Sunday, January 24, 2010

ചിതല്‍ തിന്നാത്ത അത്

ഭര്‍ത്താവും  മകളും മരിച്ചു മുപ്പതിലേറെ വര്‍ഷമായി തനിച്ചു ജീവിക്കുന്ന അവരെ ഈ യാത്രയിലും ഞാന്‍ കണ്ടു. അവര്‍ വര്‍ഷാവര്‍ഷം നടത്തുന്ന പഴനി തീര്‍ഥാടന ത്തിനുള്ള വ്രതതിലാണ് . കാവി മുണ്ടും ബ്ലൌസും കാവി തോര്‍ത്തും മുറുക്കി ചുവപ്പിച്ച  ചുണ്ടും കറുപ്പിച്ച പല്ലും .പുകയില കൂട്ടിയുള്ള മുറുക്ക് ആണ്  അവരുടെ ജീവിതത്തിലെ ഒരാനന്ദം  എന്ന് എനിക്ക് തോന്നാറുണ്ട്.
പഴനി മല കയറുന്നത് വീടു തോറും കയറി അരിയോ പണമോ ഭിക്ഷയായി സ്വീകരിച്ചു ആ സമ്പാദ്യം കൊണ്ടാണ് .
'ഏതു വഴിയാണ്  പോകുന്നത് ? ട്രെയിനിലോ ബസ്സിലോ "ഞാന്‍ ചോദിച്ചു .
"അത് ബസ്സി തന്നെ. പാലക്കാട് വഴി" . അവര്‍ പറഞ്ഞു .

"എത്ര വീടു കയറി ഇന്ന് "അമ്മ ചോദിച്ചു .എന്നാ പോക്ക് ?"
നാലീസം കഴിഞ്ഞു .അവര്‍ പറഞ്ഞു . ഇന്ന് അവടെ ആ ഇല്ലത്തും പിന്നെ ഇവിടേം മാത്രേ ആയുള്ളൂ .. ഇനി ദാ അവടൊക്കെ ഒന്ന് കേറണം' അവര്‍ അകലേക്ക്‌ ചൂണ്ടി പറഞ്ഞു . '
വല്ലതും കഴിച്ചോ ഏടത്തി കുശലം ചോദിച്ചു വന്നു . ഒരു പാത്രം നിറയെ അരിയും കയ്യിലുണ്ട് . ചാക്കരിയല്ലോ തമ്പുരട്യെ ?
ചക്കരിയല്ലെങ്കി കഞ്ഞിക്കു  കൊള്ളാല്ലോ ന്നു വച്ചിട്ടെ .
' അല്ല 'ഏടത്തി പറഞ്ഞു . 'ഇത് കഞ്ഞിക്കു നല്ലതാ' എന്ന് കൂട്ടിച്ചേര്‍ത്തു .
ചോറുണ്ട് കഴിക്കുന്നോ കുറച്ചു?  അമ്മ വീണ്ടും അവരെ ക്ഷണിച്ചു .
"ആയിക്കോട്ടെ ഇന്ന് രാവിലെ ഒരു കട്ടന്‍ ചായ കുടിച്ചതെ ഉള്ളു "
അവര്‍ വയറു തടവി .
"അങ്ങേ ഇല്ലത്ത് ചെന്നപ്പോ ദോശേം ചായേം തരാരുന്നു എന്ന് പറഞ്ഞു പക്ഷെ ആ തമ്പ്രാട്ടി  പനി കാരണം കുളിച്ചിട്ടില്ല. കുളിക്കാതെ ആണ്  ഒക്കെ ഉണ്ടാക്യേതു ;പഴനിക്കു പോകല്ലേ ശുദ്ധം മാറി കഴിക്കാന്‍ പാടുണ്ടോ ചക്ക്യെ എന്ന് ചോദിച്ചു ..അതോണ്ട് കുടിച്ചില്ല ,ശുദ്ധാ ശുദ്ധം നോക്കാതെ പറ്റില്യാലോ.."

ഞാന്‍ ഭൂതകാലത്തിലേക്ക് പോയതല്ല ..ഭൂതകാലം വിടാതെ പിന്തുടരുന്ന ചിലര്‍ എന്നെ തേടി വന്നതാണ്.
അവര്‍ വ്രതമെടുത്ത് പഴനിക്കു പോകുമ്പോള്‍ എന്റെ വയസ്സു ചെന്ന അമ്മയെ കണ്ടു യാത്ര പറയുന്നു ..സ്നേഹത്തോടെ, ഒരു പക്ഷെ  അമ്മ പോലും ആഗ്രഹിക്കാത്ത അല്ലെങ്കില്‍ മറന്ന തമ്പുരാട്ടി വിളികളില്‍ പത്തോ എഴുപതോ കൊല്ലം പിന്നിലേക്ക്‌ തിരിഞ്ഞ് നടക്കുന്നു. ബസ്സിലും ട്രെയിനിലും കയറുന്നു ഫോണില്‍ സംസാരിക്കുന്നു , എന്താ നാടിന്റെ ഒരു മാറ്റം അല്ലെ തമ്പ്രട്ട്യെ എന്ന് അതിശയം കൊള്ളുമ്പോഴും ചിതല്‍ തിന്നാത്ത എന്തോ ഒരോര്‍മ്മയുടെ നൂല്‍ പിന്നിട്ട കാലത്തില്‍ കെട്ടി അവര്‍ ...
അതെന്തിനാകാം ?

3 comments:

വല്യമ്മായി said...

ചിത്തം

ചിതലരിക്കാത്തത്
ചിതയിലെരിയാത്തത്

http://rehnaliyu.blogspot.com/2007/11/blog-post_21.html

:)

notowords said...

sarikkum enthakum athu, aa oarma : nallathavaan vaziyilla. pakse upeshikkan vayatha entho onnu.. athakumo? karun

savi said...

വല്യമ്മായി , നന്ദി ലിങ്ക് തന്നതിന്; ചെറു കവിതകളും കഥകളും വായിച്ചു .@ കരുണ്‍ ഒരു പക്ഷെ cultural amnesia അവര്‍ക്ക് പിടി പെട്ടിട്ടുണ്ടാവില്ല , പാതിരി മനോഭാവവുംവന്നിട്ടില്ലായിരിക്കാം ഇനിയും . അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിനും വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാനും മറ്റും മറ്റും പ്യൂണ്‍ മുതല്‍ പോലീസ് മുതല്‍ ഡോക്ടറും മന്ത്രിയും തുടങ്ങി കണ്ണില്‍ പെടുന്നവരെ എല്ലാം സാര്‍ /മാഡം വിളിക്കുന്നത്ര പ്രയാസം തോന്നുന്നുണ്ടാവില്ലായിരിക്കാം ..അല്ലെങ്കില്‍ വ്യത്യാസം അനുഭവിക്കുന്നുണ്ടാവില്ല ..who knows ..thank u for reading .