Thursday, July 28, 2011

കാലം വിശാലം

'കാല മതീവ വിശാലം കാമിനി കളയുക കരയും ശീലം നാമിനി'
 കാലം ഇപ്പോള്‍ അത്ര വിശാലമായി നീണ്ടു കിടക്കുന്നില്ല എന്ന് തോന്നിത്തുടങ്ങി. അതാണ്‌ വാര്‍ധക്യത്തിന്റെ ആരംഭം എന്ന് തോന്നുന്നു. തീര്‍ച്ചയായും അതു വാര്‍ധക്യത്തിന്റെ ലക്ഷണം തന്നെ. കൈവേദന, മുട്ടുവേദന കളെക്കാള്‍ ഇത് പിടിപെടുന്നതിനെ യാണ് ചെറുക്കേണ്ടത്. കാരണം ജനനവും മരണവും ഒരു നൈരന്തര്യമാണ്  അതു ആദ്യവും അവസാനവും എന്ന മട്ടില്‍ കാണുന്നത് ശരിയല്ല. ഒരാളില്‍ തുടങ്ങി അയാളില്‍ അവസാനിക്കുന്ന കാലമല്ല അയാള്‍, അയാളുടെ ജീവിതവും.അയാള്‍ ഒരു തുടര്‍ച്ചയാണ്. റോമന്‍, ഇംഗ്ലീഷ് ,മലയാളം കലണ്ടറുകള്‍ അല്ല    അയാളുടെ ജീവിതത്തിന്റെ ആദ്യവും അവസാനവും കുറിക്കുന്നത്. പിന്നെ കലണ്ടറിനെ ആധാരമാക്കി അയാള്‍/അവള്‍ കാലം വിശാലമായി നീണ്ടു കിടക്കുന്നില്ല അല്ലെങ്കില്‍ കിടക്കുന്നു എന്ന് വിചാരിക്കേണ്ട കാര്യമെന്താണ്?
   എന്റെ വലിയ അമ്മാമന്‍ പണ്ഡിതനും ദൈവവിശ്വാസിയുമായ ഒരു സാത്വികന്‍ ആയിരുന്നു. തൊണ്ണൂറ്റി അഞ്ചു വയസ്സില്‍ മരിക്കുന്നത് വരെ അദ്ദേഹം ആശുപത്രിയില്‍ പോയില്ല. മരുന്നുകള്‍ സേവിച്ചില്ല. മരിക്കുന്ന ആ ദിവസം  ബന്ധുക്കള്‍  എടുത്തു കൊണ്ടു ആശുപത്രി കട്ടിലില്‍ കിടത്തി ഒരു നാലോ അഞ്ചോ മണിക്കൂര്‍. 'എന്നെ  ആശുപത്രിയില്‍ കിടത്തി അല്ലെ" എന്ന് ചോദിച്ചു മന്ദഹസിച്ചു അദ്ദേഹം. നല്ല  ഭംഗിയുള്ള നനുത്ത ചിരിയാണ്‌ വലിയമ്മാമന്റെ. ആ കാലത്തിനിടക്ക്  ഒരു പാട് മരണം കണ്ടു കഴിഞ്ഞിരുന്നു   അദ്ദേഹം . മകന്‍,മകള്‍, പെങ്ങള്‍, ഭാര്യ, ചില ചെറുമക്കള്‍. അങ്ങനെ പലരും.കൂടെ താമസിച്ച മകന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും മാത്രമായി പഴയ വീഴാറായ തറവാട്ടില്‍. അദ്ദേഹത്തിനു ജീവിച്ചിരിക്കണം എന്ന് ആഗ്രഹം തീരെ ഇല്ലാതായപ്പോള്‍ അവരോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "ഞാന്‍ ഇനിയും വേണമെങ്കില്‍ ഇങ്ങനെ ഇരിക്കും. ഒരു പക്ഷെ ഇനി മരിക്കില്ലേ എന്ന് വരെ എനിക്ക് തോന്നുന്നു. നിങ്ങള്‍  മൂന്നു പേര്‍ പുരുഷനില്ലാത്ത ഈ വീഴാറായ വീട്ടില്‍ ആലംബമില്ലാതെ  ഇരിക്കുന്നല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ ഇത് വരെ മരിക്കാഞ്ഞത്. പക്ഷെ എനിക്ക് മരിച്ചല്ലേ പറ്റൂ. ഞാന്‍ മരിച്ചു പോയി എന്ന് വിചാരിച്ചു പേടിക്കരുത്. ഞാന്‍ ഇവിടെ ത്തന്നെ ഉണ്ടാകും.' ഇങ്ങനെ പറഞ്ഞ അന്ന് തന്നെ വലിയമ്മാമന്‍ മരിച്ചു കളഞ്ഞു. വിഷം കഴിച്ചോ തൂങ്ങിയോ ഒന്നുമല്ല. വെറുതെ .ആഗ്രഹിച്ചു മരിച്ചു അത്ര തന്നെ. സ്വന്തം ഇച്ഛയില്‍, മതിയായി എന്ന നിറവില്‍. ഒരാളലും  ആധിയും ഇല്ലാതെ, ഇഹലോക വാസത്തെ എല്ലാ ഭംഗിയും കൂടെ കൂട്ടിക്കൊണ്ടു തന്നെ ആഹ്ലാദത്തോടെ ഒരു ശരീര മുപേക്ഷിക്കല്‍ .    ഇങ്ങനെ യുള്ള, ജീവന്മുക്തനാകാന്‍ കഴിയുന്ന  ഒരാള്‍ക്ക്‌ തുടക്കവും ഒടുക്കവും ഉണ്ടെന്നു വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ക്കെന്ന പോലെ നമുക്കും കാലം അതീവ വിശാല മായി മുന്നിലുണ്ട്.  ജീവന്റെയും മുക്തിയുടെയും, ആഗ്രഹിക്കുന്നെങ്കില്‍ സന്തോഷത്തിന്റെയും.
--

2 comments:

notowords said...

ജീവിതത്തെ വരിക്കുന്ന പോലെ മരണത്തെ വരിക്കലും ഇന്നലെ തോന്നുക. ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ട ഒരാള്‍, അയാളുടെ അച്ച്ചന്‍, ഒരു കാരണവും ഇല്ലാതെ, ഒരു ദിവസം 'ഞാന്‍ പോകുന്നു' എന്ന് ഇറങ്ങിപ്പോയി.. വന്നില്ല, പിന്നെ...അങ്ങനെയും 'ജീവിതത്തെ' ഉപേക്ഷിക്കല്‍...
-കരുണാകരന്‍

savi said...

മടിയില്‍ കനമില്ലാത്തവര്‍ക്കെ ഇങ്ങനെ കണ്ണും പൂട്ടി കയ്യം വീശി പോകാന്‍ പറ്റൂ!! കോടികളും, കൊടികളും അവ തരുന്ന 'സുഖ സൌകര്യങ്ങളും അനുഭവിച്ചു, അതു ശീലവും രസവും ആയിക്കഴിഞ്ഞവര്‍,ദൈവ വിശ്വാസിയും,സ്വര്‍ഗ്ഗ വിശ്വാസിയും ആണെങ്കില്‍ പോലും ഈ ഭൂലോകം വെടിയാന്‍ വല്ലാതെ മടിക്കും :)