ബ്രാഹ്മണ കേരളം
സാവിത്രി രാജീവൻ
ഉണ്ണിക്കൃഷ്ണന് ഒരു ജോലി വേണം. ഇക്കാലത്ത് ജോലി കിട്ടുക അത്ര അസാധ്യമൊന്നുമല്ല .സമർത്ഥരായവർക്കൊക്കെ ജോലി പിന്നാലെ ചെന്നു കൊടുക്കുകയാണ് കമ്പനികളുടെ ഒരു രീതി. ജോലിക്കു ചേരുന്നതു തന്നെ ‘ എക്സിക്യൂട്ടീവു ‘ കൾ ആയിട്ടാണ്. വേഷവും അതിനനുസരിച്ചു തന്നെ. കൂടെ പഠിച്ചവരെയൊക്കെ പലവിധ കമ്പനികളും ബാങ്കുകളും എൻ ജി ഓ കളും വിഴുങ്ങിയിട്ടും ഉണ്ണിക്കൃഷ്ണൻ ഒരേ നിൽപ്പു തന്നെ - ജോലിയില്ലാതെ.
സാമർഥ്യം കുറച്ചു കുറവാണ്, സമ്മതിച്ചു. എങ്കിലും പത്തിരുപത്തെട്ടു വയസ്സായില്ലേ, ഇനിയും ജോലിയായില്ലേ എന്ന ചോദ്യം പോലെ തന്നെ ജോലികിട്ടി ഒരു കല്യാണമൊക്കെ കഴിക്കേണ്ട ഉണ്ണിക്കൃഷ്‌ണാ എന്ന് കൂടെപഠിച്ച മുരളിയുടേയും വേണുവിന്റേയും അമ്മമാർ അവരുടെ പേരക്കുഞ്ഞുങ്ങളുടെ തൊണ്ണു കാട്ടിയുള്ള ചിരിയിലേക്കു ചൂണ്ടി ഓർമ്മിപ്പിക്കുന്നതാണ് ഉണ്ണിക്കൃഷ്ണനെ കൂടുതൽ വലയ്ക്കുന്നത്.
പറഞ്ഞിട്ടെന്തു കാര്യം?ഉണ്ണിക്കൃഷ്ണൻ വേണ്ടെന്നു വച്ചിട്ടാണോ ജോലി കിട്ടാത്തത്?
അച്ഛന് ഇത്ര നേരത്തെ മരിക്കാൻ തോന്നിയത് വലിയ കഷ്ടമായിപ്പോയി. അച്ഛൻ നിന്ന നിൽപ്പിൽ മരിച്ചതറിഞ്ഞ് വന്നവരെല്ലാം എട്ടൊമ്പത് വയസ്സുള്ള തന്നെ നോക്കി കഷ്ടം വച്ച് സഹതപിച്ചപ്പോൾ ഒന്നും മനസ്സിലായില്ല. അച്ഛൻറെ ജോലിയായ ശാന്തിപ്പണി ഏറ്റെടുത്ത് രാവിലേയും വൈകുന്നേരവും മുടങ്ങാതെ അമ്പലത്തിൽ പൂജ നടത്തി. ഇടവേളകളിൽ സ്‌കൂളിലും തുടർന്ന് കോളേജിലും പോയി. ഇന്ത്യാ ചരിത്രവും ലോകചരിത്രവും പഠിച്ചു . രണ്ടാംക്ലാസിൽ ഒരു ബിരുദാനന്തര ബിരുദവും നേടി. എന്നിട്ടും ഉണ്ണിക്കൃഷ്ണനെ ആരും ജോലിക്ക് വിളിക്കാഞ്ഞത് മാർക്ക് കുറഞ്ഞതു കൊണ്ട് മാത്രമായിരുന്നോ? ‘അല്ല’ എന്നാണ് ഉണ്ണിക്കൃഷ്ണൻറെ ഉത്തരം.
“ഉണ്ണിക്കൃഷ്ണൻ സംവരണത്തിന് പുറത്തായിരുന്നു…..പഴയ മലയാള ‘സവർണ്ണ’ സിനിമകളിലേതിലെന്ന പോലെ കഥാപാത്രങ്ങളായി പെങ്ങന്മാരേയും വയസ്സായ അമ്മയേയും ഈ സമയത്തു് നിങ്ങൾക്ക് പശ്ചാത്തലത്തിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഞാൻ സംന്തുഷ്ടനായി ...അവരും പുറത്തുള്ളവരാണ്….”ചോദിക്കാത്ത ചോദ്യങ്ങൾക്കു കൂടി ഇങ്ങനെ നർമ്മ ബോധത്തോടെ ഉണ്ണിക്കൃഷ്ണൻ ആത്മഗതം ചെയ്യുന്നത് കേൾക്കുന്നില്ലേ? കേൾക്കാതിരിക്കുന്നതെങ്ങനെ?
പക്ഷേ നർമ്മ ബോധവും കഥകളി കണ്ട പരിചയവും ദൈവങ്ങളെ തൊട്ടുനിന്ന് ജോലി ചെയ്തതും കൊണ്ട് പട്ടിണിയും പണവുമില്ലായ്മയും പരിഹരിക്കപ്പെടില്ല. അത് ഉണ്ണിക്കൃഷ്ണന് ബോദ്ധ്യമായി ഇക്കാലം കൊണ്ട്.
ബ്രഹ്മസ്വമായിരുന്ന അമ്പലങ്ങൾ ദേവസ്വമായി, സർക്കാരിൻറെ വകയായി. എങ്കിലും വരുമാനമില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങളിലെ ദൈവങ്ങളെ ആളുകൾ കൈവിട്ടു. ഉണ്ണിക്കൃഷ്ണൻറെ ദേവനും പകിട്ടില്ലാതെ നിന്നു.ഒരു പട്ടുപോലും ആരും സമർപ്പിക്കുന്നില്ല . പിന്നെങ്ങനെ പകിട്ട് വരുത്താൻ. “ ദേവന്മാരിലും ദരിദ്രർ ശ്ശി ണ്ട് “ എന്ന് അമ്മ പറയുന്നത് എത്ര സത്യം. ഉണ്ണിക്കൃഷ്ണൻ പൂജ ചെയ്യുന്നതിനിടെ ഭഗവാനോടു ചോദിച്ചു. “ 'അമ്മ പറഞ്ഞത് നേരാണോ”? ദേവൻ മന്ദഹസിച്ചു കൊണ്ടു തന്നെ നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
മൂന്ന് ഓപ്പോളുമാരെ എന്ത് ചെയ്യും എന്ന് ആധി പിടിച്ചു നടക്കുകയാണ് ഓർമ്മ വച്ച നാളുമുതലേ ഉണ്ണിക്കൃഷ്ണൻ. താനും അമ്മയും ആധിപിടിക്കുന്നതിനിടെ അവർ മുപ്പത്തെട്ടും നാല്പതും വയസ്സുകൾ കടന്ന് പള്ളിയറയിലെ മൂർത്തികളെപ്പോലെയായി. കൂവളമാലയോ തെച്ചിപ്പൂമാലയോ ഒന്നും ചാർത്താതെ തന്നെ അവർ മൂകാംബികാമാരായി.
അവർക്ക് അച്ഛൻ അറിഞ്ഞിട്ട പേരായിരിക്കുമോ അംബ, അംബിക, അംബാലിക എന്ന്? നമ്പൂതിരിമാർക്കിടയിൽ നടപ്പില്ലാത്ത ഈ പേരുകൾ തന്റെ മക്കൾക്കിടാൻ എന്തുകൊണ്ടായിരിക്കും അച്ഛൻ തീരുമാനിച്ചത്? ഈ ജന്മം ചെയ്യാൻ കഴിയാത്ത എന്തു പ്രതികാരമാവും തൻറെ ഓപ്പോളുമാർ അടുത്ത ജന്മത്തേക്ക് നീട്ടി വച്ചിട്ടുണ്ടാവുക?
ഉണ്ണിക്കൃഷ്ണനെ ചിലപ്പോൾ ആവേശിക്കുന്ന വ്യാകുല ചിന്തകളാണിവ.
ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ച് അവർ ഇടിഞ്ഞുവീഴാറായ ഇല്ലത്തെ ഇടനാഴികളിൽ പതുങ്ങി നിൽക്കുകയായിരുന്നില്ല എപ്പോഴും. ഉഴുതുമറിച്ച പാടത്ത് പണിയെടുക്കാനുറച്ച് ചെന്നപ്പോഴേക്കും അവിടം ഇരുനിലമാളികളോ നേന്ത്രവാഴത്തോപ്പുകളോ കൊണ്ടു നിറഞ്ഞു.
ഗാന്ധിജി പോലും ഒരു പക്ഷേ പിന്നീട് ഉപേക്ഷിച്ചേക്കുമായിരുന്ന ചർക്കയും നൂൽ നൂൽപ്പും വിടാതെ കൊണ്ട് നടന്ന, ചർക്ക ക്ലാസുകൾ നടത്തുന്ന ഗാന്ധിശിഷ്യ സ്ഥാപനങ്ങളിൽ പോയി പഠിച്ച് നൂൽ നൂറ്റ് വസ്ത്രനിർമ്മാണം നടത്തി ജീവിക്കാമെന്ന് അവർ തീരുമാനിക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു.എന്ത് ഫലം? അവർ നെയ്ത തോർത്തുമുണ്ടുകൾ പോലെ കാലം പോകെ അവരും ഇഴപിഞ്ഞിയ തോർത്ത് മുണ്ടുകൾ പോലെയായി.
ഉണ്ണിക്കൃഷ്ണന് വീണ്ടും ഹാസ്യരൂപത്തിലുള്ള ഉപമകൾ വന്നു.
ഇങ്ങനെ ഭൂതകാലവും വർത്തമാനകാലവും ഇഴ ചേർത്ത് നെയ്ത ഈ സന്ധ്യക്ക് ഉണ്ണിക്കൃഷ്ണൻ എന്തു മനോവിചാരത്തിലാണ് മുഴുകിയിരിക്കുന്നത് എന്നാണെങ്കിൽ…..സംശയിക്കേണ്ട നാളെയെപ്പറ്റിത്തന്നെയാണ് അയാളുടെ ചിന്ത. നാളെ ഉണ്ണിക്കൃഷ്ണന് ഒരു ഇന്റർവ്യൂവിന് ഹാജരാകേണ്ടതുണ്ട്.ഏതോ വമ്പൻ സംഘടനയോ, അതോ കമ്പനിയോ ആണ് അയാളെ ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നത്. സർക്കാരാഫീസിലെ പണിക്കല്ല എന്ന് ചുരുക്കം.
കണ്ടു പഴകിയ ഏതോ സിനിമയിലേതു പോലെ ഉണ്ണിക്കൃഷ്ണൻറെ അകാല വാർദ്ധക്യം വന്ന പെങ്ങന്മാർ അയാളെ രാവിലെ ത്തന്നെ ഉണർത്തി അനുഗ്രഹിച്ചു വിടാനായി , ചന്ദനവും തുളസിപ്പൂവുമായി, ദു:ഖവും ആഹ്ലാദവും കലർന്ന മുഖഭാവത്തോടെ ഉമ്മറത്ത് നിരന്നു നിന്നതൊന്നുമില്ല. നാമജപം മുതൽ പലതരം പ്രവർത്തികളിലേർപ്പെട്ട് അവർ ഇടനാഴികളിലൂടെ നടക്കുന്ന നേരത്താണ് ഉണ്ണികൃഷ്ണൻ ഇറങ്ങിപ്പോയത്.
“പോയി വരട്ടെ , അമ്മേ എന്ന് അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട്.
കറുത്ത ചില്ലിട്ട വാതിലുകളുള്ള ഊക്കൻ കെട്ടിടത്തിലെ അഞ്ചാം നിലയിലോ ആറാം നിലയിലോ ആണ് ഓഫീസ്.അവിടെ വച്ചാണ് ഇന്റർവ്യൂ. അഞ്ചാം നിലയിലെ ചില്ലുവാതിലിനു മുമ്പിലെത്തി ബോർഡു വായിച്ചുറപ്പുവരുത്തി ഉണ്ണിക്കൃഷ്ണൻ ഊഴം കാത്തിരുന്നു.
ഇതാ പേര് വിളിക്കുന്നു.
ഉണ്ണിക്കൃഷ്ണനു മുമ്പിൽ ഏഴുപേർ മേശക്കപ്പുറത്തുള്ള കസേരകളിരുന്ന് അയാളുടെ അഭിവാദനം സ്വീകരിച്ച്, ഇരിക്കാൻ അനുവാദം നൽകി.
ഒട്ടും ശുഭാപ്തി വിശ്വാസിയായിരുന്നില്ല ഉണ്ണിക്കൃഷ്ണൻ. കാരണം അതുവരെ ജീവിതത്തിൽ സംഭവിച്ചതൊന്നും ശുഭാപ്തി വിശ്വാസം വളർത്താൻ പോന്നതായിരുന്നില്ല.
അമ്പലത്തിലെ ശാന്തിപോലും ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ശാന്തിപ്പണിയിൽ ബിരുദം നേടിയ ഏതോ ഒരു ബൽറാം പുതിയ ശാന്തിയായി സ്ഥാനമേറ്റു. ഉണ്ണിക്കൃഷ്ണന് വേണ്ടത്ര യോഗ്യതയില്ലാത്തതിനാൽ പിരിച്ചു വിടുന്നു എന്ന അറിയിപ്പ് കിട്ടി. ഉണ്ണിക്കൃഷ്ണൻ പൂജാവിധികളും ജ്യോതിഷവും മന്ത്ര തന്ത്രങ്ങളും പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം സമ്പാദിച്ചിട്ടില്ലല്ലോ. ദേവഭാഷയായ സംസ്കൃതം അറിയില്ലെന്നും പൂജക്കുവേണ്ട സംസ്കൃതമന്ത്രങ്ങളും അതിൻറെ അർത്ഥങ്ങളും മാത്രമേ അറിയൂ എന്നും അയാൾ പൂജിക്കുന്ന ദേവൻ തന്നെയായിരിക്കുമോ ഉണ്ണിക്കൃഷ്ണനെതിരേ സർക്കാരിൽ റിപ്പോർട്ടു ചെയ്തത്?
“ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , അല്ലെ? “ കണ്ണടക്കുള്ളിൽ നിന്ന് ഇന്റർവ്യൂക്കാരന്റെ കണ്ണുകൾ തിളങ്ങി.
സർട്ടിഫിക്കറ്റുകൾ ഒത്തു നോക്കിക്കൊണ്ടിരുന്നു സ്ഥൂലഗാത്രൻ തലയുയർത്തി നോക്കി.
“ മിസ്റ്റർ ഉണ്ണിക്കൃഷ്ണൻ, നിങ്ങൾക്ക് ചിലപ്പോൾ ഈ ജോലിയെ ക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉണ്ടാകാം. ആദ്യമേ പറയട്ടെ, ഓഫീസിൽ ഇരുന്നു ഫയലുകൾ നോക്കുന്ന ജോലിക്കല്ല ഞങ്ങൾക്ക് ആളെ വേണ്ടത്…”
“ ഫീൽഡ് വർക്കാണ് “ മറ്റൊരു മധ്യവയസ്‌കൻ പൂരിപ്പിച്ചു.
“ ആ ജോലിക്ക് നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ശമ്പളം തരാൻ ഞങ്ങൾക്കായേക്കും. പ്രതിമാസം പന്ത്രണ്ടായിരം രൂപ”. കാര്യം വെട്ടിത്തുറന്നു പറയുന്നതാണ് കൃശഗാത്രൻറെ ശൈലി എന്ന് തോന്നി.
ഉണ്ണിക്കൃഷ്ണൻറെ മുമ്പിൽ വേറെ പോംവഴികളൊന്നുമില്ലാത്തതുകൊണ്ടും അയാൾ അവർ പറയുന്ന പണികൾ ചെയ്യാൻ തയ്യാറായി വന്നത് കൊണ്ടും എന്തു പണി, എപ്പോൾ, എങ്ങനെ എന്ന് മാത്രം അറിഞ്ഞാൽ മതി എന്ന മനോഭാവത്തിലായിരുന്നു.
“ വലിയ പണിയൊന്നുമില്ല മിസ്റ്റർ ഉണ്ണിക്കൃഷ്ണൻ, കേരളത്തിലെ ബ്രാഹ്മണരുടെ കണക്കെടുക്കണം , അത്രതന്നെ”. ഇത്തവണയും കൃശഗാത്രനാണ് വിശദീകരിച്ചത്.
കേട്ടത് വിശ്വസിക്കാനാവാതെ ഉണ്ണിക്കൃഷ്ണൻ അമ്പരന്നു. ഇതൊരു ജോലിയാണോ? സർക്കാരിന്റെ കയ്യിലെ കാനേഷുമാരി കണക്കിൽ നോക്കിയാൽ തീരാവുന്നതല്ലേയുള്ളൂ, ഈ കാര്യം. ഇതിന് ഫീൽഡ് വർക്ക് ചെയ്യുന്നതെന്തിന്?
സംശയങ്ങൾ ഉണ്ണിക്കൃഷ്ണൻറെ മനസ്സിൽ വന്നു മുട്ടി.എങ്കിലും ഒന്നും ചോദിക്കാതെ, അമ്പരപ്പുപോലു പ്രകടമാക്കാതെ അയാൾ “യെസ് , സർ” എന്നുമാത്രം പറഞ്ഞു.
അഭിമുഖകാരന്മാർ തുടർന്നു.
“ ആറുമാസം കൊണ്ട് ഈ പണി ചെയ്തു റിപ്പോർട്ട് നൽകണം. അത് കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ ജോലിയിലുള്ള മികവ് അനുസരിച്ചു് ഞങ്ങൾ വേറെ പ്രോജക്റ്റുകൾ നിങ്ങളെ ഏൽപ്പിക്കുന്നതായിരിക്കും.” കണ്ണടക്കാരൻ ഇമയനക്കാതെ നോക്കിക്കൊണ്ടു പറഞ്ഞു.
“ സമ്മതമാണെങ്കിൽ ഓഫീസിൽ നിന്ന് ഫയലുകളും , പേന, പെൻസിൽ, ഗ്രാഫിക് ചാർട്ടുകൾ, തുടങ്ങിയ സാധനങ്ങൾ വാങ്ങി ഇന്ന് തന്നെ ജോയിൻ ചെയ്തു കൊള്ളൂ. രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ എല്ലാദിവസവും രാവിലെ പത്തുമണിയോടെ ഇവിടെയെത്തണം.” സ്ഥൂലശരീരൻ സ്ട്രിക്റ്റാണെന്ന് തോന്നി.
“ എന്നാല്‍ ഔട്ട് ഓഫ് സ്റ്റേഷന്‍ ആണെങ്കില്‍ ആ വിവരം കൃത്യമായി ഓഫീസില്‍ അറിയിക്കണം. അതിന് മൊബൈല്‍ ഫോണ്‍ ഓഫീസില്‍ നിന്ന് തരും.” മധ്യവയസ്കന്റെ വിശദീകരണം.
“ ഇതാ ഇപ്പോള്‍ ഈ കരാറില്‍ ഒപ്പിടുക" കൃശഗാത്രന്‍ കടലാസു നീട്ടി.
ഉണ്ണിക്കൃഷ്ണൻറെ കൈ വിറച്ചില്ല . ചെവിയില്‍ മുന്നറിയിപ്പു സൂചിപ്പിക്കുന്ന സംഗീതമോ അശരീരിയോ മുഴങ്ങിയതുമില്ല.
“ ഇനി എങ്ങനെയാണ് കണക്കെടുപ്പ് തുടങ്ങേണ്ടത് എന്ന് പറയാം” ഇത്തവണ പറഞ്ഞു തുടങ്ങിയത് കണ്ണടക്കാരനാണ്. “ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്".
“ ആദ്യമായി നമ്മുടെ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുക. എല്ലാ സംഘടനകള്‍ക്കും ഗവണ്മെന്റുകള്‍ക്കും പ്രധാനമായും ഒരൊറ്റ ഉദ്ദേശമേയുള്ളൂ എന്നത് പോലെ നമുക്കും ഒരുദ്ദേശമേയുള്ളൂ. മനുഷ്യനന്മ . അതെ മനുഷ്യനന്മക്കായാണ് നമ്മളും പ്രവര്‍ത്തിക്കുന്നത്. മരിക്കാന്‍ പോലും താല്‍പ്പര്യമില്ലാത്തവരാണ് നമ്മുടെ ട്രസ്റ്റികളായി ഇരിക്കുന്നവരില്‍ പലരും. കാരണം ശരീരമില്ലാതെ എങ്ങനെ മനുഷ്യസേവനം നടത്തും എന്ന ലളിതമായ ചോദ്യം മുന്നിലുള്ളതു തന്നെ.ഇനി അഥവാ മരിച്ച് സ്വര്‍ഗ്ഗം പ്രാപിക്കുകയാണെങ്കില്‍ തങ്ങളെ നരകത്തിലേക്കയക്കൂ എന്ന് പറയുന്ന മഹാന്മാരാണവര്‍. കാരണമറിയാമല്ലോ. ചേരികള്‍, ദരിദ്രര്‍ ഒന്നുമില്ലാത്ത സ്വര്‍ഗ്ഗ ദേശത്തെ ജീവിതം നരകത്തേക്കാള്‍ ഭീകരമായിരിക്കും എന്ന ചിന്തയാണ് അവരെ അലട്ടുക. അതുപോകട്ടെ, ഇത്രയും പറഞ്ഞത് നമ്മളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ മോശമാകരുത് എന്നോര്‍മ്മിപ്പിക്കാനാണ്.”
“ നമ്മുടെ പ്രധാന ഉന്നം കേരളത്തില്‍ എത്ര ബ്രാഹ്മണര്‍ ഉണ്ട് എന്ന് കണ്ടെത്തുകയാണല്ലോ.അതിനായി നാം ഓരോ വീട്ടിലും കയറിയിറങ്ങി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്യുക. ആരും മരിച്ചിട്ടില്ലാത്ത വീട്ടില്‍ നിന്ന് കടുകു ചോദിച്ചു നിരാശപ്പെടുന്നത് പോലെയല്ല ഇത്. പ്രിന്‍റ് ചെയ്ത ചോദ്യങ്ങളാണ്.. ഉത്തരങ്ങള്‍ അടയാളപ്പെടുത്താന്‍ കോളങ്ങളുണ്ട്. മനസ്സിലാകുന്നുണ്ടോ ഉണ്ണിക്കൃഷ്ണൻ?” കഷണ്ടി കയറിയ തലതടവി ഏഴാമന്‍ ചോദിച്ചു. ഇതുവരെ അയാള്‍ മൌനിയായിരുന്നു. “ ഞങ്ങൾക്കറിയാം നിങ്ങളുടെ പൂർവ്വികരുടെ ജീവിതത്തെപ്പറ്റി നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. അവർ എത്രമാത്രം സുഖലോലുപരും നിരുത്തരവാദികളും ആയി കഥ കളിയും വ്യഭിചാരവും ആയി നടന്നവർ ആണെന്ന് . ഇതൊക്കെ അറിയാവുന്ന ഒരാളെത്തന്നെ ഈ ജോലി ഏൽപ്പിക്കുന്നതിൽ ഒരു ...ഒരു..എന്തോ നീതി…” അയാൾ വാക്കുകൾ തപ്പുന്നത് കണ്ടു ഉണ്ണിക്കൃഷ്ണൻ പറഞ്ഞു ‘’കാവ്യനീതി” ഉണ്ണിക്കൃഷ്ണന്റെ പൂരിപ്പിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾ പറഞ്ഞു “ ആ..അതുതന്നെ കാവ്യനീതി ഉണ്ടല്ലോ”?
‘ഉവ്വ്’ എന്ന് പറഞ്ഞില്ലെങ്കിൽ ജോലി കിട്ടിയില്ലെങ്കിലോ എന്ന് ഉണ്ണിക്കൃഷ്ണന് സംശയമായി. അതുകൊണ്ടു അയാൾ പതുക്കെ തലയാട്ടി.
“ഇനി ചോദിക്കേണ്ട ചോദ്യങ്ങളിലേക്ക് കടക്കാം”
“ ചോദ്യം ഒന്ന്:
‘ നിങ്ങൾ ചന്തുമേനോൻറെ ഇന്ദുലേഖ എന്ന നോവലിൽ പറഞ്ഞപ്രകാരം വെടിവട്ടത്തിൽ രസിക്കാറുണ്ടോ?’
ചോദ്യം രണ്ട് :
‘ ഇന്ദുലേഖയോ കഥകളിയോ വേണ്ടത് എന്ന ചോദ്യത്തിന് സൂരി നമ്പൂതിരിപ്പാട് പറഞ്ഞ ഉത്തരം ‘ കഥകളി ‘ എന്നായിരുന്നു .എന്നാൽ ഇത്തരമൊരു ചോദ്യത്തിന് നിങ്ങൾ എന്തുത്തരം പറയും? ഉദാഹരണത്തിന് മദ്യമോ, പെണ്ണോ, സിനിമയോ? ഏതു വേണം?’
ഇത് മൂന്നും എന്നു പറയുന്നവരെ മുഴുവൻ ബ്രാഹ്മണരായി എണ്ണണം.”
കഷണ്ടിക്കാരൻ പറയുന്നതിനിടെ കൃശഗാത്രൻ ഇടപെട്ടു., “വീടുകൾ തോറുമുള്ള പുരുഷന്മാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്നറിയാമല്ലോ.ഒരു വീട്ടിലെ പുരുഷൻ ബ്രാഹ്മണനാണെങ്കിൽ ബാക്കി മുഴുവൻ പേരും ബ്രാഹ്മണർ തന്നെ. ഇതാണ് നമ്മൾ അർത്ഥമാക്കുന്നത്. അതൊക്കെ അല്ലെങ്കിലും ഉണ്ണികൃഷ്ണന് അറിയാമെന്ന് ഞാൻ കരുതുന്നു.”
“മൂന്നാം ചോദ്യം ഇതാണ്:
‘ സംബന്ധ സമ്രദായം ഇപ്പോഴും നിലവിലുണ്ടോ? ‘ഇല്ല’ എന്നായിരിക്കും ഉത്തരം. എന്നാൽ അടുത്ത ചോദ്യം ഇതിന്റെ തുടർച്ചയാണെന്ന് ഓർമ്മ വേണം”
“ നക്ഷത്ര ഹോട്ടലുകളും ടൂറിസ്റ്റ് സങ്കേതങ്ങളും സന്ദർശിക്കാറുണ്ടോ? ഉണ്ടെങ്കിൽ മാസത്തിൽ എത്ര തവണ? ഉത്തരം മന്ദഹാസപൂർണ്ണമായ ഒരു ഉണ്ട് എന്നും ‘ വല്ലപ്പോഴും , ‘ഒരു തവണ’ എന്നിങ്ങനെയാണെങ്കിൽ അയാളെ ബ്രാഹ്മണനായിക്കാണണം.”
“ പാൽപ്പായസമാണോ ചിക്കൻ ഫ്രൈ, മട്ടൻ, പോർക്ക് ഇവ വറുത്തതാണോ പിറന്നാൾ സദ്യക്ക് പ്രധാനം എന്ന ചോദ്യത്തിന് ഇതിൽ ഏതുത്തരം പറഞ്ഞാലും അയാളെ ബ്രാഹ്മണൻറെ പട്ടികയിൽ ഉൾപ്പെടുത്തുക.” മധ്യവയസ്‌കൻ വയറു തടവി.
“ 64 കലകൾ അറിയാമോ എന്ന ചോദ്യത്തിന് കള്ളച്ചിരിയോടെ അറുപത്തിനാലിൽ ഒരു കല മാത്രമേ അറിയൂ എന്ന് അർദ്ധോക്തിയിൽ നിർത്തുന്നവനേയും ബ്രാഹ്മണപട്ടികയിൽ ഉൾപ്പെടുത്താൻ മടിക്കേണ്ട” തലചരിച്ചുപിടിച്ചു ചെറു ചിരിയോടെ സ്ഥൂലഗാത്രൻ പറഞ്ഞു.
ഇങ്ങനെ ചോദിക്കേണ്ട ചോദ്യങ്ങളുടെ നീണ്ട ലിസ്റ്റും ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ട വിധവും ,അനേകം കോഡുകളും വിദഗ്ദ്ധമായി ഏഴുപേരും ചേർന്ന് ഉണ്ണികൃഷ്ണനെ പഠിപ്പിച്ചു.
ശിക്ഷണം പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ ഫീൽഡിലേക്കിറങ്ങി.
വീട്ടിലേക്കു നടക്കുന്നതിനിടയിൽ ഉണ്ണികൃഷ്ണൻ പലതും മനോരാജ്യം കണ്ടു.താരതമ്യേന കഷ്ടപ്പാടു കുറഞ്ഞ പണിയാണിത് എന്നയാൾ സമാധാനിച്ചു.
കേരളത്തിലെ ബ്രാഹ്മണരുടെ കണക്കെടുത്ത് എണ്ണം തിട്ടപ്പെടുത്തി ശതമാനത്തിലാക്കി ബോധ്യപ്പെടുത്തുന്ന ജോലിയിലേക്കാണ് താൻ നിയമിക്കപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോൾ അമ്മയ്ക്ക് ഒരു പക്ഷേ സന്തോഷമാവും. ഓപ്പോളുമാർ എന്താവും പറയുക? ‘ എന്തായാലും ഒരു തൊഴിലല്ലേ ‘ എന്നോ മറ്റോ ആയിരിക്കും.
ഭൂപടത്തിൽ അഴിച്ചിട്ട കോണകരൂപത്തിലുള്ള മലയാള നാടിൻറെ കിടപ്പോർമ്മവന്ന് ഉണ്ണിക്കൃഷ്ണൻ സ്വയം മന്ദഹസിച്ചു.
ആറുമാസം അത്ര നീണ്ട കാലയളവൊന്നുമല്ലെന്ന് ഉണ്ണിക്കൃഷ്ണന് പെട്ടെന്ന് തന്നെ ബോധ്യമായി. രാവും പകലുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം നടന്നു നടന്ന് ഒരേ ചോദ്യങ്ങൾ തന്നെ വീട് തോറും കയറിയിറങ്ങി ചോദിച്ചു ചോദിച്ചു അയാൾ ബ്രാഹ്മണരെ അടയാളപ്പെടുത്തി. റിപ്പോർട്ട് വായിച്ച് കണ്ണടക്കാരനും കഷണ്ടിക്കാരനും സ്ഥൂലനും കൃശനുമെല്ലാം തൃപ്തരായാൽ മാത്രമേ തന്റെ ഭാവി മുന്നോട്ടുള്ളൂ എന്ന ചിന്ത ഉണ്ണികൃഷ്ണനെ മടുപ്പിൽ നിന്നും ഉണർത്തിക്കൊണ്ടിരുന്നു.
ആറുമാസം തികയുന്ന അന്ന് തന്നെ ഏഴംഗസംഘം ഉണ്ണികൃഷ്ണനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു കൂടിക്കാഴ്ച. ഒരു ഡസനിലേറെ ഫയലുകൾ ചുമന്നാണ് ഉണ്ണിക്കൃഷ്ണൻ ലിഫ്റ്റ് കയറിയത്. അവ കണ്ണടക്കാരനടക്കമുള്ള മേലധികാരികൾക്കു മുമ്പിൽ ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ചു.
“ സംഗ്രഹം മാത്രം ഇപ്പോൾ വായിക്കൂ, ഉണ്ണിക്കൃഷ്ണാ “ സ്ഥൂലഗാത്രൻ ഫയൽക്കൂന കണ്ട് അക്ഷമനായി പറഞ്ഞു.
“ അതെ, ആദ്യം സംക്ഷിപ്തമായി പറയൂ. വിശദമായി ഞങ്ങൾ പിന്നീട് നോക്കുന്നതായിരിക്കും” കണ്ണടക്കാരൻ പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് വളരെ ചുരുക്കി വായിച്ചു. അത് ഇത്രമാത്രം.
“ കേരളത്തിൽ എന്റെ ഈ കാനേഷുമാരികണക്കു പ്രകാരം ബ്രാഹ്മണർ പെരുകുകയാണ്. ബുൾഡോസർ ഭൂതത്താൻ കുന്ന് തുരന്നു തുരന്നു മുന്നേറും പോലെ ആറുമാസം ഇരവുപകൽ കേരളത്തിലെ മുക്കിലും മൂലയിലുമുള്ള വീടുകൾ തോറും മുട്ടിയും തുറപ്പിച്ചും ശേഖരിച്ചതാണ് ഇതിലെ വിവരങ്ങൾ. കേരളത്തിലെ ബ്രാഹ്മണാധിക്യം എന്നെ അത്ഭുതപ്പെടുത്തി എന്നതാണ് വസ്തുത.”
“ ഉണ്ണിക്കൃഷ്ണാ കാര്യത്തിലേക്ക് കടക്കൂ” കൃശഗാത്രനായ മീശക്കാരനും അക്ഷമ തന്നെ.
‘ തീർച്ചയായും , സർ . ഉണ്ണിക്കൃഷ്ണൻ വിനീതനായി. “ എന്താണ് ഇത്തരത്തിലൊരു ചോദ്യാവലി എന്ന് ഓരോ വീട്ടുകാരും ചോദിക്കുകയുണ്ടായി. അതിന് ഞാൻ പറഞ്ഞ മറുപടി അവരെ തൃപ്തിപ്പെടുത്തി എന്ന് അവരുടെ ഉത്തരം പറയാനുള്ള സന്നദ്ധതയിൽനിന്ന് എനിക്ക് തോന്നുന്നു .”
“എന്തായിരുന്നു നിങ്ങൾ പറഞ്ഞത്? നാട്ടുകാർ എന്തിന് ഇങ്ങോട്ടു ചോദ്യങ്ങൾ ചോദിക്കണം? “ കണ്ണടക്കാരന് അവരുടെ കണക്കെടുപ്പിനെ നാട്ടുകാർ സംശയിച്ചോ എന്നായി.
“ ഇതെൻറെ ഉപജീവന മാർഗ്ഗമാണ് . സഹകരിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ” ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു പറയാൻ തുടങ്ങിയ ഉത്തരം ചുരുക്കത്തിലാക്കി.
“ അതെന്തെങ്കിലുമാകട്ടെ ; നിങ്ങൾ റിപ്പോർട്ട് ചുരുക്കി വായിക്കൂ” അക്ഷമപ്പെട്ട് മറ്റൊരാൾ പറഞ്ഞു.
അതെ, ഞാൻ കണ്ടെത്തിയ കണക്ക് ഇപ്രകാരമാണ് “ ഉണ്ണികൃഷ്ണൻ കടലാസു നോക്കി വായിച്ചു തുടങ്ങി
നമ്പൂതിരി ബ്രാഹ്മണർ - മൂന്നു ശതമാനം
നായർ ബ്രാഹ്മണർ - പതിനഞ്ചു ശതമാനം
ഈഴവ ബ്രാഹ്മണർ - ഇരുപതു ശതമാനം
മാപ്പിള ബ്രാഹ്മണർ - പത്തു ശതമാനം
ക്രിസ്ത്യാനി ബ്രാഹ്മണർ - ഇരുപതു ശതമാനം
ദളിത ബ്രാഹ്മണർ - അഞ്ചു ശതമാനം
അബ്രാഹ്മണർ - ഇരുപത്തേഴു ശതമാനം
മൊത്തം ബ്രാഹ്മണർ എഴുപത്തി മൂന്നു ശതമാനം
കേരളം ബ്രാഹ്മണദേശമായി പ്രഖ്യാപിക്കപ്പെടണമെന്നാണ് മുകളിൽ പറഞ്ഞ എല്ലാ ബ്രാഹ്മണരുടേയും ആഗ്രഹമെന്നും മനുഷ്യരെ ബ്രാഹ്മണരാക്കുന്നതിൽ നാം വിജയിച്ചു എന്നാണ് മേൽപ്പറഞ്ഞവർ കരുതുന്നതെന്നും ഈ റിപ്പോർട്ടിൻറെ അനുബന്ധമായി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.
റിപ്പോർട്ട് തയ്യാറാക്കിയത്- ഉണ്ണിക്കൃഷ്ണൻ ( ഒപ്പ് )
ഉണ്ണിക്കൃഷ്ണൻറെ ഈ റിപ്പോർട്ടിനോടുള്ള ഏഴംഗ സംഘത്തിൻറെ പ്രതികരണമെന്താവും? അയാൾ ശ്ലാഘിക്കപ്പെടുമോ അതോ ഇതൊരു കൽപ്പിത റിപ്പോർട്ടാണെന്ന് തള്ളിക്കളയുമോ?
കണ്ണിൽ കണ്ണിൽ നോക്കുന്ന ഏഴംഗസംഘം എന്തായിരിക്കും ഉണ്ണിക്കൃഷ്ണൻറെ റിപ്പോർട്ടിനുമേൽ സ്വീകരിക്കുന്ന നടപടി?
( 2008 )