Thursday, July 23, 2009

തൊണ്ടി പ്പഴം

വീട്ടില്‍ പൈപിന്റെ അറ്റ കുറ്റ പണിക്കു വന്ന മുരുകന്റെ വളരെ ബാസ്‌ ഉള്ള ശബ്ദം അപ്പോള്‍ വളരെ താഴ്ന്നിരുന്നു. ചെറിയ പണിക്കു കൂടുതല്‍ പണം പറ്റിയതിന്റെ ചെറിയ ഒരു പിടിക്കരുതായ്കയുമായാണ് ഞങ്ങളുടെ നില്‍പ്പ്. ആകെ ഒരു മണിക്കൂര്‍ പണി, രണ്ടാളുകള്‍ , ഒരു ദിവസത്തെ മുഴുവന്‍ കൂലി .750 രൂപ . പൊട്ടിയ ഡ്രൈ നജ് പൈപ്പിന്റെ ലീക്ക്‌ മാറ്റണം ഒരു കഷ്ണം മുറിച്ചു പ്ലുംബര്മാര്‍ക്ക് മാത്രം അറിയാവുന്ന പശ വച്ചു ഒട്ടിക്കണം . അത് ചെയ്തു കഴിഞ്ഞു വാങ്ങിയ കൂലി , അത് കുറച്ചു കൂടി പോയില്ലേ എന്ന് ചോദിക്കാതെങ്ങനെ ..ഇതാണ് ചിന്ത.
അത് ചോദിക്കുന്നതിനു മുമ്പ് തന്നെ മുരുകന്‍ പറഞ്ഞു .രാവിലെ വാങ്ങി കൊണ്ടു പോയ ആയിരം രൂപയുടെ ബാക്കി തരാന്‍ ഇത്ര വൈകി രാത്രി പത്തു മണി വരെ നീണ്ടതെന്താണ് എന്ന് . അയാളുടെ ബന്ധു, വകയില്‍ ഒരമ്മാവന്‍ ,55 വയസ്സ് പ്രായം , നെയ്യാറ്റിന്‍ കരയിലെ ഒരാശുപത്രിയില്‍ അഞ്ചു ദിവസമായി കിടക്കുന്നു. വയറു വേദനയാണ് രോഗം .എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല , വേദന കൊണ്ടു പുളയുകയാണ്. ഇതിനകം തന്നെ 25,000 രൂപ ഡോക്ടര്‍ ക്കും മരുന്നിനു മായി ചിലവായി . ഇനി കിടക്കുന്ന വീട് വിറ്റാലെ കാശുള്ളു . അത് കൊണ്ടു ഈ വകയില്‍ അമ്മാമന്‍ കരയുന്ന കരച്ചിലിനെ പറ്റി കേട്ടു മുരുകന്‍ അയാളെ തിരുവനന്ത പുരം മെഡിക്കല്‍ കോളെജിലേക്ക് കൂട്ടികൊണ്ട് വന്നു . അവിടെ ചികിത്സ സൌജന്യ മാണല്ലോ ..
അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാത്രമെ വരാന്‍ കഴിഞ്ഞുള്ളൂ. "അമ്മാമനു
എന്താണ് ശരിക്കും അസുഖം ? ഞങ്ങള്‍ ചോദിച്ചു . "അതറിയില്ല ഡോക്ടര്‍ ഒന്നും പറഞ്ഞില്ല . നാളെ തന്നെ ഓപ്പ റേഷന്‍ വേണം എന്ന് പറഞ്ഞു . അതിന് ഡോക്ടര്‍ക്ക് ആയിരം രൂപ കൊടുത്തു .. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു മയക്കു ഡോക്ടര്‍ക്ക് ഒരഞ്ഞൂറു രൂപ കൊടുത്തേരെ എന്ന്'" ..അനസ്തേഷ്യ നല്കുന്ന ഡോക്ടര്‍ ആയിരിക്കണം .."അയാള്‍ക്കും വീട്ടില്‍ അത് കൊണ്ടു കൊടുത്തു" . എന്താ അസുഖം എന്ന് ഈ ഡോക്ടറും പറഞ്ഞില്ലേ എന്ന ചോദ്യത്തിന് മുരുകന് ഇതു മാത്രമായിരുന്നു മറുപടി. ഓപ്പ റേഷന്‍ കഴിഞ്ഞാലും അത് പിന്നെയും വേറെ എവിടെ യെങ്കിലും വരും എന്ന് ഡോക്ടര്‍ പറഞ്ഞു ..
അങ്ങനെ മുരുകന്റെ കയ്യിലെ കാശ് മുഴുവന്‍ ആ ഡോക്ടര്‍മാര്‍ വീതിച്ചെടുത്തു എന്ന് ചുരുക്കം ..പൊട്ടിയ പൈപ്പിന് പശ തേച്ചു മിനുക്കിയതിന് കിട്ടിയ കാശ് മുഴുവനും ചിലവായി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ഇനി എന്ത് ചോദിക്കാന്‍.

തിന്നാനെടുത്ത തൊണ്ടിപ്പഴം കിണറ്റില്‍ വീണു പോയ കാക്ക അതെടുത്ത് തരാന്‍ കൊല്ലനോടും , അതെടുത്ത് തരാന്‍ കൂട്ടാക്കാത്ത കൊല്ലനെ കടിക്കാന്‍ നായയോടും ,തൊണ്ടി പ്പഴം എടുതുതരാത്ത കൊല്ലനെ കടിക്കാത്ത നായയെ കുത്താന്‍ തേളി നോടും , അതിനുതയ്യാ റാകാത്ത തേളിനെ തല്ലാന്‍ ആനയോടും ,അതുകൂട്ടാക്കാത്ത ആനയെ കടിക്കാന്‍ കട്ട് ഉറുമ്പിനോടും ആവശ്യവും പ്പെടുന്നു കുട്ടി കഥയിലെ കാക്ക . അവസാനം കട്ട് ഉറുമ്പ്‌ ആനയെ കടിക്കാനും ആന തേളിനെ തല്ലാനും തേള് നായയെ കുത്താനും നായ കൊല്ലനെ കടിക്കാനും പേടിച്ച കൊല്ലന്‍ തൊണ്ടിപ്പഴം എടുക്കാനും തയ്യാറാവുന്നുണ്ട് കഥയില്‍ ...

കിണറ്റില്‍ പോയ തൊണ്ടി പ്പഴങ്ങള്‍..ഈ ജീവിതങ്ങള്‍... എന്റെയും നിന്റെയും ..അതെടുക്കാന്‍ കീടനാശിനിയില്‍ വിളയിച്ച പച്ചക്കറി യും അത് തിന്നു വയറിളക്കവും വയറു വേദനയും വന്ന അതിന് വേറെ മരുന്ന് തിന്നു കുടല്‍ കരിഞ്ഞ , കുടല്‍ കരിക്കുന്ന മരുന്ന് വിളയിക്കുന്ന മരുന്ന് കമ്പനിയെ കാണാത്ത , അങ്ങനെ യങ്ങനെ നീളുന്ന കഥയില്‍ ..ഏതെങ്കിലും കുരുടന്‍ പ്രത്യക്ഷപ്പെടും .അയാള്‍ ഏത് കിണറ്റിലെ ഏത് തൊണ്ടിപ്പഴം എടുക്കും ?

2 comments:

ശ്രീ said...

ശരിയാണ്.

അര്‍ഹതപ്പെട്ടതില്‍ അധികം കൂലി വാങ്ങിയത് ഉപകാരപ്പെടാതെ പോയി എന്നും വ്യാഖ്യാനിയ്ക്കാം അല്ലേ?

savi said...

ഗുണ പാഠമൊന്നും ഉദ്ദേശിച്ചിരുന്നില്ല :-) ഓരോരുത്തനും കുടുങ്ങി ക്കിടക്കുന്ന ട്രാപ്പുകള്‍ എന്നേ വിചാരിച്ചുള്ളൂ .. പ്രതികരണത്തിന് നന്ദി.