Thursday, May 28, 2009

അഭിപ്രായം പറയുന്നതിനെ കുറിച്ച്‌

ഞാന്‍ ഒരു പ്രൈമറി സ്കൂളിലെ ക്ലാസുമുറി യിലാണെന്നും ഒരു പ്രബന്ധം എഴുതാന്‍ ഒരുങ്ങുകയാണെന്നും ഉള്ള സ്വപ്നത്തില്‍ ടീച്ചറോട് ഒരഭിപ്രായം പ്രകടിപ്പിക്കുന്നത് ഏതു വിധമാണ് എന്ന് ചോദിച്ചു .


' അത് വളരെ ബുദ്ധിമുട്ടാണ് ' എന്റെ മുഖത്തേക്ക് കണ്ണടചില്ലില്‍ കൂടി ചരിഞ്ഞു നോക്കിക്കൊണ്ടു അദ്ദേഹം പറഞ്ഞു ..ഞാന്‍ ഒരു കഥ കേള്‍പ്പിക്കാം '

'ഒരു കുടുംബത്തില്‍ ഒരാണ്‍ കുട്ടി ജനിച്ചപ്പോള്‍ കുടുംബക്കാര്‍ മുഴുവന്‍ ആഹ്ലാദ ചിത്തരായി. അവനു ഒരു മാസം പ്രായമായപോള്‍ അതിഥികളെ കാണിക്കുന്നതിന് വേണ്ടി അവനെ പുറത്തേക്കു കൊണ്ട് വന്നു . തീര്‍ച്ചയായും അവര്‍ അതിഥികളില്‍ നിന്ന് പ്രശംസ പ്രതീക്ഷിച്ചു .
ഒരാള്‍ പറയുന്നു " ഈ കുഞ്ഞ് ധനവാനാകും " അയാള്‍ക്ക്‌ ഹൃദയം നിറഞ്ഞുള്ള നന്ദി ലഭിച്ചു.
മറ്റൊരാള്‍ പറയുന്നു " ഈ കുട്ടി ഒരു ഉയര്‍ന്ന ഓഫീസറാകും" അയാള്‍ക്ക്‌ തിരിച്ചും ചില പ്രശംസകള്‍ കിട്ടി .
മറ്റൊരാള്‍ പറയുന്നു " ഈ കുഞ്ഞ് മരിക്കും " ഇതു കേട്ടു അയാളെ കുടുബക്കാരെല്ലാം ചേര്‍ന്ന് മര്‍ദ്ദിച്ചു അവശനാക്കുന്നു ..'
അതായത്‌ , കുട്ടിയുടെ മരണം അനിവാര്യമായ സത്യമാണ് , അതെ സമയം കുട്ടി ധനവാനാകും എന്നതോ ഉന്നത ഉദ്യോഗസ്ഥനാകും എന്നതോ ഒരു പക്ഷെ അസത്യമാകാം .എങ്കിലും അസത്യം സമ്മാനിക്കപ്പെട്ടു , അനിവാര്യമായതിനെ കുറിച്ചുള്ള സത്യപ്രസ്താവമാകട്ടെ മദ്ദനവും ഏറ്റു......നീ.......'

' സര്‍ , എനിക്ക് കള്ളം പറയേണ്ട , എന്നാല്‍ അടി കൊള്ളാനും ആഗ്രഹമില്ല ..അതിനു ഞാന്‍ എന്ത് പറയണം ? '

അങ്ങനെയാണെങ്കില്‍ .....നീ ഇങ്ങനെ പറയൂ ... ഹാ !! ഈ കുട്ടിയെ നോക്കൂ ..!! എന്റെ......ഹായ്‌ ! അത്ഭുതം ....!!!!!! ഹൊ !....ഹോ ..ഹി .....ഹി..ഹീ ...ഹീ ...ഹി ഹീ ഹി ഹീ ......!!!

ലു ഷന്‍ (1925) വിവ : സാവിത്രി രാജീവന്‍

Wednesday, May 27, 2009

നായ

ഞാന്‍ ഇടുങ്ങിയ ഇടവഴിയിലൂടെ മുഷിഞ്ഞ വസ്ത്രങ്ങളോടെ, ഒരു യാചകനെപ്പോലെ നടക്കുകയാണെന്ന് സ്വപനം കണ്ടു .
ഒരു നായ എന്റെ പിന്നാലെ കുരച്ചു കൊണ്ടു വന്നു .
തിരിഞ്ഞു നോക്കി പകയോടെ ഞാന്‍ അതിന്റെ നേരെ ഒച്ചവച്ചു .
ഭ ! വായടക്ക്‌ !തുപ്പലൊലിപ്പിക്കുന്ന കൊടിച്ചി പട്ടി !
അവന്‍ അവജ്ഞയോടെ ചിരിച്ചു . ഓ ! ഇല്ല ! അവന്‍ പറഞ്ഞു ' എനിക്ക് മനുഷ്യനെ അത്രയ്ക്ക് ബഹുമാന മൊന്നു മില്ല .'!
എന്ത്? '! എനിക്ക് കലി കയറി .
ഇതാണ് എല്ക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ അവമതി എന്ന് എനിക്ക് തോന്നി.
അവന്‍ പറഞ്ഞു
'എനിക്ക്
ഇതു പറയാന്‍ ലജ്ജയുണ്ട്.... അതായത്‌ , എനിക്ക് ഇപ്പോഴും ചെമ്പും വെള്ളിയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല പട്ടു തുണിയും മറ്റു തുണികളും തമ്മിലും ഉദ്യോഗസ്ഥന്മാരും സാധാരണക്കാരും തമ്മിലും , ഉടമകളും അടിമകളും തമ്മിലും ......ഉള്ള വ്യത്യാസവും ....'

ഞാന്‍ പിന്തിരിഞ്ഞോടി .
'കുറച്ചു നേരം നില്‍ക്കൂ ! നമുക്കു കുറച്ചു കൂടി സംസാരിക്കാം ....എന്റെ പിറകില്‍ നിന്നു അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു .
പക്ഷെ ഞാന്‍ നേരെ ,നിര്‍ത്താതെ ഓടി കൊണ്ടിരുന്നു ..എന്റെ സ്വപനത്തില്‍ നിന്നു പുറത്തു കടക്കുന്നതു വരെ .എന്റെ കിടക്കയില്‍ എത്തുന്നതുവരെ .

ലു ഷന്‍.( 1923) വിവ : സാവിത്രി രാജീവന്‍

Sunday, May 24, 2009

സ്ത്രീകളും വികലാംഗരും

ഞാന്‍ വികലാംഗന്‍ ,
യാത്ര
വടക്കു ദിക്കിലെക്കായാലും
പടിഞ്ഞാറന്‍ തീരത്തെക്കായാലും
കിഴക്കന്‍ പര്‍വതങ്ങളിലെക്കായാലും
അല്ലെങ്കില്‍ തെക്കോട്ട്‌ തന്നെ ആയാലും
ബസ്സില്‍ എനിക്കിരിപ്പിടം .

സിനിമാപ്പുരയിലും തീവണ്ടി സ്റെഷ നിലും
അമ്പലപുഴയിലും ആലപ്പുഴയിലും മാത്രമല്ല
റേഷന്‍ കടയിലും
പാമോയില്‍ കടയിലുമുണ്ട് എനിക്ക് നില്ക്കാന്‍ ഒരിടം .
വരണത്തിലും മരണത്തിലും
ചിരിയിലും ചിന്തയിലുമുണ്ട് എനിക്ക് പരി രക്ഷണം
എങ്കിലും
എന്റെ സ്ഥാനം എപ്പോഴും സ്ത്രീകള്‍ക്കിടയിലാണ് ,
സ്ത്രീകള്‍ക്കൊപ്പമാണ്.
എനിക്കറിഞ്ഞുകൂടാ ,
സ്ത്രീകളും വികലാംഗരാണോ ?

Thursday, May 21, 2009

ജ്ഞാനികള്‍

ജ്ഞാനികള്‍
മരിച്ചവരാകുന്നു ജ്ഞാനികള്‍ :
അവര്‍ക്കറിയാം പൂക്കളുടെ വേരുകള്‍ എത്രയാഴത്തില്‍ ചെല്ലുന്നുണ്ടെന്ന്,
വിത്തുകള്‍ മുളയെടുക്കാന്‍ എത്രകാലം മണ്ണില്‍ കുതിര്‍ന്നു കിടക്കണമെന്ന് .
മിടിക്കാത്ത നെഞ്ചും ചൂടാവാത്ത തലയുമായി
മഴയും മഞ്ഞും ഏറ്റുവാങ്ങുന്നവര്‍ മരിച്ചവര്‍ മാത്രം
ആനന്ദത്തിലും വേദനയിലും കുലുങ്ങാത്തവര്‍ അവര്‍
മരിച്ചവര്‍ മാത്രമാകുന്നു സംതൃപ്തര്‍ :
അവരുറങ്ങുന്നു ,കിനാവ് കാണുന്നു ,
അവരുടെ വിശ്രമം തടസ്സപ്പെടുത്താന്‍
സ്നേഹത്തിന്റെയും വെറുപ്പിന്റെയും ഭാരം അവര്‍ക്കില്ലല്ലോ
ആളുകള്‍ അവരെ ചങ്ങാതിമാരാക്കാത്തത് അത്ഭുതം തന്നെ .
മരിച്ചവരുടെ മുഴുത്ത നിസ്സംഗതയില്‍
സ്വയം മൂടാന്‍ കൊതിക്കുന്ന എന്നെ
ആളുകള്‍ വിചിത്രജീവിയായി കാണുന്നത് അത്ഭുതം തന്നെ

ആഫ്രിക്കന്‍ കവിത .വിവ: സച്ചിദാനന്ദന്‍

Thursday, May 7, 2009

ട്രെയിനില്‍



ഇന്നലെ ഇന്‍ഡോര്‍ ട്രെയിനില്‍ എന്റെ സഹയാത്രിക ...നിമിഷ സൌഹൃദത്തിന്റെ ബാക്കി , ഈ ചിത്രം .