Wednesday, May 27, 2009

നായ

ഞാന്‍ ഇടുങ്ങിയ ഇടവഴിയിലൂടെ മുഷിഞ്ഞ വസ്ത്രങ്ങളോടെ, ഒരു യാചകനെപ്പോലെ നടക്കുകയാണെന്ന് സ്വപനം കണ്ടു .
ഒരു നായ എന്റെ പിന്നാലെ കുരച്ചു കൊണ്ടു വന്നു .
തിരിഞ്ഞു നോക്കി പകയോടെ ഞാന്‍ അതിന്റെ നേരെ ഒച്ചവച്ചു .
ഭ ! വായടക്ക്‌ !തുപ്പലൊലിപ്പിക്കുന്ന കൊടിച്ചി പട്ടി !
അവന്‍ അവജ്ഞയോടെ ചിരിച്ചു . ഓ ! ഇല്ല ! അവന്‍ പറഞ്ഞു ' എനിക്ക് മനുഷ്യനെ അത്രയ്ക്ക് ബഹുമാന മൊന്നു മില്ല .'!
എന്ത്? '! എനിക്ക് കലി കയറി .
ഇതാണ് എല്ക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ അവമതി എന്ന് എനിക്ക് തോന്നി.
അവന്‍ പറഞ്ഞു
'എനിക്ക്
ഇതു പറയാന്‍ ലജ്ജയുണ്ട്.... അതായത്‌ , എനിക്ക് ഇപ്പോഴും ചെമ്പും വെള്ളിയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല പട്ടു തുണിയും മറ്റു തുണികളും തമ്മിലും ഉദ്യോഗസ്ഥന്മാരും സാധാരണക്കാരും തമ്മിലും , ഉടമകളും അടിമകളും തമ്മിലും ......ഉള്ള വ്യത്യാസവും ....'

ഞാന്‍ പിന്തിരിഞ്ഞോടി .
'കുറച്ചു നേരം നില്‍ക്കൂ ! നമുക്കു കുറച്ചു കൂടി സംസാരിക്കാം ....എന്റെ പിറകില്‍ നിന്നു അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു .
പക്ഷെ ഞാന്‍ നേരെ ,നിര്‍ത്താതെ ഓടി കൊണ്ടിരുന്നു ..എന്റെ സ്വപനത്തില്‍ നിന്നു പുറത്തു കടക്കുന്നതു വരെ .എന്റെ കിടക്കയില്‍ എത്തുന്നതുവരെ .

ലു ഷന്‍.( 1923) വിവ : സാവിത്രി രാജീവന്‍

No comments: