Saturday, June 4, 2011

'ആദാമിന്റെ മകന്‍ അബു'


ആദാമിന്റെ മകന്‍ അബു': ഒരുകുറിപ്പ് .

 ആദമിന്റെ  മകന്‍  അബു  ഒരു  ദുരന്ത /ദുരിത കഥയല്ല. വൃദ്ധരായ മുസ്ലിം ദമ്പതിക ള്‍ക്ക് അവരുടെ  വാര്‍ദ്ധക്യ കാല ജീവിതാഭിലാഷം സാക്ഷാത് കരിക്കാനാവാതെ പോയതിന്റെ നിരാശ യുടെ കഥയുമല്ല .കാരണം അബുവിനു അടുത്ത കൊല്ലം അല്ലെങ്കില്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഹജ്ജിനു  പോകാനാവും എന്ന് പ്രതീക്ഷയുണ്ട് ,അങ്ങനെ പോയില്ലെങ്കില്‍ പോലും ഖേദമില്ലാത്ത ഒരു മാനസികാവസ്ഥയില്‍ അവര്‍ എത്തുകയും ചെയ്തു. അച്ഛനമ്മ മാരെ സ്നേഹിക്കാത്ത, അവരെ ഉപേക്ഷിച്ചു 'സുഖജീവിതം നയിക്കുന്ന മക്കളുടെ പ്രവര്‍ത്തിയുടെ നീചത്വം ആവിഷ്കരിക്കാനുള്ള സാമൂഹ്യവിമര്‍ശന ശ്രമവും ഇതിലില്ല. മുസ്ലിം ദമ്പതികള്‍ക്ക്   ആപല്‍ ബാന്ധവരായി  ചാടിവീഴുന്ന മറ്റു സമുദായത്തില്‍ പെട്ടവരുടെ സദ്‌ പ്രവര്‍ത്തികള്‍  ഉയര്‍ത്തിക്കാട്ടുന്ന സെക്യുലറിസ്റ്റ്  ചിത്രവും അല്ല. എന്നാല്‍ ഈ വകയൊക്കെയാണ്   ഇതിലുള്ളതെന്നു പറയുന്നവര്‍ക്ക്  മലപ്പുറത്തും കോഴിക്കോട്ടും ജീവിക്കുന്ന സാധാരണക്കാരായ മുസ്ലിം സമുദായക്കാരെയും അവരോടൊപ്പം ആ പ്രദേശത്ത് ജീവിക്കുന്ന  മറ്റു സമുദായക്കാരെയും അറിയില്ല എന്ന് പറയേണ്ടി വരും. അവരവരുടെ വിശ്വാസങ്ങളില്‍ നിന്നു തരിമ്പും മാറാതെ തന്നെ  പരസ്പരം ബഹുമാനിച്ചും സഹായിച്ചും ജീവിക്കുന്ന അവര്‍  ഇല്ലെന്നു പറയുന്നതിന് തുല്യമാവും അത്. കാരണം അബുവിന്റെ ലളിത ജീവിത ചിത്രീകരണത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്   ഒരു സാധാരണക്കാരന്റെ യഥാതഥ ജീവിതമാണ്. പരിസ്ഥിതി സ്നേഹം ഇതിലെ ഒരു കഥാപാത്രമല്ല. മുറ്റത്ത് നട്ടു വളര്‍ത്തിയ പ്ലാവ് ഹജ്ജ്  ആവശ്യത്തിനു വില്‍ക്കാം എന്ന് കരുതിയതാണ് അബു. വില്‍ക്കുകയും  പണം കൈപ്പറ്റുകയും ചെയ്തു അയാള്‍. എന്നാല്‍ മരക്കച്ചവടക്കാരന്‍  മുറിച്ചു നോക്കുമ്പോള്‍  ഉള്ളു പൊള്ളയായ ഉപയോഗ ശൂന്യമായ മരമായി തീര്‍ന്നിരുന്നു അത്. അതില്‍ പാര്‍ത്ത കിളികള്‍ ക്കു കൂടും തണലും ഇല്ലാതാക്കിയത് ദൈവത്തിനു ഇഷ്ട മായിട്ടുണ്ടാവില്ല എന്നേ പണം തിരികെ കൊടുത്ത അബു വിചാരിക്കുന്നുള്ളു.

സിനിമ ദൃശ്യ പ്രധാനമാണ് എന്നും പ്രമേയം കൈകാര്യം ചെയ്യുന്ന രീതികളിലൂടെ യാണ് അത് ഒരു കലാസൃഷ്ടിയായി പരിണമി ക്കുന്നതെന്നും അതില്‍ തന്നെ പ്രമേയവും ദൃശ്യ ങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ എത്രമാത്രം പ്രധാനമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തും. 

തികച്ചും ലളിതമായ, സംഭവ ബഹുലമല്ലാത്ത  ഒരു സാധാരണ ജീവിതം. പക്ഷെ ഓരോ ജീവിതവും അതിന്റെ സൂക്ഷ്മ  തലത്തില്‍ വ്യത്യസ്തമാണ് താനും . അബുവിന്റെയും ഭാര്യയുടെയും സാധാരണ ജീവിതത്തിലെ അസാധാരണത്വം  സൂക്ഷ്മ തലത്തില്‍ നമ്മളോട്  സംവദിക്കുന്നു 

     പാളിപ്പോകാവുന്ന, ഒരു പ്രമേയമാണ് വൃദ്ധ മുസ്ലിം ദമ്പതികളുടെ ഭക്തിയും ഹജ് തീര്‍ഥാടന മോഹവും. അതും ദാരിദ്ര്യം അവരുടെ തീര്‍ഥാടന മോഹത്തിന് തടസ്സമാകുന്നു എന്ന് വരുകയാണെങ്കില്‍. എന്നാല്‍ അത് സുഹൃത്തുക്കളുടെ സഹായം കൊണ്ട് മറികടക്കാവുന്ന പ്രായോഗിക പ്രശ്നം ആയി അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ കാഴ്ചക്കാരില്‍  ക്ലേശം ജനിപ്പിച്ചു മുന്നോട്ടു പോകും? അതങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നില്ലെന്ന് മാത്രമല്ല   'അച്ഛന്‍, അമ്മ, മക്കള്‍, ഏറ്റവും അടുത്ത രക്ത ബന്ധുക്കള്‍ ഇവര്‍ മനസ്സറിഞ്ഞു തരുന്നത്  സ്വീകരിക്കാം എന്നെ വിശുദ്ധ പുസ്തകം പറയുന്നുള്ളൂ' എന്നതു കൊണ്ട് അയാള്‍ സുഹൃത്തുക്കളുടെ സഹായം സ്നേഹപൂര്‍വ്വം നിരാകരിക്കുകയുമാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യം കഥാപാത്രമായി ഇതില്‍ പ്രേക്ഷകരെ കണ്ണീരില്‍ വീഴ്ത്തി  കഥാപാത്രങ്ങളോടുള്ള  സഹതാപ മായി  പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ ഒരു സെന്റിമെന്റല്‍ മെലോഡ്രാമ  ഈ ചിത്രത്തില്‍ നിന്നു ഒഴിവായി പോകുന്നു. നിര്‍വ്യാജമായ ഭക്തിയും ദൈവ വിശ്വാസവുമാണ് അബുവിന്റെയും  ഭാര്യയുടെയും ലൌകിക ജീവിതത്തെ, പ്രതീക്ഷാ നിര്‍ഭരമാക്കി നില നിര്‍ത്തുന്നത്. അതില്‍ ഒരു തരത്തിലുമുള്ള വൈരുധ്യവും ഇല്ല താനും. സാധാരണക്കാരായ, എല്ലാത്തരം മതത്തിലും  പെട്ട, യഥാര്‍ത്ഥ ദൈവ വിശ്വാസികളായ മനുഷ്യരുടെ  മോക്ഷോപാധികളില്‍ ഒന്നാണ്‌ , 
വിശ്വാസത്തിന്റെ ഭാഗവുമാണ്  അവരവരുടെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നത്. അത് മാത്രമാണ് അബുവും ഭാര്യയും ആഗ്രഹിച്ചത്‌. മകന്‍ അവരെ ഉപേക്ഷിച്ചു  സ്വന്തം സ്വാര്‍ത്ഥതകളില്‍   കുടുങ്ങി തിരിഞ്ഞ് നോക്കുന്നില്ലെന്നത് അവരുടെ ദു:ഖമാണ് എങ്കിലും മകനോട്‌ വിദ്വേഷം പുലര്‍ത്താത്തതിനാല്‍ അത്‌ ഒരു പ്രധാന പ്രശ്നമായി അവര്‍ക്ക് മുന്‍പില്‍ അവതരിക്കുന്നില്ല.സ്വന്തം അധ്വാനം കൊണ്ട് വേണം മക്ക സന്ദര്‍ശിക്കാന്‍ എന്നതും വിശ്വാസത്തിന്റെ ഭാഗമാണ് . അത് കൊണ്ട് അബു  അതിനുള്ള പണം അത്തര്‍ വിറ്റ് കിട്ടുന്നതില്‍ നിന്നു ഒരോഹരി പത്തോ ഇരുപത്തഞ്ചോ വര്‍ഷമായി എന്നും ചെറു പെട്ടിയില്‍ ശേഖരിച്ചു വച്ചു കൊണ്ടേയിരിക്കുകയാണ്. തേനീച്ച തേന്‍ ശേഖരിക്കുന്നതുപോലെ . ഹജ്ജ് യാത്ര ബിസിനസ് ആവശ്യങ്ങള്‍ നടത്താനുള്ള ഒരു ഉപാധിയായി കാണുന്ന ലൌകികന്മാരുടെ ഇടയില്‍ നിന്നു വ്യത്യസ്തമായി  ജീവിതത്തിന്റെ നിലനില്‍പ്പ്‌ തന്നെ ഒരു പ്രതീക്ഷയിലും വിശ്വാസത്തിലും  അര്‍പ്പിച്ചു മോക്ഷ മാര്‍ഗമായി , തീര്‍ഥാടനമായി തന്നെ  കാണുന്നവരാണ്  അബുവും ഭാര്യയും.  ഈ ജീവിതത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട , സുഹൃത്തുക്കളോടും മറ്റു  ആളുകളോടും തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു മാപ്പ് ചോദിച്ചും ഉണ്ടായിരുന്ന ചെറിയ കടങ്ങള്‍ വീട്ടിയും അവര്‍ ലോക ബന്ധങ്ങളില്‍ നിന്നു വിടുതല്‍ നേടി യുള്ള യാത്രയാണ് അവരുടെതെന്ന്  ഓര്‍മ്മിക്കുന്നു. ഈ ചെയ്തികള്‍ ഒരു തരത്തിലും അത്യുക്തിയായി  പരിണമിക്കുന്നില്ല  വിഷ്വലില്‍ . ഈ തരത്തിലുള്ള മത വിശ്വാസ സംബന്ധിയായ ചിത്രീകരണങ്ങള്‍ പലതുണ്ടെങ്കിലും അവ ഒരു തരത്തിലും അമിതാഖ്യാനമായി , അത്‌ വഴി സോദ്ദേശ ചിത്ര ഭാഷയിലേക്ക് വീഴുന്നില്ല. 
  യാന്ത്രികമായി പോകാവുന്ന നിരവധി സന്ദര്‍ഭങ്ങളെ ആ  വക ചുരുക്കങ്ങളിലേക്ക് പോകാതെ  ബാലന്‍സ് ചെയ്തു അവതരിപ്പിച്ചു എന്നുള്ളത് ശ്ലാഘനീയമായ  കാര്യം. യഥാതഥ മായ, നേര്‍ രേഖീയമായ ആഖ്യാന രീതിയും ലളിതമായ ചിത്രീകരണവുമായതിനാല്‍ ചെറിയ  ഒരശ്രദ്ധ അതിന്റെ എല്ലാ ഭംഗിയും ചോര്‍ത്തിക്കളയും . അതൊന്നും സംഭവിക്കാതിരുന്നതാണ്  ഈ സിനിമയുടെ വിജയം. മറ്റൊന്ന് , ചുരുക്കി പറയുകയാണെങ്കില്‍, വൃദ്ധ മുസ്ലിം ദമ്പതികളുടെ ഹജ്ജ്  തീര്‍ഥാടനത്തിനായുള്ള ആഗ്രഹവും അതിനുള്ള ഒരുക്കവും കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്ന ചിത്രം ഒന്നുകില്‍ മുസ്ലിം സ്വത്വ സിനിമയായോ അതല്ലെങ്കില്‍ ഒരു സെക്യുലര്‍ സിനിമയായോ  രണ്ടു ധ്രുവങ്ങളി ലൊന്നിലേക്ക്  കേന്ദ്രീകരിക്കപ്പെടാം .

എന്നാല്‍ ഈ രണ്ടിന് മിടക്ക്  സാധാരണ ജീവിതം, വിശ്വാസത്തില്‍ ഊന്നിയ  ഒരു മുസ്ലിം  ജീവിതം , അതിന് സമാനമായ മറ്റു ജീവിതങ്ങള്‍ ഉള്‍പ്പെടെ ,സാധ്യമാകുന്നതിന്റെ സ്ഥലമാണ് ഈ സിനിമ  സിനിമയായി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്നതു ശ്രദ്ധേയമാണ് .
 

Sunday, December 5, 2010

പേരുകളുടെ വ്യാപാരി


പേരുകളുടെ വ്യാപാരി

സാവിത്രി രാജീവന്‍

പേരുകളുടെ വ്യാപാരീ
ഞാന്‍ ഒരു പുഴയാണെന്നു
നീ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു .
ഞാന്‍ ഒരു പാറ യാണെന്നും
ഭൂമിയുടെ ഉയിര്‍ നിറഞ്ഞു കനത്ത താണെന്നും
അതില്‍ ഉഴാനും മറിക്കാ നുമുളള  കലപ്പയാണ്
നീയെന്നും പറയുന്നത് ഞാന്‍ നിഷേധിക്കുന്നില്ല  .
'നീയാണ് എന്റെ  ദിശാ സൂചി 'എന്ന് നീ പ്രശംസിക്കുന്നതും
മിന്നലില്‍ പിളര്‍ന്ന ഭൂമിയാണ്‌ ഞാനെന്നു 
ഉടലിന്റെ ആഴത്തിലും ഇരുളിലും
 മുങ്ങി നിവര്‍ന്നു  പരിശീലനം ലഭിച്ച നീന്തല്‍ വിദഗ്ദ്ധനായി
  വശ്യവാക്കുകള്‍ ചൊരിയുന്നതും .

 പേരുകളുടെ വ്യാപാരീ
ഞാന്‍  ഒരു കിണറാ ണെന്നു  പറയാന്‍  നിനക്കു മടിയില്ല
കിളിയെന്നോ  , പൂവെന്നോ പറയാനും നീ മടിക്കാറില്ല 
"എണ്ണിയാല്‍ തീരാത്ത എത്ര പേരുകള്‍ വേണം നിനക്ക്?" 
എന്നു നീ ചോദിക്കുന്നു
നീ വിളിക്കുന്ന പേരുകളൊന്നും
 എന്റെ  പേരുകളേ  അല്ലെന്നു
ഞാന്‍  പറയില്ലെന്ന് നിനക്കറിയാം
നീയറിയാതെ
ഞാന്‍  എന്റെ പേര് മാറ്റു മെന്നോ
 എനിക്കൊരു പേര് കണ്ടെത്തുമെന്നോ നീ വിചാരിക്കുന്നേയില്ല .
നീയാണല്ലോ പേരുകളുടെ വ്യാപാരി .
എന്നാല്‍
പേരുകളുടെ വ്യാപാരീ,
എനിക്കുണ്ട് നീയറിയാത്ത
 നീയിടാത്ത ഒരു പേര്‍
എനിക്ക് വേണ്ടത്,
ഞാന്‍ തിരയുന്നതും .

Wednesday, November 24, 2010

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍
മാധവിക്കുട്ടിയുടെ  'നീട്ടിവച്ച മധുവിധു' എന്ന കഥയെ കുറിച്ച്‌ 

Saturday, November 13, 2010

ആന്റിന

പബ്ലിക്‌ ആയി സ്വകാര്യ ഡയറി എഴുതുന്ന ഒരാള്‍ ആണ് ഞാന്‍ എന്നു തോന്നുന്നു. ഈ ബ്ലോഗില്‍ അതാണ്‌ നടക്കുന്നത്. ശിഥില ചിന്തകള്‍ .പ്രസക്തവും  അപ്രസക്തവും ആയവ ഉണ്ടാവാം. വിരസമായവ, സാഗത്യമുള്ളവ ...ഇല്ലാത്തവ. തുപ്പല്‍ കൂട്ടി വിഴുങ്ങാതെ ഞാനിത് വീണ്ടും തുടരുന്നു.

കടുത്ത നിരാശയില്‍ ആണ്ട, ഒരാളെ , ഒരു സ്ത്രീയെ ഞാന്‍ ഇന്നലെ കണ്ടു.  പരിചയപ്പെട്ടു .അല്ലെങ്കില്‍ അവര്‍ വെറുതെ എന്നെ തേടി വന്നു എന്നും പറയാം .
മനുഷ്യര്‍ക്ക് ദുഖിക്കാന്‍ കാരണങ്ങള്‍ തേടി പോകേണ്ട കാര്യമില്ല . ജനിച്ചു എന്ന ഒറ്റക്കാരണം തന്നെ ധാരാളം . അത് പോരാതെ  തന്റെ ചുറ്റും  നിന്നു തന്നെ പൊതിയുന്ന ആവേശിക്കുന്ന ഈ ലോകം അവനെ/അവളെ വെറുതെ വിടാനോ?  തീര്‍ച്ചയായും അതുണ്ടാകില്ല . അന്യരായി, അന്യന്റെ മുതലായി, അന്യന്റെ സുഖ ജീവിതത്തിന്റെ കാഴ്ചകളായി,മുന്നില്‍ വന്നു നിന്നു തന്റെ ഇല്ലായ്മകളെ പെരുപ്പിച്ചു മുന്നില്‍ നിര്‍ത്തും .
എന്റെ മുന്നില്‍ ഏറ്റവും  ഭംഗിയായി ഒരുങ്ങി മനോഹരിയായി വന്ന ആ സ്ത്രീയെയും ഈ ലോകം വല്ലാതെ വലയ്ക്കുന്നു എന്നു തോന്നി . ഭര്‍ത്താവ് ഉപേക്ഷിച്ച  /അല്ലെങ്കില്‍ മരിച്ചു പോയ ഒരു സ്ത്രീ . മുതിര്‍ന്ന മക്കള്‍ . ചെറിയ ജോലിയുണ്ട് അവര്‍ക്ക്.  ഒരു കാലത്ത് വലിയ സമ്പന്നയായിരുന്നു.  ഇപ്പോള്‍ വിദേശത്ത് പണിയെടുക്കുന്ന മക്കള്‍ പണം അയക്കുന്നുണ്ട് . ഒരു വിധത്തില്‍ ഒറ്റക്കായി പോയ ഒരു സ്ത്രീയാണ് .
ഇപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ വിവാഹം കഴിക്കാന്‍ പുറപ്പെടുന്നതാണ്‌ അവരെ അസ്വസ്ഥയാക്കുന്നത്, മുള്‍ മുനയില്‍   നിര്‍ത്തുന്നത് . ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ കണ്ടെത്തി അമ്മയുടെ മുന്‍പില്‍ നിര്‍ത്തുന്നു. കണ്ട പാടെ അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ കുട്ടികളുടെ ആഗ്രഹം നിഷേധിക്കാന്‍ ഒരു മടിയും കാണിച്ചില്ല . അക്കാരണം കൊണ്ടു തന്നെ കുട്ടികള്‍ അകന്നു.  കേട്ടാല്‍ അവര്‍ക്ക് തിരുത്താവുന്നതെ ഉള്ളു എന്നു തോന്നും .വാസ്തവത്തില്‍ അതാണ്‌ വേണ്ടതും. എന്റെ 'ഉപദേശവും മറ്റൊന്നായിരുന്നില്ല. അപ്പോള്‍ പരിചയപ്പെട്ട സ്ത്രീ തന്ന, അവരുടെ ഭാഗത്ത്‌ നിന്നുള്ള വിവരണങ്ങള്‍ആണല്ലോ അത് .   അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ ക്ലേശ ത്തില്‍ കേള്‍വിക്കാരി യായി നിന്നു ഞാന്‍  കുട്ടികളുടെ പ്രണയത്തിനു എതിരായി പറയുമെന്ന്. മക്കളുടെ ഉടമസ്ഥരാവാതിരിക്കാന്‍ ആ സ്ത്രീ എന്നു പഠിക്കുന്നോ അന്ന് അവര്‍ക്ക് ശാന്തി ലഭിക്കും എന്നു  എനിക്ക് പറയാന്‍ കഴിയില്ലല്ലോ  . അത് അവര്‍ക്ക് മനസ്സിലാവില്ല എന്നു എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ എനിക്ക് തോന്നുന്നു  അനാവശ്യമായി ആകാശത്ത് നിന്നെന്ന പോലെ അശാന്തികള്‍ മാത്രം വലിച്ചെടുക്കാന്‍ ഒരാന്റിന യുമായി ജനിച്ച എത്രാമാത്തെയോ ആളെ യാണ് ഞാന്‍ പരിചയപ്പെടുന്നത് എന്നു .

Tuesday, November 9, 2010

ഇടവേളയില്‍ ....

എഴുത്തു കുറഞ്ഞു ..അല്ല ബ്ലോഗ്‌ എഴുത്തു കുറഞ്ഞു . മലയാളനാട് , ഫേസ് ബുക്ക്‌ ഇവ കടന്നു വന്നതാണ് കാരണം . രണ്ടു കൈ , ഒരു തല ......ചെയ്യാനും , ആലോചിക്കാനും പ്രവര്‍ത്തിക്കാനും ഇത് രണ്ടും ചേര്‍ന്ന 'ഞാന്‍ ' . ആ ഞാന്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു നേരം ..അപ്പോഴേ  ശരിയായ എഴുത്തു വരൂ.

ഇപ്പോള്‍ അതിന് വേണ്ടിയുള്ള ആഗ്രഹത്തിലാണ് . കലപിലകള്‍ കിളിയുടെതായാലും ,കാറ്റിന്റെതായാലും  ,കുഞ്ഞുങ്ങളുടെതായാലും തിരകളുടെതായാലും സ്വസ്ഥത തരാത്ത നിമിഷങ്ങളുണ്ട്‌ . അതാണ്‌ എന്നെ ഇപ്പോള്‍ ആവരണം ചെയ്തിരിക്കുന്നത്.
 

എന്റെ മുടന്താണ്  നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
എന്റെ പ്രിയ മിത്രമേ
നിന്നെ ഞാന്‍ നിഷേധിക്കുന്നു.
എന്റെ ഹൃസ്വ ദൃഷ്ടിയോ ദീര്‍ഘ ദൃഷ്ടിയോ
രണ്ടും ചേര്‍ന്ന ആ മിശ്രദൃഷ്ടിയോ
എല്ലാം ചേര്‍ന്ന ഈ ദൃഷ്ടി ദോഷമോ ആണ്
നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
 പ്രിയ സുഹൃത്തെ നിന്നെ ഞാന്‍ വേണ്ടെന്നു വക്കുന്നു.
വായ്‌ നാറ്റമോ
കോടിയ വായില്‍ നിന്നുതിരുന്ന
ആ താളമില്ലാത്ത ആ ചിരിയൊച്ചയോ

ഒരുപക്ഷെ
 പൂക്കാതിരിക്കുന്ന ഈ ഉയിരായിരിക്കാം അ ല്ലെങ്കില്‍  കായ്ക്കതിരിക്കുന്ന ഈ ഉടല്‍
ഇവയാണ് നിന്നേ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നതെങ്കില്‍
എന്റെ മിത്രമേ നിനക്ക് തെറ്റി ,

തടാകത്തില്‍ തെളിയുന്ന സ്വന്തം നിഴലിനായി
നിഴലിനു വേണ്ടി മാത്രമായി,
പൂക്കുന്ന ഒരു മരമായി നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം
  ആ തടാകത്തിലേക്ക് വേരറ്റു വീഴുന്നതാണ് .
 *************************************

ഇപ്പോള്‍ ഇത്ര മാത്രം 

Tuesday, April 27, 2010

ഈ ചെറു പുഴ ,ഓരോ പുഴയും .

 അധികം താമസിയാതെ തൂര്‍ന്നു പോകാന്‍ ഇടയുള്ള ഒരു ചെറിയ പുഴയുടെ കരയിലാണ് എന്റെ വാസം .എന്നും പുലരുമ്പോള്‍ ഉണര്ന്നെഴുന്നെല്ലുന്ന ഉടന്‍ ഭയാശങ്കയോടെ പുഴ അവിടെ തന്നെ ഉണ്ടോ എന്നു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല .നിരന്തരം വന്നു പോകുന്നലോറികളും പെട്ടിഓട്ടോ കളും കയറ്റി കൊണ്ട് പോകുന്ന മണല്‍ ഈ ചെറു പുഴയുടെകാലന്മാരാണ് എന്ന അറിവ് തന്നെ .
തീരത്ത് തന്നെ വസിക്കുന്ന അനേകരില്‍ ഒരാളായ ഞാന്‍ രാത്രിശബ്ദങ്ങളില്‍ പുഴയിളകുന്നതും  മണല്‍ കരയിലെക്കെടുക്കപ്പെടുന്നതും കാണുന്നുണ്ട് .ജീവനും സ്വത്തിനും പൊതു മുതലിനും  കാവല്‍ ആകേണ്ട പോലീസ് കാര്‍ കൃത്യ നിഷ്ഠയോടെ അത് കണ്ടില്ലെന്നു നടിക്കുന്നുണ്ടാവണം.
എങ്കിലും ഒന്നു പറയാതെ വയ്യ പരിസ്ഥിതിയെ പറ്റി യും  നിയമ ലംഘിക്കപ്പെടുന്നു എന്നും ബോധമുള്ള ഒരു സബ് -ഇന്‍സ്പെക്ടര്‍ അഞ്ചാറു മാസം ഈ പ്രദേശത്തിനു കാവല്‍ കിടന്നു .ഇടയ്ക്കിടെ രാത്രിയും പകലും വന്നു പരിസരം നിരീക്ഷിച്ചു  മണല്‍ സംഘങ്ങളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു . ആ ഉദ്യോഗസ്ഥന്‍ സ്ഥലം  മാറി പോയി അഥവാ അയാള്‍ മാറ്റപ്പെട്ടു എന്നു തോന്നുന്നു  . നിജ സ്ഥിതി മണല്‍ നേതാവിനും അനുചരന്മാര്‍ക്കും മാത്രം അറിയാം .അതാരായാലും .
കാരണം പുഴ വീണ്ടും ഒരിടവേളക്ക് ശേഷം രാത്രിയില്‍ കുത്തി കീറപ്പെടുന്നതും  മുഴുനീളം    കരയുന്നതും  ഇപ്പോള്‍ എനിക്ക് കേള്‍ക്കാം .പുഴയുടെ വിഹ്വലതകള്‍ എനിക്ക് കാണാം . പഴയ പോലീസ് കാരന് പകരം പോലീസ് കാര്‍ വരുന്നതും കാണാം . പുഴ ഇളകാതെയും  മണല്‍ ലോറികളില്‍ അപ്രത്യക്ഷ മായതിന്റെയും ശേഷം ആണെന്ന് മാത്രം . എനിക്ക് അതിനെ രക്ഷിക്കാന്‍ ആവുമെന്ന് ബോധ്യമില്ല. അതിനാല്‍ പുഴയുടെ മൌന സങ്കടങ്ങള്‍ പങ്കിട്ടു ഞാന്‍ മൌനമായി ഇരിക്കുന്നു .



Sunday, April 25, 2010

അടച്ച വാതിലിനു മുന്‍പില്‍

'വാതില്‍ അടഞ്ഞിരിക്കുന്നു   അര്‍ദ്ധ രാത്രിയും വന്നു ചേര്‍ന്നിരിക്കുന്നു  '
 ആത്മഹത്യ ചെയ്യാനുറചിരിക്കുന്ന ഓരോ മനസ്സും ഇങ്ങനെ മുന്‍കൂട്ടി വാതില്‍ അടച്ചു അര്‍ദ്ധരാത്രിയാക്കി യായിരിക്കും ഇരിക്കുന്നത് . അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പുലര്‍ച്ച യുണ്ട്  എന്നറിയാതെ അര്‍ദ്ധരാത്രിയെ തന്നെ വീണ്ടും വീണ്ടും ധ്യാനിച്ച്‌ .
എല്ലാ ആത്മഹത്യയും അത് പോലെ ആണെന്ന് പറയാന്‍ കഴിയില്ല, എങ്കിലും . കാനു സന്യാല്‍ ആത്മഹത്യ ചെയ്തതുപോലെ യാണോ  ശ്രീനാഥും സന്തോഷ്‌ ജോഗിയും ചെയ്ത സ്വയം ഹത്യകള്‍ .
തീര്‍ത്തും ഉത്തരവാദി ത്വത്തില്‍  നിന്നുള്ള ഒളിച്ചോടല്‍ ആയി കാണാന്‍ തോന്നുന്നവിധം  സുതാര്യം ആണ് ആ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്ത മരണ വഴി എന്നു തോന്നുന്നു എനിക്ക് .( അല്ലെങ്കില്‍ നാം നമ്മുടെ സഹ ജീവികളെ നമ്മുടെ തന്നെ സ്വാര്‍ത്ഥത  കൊണ്ട്   ആത്മ ഹത്യയിലെക്കു തള്ളിവിടുകയാണോ )

ഓരോ ജീവിതവും സങ്കീര്‍ണമാണ്  .ഓരോ ജീവിതവും അനന്യമാണ് , ഓരോ ജീവിതവും അയാളെ /അവളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ കുരുക്കുകളില്‍ നിന്നു കുരുക്കുകളിലെക്കുള്ള നടന്നു ഓടിയും ഉള്ള കയറ്റമാണ് .ശരി തന്നെ .പ്രണയിയുടെ മനസ്സ് പോകുന്ന വിധം പ്രണയികള്‍ക്ക് മാത്രം അറിയാം എന്നു പറഞ്ഞത് പോലെ മരണത്തെ പ്രണയിച്ചു ചാവാന്‍ ഒരുങ്ങുന്നവരുടെ മനസ്സും മറ്റൊരാള്‍ക്കും പിടി കിട്ടില്ല . പക്ഷെ ജീവിതം ഇങ്ങനെ ഓടി ഓടി തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍   കൂടെ ഓടുന്ന ,ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരെ  വിട്ടു വഴിയില്‍ മിണ്ടാതെ ഒറ്റക്ക് ഇറങ്ങാന്‍  തോന്നുന്ന ആ തോന്നലിനെ ആണ് നമുക്ക് സ്വാര്‍ഥത എന്നു വിളിക്കാന്‍ തോന്നുന്നത് . ഓടിക്കുഴയുന്നത് മനസ്സിലാകും .പക്ഷെ എന്തിനു ഇങ്ങനെ ത്വര പിടിചോടണം എന്നു ഒരു നിമിഷം ചിന്ത വന്നിരുന്നെങ്കില്‍ .അവരവരുടെ  കൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭാര്യയേയും കുട്ടികളെയും ഒരു നിമിഷം  ഓര്‍മ്മയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ..എങ്കില്‍ . .

ഒരു സര്‍ഗാത്മക മനസ്സിന് ഉടമയാവുക എന്നു പറയുന്നത് തന്നെ  അസാധാരണ ലോകത്ത് എത്തി ച്ചെരുന്നതിനു തുല്യമാണ് .അസാധാരണ വും സര്‍ഗാത്മകവുമായ മനസ്സുമായി സാധാരണജീവിതം നയിക്കേണ്ടി വരുന്ന , മത്സരിച്ചു ഓടേണ്ടി വരുന്ന ഏതൊരാള്‍ക്കും ആത്മഹത്യ ഒരു രക്ഷ പ്പെടല്‍ പോലുമാണ് ..അതറിയാതെ അല്ല ഞാന്‍ ആത്മഹത്യയുടെ ആവശ്യവും അനാവശ്യവും കൂട്ടിക്കുഴക്കുന്നത് .

ജയിച്ചവരുടെയും തോറ്റ വരുടെതുമായി ,ലോകത്തെകറുപ്പും വെള്ളയും മാത്രമായി കാണാന്‍ തുടങ്ങുന്ന ഓരോരുത്തരും ഇത്തരം മനോഭാവങ്ങളില്‍ കുടുങ്ങുമെന്നുള്ളതിനു ഒരു സംശയവും ഇല്ല .ജീവിതത്തിലെ നിറങ്ങളെ ,പല നിറങ്ങളെ കാണാത്തവര്‍ , തിരിച്ചറിയാത്തവര്‍ , തങ്ങളുടെ മുന്‍പില്‍ മാതൃകകള്‍ ആയി 'വിജയിച്ചവര്‍ എന്നു ചിലരെ പ്രതിഷ്ടിക്കുന്നവര്‍ . . അവര്‍ക്കറിയില്ല താന്‍ അയാളെ പോലെയോ അയാളെ ക്കാള്‍ അധികമോ ആയ 'ഒരു ആള്‍' ആണെന്ന് . അയാളല്ല താനെന്ന് . പക്ഷെ  ആ 'വിജയി' ആവാന്‍ പരിശ്രമിച് ഒടുവില്‍  താന്‍ ഒരു പരാജയം ആണ് ,ആ അപരന്റെ നിലനില്‍പ്പ്‌ പോലെ തനിക്കു നില നില്‍ക്കാന്‍ കഴിയാത്തത് ആണ് തന്റെ പരാജയം എന്നു വിചാരിക്കുന്ന അത്തരക്കാര്‍ക്കു  ജീവിതം എന്നും നരക തുല്യം തന്നെ ആയിരിക്കും .തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സന്തോഷിച്ച ആ നിമിഷങ്ങള്‍ പോലും എത്ര ഉദാത്തമായിരുന്നു എന്നു ഓര്‍ക്കാന്‍ മിനക്കെടാത്തവര്‍ ; അവര്‍ പിന്നെ എന്ത് ചെയ്യും .?

കാനു സന്യാലിന്റെ സ്വയം ഹത്യ പോലെ ,മഹാ തത്വചിന്തകരായ വാള്‍ട്ടര്‍ ബഞ്ചമിന്‍ ന്റെയോ     , ദലെസിന്റെയോ ആത്മഹത്യപോലെ അല്ലെങ്കില്‍ പുരാതന ഭാരതത്തിലെ മഹാപ്രസ്ഥാന പാരമ്പര്യതിലെത് പോലെ , ഉദാത്തമല്ല ഒളിച്ചോട്ട ക്കാരുടെയും  പരാജിതര്‍  ആണ് താനെന്ന് നിശ്ചയിച്ചു ജീവന്‍ ഒടുക്കുന്നവരുടെയും കാര്യം . പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു കഴിഞ്ഞു എന്നും രോഗം തന്നെയും മറ്റുള്ളവരെയും ഒരുപോലെ ക്ലേശി പ്പിക്കുക മാത്രമാണ്  താന്‍ ഈ ജീവിതം തുടരുന്നത് കൊണ്ടുണ്ടാവുന്ന ഫലം  എന്നും തിരിച്ചറിഞ്ഞു , മരിക്കുന്ന നിമിഷം വരെ ചിന്തയിലും വിചിന്തനത്തിലും  മനുഷ്യരാശിയെ കുറിച്ച്‌ മാത്രം വേവലാതി പ്പെട്ടും ഒടുവില്‍ തന്റെ റോള്‍ കഴിഞ്ഞു എന്നു സ്വയം ഏറ്റവും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന ആ വിട വാങ്ങലുകള്‍ ....അത് സന്യാസിമാരുടെ , നമ്മുടെ പരമ്പരാഗത വാനപ്രസ്തവും പരി നിര്‍വാണവും പോലെ മനോഹരമായ ഒരു ഒടുങ്ങ ലാണ് . അത് ആത്മഹത്യ യല്ലഎന്നാണു ഞാന്‍ പറയുക .

തുടരെ തുടരെ ആത്മഹത്യകള്‍  വാര്‍ത്ത കളായി  വന്നു മനസ്സ് കലക്കി മറിക്കുന്നു. അതിനിടയില്‍ തോന്നിയ ചിലതാണിത് ...ഇനിയും ഒടുങ്ങാത്ത ചിന്തകള്‍ വന്നു നിറയുന്നു എങ്കിലും...നിര്‍ത്താം .