Saturday, September 19, 2009

ഒരു കുട്ടിക്കഥ

ഇന്നും പുറത്തെ മരക്കൊമ്പില്‍ പുലരാന്‍ നേരത്ത് ആ കിളി ചിലച്ചു നല്ല ഈണത്തില്‍ തന്നെയാണ്. അതിന് ഒരു കരച്ചിലിന്റെ ഛായ ഉണ്ടോ? പാട്ടിന്റെ ഈണമല്ല. ഇനി മുത്തശ്ശി പറഞ്ഞതു വാസ്തവം തന്നെ ആകുമോ. ? എത്രകാലമായി മുത്തശ്ശി കിളിയുടെ കഥ പറഞ്ഞു തന്നിട്ട് ..രണ്ടു മൂന്നു കൊല്ലമായിട്ടുണ്ടാകും കുട്ടി വിചാരിച്ചു . മുത്തശ്ശി എത്ര കഥയാണ്‌ പറഞ്ഞു തന്നിട്ടുള്ളത് . ഇപ്പൊ മൂന്നാം ക്ലാസിലായി . കഥ കേള്‍ക്കേണ്ട പ്രായം കഴിഞ്ഞു എന്ന് അമ്മ ചീത്ത പറയും . കൂനി ക്കൂടി രുദ്രാക്ഷവും പിടിച്ചിരുന്നു നാമം ചൊല്ലി കൊണ്ടേയിരിക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്നിരിക്കുന്നത് കണ്ടാല്‍ തന്നെ അമ്മക്ക് ദ്രാന്ത് വരുന്നതു എന്ത് കൊണ്ടാണ് ? കുട്ടിക്ക് ചിലപ്പോഴൊന്നും അമ്മയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടാറില്ല . പാവമാണ് മുത്തശ്ശി. വയ്യാതായി . എന്നിട്ടും തനിക്ക് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാനും എരിവില്ലാത്ത ചട്ണി അരക്കാനും ഒക്കെ അമ്മയെ സഹായിക്കും.മുത്തശ്ശി യോട് മിണ്ടരുത് എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല .എങ്കിലും പോയിരുന്നു പഠിക്ക് എന്ന് മുത്തശ്ശിയെ തൊട്ടുരുമ്മി ഇരിക്കുമ്പോള്‍ തന്നെ പറയുന്നതെന്തിനാ. കുട്ടിക്ക് ഒരു കഥ കേള്‍ക്കണം എന്ന് തോന്നി. ആ പഴയ കഥ തന്നെ മതി . വെളുപ്പാന്‍ കാലത്തും സന്ധ്യ നേരത്തും വിളക്ക് കൊളുത്തൂ വിളക്ക് കൊളുത്തൂ എന്ന് ഉച്ചത്തില്‍ ചിലക്കുന്ന ആ കിളിയുടെ ഊഴം കഴിഞ്ഞാല്‍ ഉടന്‍ കരഞ്ഞു തുടങ്ങുന്ന ഇട്ടിചിരിക്കുട്ടിയുടെ കിളിയുടെ കഥ.
കുട്ടി പതുക്കെ മുത്തശ്ശി യുടെ മുറി ലക്ഷ്യമാക്കി നടന്നു . അമ്മ കണ്ടില്ല. ഭാഗ്യം ! അല്ലെങ്കില്‍ " എവിടെക്കാ.. നിനക്കു വേറെ പണിയൊന്നു മില്ലെ. ഹോം വര്‍ക്ക്‌ ചെയ്തു കഴിഞ്ഞോ".. എന്ന് ഒന്നിന് പിറകെ ഒന്നായി ചോദ്യം തുടങ്ങും . മുത്തശ്ശി കുട്ടിയെ കണ്ടതും കട്ടിലില്‍ എഴുന്നേറ്റിരുന്നു. 'എത്ര ദിവസമായി മുത്തശ്ശിയുടെ കുട്ടിയെ ഒന്നു കണ്ടിട്ടും തൊട്ടിട്ടും' എന്ന് ഉരുവിട്ട് കൈ പിടിചു. തണുത്ത കയ്യില്‍ തലോടി കുട്ടി പറഞ്ഞു. 'മുത്തശ്ശി എനിക്ക് കിളിയുടെ കഥ കേള്‍ക്കണം'. 'ഏത് കിളിയുടെ" മുത്തശ്ശി ക്ക് അനേകം കിളികളുടെ കഥകള്‍ അറിയാം .അവ തന്നെ ചെറുപ്പത്തില്‍ മുത്തശ്ശിയോടു പറഞ്ഞാണത്രേ. തന്നോടു കിളികള്‍ അങ്ങനെ ഒന്നും പറയാത്ത തു എന്താണാവോ. . കുട്ടിക്ക് വിഷമം തോന്നി.
അവരോട് താനും ഒന്നും മിണ്ടാരില്ലല്ലോ . അത് കൊണ്ടാവും . കുട്ടി സ്വയം സമാധാനിച്ചു .അല്ലാതെ അവര്‍ക്ക് തന്നോടു ദേഷ്യമൊന്നും ഉണ്ടാവില്ല.

' എന്താ കുട്ടി ഇങ്ങനെ ഓര്‍ത്ത് കൊണ്ടിരിക്കുന്നത്‌..ഈ ചെറിയ

തലേലെന്താ നിറച്ചിരിക്കുന്നത്? " കുട്ടിയെ മുത്തശ്ശി 'കുട്ട്യേ ' എന്നെ വിളിക്ക്. മോളെ തുടങ്ങിയ പരിഷ്കാര വിളി കള്‍ ഒന്നും മുത്തശ്ശിക്ക് വഴങ്ങില്ല. ആ 'കുട്ട്യേ' വിളിക്ക് ' മോളേ' വിളിയേക്കാള്‍ ഭംഗിയും കുട്ടിക്ക് തോന്നാറുണ്ട്.
അമ്മ വരുന്നതിനു മുന്പ് ആ കഥ ഒന്നു കൂടി പറയു മുത്തശ്ശി .ഇട്ടിച്ചിരികുട്ടിയുടെ കഥ... ആവാലോ . മുത്തശ്ശി വൈകിക്കാതെ പറയാന്‍ തുടങ്ങി. 'ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടീടെ പേരെന്താ ന്നറിയാലോ. ? ഉം ഇട്ടിച്ചിരി കുട്ടി " ആ അത് തന്നെ . ഇട്ടിച്ചിരി കുട്ടി...ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും ഒരു വര്‍ഷകാലത്ത് പുഴ കടക്കുമ്പോള്‍ പുഴ വെള്ളത്തില്‍ ഒലിച്ചു
പോയതാണ്. എന്തിനാ അവര്‍ മഴയത്ത് പുഴയില്‍ പോയത്? കുട്ടി ചോദിച്ചു. അവര്‍ പാടത്ത് പണി യും കഴിഞ്ഞു വരുകയായിരുന്നു. വീട്ടില്‍ വരുന്നതിനു മുമ്പ് ഒന്നു കുളിക്കാം എന്ന് കരുതി ..പാവം അത്രയേ ആയുസ്സ് ഉള്ളു ; അല്ലെങ്കില്‍ ഒരു വലിയ ഒഴുക്ക് വന്നു അവരെ കൊണ്ടു പോണോ. എത്ര പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടായിരുന്നു കുളിക്കാന്‍.
' ഉം പാവം .. ഇട്ടിച്ചിരി കുട്ടി എവിടെയാ അപ്പൊ? കുട്ടി ചോദിച്ചു ഇട്ടിച്ചിരി കുട്ടി വയസായ മുത്തശ്ശീടെ അടുത്ത് ..ഇത്തിരിയെ ഉള്ളു ഇട്ടിച്ചിരി .രണ്ടു വയസ്സ്." കുട്ടി മുത്തശ്ശിയുടെ മടിയിലിരിക്കുന്ന കുഞ്ഞു ഇട്ടിച്ചിരി കുട്ട്യേ മനസ്സില്‍ കണ്ടു..മുത്തശ്ശിയും ഇട്ടിചിരിക്കുട്ട്യും അങ്ങനെ കഷ്ട പ്പെട്ടു ആയി പിന്നെ ജീവിതം . ആളുകളൊന്നും തിരിഞ്ഞു നോക്കില്ല. എന്തെങ്കിലും സഹായിക്കേണ്ടി വന്നാലോ എന്നാ..ആകെ പിന്നെ വര്‍ത്താനം പറയാനും സങ്കടം പറയാനും കുറച്ചു കോഴീം ഒരാടും ഒരു പൂച്ചേം പിന്നെ കുറെ കിളികളും മാത്രം. മുത്തശ്ശി അവരോടൊക്കെ തന്റെ സങ്കടം പറഞ്ഞു തീര്‍ത്തു .ഇട്ടിചിരിക്കുട്ടി കുഞ്ഞായത് കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല
കുട്ടി വീണ്ടും ചിന്തയിലാണ്ടു .എന്നോട് ഈ പറഞ്ഞ ഒരു കിളിയും വഴിയില്‍ കാണുന്ന ആടും ഒരു പൂച്ച പോലും മിണ്ടാതതെന്താണ്.? വര്‍ത്തമാനങ്ങള്‍ പറയാതതെന്താണ്? മുറ്റത്തെ മരത്തിലെ കിളികള്‍ ഇട്ടിചിരികുട്ടിയോടു പറഞ്ഞത് പോലെ തന്നോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കില്‍ എന്ന് കുട്ടി അതിയായിമോഹിച്ചു.

കുട്ടിയുടെ മനസ്സു അറിഞ്ഞിട്ടെന്ന പോലെ മുത്തശ്തി പറഞ്ഞു.കിളികളല്ലേ? ഇനിയും വര്‍ത്താനം പറയാല്ലോ .അവര് മിണ്ടും ... ഒരു കഥല്യാതോരാ അവറ്റ ... നമ്മളെ പോലെ അല്ല . മൂക്കത്താ ദേഷ്യം .....കുറച്ചു പേടീം കൂടുതലാ . അത്രയ്ക്ക് ആളോളെവിശ്വസോം ഇല്യ.."
ഇത്രയൊക്കെ കാര്യങ്ങള്‍ മുത്തശ്ശിക്ക് കിളികളെ പറ്റി അറിയാം എന്ന് കണ്ടു കുട്ടി അതിശയിച്ചു . അമ്മക്ക് ഇതൊന്നും അറിയില്ല. അമ്മ കിളികളോട് ഒരിക്കലും സംസാരിച്ചിട്ടുണ്ടാവില്ല.
എന്നിട്ട് പറയൂ ..കുട്ടി കഥയുടെ ബാക്കി കേള്‍ക്കാന്‍ ആര്‍ത്തിയായി.
'ഇട്ടിച്ചിരി കുട്ടീടെ അമ്മയും അച്ഛനും പുഴയില്‍ ഒഴുകി പോയപ്പോ ഇട്ടിച്ചിരികുട്ടിക്ക് മുത്തശ്ശി മാത്രായി.. മുത്തശ്ശി അവളെ കണ്ണിലെ കൃഷ്ണ മണി പ്പോലെ നോക്കി.. കഷ്ടം എന്നല്ലാതെ എന്താ പറയ്യാ ..മുത്തശ്ശി ഇട്ടിച്ചിരി കുട്ടിക്ക് അഞ്ചു വയസ്സ് തികയുന്ന അന്ന് മരിച്ചു ..പാവം നോക്കാന്‍ ആരും ഇല്ലതായില്ലേ.. വീടാനെന്കിലോ. ഒരു വല്യ മരത്തിന്റെ ചോട്ടിലെ ചെറിയ ഒരു കുടിലാണ്. വല്യ മരം ള്ളത് കൊണ്ടാണ് അതില്‍ വെള്ളം അത്രയ്ക്ക് കേറാ ത്തത് . ഇട്ടിച്ചിരി കുട്ടിവിശന്നപ്പോ എന്ത് ചെയ്തു ന്നോ ആ വല്യ മരത്തിന്റെ കായ തിന്നു.. വെള്ളോം കുടിച്ചു. ചിലപ്പോ കാട്ടിലോ അടുത്തുള്ള പറമ്പിലോ സ്വന്തം പറമ്പിലോ ഒക്കെ നടന്നു മാങ്ങ കാലത്തു മാങ്ങയും ചക്ക കാലത്തു ചക്കയും തിന്നു. ഇട്ടിച്ചിരി കുട്ടിയുടെ യുടെ പറമ്പില്‍ മാവും പ്ലാവും തെങ്ങും ഈ പറഞ്ഞ വലിയ മരവും ഉണ്ടായിരുമന്നു. ആ വലിയ മരത്തിലാണ് മുത്തശ്ശി പറഞ്ഞ കിളിയുടെ താമസം. എത്രയോ കാലമായി അത് ആ മരത്തിന്റെ മോളില്‍ കൂട് വെച്ചാണ് താമസം എന്നറിയോ. കിളിക്ക് തന്നെ അറിയില്ല. അല്ലെങ്കില്‍ തന്നെ കിളിക്കുണ്ടോ കൊല്ലവും വര്ഷം കലണ്ടര് ഒക്കെ. എന്നാലും ഇട്ടിച്ചിരി കുട്ടിയുടെ അമ്മയും അച്ഛനും പുഴയിലോഴുകി പോയതും ആളുകള്‍ വീട്ടില്‍ വന്നതും മുത്തശ്ശി ഉറക്കെ കരഞാതും കിളി കേട്ടിരുന്നു. ഇത്തിരി പോന്ന ഇട്ടിച്ചിരി യെ ചിലര്‍ പ്രാകുന്നതും ..സങ്കടത്തോടെ നോക്കുന്നതും അത് കണ്ടു..കിളിക്ക് എന്ത് തോന്നി എന്നോ.. ആ കുട്ടിക്ക് ഇനി ആര് മില്ല. ഈ അമ്മാമ്മ യെ കൊണ്ടു എന്ത് ചെയ്യാനാ. ഞാനും അതിനെ സഹായിക്കും . .."എന്നിട്ട് കിളി സഹായിച്ചോ"
.. ഉം ..പിന്നെ അതിനു കഴിയുന്നതുപോലെ ഒക്കെ .മുത്തശ്ശി പറഞ്ഞു. ; ചിലപോ ചില നല്ല ജാതി പഴങ്ങള്‍ കൊക്കില്‍ തൂക്കി കൊണ്ടു വന്നു മുറ്റത്ത്‌ ഇട്ടു കൊടുക്കും ..മുത്തശ്ശി അതെടുത്ത് ഇട്ടിചിരിക്കുട്ടിയുമായി പങ്കിട്ടു ഒരുനേരത്തെ ഭക്ഷണ മാക്കും . അങ്ങനെ പോകുന്നതിനിടയിലാണ് മുത്തശ്ശിയും ഇല്ലാതായത്. .
ഇട്ടിച്ചിരി കുട്ടി ക്ക് ഇപ്പോള്‍ പന്ത്രണ്ടു വയസ്സായി .അവളുടെ കൂട്ടുകാരി യായ കിളിയുമായുള്ള ചങ്ങാതതിനും അത്ര പ്രായമായി. അതിനെ ഇട്ടിച്ചിരി കുട്ടി തിത്തിരി പക്ഷീ എന്നാണ് വിളിക്കുക.ആ വിളി കേട്ടാല്‍ ഉടന്‍ പറന്നു കിളി
ഇട്ടിചിരിയുടെ തോളില്‍ വന്നിരിക്കും .അത്രകാന് അവര്‍ തമ്മിലുള്ള ഒരു സ്നേഹവും അടുപ്പവും .
തിതിരപക്ഷി ഒരു ദിവസം തീറ്റ തേടി പോയപ്പോള്‍ എന്ത് കണ്ടു എന്നോ. നല്ല വിളഞ്ഞു കിടക്കുന്നു പയര്‍ ഒരു കണ്ടത്തില്‍ നിറയെ .തിതിര പക്ഷിക്ക് ഏറ്റവും ഇഷ്ട മുള്ള ധാന്യമാണ്‌. അതിനു സന്തോഷ മായി. അന്നത്തെ പണി കഴിയുന്നത്ര പയര്‍ കൊതി കൂട്ടില്‍ കൊണ്ട് വെക്കല്‍ തന്നെ ആകട്ടെ എന്ന് തിത്ത്തിര പക്ഷി തീരു മാനിച്ചു. വെളുപ്പാന്‍ കാലത്തെ പയര്‍കൊത്തി തുടങ്ങി . കൊത്തുന്നു... പറക്കുന്നു..... കൂട്ടില്‍ കൊണ്ട് വെക്കുന്നു .......വീണ്ടും പറക്കുന്നു കണ്ടത്തിലേക്ക്‌......തിരിച്ചു കൂട്ടിലേക്ക് കൊക്കില്‍ നിറയെ പയര്‍ മണി കളുമായി .. അങ്ങനെ പറന്നു പറന്നു പണി എടുത്തു വൈകുന്നേരമായപ്പോള്‍ കൂട്ടില്‍ ചിറകു ഒതുക്കി ഇരുന്നപ്പോള്‍ അതിനു തോന്നി " ഈ പയര്‍ ഒന്ന് അളന്നു നോക്കാം ..എത്രയുണ്ടെന്ന് അറിയാമല്ലോ . പക്ഷി പയര്‍ അളന്നു നോക്കി .നാഴി പയറുണ്ട്. "
നാഴി എന്ന് വച്ചാല്‍ എന്താ മുത്തശ്ശീ"
കുട്ടി പെട്ടെന്ന് ഇടയില്‍ കടന്നു ചോദിച്ചു."
" അത് പണ്ടൊക്കെ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ അളവ് പാത്രമാണ് "

തിതിരക്ക് സന്തോഷ മായി. അത് വിചാരിച്ചു കുറെ കാലത്തേക്ക് ഇത് മതി. അത് കേടു വന്നു പോയാലോ. ? ഓ അതിനൊരു സൂത്രമുണ്ട് .വറുത്തു വെക്കാം; സ്വാദും കൂടുതലുണ്ടാവും ." ഇങ്ങനെ മനസ്സില്‍ കണക്കു കൂട്ടി തിതിര പക്ഷി ഇട്ടിച്ചിരി കുട്ടിയുടെ അടുത്ത് പറന്നു ചെന്നു. എന്നിട്ട് പറഞ്ഞു . "
ഇട്ടിച്ചിരി കുട്ട്യേ എന്റെ കയ്യില്‍ നാഴി പയറുണ്ട്.. നീ ഒന്ന് വറുത്തു തരണം ..വറുത്തു വച്ചാ കേടാവില്ലല്ലോ . ക്ക് അത് നല്ല ഇഷ്ടവും ആണ് വറുത്ത പയറ്..
" ആയിക്കോട്ടെ. ഞാന്‍ ഇപ്പൊ തന്നെ വറുത്തു തരാം ഇട്ടിച്ചിരി ക്കുട്ടി പറഞ്ഞു .


ചീന ചട്ടി എടുത്തു അടുപ്പില്‍ വച്ച് പയറ് വറുക്കാന്‍ ഇരുന്നു ഇട്ടിച്ചിരി കുട്ടി. കിളി വിശ്രമിക്കാനായി കൂട്ടിലേക്കും പറന്നു. പയര്‍ വറുത്തു തണുപ്പിച്ചു വച്ച് ഇട്ടിച്ചിരി കുടി തിതിര പക്ഷീ എന്ന് വിളിച്ചു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു കിളി അതിവേഗം പറന്നു വന്നു. അത്രയ്ക്ക് കൊതിയായിരുന്നു അതിനു വറുത്ത പയര്‍ തിന്നാന്‍ ഉള്ള ഇഷ്ടം .

ഇട്ടിചിരിക്കുട്ടി പയര്‍ സഞ്ചിയിലാക്കി തിതിരക്ക് കൊടുത്തു. തിതിര അതുമായി കൂട്ടിലേക്ക് പറന്നു..എന്നിട്ട് തിന്നാന്‍ ഇരുന്നു.. അപ്പോള്‍ തിതിരക്ക് ഒരു സംശയം ഇത് താന്‍ കൊടുത്ത അത്ര ഇല്ലേ.. ഇല്ല എന്ന് തോന്നുന്നു. ഇട്ടിച്ചിരി കുട്ടി പയര്‍ കുറച്ചു എടുത്തു എന്നാണു തോന്നുന്നത് അതും ചോദിക്കാതെ കള്ളി. ആദ്യമായി തിതിരപക്ഷിക്ക് ഇട്ടിചിരികുട്ടിയോടു ദേഷ്യം തോന്നി. അനിഷ്ടംകലിയായി. എന്തായാലും ഒന്നളന്നു നോക്കാം അപ്പോള്‍ അറിയാമല്ലോ.

ഇങ്ങനെ വിചാരിച്ചു തിതിരപക്ഷി നാഴി എടുത്തു പയര്‍ അതിലേക്കു ഇട്ടു...അപ്പോള്‍ എന്തായി? കുട്ടി ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.
പയര്‍ നാഴിയുടെ പകുതിയേ വന്നുള്ളൂ. നിറയെ കൊടുത്തതാണ് ..കിളിക്ക് ഇതില്‍ കൂടുതല്‍ ദേഷ്യം വരാനില്ല. അത് ഒരു മണി പയര്‍ പോലും തിന്നാന്‍ നില്‍ക്കാതെ നേരെ ഇടിച്ചിരി കുട്ടിയുടെ കുടിലിലേക്ക് പറന്നു. ഇട്ടിച്ചിരി കഞ്ഞി കുടിക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്താ തിത്ത്തിര പക്ഷീ അവള്‍ ചോദിച്ചു എന്താ എന്നോ.. നീ എന്റെ പയര്‍ പകുതി കട്ടു അല്ലെ..കള്ളി ...വറുത്തു തന്നതിന് കൂലി എടുത്തതാ.. കള്ളി കള്ളി കള്ളി.. തിതിര പക്ഷിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി.. അത് ഇട്ടിച്ചിരി കുട്ടിയെ തലങ്ങും വിലങ്ങും കൊത്തി പറിച്ചു മുടിയില്‍ കൈകൊണ്ടു മാന്തി മുഖവും മേലാ സകലവും മാന്തി പറിച്ചു ...പറന്നു പറന്നാണ് ഈ പണിയൊക്കെ. ഇട്ടിചിരിക്കുട്ടിയുടെ ഉടുപ്പ് കീറി പറഞ്ഞു .കിളിയുടെ നഖം കൊണ്ട് ആസകലം മുറിഞ്ഞു ചോര വന്നു തുടങ്ങി. എന്നിട്ടും കലിതീരാതെ തിതിര പക്ഷി എന്ത് ചെയതെന്നോ?
എന്ത് ചെയ്തു?

ഇട്ടിച്ചിരികുട്ടീടെ കണ്ണില്‍ കൊക്ക് കൊണ്ട് നല്ല കൊത്തു കൊടുത്തു രണ്ടു കണ്ണും മാറി മാറി കൊത്തി പ്പറിച്ചു. ഇട്ടിചിരിക്കുട്ടി നിലവിളിച്ചു കൊണ്ടിരുന്നു ..ചോര യും കണ്ണീരും കലര്‍ന്നു കവിളിലൂടെ കുത്തിയൊഴുകും പോലെ വന്നു കൊണ്ടിരുന്നു. അതിനിടയിലും ഇട്ടിച്ചിരി കുട്ടി പറഞ്ഞു കൊണ്ടിരുന്നത് തിതിര പക്ഷേ കേട്ടില്ല . "ഞാന്‍ പയറ് എടുത്തിട്ടില്ല, ഞാന്‍ കട്ടിട്ടില്ല...എന്നായിരുന്നു. ഇട്ടിചിരിക്കുട്ടി പറഞ്ഞു കൊണ്ടിരുന്നത് . പക്ഷി അത് കേട്ടതേയില്ല. പയര്‍ കുറവാണ് അത്ര തന്നെ. അതേ കിളിക്കറിയൂ .
ഇത്രയും ചെയ്തു കഴിഞ്ഞപ്പോള്‍ കിളിക്ക് കലി ഒന്നടങ്ങി അത് കൂട്ടിലേക്ക് പറന്നു. പയറും തിന്നു ഉറക്കവുമായി.
ഇട്ടിച്ചിരി കുട്ടിയുടെ കാര്യമോ.. കണ്ണ് കാണാതായില്ലേ? തുള്ളി വെള്ളം എടുക്കാന്‍ പോലും വയ്യാതായി. ചോര വാര്‍ന്നു വാര്‍ന്നു അവിടെ തന്നെ വീണു ഇട്ടിച്ചിരി കുട്ടി മരിച്ചു പോയി.

പിറ്റേന്ന് ഇതൊന്നും അറിയാതെ കിളി വെളുപ്പാന്‍ കാലത്തെ തീറ്റ തേടി പറന്നു . പയര്‍ ശേഖരിക്കാന്‍ തന്നെയാണ്. തലേന്നത്തെ പോലെ പറക്കല്‍ തന്നെ പറക്കല്‍ . പയര്‍ കൊത്തുന്നു, കൂട്ടില്‍ കൊണ്ട് വക്കുന്നു ധൃതി തന്നെ. സന്ധ്യായി പണി കഴിഞ്ഞപ്പോള്‍ . അപ്പോഴേക്കും ഇട്ടിചിരിക്കുട്ടി മരിച്ചു കിടക്കുന്നത് വഴി പോക്കര്‍ ആരോ കണ്ടു കഴിഞ്ഞിരുന്നു.
പക്ഷിയും അപ്പോഴാണ്‌ തലേന്നത്തെ കാര്യമൊക്കെ ഓര്‍ക്കുന്നത് . തിതിരക്ക് വലിയ വിഷമമൊന്നും തോന്നിയില്ല പയര്‍ കട്ടിട്ടല്ലേ അങ്ങനെ വേണം എന്ന് തോന്നിയോ എന്ന് സംശയം ..
കിളി വിചാരിച്ചു പക്ഷെ പയര്‍ വറ ക്കണമല്ലോ . ഇനി തന്നത്താന്‍ വറുക്കുക യെ നിവൃത്തി യുള്ളൂ. ഇട്ടിചിരിക്കുട്ട്യുടെ ചീന ചട്ടി അനാഥമായി അവിടെ കിടക്കുന്നു ണ്ടായിരുന്നു . തിതിരപക്ഷി അതെടുത്തു പയര്‍ ആദ്യം ഒന്നളന്നു നോക്കി .തലേന്നത്തെ പോലെ തന്നെ നാഴി പയര്‍ ഉണ്ട്. പിന്നെ സന്തോഷത്തോടെ വറുക്കാന്‍ തുടങ്ങി. വറുത്തു കഴിഞ്ഞു ,പയര്‍ തണുത്തും കഴിഞ്ഞു ..തിന്നുന്നതിന് മുന്‍പേ ഒന്നുകൂടി അളക്കാം... ഇട്ടിച്ചിരി കുട്ടി എത്ര കട്ടു എന്നറിയാമല്ലോ .. നാഴിയെടുത്തു പയര്‍ അതിലേക്കിട്ടു .
അപ്പോള്‍ എന്ത് സംഭവിച്ചു ? പയര്‍ നാഴിയുടെ പകുതിയേ ഉള്ളു ..ഉരി പയര്‍ ... എന്തതിശയം..അപ്പോള്‍ ആണ് ഇട്ടിചിരിക്കുട്ടി കരഞ്ഞു പറഞ്ഞത് ശരിയായിരുന്നു എന്ന് കിളിക്ക് ബോധ്യമായത് ...അതിനു വല്ലാതെ സങ്കടമായി . താനാണല്ലോ ഇട്ട്ച്ചിരി ക്കുട്ടിയെ കൊന്നത് എന്നോര്‍ത്ത് അതിനു സങ്കടം സഹിക്ക വയ്യാതായി
രാത്രി മുഴുവന്‍ കരഞ്ഞും ഞെട്ടി ഉണര്‍ന്നും തിത്തിരി പക്ഷി നേരം വെളുപ്പിച്ചു.. തീറ്റ തേടാന്‍ പറക്കുന്നതിന് മുന്‍പേ അത് ഇട്ടിച്ചിരി കുട്ട്യേ ഓര്‍ത്തു വീണ്ടും കരഞ്ഞു ...........എന്നിട്ട് വിളിച്ചു പറഞ്ഞു തുടങ്ങി ...'ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു...

.. ഇപ്പോഴും അത് അങ്ങനെ വിളിച്ചു നിലവിളിച്ചു കൊണ്ടിരിക്കാറുണ്ട് അതി രാവിലെകളില്‍.. കേട്ടിട്ടില്ലേ..

ഇട്ടിച്ചിരി കുട്ട്യേ പച്ച പയര്‍ ഒത്തു ഒത്തു ഒത്തു'' എന്ന ആ കിളിയുടെ കരച്ചില്‍...
No comments: