Sunday, January 24, 2010

ചിതല്‍ തിന്നാത്ത അത്

ഭര്‍ത്താവും  മകളും മരിച്ചു മുപ്പതിലേറെ വര്‍ഷമായി തനിച്ചു ജീവിക്കുന്ന അവരെ ഈ യാത്രയിലും ഞാന്‍ കണ്ടു. അവര്‍ വര്‍ഷാവര്‍ഷം നടത്തുന്ന പഴനി തീര്‍ഥാടന ത്തിനുള്ള വ്രതതിലാണ് . കാവി മുണ്ടും ബ്ലൌസും കാവി തോര്‍ത്തും മുറുക്കി ചുവപ്പിച്ച  ചുണ്ടും കറുപ്പിച്ച പല്ലും .പുകയില കൂട്ടിയുള്ള മുറുക്ക് ആണ്  അവരുടെ ജീവിതത്തിലെ ഒരാനന്ദം  എന്ന് എനിക്ക് തോന്നാറുണ്ട്.
പഴനി മല കയറുന്നത് വീടു തോറും കയറി അരിയോ പണമോ ഭിക്ഷയായി സ്വീകരിച്ചു ആ സമ്പാദ്യം കൊണ്ടാണ് .
'ഏതു വഴിയാണ്  പോകുന്നത് ? ട്രെയിനിലോ ബസ്സിലോ "ഞാന്‍ ചോദിച്ചു .
"അത് ബസ്സി തന്നെ. പാലക്കാട് വഴി" . അവര്‍ പറഞ്ഞു .

"എത്ര വീടു കയറി ഇന്ന് "അമ്മ ചോദിച്ചു .എന്നാ പോക്ക് ?"
നാലീസം കഴിഞ്ഞു .അവര്‍ പറഞ്ഞു . ഇന്ന് അവടെ ആ ഇല്ലത്തും പിന്നെ ഇവിടേം മാത്രേ ആയുള്ളൂ .. ഇനി ദാ അവടൊക്കെ ഒന്ന് കേറണം' അവര്‍ അകലേക്ക്‌ ചൂണ്ടി പറഞ്ഞു . '
വല്ലതും കഴിച്ചോ ഏടത്തി കുശലം ചോദിച്ചു വന്നു . ഒരു പാത്രം നിറയെ അരിയും കയ്യിലുണ്ട് . ചാക്കരിയല്ലോ തമ്പുരട്യെ ?
ചക്കരിയല്ലെങ്കി കഞ്ഞിക്കു  കൊള്ളാല്ലോ ന്നു വച്ചിട്ടെ .
' അല്ല 'ഏടത്തി പറഞ്ഞു . 'ഇത് കഞ്ഞിക്കു നല്ലതാ' എന്ന് കൂട്ടിച്ചേര്‍ത്തു .
ചോറുണ്ട് കഴിക്കുന്നോ കുറച്ചു?  അമ്മ വീണ്ടും അവരെ ക്ഷണിച്ചു .
"ആയിക്കോട്ടെ ഇന്ന് രാവിലെ ഒരു കട്ടന്‍ ചായ കുടിച്ചതെ ഉള്ളു "
അവര്‍ വയറു തടവി .
"അങ്ങേ ഇല്ലത്ത് ചെന്നപ്പോ ദോശേം ചായേം തരാരുന്നു എന്ന് പറഞ്ഞു പക്ഷെ ആ തമ്പ്രാട്ടി  പനി കാരണം കുളിച്ചിട്ടില്ല. കുളിക്കാതെ ആണ്  ഒക്കെ ഉണ്ടാക്യേതു ;പഴനിക്കു പോകല്ലേ ശുദ്ധം മാറി കഴിക്കാന്‍ പാടുണ്ടോ ചക്ക്യെ എന്ന് ചോദിച്ചു ..അതോണ്ട് കുടിച്ചില്ല ,ശുദ്ധാ ശുദ്ധം നോക്കാതെ പറ്റില്യാലോ.."

ഞാന്‍ ഭൂതകാലത്തിലേക്ക് പോയതല്ല ..ഭൂതകാലം വിടാതെ പിന്തുടരുന്ന ചിലര്‍ എന്നെ തേടി വന്നതാണ്.
അവര്‍ വ്രതമെടുത്ത് പഴനിക്കു പോകുമ്പോള്‍ എന്റെ വയസ്സു ചെന്ന അമ്മയെ കണ്ടു യാത്ര പറയുന്നു ..സ്നേഹത്തോടെ, ഒരു പക്ഷെ  അമ്മ പോലും ആഗ്രഹിക്കാത്ത അല്ലെങ്കില്‍ മറന്ന തമ്പുരാട്ടി വിളികളില്‍ പത്തോ എഴുപതോ കൊല്ലം പിന്നിലേക്ക്‌ തിരിഞ്ഞ് നടക്കുന്നു. ബസ്സിലും ട്രെയിനിലും കയറുന്നു ഫോണില്‍ സംസാരിക്കുന്നു , എന്താ നാടിന്റെ ഒരു മാറ്റം അല്ലെ തമ്പ്രട്ട്യെ എന്ന് അതിശയം കൊള്ളുമ്പോഴും ചിതല്‍ തിന്നാത്ത എന്തോ ഒരോര്‍മ്മയുടെ നൂല്‍ പിന്നിട്ട കാലത്തില്‍ കെട്ടി അവര്‍ ...
അതെന്തിനാകാം ?

Tuesday, January 5, 2010

'Whenever you hear something new you immediately converts it according to your prejudices ..you destroy its newness, you distroy its freshness .And anybody who tries to learn individually , who goes away from crowd ,is not only a stranger but is dangerous ..(for you) ...." Zarathustra ,the laughing prophet .

Friday, January 1, 2010

തിരുവനന്ത പുരം എനിക്ക് തന്ന ഭംഗികളില്‍ ഒന്ന്.- ചെല്ലമ്മ എന്ന അമ്മൂമ്മ


അവര്‍ക്ക് എഴുപത്തി നാലോ എഴുപത്തി അഞ്ചോ വയസ്സ് പ്രായം ഉണ്ടാകണം .പക്ഷെ ഞാന്‍ കാണുമ്പോള്‍ അവര്‍ അത്രയും വൃദ്ധ യായിരുന്നില്ല . കഷ്ടിച്ച് നാലര അടി ഉയരം , ചെറിയ മെലിഞ്ഞ ശരീരം ,ഇരുപത്തഞ്ചു കൊല്ലം മുന്‍പാണ് . എന്റെ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിനു മുന്‍പ് ..
അമ്പതു വയസ്സില്‍ തന്നെ  വായില്‍ ഒറ്റ പല്ല് പോലുമില്ലാതെ കണ്ടാല്‍ അറുപതോ എഴുപതോ എന്ന് എന്നെ കൊണ്ട് സംശയിപ്പിച്ചു നിന്ന് അവര്‍ . ഈ ചെറിയ ഉയിര്‍  വച്ച് അവര്‍ എന്നെ എങ്ങനെ സഹായിക്കും അടുക്കളയില്‍ എന്ന്  ഞാന്‍  മുഖം ചുളിപ്പിച്ചു നില്‍ക്കെ അവര്‍ പറഞ്ഞു .."

കുഞ്ഞേ ഞാന്‍ മുറ്റം തൂക്കുകയും തുണി അലക്കുകയും കറിക്ക് അരിഞ്ഞു തരുകയും വീട്ടിനകം തൂത്ത് തുടക്കുകയും ചെയ്യാം ."
ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ഈ ചെറിയ ഉടലിനു.? ഞാന്‍ സംശയിച്ചു ആ സംശയം ഉടന്‍ അവര്‍ക്ക് മനസ്സിലായി.
"അപ്പുറത്തെ ജോലി ഇതിലൊക്കെ കൊറേ കൂടുതലാ കുഞ്ഞേ ..ഇവിടെ സാറും മോനും കുഞ്ഞു മല്ലെ ഉള്ളു ...തുണി കുറവാകും സ്ഥലോം കുറവാണ് തൂത്ത് തൊടക്കാന്‍ നിക്ക് പറ്റും കുഞ്ഞേ .."
അവര്‍ക്ക് എന്റെ സഹായിയായി നിലക്കാന്‍ താല്പര്യമാണ് എന്ന് മനസ്സിലായി .. നിന്നോട്ടെ .
എന്റെ മടികള്‍ക്കൊരു കൂട്ടായി ,എന്റെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കും ഉണരാന്‍ ഒരു സന്ദര്‍ഭം. ഒരുപക്ഷെ ഇവര്‍ ഒരുക്കി തരുന്ന ഈ ഇടവേളയുടെ നീളം സഹായിച്ചേക്കാം..
അങ്ങനെയാണ്  ചെല്ലമ്മ എന്ന  ആ സാധു സ്ത്രീ എന്റെ ജീവിതത്തിലേക്ക്  വരുന്നത് .ഏറ്റവും ഭംഗിയുള്ള അവരുടെ പല്ലില്ലാത്ത ആ ചിരിയുമായി എന്റെയും എന്റെ കുട്ടികളുടെയും ജീവിതത്തില്‍ വെറുതെ വന്നു ചേര്‍ന്നത്‌ .
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ ക്ക് മുന്‍പ് .

ഭൂമി തിരിയലില്‍ അന്നും മാറ്റമുണ്ടായിരുന്നില്ല..അതങ്ങനെ ..അടുക്കളക്കാരിക്കും  തൂപ്പുകാരിക്കും , ജയിലര്‍ക്കും പോലീസിനും ,മന്ത്രിക്കും  തന്ത്രിക്കും കള്ളനും കൊലപാതകിക്കും  പട്ടി പൂച്ച മൃഗാദികള്‍ക്കും എന്തിനു നമ്മള്‍ ഇന്നറിയുന്ന  എല്ലാ  വസ്തുവകകളും വഹിച്ചു കൊണ്ട് തിരിഞ്ഞ് കൊണ്ടേയിരുന്നു ......
അത് കൊണ്ടാവണം എന്റെ ജീവിതം മാറിമറിഞ്ഞു ....അല്ലെങ്കില്‍ അത്
 പിന്നെ  എത്ര മാറി മറിഞ്ഞില്ല !!!
...................
എന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് കൂട്ടായി, പാചകം ലവലേശം അറിയാത്ത അവര്‍ . എന്റെ കോളേജു പഠിത്തം മുതല്‍ ജോലി തേടലും തെണ്ടലും തുടങ്ങി എന്തെല്ലാം ..അതൊന്നും അവര്‍ക്ക്  അറിയേണ്ട കാര്യം  ഇല്ലായിരുന്നു .....അവര്‍ അതൊന്നും കണ്ടതും കേട്ടതുമില്ല .

എന്റെ ,അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ക്ക് അറിയുമായിരുന്നോ എന്ന് സംശയമാണ് .. ഉദാഹരണത്തിന്  'കുഞ്ഞിനെ ടി വീല്‍ കണ്ടുഇന്നലെ .മരുമോള് കാണിച്ചു തന്നു...ഫോട്ടം അത്രയ്ക്ക് നന്നായില്ല  ഇല്ലേ കുഞ്ഞേ ..' എന്ന് പറഞ്ഞു 'അവര്‍ക്ക് ഫോട്ടം പിടിക്കാനൊന്നും അറിയില്ലായിരിക്കും എന്ന് ടി വിയില്‍ എന്റെ ചന്തമില്ലയ്മക്ക്  ഫോട്ടോ ഗ്രാഫറെ കുറ്റം പറയുന്ന അവര്‍ക്ക് വേറെ ഒന്നും അറിയാനോ പറയാനോ ആവുമായിരുന്നില്ല..
 
 ബലമില്ലാത്ത ആ കൈകള്‍ കൊണ്ട് എന്ത് ചെയതാലും ശരിയാകില്ല  എന്ന് കരുതി പരമാവധി ശ്രദ്ധിച്ചാണ് അവര്‍ ഒര്രോന്നും ചെയ്തിരുന്നത്..അങ്ങിനെ അങ്ങിനെ അവര്‍.അവര്‍ക്ക് അറിയാവുന്ന ചെറു ജോലികള്‍ ചെയ്ത് ,മന്ദഹസിക്കുന്ന പ്രസാദം നിറഞ്ഞ മുഖവുമായി എന്റെ ജീവിതത്തില്‍ ഇങ്ങനെ വന്നു പൊയ്ക്കൊണ്ടിരുന്നു.

.. ഇടയ്ക്കിടെ രോഗങ്ങള്‍ അലട്ടുമ്പോള്‍ മരുന്ന് വാങ്ങാതെ , മരുന്ന് വാങ്ങിയാല്‍ മരിച്ചു പോകുമ്പോള്‍ ആകെയുള്ള സമ്പാദ്യ മായ ആ ആയിരം രൂപ യില്‍ കുറവ് വരും   എന്ന് പേടിച്ചു മരുന്ന് കഴിക്കാതെ...
ഞാന്‍ എത്ര പറഞ്ഞാലാണ് അവര്‍ ഏതെങ്കിലും ഒരു വൈദ്യനെ കാണുക ..പേരക്കുട്ടികള്‍ക്ക്‌ നോട്ടു പുസ്തകം വാങ്ങാനും . വളയും വെള്ളികൊലുസും  വാങ്ങാനും അവര്‍ ഉടല്‍ അറിയാതെ പണിചെയ്തു .മൂന്നോ നാലോ വീടുകളില്‍ ഒരേ തരം മടുപ്പിക്കുന്ന പാത്രം കഴുകലും തുണി അലക്കലും
.മകന്റെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്തു കണ്ണ് നിറച്ചു..ഒരിക്കലും അത് പറഞ്ഞു എന്നോട്  കടം വാങ്ങാനോ കൂടുതല്‍ കൂലി ചോദിക്കാനോ മുതിര്‍ന്നില്ല..

കുഞ്ഞിനു എന്റെ കാര്യം എല്ലാം അറിയാലോ എന്ന് പോലും  അവര്‍ സൂചിപ്പിച്ചില്ല ...

അവര്‍ക്ക് എന്നെയും കുട്ടികളെയും എന്റെ ഭര്‍ത്താവിനെയും അവരുടെ മക്കളെ പോലെയും പേരക്കുട്ടികളെ പോലെയും ഇഷ്ടമായിരുന്നു എന്ന് എന്നാണു എനിക്ക് മനസ്സിലാവുന്നത് ?

ഞാന്‍ മനസ്സ് മടുത്തു നില്‍ക്കുന്ന ഒരു നിമിഷം ..ഭാഷയോ ,സംഭാഷണമോ ഇല്ലാതെ; തികച്ചും എന്റെ ജീവിതത്തില്‍ നിന്ന് എത്രയോ വിദൂരത്തില്‍ നില്‍ക്കുന്ന  നിരക്ഷരയായ അവര്‍ 'എന്താ കുഞ്ഞേ ' എന്ന് ചോദിച്ചു എന്നെ അത്ഭുതപ്പെടുത്തിയ നിമിഷമാണോ...
അവര്‍ എന്നെ അറിയുന്നു എന്ന്  ഞാന്‍ അറിഞ്ഞത് ? .ഒരു പക്ഷി കൊടുങ്കാറ്റും മഴയും തിരിച്ചറിയുന്നത്‌ പോലെ ..അത്രയും സ്വാഭാവികമായി അവര്‍ എന്നെ അറിയുന്നു എന്ന്  അന്ന് ഞാന്‍ വിസ്മയിച്ചോ..
ഉണ്ടായിരിക്കണം . ഒരു പക്ഷിയെ പോലെ നിഷ്കളങ്കയായ അവര്‍ ...

 ജോലി സ്ഥലം മാറി ഞങ്ങള്‍ വടക്കന്‍ കേരളത്തിലേക്ക് യാത്രയായ ആ നേരം..അമ്മയെ വേര്‍പെട്ടു പോകുന്ന കുഞ്ഞിനെ പോലെ എത്ര വലിയ ദു:ഖമാണ്ഞങ്ങളുടെ ആ യാത്രപറയല്‍ അവര്‍ക്ക് ഉണ്ടാക്കിയത്.. തീര്‍ത്തും അത്ഭുത മായിരുന്നു  അത് ....അവര്‍ അനാഥ യല്ലായിരുന്നല്ലോ  .


അവരുടെ മൂന്നു മക്കള്‍, പേരക്കുട്ടികള്‍ , വീടിനു തൊട്ടടുത്ത്‌ തന്നെ ഞാന്‍  എന്റെ സുഹൃത്തിന്റെ വീട്ടില്‍  ഒരു ജോലിയും ഏര്‍പ്പാട് ചെയ്തിരുന്നല്ലോ ..അവര്‍ക്ക് ആയിരം രൂപ കയ്യില്‍ ഇല്ലാതെ വരരുത്  രോഗം പിടിപെട്ടു കിടക്കുമ്പോള്‍ എന്ന് അവര്‍ പറഞ്ഞു പറഞ്ഞു  ഞാനും ആഗ്രഹിച്ചു തുടങ്ങിയിരുന്നു.. മകന് അവരെ മറവു ചെയ്യാന്‍ പണം കടം വാങ്ങേണ്ടി  വരരുത്  എന്ന് മാത്രമായിരുന്നു ആ ആയിരം രൂപ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിച്ച വാശിയുടെ അടിസ്ഥാനം ..പേരക്കുട്ടികള്‍ പേനക്കും പെന്‍സിലിനു മായി  അത് ചോദിക്കുമ്പോള്‍ കൊടുത്തു പോകുന്നു എന്ന് പരാതിപ്പെട്ടു ഇടക്കൊക്കെ ..എങ്കില്‍ അത് പോസ്റ്റ്‌ ഓഫീസില്‍ നിക്ഷേപിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞതനുസരിച്ച് അത് പോസ്റ്റ്‌ ഓഫീസിലെ മേശക്കുള്ളിലായി....മാസം ഒരു നൂറു രൂപ കൂടി അതില്‍ ഇടൂ എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ ചെയ്തു
എന്നാല്‍ .ദരിദ്രനായ ഇളയ മകന് അത്യാവശ്യം വന്നപ്പോള്‍ അയ്യായിരം രൂപയായി വികസിച്ച ആ പണം മുഴുവന്‍ അവര്‍ അവനു സമ്മാനിച്ചു  എങ്കിലും  അന്ന് ആയിരം രൂപ കയ്യിലില്ലാത്ത നേരം താന്‍ മരിച്ചു പോകുമോ എന്ന സങ്കടത്തില്‍ എന്റെ മുന്‍പില്‍ ആദ്യമായി ആ പല്ലില്ലാത്ത ചിരി മാഞ്ഞ മുഖം ഞാന്‍ കണ്ടു..
പണം കുമിഞ്ഞ ഒരു ഇന്ദ്രോ നൂയി ഒന്ന് മല്ല ഞാന്‍  .എങ്കിലും മാസ ശമ്പളം  800 രൂപ ഉള്ള ഒരു ക്ലാര്‍ക്ക്  പണി എനിക്കുണ്ടായിരുന്നു അന്ന് ..അത് കൊണ്ടാണ്   ഒരായിരം രൂപ  'ഇത് കയ്യില്‍ വച്ചോളു' എന്ന് കൊടുത്തു സമാധാനിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത് ...എത്ര നന്നായി അത് എന്ന് ഇപ്പോള്‍ തോന്നുന്നു ...

 അവരുടെ ജീവിതത്തെ കുറിച്ച്‌ എനിക്ക് വളരെ ഏറെ  ഒന്നും അറിയില്ല .അല്ലെങ്കില്‍ ഒന്നും ഏറെയില്ല അറിയാന്‍ ...അതുമല്ലെങ്കില്‍ അറിയുന്നത് തന്നെ മതിയാകും ആ ജീവിതം കാണാന്‍ ....പതിമൂന്നു വയസ്സില്‍ പട്ടാളത്തില്‍ ഡ്രൈവര്‍ ആയ ഒരാള്‍, അവരെക്കാള്‍ കുറെ പ്രായമുള്ള ഒരാള്‍; കല്യാണം കഴിച്ചു ..ഇരുപതു വസസ്സിനിടെ മൂന്നു കുട്ടികള്‍ ജനിച്ചു ..അതിനിടെ അവരുടെ അനുജത്തിയുമായി , ഇഷ്ടത്തില്‍ ആയ  ഭര്‍ത്താവ് അനുജത്തിയെ കൂട്ടി വേറെ ജീവിതം തുടങ്ങി .അനുജത്തി എട്ടിലോ ഒന്‍പതിലോ പഠിക്കാന്‍ അവരുടെ കൂടെ വന്നതായിരുന്നു.


പക്ഷെ  ഞാന്‍ കാണുമ്പോഴേക്കും ആ അനുജത്തിയാല്‍  ഉപേക്ഷിക്കപ്പെട്ട വൃദ്ധനായ, രോഗിയും അഗതിയുമായ  അയാളെ ശുശ്രൂഷിക്കുന്ന ദയാലുവായിരുന്നു അവര്‍ .. പട്ടാളത്തിലെ പെന്‍ഷന്‍ അനുജത്തിയാണ് വാങ്ങുന്നത് എന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു  ..അതായത് അയാള്‍ അവരുടെ ദയയില്‍ മാത്രം കഴിയുകയാണ് എന്നായിരുന്നു അതിന്റെ അര്‍ഥം....എങ്ങനെ ആയാലും മരിക്കാന്‍ നേരം എന്റെ അടുത്ത് വന്നല്ലോ എന്നോ മറ്റോ അവര്‍ വിചാരിച്ചിരിക്കുമോ എന്നറിയില്ല......


ഞങ്ങളുടെ ജീവിതം പല വഴികളില്‍ ഒഴുകുന്ന കാലമായിരുന്നു അത് ...

ജോലിയും സ്ഥലവും കാലവും മാറി ..അതിനാല്‍ തന്നെ
അവര്‍ എഴോ എട്ടോ കൊല്ലം ഞങ്ങളുടെ വഴികളിലെങ്ങും വന്നില്ല..
ഞങ്ങള്‍ അവര്‍ ക്ക് എത്താവുന്ന പ്രദേശങ്ങളില്‍ ആയിരുന്നില്ലല്ലോ ..


എന്നാല്‍ ഈയിടെ ..മൂന്നോ നാലോ മാസങ്ങള്‍ക്ക് മുന്‍പ് ആണത്  സംഭവിച്ചത്.....ഞങ്ങളുടെ ഒരു സുഹൃത്ത്‌ സന്ധ്യക്ക്‌ വിളിക്കുന്നു.. നിങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ചെല്ലമ്മ യെന്ന ഒരു സ്ത്രീ നിങ്ങളെയും കുട്ടികളെയും കാണണ മെന്നു പറഞ്ഞു വല്ലാതെ കരയുകയും  സങ്കടപെടുകയും ചെയ്യുന്നു എന്ന്.. അവര്‍ മരിക്കാന്‍ കിടക്കുകയാണ്  എന്നും  സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തു...

സുഹൃത്തിനു, ഏകദേശം പത്തുകൊല്ലം മുന്‍പ് എന്റെ കുട്ടികള്‍ 'പല്ലില്ലാത്ത അമ്മൂമ്മ'  എന്ന് വിളിച്ചിരുന്ന  അവരെ കുറിച്ച്‌ ഒന്നും അറിയില്ല... ഞങ്ങളെ അറിയുന്ന ആളാണ്‌ ഈ സുഹൃത്ത്‌  എന്ന് എങ്ങനെയോ വിവരം കിട്ടിയതിനാലാണ് ആ അമ്മൂമ്മയുടെ മക്കള്‍ അവരുടെ ആഗ്രഹം സാധിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ തുനിഞ്ഞത്....  കുട്ടികള്‍ പല പ്രദേശങ്ങളിലാണ് ...ഡല്‍ഹിയിലും മുംബൈ  യിലും ..ഞങ്ങളും അത്ര അടുത്തല്ല...എങ്കിലും  കേട്ട പാടെ അവരെ കാണാന്‍ പോകുന്നതിനെ കുറിച്ച്‌ മാത്രമായി ചിന്ത.. പിറ്റേന്ന് തന്നെ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല ..എല്ലും തോലുമായി പോയ ആ കുഞ്ഞു ശരീരം എന്നെ കണ്ടു  കണ്ണീരു നിര്‍ത്താന്‍ ആവാതെ ..അവര്‍ എന്റെ കൈ ചുട്ടു പൊള്ളുന്ന അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.. .... ഞാന്‍ വിട്ടാല്‍ അവര്‍ മരിച്ചു പോകും എന്ന് അവര്‍ വിചാരിക്കുന്ന പോലെ...അല്ലെങ്കില്‍  കുഞ്ഞു വന്നല്ലോ എന്ന് മാത്രം ഇടയ്ക്കിടെ പറഞ്ഞു കൊണ്ട്......
ദുബായില്‍ പണിയെടുക്കുന്ന അവരുടെ മെക്കാനിക് ആയ പേരക്കുട്ടി അവര്‍ക്ക് രണ്ടു നിലയില്‍ ഒരു വീടും , മറ്റു സൌകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്‌ ..ഇപ്പോള്‍ അവര്‍ക്ക് പണത്തിനു അത്ര ആവശ്യം ഇല്ലല്ലോ  എന്നും മക്കളും പേരക്കുട്ടികളും ,അവരെ നന്നായി  ചികില്‍സിക്കുന്നുണ്ടാവും  എന്നും  എനിക്ക് തോന്നി..അത് കുറെ വാസ്തവവും ആയിരുന്നു....


എങ്കിലും അവര്‍ക്ക് സ്വന്തമായി  തന്‍ അധ്വാനിച്ച പണം കയ്യില്‍ ഇല്ലാത്തതില്‍ അതിയായ ഖേദം ഉണ്ട് എന്ന് എനിക്ക് തോന്നി...കിടപ്പിലാവുന്നത് വരെ അവര്‍ ഒരു വീട്ടില്‍ എങ്കിലും പണി ചെയ്യാനായി പോയിരുന്നു എന്ന് മരുമകള്‍ എന്നോട് പറയുകയും ചെയ്തു ..'പറഞ്ഞാലൊന്നും കേള്‍ക്കില്ല .വയ്യെങ്കിലും പോകും..അതാ ഇത്ര വയ്യാതായത്..." എന്ന മരുമകളുടെ വാക്കുകളില്‍  അവര്‍ ക്ഷീണയായി മന്ദഹസിച്ചു എന്നെ നോക്കി..
അത് നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ പഴപ്പൊതി യോടൊപ്പം   ഒരായിരം രൂപ 'ഇതിരിക്കട്ടെ മരുന്ന് വാങ്ങാന്‍' എന്ന് പറഞ്ഞു ഞാന്‍ കയ്യില്‍ വച്ചപ്പോള്‍ ....അവര്‍ ആ പഴയ, കുട്ടികളുടെ  വിളിയിലെ പല്ലില്ലാത്ത, ആ അമ്മൂമ്മയായി , തുറന്ന ആ ചിരിയുമായി  എന്റെ മുന്‍പില്‍.....


ഇന്നലെ അവര്‍ മരിച്ചു....ഇനി ആ ചിരിയില്ലെന്നോ... ഉണ്ട് ..എന്റെ മുന്‍പില്‍ എന്റെ കുട്ടികളുടെ മുന്‍പില്‍...ഞങ്ങളുടെ മുന്‍പില്‍...ഒരു പക്ഷെ ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലും.....








Wednesday, December 30, 2009

ആമ ,മുയല്‍, കുട്ടി .

കണ്‍ മുന്‍പില്‍ ഒരാമ ,
ക്ലാസില്‍
ആമയും മുയലും പന്തയം വച്ച കഥ കേട്ടു പഠിച്ച  കുട്ടി ചോദിച്ചു:
;നീ എങ്ങനെയാ  ജയിച്ചത്‌ ?
ആമ പറഞ്ഞു  "ഞാന്‍   ജയിച്ചില്ലല്ലോ," 
"അപ്പോള്‍ ആമ തോറ്റു പോയി  എന്നാണോ കഥയില്‍ ശരിക്ക് വേണ്ടത്"?
'അല്ലല്ലോ  '
ആമ തോടുമായി ഇഴയുന്നതിനിടെ പറഞ്ഞു 

"അപ്പോള്‍ മുയലാണോജയിച്ചത്‌ ?
അതോ പന്തയം സമനിലയില്‍ പിരിഞ്ഞോ .?
കുട്ടിക്ക് സംശയം
പരീക്ഷയില്‍ ചോദ്യം വരും ,
ഉത്തരം  ശരിയായില്ലെങ്കില്‍  മുയലിനെ പോലെ
അല്ലെങ്കില്‍ ആമയെ പോലെ
അതുമല്ലെങ്കില്‍ തോറ്റവരെ പോലെ   താനും തോറ്റുപോകും

മുയലിനോടു ചോദിക്കാം
കുട്ടി കഥയിലേക്ക്‌ തിരിഞ്ഞ്
പൊന്തക്കാട്ടില്‍ മയങ്ങുന്ന മുയലിനോടു  ചോദിച്ചു
" നീ എങ്ങനെ യാണ് ആമയോട് തോറ്റത്  ?
"ഞാന്‍ തോറ്റില്ലല്ലോ." മയക്കം വിട്ട മുയല്‍ പറഞ്ഞു
" പക്ഷെ കഥയില്‍ നീ തോറ്റല്ലോ .
"അത്  നിന്റെ കഥ യല്ലേ  ? ഞങ്ങള്‍ക്ക് വേറെ കഥയുണ്ട് എന്റെ കുഞ്ഞേ .."
കുട്ടി മുയലിനെ നോക്കുമ്പോള്‍ കഥയുണ്ട് മാറുന്നു.
കാട്ടു പാതയും ഫിനിഷിംഗ്  പോയന്റും  മാറുന്നു 
റഫറിയും  കാണികളും മാറുന്നു ..
മുയല്‍ മുയലിന്റെ സമയത്തില്‍ ..
ആമ അതിന്റെ സമയത്തില്‍ ..
അവര്‍  ഓടുകയും ഇഴയുകയും ചെയ്യുന്നു
അവര്‍ ജയിക്കുന്നതെയില്ല  ,തോല്‍ക്കുന്നു മില്ല 
കുട്ടി കണ്‍ മിഴിച്ചിരികെ
ആമയുടെ കാല വേഗം നിശ്ചയിക്കുന്ന
ആ ക്ലോക്ക് അവന്റെ മുന്‍പില്‍ തെളിഞ്ഞു...
അതില്‍ അവന്റെ സമയം മാഞ്ഞു പോയിരുന്നു .
 ആമയുടെ കാലവേഗത്തില്‍ നിന്ന്
ശലഭ വേഗത്തില്‍ അവന്‍ സ്കൂളിലേക്ക് പോയി 







Tuesday, December 22, 2009

പൂച്ച

പൂച്ച മതിലിനു മീതെ , നിലാവില്‍,
ചരിഞ്ഞ ആ കിടപ്പിലുണ്ട് ഒരു  കാത്തിരിപ്പിന്റെ  ആകാംക്ഷ .
ചുണ്ടെലിയോ , നച്ചെലി യോ  , തുരപ്പനോ എന്തുമാകാം ,
അവന്റെ പുരാതന ശത്രു രൂപം
പക്ഷെ ഇപ്പോള്‍ അതിന്റെ തിളങ്ങുന്ന കണ്ണില്‍
  ഒരു കുളിര്‍ത്ത ചന്ദ്രന്‍
അതില്‍ ഒരു മുയല്‍ , അല്ലെങ്കില്‍ ഒരു മാന്‍ ,
ആംസ്ട്രോങ്ങ്‌ , ആന്ദ്രിന്‍...ആരുമില്ല
അതുകൊണ്ടാവണം
ഇരുളില്‍, ജനല്‍ ചാരിനിന്ന 
 എന്നെ പൂച്ച വക വച്ചതെയില്ല
അതിന്റെ കണ്ണില്‍ ഞാനില്ലെന്നോ ?

എന്നാല്‍ നോക്കി നോക്കി കൊണ്ടിരിക്കെ
നിലാവില്‍ മിന്നി  നില്‍ക്കുന്ന പൂച്ചയുടെ വെളുത്ത ഉടല്‍
ഇപ്പോള്‍ 
മെല്ലെ ഇള കുന്നു 
നഖങ്ങള്‍ പതുക്കെ നീളുന്നു ,
അതെന്റെ കണ്ണിലേക്കു നോക്കി  മുരളുന്നു ...
അതിനു പുലിയുടെ ഉടല്‍ വടിവുമാത്രമേ യുള്ളൂ
എന്നിട്ടും ,
വള്ളിപ്പടര്‍പ്പിനടിയില്‍ ഒളിച്ചിരിക്കുന്ന  ഇരയെ
നരിയെന്നപോലെ
 എന്റെ കണ്ണിലെ  വെള്ളെ ലിയെ  അതെങ്ങനെ തിരിച്ചറിഞ്ഞു ?






Tuesday, December 8, 2009

ലളിതം ;പക്ഷെ

ഇന്നലെ ഹതാശനായ ഒരു സുഹൃത്ത്‌ ചോദിച്ചു ..എന്താണ് മനുഷ്യന്‍ ഇങ്ങനെ ക്രൂരനാകുന്നതു ? അല്ലെങ്കില്‍ എന്താണ് മനുഷ്യനെ  ക്രൂരര്‍ ആക്കുന്നത് .
ഉത്തരം വളരെ ലളിതമാണ് , ഞാന്‍ പറഞ്ഞു ..."  പണം ,അധികാരം ,പ്രശസ്തി ഇവക്കുള്ള   അടങ്ങാത്ത ആര്‍ത്തി ' സുഹൃത്തിന് അതത്ര വിശ്വാസം പോരാത്ത തു പോലെ..
അതെപ്പോഴും അങ്ങനെ യാണ് ..സ്വന്തം ഉള്ള്ളിലേക്ക് നോക്കേണ്ടി വരുമ്പോള്‍ മനുഷ്യര്‍ക്ക്‌ അത് ചെയ്യാതിരിക്കാന്‍ തോന്നുന്നത് അസ്വഭാവികം അല്ല... കുറ്റബോധമോ നാണമോ കൊണ്ടാവാം അല്ലെങ്കില്‍ ലോകം ഇങ്ങനെ എന്ന ദീര്‍ഘ നിശ്വാസം ഉള്ളില്‍ തടയുന്നത് കൊണ്ടാവാം.
ആരാണ് പണവും പ്രശസ്തിയും അധികാരവും മോശമാണ് എന്ന് പറയുക...' സുഹൃത്ത്‌ മന്ത്രിച്ചു ..സ്വാഭാവികമായി അത് വന്നു ചേരുമെങ്കില്‍.....'

' സ്വാഭാവികമായി ....പുഴയോഴുകുന്നത് പോലെയോ...പ്രകാശം പരക്കുന്നത് പോലെയോ....!
'നല്ല മോഹം ...ആര്‍ത്തിയെ തളക്കാന്‍ കഴിഞ്ഞാല്‍ അതങ്ങനെ സ്വാഭാവിക മായി വരാം ...നീ കാത്തിരിക്കേണ്ടി വരും ....ജീവിതാവസാനം വരെ ......അല്ലെങ്കില്‍ ഒരു   പക്ഷെ ,ഇവ മൂന്നും നിന്നെ തേടി വരുന്നത് മരണാന്തര  ബഹുമതി ആയിട്ടായിരിക്കും...... "

  എന്റെ ചിരി സുഹൃത്തിന് ഉന്മേഷം കൊടുത്തില്ല..
അയാള്‍ സ്വന്തം ഉള്ളിലേക്ക് തലയിടാന്‍ തുടങ്ങി എന്ന് തോന്നി....
അങ്ങനെ ഇരിക്കട്ടെ അയാള്‍....



Friday, December 4, 2009

ഇന്ന്

 ഇന്ന്

അതങ്ങനെ  പോവുകയാണ്.
കാല്‍ വിരലുകള്‍ക്കിടയിലൂടെ,
ഇന്നലെ ഞാനിറങ്ങിയ അതില്‍ ഇന്നുമിറങ്ങുന്നു
..നാളെയും..
 ആരാണ് ഒരിക്കല്‍ ഇറങ്ങിയ ഈ പുഴയില്‍ വീണ്ടും ഇറങ്ങാന്‍ ആവില്ലെന്ന്  പറഞ്ഞത്?
.മൊബൈലില്‍ ചിരിച്ചു കൊണ്ട് ചെറുപ്പക്കാരന്‍  തീവണ്ടിക്കടിയിലേക്ക് പോകുന്നു
തീവണ്ടി യോടൊപ്പം മറഞ്ഞു പോകുന്ന ഒച്ച പോലെ:
മന്ദമായി പടര്‍ന്നു
സന്ധ്യയില്‍ .
'നാളെ കാണാം' എന്ന നാളെയും അവനോടൊപ്പം.

ഞാനിറങ്ങുന്നു
ഇന്നലത്തെ പുഴയില്‍
ഇന്നിനോടൊപ്പം
രാവിലെ
ചുടു ചായക്കൊപ്പം അത്  തൊണ്ടയില്‍ കുടുങ്ങി..
തുപ്പാനും ഇറക്കാനുമാകാതെ
മൊബൈലില്‍ ചിരിക്കാനും
ചിരിച്ചു കൊണ്ട് പാളത്തില്‍ നടക്കാനും.
ഒരിരമ്പലോടെ
 ഒടുങ്ങാനു മാകാതെ..
ഇന്ന് എന്റെ തൊണ്ടയില്‍...