Saturday, July 30, 2011

ചിത്രം

   തവിട്ടു  നിറത്തില്‍. വെടിച്ചു കീറിയ ,ആകൃതി നിശ്ചയിക്കാനാകാത്ത മണ്‍  കട്ടകള്‍. അതു നീണ്ടു നിവര്‍ന്നു കിടക്കുന്നു അറ്റം കാണാത്ത ദൂരത്തില്‍. പച്ച നിറം ഒട്ടുമില്ലാത്ത വരണ്ടതും ഏകാന്തവും   ശൂന്യവുമായ അവിടം   വെയി ലില്‍  കത്തി ചൂട് പരത്തിനില്‍ക്കുന്നു. ഏഴ് വയസ്സുള്ള സീതയ്ക്ക് ആ വഴി ചെറിയ കാലുകള്‍ കൊണ്ടു താണ്ടണം. കടല്‍ കടക്കുന്നതിനെക്കാള്‍ ഭീകരം .വഞ്ചിയോ , കപ്പലോ വള്ളമോ അവളെ കയറ്റി ക്കൊണ്ടു പോകില്ല. ഒരെരുമയോ പോത്തോ, പശുവോ എന്തിന് ഒരു നായ പോലും അവളെ ചുമലിലേറ്റി അഞ്ചോ ആറോ  കിലോമീറ്റര്‍ നീണ്ടു പരന്നു കിടക്കുന്ന വിണ്ട പാടം  കടത്തി വിടില്ല. അവള്‍ക്ക് നടന്നെ പറ്റൂ . കുഞ്ഞി ക്കാലുകള്‍ വച്ച്. കയ്യിലെ അലുമിനിയക്കുടത്തില്‍  വെള്ളമുണ്ട്. അവളെക്കാള്‍  ഭാരം ആ വെള്ളം നിറച്ച കുടത്തിനുണ്ടാകും. മുഷിഞ്ഞ ചുവന്ന പാവാടയും പച്ചനിറത്തില്‍ ചെറിയ ബ്ലൌസും അവളുടെ  ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു. പൊന്തി നില്‍ക്കുന്ന ആ കുഞ്ഞ് എല്ലുകള്‍ മറയ്ക്കാന്‍ അതിന് കട്ടി പോര.. തലയില്‍ നിന്ന് നീണ്ടു  കിടക്കുന്നു തവിട്ടു നിറത്തില്‍ കനം കുറഞ്ഞ ഒരു ശീല. അതു ചുന്നി യായിരിക്കണം വെള്ളക്കുടം വക്കാന്‍ അതിന്റെ ഒരുഭാഗം അവള്‍ തലയില്‍ ചുറ്റി വച്ചിരിക്കുന്നു.  എണ്ണ തേക്കാത്ത നീളന്‍ മുടി കാറ്റില്‍ പാറുന്നുണ്ട് . അതില്‍ വീണ്ടും വീണ്ടും പൊടി പാറി വീണു കൊണ്ടേയിരിക്കുന്നു.  അവളുടെ ഇടം കയ്യില്‍ തൂങ്ങിക്കൊണ്ട്‌ നടക്കുന്നത് ആരായിരിക്കും? ഒരാണ്‍ കുട്ടി യാണ്. നാല് വയസ്സില്‍ കൂടുതല്‍ അവനു പ്രായമില്ല. അവന്റെ കുഞ്ഞി ക്കാലുകള്‍ പ്രാഞ്ചുന്നത്‌  കണ്ടാല്‍ ആര്‍ക്കും അതു മനസ്സിലാകും. അവന്റെ ഇടം കയ്യില്‍ ഒരു ചെറിയ തൂക്കു പാത്രമുണ്ട്. അതില്‍ എത്ര വെള്ളം ഉണ്ടാകും. ഒരു ലിറ്റര്‍. അതു ആ ദിവസം അവനു പാലിന് പകരം കുടിക്കാന്‍ മതിയാകും. അനിയന്റെ തലയില്‍  ചേച്ചിയുടെ ദുപ്പട്ടയുടെ ഒരറ്റം  നിവര്ത്തിയിട്ടത്‌ കാറ്റ് ഇടയ്ക്കിടെ മാറ്റുന്നുണ്ട്. ആ ചേച്ചി അതു അനിയനെ വെയിലില്‍ നിന്ന് രക്ഷിക്കുമെന്ന് കരുതി വീണ്ടും വീണ്ടും ആ ചെറിയ തലയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍  ശ്രമിക്കുന്നു. 
 അവരുടെ രോഗ ബാധിതരായ അമ്മയോ അമ്മൂമ്മയോ അവര്‍ വെള്ളവും പേറി വരുന്നതും കാത്ത് ഏതോ കുടിലില്‍ ദാഹിച്ചു വലഞ്ഞു  കിടക്കുന്നുണ്ടാകാം. തവിട്ടു നിറമുള്ള ഈ ഭൂമിയില്‍  ആ കുട്ടികളുടെ കാലുകള്‍ ... . ഒരു മഴയില്‍ അവ   നനയുന്നതും  കുതിരുന്നതും   വെള്ളിത്തളയിട്ട  കുഞ്ഞിക്കാലുകള്‍ വെള്ളത്തില്‍ തിമിര്‍ത്തു രസിക്കുന്നതും ... അങ്ങനെയൊരു ചിത്രത്തില്‍ ഞാനവരെ കാണാന്‍ കൊതിക്കുന്നു. ഭൂമിയുടെ പച്ചയില്‍    തുള്ളുന്ന  നാല്  ചെറു  പാദങ്ങള്‍ ...

Friday, July 29, 2011

'ഗനനം'

 സ്കൂളുകളില്‍   മലയാളം പഠിക്കണോ ,പഠിപ്പിക്കണോ എന്നൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടേ ഇരിക്കുകയാണ് നമ്മുടെ ഭാഷാസ്നേഹികളും ഭരണാധികാരികളും.ചര്‍ച്ച തീരുമ്പോഴേക്കും നടപ്പ് തലമുറയും വരും തലമുറയും മലയാളം ഇനി എഴുത്ത് ഭാഷയായി വേണ്ട  വചന ഭാഷയായി ഇരുന്നോട്ടെ എന്ന് പറയാതിരുന്നാല്‍ കൊള്ളാം. പുതിയ കുട്ടികള്‍ക്ക് മലയാളം  അറിയില്ല   വായിക്കാന്‍  താത്പര്യം  തീരെയില്ല  എന്ന് എന്റെ അയല്‍ക്കാരായ  രണ്ടാം  ക്ലാസ്,മൂന്നാം  ക്ലാസ്, ഏഴു ,പന്ത്രണ്ടു ക്ലാസുകളിലെ അഞ്ചു കുട്ടികള്‍ ഈയിടെ   എന്നോട് പറഞ്ഞു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന മലയാളത്തില്‍  എഴുതപ്പെട്ട കുറെ കുട്ടി കഥാപുസ്തകങ്ങള്‍ അവര്‍ക്ക്  കൊടുക്കാന്‍  ഒരുങ്ങി  ഞാന്‍  ചമ്മിപ്പോയി. മലയാളം വായിക്കുന്ന എന്നെ അവര്‍ അയ്യേ എന്ന മട്ടില്‍ നോക്കി. 
 അവരുടെ അച്ഛന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു, അമ്മ ഹോം മേക്കര്‍,  മറ്റു  ചിലകുട്ടികളുടെ  അച്ഛനും  അമ്മയും ഓഫീസില്‍ പ്യൂണ്‍   തസ്തികയില്‍  ജോലി  ചെയ്യുന്നു . അവര്‍ക്ക് കുട്ടികള്‍ ഇംഗ്ലീഷു  സംസാരിച്ചാല്‍  മതി  മലയാളം കഴിയുന്നതും വായിക്കരുത് എന്ന് വാശിയുമുണ്ട്, നമ്മളെ പോലെ തന്നെ. 'ഏയ് അവനു മലയാളം ഒട്ടും അറിയില്ല വായിക്കാനും എഴുതാനും' എന്ന സന്തോഷം അവരുടെ അമ്മ എന്നോട് പങ്കു വക്കുകയുംചെയ്തു.          നമ്മള്‍ ആരാണ് അത് വേണ്ടെന്നു പറയാന്‍ .മലയാളത്തെ രക്ഷിക്കേണ്ടത് ഇവരുടെ ചുമതല അല്ലല്ലോ.  
     ഇങ്ങനെ വായ്മൊഴി മലയാളത്തെ  കുറിച്ച്  ഓര്‍ത്തു  കൊണ്ടിരുന്നപ്പോള്‍  അതാ  കേള്‍ക്കുന്നു  ചാനല്‍  മൊഴികള്‍ . യദ്ദ്യൂരപ്പയുടെ  രാജിയും   ഇരുമ്പയിര്‍  ഖനനവുമാണ്  ചാനല്‍  ഉദ്യോഗസ്ഥരുടെ വിഷയം.
'രാഷ്ട്രീയ 'പ്രത്യാഗാതവും , ഇരുമ്പയിര്‍ ഗനനവും ' ' മുക്യ മന്ത്രി' രാജി വക്കാനിടയായതു വഴി ബി ജെ പി നേരിടുന്ന 'പ്രതിസന്തികളും' എല്ലാം റിപ്പോര്ടര്മാര്‍ അങ്ങനെ വിവരിച്ചു നമ്മളെ 'ഉല്‍ബോദി' പ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് കേട്ടപ്പോള്‍ എന്തായാലും ഒന്നുറപ്പായി കുട്ടികള്‍ ഭാഷ എങ്ങനെയാകും  ഇനി 'ഗനനം' ചെയ്യുക എന്ന് ! അവരുടെ ചാനല്‍ ചേട്ടന്മാരും ചേച്ചിമാരും പറയുന്നത് കേട്ടല്ലേ അവര്‍ പഠിക്കേണ്ടത്. 'ഗനന' മെങ്കില്‍ അങ്ങനെ! ചാനല്‍ റിപ്പോര്‍ട്ടര്‍ മാരിലും   വാര്‍ത്താ വായനക്കാരിലും  ഉച്ചാരണ ശുദ്ധി ഉള്ളവര്‍  ഇല്ല എന്ന് ഇവിടെ വിവക്ഷയില്ല. അപൂര്‍വമായി ഉണ്ട്.

Thursday, July 28, 2011

കാലം വിശാലം

'കാല മതീവ വിശാലം കാമിനി കളയുക കരയും ശീലം നാമിനി'
 കാലം ഇപ്പോള്‍ അത്ര വിശാലമായി നീണ്ടു കിടക്കുന്നില്ല എന്ന് തോന്നിത്തുടങ്ങി. അതാണ്‌ വാര്‍ധക്യത്തിന്റെ ആരംഭം എന്ന് തോന്നുന്നു. തീര്‍ച്ചയായും അതു വാര്‍ധക്യത്തിന്റെ ലക്ഷണം തന്നെ. കൈവേദന, മുട്ടുവേദന കളെക്കാള്‍ ഇത് പിടിപെടുന്നതിനെ യാണ് ചെറുക്കേണ്ടത്. കാരണം ജനനവും മരണവും ഒരു നൈരന്തര്യമാണ്  അതു ആദ്യവും അവസാനവും എന്ന മട്ടില്‍ കാണുന്നത് ശരിയല്ല. ഒരാളില്‍ തുടങ്ങി അയാളില്‍ അവസാനിക്കുന്ന കാലമല്ല അയാള്‍, അയാളുടെ ജീവിതവും.അയാള്‍ ഒരു തുടര്‍ച്ചയാണ്. റോമന്‍, ഇംഗ്ലീഷ് ,മലയാളം കലണ്ടറുകള്‍ അല്ല    അയാളുടെ ജീവിതത്തിന്റെ ആദ്യവും അവസാനവും കുറിക്കുന്നത്. പിന്നെ കലണ്ടറിനെ ആധാരമാക്കി അയാള്‍/അവള്‍ കാലം വിശാലമായി നീണ്ടു കിടക്കുന്നില്ല അല്ലെങ്കില്‍ കിടക്കുന്നു എന്ന് വിചാരിക്കേണ്ട കാര്യമെന്താണ്?
   എന്റെ വലിയ അമ്മാമന്‍ പണ്ഡിതനും ദൈവവിശ്വാസിയുമായ ഒരു സാത്വികന്‍ ആയിരുന്നു. തൊണ്ണൂറ്റി അഞ്ചു വയസ്സില്‍ മരിക്കുന്നത് വരെ അദ്ദേഹം ആശുപത്രിയില്‍ പോയില്ല. മരുന്നുകള്‍ സേവിച്ചില്ല. മരിക്കുന്ന ആ ദിവസം  ബന്ധുക്കള്‍  എടുത്തു കൊണ്ടു ആശുപത്രി കട്ടിലില്‍ കിടത്തി ഒരു നാലോ അഞ്ചോ മണിക്കൂര്‍. 'എന്നെ  ആശുപത്രിയില്‍ കിടത്തി അല്ലെ" എന്ന് ചോദിച്ചു മന്ദഹസിച്ചു അദ്ദേഹം. നല്ല  ഭംഗിയുള്ള നനുത്ത ചിരിയാണ്‌ വലിയമ്മാമന്റെ. ആ കാലത്തിനിടക്ക്  ഒരു പാട് മരണം കണ്ടു കഴിഞ്ഞിരുന്നു   അദ്ദേഹം . മകന്‍,മകള്‍, പെങ്ങള്‍, ഭാര്യ, ചില ചെറുമക്കള്‍. അങ്ങനെ പലരും.കൂടെ താമസിച്ച മകന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാത്രമായി പഴയ വീഴാറായ തറവാട്ടില്‍. അദ്ദേഹത്തിനു ജീവിച്ചിരിക്കണം എന്ന് ആഗ്രഹം തീരെ ഇല്ലാതായപ്പോള്‍ അവരോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "ഞാന്‍ ഇനിയും വേണമെങ്കില്‍ ഇങ്ങനെ ഇരിക്കും. ഒരു പക്ഷെ ഇനി മരിക്കില്ലേ എന്ന് വരെ എനിക്ക് തോന്നുന്നു. നിങ്ങള്‍  മൂന്നു പേര്‍ പുരുഷനില്ലാത്ത ഈ വീഴാറായ വീട്ടില്‍ ആലംബമില്ലാതെ  ഇരിക്കുന്നല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ ഇത് വരെ മരിക്കാഞ്ഞത്. പക്ഷെ എനിക്ക് മരിച്ചല്ലേ പറ്റൂ. ഞാന്‍ മരിച്ചു പോയി എന്ന് വിചാരിച്ചു പേടിക്കരുത്. ഞാന്‍ ഇവിടെ ത്തന്നെ ഉണ്ടാകും.' ഇങ്ങനെ പറഞ്ഞ അന്ന് തന്നെ വലിയമ്മാമന്‍ മരിച്ചു കളഞ്ഞു. വിഷം കഴിച്ചോ തൂങ്ങിയോ ഒന്നുമല്ല. വെറുതെ .ആഗ്രഹിച്ചു മരിച്ചു അത്ര തന്നെ. സ്വന്തം ഇച്ഛയില്‍, മതിയായി എന്ന നിറവില്‍. ഒരാളലും  ആധിയും ഇല്ലാതെ, ഇഹലോക വാസത്തെ എല്ലാ ഭംഗിയും കൂടെ കൂട്ടിക്കൊണ്ടു തന്നെ ആഹ്ലാദത്തോടെ ഒരു ശരീര മുപേക്ഷിക്കല്‍ .    ഇങ്ങനെ യുള്ള, ജീവന്മുക്തനാകാന്‍ കഴിയുന്ന  ഒരാള്‍ക്ക്‌ തുടക്കവും ഒടുക്കവും ഉണ്ടെന്നു വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ക്കെന്ന പോലെ നമുക്കും കാലം അതീവ വിശാല മായി മുന്നിലുണ്ട്.  ജീവന്റെയും മുക്തിയുടെയും, ആഗ്രഹിക്കുന്നെങ്കില്‍ സന്തോഷത്തിന്റെയും.
--

Monday, July 25, 2011

തെന്നലില്‍ കുഞ്ഞ്

 

കവിത

തെന്നലില്‍ കുഞ്ഞ്

tharat1(ഒരു താരാട്ട്)
ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍

തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!tharat2
ഉണ്ണീ, ഉറങ്ങുന്നു ഉള്ളം നിറഞ്ഞു നിന്‍

പുഞ്ചിരിപ്പൈമ്പാല്‍ നുകര്‍ന്ന രാവും!!

കണ്ണിണ ചിമ്മാതിളകാതെ താരകള്‍
നില്‍പ്പിതാ മേഘപ്പടവിലേറി,
കൂമ്പി മയങ്ങുന്നോരാമ്പലിന്‍ ചേലില്‍ നിന്‍
ഓമനപ്പൂമുഖം, നോക്കി നോക്കി...

ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍
തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!

ഞെട്ടി വിതുമ്പാതുറങ്ങുകെന്‍ കണ്മണീ
സ്വപ്നം വിതച്ച വഴിയിലുണ്ടേ
ഞെക്കുവിളക്കുമായ് മിന്നാമിനുങ്ങുകള്‍
ആട്ടവിളക്കുപോല്‍ പൊന്നമ്പിളി!!

ഉണ്ണീ ഉറങ്ങുകിന്നുള്ളം നിറഞ്ഞു നിന്‍
തൊട്ടിലാട്ടുന്നു തൈത്തെന്നല്‍ വീണ്ടും!!


സാവിത്രി രാജീവന്‍
വര: സചീന്ദ്രന്‍ കാറഡ്ക്ക

http://www.ksicl.org/kavitha?start=1

ഈ കവിത കുട്ടികളുടെ പ്രസിദ്ധീകരണമായ 'തളിര്‍' മാസികക്ക്  വേണ്ടി എഴുതിയതാണ്. കുട്ടികള്‍ക്ക് ഒരു താരാട്ട്  ഇരിക്കട്ടെ. 

Sunday, July 24, 2011

ആഗോളം

ഇന്നലെ നാട്ടില്‍ നിന്ന് വന്ന, ഒന്നാം ക്ലാസ് മുതല്‍ കോളേജു വരെ ഒന്നിച്ചു പഠിച്ചു രണ്ടു നഗരങ്ങളില്‍ ജീവിതം തുടരുന്ന, വല്ലപ്പോഴും കണ്ടു മുട്ടുന്ന , എന്നാല്‍  വല്ലപ്പോഴുമേ കണ്ടുമുട്ടുന്നുള്ളൂ  എന്ന് കാണുമ്പോള്‍ ഒരിക്കലും തോന്നാത്ത, എന്റെ  സുഹൃത്ത് പറഞ്ഞു. 'കേരളം ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറുകയാണ്. അച്ഛനെ കാറ് കേറ്റി കൊല്ലുന്ന അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ , സ്നേഹിതനെ കൊത്തി നുറുക്കി കുഴിച്ചിടുന്ന കൂട്ടുകാരന്‍; ഇതൊക്കെ സ്വപ്നത്തില്‍ കാണാന്‍  പോലും നമ്മള്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇവരൊക്കെ ഇങ്ങനെ ആയിത്തീരുന്നതെന്താണാവോ? " സാധാരണക്കാരായ സമാധാന  പ്രിയര്‍ക്കു ഇങ്ങനെ ചോദിക്കാന്‍ മാത്രമേ കഴിയൂ'  അല്ലെങ്കില്‍ പോയ കാലം എത്രയോ സുന്ദരമായിരുന്നു എന്ന് നെടുവീര്‍പ്പിടാനും. " പണം, പണം എന്ന ഒറ്റ വിചാരമേ ആളുകള്‍ക്കുള്ളല്ലോ    ഇപ്പൊ' എന്നും കൂട്ടി ചേര്‍ത്ത് ദീര്‍ഘശ്വാസം വിടുമ്പോള്‍ ലോകത്തിന്റെ മറ്റൊരു മൂലയില്‍ പണഭ്രാന്തും, ഗോത്ര ഭ്രാന്തും  കൊണ്ട് ബോധം പോയ ഒരു ചെറുപ്പക്കാരന്‍ ബോംബു പൊട്ടിച്ചും വെടിവച്ചും നൂറിലധികം പേരെ കൊന്നു കഴിഞ്ഞു.   
ലോകം തന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി പലപ്പോഴും മാറുന്നുണ്ട്. തിരിച്ചു കൊള്ളാവുന്ന സ്ഥലമായി മാറുന്നത് വരെ അതങ്ങനെ തന്നെ ആയിരിക്കും താനും. 

ഈ ഗോളം ആഗോളമായി മാറിയപ്പോള്‍ ഗോളം ചെറുതായി,അതിലെ ആളുകളും അവരുടെ മനസ്സുകളും ചെറുതായി എന്ന് തോന്നുന്നതില്‍ യുക്തിയുണ്ടോ!

Friday, July 22, 2011

selfdom

    I am engaged writing about one of our painters.But in between images of Michelangelo paintings and sculptures  rushed in.
So feel like  quoting a few sentences  from  the book  'The Lives Of The Artists' written by one of foremost art historians of the 16th century, Giorgio Vasari'
about the great sculpture Pieta  by Michelangelo

"No sculptor, not even the most rare artist, could ever reach this level of design and grace, nor could he even with hard work, ever finish, polish and cut marble as skilfully as Michelangelo did here, for in this statue all of the worth and power of sculpture is revealed.....Michelangelo placed so much love and labour in this work that on it he left his name written across a sash which grids Our Lady's breast. This came about because one day when Michaelangelo was entering the church where the statue was placed, he found a large number of foreigners from Lombardy who were praising the statue highly: one of them asked another who had sculpted it, and he replied:'our Gobbo from Milan'.( Cristoforo Solari- 1460-1527). Michelangelo stood there silently, and it seemed somewhat strange to him that his labours were being attributed to someone else; one night he locked himself inside the church with little light , and having brought his chisels, he carved his name upon the statue. And it has such qualities that a very fine mind has described it as a true and like figure:




Beauty and goodness,
and grief and pity,
alive in dead marble,
do not , as you do, Weep loudly,
Lest too early He should reawaken from death....
.............................................."

Tuesday, July 19, 2011

ഐഹികം

    കാലം അല്ലെങ്കില്‍ കാലന്‍ വന്നു മതി നിര്‍ത്ത് നിന്റെ ഇഹ ലോകത്തെ പണികള്‍ എന്ന് പറയുമ്പോള്‍ , കൂടെ തൂക്കിലേറ്റുന്നതിനു  മുന്പ്  ഐഹിക  ലോകത്തെ 'ന്യായികള്‍ ' ചോദിക്കുന്നത് പോലെ , എന്തെങ്കിലും മോഹം ബാക്കി വച്ചിട്ടുണ്ടോ എന്നും ചോദിക്കുമ്പോള്‍ പറയാന്‍ രണ്ടു കാര്യങ്ങള്‍ ബാക്കി വച്ചിട്ടുണ്ടെന്ന് കണ്ടു.
    തിരുവനന്തപുരത്ത്  നിന്നു ന്യൂഡല്‍ഹി   വരെ ആന്ധ്ര പ്രദേശ്‌ വഴി കേരള എക്സ്പ്രസ്സില്‍  യാത്ര ചെയ്യുമ്പോള്‍  സ്ഥിരം കണ്ണില്‍  തടയുന്ന ഒരു കാഴ്ചയുണ്ട്. തലകീഴായി കെട്ടിത്തൂക്കിയ ആ കിളിക്കൂടുകള്‍. കിളി ത്തന്നെ തൂക്കിയത്‌. ആ ഒഴിഞ്ഞ  കൂടുകളില്‍ ഒന്നാണ്‌  എനിക്ക് വേണ്ടത്. അത് കിട്ടുന്നത് വരെ എന്നേ വെറുതെ വിടൂ എന്ന് പറയുമ്പോള്‍ അയാള്‍, ആ കാല പുരുഷന്‍ അല്ലെങ്കില്‍  കാല പുരുഷി,  സാരമില്ല ഞാന്‍ അത് സാധ്യമാക്കാം എന്ന് പറയുമോ ? അതെന്തിനാണ് എന്നാണ് ചോദ്യമെങ്കില്‍  കാലന്റെ കൂടെ പോകുന്നതിനുമുന്‍പ് ആ  കൂടുകളി ലൊന്നില്‍  എന്റെ  ശ്വാസം നിറച്ച് വക്കണം എന്ന് ഞാന്‍ വിചാരിക്കുന്നു. ഇനി അങ്ങനെ നിറച്ച് വക്കുന്നതെന്തിനാണ്  എന്ന് ചോദിച്ചാല്‍ .ഇരിക്കട്ടെ ഒരോര്‍മ്മയ്ക്ക്‌ എന്നേ പറയാന്‍ പറ്റൂ. ചേതമില്ലാത്ത ഉപകാരമായത് കൊണ്ടു കാലന്‍ സമ്മതിക്കാതിരിക്കില്ല എന്ന് കരുതാനാണ്‌  എനിക്കിഷ്ടം.
    പിന്നെ മറ്റൊന്നുള്ളത്‌ ഈജിപ്ടു സന്ദര്‍ശിക്കണം പിരമിടുകളില്‍ കയറിയിറങ്ങണം എന്നാണ്. ഒരു പക്ഷെ അത് നടന്നില്ലെങ്കിലും  ദു:ഖമില്ല എന്നും തോന്നുന്നുണ്ട്. എങ്കിലും ആഗ്രഹിച്ചതല്ലേ പറഞ്ഞേക്കാം എന്ന് കരുതി പറയും എന്നേയുള്ളു. കാരണം ചുടുകട്ടകള്‍ കൊണ്ടു പണിത ഏതു വീടും ഓരോ പിരമിഡുകള്‍ ത്തന്നെ എന്ന് വിചാരിച്ചു കഴിയുമ്പോള്‍ തീരാവുന്ന ഒന്നാണ്‌ ആ ആഗ്രഹം.  ഇനി അതല്ല എന്ന്  പറയുകയാണെങ്കില്‍ നമ്മളെ വ്യാമോഹിപ്പിക്കുന്ന ത്  ചിത്രങ്ങളില്‍ കാണുന്ന പിരമിട് കള്‍ ആണ്. അടുത്തു ചെല്ലുമ്പോള്‍ ദൂരെ നിന്നു കാണുന്ന പച്ച പിടിച്ച കുന്നുകള്‍ കാല്‍ക്കീഴില്‍ നിരന്ന മണ്ണും പുല്ലും നിറഞ്ഞ പ്രതല മാവുന്നത് പോലെ അടുത്ത് ചെല്ലുമ്പോള്‍ അവ അകാല്‍പ്പനികമായ മണ്‍കട്ടകള്‍  ആയി മാറാനും സാധ്യതയുണ്ട്.
     പക്ഷെ കിളിക്കൂടിന്റെ കാര്യത്തില്‍ ഇനിയും മറിച്ച് ഒരു ചിന്ത വന്നിട്ടില്ലാത്തതിനാല്‍ കാലനോട്‌ /കാലത്തോട് ആ അഭ്യര്‍ത്ഥന /ആവശ്യം പറയാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയില്‍ ആ കൂടു സംഘടിപ്പിക്കണം.ഉം....

Sunday, July 17, 2011

മച്ചില്‍


മച്ചില്‍ 

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്

പഠിച്ചതോ പാടിയത് അതോ, പഠിപ്പിച്ചതോ പാടിയത് ?
പാടിയതോ കേട്ടത് ,കേട്ടതോ പാടിയത്?
എന്നല്ലേ ചോദ്യം ...
പഠിച്ചതല്ല പാടിയത്  പഠിപ്പിച്ചതല്ല പഠിച്ചത് എന്ന് ചൊല്ലി കാരണവര്‍ ചൂരലെടുത്തു
പൊട്ടക്കിണറ്റിന്   പതിനായിരം വട്ടം വലം വച്ചു
 ചതുര്‍ത്ഥി നാളില്‍ പഠിച്ചതൊക്കെ ഓലയിലെഴുതി  കാണിക്കയെന്നും ,
തുള്ളിക്കളിച്ചു ചൊല്ലി തിമിര്‍ത്തു   കേള്‍പ്പിക്കയെന്നും  കല്‍പ്പിച്ചു

പക്ഷെ ഞാനോ
ആ ഓല യല്ലേ ഈ കിണറ്റില്‍ കളഞ്ഞു
ആ എഴുത്താണി  യല്ലേ ഈ കിണറ്റില്‍ എറിഞ്ഞു 
ആ ഒച്ചയല്ലേ കാട്ടില്‍ കളഞ്ഞൂ ,
ആ പാഠ മല്ലെ കാറ്റില്‍ പറന്നൂ..
അതിനാലല്ലേ കാരണവര്‍ തപിച്ചൂ   ,
അതിനാലല്ലേ കാരണവര്‍ ശപിച്ചൂ ..
പഠിച്ചത് പാടാന്‍ ഇനിയെന്നെക്കിട്ടില്ലേ എന്ന് പാടി ത്തീര്‍ന്നതും
പടിയടച്ചില്ലേ കാരണവര്‍ ?
പാലം വലിച്ചില്ലേ  കാരണവര്‍ ?
കരി മേഘമൊന്നില്‍ പ്രാകി പറത്തീലെ, പ്രാഞ്ചി പ്പറത്തീലെ   കാരണവര്‍?
അതൊന്നും പോരാഞ്ഞ് തറവാടിന്‍ താഴത്ത് പടിയോളം വന്നെത്തി തുരുതുരെ തുപ്പീലെ കാരണവര്‍ ?
നീട്ടി ത്തുരു തുരെ തുപ്പീലെ  കാരണവര്‍?

എന്നിട്ട്  ഞാനോ
പഠിയാത്തതും  ചൊല്ലി
,
പറയാത്തതും ചൊല്ലി 
 മാനത്തും മച്ചിലും കേറിയിറങ്ങുന്നു ,
ഉടു തുണി യില്ലാത്തോരുടയോനെ  സൃഷ്ടിച്ചും
 ഉടു തുണി യില്ലാത്തോരുടയോളെ സൃഷ്ടിച്ചും
പാടത്തിരിക്കുന്നു, പടിമേലിരിക്കുന്നു
പടിഞ്ഞാറേ പാറയില്‍ കിഴക്കോട്ടിരുന്നിട്ടു
ഇടംകാലുനീട്ടി മലര്‍ന്നു കിടക്കുന്നു.....

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്
.....
 

Tuesday, July 12, 2011

ബി.രാജീവന്‍: നവ വരേണ്യ മേധാവിത്തവും കീഴാള സ്വാധികാരവും*


രാവിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജെ .ദേവികയുടെ ലേഖനം വായിച്ചു. ആധുനിക കേരളത്തിലെ പെണ്‍ ജീവിതത്തിന്റെ നേര്‍ രേഖീയ ചിത്രം, ചരിത്രം. നന്നായി. അതില്‍ ആവര്‍ത്തിച്ചു വരുന്ന  ഒരു വാക്കാണ്‌  'നവ വരേണ്യ മധ്യ വര്‍ഗ്ഗം . ആ സങ്കല്‍പ്പനം ആദ്യമായി  അവതരിപ്പിച്ച  ശ്രീ ബി രാജീവന്റെ ഒരു ലേഖനം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ  പോയി. അതിന്റെ കാരണങ്ങള്‍ പലതാവാം. അതെന്തായാലും ഇന്ന് അതൊന്നു കൂടി വായിക്കുന്നത് ജെ ദേവികയുടെ ലേഖനം കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചേക്കാം. അവര്‍ രാജീവന്‍ അവതരിപ്പിച്ച ആ അര്‍ത്ഥത്തിലാണ്  'നവ വരേണ്യം' എന്ന വാക്കു പ്രയോഗിക്കുന്നതെങ്കില്‍.  ബി. രാജീവന്റെ ലേഖനം താഴെ.



ബി.രാജീവന്‍

നവ വരേണ്യ മേധാവിത്തവും  കീഴാള സ്വാധികാരവും*



എന്താണ് നവ വരേണ്യത ?

പഴയ കാലത്തെ വരേണ്യ /കീഴാള വിഭജനത്തിന്റെ  അളവുകോലുകളില്‍ ഒതുങ്ങാത്ത ഒരു പുതിയ സാമൂഹ്യ വിഭജനം ആധുനിക ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട് . കോളനി വാഴ്ചക്കാലത്ത് ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ട ആധുനിക ഭരണകൂട സ്ഥാപനങ്ങളുടെയും ഇവിടെ നടപ്പാക്കപ്പെട്ട സമ്പത് വ്യവസ്ഥയുടെയും പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ് ഈ പുതിയ സാമൂഹ്യ വിഭജനം . ഉച്ച നീച ശ്രേണീ ഘടനയിലൂടെ പ്രവര്‍ത്തിച്ച പ്രാചീന വരേണ്യ/ കീഴാള ബന്ധങ്ങള്‍  ആധുനിക വരേണ്യ /കീഴാള വിഭജനത്തില്‍ നിന്നു ഘടനയിലും ധര്‍മ്മത്തിലും ഭിന്നമായിരുന്നു .

ഇന്ത്യന്‍ ജനതയേയും ഇന്ത്യന്‍ പ്രകൃതിയെയും കൊള്ള ചെയ്യുന്നതിനായി നടപ്പാക്കപ്പെട്ട കൊളോണിയല്‍   സമ്പത് വ്യവസ്ഥയില്‍ കൈകാര്യ കര്‍തൃത്വം ലഭിച്ചവരും കൊളോ ണി യല്‍ ഭരണകൂട യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ കൂട്ടുചേര്‍ന്നവരും അടങ്ങുന്ന സമ്പത്തിലും അധികാരത്തിലും പങ്കുള്ള വരേണ്യ വര്‍ഗം ഒരു വശത്തും കാര്ഷികാധ്വാനത്തിലും കൈത്തൊഴിലുകളിലും  ഏര്‍പ്പെട്ട ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ മറു വശത്തുമായി നിലകൊള്ളുന്ന ഒന്നാണ്‌ ഈ പുതിയ സാമൂഹ്യ വിഭജനം .മാറി വന്ന കൊളോണിയല്‍ സാമ്പത്തിക- രാഷ്ട്രീയ സാഹചര്യത്തില്‍ പഴയ വരേണ്യ വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതിയ അധികാരത്തിന്റെയും സമ്പത്തിന്റെയും പങ്കാളികളായി ഉയര്‍ന്നു വന്ന മേധാവി വര്‍ഗമാണ് നവ വരേണ്യര്‍ . സ്വയം ശക്തിപ്പെടുകയും സ്വാതന്ത്ര്യം ആര്‍ജിക്കുകയും അതിനനുസൃതമായി രൂപാന്തരപ്പെടുകയും ചെയ്യുന്നതിലൂടെ ഇവര്‍ ഇന്ത്യന്‍ ജീവിതത്തില്‍ ആധിപത്യം തുടരുന്നു . ഇവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനം പഴയ ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലേതു  പോലെ പരമ്പരാഗതമായ ജാതി-മതാചാരങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നല്ല . ആധുനിക മൂലധന വ്യവസ്ഥയും ആധുനിക ഭരണകൂടാധികാരവുമാണ് ഇവരുടെ ആധിപത്യത്തിന്റെ അടിസ്ഥാനം .

ഈ വരേണ്യരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിന് അടിപ്പെട്ടു നിലക്കുന്ന കീഴാള വിഭാഗങ്ങള്‍ക്കും മാറി വന്ന വ്യവസ്ഥയില്‍ ഒരു നവ കീഴാളത്തം ഏറ്റെടുക്കെണ്ടതായി  വന്നിട്ടുണ്ട് . എന്നാല്‍ ഈ കീഴാളത്തം തികച്ചും പുതിയതല്ല . പഴയ വര്‍ണ്ണ ജാതി വ്യവസ്ഥയിലെ കീഴാളത്തത്തിന്റെ മുദ്രകള്‍ പൂര്‍ണ്ണമായി മാഞ്ഞു പോകാതിരിക്കെതന്നെ അതിന് മുകളില്‍ പുതിയ മൂലധന വ്യവസ്ഥയിലെ കീഴാളത്തം കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് അതിന് കാരണം .. പുതിയ മൂലധന വ്യവസ്ഥക്ക്  വര്‍ണ്ണ- ജാതി വ്യവസ്ഥയിലെ കീഴാളരുടെ അധ്വാന  ശക്തി കൊണ്ടു മാത്രം തൃപ്തി അടയാനാവില്ല . അതുകൊണ്ട്  വര്‍ണ്ണ- ജാതി ശ്രേണീ വിഭജനങ്ങളില്‍ ഒതുങ്ങാത്ത, അധ്വാനത്തിന്റെ വിവിധരൂപങ്ങളില്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന ഒരു ജന സഞ്ചയമാണ് ( multitude) ഈ പുതിയ കീഴാളര്‍. കൂലിക്ക് വേണ്ടി ശരീരം കൊണ്ടും മനസ്സ് കൊണ്ടും പണിയെടുക്കുന്നവരും ഗ്രാമീണ കൃഷിക്കാരും ഗോത്രവര്‍ഗ്ഗക്കാരും  ദളിതരും തുടങ്ങി കൂലിയില്ലാതെ പണിയെടുക്കുന്ന സ്ത്രീകള്‍  വരെ ഉള്‍പ്പെടുന്ന ഒന്നാണ്‌ ഈ നവ കീഴാള ജനസഞ്ചയം . ഇത് നവ വരേണ്യാ ധിപത്യത്തിനെതിരെ നിരന്തരം ചെറുത്തു നില്‍പ്പ് തുടരുന്ന  ഒരു രാഷ്ട്രീയ ശക്തിയാണ് . അതിനാല്‍ ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ രാഷ്ട്രീയ ചാലക ശക്തി തന്നെ നവ വരേണ്യ വര്‍ഗ്ഗാധിപത്യവും  അതിനെതിരായ കീഴാള ജന സഞ്ചയത്തിന്റെ ചെറുത്തു നില്‍പ്പും തമ്മിലുള്ള സംഘര്‍ഷാത്മകമായ  ബന്ധത്തില്‍ നിന്നാണ് രൂപപ്പെടുന്നതെന്ന് പറയാം . സ്വാതന്ത്ര്യ സമര രാഷ്ട്രീയത്തിലും സ്വാതന്ത്ര്യ സമരാനന്തര രാഷ്ട്രീയത്തിലും ഈ സംഘര്‍ഷാത്മക  ബന്ധം ഭിന്ന രീതികളില്‍ പ്രവര്‍ത്തിക്കുന്നു എന്നു മാത്രം.

ഈ നവ വരേണ്യ കീഴാള ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷാത്മക ബന്ധത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലെ ഭൂ ഉടമാ ബന്ധങ്ങളെ കൊളോണിയല്‍ ശക്തികള്‍ അവര്‍ക്കനുകൂലമായി മാറ്റി മറിക്കുന്നതോടെയാണ്‌ . ഇന്ത്യന്‍ ഉപ ഭൂഖണ്ഡം ബ്രിട്ടീഷ്‌ സാമ്രാജ്യത്തത്തോട് കൂട്ടിച്ചേര്ക്കപ്പെടുന്നതോടെ  ഇന്ത്യയിലെ കൃഷി ഭൂമികളും വനങ്ങളും സാമ്രാജ്യത്തിന്റെ സ്വത്തായി മാറുന്നു . സാമ്രാജ്യത്തിനു അതിന്റെ പരമാധികാരത്തിലുള്ള ഭൂമിയില്‍ നിന്നു അനായാസം നികുതിപ്പണം പിരിചെടുക്കുന്നതിനുള്ള  സംവിധാനങ്ങളായിരുന്നു ആവശ്യം . പഴയ ഇന്ത്യന്‍ കാര്‍ഷിക ഗ്രാമ വ്യവസ്ഥയില്‍ നില നിന്ന ഭൂ ഉടമാ ബന്ധങ്ങള്‍ പാശ്ചാത്യ രീതിയില്‍ നികുതി പിരിക്കാന്‍ ഉതകുന്നവയായിരുന്നില്ല  .പഴയ കാര്‍ഷിക ഗ്രാമ വ്യവസ്ഥയില്‍ ഭൂമിയിന്മേല്‍ പാശ്ചാത്യ രീതിയില്‍ ഉള്ള സ്വകാര്യ സ്വത്തുടമസ്ഥത   നില നിന്നിരുന്നില്ല എന്നതാണ് അതിന് കാരണം.

ഗ്രാമ സമുദായ ങ്ങളുടെ പൊതു സ്വത്തായിരുന്ന ഭൂമിയിന്മേല്‍ വര്‍ണ്ണ- ജാതി വ്യവസ്ഥക്കനുസൃതമായ  സേവനങ്ങളും ആ സേവനങ്ങള്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്ന ഉച്ച നീച ക്രമത്തിലുള്ള അവകാശങ്ങളുമാണ്  നില നിന്നിരുന്നത്. രാജ്യരക്ഷ ചെയ്യുന്നു എന്നു കരുതപ്പെടുന്ന രാജാവും ദേവ പ്രീതിക്ക് വേണ്ടി യത്നി  ക്കുന്നു  എന്നു കരുതപ്പെടുന്ന പുരോഹിതനും തുടങ്ങി കൊല്ലനും കരുവാനും കുശവനും നെയ്ത്തുകാരനും ക്ഷുരകനും ഉഴവുകാരനും വരെ നീളുന്നവരുടെ സേവനത്തിനു കല്‍പ്പിക്കപ്പെട്ട ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച്  കൃഷി ഭൂമിയില്‍ നിന്നുള്ള വിഹിതത്തിനവകാശം  നിര്‍ണ്ണയിക്കുന്ന  വ്യവ  സ്ഥയായിരുന്നു അത് . തൊഴിലുകള്‍ക്ക് കല്‍പ്പിക്കപ്പെട്ട ഉച്ച നീച  ക്രമങ്ങള്‍ക്കനുസരിച്ചു സമൂഹത്തിലുള്ള അധികാരവും (power )  ഭൂമിയിന്മേലുള്ള അവകാശവും (Right ) വിതരണം ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു  ആ സാമൂഹ്യ വ്യവസ്ഥ . ഈ അവകാശ -അധികാരങ്ങളുടെ  ഉച്ച നീച ക്രമത്തിനു പ്രാചീന - മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ വമ്പിച്ച വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ഇംഗ്ലീഷു കാരുടെ കാലം വരെ ഈ അടിസ്ഥാന മാതൃക മാറ്റ മില്ലാതെ നിന്നു. ഈ പൊതു ഉടമാ സമ്പ്രദായത്തില്‍ അസമത്വത്തിന്റെ തോത് മാറിക്കൊണ്ടിരുന്നു എന്നല്ലാതെ എല്ലാ അവകാശങ്ങളും  കയ്യടക്കിയവരും അവകാശങ്ങള്‍തന്നെ  ഇല്ലാത്തവരും എന്ന നില വന്നിരുന്നില്ല .

ഇങ്ങനെ ഭൂമിയിന്മേല്‍ അധികാരങ്ങളും അതിനനുസൃത മായ അവകാശങ്ങളും നാനാ മുഖമായി  കെട്ടുപെട്ടു   കിടക്കുന്ന സ്ഥിതിയില്‍ ഭൂമി ആധുനിക രീതിയില്‍  വാങ്ങാനോ  വില്‍ക്കാനോ കഴിയുമായിരുന്നില്ല . പഴയ കാര്‍ഷിക ഗ്രാമങ്ങളിലെ ഭൂമിയിന്മേല്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല ജീവജാലങ്ങള്‍ക്കും കുന്നുകള്‍ക്കും കുഴികള്‍ക്കും പുഴകള്‍ക്കും അവകാശം കല്പ്പിക്കപ്പെട്ടിരുന്നു.Quotationപഴയ കാര്‍ഷിക ഗ്രാമങ്ങളിലെ ഭൂമിയിന്മേല്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല ജീവജാലങ്ങള്‍ക്കും കുന്നുകള്‍ക്കും കുഴികള്‍ക്കും പുഴകള്‍ക്കും അവകാശം കല്പ്പിക്കപ്പെട്ടിരുന്നു.Quotation മലബാറിലെ പഴയ ആധാരങ്ങളില്‍   ഭൂമി മാത്രമല്ല അതിലുള്ള കല്ല്‌, മുള്ള്, പാമ്പ് , ഗുഹ, നിധി, കിണറ് ,തോട് , കാട് ,വഴി ആകാശം, പാതാളം മുതലായവയെല്ലാം സ്ഥാനം പിടിച്ചിരുന്നു. ഇത് കൂടാതെ ' അധികാരം' 'അങ്കം ', ചുങ്കം , എന്നീ അവകാശങ്ങളും ആ പ്രമാണങ്ങളില്‍ കാണാം . ഇങ്ങനെ അസമമായ പൊതു ഉടമസ്ഥതയിലുള്ള ഒരു ഉത്പ്പാദനോപാധിയും  ആവാസ വ്യവസ്ഥയുമായി കരുതപ്പെട്ടിരുന്ന ഇന്ത്യന്‍ കൃഷിഭൂമിയെ ആണ് ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷു കാര്‍ അഭിമുഖീകരിച്ചത് .

Asiatic mode of production എന്നു പറഞ്ഞപ്പോള്‍ മാര്‍ക്സ് വ്യക്തമാക്കാന്‍ ശ്രമിച്ചത് ഭൂമിയിന്മേല്‍ പൊതു അവകാശങ്ങളുള്ള  ഈ ഉത്പാദന സമ്പ്രദായത്തെയാണ്‌  . മാര്‍ക്സ് ഈ ആശയം പിന്നീട് ഉപേക്ഷ്ച്ചു എന്നു പ്രചരിപ്പിക്കപ്പെട്ടത് തെറ്റായിരുന്നു എന്നു ഇന്ന്  Grundrisse,  Ethnological Note Books , തുടങ്ങിയ രേഖകള്‍ തെളിയിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍   അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി കഴിഞ്ഞ ഇന്ത്യന്‍ ഭൂമിയില്‍ നിന്നു ടാക്സ് പിരിക്കുന്നതിന് വേണ്ടി പഴയ കാര്‍ഷിക ഗ്രാമ ഭൂ ഉടമാ ബന്ധങ്ങളെ നവീകരിച്ചു . കരം പിരിക്കുന്നതിന് ഭൂമിയിന്മേല്‍ പൂര്‍ണ്ണാധികാരവും  അവകാശങ്ങളുമുള്ള ഒരു വിഭാഗത്തെ അവര്‍ സൃഷ്ടിച്ചു . ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ അളവില്‍ അവകാശം ലഭിച്ചു പോന്ന പഴയ നാട് വാഴികളുടെയും പുരോഹിതരെയും ക്ഷേത്രങ്ങളെയും കരവും പാട്ടവും പിരിക്കാന്‍ പൂര്‍ണ്ണ അവകാശമുള്ള  ഭൂ ഉടമകള്‍ ആക്കി മാറി . അതോടെ പരമ്പരാഗതമായ അധികാരവും അവകാശവും നിഷേധിക്കപ്പെട്ട കൈത്തൊഴില്‍ ക്കാരും   കൃഷി പ്പണിക്കാരും അടങ്ങുന്ന സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ സ്വന്തം അധ്വാന  ശക്തി മാത്രം കൈമുതലായി ഉള്ളവര്‍ ആയി മാറി . ഭൂ ഉടമകള്‍ ആയി മാറിയവര്‍ പണിയെടുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും അധ്വാനം പാട്ടമായും നികുതിയായും സംഭരിച്ചു കൊളോണിയല്‍ ഭണ്ഡാരത്തില്‍  അടക്കുന്ന സമ്പന്നരായ ഇടനിലക്കാര്‍ ആയിത്തീര്‍ന്നു .

ഇതാണ് ഇന്ത്യ മുഴുവന്‍ ഇംഗ്ലീഷു കാര്‍ വിവിധരീതിയില്‍ നടപ്പാക്കിയ  ജന്മി സമ്പ്രദായത്തിന്റെ പൊതു ഉള്ളടക്കം .

നാട്ടു രാജ്യങ്ങളില്‍  ബ്രിട്ടീഷു കാര്‍ ചുമത്തിയ ഭാരിച്ച കപ്പം അടച്ചു തീര്‍ക്കാനുള്ള പണം സംഭരിക്കുന്നതിനായി നാടുവാഴികള്‍ ഭൂമി വിലയ്ക്ക്  കൊടുക്കാവുന്ന സ്വത്തായി പതിച്ചു കൊടുത്തുകൊണ്ട് പുതിയ ജന്മികളെ  സൃഷ്ടിച്ചു കൊണ്ടിരുന്നു . ഭൂമി കൈമാറ്റം ചെയ്യാവുന്ന സ്വകാര്യ സ്വത്തായി മാറുന്നതോടെ കേരളത്തില്‍ ഭൂമിയിലുള്ള കൂട്ടുടമസ്ഥതയുടെ  ഒരു രൂപമായി നില നിന്ന കൂട്ടുകുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി ഭാഗിക്കപ്പെടുകയോ ഭൂമി വിറ്റഴിക്കപ്പെട്ട് ദരിദ്ര മാവുകയോ ചെയ്തു.  ഈ പ്രക്രിയ പരമ്പരാഗത സവര്‍ണ്ണ വരേണ്യ വിഭാഗങ്ങളില്‍ നിന്നല്ലാതെയും വലിയ ഭൂ ഉടമകള്‍ ഉയര്‍ന്നു വരാനുള്ള സാഹചര്യമൊരുക്കി. കച്ചവടത്തിലൂടെയും കയറ്റു മതിയിലൂടെയും പണം സമ്പാദിച്ച  അവര്‍ണ്ണരും ,അഹിന്ദുക്കളുമായവര്‍  ആ പണമുപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന ഭൂമി വാങ്ങിക്കൂട്ടുകയോ  കായല്‍ നികത്തിയും വനം  തെളിച്ചും പുതിയ ഭൂ സ്വത്തു  സൃഷ്ടിക്കുകയോ ചെയ്തു .

ഇങ്ങനെ  ഇന്ത്യയില്‍ വിവിധരൂപങ്ങളില്‍ നില നിന്നിരുന്ന കാര്‍ഷിക ഗ്രാമ വ്യവസ്ഥയിലെ ഭൂ ഉടമാ ബന്ധങ്ങളെ ബ്രിട്ടീഷ് കോളനി വാഴ്ച മാറ്റിമറിച്ചു .അതിന്റെ ഫലമായി ജന സഞ്ചയത്തിന്റെ അധ്വാന  ശക്തിയെ പാട്ടമായും നികുതിയായും കവര്‍ന്നെടുക്കുന്ന ഒരു പുതിയ വര്‍ഗം പരമ്പരാഗത വരേണ്യരില്‍  നിന്നെന്ന പോലെ തന്നെ പുതിയ സമ്പന്ന വിഭാഗങ്ങളില്‍ നിന്നു ഉയര്‍ന്നു വന്നു . കൊളോണിയല്‍  മേധാവികള്‍ക്കും, അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട ജന സാമാന്യത്തിനും മദ്ധ്യത്തില്‍   പ്രവര്‍ത്തിച്ച ഈ പുതിയ ചൂഷക വര്‍ഗത്തിലൂടെയാണ്  ഇന്ത്യയിലെ നവ വരേണ്യത ആദ്യ ചുവടുകള്‍ വക്കുന്നത് . കോളനി വാഴ്ചയുടെ നടത്തിപ്പുകാരായ ഈ നവ വരേണ്യരുടെ ആധിപത്യത്തിന് കീഴില്‍ പാട്ട കൃഷിക്കാരും കൂലിപ്പണിക്കാരുമായി   കീഴാളവത്ക്കരിക്കപ്പെട്ടു    കൊണ്ടിരുന്ന  ജനങ്ങള്‍ അവരുടെ ജീവിതാധികാരം നിലനിര്‍ത്തുന്നതിനായി നടത്തിയ ചെറുത്തു നില്‍പ്പുകള്‍ ആയിരുന്നു കൊളോണിയല്‍ ഇന്ത്യയില്‍ നടന്ന ഒട്ടു മിക്ക കാര്‍ഷിക കലാപങ്ങളും .

ഒരു വശത്ത് കൊളോണിയല്‍ ശക്തികളുമായി വിലപേശിക്കൊണ്ടും മറു വശത്ത് കീഴാള ശക്തികളെ മെരുക്കി എടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടും ഏതാണ്ട് ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു വികാസ പ്രക്രിയയിലൂടെയാണ് ഇന്ത്യന്‍ ജനതക്ക് മേല്‍ ആധിപത്യം നേടുന്ന  ഒരു രാഷ്ട്രീയ ശക്തിയായി ഈ നവ വരേണ്യത പ്രായ പൂര്‍ത്തിയാകുന്നത് .


വലിയ ഭൂപ്രഭു കുടുംബങ്ങളില്‍ നിന്നു  വിദേശത്തുപോയി പാശ്ചാത്യ വിജ്ഞാനമാര്‍ജിക്കുന്നതിലൂടെ സ്വയം പരിഷ്കൃത  മനുഷ്യ മാതൃകയിലേക്ക്  കൂടുമാറിയ ഒരു തല മുറയാണ്‌ നവ വരേണ്യ ബുദ്ധിജീവികളുടെ ആദ്യ പ്രതി നിധികള്‍ . നാട്ടുകാരായതു കൊണ്ട്‌  അധികാരികളായ വെള്ളക്കാരില്‍ നിന്നു വിട്ടും, പരിഷ്കൃതരായതു  കൊണ്ട്‌ നാട്ടുകാരില്‍ നിന്നു ഉയര്‍ന്നും നിന്ന ഈ വിഭാഗം പാശ്ചാത്യ മാനദണ്ഡം അനുസരിച്ച് പ്രാകൃതരുടെ രാജ്യമായ ഇന്ത്യയെ ആധുനിക പരിഷ്കൃതി യിലേക്ക്         ഉയര്‍ത്തിയെടുക്കാന്‍ വെമ്പല്‍ കൊണ്ടു . ഇതോടൊപ്പം ഭൂ പ്രഭുക്കന്മാര്‍ അവരുടെ വര്‍ദ്ധിച്ചു കൊണ്ടിരുന്ന സമ്പത്ത് വ്യവസായവത്ക്കരിക്കപ്പെട്ട കൃഷിയിലും നഗരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ട  വ്യവസായങ്ങളിലും നിക്ഷേപിക്കുകയും അങ്ങനെ പരിഷ്കരണത്തെയും ആധുനികവത്ക്കരണത്തെയും അനിവാര്യമാക്കുന്ന ഉത്പ്പാദന ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു . നഗരങ്ങളെ കേന്ദ്രീകരിച്ചു നിലവില്‍ വന്ന പാശ്ചാത്യ മാതൃകയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  നിന്നു പുറത്ത് വന്ന  ആധുനിക പൌര മാതൃകയിലുള്ള അഭ്യസ്ത വിദ്യര്‍  തദ്ദേശീയ ഭാഷകളിലും സാഹിത്യങ്ങളിലും വരുത്തിയ പരിവര്‍ത്തനങ്ങളും സൃഷ്ടിച്ച പുതിയ വ്യവഹാര രൂപങ്ങളും വിനിമയ മാധ്യമങ്ങളും ചേര്‍ന്ന് സമ്പന്ന- മധ്യ വര്‍ഗങ്ങളുടെ ഒരു ആധുനിക പൌര സമൂഹ പൊതു മണ്ഡലം നിലവില്‍ വരുത്തി . ഇങ്ങനെ ആധുനിക പൌര സമൂഹ മാതൃകയിലേക്ക് പരിവര്‍ത്തിച്ചു  കഴിഞ്ഞ നവ വരേണ്യതയുടെ ആത്മബോധമാണ് ഇന്ത്യന്‍ ദേശീയതയുടെ രൂപാന്തരങ്ങളായി വികസിക്കുന്നത് . ഈ നവ വരേണ്യ പൌര സമൂഹത്തിന്റെ ആത്മഭാവനയാണ് ഇന്ത്യയെ ഒരു ആധുനിക പരമാധികാര സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയായി മാറുന്നത് .ഇന്ത്യന്‍ ദേശീയതയെ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ആക്കി  മാറ്റുന്നത് .

ആത്മ ബോധത്തി ലേക്കുയര്‍ന്ന ഈ നവ വരേണ്യ പൌര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ഗ്രാമീണ ജനത  അവരെ അപേക്ഷിച്ച്  അക്ഷര ശൂന്യരും ആത്മ ബോധത്തി ലേക്കുയരാത്തവരും ഭൂതകാലത്തിന്റെ ഇരുട്ടില്‍ നിഷ്ക്രിയരായി തളഞ്ഞു  കിടക്കുന്നവരുമാണ് . അവരെ സംബന്ധിച്ചിടത്തോളം ചരിത്രം എന്നതു ആധുനിക യൂറോപ്യന്‍ മനുഷ്യ മാതൃകയിലേക്ക് പടി പടിയായി കയറിച്ചെല്ലാനുള്ള ഒരു പദ്ധതിയാണ് . ആധുനിക യൂറോപ്യന്മാര്‍ മനുഷ്യ സംസ്കാര പരിണാമത്തിന്റെ ഏറ്റവും  ഉയര്‍ന്ന പടവില്‍ എത്തി നില്‍ക്കുന്നവര്‍ തങ്ങളാണെന്നും മറ്റുള്ള സമൂഹങ്ങളൊക്കെ ആ പരിണാമത്തിന്റെ താണ പടവുകളില്‍ തങ്ങി നില്‍ക്കുകയാണെന്നും വിശ്വസിച്ചിരുന്നു. മാത്രമല്ല താണ പടവുകളില്‍ നില്‍ക്കുന്നവരെ തങ്ങളുടെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തേണ്ട  ബാധ്യത അവര്‍ക്കാണെന്ന് അവരിലെ 'മനുഷ്യ സ്നേഹികള്‍ ' വിശ്വസിക്കുകയും ചെയ്തു . തങ്ങളില്‍ നിന്നു വ്യത്യസ്തരായ വരെ മുഴുവന്‍ അപരിഷ്കൃതരായി  കാണുന്ന അന്ധമായ അധീശത്വ സങ്കല്പം ആധുനിക യൂറോപ്യന്‍ മാനവികത അതിന്റെ സമത്വ സങ്കല്പ്പമായി കണ്ടു .മറ്റു സംസ്കാരങ്ങളെ അപരിഷ്കൃതമെന്നു  അളക്കുന്ന സ്വന്തം സംസ്കാരത്തിന്റെ മാനദണ്ഡം തങ്ങളുടെ സംസ്കാരത്തിന് മാത്രം ചേരുന്നതാണെന്ന് തിരിച്ചറിയാനുള്ള  വിവേകം യൂറോപ്യന്‍ കൊളോണിയല്‍ മേധാവികള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല .

യൂറോപ്യന്‍ മനുഷ്യ മാതൃകയിലേക്ക് സ്വയം തിരുകി കൊള്ളിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ നവ വരേണ്യ പൌരസമൂഹം സ്വന്തം നാട്ടുകാരായ  ജന കോടികളെ കണ്ടത് ആധുനിക പൌരത്വത്തിലേക്ക് ഇനിയും പടവുകള്‍ പലതും കയറേണ്ടിയിരിക്കുന്ന  അപരിഷ്കൃതരായാണ് . അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ മാനവ ചരിത്ര പരിണാമത്തിന്റെ ഗതിയില്‍ മുന്നോട്ടു കുതിക്കാനവാതെ  സ്തംഭിച്ചു നില്‍ക്കുന്ന ഒരു നാടാണ് . ഇന്ത്യക്കാര്‍ പാശ്ചാത്യ ആധുനിക സംസ്കൃതി എന്ന ലക്ഷ്യത്തിലെത്താനുള്ള മഹായാത്രയില്‍ ഒരിടത്താവളത്തില്‍  തളഞ്ഞു നില്‍ക്കുന്ന ഒരു ജനതയും (Waiting room of history എന്നു ഈ ഇടത്താവള ത്തെ കുറിച്ച്‌  ദീപേഷ് ചക്രവര്‍ത്തി ). അതിനാല്‍ ആധിപത്യത്തിലേക്ക് ഉയര്‍ന്നു വന്നുകൊണ്ടിരുന്ന പുതിയ വരേണ്യ സമൂഹത്തിനു ആധുനിക പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെയും  ഭരണ കൂടത്തിന്റെയും പ്രയോഗ-വ്യവഹാരങ്ങളിലേക്ക്  സ്വന്തം നാട്ടുകാരെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ ശ്രമത്തിലൂടെ അവരുടെ വ്യത്യസ്തതയും കീഴാളത്തവും അവരെ നിരന്തരം ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ .

ഈ പ്രക്രിയയിലുടനീളം അധീശ വരേണ്യ വര്‍ഗം ബഹുരൂപിയായ ഇന്ത്യന്‍ കീഴാള ജന സഞ്ചയത്തെ തങ്ങള്‍ക്കു ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള പ്രതിനിധാനങ്ങളിലേക്ക്  ( Representations)  പകര്‍ത്താനും തങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ പിന്നണിപ്പടയാക്കി ഒതുക്കി നിര്‍ത്താനുമാണ്  ശ്രമിച്ചു കൊണ്ടിരുന്നത് . ഈ മേലാളര്‍ നേതൃത്വം കൊടുത്ത കൊളോണിയല്‍   വിരുദ്ധ സമര കാലത്ത് സംഭവിച്ചതും സമരാനന്തര  കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ് .

കര്‍ഷക സമൂഹങ്ങള്‍ രാഷ്ട്രീയമായ ആത്മബോധത്തിലേക്കുയരാത്ത, ചരിത്ര പരിണാമത്തിന്റെ താഴെ തട്ടില്‍ നില്‍ക്കുന്നവയാണെന്ന  , ഘട്ടവാദ പരമായ  ഇടതുപക്ഷ സങ്കല്‍പ്പവും ഈ നവ വരേണ്യ ധാരണക്ക് ശക്തി പകരുന്നതായിരുന്നു .  [മാര്‍ക്സ് ഇത്തരത്തിലുള്ള  ഘട്ടം ഘട്ടമായ ചരിത്ര പരിണാമത്തിന്റെ അനിവാര്യതയെ തന്റെ ചിന്തയുടെ പക്വ ദശയില്‍ തള്ളിക്കളയുന്നതായി കാണാം . ഏഷ്യാറ്റിക് ഉത്പ്പാദന സമ്പ്രദായത്തിലെന്ന  പോലെ റഷ്യന്‍   ഗോത്ര സമൂഹങ്ങളിലും നില നിന്ന ഭൂമിയുടെ പൊതു ഉടമാ സമ്പ്രദായത്തെ കുറിച്ച്‌ മാര്‍ക്സ് പില്‍ക്കാലത്ത്‌ വികസിപ്പിച്ചിട്ടുള്ള ആശയങ്ങള്‍ ഈ ഘട്ടവാദ സങ്കല്‍പ്പത്തെ തള്ളിക്കളയുന്നവയാണ്. മാര്‍ക്സ് മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ നടത്തിയ പുരാ- നരവംശ ശാസ്ത്ര ഗവേഷണങ്ങളെ  കുറിച്ചുള്ള   കുറിപ്പുകളില്‍ (  Ethnological note books 1880 - 1882 ) കാര്‍ഷിക സമൂഹങ്ങളെ കുറിച്ചുള്ള പാശ്ചാത്യ സാമൂഹ്യ മാതൃകയില്‍ അധിഷ്ഠിതമായ മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ധാരണകളില്‍ നിന്നു മുന്നോട്ടു പോകുന്നുണ്ട് . ]

ഏതായാലും മുഖ്യധാരാ പാശ്ചാത്യ ചിന്തകളെ പിന്തുടര്‍ന്ന ഇന്ത്യന്‍ ലിബറല്‍ - ഇടതുപക്ഷ സമീപനങ്ങള്‍  ഗ്രാമീണ കര്‍ഷകരും ആദിവാസികളും ദളിതരും ചേരി നിവാസികളും സ്ത്രീകളും  അടങ്ങുന്ന കീഴാള ജന സഞ്ചയത്തെ ആധുനികതയിലേക്കുള്ള വിമോചനത്തിനു പാകത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടേണ്ട  ആത്മബോധമറ്റ, സ്വാധികാരമില്ലാത്ത  ഒരു നിഷ്ക്രിയ  പിണ്ഡമായാണ്  കണക്കാക്കി പോന്നത് .

ഇന്ത്യന്‍ കീഴാള ജീവിതത്തിന്റെ പരമ്പരാഗതമായ സാംസ്കാരിക ശക്തി വിശേഷങ്ങളെയും  അധികാര - അവകാശ രീതികളെയും പാശ്ചാത്യ മാനദണ്ഡങ്ങള്‍   ഉപയോഗിച്ച വരേണ്യ വിഭാഗങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാന്‍ കഴിയാതെ പോയതിനു മറ്റൊരു കാരണം കൂടിയുണ്ട് . അധികാര -അവകാശങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെടുകയും പഴയ വര്‍ണ്ണ -ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വ ശ്രേണികള്‍ പുതിയ കൊളോണിയല്‍  വിഭജന  - ചൂഷണ യന്ത്രത്തിന്റെ ഭാഗമായി തീരുകയും ചെയ്ത ഒരു സാഹചര്യമാണത്  . അതിലേക്കു വരാം.

കോളനി വാഴ്ച വനം കയ്യേറ്റത്തിനും  കൊള്ളക്കും വേണ്ടി ഗോത്ര സമുദായങ്ങളുടെ കാടിന്മേലുള്ള അധികാര അവകാശങ്ങള്‍ ഫലത്തില്‍ റദ്ദു ചെയ്യുന്ന വന നിയമങ്ങളാണ് നടപ്പാക്കിയത് . കാര്‍ഷിക ഗ്രാമ വ്യവസ്ഥയുമായി ബന്ധപ്പെട്ട ജീവിതാധികാരങ്ങള്‍ നില നിര്‍ത്തി പോന്ന ദളിതര്‍ അടക്കമുള്ള കീഴാള വിഭാഗങ്ങള്‍ അധ്വാന കമ്പോളത്തില്‍ നിസ്സാര വിലയുള്ള അധ്വാന  ശക്തിയല്ലാതെ മറ്റൊന്നുമില്ലാത്തവരായി മാറി . അതായത് അവര്‍ നിരാധാരരായ കൂലി അടിമപ്പറ്റങ്ങള്‍  ആയി മാറി . വെള്ളക്കാരുടെയും അവരുടെ ഇടനിലക്കാരുടെയും തോട്ടങ്ങളിലേക്കും നഗരങ്ങളിലെ ചേരികളിലേക്കും കൂട്ടം കൂട്ടമായി അവര്‍ പറിച്ചു മാറ്റപ്പെട്ടു . അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ കൊളോണിയല്‍ ചൂഷണത്തിന്റെ ഏറ്റവും അധികം  ഭാരം താങ്ങേണ്ടി വന്നത് പഴയ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ ഏറ്റവും അടിയില്‍ ആ വ്യവസ്ഥയുടെ ഭാരം താങ്ങി നിന്ന കീഴാള വിഭാഗങ്ങള്‍ക്കാണ്.Quotationഇന്ത്യയില്‍ കൊളോണിയല്‍ ചൂഷണത്തിന്റെ ഏറ്റവും അധികം  ഭാരം താങ്ങേണ്ടി വന്നത് പഴയ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ ഏറ്റവും അടിയില്‍ ആ വ്യവസ്ഥയുടെ ഭാരം താങ്ങി നിന്ന കീഴാള വിഭാഗങ്ങള്‍ക്കാണ്.Quotation ഭൂമിയുടെ മേലുള്ള അധികാരാവകാശങ്ങള്‍ നഷ്ടമാവുകയും ജന്മിമാരുടെയോ  സമീന്ദാര്‍  മാരുടെയോ ഏതെങ്കിലും തരത്തിലുള്ള പാട്ട കൃഷിക്കാരായി മാറുകയും ചെയ്ത ഇന്ത്യന്‍ കര്‍ഷക സമുദായങ്ങള്‍ ഒന്നാകെ പരമ്പരാഗത ജീവിത ശക്തികള്‍ ക്ഷയിച്ചു കൊളോണിയല്‍   കമ്പോളങ്ങള്‍ക്ക് അടിയറവു പറഞ്ഞു .

ജീവിതം തികച്ചും ഗതി മുട്ടുമ്പോള്‍ നീണ്ട ഇടവേളകള്‍ക്കു ശേഷം ഗോത്ര വര്‍ഗ്ഗങ്ങളുടെയോ കര്‍ഷക സമുദായങ്ങളുടെയോ  ഭാഗത്ത് നിന്നുണ്ടാകുന്ന കലാപങ്ങളുടെ പൊട്ടിത്തെറികളെ  കൊളോണിയല്‍ മേധാവികളും ഇന്ത്യന്‍ വരേണ്യ വിഭാഗങ്ങളും മൃഗ തുല്യരായ മനുഷ്യരുടെ ചിന്താ ശൂന്യവും ഭ്രാന്തവുമായ പ്രതികരണങ്ങളായി മാത്രമാണ് വിലയിരുത്തിയത് . ഇത്തരം പൊട്ടിത്തെറികള്‍ക്കിടയിലെ  നിശ്ശബ്ദമായ സഹനങ്ങളുടെ  നീണ്ട ഇടവേളകളെ സ്വബോധത്തിലേക്ക്  ഉയരാത്ത മനുഷ്യപ്പറ്റങ്ങളുടെ സഹജമായ നിഷ്ക്രിയതയായാണ്‌ അവര്‍ കണ്ടത് .

കീഴാള ജീവിതത്തെ കുറിച്ചുള്ള ഇത്തരമൊരു സമീപനത്തിന്റെ ഫലമായി കീഴാള ജീവിതത്തിന്റെ രാഷ്ട്രീയ ശക്തികളെ തിരിച്ചറിയാന്‍ ഇന്ത്യന്‍ വരേണ്യ വിഭാഗങ്ങള്‍ക്ക് കഴിയാതെ പോയി . പാശ്ചാത്യര്‍ കരുതിയതുപോലെ നരവംശ  ശാസ്ത്രത്തിന്റെയോ ജനസംഖ്യാ ശാസ്ത്രത്തിന്റെയോ വിഷയമായ  ഒരു അപരിഷ്കൃത സാമൂഹ്യ പ്രതിഭാസമായാണ് അവര്‍ കീഴാള ജീവിതത്തെ സമീപിക്കാന്‍ ശ്രമിച്ചത് . കീഴാളരെ ഒരു രാഷ്ട്രീയ ക്രിയാത്മക ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിഷ്ക്രിയ നരവംശപ്രതിഭാസമായി കാണുന്ന  ഈ സമീപനത്തിന് പിന്നില്‍ പാശ്ചാത്യ  മനുഷ്യമാതൃകയെ കേന്ദ്രമാക്കിയ ഒരു ചരിത്ര ദര്‍ശനവും രാഷ്ട്രീയ വീക്ഷണവുമാണ്  പ്രവര്‍ത്തിക്കുന്നത് .

പാശ്ചാത്യ രാഷ്ട്ര മീമാംസയുടെ അടിസ്ഥാന മാതൃക, അധികാരത്തെ, ഒരു പരമാധികാര കേന്ദ്രത്തില്‍   നിന്നു താഴേക്കു പ്രവര്‍ത്തിക്കുന്ന അമൂര്‍ത്ത ശക്തി വിശേഷമായി കാണുന്നതിന്റെതാണ്. എല്ലാറ്റിനും  മുകളില്‍ എല്ലാറ്റിനെയും  നിര്‍ണ്ണയിച്ചു കൊണ്ടു നില കൊള്ളുന്ന ഈശ്വരന്റെ അധികാരത്തെകുറിച്ചുള്ള മതാത്മകമായ അധികാര സങ്കല്‍പ്പത്തിന്റെ ആവര്‍ത്തനമാണിത്   .ഈ രാഷ്ട്രീയ സങ്കല്പം , ആരെയും നിയന്ത്രിക്കാന്‍ ഭരണ കൂടമോ നിയമങ്ങളോ  ഇല്ലാത്ത ഓരാദിമ പ്രാകൃതാവസ്ഥയില്‍ ഓരോരുത്തരും അവരവരുടെ  താത്പര്യങ്ങള്‍ക്കനുസരിച്ച്  അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതിന്റെ  ഫലമായി എല്ലാവരും എല്ലാവര്‍ക്കുമെതിരെ തിരിയുന്ന ഒരരാജക ലോകത്തെ  ഭാവന ചെയ്യുന്നു . ഇങ്ങനെ, പരസ്പരം തല്ലുന്ന വ്യക്തികള്‍ ഒന്നായി ചേര്‍ന്ന് അവര്‍ക്കോരോരുത്തര്‍ക്കും   മറ്റുള്ളവരില്‍ നിന്നുള്ള രക്ഷക്ക് വേണ്ടി എല്ലാവരെയും നിയന്ത്രിക്കുന്ന ഒരു പൊതു ശക്തിയെ അവര്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ധാരണ (Contract) യില്‍ എത്തുന്നു .ഈ രാഷ്ട്രീയ പരമാധികാര ശക്തി (sovereign power)  അതിന് താഴെയുള്ള വ്യക്തികളെ നിയന്ത്രിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിനുള്ള അതിരുകള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു . അധികാരത്തെ (power) , കേന്ദ്രീകരിക്കപ്പെട്ട അമൂര്‍ത്ത ശക്തിയായും അവകാശത്തെ (right) അമൂര്‍ത്ത നിയമങ്ങളാല്‍ നിയന്ത്രിതമായ സ്വാതന്ത്ര്യ മായും കണക്കാക്കുന്ന ഒരു മാതൃകയാണിത് . ഇതാണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന പാശ്ചാത്യ ലിബറല്‍ അധികാര - അവകാശ സങ്കല്പ്പത്തിനാധാരം . ഈ മാതൃകയിലൂടെ മനുഷ്യജീവിതത്തെ മനുഷ്യജീവിതമാക്കുന്ന അതിന്റെ ശക്തികളെയും അവയുടെ ബന്ധരൂപങ്ങളുടെ രാഷ്ട്രീയത്തെയും തിരിച്ചറിയാനാവില്ല. അതുകൊണ്ട് തന്നെയാണ് ഈ രാഷ്ട്രീയ മാതൃകയ്ക്ക്  ഇന്ത്യന്‍ കീഴാളരെ മനുഷ്യത്വത്തിലേക്ക് ഉയരാത്ത നിഷ്ക്രിയ ജീവികളായി വിധിയെഴുതാന്‍ കഴിഞ്ഞത് .

അധികാരത്തെ, മനുഷ്യരെ അടിച്ചമര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാനുള്ള  ഭരണാധികാരമായി  കാണുകയും അതിന് കീഴ്പ്പെടുന്ന മനുഷ്യരെ പ്രതികരിക്കാനാവാത്ത ഇരകളായി കാണുകയും ചെയ്യുന്ന ഈ ലിബറല്‍ അധികാര മാതൃകക്കപ്പുറമാണ് അധികാരമെന്ന ഭൌതിക ബന്ധത്തിന്റെ പ്രവര്‍ത്തന  മണ്ഡലം.

അധികാരമെന്നത് മനുഷ്യരുടെ ജീവിതത്തില്‍ അടങ്ങിയിരിക്കുന്ന ജീവിതാധികാരമാണ് **. ഏതൊരു പ്രാണി യുടെയും  പദാര്‍ത്ഥത്തിന്റെയും നിലനില്പ്പില്‍ അതിന്റെ നിലനില്‍പ്പിനായുള്ള അധികാരം അഥവാ ബലം കൂടി അടങ്ങിയിട്ടുണ്ട് . മനുഷ്യര്‍ എന്ന സാമൂഹ്യ ജീവികളുടെ നിലനില്പ്പിലും സമൂഹജീവിയായി നിലനില്‍ക്കാനുള്ള ഒരു അധിക ജീവിത ബലം പ്രവര്‍ത്തിക്കുന്നുണ്ട് . അതിനാല്‍ അധികാരം ഒരമൂര്‍ത്ത ബാഹ്യ  ശക്തിയല്ല; ജീവിക്കുന്ന മനുഷ്യരുടെ ശക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലൂടെ സംഭവിക്കുന്ന ഒരു പ്രവര്‍ത്തനമാണ്. ഉച്ച നീച  ക്രമത്തിലുള്ള തൊഴില്‍ വിഭജനങ്ങളും ചൂഷണവും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അധികാരം വിവിധസാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളായാണ്     പ്രവര്‍ത്തിക്കുന്നത്.ഇത്തരം സമൂഹങ്ങളില്‍ ഈ വിഭജനങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെടുകയും പുതിയ മേലാള- കീഴാള ബന്ധരൂപങ്ങള്‍  നിലവില്‍ വരികയുമാണ് ചെയ്യുന്നത്. സാമൂഹ്യ ജീവിതത്തിലും കുടുംബത്തിലും പണിസ്ഥലത്തും ഓഫീസിലും സ്കൂളിലും പാര്‍ട്ടിയിലും പട്ടാളത്തിലും എല്ലാം ഈ വിധമുള്ള സ്ഥാപനവത്ക്കരിക്കപ്പെട്ട വിഭജനങ്ങളും അവയ്ക്കനുസൃതമായ  ബന്ധരൂപങ്ങളും ആണ് പ്രവര്‍ത്തിക്കുന്നത് .എന്നാല്‍ അവയില്‍ പ്രവര്‍ത്തിക്കുന്ന ഉച്ച നീച അധികാര ബന്ധങ്ങള്‍ മനുഷ്യര്‍ പരസ്പരം സ്ഥാപിക്കുന്ന ജീവിത ബന്ധങ്ങള്‍ ആണ് . അത് മേലാളര്‍ കീഴാളര്‍ക്കുമേല്‍   നടത്തുന്ന ഏകപക്ഷീയമായ  അമൂര്‍ത്ത ബലപ്രയോഗമല്ല . മറിച്ച് കീഴടങ്ങുന്നവന്റെ അധികാരവും കീഴടക്കുന്നവന്റെ അധികാരവും തമ്മില്‍ ഏര്‍പ്പെടുന്ന ഒരു സജീവ ബന്ധ മാണ ത്    . മേലാളന്റെ അധികാരവും കീഴാളന്റെ അധികാരവും തമ്മില്‍ ആധിപത്യത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയാത്മക ബന്ധമാണ് എന്നര്‍ത്ഥം.

കീഴടക്കുന്നവന്റെ  അധികാരത്തെ മാത്രം അധികാരമായി കാണുന്ന പാശ്ചാത്യ ലിബറല്‍ രാഷ്ട്ര മീമാം സയെ മാതൃകയാക്കുന്ന ഇന്ത്യന്‍  വരേണ്യ രാഷ്ട്രീയത്തിന് അധികാരത്തെ ജീവിത ശക്തികളുടെ ബന്ധമായി കാണാന്‍ കഴിയില്ല. അതിനാല്‍ അവര്‍ക്ക് കീഴാളര്‍ മറ്റുള്ളവരാല്‍ നയിക്കപ്പെ ടേണ്ട ബോധശൂന്യര്‍ ആണ്. കീഴാളരുടെ കലാപങ്ങളിലും ചെറുത്തു  നില്‍പ്പുകളിലും സഹനങ്ങളിലും നിസ്സഹകരണങ്ങളിലും പലായനങ്ങളിലും പ്രവര്‍ത്തിക്കുന്ന അവരുടെ ജീവിതാധികാരത്തെ തിരിച്ചറിയാന്‍ വരേണ്യരുടെ രാഷ്ട്രീയ ചിന്തക്ക് കഴിയാത്തത് അതുകൊണ്ടാണ്.

പരമാധികാര കേന്ദ്രവും പ്രജകളും തമ്മിലുള്ള ബന്ധത്തിന്റെ  മാതൃകയ്ക്ക് അധികാരത്തെ പരസ്പര ബന്ധമായി കാണാന്‍ കഴിയുന്നില്ല  എന്നു  മാത്രമല്ല അധികാരവും ജീവിതവും തമ്മിലുള്ള ബന്ധത്തെ പരസ്പരം വര്‍ജിക്കുന്ന വിപരീതങ്ങള്‍ തമ്മിലുള്ള ബന്ധമായി മാത്രമേ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ . ഓരോ വ്യക്തിക്കെതിരേയും, ആ വ്യക്തി നടത്തിയേക്കാവുന്ന അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി സമൂഹം ഒന്നാകെ പ്രയോഗിക്കുന്ന ബലമായി അധികാരത്തെ കാണുന്നതിന്റെ ഫലമാണ് ഈ വ്യക്തി /സമൂഹ വൈപരീത്യ സങ്കല്പം.

യഥാര്‍ത്ഥത്തില്‍ ഓരോ വ്യക്തിയും മറ്റു വ്യക്തികളെ ആശ്രയിച്ചു സ്വയം ശക്തിയാര്‍ജ്ജിക്കുന്നതിലൂടെ  സ്വന്തം ശക്തി വര്‍ധിപ്പിക്കുന്ന ഒരു കൂട്ടു കെട്ടാണ്  ഓരോ സമൂഹ രൂപവും . മറ്റുള്ളവരെ ആശ്രയിക്കുന്നതിലൂടെ ഓരോ വ്യക്തിയും അങ്ങനെ സ്വന്തം അധികാരത്തിന്റെയും അതിനനുസൃതമായ അവകാശത്തിന്റെയും ചക്രവാളങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത് . ഈ വിധം പരസ്പരം ആശ്രയിക്കുന്നതിലൂടെ ഓരോ വ്യക്തിയും സ്വന്തം സ്വതന്ത്രമായ നിലനില്‍പ്പിനുള്ള അധികാരവും അവകാശവും ആര്‍ജജിക്കുകയാണ്  ചെയ്യുന്നത് .

സമൂഹ ബന്ധങ്ങളില്‍ ഉച്ച നീച വിഭജനങ്ങളും ശ്രേണീ ബന്ധങ്ങളും കടന്നു വരുമ്പോഴും പരസ്പരാശ്രയത്തിന്റെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സ്വാതന്ത്രാസ്തിത്വത്തിന്റെയും മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല .അതുകൊണ്ടാണ് ഏതു തരം കീഴാളരും മേലാളരെ ആശ്രയിക്കുമ്പോള്‍ തന്നെ ആ ആശ്രയത്തില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള ഒരു സ്വാതന്ത്ര്യത്തെ കൂടി  നിലനിര്‍ത്തുന്നത് . മേലാളരുടെ ആശ്രയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന ആ സ്വാതന്ത്ര്യ ത്തിന്റെ മണ്ഡലമാണ് കീഴാളരുടെ കര്‍തൃത്വത്തിന്റെ  മണ്ഡലം . നിലനില്‍പ്പിന്റെ ആ സ്വതന്ത്ര മണ്ഡലത്തില്‍ അവര്‍ ജീവിതത്തോടു ക്രിയാത്മകമായി പ്രതികരിക്കുന്ന കര്‍തൃത്വങ്ങളാണ് ;  സ്വയം സ്വന്തം നായകരായിത്തീരാന്‍ പോന്ന സ്വതന്ത്ര ശക്തികളാണ് .മേലാളരുടെ ആധിപത്യത്തിന്( domination)  കീഴ്പ്പെട്ടു നില്‍ക്കുമ്പോഴും ഇന്ത്യന്‍ കീഴാള സമൂഹങ്ങള്‍  അവരുടെ സ്വാധികാരത്തെ (hegemony ) അടിയറ വക്കുന്നില്ല എന്ന രണജിത്  ഗുഹയുടെ കണ്ടെത്തലിന്റെ അടിസ്ഥാനം ഇതാണ്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയുടെ മേല്‍ പൂര്‍ണമായ ആധിപത്യം ഉറപ്പിച്ചപ്പോഴും ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരും ആദിവാസികളും ദളിതരും സ്ത്രീകളും അടങ്ങുന്ന കീഴാള ജനസഞ്ചയങ്ങള്‍ വിവിധരീതിയില്‍ അവരുടെ സ്വച്ഛന്ദ  കര്‍തൃത്വത്തിന്റെ സ്വാധികാരം പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നു. ഈ കീഴാള വിഭാഗങ്ങളുടെ ആന്തരികമായ സ്വാധികാര മണ്ഡലത്തിനു വെളിയിലാണ്  ബ്രിട്ടീഷുകാര്‍ അവരുടെ രാഷ്ട്രീയാധികാരവും ചൂഷണവും പ്രയോഗിച്ചു പോന്നത്.

കീഴാള കര്‍തൃത്വത്തിന്റെ  സ്വച്ഛന്ദത (autonomy)യെ കുറിച്ചുള്ള തിരിച്ചറിവ്  കൊളോണിയല്‍ മേധാവികള്‍ക്ക് മാത്രമല്ല അവരുടെ ദല്ലാളന്മാരില്‍ നിന്നും ഉയര്‍ന്നു വന്ന ഇന്ത്യയിലെ നവ വരേണ്യ  രാഷ്രീയ നേതൃത്വത്തിനും ഉണ്ടായിരുന്നില്ല. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് മര്‍ദ്ദിതരായ ഈ കീഴാളകോടികളുടെ കീഴടങ്ങുമ്പോഴും കീഴടങ്ങാതെ വര്‍ത്തിക്കുന്ന രാഷ്ട്രീയ കര്‍തൃത്വത്തിന്റെ   ആന്തരിക ശക്തികളായിരുന്നു . ഈ ശക്തികളുടെ വിശ്വരൂപം തിരിച്ചറിയുകയും അവയെ സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്ത നേതാവാണ്‌ മഹാത്മാ ഗാന്ധി. എന്നാല്‍ നവ വരേണ്യ രാഷ്ട്രീയാധികാരത്തെ ഭേദിക്കാന്‍ ഗാന്ധിക്കും കഴിഞ്ഞില്ല.Quotationഈ ശക്തികളുടെ വിശ്വരൂപം തിരിച്ചറിയുകയും അവയെ സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്ത നേതാവാണ്‌ മഹാത്മാ ഗാന്ധി. എന്നാല്‍ നവ വരേണ്യ രാഷ്ട്രീയാധികാരത്തെ ഭേദിക്കാന്‍ ഗാന്ധിക്കും കഴിഞ്ഞില്ല.Quotation മാത്രമല്ല ഫലത്തില്‍ കീഴാള കര്‍തൃ ത്വത്തിന്റെ ശക്തികളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച ഗാന്ധിയുടെ പരിശ്രമങ്ങള്‍ കീഴാള ശക്തികളെ ഈ പുത്തന്‍ വരേണ്യ ഭരണ വര്‍ഗ്ഗത്തിന്റെ ആധിപത്യത്തിന് കീഴ്പ്പെടുത്താന്‍ സഹായകമാവുകയും ചെയ്തു.

ആധുനിക തൊഴിലാളി വര്‍ഗ്ഗത്തെ മാത്രം വിപ്ലവകരമായ ആത്മബോധമുള്ള  നേതൃ ശക്തിയായി പരിഗണിക്കുകയും കീഴാള- കര്‍ഷക സമൂഹങ്ങളെ നൈസര്‍ഗ്ഗികത (spontaneity) ക്കടിപ്പെട്ട നിഷ്ക്രിയ വിഭാഗങ്ങളായി കാണുകയും ചെയ്ത ഇടതു പക്ഷ രാഷ്ട്രീയത്തിനും ഇന്ത്യന്‍ കീഴാള ജീവിതത്തിന്റെ കര്‍തൃത്വ  ശക്തിയെ തിരിച്ചറിയാനായില്ല. അതുകൊണ്ടാണവര്‍ക്ക്   നവ വരേണ്യ ലിബറല്‍ ജനാധിപത്യ രാഷ്ട്രീയത്തിനും കീഴാള ശക്തികളുടെ പൊട്ടിത്തെറികള്‍ക്കും ഇടയില്‍ പെട്ടു വലത്തേക്കും ഇടത്തേക്കും നിലയുറക്കാതെ  നിരന്തരം ഭിന്നിച്ചു ചാഞ്ചാടി കൊണ്ടിരിക്കേണ്ടതായി  വന്നത്.

നവ വരേണ്യ രാഷ്ട്രീയ ശക്തികളാകട്ടെ, ഒരു വശത്ത് അവരുടെ ആത്മ പ്രതിച്ഛായ യിലേക്ക് അതായതു ദേശീയ - മതനിരപേക്ഷ-നവസവര്‍ണ്ണ-പുരുഷ- നാഗരിക പൌര മാതൃകയിലേക്ക് കീഴാളരെ ഉയര്‍ത്തിയെടുക്കുന്നതിനായുള്ള  വികസന യജ്ഞങ്ങളില്‍ മുഴുകുമ്പോള്‍ മറുവശത്ത് ജാതി-മത-വംശ-സ്ത്രീ -പുരുഷ വിഭാഗീയതകള്‍ പെരുപ്പിച്ചുകൊണ്ട്‌ കീഴാള ജനസഞ്ചയത്തെ അവരുടെ രാഷ്ട്രീയാധിപത്യത്തിലുള്ള അസംസ്കൃത ശക്തിയായി നിലനിര്‍ത്താന്‍  ശ്രമിക്കുകയും ചെയ്യുന്നു .[അതുകൊണ്ടാണ് ഇന്ത്യന്‍ സിനിമയിലെ ഉത്തമ നായക മാതൃക യിലൂടെയും ഇന്ത്യന്‍ പൌര സമൂഹത്തിലെ ഉത്പ്പതിഷ്ണു ബുദ്ധിജീവി മാതൃകയിലൂടെയും ഈ ദേശീയ -മത നിരപേക്ഷ -നവ സവര്‍ണ്ണ -പുരുഷ-നാഗരിക പൌര സമൂഹ മാതൃക നിരന്തരം പ്രബലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.അതു കൊണ്ടു തന്നെയാണ് കീഴാളര്‍ക്കു പ്രശ്നമേ അല്ലാത്ത പള്ളികളെയും അമ്പലങ്ങളെയും ചൊല്ലിയുള്ള തര്‍ക്കങ്ങളെ ദേശീയ രാഷ്ട്രീയ പ്രതിസന്ധികളാക്കി പെരുപ്പിച്ചെടുത്ത്  ജാതി- മത വിഭാഗീയതകളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സും  ബി ജെ പി യും ഒരേപോലെ വ്യാപൃതരായിരിക്കുന്നത്. അതിനാല്‍ ഉദാരവാദികളും വര്‍ഗ്ഗീയവാദികളും അടങ്ങുന്ന ഈ നവ വരേണ്യ രാഷ്ട്രീയ  കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ആത്മ പ്രകാശനമാണ് ഈയിടെ പ്രഖ്യാപിക്കപ്പെട്ട ബാബറിമസ്ജിദ് -രാമജന്മ ഭൂമി തര്‍ക്കത്തിന്മേലുള്ള ഇന്ത്യന്‍ ഭരണ കൂടത്തിന്റെ നീതിന്യായ വിധി ].

എന്നാല്‍ നൂറ്റാണ്ടുകളായി ഈ വിധം വിവിധതരം മേധാവിത്വങ്ങള്‍ക്ക് കീഴടങ്ങി നിന്നിട്ടും കീഴാള വിഭാഗങ്ങളുടെ കീഴടങ്ങാത്ത ആന്തരിക സ്വാധികാര ശക്തിയെ തീര്‍ത്തും ഇല്ലാതാക്കി കളയാന്‍ ഇന്നും അധീശ ശക്തികള്‍ക്കു കഴിഞ്ഞിട്ടില്ല.നവ വരേണ്യാധിപത്യവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു  കൊണ്ടു ദയനീയമെങ്കിലും വിവിധരീതികളില്‍ കീഴാള ശക്തികള്‍ അവയുടെ രാഷ്ട്രീയ കര്‍തൃത്വം പ്രകാശിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് . ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ആഗോള രാഷ്ട്രീയ ശക്തികളുടെയും പിന്‍ബലത്തോടെ ഇന്ത്യയില്‍ സ്വേച്ഛാ ധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍ നിന്നു താഴെ ഇറക്കിയതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി. വീണ്ടും അധികാരത്തില്‍ വരുമെന്ന് കരുതിയ ബുദ്ധിജീവികളുടെയും  രാഷ്ട്രീയ നിരീക്ഷകരുടെയും ഇടതുപക്ഷത്തിന്റെ തന്നെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടു ബി. ജെ. പിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ തകര്‍ത്തതും ഈ കീഴാള ജനസഞ്ചയത്തിന്റെ  സ്വാധികാരമാണ്.

നൂറ്റാണ്ടുകളായി കൊടിയ ദാരിദ്ര്യത്തിനും അവമതിക്കും പീഡനത്തിനും   ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണരും ആദിവാസികളും ദളിതരും സ്ത്രീകളും അടങ്ങുന്ന കീഴാളരുടെ രാഷ്ട്രീയ കര്‍തൃത്വം എന്ന ഈ യാഥാര്‍ഥ്യത്തെ,   നവ വരേണ്യാധിപത്യവുമായി  അതു ഏര്‍പ്പെട്ടിരിക്കുന്ന സംഘര്‍ഷാത്മക ബന്ധത്തിന്റെ രൂപങ്ങളെ നാം വേറിട്ട്‌ തിരിച്ചറിയുക തന്നെ വേണം .
കാരണം അതാണ്‌ ഇന്ത്യന്‍ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ 'അബോധം'.


അടിക്കുറിപ്പുകള്‍ :
*പ്രൊഫസര്‍ രണജിത് ഗുഹ, പാര്‍ഥാ ചാറ്റര്‍ജീ  തുടങ്ങിയ  ചരിത്ര ചിന്തകര്‍ ഇന്ത്യന്‍ കീഴാള സമൂഹങ്ങളെ കുറിച്ച്‌ പറയുന്ന സന്ദര്‍ഭത്തില്‍ പ്രയോഗിക്കുന്ന  hegemony എന്ന പരികല്‍പ്പനയെയാണ്   ഇവിടെ  ' സ്വാധികാരം *' എന്നതു കൊണ്ടു വിവക്ഷിക്കുന്നത് . domination ആണ് മേധാവിത്വം .
** ജീവിതാധികാരം - ആധുനിക പാശ്ചാത്യ രാഷ്ട്ര മീമാംസയില്‍ ജീവിതാവകാശവും( Right ) അധികാരവും (Power )വിപരീതങ്ങളാണു. എന്നാല്‍ സ്പിനൊസ ഇവയെ ഒന്നായോ ഒന്നിന്റെ  തന്നെ രണ്ടു രൂപങ്ങള്‍ ആയോ ആണു കണ്ടത്‌ . മത്സ്യത്തിനു വെള്ളത്തിനടിയില്‍ ജീവിക്കാനുള്ള കഴിവു അഥവാ  അധികാരം അതിനു വെള്ളത്തില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ  സാക്ഷാത്ക്കാരമായി ഐക്യപ്പെട്ടിരിക്കുന്നതു പൊലെ . ഈ അധികാര/ അവകാശസങ്കല്‍പ്പം പാശ്ചാത്യ മുഖ്യധാരാ രാഷ്ട്രീയ ചിന്തയെ എങ്ങനെ തകിടം മറിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ . ഈ രീതിയില്‍ അവകാശത്തേയും അധികാരത്തേയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമം എന്ന നിലയിലാണു ' ജീവിതാധികാരം'  എന്ന പരികല്‍പ്പന ഞാന്‍ പ്രയോഗിച്ചിരിക്കുന്നത്‌. ഇതില്‍ സ്പിനൊസയുടെ' conatus  ബര്‍ഗ്സന്‍ -ന്റെ  'Elan vital ', നീഷെയുടെ 'Will to Power  ദെലേസിന്റെ    'Desire  എന്നീ മൌലിക പരികപ്പനകള്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ കരുതുന്നതു . കീഴടക്കപ്പെട്ടവരുടേയും ചൂഷണം ചെയ്യപ്പെടുന്നവരുടേയും എല്ലാ പ്രതിരോധങ്ങളിലും സമരരൂപങ്ങളിലും തടയപ്പെട്ട , ശിഥിലമാക്കപ്പെട്ട ജീവിതാധികാരം അതിന്റെ  പുതു രൂപങ്ങളിലേക്കുള്ള കുതിപ്പുകള്‍ സൃഷ്ടിക്കുകയാണു ചെയ്യുന്നതു എന്നു പറയാം

[ഒമാനില്‍ 'ഇടം'  സാംസ്കാരികക്കൂട്ടായ്മ സംഘടിപ്പിച്ച  ശ്രീ നാരായണ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം ]
http://www.malayalanatu.com/index.php?option=com_content&view=article&id=279:2010-11-22-17-21-13&catid=2:2010-09-21-05-03-09&Itemid=3

Monday, July 11, 2011

untitled

യോഗാത്മക/മിസ്റ്റിക്  കവിതകള്‍ എന്റെ വലിയവലിയ ഇഷ്ടങ്ങളില്‍ ഒന്നല്ലെങ്കിലും ചില നേരങ്ങളില്‍ അവയുടെ വായന  എന്റെ മനസ്സ് ശാന്തമാക്കാന്‍ ഉപകരിക്കാറുണ്ട്. ആഗോള വാര്‍ത്തകള്‍ മുതല്‍ പ്രാദേശിക ,ചുറ്റുവട്ട വാര്‍ത്തകള്‍ വരെ എന്നെ മനുഷ്യ നിസ്സഹായതകളെ  ഓര്‍മ്മിപ്പിക്കുമ്പോള്‍.
മനുഷ്യര്‍ പുഴുക്കളെ പോലെ സ്വന്തം അമേധ്യങ്ങളില്‍ കിടന്നു പിടയുന്ന ഒരു മായ ക്കാഴ്ച മനസ്സിനെ മഥിക്കുമ്പോള്‍.
 ജാതി മത ചിന്തയും പരസ്പര വിരോധവും ഉള്ളില്‍ ഊട്ടി വളര്‍ത്താന്‍ അധികാരികള്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി  അതിന്റെ ഇരകളായി തീര്‍ന്നു ഉള്ളില്‍ പരസ്പരം വെറുക്കുന്ന , ഭയക്കുന്ന സാധുക്കളായ ജനങ്ങളെ കാണുമ്പോള്‍. പണം  മനുഷ്യമൂല്യങ്ങള്‍ക്ക് മുകളില്‍ ഇരുപ്പുറപ്പിക്കുന്നത്  കാണുമ്പോള്‍.
അതേ അപ്പോഴാണ്‌ ഈ തരം കവിതകള്‍ ആശ്വാസ മാകുന്നത്.
.................And my heart bled with in me;
for you can only be free when even the desire of seeking freedom becomes a harness to you,
 and when you cease to speak of freedom as a goal and a fulfillment.
You shall be free indeed when your days are not without a care nor your nights without a want and grief;
 But rather when these things girdle your life and yet you rise above them naked and unbound"
                          Kahlil Gibran

Saturday, July 9, 2011

On its face


Mirror  

 I look in the mirror everyday .
my shrunken eyes 
says nothing new to me .
Those same Shruken eyes, Same old grays
same lips Same teeth 
On its face,
There is nothing there to shun......
............................................
..................................
  (1992)

Thursday, July 7, 2011

ഒപ്പം

'നിങ്ങള്‍ എല്ലാവരെയും ഒപ്പം കൂട്ടുക' എന്ന്  പ്രവാചക തുല്യരായ മഹാ കവികള്‍ക്ക് മാത്രം പറയാന്‍ പറ്റുന്ന വാക്കുകളാണ്.
എങ്കിലും,
ഞാനത് പറയാന്‍ ആശിക്കുന്നു.
ഹൃദയം കൊണ്ട് .
പക്ഷെ അത് വെറും വാക്കുകള്‍ ആകുമെന്ന്  ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
ഞാന്‍ പ്രവാചകയോ, സര്‍വ സംഗ പരിത്യാഗിയോ അല്ലല്ലോ!

എനിക്കുണ്ട് വികലവും വിലക്ഷണവുമായ  കാഴ്ചകള്‍, ഞാനറിയുന്നത്,  
അറിയാത്തതും 
നീ തന്നതും നീ തരാത്തതും
ചിലപ്പോള്‍
പ്രവാചകര്‍ക്കും ദൈവത്തിനും കാണാനാകാത്തത് 
പക്ഷെ കുഞ്ഞുങ്ങള്‍ക്കും കിളികള്‍ക്കും പുള്ളിപ്പുലിക്കും സിംഹത്തിനും  മനസ്സിലാകുന്നത്
മീനിനും മയിലിനും കുന്നുകള്‍ക്കും സമുദ്രത്തിനു പോലും മനസ്സിലാകുന്നത്‌
എന്നാല്‍ നിന്റെ വാക്യ ഘടനയില്‍ വരാത്തത്.
അങ്ങനെയാണ്
ആഹ്ലാദത്തിന് രൂപ-രേഖകള്‍ വേണ്ടാതാകുന്ന നേരങ്ങളെകുറിച്ചു  ഞാന്‍ അറിഞ്ഞത്
അപ്പോഴാണ്‌
എല്ലാവരെയും ഒപ്പം കൂട്ടുവാനൊരുങ്ങി ഞാന്‍  ഭൂമിയോട് തൊട്ടു തൊട്ടിരിക്കുന്നത്
ചേര്‍ന്നു ചേര്‍ന്ന്.

Tuesday, July 5, 2011

രവീന്ദ്രന് വിട

    അസ്വസ്ഥരാണ് കാലത്തിന്റെ കുളമ്പടി യൊച്ച കേള്‍ക്കുന്നവര്‍. നാഡി നോക്കി മരണം പ്രവചിച്ച്  എല്ലാവരാലും വെറുക്കപ്പെട്ട വൈദ്യ കഥാപാത്രത്തിന്റെ സാന്നിധ്യം  ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം ശരീര നാശം എന്ന് സംഭവിക്കുമെന്ന് അറിയാതിരിക്കാനും അതെ ശ്വാസത്തില്‍  അയാള്‍ ആഗ്രഹിക്കുന്നുണ്ട്. ഭയജീവിതം . 
         നിര്‍ഭയമായിരിക്കുക എന്നാല്‍ മരണ ഭയമില്ലാതിരിക്കുക എന്ന അവസ്ഥയാണ്
പക്ഷെ മരണം ഒരു ദേവത യാണെന്നും  'അവള്‍ പാര്‍വത നിരകള്‍ക്കിടയില്‍ ഒച്ചവക്കുന്നത് ഞങ്ങള്‍ കേട്ടിരിക്കുന്നു ' 'അവളുടെ ശബ്ദത്തിനൊപ്പം കുളമ്പടികളുടെ ശബ്ദവും ചിറകടി യൊച്ചയും  സിംഹഗര്‍ജ്ജനവും  സമാഗതമായി' എന്നും അറിഞ്ഞു കൊണ്ടാണ് ജീവിതമെങ്കില്‍  ഭയത്തിന്റെ കുതിരപ്പുറത്തായി  അയാളുടെ/അവളുടെ ദിന രാത്ര യാത്രകള്‍. അതല്ലെങ്കില്‍ പോലും അങ്ങനെയാണ് നമ്മുടെ ജീവിതം !

            അങ്ങനെ  അല്ലാതിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.  
            സ്വന്തം മരണം, മരിക്കുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ത്തു വിചാരപ്പെടുന്ന ഒരു സംഭവമാണെന്നും  അത് ജനനം പോലെ സ്വാഭാവികമായ ഒരു യാദൃശ്ചികതയാണെന്നും  ഓര്‍ത്തു നിര്‍മ്മമരായിരിക്കാന്‍ ഇക്കാലം എന്നേയും നിങ്ങളെയും അനുവദിക്കുന്നില്ല. മരണഭയത്തിന്റെ  തൊഴുത്തില്‍കെട്ടിയിടപ്പെട്ടവര്‍ ആണ് നമ്മള്‍.
അതുകൊണ്ട് നമ്മള്‍ നമ്മുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ മരണത്തില്‍ മാഴ്കുന്നു വെങ്കില്‍ അത് സ്വന്തം മരണത്തെ കുറിച്ചോര്‍ത്ത്  ഉള്ള ഖേദം കൊണ്ടാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.

 എങ്കിലും നമുക്ക് വേദനിക്കാതെ വയ്യ !
ഞങ്ങളുടെകൂടി സുഹൃത്തായിരുന്ന ശ്രീ രവീന്ദ്രന്റെ  മരണ വിവരമറിഞ്ഞ് വളരെ ഖേദത്തില്‍ ആണ് മുകളിലെ വരികള്‍ കുറിച്ചത്. അദ്ദേഹത്തിനു ആദരാഞ്ജലികള്‍. വിട !


Monday, July 4, 2011

അമാന്യം

മനുഷ്യാന്തസ്സിനെ കുറിച്ച് പറയുമ്പോള്‍ കണ്ണില്‍ കുത്തുന്ന ,മനസ്സ് മരവിപ്പിക്കുന്ന  ഒരു സമീപ കാല പത്രവാര്‍ത്തയിലെ ചിത്രം  ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. രണ്ടു സൈനികര്‍, സര്‍ക്കാര്‍ 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്'  എന്ന് പേരിട്ട ഒറീസ്സ യിലെ ദളിത്‌ ആദിവാസി വേട്ടയില്‍  കൊല്ലപ്പെട്ട  ഒരു  യുവതിയെ മുളം കമ്പില്‍ കൈകാലുകള്‍ അതില്‍ ബന്ധിച്ചു തൂക്കിയെടുത്ത് കൊണ്ട് പോകുന്ന ചിത്രം. പേപ്പട്ടിയെ പ്പോലും ഇതിനെക്കാള്‍ അന്തസ്സായി ആയിരിക്കും സാധാരണക്കാര്‍ കുഴിച്ചിടാനായി കൊണ്ട് പോകുന്നത്. ഭരിക്കുന്നവര്‍ക്ക് ഒരന്തസ്സു ഭരിക്കപ്പെടുന്നവര്‍ക്ക് മറ്റൊന്ന്. ഭരിക്കപ്പെടുന്നവര്‍ക്ക് അന്തസ്സ് ഇല്ലെന്നും വേണ്ടെന്നുമാണ്  ഭരിക്കുന്നവരുടെ അസന്നിഗ്ധ മായ  കാഴ്ചപ്പാട്. പ്രത്യേകിച്ചും ദരിദ്രര്‍ക്കും ജീവിക്കാനുള്ള സ്വന്തം അവകാശങ്ങളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നവര്‍ക്കും . മരണത്തില്‍ പോലും അവര്‍ക്ക് നീതി കൊടുക്കേണ്ടതില്ലെന്നു അധികാരികള്‍ വിളിച്ചു പറയും. ആ വിളിച്ചു പറയലിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും ചിത്രമാണ് മുളംകമ്പില്‍  അമാന്യമായി, അശ്ലീലമായി, ദയാശൂന്യമായി   പ്രദര്‍ശിപ്പിച്ച്‌   അവമാനിക്കപ്പെടുന്ന  ആ യുവതിയുടെ ശവ ശരീരമായി നാം കാണുന്നത് !