Thursday, August 4, 2011

എന്തെല്ലാം സമാചാരം

"എന്തെല്ലാം സമാചാരം എന്താ നിങ്ങടെ ആചാരം "? എന്ന് ചോദിച്ചാല്‍ ഇന്ന് മനുഷ്യര്‍ മനുഷ്യരെ അപമാനിക്കുന്ന രീതികളിലെ അശ്ലീലങ്ങളില്‍ പെട്ട ഒരു ഉദാഹരണം കണ്ടാല്‍ മാത്രം   മതിയാകും നമ്മുടെ നടപ്പ് ആചാരം എന്താണെന്ന് മനസ്സിലാകാന്‍. ഇന്നത്തെ മുഴുവന്‍ ദിവസം ഒരാള്‍ക്ക്‌ അസ്വസ്ഥതയില്‍ കഴിയാനും അതുമതി. അമ്മയും ഭാര്യയുമൊത്ത് പോകുന്ന യുവാവിനെ അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ അടിച്ചു എന്ന് പത്രവാര്‍ത്ത.സദാചാര പോലീസ് ചമഞ്ഞ ആറ് പേരെ ഔദ്യോഗിക പോലീസ് പിടിച്ചു. നല്ലത്. തിരുവനന്തപുരത്താണ് ഇത് സംഭവിച്ചത്. സദാചാരികളുടെ ആവശ്യം പത്ര റിപ്പോര്‍ട്ട് പ്രകാരം ' നിന്റെ ഊഴം കഴിഞ്ഞില്ലേ ഇനി അവരെ ഞങ്ങള്‍ക്ക് വിട്ടു താ' എന്നായിരുന്നു.ഭാര്യയാണെന്നു  തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും അവറ്റ ചോദിച്ചത്രേ .അമ്മയാണെന്ന് തെളിയിക്കാന്‍ എന്ത് കാണിക്കാനായിരിക്കും  അവര്‍ ആവശ്യപ്പെടുക?  ഓരോ ദിവസവും  റോഡിലിറങ്ങിയാല്‍ പല തരം അപമാനങ്ങള്‍    നമ്മള്‍ എല്ക്കുന്നുണ്ട്.  ഏതെങ്കിലും ഒരുത്തന്റെ തെറി കേള്‍ക്കാതെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യം എന്നേ പറയേണ്ടു.  മനുഷ്യര്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു  കൊണ്ടിരിക്കുന്നു.പരസ്പരം അപമാനിക്കുന്നു.  പണ്ട് കാലത്ത് താഴെ ക്കിടയിലെ പെണ്ണുങ്ങളെയും ആണുങ്ങളെയും മേലാളന്മാര്‍ അപമാനിക്കുകയും വിരട്ടുകയും ചെയ്തു വെങ്കില്‍ ഇപ്പോള്‍ അത് ജനകീയമായി. ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും അവരുടെ മുന്‍പില്‍ പെട്ടാല്‍ ധനികര്‍ക്കും  ഒരേ വിധം തങ്ങളുടെ ശത്രുത വെളിവാക്കാന്‍ അവസരം ഉണ്ട്. അതാണ്‌ ഡെമോക്രസിയുടെ ഒരു ഗുണം! കേരളം തികച്ചും ഭ്രാന്താലയം ആയതു ഇപ്പോഴാണോ?
എന്തായാലും ഇനി മുതല്‍ പത്രവായന ഉപേക്ഷിക്കുന്നതാകും  മാനസികാരോഗ്യത്തിനു നല്ലത് എന്ന് തോന്നിത്തുടങ്ങി.

3 comments:

Arjun Bhaskaran said...

കണ്ണില്‍ കാണുന്നതും, കാതില്‍ കേള്‍ക്കുന്നതും, മണത്തു അറിയുന്നതും, തൊട്ടറിഞ്ഞതും..പത്രവാര്തയിലെ വെണ്ടക്കാ അക്ഷരങ്ങള്‍ പറഞ്ഞ കഥയെങ്കില്‍ .. രാവിലത്തെ പതിനഞ്ചു മിനിറ്റ് പത്രവായന മുടക്കിയിട്ടു എന്ത് പ്രയോജനം ചേച്ചി ??

ഒരു മുല്ലപ്പൂ ചൂടി ഒരു പെണ്‍കുട്ടി രാത്രി നടന്നാല്‍ ഒരു കേസ് കെട്ടു പോണു എന്ന് പറയുന്നവരുടെ നാട്ടില്‍ ഇതല്ല ഇതിനും അപ്പുറം സംഭവിക്കും.

savi said...

മറ്റു ജീവികള്‍ സ്വന്തം ഇണകളെ/പെണ്‍ ജാതികളെ , കുഞ്ഞുങ്ങളെ ഒന്നും ദേഹോപദ്രവ മേല്പ്പിക്കുകയോ അവറ്റയെ കടിച്ചു കീറുകയോ പതിവില്ല. അപവാദങ്ങള്‍ ( exceptions) ഉണ്ടാകാം. എന്നാല്‍ ജീവി വര്‍ഗ്ഗങ്ങളില്‍ ബുദ്ധികൂടിയ വര്‍ഗ്ഗമായ മനുഷ്യരുടെ കാര്യം..!! അതേ വായിക്കാതിരുന്നാലും നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അത് തൊട്ടറിയും..

Arjun Bhaskaran said...

ഇടയ്ക്കു തോന്നാറുണ്ട് മനുഷ്യര്‍ക്ക്‌ ചിന്തിക്കാന്‍ ഉള്ള ശേഷി ലഭിച്ചതാണോ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന്. ചേച്ചി പറഞ്ഞത് പോലെ മറ്റു ജീവജാലങ്ങള്‍ എന്തും ചെയ്യുന്നത് അതിനെല്ലാം ഒരു അവശമുതട്ടം വരുമ്പോഴാണ്. ഭക്ഷണത്തിനായി വെട്ടയാടുന്നതു മുതല്‍ ഇണ ചേരുന്നത് വരെ..മനുഷ്യര്‍ വേണ്ടപ്പോഴും അല്ലാത്തപ്പോഴും ഭക്ഷണം ശേഖരിക്കുന്നു..ഇണ ചേരുന്നു.. ആര്‍ത്തു രസിക്കുന്നു..കൊല ചെയ്യുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലും വേട്ടയാടുന്നു..അധപതനം തന്നെ ഈ വൃത്തികെട്ട പോക്ക്..മലിനം ആയ ഒരു സമൂഹത്തിന്റെ കൂടുതല്‍ മലിനതയിലെക്കുള്ള പോക്ക്..