Friday, December 6, 2013

പകൽക്കിനാവുകൾ



  ഷിജു എസ് ബഷീറിന്റെ ഫോട്ടോഗ്രാഫി എക്സിബിഷൻറെ  ഉത്ഘാടനത്തിൽ സംബന്ധിച്ചു, ഇന്ന്.

      ചിത്രകലയിൽ നിന്നും ഫോട്ടോ ഗ്രാഫുകളെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌ . അതല്ല ചര്ച്ചാ വിഷയം.  ചിത്രകലയുടെ ഒരു ഘട്ടത്തിൽ യഥാ തഥ ശൈലിയിൽ  ഛായാ ചിത്രങ്ങളും പ്രകൃതി ചിത്രങ്ങളും ധാരാളമായി യൂറോപ്യൻ ചിത്രകാരന്മാർ ആവിഷ്കരിച്ചു കൊണ്ടിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും ഫോട്ടോ ഗ്രാഫി അവർക്ക് ഒരു വെല്ലുവിളിയായി .അതിൽ നിന്ന് പുറത്ത് വരാൻ, പുതിയ വഴികൾ വെട്ടാൻ, പുതിയ ശൈലികൾ പരീക്ഷിക്കാൻ ചിത്ര -ശില്പ്പ കലാകാരന്മാർ തയ്യാറായി. അങ്ങനെ പ്രതി നിധാന പരതയിൽ നിന്ന് ഫോമിന്റെ ആബ്സ്ട്രാക് ഷൻ നിലേക്കും വസ്തുവിന്റെ ചിത്രീകരണം എന്നതിലുപരി എന്താണ് ചിത്രകല,/ ശിൽപ്പകല  എന്നറി യാനും അന്വേഷിക്കാനും  കൂടുതൽ ആഴത്തിൽ  മറ്റു സാധ്യതകളിലേക്കും പോകാനും  ക്യാമറയുടെ കടന്നു വരവ് കാരണമായി. 

       ഇപ്പോഴും പലതരം വെല്ലു വിളികൾ നേരിട്ട് കൊണ്ട് ചിത്രകലയും ഫോട്ടോഗ്രാഫിയും അതാതു മേഖലകളിൽ മുന്നോട്ടു പോകുന്നു.

 ഇങ്ങനെ ആലോചിക്കാൻ  കാരണം. ഷിജു വിന്റെ ഫോട്ടോ പ്രദർശനമാണ്.
ഷിജു പല രാജ്യങ്ങൾ , പല ദേശങ്ങൾ , പല സമയങ്ങളിൽ സഞ്ചരിച്ച് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ. അവ പല കാലങ്ങളിലെക്കും , ജീവിതങ്ങളിലേക്കും, ഓർമ്മ കളിലേക്കും ,നമ്മേയും  കൊണ്ട് പോകും. അവ പക്ഷെ വെറും ദൃശ്യങ്ങൾ അല്ല. ഒരേ സമയം അതിനു വെറും കാഴ്ചയായി നില്ക്കാൻ സാധിക്കുമെങ്കിലും അവയെ  പകർത്തപ്പെട്ട   ഒരു നിമിഷത്തിലെ വെറും കാഴ്ചയിലേക്ക് ഒതുക്കാൻ ആവില്ല. കാരണം കാഴ്ചക്കാരനെ വെറുതെ കണ്ടു പോകാൻ അവ വിടില്ല എന്ന് തന്നെ.

  ചില ചിത്രങ്ങളിലെ മനുഷ്യർ കരിങ്കല്ലിൽ കൊത്തിയ പോലെ , സജീവമായി എന്നാൽ ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലുമായി നിൽക്കുന്നു. ചില മുഖങ്ങൾ മിനുങ്ങുന്ന മെഴുകു പ്രതിമപോലെ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് നോക്കും വിധം ജീവനോടെ.വാസ്തവത്തിൽ സ്ഥല കാലങ്ങൾ ക്കപ്പുറം പോകുന്ന ആ ഭാവങ്ങൾ അവരിൽ ഷിജു വിന്റെ ക്യാമറ പകര്ത്തുകയോ കണ്ടെത്തുകയോ ചെയ്യുന്നു.
    വളരെ  ലളിതമെന്നു തോന്നുന്ന ചില ചിത്രങ്ങൾ ഒരു നല്ല പെയിന്റിംഗ് ആയി അനുഭവപ്പെടും. ഒരാൾ  മത്സ്യം  ചരടിൽ കോർത്തു  കെട്ടി തൂക്കി ക്കൊണ്ട് പോകുന്ന ചിത്രം. മീൻ   കൊണ്ട് പോകുന്നവന്റെ ഇരു കാലുകളും  അവയോടു ചേർന്ന് ചത്ത മീനിന്റെ പിളര്ന്ന വായും.  കാഴ്ച്ചക്കാര നോട് സംവദിക്കുന്ന അതിന്റെ പളുങ്കു കണ്ണുകൾ.  ആ മത്സ്യങ്ങൾ മനുഷ്യരേക്കാൾ വലിയ ' മനുഷ്യത്തം' ഉള്ളവയായി നമ്മുടെ മുൻപിൽ വെളിപ്പെടുന്നു.

   ഇങ്ങനെ ഓരോ ചിത്രങ്ങളും കാഴ്ചക്കാരൻറെ  ഭാവനകൾക്കനുസരിച്ച് വിവിധ മാനങ്ങളിലേക്ക് പടരുന്നു.

  പ്രകൃതിയും മനുഷ്യനും വിരുദ്ധ ധ്രുവങ്ങളായി നിന്നിരുന്ന ആ പഴയ കാലം ഇന്നില്ല.

  ക്യാമറ മനുഷ്യ ന്റെ ഒര വയവമായി, കാഴ്ച്ചയുടെ,  കണ്ണിൻറെ ഒരു എക്സ്റ്റൻഷൻ ആയി മാറിയിട്ടുണ്ട്. അത് കൊണ്ടു  തന്നെ  യന്ത്ര സഹായത്താൽ ആവിഷ്കരിക്കുന്ന കല എന്ന നിലയിൽ അതിനെ വില കുറച്ചു കാണുന്ന കാലവും കഴിഞ്ഞു. മനുഷ്യന്റെ ഹൃദയം പ്രവര്ത്തിക്കാൻ പേസ് മേക്കർ  ശരീരത്തിൽ ഘടിപ്പിച്ച മനുഷ്യനെ നാം യന്ത്ര മനുഷ്യൻ എന്ന് വിളിക്കാത്തതു പോലെ കാഴ്ച്ചയുടെ, ഉൽ ക്കാഴച്ചയുടെ മിഴിവിന് ക്യാമറയെ ഉപയോഗിക്കുന്ന കലാകാരനേയും അങ്ങനെ വിളിക്കേണ്ടതില്ല. പറഞ്ഞു വരുന്നത്, പക്ഷെ ഡിജിറ്റൽ യുഗത്തിൽ ദൃശ്യങ്ങളുടെ ആധിക്ക്യം കൊണ്ട് ആന്ധ്യം  ബാധിച്ച  മനുഷ്യൻറെ കണ്ണ് തുറക്കാൻ , താൻ പകര്ത്തുന്ന ചിത്രം ഒരു കലാസൃഷ്ടിയായി കാഴ്ച്ചപ്പെടുത്താൻ ഒരു ഫോട്ടോഗ്രാഫർ വളരെ ഭാവനാസമ്പന്നൻ ആകേണ്ടി വരും എന്നാണ്.

     ഷിജു എന്ന പകൽ ക്കിനാവൻ അങ്ങനെയൊരു ഫോട്ടോ ഗ്രാഫർ ആണെന്ന് ഞാൻ ഇന്ന് കണ്ട ചിത്രങ്ങൾ പറയുന്നു. അയാൾ  പകൽക്കിനാവുകൾ കാണുകമാത്രമല്ല അവ നമ്മുടെ കിനാവുകളായി കാട്ടിത്തരുകയും  ചെയ്യുന്നു. 

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരുപാട് സന്തോഷം തോന്നുന്നു ടീച്ചർ :)
സ്നേഹം ഷിജു

savi said...

ഇനിയും ഉജ്വലമായ ചിത്രങ്ങൾ ഉണ്ടാവട്ടെ.
സ്നേഹം