Wednesday, September 23, 2009

ബാംഗ്ലൂരില്‍ നാലു ദിവസം

ബാംഗ്ലൂരില്‍ നിന്നു ഇന്നെത്തി. കവി സമ്മേളനവും ,ബിഹു , മണിപ്പുരി നൃത്തവും എല്ലാം നന്നായി. ബാംഗ്ലൂരില്‍ വച്ചു പരിചയപ്പെട്ട ബുദ്ധി ജീവികള്‍ അല്ലാത്തവര്‍ എന്റെ മനം മടുപ്പിച്ചില്ല മറിച്ച് സന്തോഷിപ്പിച്ചു. അതിനര്‍ത്ഥം ബുദ്ധി ജീവികള്‍ വല്ലാതെ മടുപ്പിച്ചു എന്നല്ല എന്ന് വേണമെങ്കില്‍ പറയാം. പറഞ്ഞില്ലെങ്കിലും വിരോധമില്ല.
ഇപ്പോള്‍ ബുദ്ധിജീവികള്‍ അല്ല എന്റെ വിഷയം. ചെറിയ ഒരു തമാശ യാണ്.
ബാംഗ്ലൂരില്‍ വൈകുന്നേരം ആറു മണിക്ക് മുന്പേ എത്തേണ്ട വിമാനം വൈകി എട്ടരക്ക് ആണ് എത്തിയത്. വിമാനത്താവളവും പരിസരവും, എനിക്കായി സാഹിത്യ അക്കാദമി ബുക്ക്‌ ചെയ്ത്‌ ഹോട്ടലിലേക്ക് ഉള്ള ദൂരവും അത്ര നിശ്ചയം പോര . നേരെ ഹോട്ടലിലേക്ക് വന്നോളൂ എന്നാണ് കത്തില്‍. തന്ന ഫോണ്‍ നമ്പര്‍ പകല്‍ മാത്രം കിട്ടുന്നതും. ഇക്കാലത്തും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മറക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അതിലൊരാള്‍ ഞാനാകണം.
അങ്ങനെ മൌഢ്യം പിടിച്ചു എന്ത് ചെയ്യണം എന്ന ആലോചനയില്‍ ,വിമാന താവളത്തിലെ തന്നെ ആരോടെങ്കിലും ഹോട്ടലിലേക്കുള്ള ദൂരവും മറ്റും ചോദിച്ചു , ടാക്സിയില്‍ പോകാം എന്ന് തീരുമാനിച്ചു.
ആ നില്‍പ്പില്‍ നോക്കുമ്പോള്‍ ഉണ്ട് ഒരു സെക്യൂരിറ്റി യൂണിഫോമില്‍ ഉള്ള ഒരാള്‍ , വിമാനത്തില്‍ വന്നിറങ്ങിയ ഒരാളോട് അയാള്‍ ചോദിച്ച വിവരങ്ങള്‍ പറയുന്നു. അതും മലയാളത്തില്‍. ഓ ! രക്ഷ പെട്ടു മലയാളി. അയാളോട് ചോദിച്ചാല്‍ തീര്ച്ചയായും എങ്ങനെ ഈ പറഞ്ഞ ഹോട്ടലില്‍ എത്തിപ്പെടാം എന്ന് പറഞ്ഞു തരാതിരിക്കില്ല .. ഞാന്‍ ഉറപ്പിച്ചു . അയാളുടെ അടുത്ത് ചെന്നു ചോദിച്ചു.. 'ക്ഷമിക്കണം .. ഈ കത്തില്‍ പറയുന്ന സ്ഥലം എവിടെയാണെന്ന് , എങ്ങനെ അവിടെ എത്താം എന്ന് ഒന്നു പറഞ്ഞു തരാമോ.". മലയാളത്തിലാണ് ചോദിച്ചത്... അയാള്‍ കേട്ടു കേട്ടില്ല എന്ന ഭാവത്തില്‍ , തനിക്ക് മലയാളം ഒരു നിശ്ചയവും ഇല്ലെന്ന മട്ടില്‍ കത്തില്‍ കണ്ണോടിച്ചു എന്ന് വരുത്തി ഹിന്ദിയില്‍ പറഞ്ഞു ..ആപ് ഉധര്‍ ജാവോ...കിസിസേ പൂച്ചോ...
അവിടെ പോയാലും ഇവിടെ പോയാലും മലയാളിയില്‍ നിന്നു ഏതെങ്കിലും വിധത്തില്‍ സഹായ മോ സഹകരണമോ കിട്ടും എന്ന് പ്രതീക്ഷിച്ച എന്നെ പോലൊരു കഴുത" എന്ന് സ്വയം കുറ്റ പ്പെടുത്തുക യല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും ഇടത്തോട്ടു നടന്നപ്പോള്‍ കണ്ട അക്ബര്‍ ട്രാവല്‍സ്‌ കാര്‍ , തൊള്ളായിരം രൂപയ്ക്കു എന്നെ ഹോട്ടലില്‍ എത്തിച്ചു. അതിനുള്ള രശീതും തന്നു.

പക്ഷെ ; ഞാന്‍ പങ്കെടുത്ത സമ്മേളനത്തില്‍ കണ്ട കാഴ്ചയോ..പല സംസ്ഥാനങ്ങളില്‍ നിന്നു വന്ന പലതരം ബുദ്ധിജീവികള്‍ അവരവരുടെ സംസ്ഥാനക്കാരെ ,അവരവരുടെ കവികളെ, അവരവരുടെ ഭാഷയെ, പുകഴ്ത്തി സമ്മേളനത്തില്‍ ഉടനീളം കോള്‍മയിര്‍ കൊണ്ടത് എന്നെ ലജ്ജിപ്പിക്കുന്നു ....എന്തിനെന്ന് അറിയാതെ ...എന്റെ മലയാള കവിത കേള്‍ക്കാന്‍ ആരുമില്ലെന്നത് എന്നെ ഒട്ടും ദു:ഖിപ്പിച്ചില്ല. അത് ഇന്ത്യയില്‍ പല സംസ്ഥാനത്തും നടന്ന , പലകാലത്തും നടന്ന , ഞാന്‍ മാത്രമല്ല, പഴയ മഹാകവികളടക്കമുള്ളവര്‍ സംബന്ധിക്കുന്ന വേദി പങ്കിട്ട കാലത്തും ഉണ്ടായിട്ടില്ല.
എന്തിന് ഞാന്‍ മലയാള ഭാഷയെയോ മലയാളിയെയോ ഓര്ത്തു ക്ലേശി.ക്കണം ? അത് മാത്ര മല്ല ചാവാന്‍ പോകുന്ന ഒരു ഭാഷയില്‍ കവിത എഴുതിയിട്ട എന്ത് കാര്യം ?
നമ്മുടെ പുതിയ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒരു പഠന ഭാഷ എന്ന നിലയില്‍ മലയാളം മാറ്റ പെടുകയാണ്. ഇനി കുട്ടികളുടെ നാവില്‍ മലയാള ഭാഷ വിളയാടിയാല്‍ നിങ്ങള്‍ അത്ഭുത പെടും.
അതിന്റ ലിപി മറന്നു പോകുമ്പോള്‍ അത് പഴയ കൊങ്ങിണി യുടെ പദവിയിലേക്ക് തള്ളപ്പെടും ലിപിയില്ലാത്ത ഭാഷ. പക്ഷെ വളരെ ന്യൂന പക്ഷമായ കൊങ്ങിണി യും ബോഡോ യും ഇപ്പോള്‍ അവരുടെ ഭാഷയെ കേന്ദ്ര സര്‍ക്കാ റിനെ കൊണ്ടു അംഗീകരിപ്പിച്ചു. അവയ്ക്ക് ലിപി പുതുതായി (? ) ഉണ്ടാക്കി അല്ലെങ്കില്‍ ആ ലിപികളെ വിസിബിള്‍ ആക്കി , എന്നിട്ടോ ആ ഭാഷയില്‍ ഉള്ള കവികള്‍ അത്യാഹ്ലാദത്തോടെ അവരുടെ കവിതകള്‍ ഞാന്‍ കൂടി പങ്കെടുത്ത കവിതാ അവതരണ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

മലയാള ഭാഷ ആര്‍ക്കു വേണം .അതറിയുന്നവരെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്കു നാടുകടത്തി ശിക്ഷിക്കുന്ന കാലം വരുമോ എന്ന് ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു.


Post a Comment