകൊണ്ടത് കണ്ട് ഇന്ത്യയിലെ ആണധികാര പ്പുര ചെറുതായി ഒന്നുലഞ്ഞു എന്നതിന്റെ സൂചനയായിരുന്നു ക്രിമിനൽ നിയമത്തിന്റെ ഭേദഗതി ബിൽ ലോക് സഭയിൽ പാസ്സാക്കപ്പെട്ടത്. എപ്പൊഴുമെന്നതു പോലെ നിയമം ഇല്ലാത്തതു കൊണ്ടല്ല , ഗുരുക്കന്മാരുടെ ഉപദേശങ്ങളും, പ്രവാചകരുടെ ഉദ്ബോധനങ്ങളും കൽപ്പനകളും ഇല്ലാത്തുകൊണ്ടുമല്ല , എണ്ണമറ്റ സദാചാര സംഹിതകൾ ഓലയെഴുത്തുമുതൽ കടലാസിലും ഇലക്ട്രോണിക് മാധ്യമത്തിലൂടെയും വരെ തെളിഞ്ഞു കിട്ടാത്തതു കൊണ്ടല്ല മനുഷ്യർ നന്നാവാത്തത്, ലോകമെങ്ങുമുള്ള ആണധികാര പ്രയോഗങ്ങൾ തുടരുന്നത്. അവർ പെണ്ണുങ്ങൾക്കും, കുട്ടികൾക്കും , ലൈംഗിക ന്യൂന പക്ഷങ്ങൾക്കും ദളിതർക്കും, വയോജനങ്ങൾക്കും, പ്രകൃതിക്കും എതിരെയുള്ള അതിക്രമങ്ങളും കയ്യേറ്റങ്ങളും പൂർവാധികം ശക്തിയോടെ നടത്തിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി കയ്യിലൊതുക്കി വച്ച അധികാര ദണ്ഡ് വലിച്ചെറിയാൻ പുരുഷ പ്രജകൾക്ക് അത്ര പെട്ടെന്ന് കഴിയില്ല. മദ്യപിച്ച് ഭാര്യയെ തല്ലി ച്ചതക്കലായും മകളെ ബലാൽ പീഡി പ്പിക്കലായും, റോഡിൽ അസഭ്യ നോട്ടങ്ങളും വാക്കുകളുമായും അനേകമനേക രീതികളിൽ അവൻ തൻറെ ദണ്ഡ് വീശൽ തുടരുന്നു.
നയതന്ത്ര ഓഫീസ് മുതൽ പഞ്ചായത്ത് ആഫീസ് വരെയുള്ള, പണിയെടുക്കുന്ന പെണ്ണുങ്ങളെ വ്യത്യാസമില്ലാതെ തങ്ങളുടെ വരുതിയിൽ നിരത്താൻ പുരുഷാധികാര സമൂഹം വർണ്ണ -വര്ഗ്ഗ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്നത് നാം കാണുന്നു. മതത്തെയും ജാതിയേയുംആചാരങ്ങളെയും അനുഷ്ഠാ നങ്ങളെയും സൌകര്യപൂർവ്വം കൂട്ടുപിടിക്കുന്ന അവർക്ക് സ്ത്രീകളുടെ അവരവരെപ്പറ്റി യുള്ള ബോധോദയങ്ങൾ തങ്ങളുടെ നിലനില്പ്പിനു തന്നെ ആപത്താണ് എന്ന് ഭയമുണ്ട്. ആ ഭയം കുടുങ്ങിയ പുരുഷൻ പെണ്ണുങ്ങളെ നിലക്ക് നിർത്താൻ ലൈംഗികാതിക്രമങ്ങൾ ആണ് ഏറ്റവും ഫലപ്രദം എന്ന് വിചാരിക്കുന്നു.
പെണ്‍ ശരീരങ്ങൾ തൊണ്ടിയായി, യുദ്ധമുതലായി പിടിച്ചെടുക്കൽ വിജയിച്ച പട തന്റെ ശത്രുരാജ്യക്കാരോട് നൂറ്റാണ്ടുകളായി ചെയ്തു കൊണ്ടിരുന്ന അക്രമമാണ്. അവരുടെ ഉടലിൽ മേൽ ബലാൽ ബീജ നിക്ഷേപം നടത്തൽ കാലാൾ പ്പടക്കാലം മുതൽ പുതിയ ആയുധ പ്രയോഗങ്ങളുടെ ഈ കാലം വരെ തുടരുന്ന ഒരു 'നയമാണ്. സ്ത്രീ ശരീരങ്ങളെ അപമാനിക്കൽ ഒരു രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന ബോധം നിലനില്ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇത്തരം ചെയ്തികൾ ഉത്പാദന യോഗ്യമായ മണ്ണും പെണ്ണും പിടിച്ചെടുത്ത വൻറെ അഹമ്മദികൾ. അതിന്റെ നിരവധി രൂപങ്ങൾ സമൂഹമൊന്നാകെ ഇന്നും പടര്ന്നു കിടക്കുന്നു. ഓരോ സ്ത്രീയും നിരന്തരം ആണധികാരത്തിന്റെ കയ്പ്പിൽ ജീവിതം 'കഴിച്ചുകൂട്ടുന്നു '.
ഈ സംഗതി മനസ്സിലാകാത്ത ഒരേ ഒരു കൂട്ടർ പുരുഷന്മാരും പുരുഷാധികാരത്തിന്റെ ആത്മാവ് സ്വയം ആവാഹിച്ച, 'സ്വത്വബോധമില്ലാത്ത സ്ത്രീകളുമാണ് . പുരുഷ ലോകത്തിന്റെ അരികുകൾ അലങ്കരിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നവർ, വസ്തുവത്ക്കരണത്തിൽ സ്വയം രസിക്കുന്നവർ . ഇത്തരം പൗരന്മാരെയും പൌരികളേയും വാർത്തെടുക്കുന്നതിൽ അഭിമാനിക്കുന്നവർ. ഇരുകൂട്ടരും ലോകം പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും മറ്റു അനേകമനേകം ജീവ ജാലങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന ഏറ്റവും പ്രാഥമികമായ നിലനില്പ്പ് സത്യം അംഗീകരിക്കാത്തവരായി എന്നും നിലകൊള്ളുന്നു. ഗോവിന്ദ ച്ചാമിമാരെ തൂക്കി ക്കൊന്നാൽ സമൂഹം ശുദ്ധമാകും എന്ന് വിശ്വസിക്കുന്നു. സ്വന്തം ഉള്ളിലെ ,വീട്ടിലെ, ഗോവിന്ദ ച്ചാമിയെ ഒന്ന് തിരിഞ്ഞു നോക്കാതെ.
ഉള്ളിലേയും പുറത്തേയും മോചനത്തിന് വിലങ്ങു തടിയായി നിൽക്കുന്ന ഗോവിന്ദച്ചാമി മാരെ തുടച്ചെ റിയാൻ ഒരുമ്പെടുന്ന, ഈ ആണധികാര ഘടനക്കെതിരെ ആണും പെണ്ണും ഒരുമിച്ച് പൊരുതേണ്ട താണെന്ന് തിരിച്ചറിയുന്ന മനുഷ്യർ ഇവിടെ ഉണ്ടായിത്തീരും എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നത്
2 comments:
with all the pain, i also wish to think in that way : our society will get better and better ..
karunakaran
thank u , Karun.
Post a Comment