വർഷാവസാനത്തിൽ കൈവന്ന സന്തോഷം
വളരെ കാലത്തിനു ശേഷം എഴുതുകയാണ്.
ഇപ്പോൾ ഇതെഴുതാൻ കാരണമുണ്ടായി എന്നും പറയാം. അതിങ്ങനെയാണ് ' അമ്മയെ കുളിപ്പിക്കുമ്പോൾ ' എന്ന എന്റെ കവിതാ സമാഹാരം ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനു മുൻപ് തന്നെ ആ കവിതയെ ധാരാളം സുഹൃത്തുക്കൾ സന്തോഷപൂർവ്വം സ്വീകരിച്ചിരുന്നു വിമുഖതയോ മുൻവിധികളോ ഇല്ലാതെ ചില കവി സുഹൃത്തുക്കൾ പുസ്തകത്തെ നിരൂപണം ചെയ്യുകയും ചെയ്തു. ഒരു കവിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. അല്ലെങ്കിൽ മനുഷ്യർക്ക് യഥാർത്ഥ മായി ആനന്ദിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കുന്ന ഈ കാലത്ത് തൻറെ വാക്കുകളും പ്രവർത്തികളും മറ്റൊരാളെ സന്തോഷിപ്പിക്കുന്നു എന്നറിയുന്നത് ഏതൊരാളേയും സന്തുഷ്ടരാക്കും.
പക്ഷേ വാക്കിലും പ്രവർത്തിയിലും ചിന്തയിലും സൌന്ദര്യവും സ്നേഹവും നിലനിർത്താൻ കഴിയുന്നവർ ഇപ്പോൾ എവിടെ യുണ്ട് ? ചാർളി ചാപ്ലിൻ സിനിമയിലേതുപോലെ സ്പാനർ കൊണ്ട് യന്ത്രത്തിന്റെ ആണിമുറുക്കി മുറുക്കി സ്വയം മുറുകി പ്പോയ / അഴിക്കാനാവാതെ കുരുങ്ങിപ്പോയ മനുഷ്യരാണ് ചുറ്റും.അവരുടെ കാഴ്ചയും ചലനവും യാന്ത്രി കമായിക്കഴിഞ്ഞു. ഇങ്ങനെയൊക്കെയുള്ള ചിന്തയിലും നിരാശയിലും ക്ലേശത്തിലും ഇരിക്കുമ്പോഴാണ് എന്നെ ഏറ്റവുമധികം ആഹ്ലാദിപ്പിച്ച ഒരു കത്ത് ലഭിക്കുന്നത്. അതും കവിതയെ സംബന്ധിക്കുന്നത്. അതാണ് ഇന്നലെ ഡോ. എം ലീലാവതി ടീച്ചറുടെ കയ്യിൽ നിന്ന്കിട്ടിയ ഈ കത്ത്. അതിങ്ങനെയാണ്.....
എനിക്കറിയാം ഒരു നല്ല തുറന്ന മനസ്സ് കാണുന്നത്, ഏതൊരാളേയും ഉന്നതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന്. ടീച്ചറുടെ ആത്മാർത്ഥ മായ വാക്കുകൾ അവരിലെ സഹൃദയത്വത്തെയും നന്മയേയും വെളിപ്പെടുത്തുമ്പോൾ നമുക്കും അത് വെളിച്ചമാവുന്നു എന്ന് ഞാൻ കരുതുന്നു.
ഇത് ഇങ്ങനെ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് ഒരു കാരണം കൂടിയുണ്ട്. .ലീലാവതി ടീച്ചർ എനിക്കയച്ച ഈ കത്തിലെ ഉള്ളടക്കം എന്നെ ആഹ്ലാദിപ്പിക്കുന്നു. ആ സന്തോഷം എന്നെയും എന്റെ കവിതയേയും സ്നേഹിക്കുന്ന സുഹൃത്തുക്കളുമായും പങ്കുവക്കുക . ഈ വർഷം എനിക്ക് കിട്ടിയ വലിയ ഒരംഗീകാരമായി, ഏതൊരു അവാർഡിനെ ക്കാളും മീതെ ഞാനിതിനെ കണക്കാക്കുന്നത് കൊണ്ട് കൂടിയാണത്.
ഈ വർഷാവസാനം എനിക്കായി ഇങ്ങനെയൊരു സമ്മാനം നൽകിയതിനു ലീലാവതി ടീച്ചർക്കുള്ള എൻറെ സ്നേഹവും നന്ദിയും ഇതോടൊപ്പമുണ്ട്.നേരിട്ട് കാണാൻ ഇതുവരെ അവസരം വന്നില്ല. നേരിട്ട് കാണാത്ത എത്രപേരെ നമ്മൾ മനസ്സുകൊണ്ടറിയുന്നു, കാണുന്നു, കവിതപോലെ അനുഭവിക്കുന്നു.