Saturday, January 30, 2010

ദേഹാന്തരം

ദേഹാന്തരം
സാവിത്രി രാജീവന്‍


ഉടലോടെയാണ്
ഞാന് പിറന്നത്
എന്നാല് പിറന്ന യുടനെ
അമ്മാവന്റെ കൈകളില് നിന്നൂര്ന്നു
ആകാശത്തെക്കുയര്ന്നു
അത്
അശരീരിയായി
എന്നിട്ടും
ഉടലറിയാത്ത ആ ഉടല്‍
ബാല്യത്തില്‍  വെണ്ണ കട്ട് തിന്നും
യൌവനത്തില്‍
പൂഞ്ചേല ചുറ്റിയും
ഭൂമിയില്‍  സഞ്ചരിച്ചു
കാമുകിയായും അമ്മയായും
മണ്ണില്‍  അവതരിച്ചു .
ഉടലില്ലാതെ കാറ്റി ലുരുളാമെന്നും
ഉടലില്ലാതെ കാറ്റില ലയാമെന്നും
കാമുകിയായി കാത്തിരിക്കാ മെന്നും
ആശാന്റെ കാവ്യ പുസ്തകം
അതിനെ പഠിപ്പിച്ചു .
ഉടലില്‍  ഒരുടലില്ലാതെ
വെണ്ണ തോല്ക്കുമുടലായും
പരം നീണ്ടു വിടര്ന്ന കണ്ണിണ യായും
ഭൂമിയില്‍  നിലനില്ക്കാമെന്നു
ചൊല്ലിയാടിച്ചു ഗുരുക്കന്മാര്‍
ദേഹമില്ലാതെ ദേഹി മാത്രമായോ
ബാധയായോ മായയായോ
പനമുകളില്‍  യക്ഷിയെന്നപോലെ
അദൃശ്യയായി വാഴാമെന്നു
മുത്തശ്ശിമാര്‍ 

അങ്ങനെ മേഘങ്ങളിലേക്കും
കാവ്യങ്ങളിലേക്കും ചേക്കേറി
കന്യാമറിയ പ്രതിമകളിലേക്ക്
കൂട് മാറി
ആത്മ വിദ്യാലയ മുറ്റത്ത് വാദിയായി
ലക്ഷ്മണ രേഖകള്ക്ക് നടുവില്‍  പ്രതിയായി
അത് നില കൊണ്ടു.
അതിനാലാണ്
കടല് താണ്ടിയും കര നോക്കിയും
എന്റെ ഗാമ യെത്തുവോളം
ഞാന് എന്റെ ഉടല്‍  കാണാതെ പോയത്
എന്റെ ഉടല്‍  നോക്കാതെ പോയത്


പണ്ടേ ചരിത്രത്തില്‍
വാസ്കോ ഡാ ഗാമ വന്നു .
മണലില്‍  തിരകള്‍   മായ്ക്കാത്ത പേര് കൊത്തി .


ഇന്ത്യക്ക് ഭൂ പട മെന്ന പോലെ
എനിക്കും കിട്ടി ഉടല്‍
ഉടലില്‍  ഒരു കടലുണ്ടെന്നും
ഉയരുന്ന തിരമാല യുണ്ടെന്നും
അതില്‍  മനുഷ്യ നിര്‍മ്മിത  ക്കപ്പലുകള്‍
സഞ്ചരിക്കാരുണ്ടെന്നും
മഴവില്‍  നിറങ്ങളും ആകാശങ്ങളും
പ്രതിഫലിക്കാരു ണ്ടെന്നും
വൈരങ്ങളും രാഗങ്ങളും
തിളങ്ങാരുണ്ടെന്നും
കപ്പലോട്ടക്കാരന്‍  എന്നെ പഠിപ്പിച്ചു

എന്നാല്‍  ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഏതു ഭൂഖണ്ഡം ആണ്
എന്റെ ഉടല്‍  ?
ഈ ഉടല്‍  ?

(1999) 

No comments: