Wednesday, March 3, 2010

നാം ആഗ്രഹിക്കുന്ന ജീവിതം

മലയാളികള്‍ ഇതിനേക്കാള്‍ നല്ല നേതാക്കളെയും ഭരണവും  അര്‍ഹിക്കുന്നുണ്ട് എന്നു  മലയാളിയല്ലാത്ത  ഒരെഴുത്തുകാരന്‍ പറഞ്ഞതായി വായിച്ചു .അദ്ദേഹം ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഭരണക്കാരെ മാത്രമോ അതിലെ നേതാക്കളെ മാത്രമോ ആണോ അല്ലയോ എന്നറിയില്ലെങ്കിലും ,ഇത് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ഒരു വ്യത്യാസം ഇല്ല . ഏതു കക്ഷിയിലെ നേതാവും ഒരു പോലെ തന്നെ എന്നു നമുക്കറിയാം . അധികാരത്തിനു ഒരു മുഖമേ ഉള്ളു . ആരാണോ ഭരിക്കപ്പെടുന്നത് അവരെ പീഡിപ്പിച്ചും അനു നയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്ക് നിര്‍ത്തുക അവരെ ഉപയോഗപ്പെടുത്തുക. വോട്ടു ചെയ്യാന്‍ അവര്‍ വേണം ,ഭരണത്തില്‍ വരാന്‍ ,അധികാരികള്‍ ആയി വാഴാന്‍ അവര്‍ വേണം എന്നുള്ള കാര്യം  പോലും അധികാരം കയ്യില്‍ കിട്ടിയാല്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരും  മറക്കും .അതാണല്ലോ കണ്ടു വരുന്നത്.
അല്ലെങ്കില്‍ ഏതു രാജ്യത്തെ സാധാരണക്കാരാണ് ഇപ്പോഴുള്ള അവരുടെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം അര്‍ഹിക്കാത്തത്‌ ? സുഡാന്‍ ലെയോ  ,അഫ്ഘാനിസ്താനിലെയോ ഇറാക്കി ലെയോ പാക്കിസ്ഥാനിലെയോ ജനങ്ങള്‍  ആഗ്രഹിക്കുന്ന ജീവിത മാണോ അവര്‍ക്ക് കിട്ടുന്നത് ?

ഇങ്ങനെ പരത്തി പറയേണ്ട കാര്യമില്ല . ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീ  ച്ഛര്‍ദി യും ക്ഷീണവും  കൊണ്ട് മരിച്ചു പോയി . ആരുമില്ലാത്ത അറുപതു വയസ്സായ അവരുടെ മൃത ദേഹം മറവു ചെയ്യാന്‍ കുത്തിമറച്ച ആ നിലം പതിക്കാ റായ നാലുകാല്‍ ഓല പുരയിലെ അടുക്കള കുഴിക്കേണ്ടി വന്നു . ആ സ്ത്രീ മരണ ശേഷം പോലും ഒരു മനുഷ്യ പരിഗണന അര്‍ഹിക്കുന്നില്ലെന്നോ ?  കയ്യേറ്റക്കാര്‍ ഏക്കര്‍  കണക്കിന് കുന്നും മലയും സ്വന്തമാക്കി വച്ചും കച്ചവടം നടത്തി യും വീണ്ടും വീണ്ടും  പണവും പദവിയും അധികാരവും മേല്‍ക്കു മേല്‍ വര്‍ധിപ്പിച്ചു കൊണ്ട് , ഇത്തരം ഭൂരിഭാഗം വരുന്ന മനുഷ്യ ജീവിതങ്ങളെ അവര്‍ക്ക് കൂടി അവകാശപ്പെട്ട ഈ ഭൂമിയില്‍ നിന്നു  ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ച .

 ഇത്തരം കാഴചകള്‍ ലോകത്ത് നടക്കുന്നത് കാണാന്‍ , കണ്ണ് വെറുതെ ഒന്നു തുറക്കുകയെ വേണ്ടു .. കൃഷ്ണന്റെ വായില്‍ കാണുന്ന വിവിധ  ദൃശ്യങ്ങള്‍ പോലെ ആ  കാഴ്ചകള്‍  നമ്മുടെ മുന്‍പില്‍ തെളിയാന്‍ . പക്ഷെ  അടുക്കള കുഴിയില്‍ മറവു ചെയ്യപ്പെട്ട ആ പാവം സ്ത്രീയെ പോലെതന്നെ  ഒരു വിധത്തില്‍ നിസ്സഹായരായ നിങ്ങളും ഞാനും ..നമ്മളും ഈ കാഴ്ചയും ഇത്തരം നീതി കേടിന്റെ  കാഠിന്യവും  ഇഷ്ട പ്പെടുന്നില്ലെന്നത്  സത്യം . അങ്ങനെ ഉള്ളു പൊട്ടുന്ന ആളുകളാണ് നമ്മള്‍ എങ്കില്‍  എങ്ങനെ ഈ ജീവിതം മധുരമായി തോന്നും ..തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാ ണ് നമുക്ക് ലഭിക്കുന്നത്  എന്നു നമുക്കെങ്ങനെ വിശ്വസിക്കാന്‍ ആകും ?
അത് കൊണ്ടാണ് നമ്മുടെ ചെറു സന്തോഷങ്ങളില്‍ പോലും നിസ്സഹായതയുടെ ഒരു നിലവിളി യൊച്ച കലരുന്നത്എന്നു ഞാന്‍ വിചാരിക്കുന്നു .
No comments: