Monday, April 23, 2012

അതി സാധാരണം

  എന്താണ് ഫിലോസഫി എന്തിനാണ് ഫിലോസഫി , ലൌകിക ജീവിതത്തില്‍ അതായത് ദൈനം ദിന ജീവിതത്തില്‍ തത്വ ശാസ്ത്രങ്ങള്‍  കൊണ്ട് എന്ത് കാര്യം എന്നിങ്ങനെ വലിയ വലിയ അറിവാളന്മാര്‍ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഫിലോസഫി എന്ന് വച്ചാല്‍ എന്താണ്  എന്ന് ചോദ്യം ചെയ്യുന്നതും അതിനു മനുഷ്യ  ജീവിതവുമായി ബന്ധം ഇല്ല എന്നും ഉണ്ടെങ്കില്‍ തന്നെ അത് വെറും ഭാവന മാത്രം ആണ് പ്രാക്ടിക്കല്‍ ആയ ജീവിതത്തില്‍ തത്വ ചിന്തക്കോ എന്തിനു ചിന്തക്ക് തന്നെയോ കാര്യമില്ല എന്ന മട്ടില്‍ വിവരമുണ്ട് എന്ന് നാം ധരിക്കുന്ന ആളുകള്‍ പറയുന്നത് കേട്ട് പല വട്ടം അന്തം വിട്ടിട്ടുണ്ട് ഞാന്‍. ഈയിടെയും അതുണ്ടായി. 
  തത്വശാസ്ത്രത്തിന്റെ നിര്‍വചനം എന്ത് മായിക്കൊള്ളട്ടെ, ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിന്റെ ബലത്തില്‍ അല്ലാതെ   മനുഷ്യര്‍ക്ക്‌ കഴിയാന്‍ , ജീവിച്ചിരിക്കാന്‍ കഴിയില്ല. ഒരാള്‍ ആപത്തില്‍ അവന്റെ  അമ്മയെ വിളിക്കുമ്പോള്‍, അറിയാതെ ദൈവത്തെ വിളിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്പലത്തിലോ പള്ളിയിലോ പോകുമ്പോള്‍ അയാള്‍ അല്ലെങ്കില്‍ അവള്‍  തനിക്കു തന്നെ വേര്‍തിരിച്ചു അറിയാത്ത ഒരു തത്വത്തില്‍ തന്റെ  ജീവിതം ഊന്നുകയാണ്. ഇനി ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരുവനും റോക്കറ്റ് വിടുമ്പോള്‍ ദൈവത്തിനു നേര്‍ച്ചയും പൂജയും കഴിക്കുന്നതുപോലെ ഒരു  ഭാവനയില്‍ തന്റെ സ്വത്വം ഊന്നുന്നതും നാം കാണുന്നു. ആധുനികമോ പഴഞ്ചനോ ആയ ജീവിത ശൈലിയില്‍ ജീവിച്ചു പോകുന്ന ഏതൊരാളും ഇങ്ങനെ തന്റെ ജീവിതം ഏതെങ്കിലും തത്വ ശാസ്ത്രത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടായിരിക്കും കഴിയുന്നത്‌. എന്നാല്‍ അയാള്‍ പറയും സാഹിത്യത്തിനു, ഭാവനക്ക് അല്ലെങ്കില്‍ പാട്ടിനോ പടത്തിനോ ഈ ലോകത്ത് ഒന്നും ചെയ്യാനില്ല, സയന്‍സ് മാത്രമാണ് ശരി തെറ്റുകളെയും അറിവുകളെയും ഉല്‍പ്പാദിപ്പിച്ചു മനുഷ്യ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന്. കേള്‍ക്കുമ്പോള്‍ ശെരി എന്ന് തോന്നാം. പാട്ട് കൊണ്ട് പാലം പണിയാന്‍ പറ്റില്ല, ഒരു  ചിത്രത്തിലെ പാലത്തിലൂടെ നടക്കാന്‍ കഴിയില്ല. കവിതയിലൂടെയോ കഥയിലൂടെയോ സഞ്ചരിച്ചാല്‍ അമേരിക്കയിലോ ജര്‍മ്മനിയിലോ നമ്മുടെ ശരീരം എത്തില്ല. 

     ഇങ്ങനെ ഭാവനയെയും അതിന്റെ ഉല്‍പ്പന്നങ്ങളെയും നിഷേധിക്കുന്ന, അവ അനാവശ്യമാണെന്ന് വാദിക്കുന്ന അരസിക ക്കൂട്ടങ്ങളുടെ ഇടക്കായിപ്പോയ ഒരു നിമിഷം എനിക്ക് ജീവിതം വേണ്ടെന്നു വരെ തോന്നിപ്പോയി. 
       സത്യത്തില്‍ അവര്‍ അങ്ങനെ വാദിക്കുന്നതിനും പറയുന്നതിനും ഒരൊറ്റ ക്കാരണമേ ഉള്ളൂ.  അവര്‍ നിലനില്‍ക്കുന്ന ,അവര്‍ ഇപ്പോള്‍ ജീവിക്കുന്ന, അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ തുടര്‍ന്നും  കിട്ടുന്ന തിനുഉപോല്‍ബലകമായ  ഫിലോസഫി ഏതാണോ  അതില്‍ ആണ്‌  വിശ്വസിക്കുന്നത് . അവന്റെ /അവളുടെ ചുറ്റും നടക്കുന്ന ജീവിതമോ അതില്‍ പിടയുന്ന മറ്റു മനുഷ്യരോ അവര്‍ക്ക് മുന്നില്‍ ഇല്ല. നിലനില്‍ക്കുന്ന സമൂഹം കൊടുക്കുന്ന അറിവുകള്‍, തീറ്റ, ഭോഗം, പണം ഇവയാണ്  ഒരു മനുഷ്യന് വേണ്ടുന്ന അവശ്യം ആവശ്യമായത് എന്ന തത്വം മാത്രമാണ് അവരെ നയിക്കുന്ന, ജീവിപ്പിക്കുന്ന ഘടകം. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ പണം, അതുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അത്  നടപ്പാക്കുന്നതിനാവശ്യമായ ഇന്ന് നിലനില്‍ക്കുന്ന വഴികള്‍, അതിന്റെ തത്വശാസ്ത്രം എന്താണോ അതാണു അയാളുടെയും  തത്വശാസ്ത്രം . പക്ഷെ അയാള്‍ പറയും അയാള്‍ക്ക്‌ ഫിലോസോഫിയില്‍  വിശ്വാസമില്ല, രാഷ്ട്രീയമില്ല ഞാന്‍ ന്യൂട്രല്‍ ആണ്‌ തുടങ്ങിയ ജല്‍പ്പനങ്ങള്‍. പക്ഷെ  അയാള്‍ / അവള്‍ ആണ്‌ ഈ സമൂഹം മാറ്റങ്ങള്‍ ഇല്ലാതെ തുടരുന്നതിന് , ഭാവന വേണ്ടാതെ ജീവിക്കുന്നതിനു, നേര്‍രേഖയില്‍ സഞ്ചരിക്കുന്ന മാന്യ ദേഹങ്ങള്‍. ആ നേര്‍ രേഖ എത്ര വേണമെങ്കിലും  നിലനില്‍ക്കുന്ന മാന്യ സമൂഹത്തിനു വേണ്ട വിധം അതായത് ,അയാളെ /അവളെ നിലനിര്‍ത്തുന്നതിനാവശ്യമായ വിധം വളയുകയും ചെയ്യും. അതിനുവേണ്ടുന്നതത്വങ്ങള്‍ അവരുടെ ഉള്ളില്‍ ആവിര്‍ഭവിച്ചു കൊണ്ടും ഇരിക്കും. അപ്പോഴും അവര്‍ പറയും അവര്‍ ശാസ്ത്രത്തിന്റെ, സയന്‍സിന്റെ ബലത്തില്‍, മരുന്നുകള്‍ മുതല്‍ വിമാനം, കാര്‍, തീവണ്ടി, മുതലായ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ടു പിടുത്തത്തിന്റെ ബലത്തില്‍ ആണ്‌ ജീവിക്കുന്നത് എന്ന്. ആ കണ്ടു പിടുത്തങ്ങള്‍ക്ക് പിന്നില്‍ ഉള്ള ഭാവനയെ പോലും കാണാനാവാതെ, അംഗീകരിക്കാന്‍ ആവാതെ അന്ധതയില്‍.

Sunday, April 22, 2012

പുതിയ ലോകം

    വീഡിയോ ഗെയിം  നെ കുറിച്ച്  പോസ്റ്റ്‌ ചെയ്തതിന്റെ തുടര്‍ച്ചയാണിത്‌.  വാസ്തവത്തില്‍ എന്റെ മകനും സുഹൃത്തുക്കളും  ഗെയിം ഡെവലപ്പ് മെന്റ്  എന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞും ആഗ്രഹിച്ചും കൊണ്ട് ചെറുപ്പം മുതല്‍ നടക്കുന്നു എന്നത് കൊണ്ടല്ല പുതിയ ലോകം എങ്ങനെ , ഏതെല്ലാം വിധം മാറി മറിയുന്നു, കുട്ടികള്‍ അതില്‍ എങ്ങനെയെല്ലാം ഇടപെടുന്നു എന്നൊക്കെ അറിയാന്‍ എനിക്കുള്ള ആഗ്രഹം കൊണ്ട് കൂടിയാണ് ഒരു കവിക്ക്‌ അപ്രാപ്യമോ, അറിയാത്തതോ ആയ മേഖല യിലേക്ക് ഞാന്‍ എത്തി നോക്കുന്നത്. . നാം ജീവിച്ചിരിക്കുന്ന ലോകത്തിന്റെ ഗതി വിഗതികള്‍ അറിയാന്‍ ശ്രമിക്കത്ടത്തില്‍  പരം വിഡ്ഢിത്തം എന്താണ് ?
അതാണ്‌ ഇങ്ങനെ പലതരം ലോകത്തേക്ക് തുറക്കുന്ന ജനലിനു മുന്‍പില്‍ ഞാന്‍ ഇരിക്കുന്നത്. കാഴ്ച്ചക്കാരിയും, കൂട്ടാളിയും ,അനുഭവസ്ഥയും എല്ലാമായി. പുതിയ ലോകം സ്വപനം കാണുന്ന കുട്ടികള്‍ക്ക് ആശംസകള്‍!

     puthiya lokam , Let the Games Begin 'ഇവിടെ വായിക്കാം .

Tuesday, April 17, 2012

ഇന്‍ വിസിബ്ള്‍ ഹാന്‍ഡ്‌ ഷോ


കമ്പോളത്തിന് എതിരായി  സ്വന്തം സര്‍ഗ്ഗ ശേഷിയെ ഉപയോഗിക്കാന്‍  താത്പര്യമുള്ള ,അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ചിത്രങ്ങളുടെ പരദര്‍ശനം തിരുവനന്തപുരത്തെ  ക്രന്റ്റ് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. 'ഇന്‍വിസിബ്ള്‍ ഹാന്റ്സ് ' എന്ന് പേരിട്ട ഗ്രൂപ്പ് ഷോ യില്‍ എന്നെ ആകര്‍ഷിച്ച പന്ത്രണ്ടോളം ചിത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തവും ഏതോ അദൃശ്യ കരങ്ങളാല്‍ വിളക്കി ചെര്‍ക്കപ്പെട്ടവയുമാണ്. ആ കലാകാരന്മാര്‍ പറയുന്നത് കാണാത്ത ദൈവത്തിന്റെ അദൃശ്യ കരങ്ങളുടെ സാന്നിധ്യത്തെ കുറിച്ചല്ല എന്ന് വ്യക്തം . കാരണം ഭൌതികമായ, നില നില്‍പ്പിന്റെതായ  ഒരു ലോകത്ത് നിന്ന് അതിനെ കുറിച്ചാണ് അവര്‍ പറയുന്നതെന്ന് ഓരോ കലാസൃഷ്ടിയും അവ സൃഷ്ടിക്കുന്ന അന്തരീക്ഷവും കാണിയെ ബോധ്യപ്പെടുത്തും. ജ്യോതിലാല്‍ , ഷാജു നെല്ലായ്,  സുന്ദര്‍ , ശ്രീലാല്‍ തുടങ്ങി ഏഴ് ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് .

  ഇനി ആ അദൃശ്യകൈകളുടെ സാന്നിദ്ധ്യം. അതെന്താണെന്നും അതിനെ  എങ്ങനെ നേരിടാനാകുമെന്നും ഓരോ സര്‍ഗ്ഗാത്മക ജീവിയും അവരവരുടേതായ വിധത്തില്‍ ചിന്തിക്കുന്നുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെയാണ് വിപണി നമ്മളെ ധനാര്‍ത്തി യിലും , കീര്‍ത്തി മോഹത്തിലും, ലൈംഗിക ആക്രാന്തങ്ങളിലും, അധികാര മദോന്മത്ത തയിലും  മറ്റും മറ്റുമായി ചുറ്റിവരിയുമ്പോള്‍ അതില്‍ നിന്നെല്ലാമുള്ള പ്രതിരോധത്തിനായി നമ്മുടെ സര്‍ഗ്ഗ ചേതനയെ ഉണര്‍ത്തേണ്ടത്  ആവശ്യമായി വരുന്നുന്നത്. അങ്ങനെ നമ്മുടെ ഉല്‍ വിളികളുടെ  , നൈതികതയുടെ അടിസ്ഥാനത്തില്‍ സര്‍ഗാത്മകമായി ജീവിക്കാന്‍ പരിശ്രമിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ തൊന്നും , താര പദവിയോ, പണമോ, അധികാരമോ, നമുടെ ഏഴയലത്ത്  വന്നെത്തി നോക്കില്ല. അത് വേണ്ടെന്നു വക്കുന്നവരിലൂടെ യാണ് ലോകം മുന്നോട്ടു  പോകുന്നതെന്ന് ഇപ്പോഴും ഞാന്‍  വിചാരിക്കുന്നു. അതിനര്‍ത്ഥം ജീവിതം നിസ്സംഗമായ ഒഴുകാന്‍ അനുവദിക്കല്‍ ആണ് എന്നല്ല. വിഡ്ഢികളുടെ ത്യാഗം അല്ല ഓരോ കാലത്തുമുള്ള 'തിന്മ'കളെ തിരിച്ചറിയുന്നതും അതിനെതിരെ സ്വന്തം  ഇ ച്ഛാ ശക്തിയും സര്‍ഗ്ഗ വൈഭവവും കൊണ്ട് പ്രതിരോധം തീര്‍ക്കെണ്ടാതുമാണ് എന്നാണു. 
 ഈ ഏഴു ചിത്രകാരന്മാരുടെ ചിത്രങ്ങളില്‍ അത്തരത്തില്‍ ഒരു വിപണി മൂല്യങ്ങള്‍ക്കനുസരിച്ചുള്ള  ഒഴുക്കിന് പകരം അതിനു എതിരെ തുഴയാന്‍ ഉള്ള പരിശ്രമം കാണുന്നു. അവര്‍ക്ക് എന്റെ ആശംസകള്‍!