അങ്ങാടിയില്‍ ജയിച്ചതിനാല്‍
ഇനിയെനിക്ക്
അമ്മയോടും കലഹിക്കാനില്ല്ല ,
കുട്ടികള്‍ ,കസേരകള്‍ , പാത്രങ്ങള്‍
കിളി ചിലക്കുന്ന പുലരികള്‍
ആകാശം അവാര്‍ഡ് ആത്മ പീഡ,
ചുറ്റും മതിലുള്ള വീട്
മാല ചിരി ചെരുപ്പ് ,
അടിവച്ചടിവച്ചു
ഞാന്‍ എങ്ങോട്ട് തിരിയണം ?
.പുരസ്കാരങ്ങളുടെ കുട ചൂടി
ഒരു പട്ടണ പ്രദക്ഷിണം?
സേവനത്തിന്റെ പാതയില്‍
ദീര്‍ഘ ദൂര സഞ്ചാരം?
ആയുരാരോഗ്യങ്ങള്‍ക്ക്
പാലാഴിയില്‍ മുങ്ങിക്കുളി ?
ഈ ജീവിതം കൊണ്ട്
ഇനി എന്ത് ചെയ്യണം?
പാളത്തില്‍ തല ചേര്‍ത്ത സുഹൃത്തിന്റെ മോഹമോ
വിശപ്പ് കൊണ്ട് ചത്ത ശിശുവിന്റെ പ്രേതമോ
ഇപ്പോള്‍
ഇടറുന്ന സ്മരണയല്ല
പോരാട്ടങ്ങളില്‍ മരിച്ചവരുടെ സ്വപ്‌നങ്ങള്‍
ഇപ്പോള്‍
ഇരമ്പുന്ന സ്മരണയല്ല .
നാര്‍സിസസ്സിനു
നീല തടാകത്തിലെന്ന പോലെ
എനിക്ക്
ദൂര ദര്‍ശനത്തില്‍ ആത്മ ദര്‍ശനം
ഈ ജീവിതം കൊണ്ട് ഇനിയെന്ത് ചെയ്യണം?
കാറ്റില്‍ വൃന്ദാവന ഗാനം
കാല്‍ ചിലമ്പൊലി
സിന്ധു ഭൈരവി
ഇനി
നഗര മധ്യത്തില്‍
എനിക്കൊരു പ്രതിമയാകണം
അങ്ങാടിയില്‍ ജയിച്ചതിനാല്‍............
- 1990
-(സാവിത്രി രാജീവന്റെ കവിതകള്‍ )
No comments:
Post a Comment