Saturday, September 26, 2009

ഒറ്റ പ്പറക്കല്‍ , ഒറ്റക്കുള്ളത് ..

മുമ്പ് കടല്‍കരയില്‍ വളരെ ധന ധാന്യങ്ങളുള്ള ഒരു വൈശ്യന്‍ വസിച്ചിരുന്നു . അവന്‍ യജ്ജ്വാവും ദാതാവും ക്ഷാന്തനും ,സല്ക്കര്‍മ്മവാനും ശുചിയുമായിരുന്നു .
വളരെ പുത്രന്മാര്‍ ഉള്ളവനും സന്താനങ്ങളോട് സ്നേഹമുള്ളവനും എല്ലാ ഭൂതങ്ങളിലും ദയാലുവുമായിരുന്നു. അവന്‍ ധര്മ്മിഷ്ഠ നായ രാജാവിന്റെ നാട്ടില്‍ ഭയം കൂടാതെ വസിച്ചു . അവന്റെ പ്രസിദ്ധരായ നന്ദനന്മാരുടെ എച്ചില്‍ തിന്നു ഒരു കാക്ക വളര്‍ന്നു . അവന് ആ വൈശ്യപുത്രര്‍ എപ്പോഴും മാംസം ചോറ് തൈര് പാല് നെയ്യ് തേന്‍ പായസം എന്നീ വിധം പലതും നല്കി കൊണ്ടിരുന്നു വൈശ്യ പുത്രന്മാര്‍ വളര്‍ത്തുന്ന ആ കാക്ക തന്നോടോപ്പ മുള്ളവരെയും തന്നേക്കാള്‍ മേലെയുള്ളവരെയും നിന്ദിച്ചു കൊണ്ടിരുന്നു .
ഒരു ദിവസം വളരെ അകലെനിന്നു കടല്‍ക്കരയില്‍ കുറെ അന്നങ്ങള്‍ വന്നു. ഗരു ഡാന്റെ ഗതിക്കു തുല്യരായിരുന്നു ആ ഹംസങ്ങള്‍ . ഈ അന്നങ്ങളെ കണ്ടപ്പോള്‍ ആ ബാലന്മാര്‍ കാക്കയോടു പറഞ്ഞു " അല്ലയോ കാക്കേ , നീയാണല്ലോ പക്ഷികളില്‍ വച്ചു മേലെ യായവാന്‍ "
അല്‍പ ബുദ്ധികളായ ആ കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ കാക്ക അതില്‍ വഞ്ചിതനായി. അവന്‍ മൌഢ്യം കൊണ്ടും ഗര്‍വു കൊണ്ടും അത് ശരിയാണെന്ന് വിചാരിച്ചു .എച്ചില്‍ തിന്നു ഗര്‍വിഷ്ടനായ കാക്ക ദൂരെ പോയി മടങ്ങുന്ന സമയത്തു അവരോട് ചെന്നു വാദിച്ചു . കാക്കക്ക് അവരില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നറിയണം എന്ന് ഒരാഗ്രഹം .
ദൂരെ പറക്കുന്ന അന്നങ്ങളുടെ യിടയില്‍ കണ്ട മുഖ്യനെ മത്സരത്തിന്നായി വിളിച്ചു ഒന്നു പറന്നു നോക്കണം എന്നായി . അങ്ങനെ ആ ജളന്‍ അരയന്നത്തെ മത്സരിച്ചു പറക്കാനായി വിളിച്ചു .ആ അന്നങ്ങള്‍ ഒത്തു ചേര്ന്നു കാക്കയുടെ വിഡ്ഢി ത്തമോര്‍ത്തു ചിരിച്ചു .പലതും പറയുന്ന കാക്കയോടു ആ ബലവാന്മാരായ ഹംസങ്ങള്‍ ,ആകാശത്തില്‍ സഞ്ചരിക്കുന്ന അന്നങ്ങള്‍ ,ഇപ്രകാരം പറഞ്ഞു

. അരയന്നങ്ങള്‍ പറഞ്ഞു " ഞങ്ങള്‍ മാനസ സരസ്സില്‍ വസിക്കുന്ന അരയന്നങ്ങള്‍ ആണ് . അവിടെ നിന്നു പറന്നു വന്നു ഞങ്ങള്‍ ഭൂമി ചുറ്റുകയാണ് . അതിദൂരം പറക്കുന്ന കാര്യത്തില്‍ പക്ഷികളായ ഞങ്ങള്‍ ലോകരുടെ പ്രശംസക്ക് പാത്രീ ഭാവിച്ചവര്‍ ആണ് . ദൂരെ പറക്കുവാന്‍ കഴിവുള്ള ചക്രാങനായ ഹംസത്തോട്‌ മത്സരിച്ചു പറക്കുവാനാണോ വിഡ്ഢിയായ കാക്കേ നീ വിളിക്കുന്നത് ? എടൊ കാക്കേ , നീ പറയൂ , എങ്ങനെയാണ് നീ ഞങ്ങളോടൊപ്പം പറക്കുകയെന്നു '
ഹംസം പറഞ്ഞത് കേട്ടു മൂഡ നായ കാക്ക ,ധിക്കാരത്തോടെ ,മേനി പറയുന്നവനായ കാക്ക ,തന്റെ ജാതിയുടെ ലാഘവത്തിനു ചേര്ന്ന മട്ടില്‍ ഉത്തരം പറഞ്ഞു "
കാക്ക പറഞ്ഞു " എടൊ ഹംസമേ ; എനിക്ക് എത്രമാതിരി പറക്കാമെന്നു നിനക്കറിയുമോ " നൂറ്റൊന്നു തരത്തില്‍ എനിക്ക് പറക്കാനറിയാം. ഓരോ പറക്കലും നൂറു യോജന വീതം , അതോ വിചിത്ര മായ മട്ടില്‍ . എങ്ങനെയാണ് അതിന്റെ മാതിരിയെന്നു പറയാം . ഉദ്ദീനം , അവഡി നം, പ്രഡീനം , ഡീനം , നിഡീനം , അസഡീനം , തിര്യക്ക്‌ ഡീനങ്ങള്‍ ,വിഡീനം ,പരിഡീനം ,പരാഡീനം, സുഡീനം ........................................ഡീ ന ഡീ നം , സന്‍ഡീനോഡീനഡീനം ..വീഴലും പൊങ്ങലും , പിന്നെയും പലമാതിരി , പ്രതി ഗതം , ആശംഖ്യം നികുലീനം ഇവയൊക്കെ നിങ്ങള്‍ കാണ്‍കെ ഞാന്‍ ചെയ്യാം .എന്റെ ബലം നിങ്ങള്‍ കാണുവിന്‍ ! ഈ പലമാതിരിയുള്ള പറക്കലില്‍ ഒരു വിദ്യയെടുത്തു ഞാന്‍ ഇപ്പോള്‍ ആകാശത്തില്‍ പറക്കാം .അന്നങ്ങളെ ,മുറയ്ക്ക് പുറപ്പെടാം . ഞാന്‍ ആരോടോപ്പമാണ് പറക്കേണ്ടത് ? നിങ്ങള്‍ തീര്‍ച്ചപ്പെടുത്തി എന്നോടൊപ്പം പറക്കാന്‍ വരിക . നില കിട്ടാത്ത ആകാശത്ത് ഈ പറഞ്ഞ മാതിരി പറക്കുവാന്‍ സന്ന്ധനാണ് ഞാന്‍ .
ഇപ്രകാരം കാക്ക പറഞ്ഞപ്പോള്‍ ഒരു അരയന്നം ചിരിച്ചു കൊണ്ടു കാക്കയോടു പറഞ്ഞു " എടൊ രാധേയ , അതും നീ കേട്ടു കൊള്ളുക "
അരയന്നം പറഞ്ഞു " എടൊ കാക്കേ നീ തീര്ച്ചയായും നൂറ്റൊന്നു മാതിരി പറക്കു മെന്നു പറഞ്ഞു വല്ലോ . മറ്റു പക്ഷികള്‍ക്ക് ഈ വിദ്യയൊന്നും അറിയുകയില്ല .അവര്ക്കു ഒറ്റ പറക്കലെ അറിയുകയുള്ളൂ . ഞാന്‍ പറക്കാം . വെറും പറക്കല്‍ മാത്രം . വേറെയൊന്നും എനിക്കറിഞ്ഞു കൂടാ .അല്ലയോ രക്താക്ഷാ ,! മഹാശയാ , നീ നിന്റെ ബോധ്യ പ്രകാരം പറക്കുക ' അവിടെ കൂടിയിരിക്കുന്ന കാക്കകളൊക്കെ ഹംസത്തിന്റെ വാക്കു കേട്ടു നിന്ദാ പൂര്‍വ്വം ചിരിച്ചു ' ഒറ്റവിധതിലുള്ള പറക്കല്‍ കൊണ്ടു ഹംസം എങ്ങനെ ജയിക്കാനാണ് ? നൂറു വിധം പറക്കാന്‍ അറിയാവുന്ന കാക്കയെ ഒപ്പം പറക്കുന്ന ഹംസത്തിന്റെ കുതി ഒറ്റക്കുതി കൊണ്ടു ലഘുവിക്രമനും ബലവാനുമായ കാക്ക ജയിച്ചു കളയും "
അന്നവും കാക്കയും പിന്നെ മത്സരിച്ചു പറന്നു .ചക്രാം ഗന് ഒറ്റ ക്കുതി കുതിച്ചു . കാക്ക നൂറു കുതി കുതിച്ചു . അങ്ങനെ ചക്രാം ഗനും പറന്നു കാക്കയും പറന്നു .പതനങ്ങ ളാല്‍ വിസ്മരിക്കുന്ന മാതിരി തന്റെ ഓരോ ക്രിയയും വിളിച്ചു പറഞ്ഞു കാക്ക പറന്നു . വീണ്ടും വീണ്ടും കാക്കയുടെ വിചിത്രമായ പതനങ്ങള്‍ കണ്ടു ഉച്ച സ്വരത്തില്‍ കാക്കകള്‍ അഭിനന്ദിച്ചു ആര്‍ത്തു . . ഹംസങ്ങളെ പരിഹസിച്ചു കൊണ്ട് വിപ്രിയമായ വാക്കുകള്‍ പറഞ്ഞു . മോഹൂര്‍ത്ത സമയം കാക്ക ഇങ്ങനെ , ഇങ്ങനെ ഇങ്ങനെ , അങ്ങനെ എന്ന് പറഞ്ഞു പലമട്ടില്‍ പറന്നു. മരത്തില്‍ നിന്നു താഴോട്ടുതാഴെ നിന്നു മരത്തിലെക്കും പറന്നും കുതിച്ചും വീണും പല ഘോഷങ്ങള്‍ കൂട്ടി ജയത്തിനായി പ്രാര്‍ത്ഥിച്ചു . അപ്പോള്‍ ഹംസം മെല്ലെ കുതിച്ചു പറക്കാന്‍ തുടങ്ങി . കാക്കയെക്കാള്‍ മുഹൂര്‍ത്ത സമയം താഴെ നിന്നു . മറ്റു ഹംസങ്ങള്‍ അവരോട് ഇപ്രകാരം പറഞ്ഞു ' ഈ പറക്കുന്ന ഹംസം ഇപ്രകാരമാണ് പറക്കുന്നത് ,അതില്‍ നിങ്ങള്‍ ക്ഷമിക്കണം ' എന്ന് പറഞ്ഞ ഉടനെ ഹംസം നേരെ പടിഞ്ഞാട്ടു മകരാലയമായ സമുദ്രത്ത്തിന്നടുത്തു കൂടി മുകള്‍ ഭാഗത്തൂടെ പറന്നു. അത് കണ്ടു ഭയപ്പെട്ടു ഉഴന്ന കാക്ക ഹംസത്തിന്റെ ഒപ്പം കുറച്ചു ദൂരം പറന്നു വിഷമിച്ചു .ദ്വീപും മരങ്ങളും കാണാതെ ,ഇരിക്കുവാന്‍ കഴിയാതെ ,അവന്‍ തളര്‍ന്നു .'കടല്‍ നിറയെ വെള്ളം തന്നെ ! ഞാന്‍ തളര്‍ന്നു പോയി .ഇനി എസിടെ ഒന്നു ചെന്നിരിക്കും ? വളരെ ജന്തുക്കള്‍ നിറഞ്ഞ ഈ കടല്‍ അവിസഹ്യം തന്നെ, സഹിച്ചു കൂടാ. മഹാ ജന്തുക്കള്‍ നിറഞ്ഞു ആകാശത്തേക്കാള്‍ മെച്ചപ്പെട്ടു കടല്‍ വിളങ്ങുന്നു . വെള്ളം ,ആകാശം ദിക്ക് ഇവയില്‍ അബ്ദി വാസികള്‍ പോലും അറ്റം കാണുന്നില്ല .പിന്നെ വെള്ളത്തില്‍ അല്‍പ്പ ദൂരം പറന്ന കാക്ക എന്ത് കാണാന്‍ .? മുഹൂര്‍ത്ത സമയം ഇമ്മട്ട് ഇമ്മട്ട് എന്ന് പറഞ്ഞു കാക പറന്നു . ഹംസ മാണെങ്കില്‍ മുന്നിട്ടു കടന്നു .ഹംസം കാക്കയെ തിരിഞ്ഞു നോക്കി . അവന്‍ അവശനായത് കണ്ടു അവനെ വിട്ടു പോകുവാന്‍ ഹംസം ഒരുങ്ങിയില്ല .ഹംസങ്ങള്‍ മുന്നിട്ടു കടന്നു വീണ്ടും ആ കാക്കയെ തിരിഞ്ഞു നോക്കി .അപ്പോള്‍ കാക്ക വിചാരിച്ചു . ഹംസങ്ങള്‍ എന്നെ കടന്നു പോവുകയില്ലെന്നു . പിന്നെ കാക്ക വളരെ ഏറെ ക്ഷീണിച്ചു ഹംസത്തിന്റെ അടുത്തെത്തി . തളര്‍ന്ന വശനായ കാക്കയെ നോക്കി ഹംസം , താഴ്ന്നു പോകുന്നവരെ പൊറുക്കുന്ന താണല്ലോ സജ്ജന വ്രതമെന്നു വിചാരിച്ചു ,ഇപ്രകാരം ചോദിച്ചു.
അരയന്നം പറഞ്ഞു " എടൊ കാക്കേ , പലമട്ടില്‍ ഉള്ള കുതികളെ വീണ്ടും വീണ്ടും പറഞ്ഞ നീ ഗൂഡ മായ മുറ യൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ .ഇപ്പോള്‍ നീ കുതിക്കുന്ന കുതി ഏതു മട്ടില്‍ ഉള്ളതാണ് " ...................................................................................................................................................................അല്ലയോ ഹംസമേ....ഞാന്‍ ആരെയും നിന്ദി ക്കുകയില്ല ..കടലില്‍ നിന്നു എന്നെ നീ കയറ്റി വിടണം "

..വെള്ളത്തില്‍ മുങ്ങി അഴക്‌ പോയ കാക്കയെ ,വിറയ്ക്കുന്ന ആ കാക്കയെ അരയന്നം ഒന്നും മിണ്ടാതെ കാല്‍ കൊണ്ട് പൊക്കി പുറത്തു കയറ്റി ..കാക്ക തളര്‍ന്നു മയങ്ങുമ്പോള്‍ പുറത്തു കയറ്റി .മത്സരിച്ചു പറക്കാന്‍ തുടങ്ങിയ ആ കാക്കയേയും താങ്ങി ഒരു ദ്വീപില്‍ കൊണ്ടിറക്കി ..താഴത്ത് ഇറക്കിയതിനു ശേഷം കാക്കയെ നല്ല വാക്കു പറഞ്ഞു സമാശ്വസിപ്പിച്ചു .പിന്നെ അരയന്നം ക്ഷണത്തില്‍ ഇഷ്ട പ്പെട്ട ദിക്കിലേക്ക് പറക്കുകയും ചെയ്തു ....

(വ്യാസ മഹാഭാരതത്തില്‍ നിന്ന്)


Thursday, September 24, 2009

അങ്ങാടിയില്‍ ജയിച്ചതിനാല്‍

അങ്ങാടിയില്‍ ജയിച്ചതിനാല്‍
ഇനിയെനിക്ക്

അമ്മയോടും കലഹിക്കാനില്ല്ല ,
കുട്ടികള്‍ ,കസേരകള്‍ , പാത്രങ്ങള്‍
കിളി ചിലക്കുന്ന പുലരികള്‍
ആകാശം അവാര്‍ഡ്‌ ആത്മ പീഡ,
ചുറ്റും മതിലുള്ള വീട്
മാല ചിരി ചെരുപ്പ് ,
അടിവച്ചടിവച്ചു
ഞാന്‍ എങ്ങോട്ട് തിരിയണം ?

.പുരസ്കാരങ്ങളുടെ കുട ചൂടി
ഒരു പട്ടണ പ്രദക്ഷിണം?
സേവനത്തിന്റെ പാതയില്‍
ദീര്‍ഘ ദൂര സഞ്ചാരം?
ആയുരാരോഗ്യങ്ങള്‍ക്ക്
പാലാഴിയില്‍ മുങ്ങിക്കുളി ?
ഈ ജീവിതം കൊണ്ട്
ഇനി എന്ത് ചെയ്യണം?


പാളത്തില്‍ തല ചേര്‍ത്ത സുഹൃത്തിന്റെ മോഹമോ
വിശപ്പ്‌ കൊണ്ട് ചത്ത ശിശുവിന്റെ പ്രേതമോ
ഇപ്പോള്‍
ഇടറുന്ന സ്മരണയല്ല
പോരാട്ടങ്ങളില്‍ മരിച്ചവരുടെ സ്വപ്‌നങ്ങള്‍
ഇപ്പോള്‍
ഇരമ്പുന്ന സ്മരണയല്ല .

നാര്‍സിസസ്സിനു
നീല തടാകത്തിലെന്ന പോലെ
എനിക്ക്
ദൂര ദര്‍ശനത്തില്‍ ആത്മ ദര്‍ശനം
ഈ ജീവിതം കൊണ്ട് ഇനിയെന്ത് ചെയ്യണം?

കാറ്റില്‍ വൃന്ദാവന ഗാനം
കാല്‍ ചിലമ്പൊലി
സിന്ധു ഭൈരവി
ഇനി
നഗര മധ്യത്തില്‍
എനിക്കൊരു പ്രതിമയാകണം
അങ്ങാടിയില്‍ ജയിച്ചതിനാല്‍............

- 1990


-(സാവിത്രി രാജീവന്റെ കവിതകള്‍ )

Wednesday, September 23, 2009

ബാംഗ്ലൂരില്‍ നാലു ദിവസം

ബാംഗ്ലൂരില്‍ നിന്നു ഇന്നെത്തി. കവി സമ്മേളനവും ,ബിഹു , മണിപ്പുരി നൃത്തവും എല്ലാം നന്നായി. ബാംഗ്ലൂരില്‍ വച്ചു പരിചയപ്പെട്ട ബുദ്ധി ജീവികള്‍ അല്ലാത്തവര്‍ എന്റെ മനം മടുപ്പിച്ചില്ല മറിച്ച് സന്തോഷിപ്പിച്ചു. അതിനര്‍ത്ഥം ബുദ്ധി ജീവികള്‍ വല്ലാതെ മടുപ്പിച്ചു എന്നല്ല എന്ന് വേണമെങ്കില്‍ പറയാം. പറഞ്ഞില്ലെങ്കിലും വിരോധമില്ല.
ഇപ്പോള്‍ ബുദ്ധിജീവികള്‍ അല്ല എന്റെ വിഷയം. ചെറിയ ഒരു തമാശ യാണ്.
ബാംഗ്ലൂരില്‍ വൈകുന്നേരം ആറു മണിക്ക് മുന്പേ എത്തേണ്ട വിമാനം വൈകി എട്ടരക്ക് ആണ് എത്തിയത്. വിമാനത്താവളവും പരിസരവും, എനിക്കായി സാഹിത്യ അക്കാദമി ബുക്ക്‌ ചെയ്ത്‌ ഹോട്ടലിലേക്ക് ഉള്ള ദൂരവും അത്ര നിശ്ചയം പോര . നേരെ ഹോട്ടലിലേക്ക് വന്നോളൂ എന്നാണ് കത്തില്‍. തന്ന ഫോണ്‍ നമ്പര്‍ പകല്‍ മാത്രം കിട്ടുന്നതും. ഇക്കാലത്തും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ മറക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അതിലൊരാള്‍ ഞാനാകണം.
അങ്ങനെ മൌഢ്യം പിടിച്ചു എന്ത് ചെയ്യണം എന്ന ആലോചനയില്‍ ,വിമാന താവളത്തിലെ തന്നെ ആരോടെങ്കിലും ഹോട്ടലിലേക്കുള്ള ദൂരവും മറ്റും ചോദിച്ചു , ടാക്സിയില്‍ പോകാം എന്ന് തീരുമാനിച്ചു.
ആ നില്‍പ്പില്‍ നോക്കുമ്പോള്‍ ഉണ്ട് ഒരു സെക്യൂരിറ്റി യൂണിഫോമില്‍ ഉള്ള ഒരാള്‍ , വിമാനത്തില്‍ വന്നിറങ്ങിയ ഒരാളോട് അയാള്‍ ചോദിച്ച വിവരങ്ങള്‍ പറയുന്നു. അതും മലയാളത്തില്‍. ഓ ! രക്ഷ പെട്ടു മലയാളി. അയാളോട് ചോദിച്ചാല്‍ തീര്ച്ചയായും എങ്ങനെ ഈ പറഞ്ഞ ഹോട്ടലില്‍ എത്തിപ്പെടാം എന്ന് പറഞ്ഞു തരാതിരിക്കില്ല .. ഞാന്‍ ഉറപ്പിച്ചു . അയാളുടെ അടുത്ത് ചെന്നു ചോദിച്ചു.. 'ക്ഷമിക്കണം .. ഈ കത്തില്‍ പറയുന്ന സ്ഥലം എവിടെയാണെന്ന് , എങ്ങനെ അവിടെ എത്താം എന്ന് ഒന്നു പറഞ്ഞു തരാമോ.". മലയാളത്തിലാണ് ചോദിച്ചത്... അയാള്‍ കേട്ടു കേട്ടില്ല എന്ന ഭാവത്തില്‍ , തനിക്ക് മലയാളം ഒരു നിശ്ചയവും ഇല്ലെന്ന മട്ടില്‍ കത്തില്‍ കണ്ണോടിച്ചു എന്ന് വരുത്തി ഹിന്ദിയില്‍ പറഞ്ഞു ..ആപ് ഉധര്‍ ജാവോ...കിസിസേ പൂച്ചോ...
അവിടെ പോയാലും ഇവിടെ പോയാലും മലയാളിയില്‍ നിന്നു ഏതെങ്കിലും വിധത്തില്‍ സഹായ മോ സഹകരണമോ കിട്ടും എന്ന് പ്രതീക്ഷിച്ച എന്നെ പോലൊരു കഴുത" എന്ന് സ്വയം കുറ്റ പ്പെടുത്തുക യല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും ഇടത്തോട്ടു നടന്നപ്പോള്‍ കണ്ട അക്ബര്‍ ട്രാവല്‍സ്‌ കാര്‍ , തൊള്ളായിരം രൂപയ്ക്കു എന്നെ ഹോട്ടലില്‍ എത്തിച്ചു. അതിനുള്ള രശീതും തന്നു.

പക്ഷെ ; ഞാന്‍ പങ്കെടുത്ത സമ്മേളനത്തില്‍ കണ്ട കാഴ്ചയോ..പല സംസ്ഥാനങ്ങളില്‍ നിന്നു വന്ന പലതരം ബുദ്ധിജീവികള്‍ അവരവരുടെ സംസ്ഥാനക്കാരെ ,അവരവരുടെ കവികളെ, അവരവരുടെ ഭാഷയെ, പുകഴ്ത്തി സമ്മേളനത്തില്‍ ഉടനീളം കോള്‍മയിര്‍ കൊണ്ടത് എന്നെ ലജ്ജിപ്പിക്കുന്നു ....എന്തിനെന്ന് അറിയാതെ ...എന്റെ മലയാള കവിത കേള്‍ക്കാന്‍ ആരുമില്ലെന്നത് എന്നെ ഒട്ടും ദു:ഖിപ്പിച്ചില്ല. അത് ഇന്ത്യയില്‍ പല സംസ്ഥാനത്തും നടന്ന , പലകാലത്തും നടന്ന , ഞാന്‍ മാത്രമല്ല, പഴയ മഹാകവികളടക്കമുള്ളവര്‍ സംബന്ധിക്കുന്ന വേദി പങ്കിട്ട കാലത്തും ഉണ്ടായിട്ടില്ല.
എന്തിന് ഞാന്‍ മലയാള ഭാഷയെയോ മലയാളിയെയോ ഓര്ത്തു ക്ലേശി.ക്കണം ? അത് മാത്ര മല്ല ചാവാന്‍ പോകുന്ന ഒരു ഭാഷയില്‍ കവിത എഴുതിയിട്ട എന്ത് കാര്യം ?
നമ്മുടെ പുതിയ വിദ്യാഭ്യാസ പരിഷ്കരണത്തില്‍ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒരു പഠന ഭാഷ എന്ന നിലയില്‍ മലയാളം മാറ്റ പെടുകയാണ്. ഇനി കുട്ടികളുടെ നാവില്‍ മലയാള ഭാഷ വിളയാടിയാല്‍ നിങ്ങള്‍ അത്ഭുത പെടും.
അതിന്റ ലിപി മറന്നു പോകുമ്പോള്‍ അത് പഴയ കൊങ്ങിണി യുടെ പദവിയിലേക്ക് തള്ളപ്പെടും ലിപിയില്ലാത്ത ഭാഷ. പക്ഷെ വളരെ ന്യൂന പക്ഷമായ കൊങ്ങിണി യും ബോഡോ യും ഇപ്പോള്‍ അവരുടെ ഭാഷയെ കേന്ദ്ര സര്‍ക്കാ റിനെ കൊണ്ടു അംഗീകരിപ്പിച്ചു. അവയ്ക്ക് ലിപി പുതുതായി (? ) ഉണ്ടാക്കി അല്ലെങ്കില്‍ ആ ലിപികളെ വിസിബിള്‍ ആക്കി , എന്നിട്ടോ ആ ഭാഷയില്‍ ഉള്ള കവികള്‍ അത്യാഹ്ലാദത്തോടെ അവരുടെ കവിതകള്‍ ഞാന്‍ കൂടി പങ്കെടുത്ത കവിതാ അവതരണ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

മലയാള ഭാഷ ആര്‍ക്കു വേണം .അതറിയുന്നവരെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളിലേക്കു നാടുകടത്തി ശിക്ഷിക്കുന്ന കാലം വരുമോ എന്ന് ഞാന്‍ ഇപ്പോള്‍ ഭയപ്പെടുന്നു.


Saturday, September 19, 2009

ഒരു കുട്ടിക്കഥ

ഇന്നും പുറത്തെ മരക്കൊമ്പില്‍ പുലരാന്‍ നേരത്ത് ആ കിളി ചിലച്ചു നല്ല ഈണത്തില്‍ തന്നെയാണ്. അതിന് ഒരു കരച്ചിലിന്റെ ഛായ ഉണ്ടോ? പാട്ടിന്റെ ഈണമല്ല. ഇനി മുത്തശ്ശി പറഞ്ഞതു വാസ്തവം തന്നെ ആകുമോ. ? എത്രകാലമായി മുത്തശ്ശി കിളിയുടെ കഥ പറഞ്ഞു തന്നിട്ട് ..രണ്ടു മൂന്നു കൊല്ലമായിട്ടുണ്ടാകും കുട്ടി വിചാരിച്ചു . മുത്തശ്ശി എത്ര കഥയാണ്‌ പറഞ്ഞു തന്നിട്ടുള്ളത് . ഇപ്പൊ മൂന്നാം ക്ലാസിലായി . കഥ കേള്‍ക്കേണ്ട പ്രായം കഴിഞ്ഞു എന്ന് അമ്മ ചീത്ത പറയും . കൂനി ക്കൂടി രുദ്രാക്ഷവും പിടിച്ചിരുന്നു നാമം ചൊല്ലി കൊണ്ടേയിരിക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നിരിക്കുന്നത് കണ്ടാല്‍ തന്നെ അമ്മക്ക് ദ്രാന്ത് വരുന്നതു എന്ത് കൊണ്ടാണ് ? കുട്ടിക്ക് ചിലപ്പോഴൊന്നും അമ്മയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടാറില്ല . പാവമാണ് മുത്തശ്ശി. വയ്യാതായി . എന്നിട്ടും തനിക്ക് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാനും എരിവില്ലാത്ത ചട്ണി അരക്കാനും ഒക്കെ അമ്മയെ സഹായിക്കും.മുത്തശ്ശി യോട് മിണ്ടരുത് എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല .എങ്കിലും പോയിരുന്നു പഠിക്ക് എന്ന് മുത്തശ്ശിയെ തൊട്ടുരുമ്മി ഇരിക്കുമ്പോള്‍ തന്നെ പറയുന്നതെന്തിനാ. കുട്ടിക്ക് ഒരു കഥ കേള്‍ക്കണം എന്ന് തോന്നി. ആ പഴയ കഥ തന്നെ മതി . വെളുപ്പാന്‍ കാലത്തും സന്ധ്യ നേരത്തും വിളക്ക് കൊളുത്തൂ വിളക്ക് കൊളുത്തൂ എന്ന് ഉച്ചത്തില്‍ ചിലക്കുന്ന ആ കിളിയുടെ ഊഴം കഴിഞ്ഞാല്‍ ഉടന്‍ കരഞ്ഞു തുടങ്ങുന്ന ഇട്ടിചിരിക്കുട്ടിയുടെ കിളിയുടെ കഥ.
കുട്ടി പതുക്കെ മുത്തശ്ശി യുടെ മുറി ലക്ഷ്യമാക്കി നടന്നു . അമ്മ കണ്ടില്ല. ഭാഗ്യം ! അല്ലെങ്കില്‍ " എവിടെക്കാ.. നിനക്കു വേറെ പണിയൊന്നു മില്ലെ. ഹോം വര്‍ക്ക്‌ ചെയ്തു കഴിഞ്ഞോ".. എന്ന് ഒന്നിന് പിറകെ ഒന്നായി ചോദ്യം തുടങ്ങും . മുത്തശ്ശി കുട്ടിയെ കണ്ടതും കട്ടിലില്‍ എഴുന്നേറ്റിരുന്നു. 'എത്ര ദിവസമായി മുത്തശ്ശിയുടെ കുട്ടിയെ ഒന്നു കണ്ടിട്ടും തൊട്ടിട്ടും' എന്ന് ഉരുവിട്ട് കൈ പിടിചു. തണുത്ത കയ്യില്‍ തലോടി കുട്ടി പറഞ്ഞു. 'മുത്തശ്ശി എനിക്ക് കിളിയുടെ കഥ കേള്‍ക്കണം'. 'ഏത് കിളിയുടെ" മുത്തശ്ശി ക്ക് അനേകം കിളികളുടെ കഥകള്‍ അറിയാം .അവ തന്നെ ചെറുപ്പത്തില്‍ മുത്തശ്ശിയോടു പറഞ്ഞാണത്രേ. തന്നോടു കിളികള്‍ അങ്ങനെ ഒന്നും പറയാത്ത തു എന്താണാവോ. . കുട്ടിക്ക് വിഷമം തോന്നി.
അവരോട് താനും ഒന്നും മിണ്ടാരില്ലല്ലോ . അത് കൊണ്ടാവും . കുട്ടി സ്വയം സമാധാനിച്ചു .അല്ലാതെ അവര്‍ക്ക് തന്നോടു ദേഷ്യമൊന്നും ഉണ്ടാവില്ല.

' എന്താ കുട്ടി ഇങ്ങനെ ഓര്‍ത്ത് കൊണ്ടിരിക്കുന്നത്‌..ഈ ചെറിയ

തലേലെന്താ നിറച്ചിരിക്കുന്നത്? " കുട്ടിയെ മുത്തശ്ശി 'കുട്ട്യേ ' എന്നെ വിളിക്ക്. മോളെ തുടങ്ങിയ പരിഷ്കാര വിളി കള്‍ ഒന്നും മുത്തശ്ശിക്ക് വഴങ്ങില്ല. ആ 'കുട്ട്യേ' വിളിക്ക് ' മോളേ' വിളിയേക്കാള്‍ ഭംഗിയും കുട്ടിക്ക് തോന്നാറുണ്ട്.
അമ്മ വരുന്നതിനു മുന്പ് ആ കഥ ഒന്നു കൂടി പറയു മുത്തശ്ശി .ഇട്ടിച്ചിരികുട്ടിയുടെ കഥ... ആവാലോ . മുത്തശ്ശി വൈകിക്കാതെ പറയാന്‍ തുടങ്ങി. 'ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടീടെ പേരെന്താ ന്നറിയാലോ. ? ഉം ഇട്ടിച്ചിരി കുട്ടി " ആ അത് തന്നെ . ഇട്ടിച്ചിരി കുട്ടി...ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും ഒരു വര്‍ഷകാലത്ത് പുഴ കടക്കുമ്പോള്‍ പുഴ വെള്ളത്തില്‍ ഒലിച്ചു
പോയതാണ്. എന്തിനാ അവര്‍ മഴയത്ത് പുഴയില്‍ പോയത്? കുട്ടി ചോദിച്ചു. അവര്‍ പാടത്ത് പണി യും കഴിഞ്ഞു വരുകയായിരുന്നു. വീട്ടില്‍ വരുന്നതിനു മുമ്പ് ഒന്നു കുളിക്കാം എന്ന് കരുതി ..പാവം അത്രയേ ആയുസ്സ് ഉള്ളു ; അല്ലെങ്കില്‍ ഒരു വലിയ ഒഴുക്ക് വന്നു അവരെ കൊണ്ടു പോണോ. എത്ര പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടായിരുന്നു കുളിക്കാന്‍.
' ഉം പാവം .. ഇട്ടിച്ചിരി കുട്ടി എവിടെയാ അപ്പൊ? കുട്ടി ചോദിച്ചു ഇട്ടിച്ചിരി കുട്ടി വയസായ മുത്തശ്ശീടെ അടുത്ത് ..ഇത്തിരിയെ ഉള്ളു ഇട്ടിച്ചിരി .രണ്ടു വയസ്സ്." കുട്ടി മുത്തശ്ശിയുടെ മടിയിലിരിക്കുന്ന കുഞ്ഞു ഇട്ടിച്ചിരി കുട്ട്യേ മനസ്സില്‍ കണ്ടു..മുത്തശ്ശിയും ഇട്ടിചിരിക്കുട്ട്യും അങ്ങനെ കഷ്ട പ്പെട്ടു ആയി പിന്നെ ജീവിതം . ആളുകളൊന്നും തിരിഞ്ഞു നോക്കില്ല. എന്തെങ്കിലും സഹായിക്കേണ്ടി വന്നാലോ എന്നാ..ആകെ പിന്നെ വര്‍ത്താനം പറയാനും സങ്കടം പറയാനും കുറച്ചു കോഴീം ഒരാടും ഒരു പൂച്ചേം പിന്നെ കുറെ കിളികളും മാത്രം. മുത്തശ്ശി അവരോടൊക്കെ തന്റെ സങ്കടം പറഞ്ഞു തീര്‍ത്തു .ഇട്ടിചിരിക്കുട്ടി കുഞ്ഞായത് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല
കുട്ടി വീണ്ടും ചിന്തയിലാണ്ടു .എന്നോട് ഈ പറഞ്ഞ ഒരു കിളിയും വഴിയില്‍ കാണുന്ന ആടും ഒരു പൂച്ച പോലും മിണ്ടാതതെന്താണ്.? വര്‍ത്തമാനങ്ങള്‍ പറയാതതെന്താണ്? മുറ്റത്തെ മരത്തിലെ കിളികള്‍ ഇട്ടിചിരികുട്ടിയോടു പറഞ്ഞത് പോലെ തന്നോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കില്‍ എന്ന് കുട്ടി അതിയായിമോഹിച്ചു.

കുട്ടിയുടെ മനസ്സു അറിഞ്ഞിട്ടെന്ന പോലെ മുത്തശ്തി പറഞ്ഞു.കിളികളല്ലേ? ഇനിയും വര്‍ത്താനം പറയാല്ലോ .അവര് മിണ്ടും ... ഒരു കഥല്യാതോരാ അവറ്റ ... നമ്മളെ പോലെ അല്ല . മൂക്കത്താ ദേഷ്യം .....കുറച്ചു പേടീം കൂടുതലാ . അത്രയ്ക്ക് ആളോളെവിശ്വസോം ഇല്യ.."
ഇത്രയൊക്കെ കാര്യങ്ങള്‍ മുത്തശ്ശിക്ക് കിളികളെ പറ്റി അറിയാം എന്ന് കണ്ടു കുട്ടി അതിശയിച്ചു . അമ്മക്ക് ഇതൊന്നും അറിയില്ല. അമ്മ കിളികളോട് ഒരിക്കലും സംസാരിച്ചിട്ടുണ്ടാവില്ല.
എന്നിട്ട് പറയൂ ..കുട്ടി കഥയുടെ ബാക്കി കേള്‍ക്കാന്‍ ആര്‍ത്തിയായി.
'ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും പുഴയില്‍ ഒഴുകി പോയപ്പോ ഇട്ടിച്ചിരികുട്ടിക്ക് മുത്തശ്ശി മാത്രായി.. മുത്തശ്ശി അവളെ കണ്ണിലെ കൃഷ്ണ മണി പ്പോലെ നോക്കി.. കഷ്ടം എന്നല്ലാതെ എന്താ പറയ്യാ ..മുത്തശ്ശി ഇട്ടിച്ചിരി കുട്ടിക്ക് അഞ്ചു വയസ്സ് തികയുന്ന അന്ന് മരിച്ചു ..പാവം നോക്കാന്‍ ആരും ഇല്ലതായില്ലേ.. വീടാനെന്കിലോ. ഒരു വല്യ മരത്തിന്റെ ചോട്ടിലെ ചെറിയ ഒരു കുടിലാണ്. വല്യ മരം ള്ളത് കൊണ്ടാണ് അതില്‍ വെള്ളം അത്രയ്ക്ക് കേറാ ത്തത് . ഇട്ടിച്ചിരി കുട്ടിവിശന്നപ്പോ എന്ത് ചെയ്തു ന്നോ ആ വല്യ മരത്തിന്റെ കായ തിന്നു.. വെള്ളോം കുടിച്ചു. ചിലപ്പോ കാട്ടിലോ അടുത്തുള്ള പറമ്പിലോ സ്വന്തം പറമ്പിലോ ഒക്കെ നടന്നു മാങ്ങ കാലത്തു മാങ്ങയും ചക്ക കാലത്തു ചക്കയും തിന്നു. ഇട്ടിച്ചിരി കുട്ടിയുടെ യുടെ പറമ്പില്‍ മാവും പ്ലാവും തെങ്ങും ഈ പറഞ്ഞ വലിയ മരവും ഉണ്ടായിരുമന്നു. ആ വലിയ മരത്തിലാണ് മുത്തശ്ശി പറഞ്ഞ കിളിയുടെ താമസം. എത്രയോ കാലമായി അത് ആ മരത്തിന്റെ മോളില്‍ കൂട് വെച്ചാണ് താമസം എന്നറിയോ. കിളിക്ക് തന്നെ അറിയില്ല. അല്ലെങ്കില്‍ തന്നെ കിളിക്കുണ്ടോ കൊല്ലവും വര്ഷം കലണ്ടര് ഒക്കെ. എന്നാലും ഇട്ടിച്ചിരി കുട്ടിയുടെ അമ്മയും അച്ഛനും പുഴയിലോഴുകി പോയതും ആളുകള്‍ വീട്ടില്‍ വന്നതും മുത്തശ്ശി ഉറക്കെ കരഞാതും കിളി കേട്ടിരുന്നു. ഇത്തിരി പോന്ന ഇട്ടിച്ചിരി യെ ചിലര്‍ പ്രാകുന്നതും ..സങ്കടത്തോടെ നോക്കുന്നതും അത് കണ്ടു..കിളിക്ക് എന്ത് തോന്നി എന്നോ.. ആ കുട്ടിക്ക് ഇനി ആര് മില്ല. ഈ അമ്മാമ്മ യെ കൊണ്ടു എന്ത് ചെയ്യാനാ. ഞാനും അതിനെ സഹായിക്കും . .."എന്നിട്ട് കിളി സഹായിച്ചോ"
.. ഉം ..പിന്നെ അതിനു കഴിയുന്നതുപോലെ ഒക്കെ .മുത്തശ്ശി പറഞ്ഞു. ; ചിലപോ ചില നല്ല ജാതി പഴങ്ങള്‍ കൊക്കില്‍ തൂക്കി കൊണ്ടു വന്നു മുറ്റത്ത്‌ ഇട്ടു കൊടുക്കും ..മുത്തശ്ശി അതെടുത്ത് ഇട്ടിചിരിക്കുട്ടിയുമായി പങ്കിട്ടു ഒരുനേരത്തെ ഭക്ഷണ മാക്കും . അങ്ങനെ പോകുന്നതിനിടയിലാണ് മുത്തശ്ശിയും ഇല്ലാതായത്. .
ഇട്ടിച്ചിരി കുട്ടി ക്ക് ഇപ്പോള്‍ പന്ത്രണ്ടു വയസ്സായി .അവളുടെ കൂട്ടുകാരി യായ കിളിയുമായുള്ള ചങ്ങാതതിനും അത്ര പ്രായമായി. അതിനെ ഇട്ടിച്ചിരി കുട്ടി തിത്തിരി പക്ഷീ എന്നാണ് വിളിക്കുക.ആ വിളി കേട്ടാല്‍ ഉടന്‍ പറന്നു കിളി
ഇട്ടിചിരിയുടെ തോളില്‍ വന്നിരിക്കും .അത്രകാന് അവര്‍ തമ്മിലുള്ള ഒരു സ്നേഹവും അടുപ്പവും .
തിതിരപക്ഷി ഒരു ദിവസം തീറ്റ തേടി പോയപ്പോള്‍ എന്ത് കണ്ടു എന്നോ. നല്ല വിളഞ്ഞു കിടക്കുന്നു പയര്‍ ഒരു കണ്ടത്തില്‍ നിറയെ .തിതിര പക്ഷിക്ക് ഏറ്റവും ഇഷ്ട മുള്ള ധാന്യമാണ്‌. അതിനു സന്തോഷ മായി. അന്നത്തെ പണി കഴിയുന്നത്ര പയര്‍ കൊതി കൂട്ടില്‍ കൊണ്ട് വെക്കല്‍ തന്നെ ആകട്ടെ എന്ന് തിത്ത്തിര പക്ഷി തീരു മാനിച്ചു. വെളുപ്പാന്‍ കാലത്തെ പയര്‍കൊത്തി തുടങ്ങി . കൊത്തുന്നു... പറക്കുന്നു..... കൂട്ടില്‍ കൊണ്ട് വെക്കുന്നു .......വീണ്ടും പറക്കുന്നു കണ്ടത്തിലേക്ക്‌......തിരിച്ചു കൂട്ടിലേക്ക് കൊക്കില്‍ നിറയെ പയര്‍ മണി കളുമായി .. അങ്ങനെ പറന്നു പറന്നു പണി എടുത്തു വൈകുന്നേരമായപ്പോള്‍ കൂട്ടില്‍ ചിറകു ഒതുക്കി ഇരുന്നപ്പോള്‍ അതിനു തോന്നി " ഈ പയര്‍ ഒന്ന് അളന്നു നോക്കാം ..എത്രയുണ്ടെന്ന് അറിയാമല്ലോ . പക്ഷി പയര്‍ അളന്നു നോക്കി .നാഴി പയറുണ്ട്. "
നാഴി എന്ന് വച്ചാല്‍ എന്താ മുത്തശ്ശീ"
കുട്ടി പെട്ടെന്ന് ഇടയില്‍ കടന്നു ചോദിച്ചു."
" അത് പണ്ടൊക്കെ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ അളവ് പാത്രമാണ് "

തിതിരക്ക് സന്തോഷ മായി. അത് വിചാരിച്ചു കുറെ കാലത്തേക്ക് ഇത് മതി. അത് കേടു വന്നു പോയാലോ. ? ഓ അതിനൊരു സൂത്രമുണ്ട് .വറുത്തു വെക്കാം; സ്വാദും കൂടുതലുണ്ടാവും ." ഇങ്ങനെ മനസ്സില്‍ കണക്കു കൂട്ടി തിതിര പക്ഷി ഇട്ടിച്ചിരി കുട്ടിയുടെ അടുത്ത് പറന്നു ചെന്നു. എന്നിട്ട് പറഞ്ഞു . "
ഇട്ടിച്ചിരി കുട്ട്യേ എന്റെ കയ്യില്‍ നാഴി പയറുണ്ട്.. നീ ഒന്ന് വറുത്തു തരണം ..വറുത്തു വച്ചാ കേടാവില്ലല്ലോ . ക്ക് അത് നല്ല ഇഷ്ടവും ആണ് വറുത്ത പയറ്..
" ആയിക്കോട്ടെ. ഞാന്‍ ഇപ്പൊ തന്നെ വറുത്തു തരാം ഇട്ടിച്ചിരി ക്കുട്ടി പറഞ്ഞു .


ചീന ചട്ടി എടുത്തു അടുപ്പില്‍ വച്ച് പയറ് വറുക്കാന്‍ ഇരുന്നു ഇട്ടിച്ചിരി കുട്ടി. കിളി വിശ്രമിക്കാനായി കൂട്ടിലേക്കും പറന്നു. പയര്‍ വറുത്തു തണുപ്പിച്ചു വച്ച് ഇട്ടിച്ചിരി കുടി തിതിര പക്ഷീ എന്ന് വിളിച്ചു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു കിളി അതിവേഗം പറന്നു വന്നു. അത്രയ്ക്ക് കൊതിയായിരുന്നു അതിനു വറുത്ത പയര്‍ തിന്നാന്‍ ഉള്ള ഇഷ്ടം .

ഇട്ടിചിരിക്കുട്ടി പയര്‍ സഞ്ചിയിലാക്കി തിതിരക്ക് കൊടുത്തു. തിതിര അതുമായി കൂട്ടിലേക്ക് പറന്നു..എന്നിട്ട് തിന്നാന്‍ ഇരുന്നു.. അപ്പോള്‍ തിതിരക്ക് ഒരു സംശയം ഇത് താന്‍ കൊടുത്ത അത്ര ഇല്ലേ.. ഇല്ല എന്ന് തോന്നുന്നു. ഇട്ടിച്ചിരി കുട്ടി പയര്‍ കുറച്ചു എടുത്തു എന്നാണു തോന്നുന്നത് അതും ചോദിക്കാതെ കള്ളി. ആദ്യമായി തിതിരപക്ഷിക്ക് ഇട്ടിചിരികുട്ടിയോടു ദേഷ്യം തോന്നി. അനിഷ്ടംകലിയായി. എന്തായാലും ഒന്നളന്നു നോക്കാം അപ്പോള്‍ അറിയാമല്ലോ.

ഇങ്ങനെ വിചാരിച്ചു തിതിരപക്ഷി നാഴി എടുത്തു പയര്‍ അതിലേക്കു ഇട്ടു...അപ്പോള്‍ എന്തായി? കുട്ടി ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.
പയര്‍ നാഴിയുടെ പകുതിയേ വന്നുള്ളൂ. നിറയെ കൊടുത്തതാണ് ..കിളിക്ക് ഇതില്‍ കൂടുതല്‍ ദേഷ്യം വരാനില്ല. അത് ഒരു മണി പയര്‍ പോലും തിന്നാന്‍ നില്‍ക്കാതെ നേരെ ഇടിച്ചിരി കുട്ടിയുടെ കുടിലിലേക്ക് പറന്നു. ഇട്ടിച്ചിരി കഞ്ഞി കുടിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്താ തിത്ത്തിര പക്ഷീ അവള്‍ ചോദിച്ചു എന്താ എന്നോ.. നീ എന്റെ പയര്‍ പകുതി കട്ടു അല്ലെ..കള്ളി ...വറുത്തു തന്നതിന് കൂലി എടുത്തതാ.. കള്ളി കള്ളി കള്ളി.. തിതിര പക്ഷിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി.. അത് ഇട്ടിച്ചിരി കുട്ടിയെ തലങ്ങും വിലങ്ങും കൊത്തി പറിച്ചു മുടിയില്‍ കൈകൊണ്ടു മാന്തി മുഖവും മേലാ സകലവും മാന്തി പറിച്ചു ...പറന്നു പറന്നാണ് ഈ പണിയൊക്കെ. ഇട്ടിചിരിക്കുട്ടിയുടെ ഉടുപ്പ് കീറി പറഞ്ഞു .കിളിയുടെ നഖം കൊണ്ട് ആസകലം മുറിഞ്ഞു ചോര വന്നു തുടങ്ങി. എന്നിട്ടും കലിതീരാതെ തിതിര പക്ഷി എന്ത് ചെയതെന്നോ?
എന്ത് ചെയ്തു?

ഇട്ടിച്ചിരികുട്ടീടെ കണ്ണില്‍ കൊക്ക് കൊണ്ട് നല്ല കൊത്തു കൊടുത്തു രണ്ടു കണ്ണും മാറി മാറി കൊത്തി പ്പറിച്ചു. ഇട്ടിചിരിക്കുട്ടി നിലവിളിച്ചു കൊണ്ടിരുന്നു ..ചോര യും കണ്ണീരും കലര്‍ന്നു കവിളിലൂടെ കുത്തിയൊഴുകും പോലെ വന്നു കൊണ്ടിരുന്നു. അതിനിടയിലും ഇട്ടിച്ചിരി കുട്ടി പറഞ്ഞു കൊണ്ടിരുന്നത് തിതിര പക്ഷേ കേട്ടില്ല . "ഞാന്‍ പയറ് എടുത്തിട്ടില്ല, ഞാന്‍ കട്ടിട്ടില്ല...എന്നായിരുന്നു. ഇട്ടിചിരിക്കുട്ടി പറഞ്ഞു കൊണ്ടിരുന്നത് . പക്ഷി അത് കേട്ടതേയില്ല. പയര്‍ കുറവാണ് അത്ര തന്നെ. അതേ കിളിക്കറിയൂ .
ഇത്രയും ചെയ്തു കഴിഞ്ഞപ്പോള്‍ കിളിക്ക് കലി ഒന്നടങ്ങി അത് കൂട്ടിലേക്ക് പറന്നു. പയറും തിന്നു ഉറക്കവുമായി.
ഇട്ടിച്ചിരി കുട്ടിയുടെ കാര്യമോ.. കണ്ണ് കാണാതായില്ലേ? തുള്ളി വെള്ളം എടുക്കാന്‍ പോലും വയ്യാതായി. ചോര വാര്‍ന്നു വാര്‍ന്നു അവിടെ തന്നെ വീണു ഇട്ടിച്ചിരി കുട്ടി മരിച്ചു പോയി.

പിറ്റേന്ന് ഇതൊന്നും അറിയാതെ കിളി വെളുപ്പാന്‍ കാലത്തെ തീറ്റ തേടി പറന്നു . പയര്‍ ശേഖരിക്കാന്‍ തന്നെയാണ്. തലേന്നത്തെ പോലെ പറക്കല്‍ തന്നെ പറക്കല്‍ . പയര്‍ കൊത്തുന്നു, കൂട്ടില്‍ കൊണ്ട് വക്കുന്നു ധൃതി തന്നെ. സന്ധ്യായി പണി കഴിഞ്ഞപ്പോള്‍ . അപ്പോഴേക്കും ഇട്ടിചിരിക്കുട്ടി മരിച്ചു കിടക്കുന്നത് വഴി പോക്കര്‍ ആരോ കണ്ടു കഴിഞ്ഞിരുന്നു.
പക്ഷിയും അപ്പോഴാണ്‌ തലേന്നത്തെ കാര്യമൊക്കെ ഓര്‍ക്കുന്നത് . തിതിരക്ക് വലിയ വിഷമമൊന്നും തോന്നിയില്ല പയര്‍ കട്ടിട്ടല്ലേ അങ്ങനെ വേണം എന്ന് തോന്നിയോ എന്ന് സംശയം ..
കിളി വിചാരിച്ചു പക്ഷെ പയര്‍ വറ ക്കണമല്ലോ . ഇനി തന്നത്താന്‍ വറുക്കുക യെ നിവൃത്തി യുള്ളൂ. ഇട്ടിചിരിക്കുട്ട്യുടെ ചീന ചട്ടി അനാഥമായി അവിടെ കിടക്കുന്നു ണ്ടായിരുന്നു . തിതിരപക്ഷി അതെടുത്തു പയര്‍ ആദ്യം ഒന്നളന്നു നോക്കി .തലേന്നത്തെ പോലെ തന്നെ നാഴി പയര്‍ ഉണ്ട്. പിന്നെ സന്തോഷത്തോടെ വറുക്കാന്‍ തുടങ്ങി. വറുത്തു കഴിഞ്ഞു ,പയര്‍ തണുത്തും കഴിഞ്ഞു ..തിന്നുന്നതിന് മുന്‍പേ ഒന്നുകൂടി അളക്കാം... ഇട്ടിച്ചിരി കുട്ടി എത്ര കട്ടു എന്നറിയാമല്ലോ .. നാഴിയെടുത്തു പയര്‍ അതിലേക്കിട്ടു .
അപ്പോള്‍ എന്ത് സംഭവിച്ചു ? പയര്‍ നാഴിയുടെ പകുതിയേ ഉള്ളു ..ഉരി പയര്‍ ... എന്തതിശയം..അപ്പോള്‍ ആണ് ഇട്ടിചിരിക്കുട്ടി കരഞ്ഞു പറഞ്ഞത് ശരിയായിരുന്നു എന്ന് കിളിക്ക് ബോധ്യമായത് ...അതിനു വല്ലാതെ സങ്കടമായി . താനാണല്ലോ ഇട്ട്ച്ചിരി ക്കുട്ടിയെ കൊന്നത് എന്നോര്‍ത്ത് അതിനു സങ്കടം സഹിക്ക വയ്യാതായി
രാത്രി മുഴുവന്‍ കരഞ്ഞും ഞെട്ടി ഉണര്‍ന്നും തിത്തിരി പക്ഷി നേരം വെളുപ്പിച്ചു.. തീറ്റ തേടാന്‍ പറക്കുന്നതിന് മുന്‍പേ അത് ഇട്ടിച്ചിരി കുട്ട്യേ ഓര്‍ത്തു വീണ്ടും കരഞ്ഞു ...........എന്നിട്ട് വിളിച്ചു പറഞ്ഞു തുടങ്ങി ...'ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു...

.. ഇപ്പോഴും അത് അങ്ങനെ വിളിച്ചു നിലവിളിച്ചു കൊണ്ടിരിക്കാറുണ്ട് അതി രാവിലെകളില്‍.. കേട്ടിട്ടില്ലേ..

ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു'' എന്ന ആ കിളിയുടെ കരച്ചില്‍...




Wednesday, September 16, 2009

ലാഭം എട്ടു രൂപ , കൂടെ മനസ്സുഖം

പത്രങ്ങള്‍ തീരെ വായിക്കാന്‍ പറ്റാതെ ആയിരിക്കുന്നു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും മാത്രമല്ല പരദൂഷണം പോലെ തോന്നിക്കുന്ന റിപ്പോര്‍ടുകള്‍ ,തുടങ്ങി മനം മടുപ്പിക്കുന്ന വാക്ക്‌ ജാലങ്ങള്‍ നിരത്തി നമ്മുടെ രാവിലെകളെ ഇവ പൈങ്കിളി പാട്ടു കൊണ്ടു നിറയ്ക്കുന്നു. ശീലങ്ങള്‍ അങ്ങനെ പെട്ടെന്ന് കളയാന്‍ വയ്യാത്തതുകൊണ്ട് എന്നും പുലരുമ്പോള്‍ നമ്മള്‍ പത്രങ്ങള്‍ പരതുന്നു.
ഒരു കൊലപാതക കഥ ഒരു ബലാല്‍സംഗ സ്റ്റോറി ഒരു സയന്‍സ് ഫിക്‌ ഷന്‍ , ആത്മഹത്യ യും കരുണ രസം വഴിയുന്ന അതിന്റെ പിന്നാമ്പുറ കഥകളും... ഇങ്ങനെ പോകുന്നു ദിന പത്ര പാരായണ സുഖം ..
അതിനിടക്കാണ് പ്രതിഭാശാലിയായ ഹനാന്‍ ബിന്ദി നെ പറ്റി യുള്ള കഥയും കേള്‍ക്കുന്നത്. വല്ലാതെ സന്തോഷിച്ചു അത് വായിച്ച് .നമ്മുടെ കേരളത്തിനും ലോകത്തിന്റെ കേന്ദ്രമാകാന്‍ സാധിക്കും എന്നൊക്കെ സ്വപ്നം കണ്ടു. ഇപ്പോള്‍ കേള്‍ക്കുന്നു ആ കഥ പത്ര ക്കാരന്‍ ചമക്കുന്ന അനേകം കുട്ടിക്കഥ കളില്‍ ഒന്നാണ് എന്ന്.

അക്ഷരം വായിക്കാന്‍ അറിയുന്നതിനാല്‍ പറ്റിക്കപ്പെടുന്ന ഒരു ജനത യാണ് മലയാളി എന്നെനിക്കു തോന്നുന്നു . ഒരു പക്ഷെ വെളിച്ചം ദു:ഖമാണ് എന്ന് പറയുന്നതു ഇതുകൊണ്ടു കൂടിയാവണം .
നാളെ മുതല്‍ ഞാന്‍ എന്റെ രണ്ടു പത്രങ്ങളും നിര്‍ത്തി ദിവസം എട്ടു രൂപയും മനശ്ശാന്തിയും നേടാന്‍ പോകുന്നു.

Thursday, September 10, 2009

എന്നെയും നിങ്ങളെയും പൊതിഞ്ഞു ...

അടുക്കള വീണ്ടും ..എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് രാവിലെ കണ്ട ഒരു ലിഖിതം ഉത്ബോധിപ്പിച്ചത്. ലേഖനം വായിച്ചു കഴിഞ്ഞു ചുറ്റും നോക്കി . ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ഭംഗി യാക്കണമെങ്കില്‍...
നോക്കട്ടെ..
ഡിഷ്‌ വാഷര്‍ ആണ് ആദ്യം പരിഷ്കരി ക്കേണ്ടത് . അതായത് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബര്‍, ചകിരി, തൊണ്ട്, സ്പോന്ച്ച് എന്തുമാകാം . കടയില്‍ നിന്നു മിനിമം പന്ത്രണ്ടു രൂപ കൊടുത്തു വാങ്ങുന്ന സ്പോന്ച്ച് ആണ് ഉചിതം.. ആ സ്പോന്ച്ച് ആഴ്ചയില്‍ ഒരു തവണയെങ്കിലും മാറ്റണം .എന്നാലെ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ നമ്മെ ആക്രമിക്കാതിരിക്കൂ . അവ പെരുകി നമ്മുടെ പാത്രങ്ങള്‍ പൊതിയും മുന്പ് മാറ്റണം. ശരി തന്നെ. സ്പോഞ്ചിനെ ഞാന്‍ പേടിയോടെ നോക്കി അത് വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു . ദൂരെ കളയണം ഇന്നു തന്നെ.
അടുത്ത ശത്രു പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്തഅണുക്കള്‍ ആണ് . പാത്രങ്ങള്‍ മാറ്റിയെ പറ്റു..തറയില്‍, മാര്‍ബിളില്‍ പല്ലികള്‍ വിളയാടിയതിന്റെ ബാക്കിയായി അവയുടെ കാഷ്ടം ..പുതിയ ക്ലീനര്‍ വേണം ടെട്ടോള്‍ മാത്രം കൊണ്ടു പോര .ശക്തിയുള്ള മറ്റൊരു ബ്രാന്‍ഡ്‌ ക്ലീനറിന്റെ പേരാണല്ലോ ലേഖകന്‍ പറഞ്ഞിരിക്കുന്നത്.. ( വൃത്തി, രോഗാണു എന്ന് കേട്ടാലുടന്‍ ടെട്ടോള്‍ ആണല്ലോ നമുക്കു പര്യായമായി വരുന്നതു , പേസ്റ്റ് എന്ന് പറഞ്ഞാല്‍ കോള്‍ ഗേറ്റ് എന്ന പര്യായം പോലെ.വൃത്തിയുടെ വാസന പോലും ടെട്ടോളിന്റെ യാണ്. )

നോണ്‍ സ്റ്റിക് പാത്രങ്ങളും മാറ്റാറായി . അവയില്‍ വര വീണു കഴിഞ്ഞു . ചൂടായാല്‍ ഉരുകി നാറ്റം പരത്തുന്ന എന്തോ ഫ്ലക്സ്‌ പുരട്ടിയ മറ്റൊന്നു അത്യാവശ്യം .പിന്നെ അതിനെ പാടു വീഴ്ത്താതെ സംരക്ഷിക്കണം ..
.ഇത്രയും മതിയോ അടുക്കളയുടെ ..പോര വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഏതോ പുതിയ കമ്പനിക്കാര്‍ ഈയിടെ ഇറക്കിയ ആ ഫില്‍ടര്‍ ഉപയോഗിക്കുന്നത്. അങ്ങനെയല്ലേ ലേഖകന്‍ പറഞ്ഞതു? ഒന്നു കൂടി നോക്കണം.
കുറഞ്ഞത് ഇത്രയും പരിഷ്കാരങ്ങള്‍ ഇന്നു തന്നെ വരുത്തണം അടുക്കളയില്‍.
ഇനി ബെഡ് റൂമിലെ കാര്യം . ഹൊ.എത്ര കൊല്ലത്തെ പഴക്കമുള്ള കിടക്കയാണ്. പഞ്ഞി നിറച്ചത്. കട്ടിയും കുറച്ചു കൂടുതല്‍ ആണ് ...നാല് കൊല്ലം .എന്റെ അമ്മേ!! ലേഖകന്‍ പറഞ്ഞതു ഒരു കൊല്ലത്തില്‍ കൂടുതല്‍ ഒരു കിടക്ക ഉപയോഗിക്കാന്‍ പാടില്ല എന്നാണു. പറഞ്ഞതു വെച്ചു നോക്കിയാല്‍ തങ്ങള്‍ രണ്ടു പേരുടേയും തുപ്പലും .ദേഹത്ത് നിന്നു സെക്കന്റ് വച്ചു കൊഴിയുന്ന തൊലി അടരുകളും കൊണ്ടു ആകിടക്ക ഇരട്ടി കനം വച്ചു കഴിഞ്ഞു ..മാറ്റാതെ പറ്റില്ല... ഇന്നു തന്നെ..
കിടക്ക വിരി ആഴ്ചയില്‍ ഒരുതവണ മാറ്റണം. തലയിണ കവറുകള്‍ എന്നും മാറ്റണം ഏത് ബ്രാണ്ട് തുണി ..നോക്കണം ഏത് കടയിലായിരിക്കും ഈ പറഞ്ഞതരം മിനുസവും കുളിര്‍മയും തരുന്ന തുണിത്തരങ്ങള്‍ കിട്ടുക..ലേഖകനെ ഫോണില്‍ വിളിക്കാം.. നമ്പര്‍ ഉണ്ടല്ലോ....

ഭയം കൊണ്ടു എനിക്ക് ഇരിക്കാനാവുന്നില്ല..
ഇന്നത്തെ പത്രം രോഗാണുക്കളും കണ്ടു കാണുമോ..
അവ അന്തരീക്ഷം നിറയെ അല്ലെങ്കിലും ഉണ്ട് എന്നാണു ലേഖകന്‍ മാത്രമല്ല സയന്‍സ് പുസ്തകങ്ങളും കുട്ടിക്കാലം മുതല്‍ പറഞ്ഞു തന്നത്.. അവ ബുദ്ധിവച്ച്..ഇത്തരം ലേഖനവും വായിച്ചു സൂത്രങ്ങളും പഠിച്ചു .. എന്നെ നിങ്ങളെ...പൊതിഞ്ഞു കൊണ്ടിരിക്കുകയാണ് ....ഒരു പക്ഷെ ബ്രാന്‍ഡ്‌ വസ്തുക്കളായി..



Wednesday, September 9, 2009

ബസിലേക്ക് ..

"ഞാന്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്തു ജോലിയില്‍ പ്രവേശിച്ചി രിക്കയാണ് . ആഴ്ചയില്‍ ഒരു ദിവസം മാത്രം വന്നെത്തുന്ന ഒരു ചുവന്ന ബസ്‌ മാത്രമാണ് പുറം ലോകവുമായി ഞാന്‍ പണിയെടുക്കുന്ന സ്ഥാപനത്തിലെ മറ്റു രണ്ടുപേരടക്കം, ഞങ്ങളെ ബന്ധിപ്പിക്കുന്നത്. വെള്ളിയാഴ്ചകളില്‍ മാത്രം ചെറിയ കവലയില്‍ വന്നു ആളുകളെ കൊണ്ടു പോകുന്ന , പച്ചക്കറിയടക്കം സമസ്ത വസ്തുക്കളും അവിടെ യുള്ള കുടുംബങ്ങള്‍ക്ക് എത്തിക്കുന്ന സര്‍ക്കാര്‍ വണ്ടി. കവല തിരിഞ്ഞു തോട്ടിന്‍ കരയിലൂടെ ഒരു നൂറു മീറ്റര്‍ നടന്നു ചെറിയ പാലവും കടന്നു വേണം എനിക്ക് എന്റെ സ്ഥാപനത്തില്‍ എത്താന്‍ . സ്ഥാപനത്തോട്‌ ചേര്‍ന്നുള്ള , രണ്ടു മുറിയുള്ള, വീട്ടില്‍ ആണ് ഞാനും എന്റെ സുഹൃത്തും താമസിക്കുന്നത് . സുഹൃത് സദാ ചുവപ്പും കറുപ്പും നിറത്തിലുള്ള ചുരിദാര്‍ ധരിക്കുന്ന ചെറു പ്പക്കാരിയാണ് . എനിക്ക് വെള്ളിയാഴ്ചകളില്‍ നാട്ടിലേക്ക് പോകാന്‍ സര്ക്കാരിന്റെ ഈ ചുവന്ന വണ്ടി ആണ് ആശ്രയം . വെള്ളിയാഴ്ച്ച എത്തുമ്പോള്‍ സുഹൃത് ചോദിക്കും ..വണ്ടി വരാറായി പോകാന്‍ ഒരുങ്ങുന്നില്ലേ. ബാഗ് എവിടെ, കുട എന്നൊക്കെ. ബാഗ് ഓഫീസിലേക്ക് എടുക്കാന്‍ മറക്കാതിരിക്കുന്നത് ഈ കൂട്ടാളി കാരണമാണ്. എങ്കിലും എന്ത് വിശേഷം നാലുമണിക്ക് ചുവപ്പന്‍ വണ്ടി കവലയില്‍ എത്തും .അഞ്ചരക്ക് അത് ഒന്നു വട്ടം ചുറ്റി നിവര്‍ന്നു നേരെ കാണുന്ന കറമ്പന്‍ റോഡിലൂടെ നീങ്ങി തുടങ്ങും . അതിനിടെ ആളുകള്‍ പല വശത്തുനിന്നും പാഞ്ഞു ബസില്‍ കയറി പ്പറ്റും . ഞാനും അതിലൊരാള്‍..നീലയും കറുപ്പും കലന്ന നിറത്തിലുള്ള എന്റെ ബാഗ് തോളിലും കയ്യിലും മാറി മാറി വച്ചാണ് ഞാന്‍ ഓട്ടം തുടങ്ങുക. മിക്കവാറും നീങ്ങി തുടങ്ങുന്ന ബസിലേക്ക് ഏറ്റവും റിസ്കി യായ ഒരു ചാട്ടതോടെയാണ് ഞാന്‍ കയറി പറ്റുക. ബസ്‌ നിവരുന്നതുപോലെ ഞാനും കറങ്ങി നിവരും . എല്ലാ വെള്ളിയാഴ്ചകളിലും ഇതു ആവര്‍ത്തിക്കും ..എങ്കിലും പറയണമല്ലോ ബസ്‌ കിട്ടാതിരുന്നിട്ടില്ല....പക്ഷെ ഞാന്‍ എന്റെ ബാഗ് മായി ഓടാതിരുന്നിട്ടുമില്ല..........'"

ഈ മുകളില്‍ എഴുതിയതാണ് എന്റെ നിദ്രയില്‍ തെളിയുന്ന ഒരേ ഒരു സ്ഥിരം സ്വപ്നം..ഏതെങ്കിലും സ്വപ്ന വ്യാഖ്യാതാക്കള്‍ ഇതു വ്യാഖ്യാനിച്ചു കൊള്ളും എന്ന് വിചാരിക്കുന്നു. അതോ മന: ശാസ്ത്ര ജ്ഞനോ ? ഇത്രയും ഭംഗികുറഞ്ഞ ഒരു സ്വപ്നം ..കഷ്ടം !!!

Saturday, September 5, 2009

നാള്‍ തോറും ...

ഇത്രയും സാധാരണ മനസ്സുമായി ഞാന്‍ എന്റെ ജീവിതത്തിലൊരിക്കലും എന്റെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടില്ല.
ഏറ്റവും അശാന്തമായിരിക്കുമ്പോള്‍ ആണ്
ശാന്ത സമുദ്രം പോലെ അത് പുറമെ നിശ്ചലമാകുന്നത്
അശാന്തി എന്നെ ചുറ്റി വളയുന്നു.
ഞാനെന്റെ
മനസ്സിനെ വില്ല് പോലെ വളക്കാതെ യും
അതില്‍
അമ്പുകള്‍ തൊടുക്കാതെയും
അവിടം കേള്‍ക്കാത്ത,
അറിയാത്ത, പറയാത്ത ,
വാക്കുകള്‍
കൊണ്ടു നിറക്കാതെയും ഇരിക്കുന്നത് എന്താണ് ?
അശാന്ത നിമിഷങ്ങള്‍ എനിക്ക് പ്രിയപെട്ടതാണോ .
അല്ല
..അല്ലെങ്കില്‍ അതെ .
അശാന്തിയുടെ മുറ്റത്ത്‌
മുറിച്ചു മാറ്റപ്പെട്ട ആ വട വൃക്ഷം വളരുന്നത് വരെ
എന്റെ തലയ്ക്കു മുകളില്‍ അത് തണല്‍ വിരിക്കും വരെ
എന്റെ അശാന്തിക്കു ഞാന്‍ കാവല്‍.


Friday, September 4, 2009

പണ്ഡിത യായ മിസ്‌ സ്ട്രെസ്

എല്ലാം കള്ളമായിരുന്നു എന്ന് അവനോടു പറയൂ ..
ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്ന തിനു തുല്യം അവനെയും സ്നേഹിച്ചു ;
അവന്‍ എന്നോട് അസൂയാലുവാകേണ്ട തില്ല
ഞാന്‍ അവനെ സ്നേഹിക്കുകയും അവന്റെ ഭാര്യയെ വെറുക്കുകയും ചെയ്തു
ഇപ്പോള്‍ അസൂയ കൊണ്ടു അവന്‍ എന്നെ കൊല്ലുകയാണെങ്കില്‍
അവന്റെ ഭാര്യ അവനോടുള്ള കഠിന മായ വെറുപ്പിനാല്‍ ഒടുങ്ങും
അവനും മനസ്താപം മൂലം മരണപ്പെടും -ഞങ്ങള്‍ മൂന്നു പേര്‍ ഒറ്റ രാത്രി യില്‍ ചത്തൊടുങ്ങും
ഞാന്‍ കഠിനമായി വെറുക്കുന്ന ആ സ്ത്രീക്കുമേല്‍ ഭൂമിയുടെയും സ്വര്‍ഗ്ഗ ത്തിന്റെയും അനുഗ്രഹങ്ങളും , ഞാന്‍ സ്നേഹിക്കുന്ന പുരുഷന് പെട്ടെന്നുള്ള മരണവും ..വിധിക്കപ്പെട്ടിരിക്കുന്നു .

ഇസോബേല്‍ കാംപെല്‍ - ഐറിഷ്‌ കവി ( C-1200)

Tuesday, September 1, 2009

സ്ട്രീറ്റ്‌ ലൈറ്റ്

കുറച്ചു പ്രതീക്ഷയോടെ ആയിരുന്നു ഇന്ത്യ വിഷനിലെ ' Street Light , the real Show "എന്ന പേരിലുള്ള 'റിയാലിറ്റി ഷോ അല്ല റിയല്‍ ഷോ ആണെന്ന് പറഞ്ഞു തുടങ്ങിയ പരിപാടി കാണാന്‍ ഇരുന്നത്. ആദ്യത്തെ എപിസോഡുകള്‍ ഓരോന്നും കഴിയുമ്പോള്‍ അടുത്തത് നന്നാകും , എന്ന് കരുതും. എവിടെ . തെരുവില്‍ പാടുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതാണ് ചാനലുകളില്‍ തന്നെ ആദ്യമായി , പരീക്ഷണം എന്ന് അവകാശപ്പെട്ടു നടത്തുന്ന ആ പരിപാടി. നല്ലത് തന്നെ ഭക്ഷണത്തിന് വേണ്ടി പാടുന്ന ഈ തെരുവ് ഗായകര്‍ക്ക് ലോകത്തിനുമുന്‍പില്‍ അവരുടെ പാടാനുള്ള വാസന പ്രദര്‍ശിപ്പിക്കാന്‍ ഒരു അവസരം എന്ന് മാത്രമല്ല , ഈ പാടുന്നവര്‍ക്ക് ഓരോ ചെറിയ വീടും ഈ പരിപാടിയുടെ സ്പോന്‍സര്‍ മാര്‍ വച്ചു നല്കും എന്നും പറയുന്നുണ്ട്.
അതും നല്ലത് തന്നെ സംശയമില്ല.

പക്ഷെ .....................

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായികാ ഗായകന്മാരെ ഈ പ്രവര്ത്തനം main stream , കലാകാരന്മാര്‍ ആയ്ക്കി ഉയര്‍ത്തും എന്നാണോ? അതോ അവരെ തെരുവുഗായകരാക്കിനില നിര്‍ത്തിക്കൊണ്ട് തന്നെ നാം നമ്മുടെ main steam ശരികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണോ.

മുഖ്യ ധാരയുടെ ( main stream ) വാത്സല്യം കുറച്ചു തെരുവിലേക്ക് കൂടി നീട്ടുന്നത് കൊണ്ടു എന്താണ് സംഭവിക്കുന്നത് ? പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.
ആ പാടുന്നവര്‍ക്ക് വീട് കിട്ടുമെങ്കില്‍ നന്നായി. ചാനലിനു ഒരു പരിപാടി
.അതെ അത് ഒരു പരിപാടി മാത്രം. അല്ലെന്നു ആര് പറയുന്നു അല്ലെ.?