Tuesday, August 22, 2017

തല്ലു കൊള്ളാൻ കൂട്ടാക്കാത്ത ഭാര്യ

                    
       തല്ലു  കൊള്ളാൻ കൂട്ടാക്കാത്ത ഭാര്യ

                  (കാശ്മീരി നാടോടിക്കഥയുടെ സ്വതന്ത്ര പരിഭാഷ )

      കാശ്മീർ താഴ്വരയിലെ  ധനവാനായ  ഒരു വ്യാപാരിക്ക്  അലസനും മൂഢ നുമായ  ഒരു മകൻ ഉണ്ടായിരുന്നു.ഏറ്റവും വ്യുൽപ്പത്തിയുള്ള അധ്യാപകരുടെ  കീഴിൽ പഠിപ്പിച്ചിട്ടും അയാൾ ഒന്നും പഠിച്ചില്ല. അവൻ മഹാ മടിയനും, ഒന്നിലും ശ്രദ്ധയില്ലാത്തവനുമായി  അവർ നൽകിയ ഒരറിവുപോലും സ്വായത്തമാക്കാൻ തുനിഞ്ഞില്ല. അതിനുപകരം അലസമായി തന്റെ സമയം ചിലവിട്ടു. അവൻറെ അച്ഛന് മകനിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്ന സ്ഥിതിയായി. പിതാവിന്  അവനോട് നീരസവും പുച്ഛവുമായി എങ്കിലും 'അമ്മ അവനെ എല്ലായ്പ്പോഴും നിർദ്ദോഷിയായി കണ്ടു ക്ഷമിച്ചു.

    അവൻ വലുതായി. വിവാഹ പ്രായവുമായി.'അമ്മ അവനുവേണ്ടി നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ അച്ഛനോട് കെഞ്ചിക്കൊണ്ടിരുന്നു. അച്ഛനാകട്ടെ മകനെക്കുറിച്ചോർത്തുള്ള ജാള്യതയാൽ അവനുവേണ്ടി ഒന്നും ചെയ്യാൻ കൂട്ടാക്കിയില്ല എന്നുമാത്രമല്ല അവൻ വിവാഹമേ  കഴിക്കേണ്ടതില്ല എന്ന ചിന്തയിലുമായിരുന്നു. പക്ഷെ അമ്മക്ക് അങ്ങനെ ആയിരുന്നില്ല. കല്യാണ പ്രായമായ മകൻ വിവാഹം കഴിക്കാതെ കഴിയുന്നത് അവരുടെ ആചാരങ്ങൾക്കും മതനിഷ്ഠക്കും നിരക്കുന്ന ഒന്നല്ലെന്നും നാണക്കേടാണെന്നും  അവർക്കു തോന്നി. അതിനാൽ അവർ തന്റെ മകൻ ഈയിടെയായി അസാമാന്യമായ പക്വതയും അറിവും കാണിക്കുന്നുണ്ട് എന്ന് ഭർത്താവിനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.ഈ വക വർത്തമാനം പക്ഷെ  കച്ചവടക്കാരനെ ക്രുദ്ധനാക്കാനേ ഉപകരിച്ചുള്ളൂ. അവസാനം ഒരു ദിവസം അയാൾ പറഞ്ഞു. “ ഞാനിത് പല തവണയായി കേൾക്കുന്നു. നീ പറയുന്നത് വിഡ്ഢി ത്തമാണ്. അമ്മമാർ വാത്സല്യം കൊണ്ട് അന്ധരായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എങ്കിലും അവന് ഞാൻ ഒരവസരം കൂടി കൊടുക്കാം. നീ അവനെ വിളിച്ചു ഈ മൂന്നു നാണയം കൊടുക്കുക.  ചന്തയിൽ പോയി ഒരു നാണയം കൊണ്ട് അവനു വേണ്ടി എന്തെങ്കിലും വാങ്ങട്ടെ. ഒരു നാണയം പുഴയിലേക്ക് എറിയുകയും ബാക്കി വരുന്ന ഒരു നാണയം കൊണ്ട് അഞ്ചു സാധനമെങ്കിലും -അതായത് കഴിക്കാൻ പറ്റുന്ന ഒന്ന്, കുടിക്കാൻ പറ്റുന്ന ഒന്ന്,കാർന്നു തിന്നാൻ പറ്റുന്ന ഒന്ന്, വിതക്കാൻ കൊള്ളാവുന്ന ഒന്ന്, പശുവിന് തീറ്റയായി കൊടുക്കാവുന്ന ഒന്ന്- ഇവ വാങ്ങിക്കൊണ്ടു വരാൻ പറയുക.”

  ആ സ്ത്രീ പറഞ്ഞപോലെ ത്തന്നെ ചെയ്തു. മകനാകട്ടെ മൂന്നു ചെമ്പു നാണയങ്ങളുമായി ചന്തയിലേക്ക് പോയി.

  ഒരു നാണയം കൊണ്ട് അവൻ .ചന്തയിൽ  നിന്ന് തിന്നാൻ കൊള്ളാവുന്ന സാധനം വാങ്ങി. അത് എളുപ്പമായിരുന്നു താനും. അതിനുശേഷം പുഴത്തതീരത്തു വന്ന് കയ്യിലുള്ള രണ്ടു നാണയങ്ങളിൽ ഒന്നെടുത്ത് അതിലേക്ക് എറിയാനാഞ്ഞു. പെട്ടെന്ന് അവനു അതിലെ മണ്ടത്തരത്തെ പ്പറ്റി ചിന്ത  വന്നു. ‘’ ഞാനിപ്പോൾ ഇത് ചെയ്‌താൽ എന്താണ് ഗുണം?” അവൻ ഉറക്കെ ആത്മഗതം ചെയ്തു “ ഞാൻ ഈ നാണയം പുഴയിലേക്കെറിഞ്ഞാൽ പിന്നെ അവശേഷിക്കുന്നത് ഒരു നാണയം മാത്രമാണ്.അതുകൊണ്ട് എന്തുവാങ്ങാൻ സാധിക്കും?തിന്നാനും കുടിക്കാനും 'അമ്മ പറഞ്ഞ മറ്റുകാര്യങ്ങൾക്കുമായി എങ്ങനെ തികയും? ഇത് എറിഞ്ഞില്ലെങ്കിലോ  ഞാൻ അനുസരണയില്ലാത്തവനുമാകും “.

   അവന്റെ ഈ ആത്മഗതത്തിനിടയിൽ അത് കേട്ടുകൊണ്ട് വന്ന ഒരു കൊല്ലപ്പ ണിക്കാരൻറെ മകൾക്ക്  അവൻറെ ക്ലേശം കണ്ട് ദയതോന്നി. അവൾ കാര്യമന്വേഷിച്ചു.ചെറുപ്പക്കാരൻ അവൻറെ  'അമ്മ ചെയ്യാനാവശ്യപ്പെട്ട കാര്യങ്ങൾ വിസ്തരിക്കുകയും അത്  അനുസരിക്കുന്നത് വളരെ മണ്ടത്തരമാണെന്ന് സ്വയം കരുതുന്നതായും പറഞ്ഞു.പക്ഷേ അവൻ എന്ത് ചെയ്യും? അമ്മയെ അനുസരിക്കാതിരിക്കണമെന്ന് അവൻ തീരെ ആഗ്രഹിക്കുന്നില്ല താനും.

“ എന്ത് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരാം’’ പെൺകുട്ടി പറഞ്ഞു ‘’ പോയി  ഒരു നാണയത്തിന് ഒരു തണ്ണി മത്തങ്ങ വാങ്ങി വരൂ. ബാക്കിയുള്ള ഒറ്റ നാണയം പോക്കറ്റിൽ തന്നെ സൂക്ഷിക്കൂ, പുഴയിലേക്ക് എറിയേണ്ട. തണ്ണി മത്തങ്ങയിൽ നിനക്കാവശ്യമുള്ള അഞ്ചു കാര്യങ്ങളും ഉണ്ട്.ഒന്ന് വാങ്ങി അമ്മയ്ക്ക് കൊടുക്കൂ, അവർക്കു സന്തോഷമാകും”

            യുവാവ്  അത് തന്നെ ചെയ്തു.
  കച്ചവടക്കാരൻറെ ഭാര്യ തന്റെ മകൻ ഇത്ര സമർത്ഥനാണല്ലോ എന്ന് സന്തോഷിച്ചു.” നോക്കൂ’ അവർ ഭർത്താവ് വീട്ടിൽ വന്നു കയറിയ പാടെ പറഞ്ഞു ‘ നമ്മുടെ മകൻ ചെയ്തതെന്താണെന്ന് കണ്ടോ? അവൻ അതി ബുദ്ധിമാനാണെന്നു ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നില്ലേ?’’

    തണ്ണിമത്തങ്ങ കണ്ട് വ്യാപാരിയും അത്ഭുതപ്പെട്ടു.” നമ്മുടെ മകൻ സ്വയം ഇത് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.അവനു അതിനുള്ള വിവേകമൊന്നുമില്ല. അവനെ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാകണം.” ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ മകനോട് ചോദിച്ചു ‘’  ആരാണ് ഇങ്ങനെ ചെയ്യാൻ നിന്നോട് പറഞ്ഞത്?’’

  പയ്യൻ മറുപടി പറഞ്ഞു. “ ഒരു കൊല്ലപ്പണിക്കാരൻറെ മകൾ”

    ‘’ നീ കേട്ടല്ലോ” വ്യാപാരി ഭാര്യയോട് പറഞ്ഞു  എനിക്കറിയാമായിരുന്നു ഇതീ പൊട്ടൻറെ ബുദ്ധിയിൽ വന്നതല്ലെന്ന്’’ പിന്നെ എന്തോ ചിന്തിച്ചു കൊണ്ട് അയാൾ തുടർന്നു. ‘’ അവൻ വിവാഹം കഴിക്കട്ടെ. നീ സമ്മതിക്കുകയാണെങ്കിൽ,  അവനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ. ഇവനോട് ആ പെൺകുട്ടി ചെറിയ താൽപ്പര്യം കാണിച്ച സ്ഥിതിക്ക് അവൻ കൊല്ലപ്പണിക്കാരൻറെ മകളെ വിവാഹം കഴിക്കട്ടെ.  അവൾ ഒരു സമർത്ഥ യാണെന്ന്   തോന്നുന്നു”.

   “ തീർച്ചയായും, ഇതിനേക്കാൾ നല്ലത് വേറെ വരാനില്ല” ഭാര്യ ധൃതിയിൽ പറഞ്ഞു

        അങ്ങനെ നിശ്ചയിച്ച് വ്യാപാരി കൊല്ലൻറെ കുടിലിൽ എത്തിയപ്പോൾ  മകനെ സഹായിച്ച പെൺകുട്ടിയെ കണ്ടു. അയാൾ  പറഞ്ഞു “ ഞാൻ നിന്റെ  മാതാപിതാക്കളെ കാണാൻ വന്നതാണ് “
പെൺകുട്ടി മറുപടി പറഞ്ഞു “  എൻറെ അച്ഛൻ കവിടിക്ക് മാണിക്യക്കല്ലു വാങ്ങാൻ പോയതാണ്. 'അമ്മ  കുറച്ചു വാക്കുകൾ വിൽക്കാനും. പക്ഷേ അവർ താമസിയാതെ വരും . ദയവായി അൽപ്പനേരം ഇരിക്കൂ” .

  “ശരി , ഞാൻ കാത്തിരിക്കാം ‘ വ്യാപാരി പറഞ്ഞു.പെൺകുട്ടിയുടെ വാക്കുകൾ കേട്ട് പരുങ്ങിയെങ്കിലും അയാൾ ചോദിച്ചു ‘ നിന്റെ മാതാപിതാക്കൾ എവിടെ പോയെന്നാണ്‌ പറഞ്ഞത്?”

  “എന്റെ അച്ഛൻ ഒരു കവിടിയോളം പോന്ന പത്മരാഗക്കല്ലു വാങ്ങാൻ പോയി, അതായത് അദ്ദേഹം വിളക്കു തെളിയിക്കാനുള്ള  എണ്ണ വാങ്ങാൻ പോയി. 'അമ്മ വാക്കുകൾ വിൽക്കാനായി പോയതാണ്; അതായത് അവർ ആരുടെയോ വിവാഹം  ഉറപ്പിക്കുന്നതിന് ഇടനിലക്കാരിയായി പോയതാണ് എന്നർത്ഥം”.

 വ്യാപാരിക്ക് പെൺകുട്ടിയുടെ ബുദ്ധിസാമർഥ്യത്തിൽ മതിപ്പു തോന്നി.പക്ഷെ അത് പുറത്തു കാണിച്ചില്ല.

   താമസിയാതെ കൊല്ലപ്പണിക്കാരനും ഭാര്യയും വന്നു. ഇത്ര ധനവാനായ വ്യാപാരി അവരുടെ ചെറു കുടിലിൽ വന്നത് കണ്ടു അവർ അത്ഭുതപ്പെട്ടു. അവർ അയാളെ ഏറ്റവും ബഹുമാനത്തോടെ വണങ്ങികൊണ്ടു ചോദിച്ചു  “ എന്താണ് ഞങ്ങളുടെ വീട്ടിലേക്ക്  വരാനുണ്ടായ കാരണം?”

   വ്യാപാരി അയാളുടെ മകനെക്കൊണ്ട്  അവരുടെ മകളെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം അറിയിച്ചു. അവർ വിസ്മയം മറച്ചുവയ്ക്കാതെ ഉടൻ തന്നെ വിവാഹത്തിന് സമ്മതിച്ചു.വിവാഹ ദിവസവും ഉറപ്പിച്ചു.
  കാറ്റ് ഈ വാർത്ത എല്ലായിടത്തും പരത്തിക്കൊണ്ടു പറന്നു.നാട്ടുകാർക്കിടയിൽ  പണക്കാരനായ വ്യാപാരിയുടെ മകൻ ദരിദ്രനായ കൊല്ലന്റെ മകളെ കല്യാണം കഴിക്കുന്ന കാര്യത്തെക്കുറിച്ച് സംസാരമായി. ചിലർ മകനോട് പെൺകുട്ടിയെക്കുറിച്ചു അനാവശ്യങ്ങൾ പറഞ്ഞു അനിഷ്ടമുണ്ടാക്കാൻ ശ്രമിച്ചു. അവരിൽ ചിലർ അവനെ ഉപദേശിച്ചത് പെൺകുട്ടിയുടെ അച്ഛനെക്കണ്ട് ഈ വിവാഹം നടക്കുന്നത് തടയണം എന്നായിരുന്നു.  ഇനി അഥവാ വിവാഹം നടക്കുകയാണ് എങ്കിൽ വരൻ പെൺകുട്ടിയെ എല്ലാ ദിവസവും ഏഴു തവണ ചെരിപ്പു കൊണ്ട് അടിക്കുമെന്ന് അയാളോട് പറയാനും  ആവശ്യപ്പെട്ടു..ഇങ്ങനെ അടിക്കുമെന്നതിനാൽ അവർ പേടിച്ചു കല്യാണത്തിൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു അവർ കണക്കുകൂട്ടിയത്. ഇനി അതല്ല അവൻ ആ പെൺകുട്ടിയെ വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ നിത്യവുമുള്ള ഈ അടികൊണ്ട്  അവൾ  അനുസരണയുള്ളവളാകും, നിനക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയുമില്ല”.

   ആ വിഡ്ഢി അതൊരു നല്ല ആശയമാണെന്ന് വിശ്വസിച്ച് നേരെ കൊല്ലപ്പണിക്കാരന്റെ വീട്ടിൽ പോയി കൂട്ടുകാർ പറഞ്ഞതുപോലെ പറയുകയും പെരുമാറുകയും ചെയ്തു.

  കൊല്ലപ്പണിക്കാരൻ അയാളുടെ ഭീഷണി കേട്ട് അസ്വസ്ഥനായി.അയാൾ മകളെ വിളിച്ച് വ്യാപാരിയുടെ മകൻറെ പെരുമാറ്റവും വാക്കുകളും  വിവരിച്ചു കേൾപ്പിച്ചു. അതിനാൽ അയാളുമായി ഒരു ബന്ധവും വേണ്ടെന്നും കൊല്ലൻ മകളെ ഉപദേശിച്ചു.” നിന്നെ ഒരു മോഷ്ടാവിനെപ്പോലെ അവഹേളിക്കാൻ സാധ്യതയുള്ള  ഇയാളെ വിവാഹം ചെയ്യുന്നതിൽ ഭേദം കല്യാണമേ കഴിക്കാതിരിക്കുന്നതാണ് ‘’ അയാൾ പറഞ്ഞു
      
  ആ നേരം മകൾ അയാളെ സമാധാനിപ്പിച്ചു.’’ അച്ഛൻ എന്നെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട . തീർച്ചയായും ഏതോ ചില കുബുദ്ധികൾ അയാളെ ഇങ്ങനെ സംസാരിക്കാൻ പറഞ്ഞിളക്കി വിട്ടതാണ്. ഇതു തുടരാൻ ഞാൻ അനുവദിക്കില്ല. പുരുഷന്മാർ പറയുന്നതിലും പ്രവർത്തിക്കുന്നതിലും തമ്മിൽ  അന്തരമുണ്ട് .അയാൾ പറയുന്നതുപോലെ സംഭവിക്കില്ല”.

    നിശ്ചയിച്ച ദിവസം തന്നെ അവരുടെ വിവാഹം ആഘോഷപൂർവ്വം നടന്നു.വിവാഹദിവസം അർദ്ധരാത്രിയിൽ വരൻ എഴുന്നേറ്റു. വധു നല്ല ഉറക്കമാണെന്നു കണ്ട് ചെരുപ്പ്  കയ്യിലെടുത്ത് അടിക്കാനാഞ്ഞപ്പോൾ പെൺകുട്ടി കണ്ണ് തുറന്നു അയാളോട് പറഞ്ഞു.” അരുത്,  വിവാഹ ദിവസം രാത്രി ഭാര്യയുമായി ശണ്ഠ കൂടുന്നത് ദു;ശ്ശകുനമാണ്. നാളെ നിങ്ങൾക്ക് എന്നെ അടിക്കണമെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാം.പക്ഷെ ഇന്ന് നമുക്ക് വഴക്കുകൂടാതിരിക്കാം”. വരന് അവൾ പറഞ്ഞതിൽ യുക്തിയുണ്ടെന്നു തോന്നി.പക്ഷെ അടുത്ത ദിവസം രാത്രിയിൽ ഭാര്യയെ അടിക്കാനായി ചെരിപ്പുയർത്തിയപ്പോൾ അവൾ ചോദിച്ചു
   “ നിങ്ങൾക്കറിയില്ലേ വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ ഭാര്യയുമായി വിയോജിപ്പുണ്ടാകുന്നത് അപശകുനമാണെന്ന്? എനിക്കറിയാം നിങ്ങൾ വിവേകമതിയാണെന്നും  ഞാൻ പറയുന്നത്  ശ്രദ്ധിക്കുമെന്നും. ചെരിപ്പു കൊണ്ടുള്ള അടി എട്ടാമത്തെ ദിവസത്തേക്ക് നീട്ടി വയ്ക്കൂ. അത് കഴിഞ്ഞു നിങ്ങൾക്കിഷ്ടം പോലെ ചെയ്യാം’’.

      ഭാര്യ പറഞ്ഞതിനോട് യോജിച്ച്    യുവാവ് ചെരുപ്പ് താഴെയിട്ടു. മുസ്ലിം ആചാരമനുസരിച്ച് ഏഴാം ദിവസം വധു തന്റെ സ്വന്തം വീട്ടിലേക്ക് പോയി.

   ‘’ ആഹാ ! വരന്റെ സുഹൃത്തുക്കൾ അവനെ കണ്ടതും പറഞ്ഞു.” അപ്പോൾ നിന്റെ കയ്യിൽ നിന്ന് അവൾക്കു നല്ലതുമാത്രമേ കിട്ടിയുള്ളൂ! നീ ഒരു വിഡ്ഢി തന്നെ.ഞങ്ങൾക്കറിയാമായിരുന്നു ഇത് ഇങ്ങനെത്തന്നെ ആകുമെന്ന്”

   ആ നേരം വ്യാപാരിയുടെ ഭാര്യയ്ക്കും മകനെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരുന്നു. അവൻ സ്വതന്ത്രനായി ജീവിക്കേണ്ട കാലമായി എന്നവർ നിശ്ചയിച്ചു. “ അവനെ  ചരക്കുകളുമായി ദൂര സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കു, വ്യാപാരം ചെയ്തും സഞ്ചരിച്ചും അവനും കുറച്ചു ലോക പരിചയം ഉണ്ടാകട്ടെ “ അവർ വ്യാപാരിയോടു നിർദ്ദേശിച്ചു.

  “ ഒരിക്കലുമില്ല, അയാൾ പറഞ്ഞു അവന്റെ കയ്യിൽ പണം കൊടുക്കുക എന്ന് വച്ചാൽ പുഴയിലേക്ക് പണമെറിയുന്നതിന് തുല്യമാണ്. അവൻ അത് അപ്പോഴേ നഷ്ടപ്പെടുത്തിക്കളയും.”

  “ സാരമില്ല “, ഭാര്യ നിർബന്ധിച്ചു “ അവന് വിവേകമുദിക്കാൻ ഇതേ ഒരു വഴിയുള്ളൂ.അവനു കുറച്ചു പണം കൊടുക്കൂ. അവൻ മറ്റു രാജ്യങ്ങൾ സന്ദർശിക്കട്ടെ.അവൻ പണം സമ്പാദിക്കുകയാണെങ്കിൽ അവൻ പണത്തിൻറെ  മൂല്യമറിയും.മറിച്ച്  പണം നഷ്ടപ്പെട്ട് തെണ്ടിയാവുകയാണെങ്കിലോ,  അവനത് ഒരുപക്ഷേ  വീണ്ടും തിരിച്ചു കിട്ടുകയാണെങ്കിൽ, അതിൻറെ മൂല്യം എത്രയെന്ന് തിരിച്ചറിയുകയും ചെയ്‌തേക്കും.  ഏതു വിധത്തിലായാലും അവനതു കൊണ്ട് ഗുണമേ ഉണ്ടാവൂ.ഇത്തരം  അനുഭവങ്ങളിൽ കൂടി പോയില്ലെങ്കിൽ അവൻ ഒന്നിനും കൊള്ളാത്തവനായിത്തന്നെ  തുടരും”.

   ഇങ്ങനെ വ്യാപാരിയെ അയാളുടെ ഭാര്യ  നിരന്തരം നിബന്ധിച്ചതു കാരണം അയാൾ മകന് കുറച്ചു പണവും കുറച്ചു ചരക്കുകളും കൂട്ടിനായി കുറെ പരിചാരകരേയും കൊടുത്ത് അവനോടു വളരെ ശ്രദ്ധയോടെ നീങ്ങണമെന്ന  ഉപദേശത്തോടെ ദൂരദശത്തേക്ക് പറഞ്ഞയച്ചു.
        ചെറുപ്പക്കാരനായ ആ വ്യാപരി ധാരാളം പരിചാരകരും, സാധന സാമഗ്രികളുമായി പുറപ്പെട്ടു.അവന്റെ വാഹനം അയൽ രാജ്യത്തേക്ക് കടന്ന് അധികമാവുന്നതിനു മുൻപേ ഉയരം കൂടിയ കനത്ത മതിലുകളും പൂന്തോട്ടങ്ങളുമുള്ള പ്രദേശത്തെത്തി. അതുകണ്ട വ്യാപാരി യുവാവിന് അതെന്തു തരം സ്ഥലമാണ് എന്നറിയാൻ ആഗ്രഹമായി. ഉടൻ തന്നെ അവൻ അക്കാര്യമറിഞ്ഞു വരാൻ പരിചാരകരെ  അയച്ചു.അവർ മതിൽ ക്കെട്ടിനകത്ത് മനോഹരമായൊരു പൂന്തോട്ടവും അതിനു നടുവിലായി ഗംഭീരമായ ഒരു കെട്ടിടവും ഉണ്ട് എന്ന് തിരിച്ചുവന്ന് യുവാവിനെ അറിയിച്ചു. അതുകേട്ടു യുവാവ് സ്വയം കൊട്ടാര സദൃശമായ ആ വീട്ടിനടുത്തേക്ക് നടന്ന് അകത്തെത്തി. ആനേരം അതിസുന്ദരിയായ ഒരു സ്ത്രീ വന്ന് അവനെ അകത്തേക്ക് ക്ഷണിക്കുകയും പണം വച്ചുള്ള ഒരു മത്സരക്കളിയിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീ ചൂതാട്ടത്തിൽ അതി വിദഗ്ദ്ധയായിരുന്നു. അവൾക്ക് എതിരാളിയെ തോൽപ്പിച്ചു അയാളുടെ കയ്യിലുള്ളധനം സ്വന്തമാക്കാനുള്ള എല്ലാ വിദ്യയും വശമുണ്ടായിരുന്നു. ആ സ്ത്രീയുടെ കൗശലങ്ങളിലൊന്നിൻറെ പ്രയോഗം ഇങ്ങനെയായിരുന്നു. മത്സരം നടക്കുമ്പോൾ അവൾ ഒരു പൂച്ചയെ തൻറെ അരികിൽ നിർത്തും.ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ കൊടുക്കുന്ന ആംഗ്യത്തിനനുസരിച്ച് അടുത്ത് വച്ച വിളക്കിൽ ഉരുമ്മാൻ അവൾ ആ പൂച്ചയെ പഠിപ്പിച്ചിട്ടുണ്ട്. അതോടെ വിളക്കു കെടും. കളി തനിക്ക് അനുകൂലമല്ല എന്ന് തോന്നുന്ന നേരമാണ് അവൾ പൂച്ചക്ക് വിളക്കിൽ ഉരുമ്മി അത് കെടുത്താനുള്ള അടയാളം നൽകുക.ഈ വിധത്തിലും മറ്റു പല തരം  കൗശലങ്ങളിലൂടേയും  അവൾ ധാരാളം സമ്പത്ത് നേടി. ഇപ്പോൾ ആ സ്ത്രീ പൂച്ചയെ ഉപയോഗിച്ചുള്ള കൗശലം കൊണ്ട് നമ്മുടെ വ്യാപാരി യുവാവിനെ തോൽപ്പിച്ച് പണം കൈക്കലാക്കി കൊണ്ടിരിക്കയാണ്. കളിച്ചു കളിച്ചു അവനും സകലതും നഷ്ടമായി, അവന്റെ പണം, ചരക്കുകൾ, വാഹനം, പരിചാരകർ എല്ലാം. അവന്റെ കയ്യിൽ ഒന്നുമില്ലാതായ നിമിഷം ആ സ്ത്രീ അവനെ കാരാഗൃഹത്തിൽ അടച്ചു.അവിടെ അവനോട് ജയിൽ സൂക്ഷിപ്പുകാർ നിഷ് ഠു രമായി പെരുമാറുകയും വളരെ കുറച്ചുമാത്രം ഭക്ഷണം നൽകുകയും ചെയ്തു. അവൻ ‘ ഈ ക്ലേശങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ’ എന്ന് ഉറക്കെയുറക്കെ  ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

  ഒരു ദിവസം ഒരാൾ ജയിൽ ഗേറ്റിനരികിലൂടെ പോകുന്നത് വ്യാപാരി പുത്രൻ കാണാനിടയായി. അവൻ അയാളെ വിളിച്ച് എവിടെ നിന്നു വരുന്നു എന്നും എവിടേക്കാണ് പോകുന്നത് എന്നുമന്വേഷിച്ചു. വഴിയാത്രക്കാരൻ ഇന്ന സ്ഥലത്തു നിന്നാണ് വരുന്നതെന്നും ഇന്ന സ്ഥലത്തേക്കാണ് പോകുന്നതെന്നും പറഞ്ഞപ്പോൾ യുവാവിന് അയാൾ തന്റെ അച്ഛൻറെ ദേശത്ത് വസിക്കുന്നവനാണെന്ന് മനസ്സിലായി.

 “അത് വളരെ നന്നായി’ തടവുകാരൻ പറഞ്ഞു.” നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യുമോ? ഞാനിവിടെ തടവിലടക്കപ്പെട്ടിരിക്കയാണ് . എന്റെ കടങ്ങൾ വീട്ടുന്നതുവരെ എനിക്ക് ഇവിടെ നിന്ന് മോചനം കിട്ടില്ല. ഞാൻ രണ്ടെഴുത്തുകൾ തരാം.അതിൽ  ഒന്ന് എൻറെ അച്ഛനും മറ്റൊന്ന് എന്റെ ഭാര്യയ്ക്കും കൊടുക്കണം. നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ ഞാൻ എന്നെന്നും നിങ്ങളോടു നന്ദിയുള്ളവനായിരിക്കും. ഞാൻ വാക്കു തരുന്നു,ഞാൻ ഇവിടെ രക്ഷപ്പെട്ടിറങ്ങിയാൽ ഉടൻ  നിങ്ങൾക്ക് പാരിതോഷികങ്ങൾ   തരുന്നതായിരിക്കും.”     

 വഴിയാത്രക്കാരൻ   അത് സമ്മതിച്ചു. അയാൾ ആ രണ്ടുകത്തുകളും വാങ്ങി പുറപ്പെട്ടു.

          ഒരു കത്തിൽ യുവവ്യാപാരി തന്റെ അച്ഛനോട് നടന്ന സംഭവങ്ങൾ മുഴുവൻ വിസ്തരിച്ചെഴുതി. തന്റെ ഭാര്യയ്ക്കുള്ള രണ്ടാമത്തേതിലാകട്ടെ അവൻ കള്ളങ്ങൾ മാത്രമാണ് എഴുതിയത്. അവൻ ഒരുപാടു ധനം സമ്പാദിച്ചു എന്നും ഇനി അവൻ അധികം താമസിയാതെ തിരിച്ചെത്തുമെന്നും എത്തിയാലുടൻ കല്യാണത്തിന് മുൻപ് ഭാര്യയോട് പറഞ്ഞപോലെ ചെരിപ്പുകൊണ്ടുള്ള അടി  തുടങ്ങുന്നതായിരിക്കും എന്നുമായിരുന്നു  കത്തിൻറെ ചുരുക്കം. നിറയെ നല്ല വാർത്തകൾ ഉള്ള കത്തുവായിച്ച് അച്ഛന് വളരെ സന്തോഷമായി. പക്ഷേ ആ കത്ത് എന്തു കൊണ്ടാണ്  തൻറെ  മരുമകളെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല.
അതുമല്ല എന്തിനാണ് തിരിച്ചു വന്നാൽ  അവൻറെ ഭാര്യയെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്നും പിടികിട്ടിയില്ല.                                
മരുമകളാകട്ടെ കത്തിൽ വിവരിച്ച    തൻറെ ഭർത്താവിന്റെ കഷ്ടാവസ്ഥ  വായിച്ച്  വ്യസനിച്ചു. എങ്കിലും എന്താണ് അവൻ തൻറെ പേരിൽ എഴുതാതെ അവൻറെ അച്ഛൻറെ പേരിൽ തനിക്ക് കത്തയച്ചതെന്ന് അവളും  വിസ്മയിച്ചു. അതുകൊണ്ടു അതിന്റെ രഹസ്യമറിയാൻ അവൾ നേരെ വ്യാപാരിയുടെ വീട്ടിൽ ചെന്നു.അവരിരുവരും  തങ്ങൾക്കു കിട്ടിയ കത്തുകൾ ഒത്തു നോക്കി അതിലെ നിഗൂഢത കണ്ട് അമ്പരന്നു..

   മരുമകൾ വിവേകശാലിയും ധൈര്യവതിയുമായതു കൊണ്ട് അവളുടെ ഭർത്താവിനെ നേരിട്ട് കാണാനും കഴിയുമെങ്കിൽ കാരാഗൃഹത്തിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുവാനും നിശ്ചയിച്ചു.അവളുടെ നിശ്ചയത്തെ  വൃദ്ധനായ വ്യാപാരി അംഗീകരിച്ചു.കുറച്ചു പണവും പരിചാരകരേയും തുണയ്ക്കു  നൽകി അവളെ പോകാൻ അനുവദിക്കുകയും ചെയ്തു.

  ആ ചെറുപ്പക്കാരി സ്വയം  പുരുഷവേഷം സ്വീകരിച്ചു് സമയം കളയാതെ വശീകരണ ചതുരയായ സുന്ദരി താമസിക്കുന്ന സ്ഥലത്തെത്തി.താൻ ഒരു ധനികനായ വ്യാപാരിയുടെ മകനാണെന്ന് അവളെ അറിയിച്ചു.ഉടൻ തന്നെ മത്സരക്കളിക്കായി സുന്ദരി യുവതിയെ  ക്ഷണിക്കുകയും ചെയ്തു. ആൺവേഷത്തിലെത്തിയ യുവതി അതിനു സമ്മതിച്ചു. അന്നു വൈകുന്നേരം മുതൽ മത്സരം തുടങ്ങാമെന്ന് ധാരണയായി. വൈകുന്നേരമാകുന്നതിനു മുൻപ് ധനികനായ വ്യാപാരിയുടെ മകനായി വേഷം മാറി വന്ന യുവതി ചൂതുകളിക്കാരി സുന്ദരിയുടെ പരിചാരകരെ  സ്വർണ്ണ നാണയങ്ങൾ കൊടുത്തു വശത്താക്കി അവരിൽനിന്നു സുന്ദരിയുടെ രഹസ്യങ്ങൾ അറിയാൻ ശ്രമിച്ചു. അവർ യുവതിയോട് മറ്റാരും കേൾക്കാതെ അവരുടെ യജമാനത്തി കളി ജയിക്കാൻ  പ്രയോഗിക്കുന്ന പല അടവുകളും സൂത്രങ്ങളും വെളിപ്പെടുത്തികൊടുത്തു. പൂച്ചയെക്കൊണ്ട് വിളക്കു കെടുത്തുന്ന  സൂത്രത്തെക്കുറിച്ചും  അവർ യുവതിയോട് പറഞ്ഞുകേൾപ്പിച്ചു. അന്ന് വൈകുന്നേരം യുവതി മത്സരക്കളിക്കായി വന്നപ്പോൾ അവളുടെ ഉടുപ്പിൻറെ കൈത്തെറുപ്പിൽ ഒരു എലിക്കുഞ്ഞിനെ ഒളിപ്പിച്ചു വച്ചിരുന്നു.

    അവർ അങ്ങനെ കളി തുടങ്ങി. യുവതി ചില കളികളിലൊക്കെ സമർത്ഥയായിരുന്നു. അതുകൊണ്ടു തന്നെ അവൾ പല കളികളും ജയിക്കുകയും ചെയ്തു.ക്ഷുദ്രയായ സുന്ദരിക്ക് തോൽവി അത്ര ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. അവൾ തന്റെ പൂച്ചയോടു വിളക്കിനടുത്തേക്ക് നീങ്ങാൻ ആംഗ്യം കാണിച്ചു. അത് വിളക്കു കെടുത്താനായി നീങ്ങിത്തുടങ്ങിയ  നേരം ആൺവേഷത്തിലിരിക്കുന്ന യുവതി തന്റെ കയ്യിലെ എലിയെ പതുക്കെ നിലത്തുവിട്ടു. എലി നാലുപാടും പാഞ്ഞു.പൂച്ച അതിന്റെ പിന്നാലെയോടി. അവ രണ്ടും  മുറിയിൽ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.

  “ നമ്മൾ മത്സരം തുടരുകയല്ലേ?” യുവതി ചോദിച്ചു?.അവൾക്കു മുന്നിൽ തടസ്സങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് യുവതി ആദ്യ മത്സരത്തിലും  രണ്ടാമത്തേയും മൂന്നാമത്തേയും  നാലാമത്തേയും മത്സരങ്ങളിലും   വിജയിച്ചു എന്ന് മാത്രമല്ല അവളുടെ വിഡ്ഢിയായ ഭർത്താവ് നഷ്ടപ്പെടുത്തിയതൊക്കെയും തിരിച്ചെടുക്കുകയും ചെയ്തു.. കൂടെ കൗശലക്കാരിയായ ആ  സുന്ദരിയുടെ കൊട്ടാര സദൃശമായ വീടും, സ്വത്തുക്കളും എല്ലാ പരിചാരകരേയും മത്സരത്തിൽ ജയിച്ച് തൻ്റേതാക്കി.

   അങ്ങനെ തനിക്കു കിട്ടിയ വമ്പിച്ച സ്വത്തുക്കളെല്ലാം ഓരോരോ പെട്ടിയിൽ  നിറച്ചശേഷം അവ കുതിരപ്പുറത്തേറ്റി വച്ച് അവൾ കാരാഗൃഹത്തിനു മുൻപിലെത്തി. അവിടെ തടങ്കലിൽ വയ്ക്കപ്പെട്ട എല്ലാ തടവുകാരേയും തുറന്നു വിട്ടു. അവളുടെ ഭർത്താവ് മറ്റുള്ളവരോടൊപ്പം അവളോട് നന്ദി പറയാനായി വന്നു. പക്ഷേ  ആൺ വേഷത്തിലുള്ള അവൻറെ ഭാര്യയെ യുവാവ്  തിരിച്ചറിഞ്ഞില്ല.അവൾ പക്ഷേ അവനെ കൂടുതൽ പരിഗണിച്ച് തൻറെ കാര്യസ്ഥൻ  ആകാൻ താല്പര്യപ്പെടുന്നുണ്ടോ എന്നന്വേഷിച്ചു.അവൻ ക്ഷണം സ്വീകരിച്ച് അവളുടെ സംഘത്തിൻറെ മേലാളായി. അവൾ അവന് പുതിയ ഉടുപ്പും വേഷങ്ങളും നൽകി.അവൻ പുതിയ ഉടുപ്പ് ധരിച്ചപ്പോൾ അവൾ അവന്റെ പഴയ ജയിൽ വേഷം മറ്റൊരു പെട്ടിയിൽ അടച്ച് തൻറെ കയ്യിൽ സൂക്ഷിച്ചു.അവൾ ആ തുണിപ്പെട്ടിയുടെ ഒഴികെ മറ്റെല്ലാ  പെട്ടികളുടേയും താക്കോലുകൾ അവനെ വിശ്വസിച്ചേൽപ്പിച്ചു.എല്ലാം ഭംഗിയായി, അവർ പെട്ടികളും കൗശലക്കാരിയായ, ചൂതാട്ട  സുന്ദരിയും പരിവാരങ്ങളുമടക്കമുള്ള  സമ്പാദ്യങ്ങളുമായി തിരികെ യാത്രയായി.

    അവർ സ്വന്തം രാജ്യത്ത് എത്തിച്ചേർന്നപ്പോൾ യുവതി പറഞ്ഞു.
‘’എനിക്ക് ഇവിടെ കച്ചവട സംബന്ധിയായ കുറച്ചു ജോലിയുണ്ട്. നിങ്ങൾ ഇതെല്ലാമായി നിങ്ങളുടെ പട്ടണത്തിലേക്കു പോകൂ, എല്ലാം നിങ്ങളുടെ വീട്ടിൽ ഭദ്രമായി സൂക്ഷിക്കൂ.എനിക്ക് നിങ്ങളുടെ അച്ഛനെ അറിയാം.അതുമാത്രമല്ല ഞാൻ നിങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നു.ഇരുപതു ദിവസത്തിനകം ഞാൻ വന്നില്ലെങ്കിൽ ഈ സമ്പാദ്യമെല്ലാം നിങ്ങൾക്കെടുക്കാം”.

         അത്രയും പറഞ്ഞ് യുവതി മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.അവളുടെ ‘കാര്യസ്ഥൻ’ യുവാവ് പണവും പരിചാരകരും ചൂട്ടക്കാരിയുമായി നേരെ വീട്ടിലേക്കും പോയി.തന്റെ സ്വന്തം വീട്ടിലെത്തിയ യുവതി അവളുടെ അച്ഛനോട് വിവരങ്ങളെല്ലാം പറഞ്ഞു. പക്ഷേ മറ്റാരോടും അവളുടെ ഈ വിജയത്തെപ്പറ്റി പറയരുതെന്നും ചട്ടം കെട്ടി. അതിനു ശേഷം അവൾ തൻറെ ഭർത്താവിൻറെ അച്ഛനെ സന്ദർശിച്ചു. അവളെ കണ്ട പാടെ ഭർത്താവായ യുവാവ് ചോദിച്ചു  “ എവിടെയായിരുന്നു നീഇത്രയും കാലം ? നിനക്കറിയാമോ നിനക്ക് കിട്ടേണ്ട എത്ര അടിയാണ് ബാക്കിയുള്ളതെന്ന്?” അതിനു ശേഷം അവൻ അവളെ അടിക്കാനായി തന്റെ ചെരുപ്പൂരാൻ തുടങ്ങി.

   “ ഓ! നിർത്ത്!” അവൻറെ അച്ഛനമ്മമാർ പറഞ്ഞു “ നീ ഈ വിശേഷപ്പെട്ട തിരിച്ചു വരവ് ഇത്തരം അധമ പ്രവർത്തി കൊണ്ട് നശിപ്പിക്കുകയാണോ?

   അപ്പോൾ അവൻറെ ഭാര്യ പറഞ്ഞു. “ ഞാൻ വിചാരിച്ചു,നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ നിങ്ങളുടെ തലയിൽ  അൽപ്പമെങ്കിലും വെളിച്ചം വീഴ്ത്തിയിട്ടുണ്ടാകുമെന്ന്. പക്ഷേ ഇല്ല,അതുണ്ടായില്ല.നിങ്ങൾ ആ പഴയ വിഡ്ഢി തന്നെ.ആ ചെറിയ പെട്ടി ഇങ്ങോട്ടു കൊണ്ടു വരൂ.ആരുടേതാണ് ഈ വൃത്തികെട്ട  വസ്ത്രങ്ങൾ?അതിലേക്കു നോക്ക്, ഓർക്കുന്നുണ്ടോ എങ്ങനെയാണ് ജയിലിൽ അവർ നിന്നെ കൈകാര്യം ചെയ്തതെന്ന്? അവിടെ നിങ്ങൾ എത്രമാത്രം മർദ്ദിക്കപ്പെട്ടുവെന്ന് ? അവർ നിങ്ങൾക്കുതന്ന ഭക്ഷണത്തെപ്പറ്റിയും  വിളിച്ച തെറിവാക്കുകളെ ക്കുറിച്ചും ഓർമ്മയുണ്ടോ? ഇപ്പോൾ നിങ്ങൾ  വിറയ്ക്കുന്നു. നന്നായി. ഞാനാണ് നിങ്ങളെ  രക്ഷിച്ച ആ ധനികവ്യാപാരിയുടെ പുത്രൻ. നിങ്ങൾ നിങ്ങളുടെ  അച്ഛനയച്ച കത്ത് എനിക്കാണ് കിട്ടിയത്.ഞാനാണ്  നിങ്ങളുടെ ദയനീയാവസ്ഥയറിഞ്ഞു ഒരു ധനിക വ്യാപാരിയുടെ  മകന്റെ വേഷത്തിൽ അവിടെ വന്ന് ഈ ചൂതാട്ടക്കാരിയെ തോൽപ്പിച്ചത് .ഞാൻ നിങ്ങൾ നഷ്ടപ്പെടുത്തിയത്  മാത്രമല്ല ഈ പെണ്ണിനേയും അവളുടെ സകല സ്വത്തുക്കളേയും പിടിച്ചെടുത്തു. അവളതാ അവിടെ നിൽക്കുന്നു. അവളോട് എന്നെ തിരിച്ചറിയുന്നോ എന്ന് ചോദിക്ക്”.

     “അതെ, അതേ”  സ്ത്രീ സമ്മതിച്ചു കൊണ്ട് പറഞ്ഞു..
  
    വ്യാപാരിയുടെ മകൻ ഒന്നും മിണ്ടാനാവാതെ  നിന്നു. അവന്റെ അമ്മ വളരെ സന്തോഷവതിയായി മരുമകളെ അനുഗ്രഹിച്ചു.അപ്പോൾ അതുവരെ മിണ്ടാതിരുന്ന അവന്റെ അച്ഛൻ ,വൃദ്ധനായ വ്യാപാരി,അത്യധികം കോപത്തോടെയും നിരാശയോടെയും പറഞ്ഞു. “ ഇപ്പോഴെങ്കിലും നീ സമ്മതിക്കുമോ നിന്റെ മകൻ ഒരു വിഡ്ഢിയാണെന്ന്? ഇനി ഈ സ്വത്തുക്കളും പണവുമെല്ലാം ഈ പെണ്കുട്ടിയുടേതാണ്; അവ അവൾ  തന്നെ സൂക്ഷിക്കട്ടെ . ഇത്രയും ബുദ്ധിയും പ്രാപ്തിയും ഉള്ള ഈ പെൺകുട്ടിയെ നമ്മുടെ മകൻ  അർഹിക്കുന്നില്ല.”

വിവർത്തനം: സാവിത്രി രാജീവൻ