സരസ്വതിക്ക് പാട്ട് പാടാനറിയാം. ഒന്നാം ക്ലാസില്‍ വച്ചേ അവള്‍ "വാ കുരുവീ വരൂ കുരുവീ .. "എന്ന് തുടങ്ങുന്ന പദ്യം ഈണത്തില്‍ പാടി ജാനകി ടീച്ചറെ അതു ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടെ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ എന്നെയും ഞങ്ങളുടെ ക്ലാസിലെ മറ്റു ശിശുക്കളെയും. അസ്സലായി പാടും എന്ന പേര് കേള്‍പ്പിച്ചില്ലെങ്കിലും അക്ഷര സ്ഫുടതയും കുറച്ച് ഈണവും മറ്റും എനിക്കും ഉണ്ട് എന്ന് ടീച്ചര്‍ കണ്ടു പിടിച്ചു. അങ്ങനെ പത്താം തരം വരെ ഞാനും സരസ്വതിയും മറ്റു ക്ലാസുകളില്‍ നിന്നും ഉള്ള മൂന്നു പേരടക്കം അഞ്ചു പേര്‍ അസംബ്ലിയിലെ പ്രാര്‍ഥനയും , ഒന്‍പതു മണിക്കുള്ള ദിവസ പ്രാര്‍ഥനയും വൈകുന്നേരത്തെ സ്കൂള്‍ വിടുന്നതിനു മുന്‍പുള്ള ജന ഗണ മനയും മൂന്നാം ക്ലാസ് മുതലേ പാടി ത്തുടങ്ങി. അതങ്ങനെ പോകുന്നതിനിടെ സരസ്വതിയുടെ സംഗീതത്തോടുള്ള അഭിനിവേശം അറിയുന്നവരില്‍ ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ മാത്രം ഒ ഴിവ് കിട്ടുമ്പോഴൊക്കെ സരസ്വതിയോട് 'ആ പാട്ടൊന്നു പാട്വോ സരസ്വതീ' എന്ന് ചോദിക്കും .അവള്‍ ആവേശത്തോടെ പാടുകയും ചെയ്യും..
അറുപതുകളുടെ പകുതി ആണ് .ഞങ്ങളുടെ ആരുടേയും വീട്ടില്‍ അക്കാലത്ത് ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല. സരസ്വതി പാട്ടുകളൊക്കെ കേട്ടു പഠിച്ചിരുന്നത് ദൂരെ ഏതെങ്കിലും കല്യാണ വീടുകളില്‍ പ്രദേശം മുഴുവന്‍ കേള്‍ക്കുന്നത്ര ഉച്ചത്തില്‍ വക്കുമായിരുന്ന ലവ്ഡ് സ്പീക്കര്‍ -ല്‍ നിന്നാണ്. പാട്ട് കേള്‍ക്കാനുള്ള എന്റെ ആവേശം ഞാന്‍ ശമിപ്പിചിരുന്നതും അതു പോലെ ഒക്കെ ത്തന്നെ. അങ്ങനെ യിരിക്കെ അഞ്ചാം ക്ലാസില്‍ ആയപ്പോഴേക്കു സരസ്വതിയുടെ വീട്ടില്‍ ഒരു റേഡിയോ വാങ്ങിച്ചു . ദിവസവും തലേന്ന് കേട്ട പാട്ടുകളെ കുറിച്ച് സരസ്വതി പറയും, പാടും. വീട്ടില്‍ റേഡിയോ ഇനിയും വാങ്ങിയിട്ടില്ലാത്തതുകൊണ്ട് ഞാന്‍ അടുത്ത വീട്ടില്‍ പോയാണ് 'വയലും വീടും' പരിപാടിയില്‍ നിന്നു ചിലപ്പോള്‍ ഒരു സിനിമ പാട്ടോ നാടന്‍ പാട്ടോ കേള്‍ക്കുന്നത്. പിന്നെ സിലോണില്‍ നിന്നുള്ള ഒരു മലയാളം പ്രക്ഷേപണവും.ഞാന്‍ ചെവിയോര്‍ത്തു ഇരിക്കും എന്ന ഒറ്റക്കാരണത്താല്‍, അടുത്തവീട്ടിലെ സ്നേഹസമ്പന്നരായ ആ കൃസ്ത്യന്‍ കുടുംബം 'നിങ്ങള്‍ ആവശ്യപ്പെട്ട റെക്കാഡുകള്‍ ' എന്ന സിനിമാപ്പാട്ട് പരിപാടി രാത്രി പത്തരക്ക്, എനിക്ക് കേള്‍ക്കാനായി ഓണ്‍ ചെയ്ത റേഡിയോ പുറത്തു വരാന്തയില്‍ കൊണ്ടു വക്കും. ഇരുട്ടില്‍ വേലിക്കരികെ പോയി നിന്നു , പാമ്പുണ്ടാകും എന്ന അമ്മയുടെ പിന്‍ വിളി കേള്‍ക്കാതെ ഞാന്‍ അതു കേള്‍ക്കും. തലേന്ന് കേട്ട പാട്ടുകളെ കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പാട്ട് കേള്‍ക്കാതെ എങ്ങനെ? ശ്രുതി കുറച്ച് കുറവാണെങ്കിലും ഞാനും പാടുമല്ലോ സരസ്വതിക്കൊപ്പം.
ദൂരെ ദൂരെ ലവ്ഡ് സ്പീക്കറില്‍ നിന്നും ഏതെങ്കിലും ഹിന്ദി പാട്ടിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് തുടങ്ങിയാല്‍ സരസ്വതി പറയും അതു ' ഭരീ ദുനിയാ മേം ആഖിര്‍ ദിന്‍ ...."ആണെന്ന്. അതു തന്നെ ആയിരിക്കും താനും.ഏതു പാട്ടും വിദൂരതയില്‍ നിന്നു പിടിച്ചെടുത്തു ആ പാട്ട് കേള്‍ക്കാതെ കേള്‍ക്കും സരസ്വതി. സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഉള്ള പാട്ടാണെങ്കിലും രണ്ടും സ്വയം പാടും. അഞ്ചില്‍ ആയപ്പോള്‍ സരസ്വതിയുടെ ശബ്ദം എസ്. ജാനകിയുടെ അത്ര മനോഹരമായിരുന്നു. .ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ...,പാടാത്ത വീണയും പാടും .., പ്രിയ സഖി ഗംഗേ ',തുടങ്ങിയ മലയാളം പാട്ടുകള്‍ സ്കൂള്‍ ആനിവേഴ്സ റിക്കും ഞങ്ങള്‍ക്ക് കേള്‍ക്കാണ്‍ വേണ്ടിയും പാടിയിരുന്നു സരസ്വതി .ചെമ്മീനിലെ എല്ലാ പാട്ടുകളും കാണാപാഠമായി സരസ്വതിയുടെ നേതൃത്വത്തില്‍ ഒഴിവുകിട്ടുമ്പോള്‍ ഞങ്ങള്‍ പാടി രസിച്ചു. ഇതൊക്കെയാണെങ്കിലും സരസ്വതിക്ക് മുഹമദ് റാഫിയെയും കിഷോര്‍ കുമാറിനെയും എല്‍ ആര്‍ ഈശ്വരിയെയും ലത മങ്കേഷ്കറിനെയും ആയിരുന്നു ഏറ്റവും പ്രിയം. ഞങ്ങള്‍ക്ക് പിടി കിട്ടാത്ത പല പാട്ടിന്റെയും വരികളും സരസ്വതി പിടിച്ചെടുത്തു പാടിക്കേള്‍പ്പിച്ചു. 'ജോ വാദ കിയാ '..." ആയെ ഫൂലോം കി റാണി .."ബഹാരോ ഫൂല്‍ ബര്‍സാവോ ..." എന്നൊക്കെ സരസ്വതി അര്‍ത്ഥമറിയാതെ പാടി തന്നത് ഞങ്ങള്‍ കേട്ടു. കൂടെ എല്‍ ആര്‍ ഈശ്വരിയുടെ ഏതൊക്കെയോ തമിഴ് പാട്ടുകളും.
ഇങ്ങനെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ ഏഴാം ക്ലാസില്‍ എത്തി . അപ്പോള്‍ റേഡിയോവില്‍ ലളിത സംഗീത പാഠവും ,കോഴിക്കോട്ടു നിന്നും പ്രക്ഷേപണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പരിപാടിയും ഉണ്ടായിരുന്നു. ബാല രംഗം എന്നോ മറ്റോ ആണ് പേര് എന്നാണ് തോന്നുന്നത്. കുട്ടികളുടെ പാട്ട് കഥ , നാടകം ഒക്കെ ഉള്ള പരിപാടി. എങ്ങനെയാണ് കുട്ടികള്‍ അതിലൊക്കെ പാടാന്‍ എത്തുന്നത് എന്ന് ഞങ്ങള്‍ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഇങ്ങനെ പാടുന്നതും പറയുന്നതും എല്ലാം ഞായറാഴ്ചകളില്‍ ഞങ്ങള്‍ കേട്ടിരിക്കുമായിരുന്നു. സരസ്വതി അവളുടെ വീട്ടിലും ഞങ്ങള്‍ ഓരോരുത്തരും അവരവരുടെ വീട്ടിലും.
സരസ്വതിയുടെ വീട്ടില്‍ ഞാനും എന്റെ വീട്ടില്‍ അവളും വന്നിട്ടുണ്ട്. എല്ലാം വെള്ളിയാഴച്ചകളില്‍, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിടുന്ന നേരം . വെള്ളിയാഴച്ചക്ളില്‍ ഞങ്ങള്‍ക്ക് അര മണിക്കൂര്‍ അധിക സമയമുണ്ട് ഉച്ച വിടുതല്‍. പള്ളിയില്‍ പോകുന്ന മാഷന്മാര്‍ക്കും കുട്ടികള്‍ക്കും പോയി വരാനും കൂടി ഉദ്ദേശിച്ചാണ് ആ അരമണി ക്കൂര്‍ അധിക സമയം. ആ നേരം ഞങ്ങള്‍ ഒന്നുകില്‍ സരസ്വതിയുടെ വീട്ടിലേക്കു ഓടും. വീട് അത്ര അടുത്തൊന്നും അല്ല. മൂന്നു മൈല്‍, അങ്ങോട്ടും മൂന്നു മൈല്‍ സ്കൂളിലേക്ക് തിരിച്ചും .അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തന്നെ. സരസ്വതിയുടെ വീടു വളരെ ചെറിയ ഒന്നാണ്. രണ്ടോ മൂന്നോ മുറികളുള്ള ഓലപ്പുര. ചാണകം മെഴുകിയ തറ. കൊല്ലപ്പണിയാണ് അച്ഛന്. രണ്ടു ചേട്ടന്മാരും ഒരനിയനും ഉണ്ട് . ചേട്ടന്മാര്‍ പഠിത്തം നിര്‍ത്തി പണിക്കു പോകുന്നു.പത്താം ക്ലാസ് വരെ പഠിച്ചു അവര്‍. തോറ്റത് കൊണ്ടാവണം കൂലിപ്പണി ചെയ്യുന്നു.സരസ്വതിയും അനിയനും ആണ് ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുട്ടികളായി അവിടെ. സരസ്വതി നന്നായി ചിത്രവും വരക്കുമായിരുന്നു. അതിലും ഞാനും സരസ്വതിയും ഇങ്ങനെ മത്സരിക്കും . റോസാപ്പൂവും നിലവിളക്കും എല്ലാം സരസ്വതി കാണുന്ന പോലെ തന്നെ പെന്‍സില്‍ കൊണ്ടു വരച്ചു പത്തില്‍ പത്ത് മാര്‍ക്കും ഡ്രോയിംഗ് മാസ്റ്ററുടെ കയ്യില്‍ നിന്നു വാങ്ങുമ്പോള്‍ എനിക്ക് പത്തില്‍ എട്ടു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
അതേ, സരസ്വതിയുടെ വീട്ടില്‍ ഉച്ചക്ക് ഓടി ചെല്ലുമ്പോള്‍ കിട്ടുന്ന ഭക്ഷണം അത്രയ്ക്ക് കേമമൊന്നുമല്ല. എനിക്ക് അവരുടെ ചോറ് തരില്ല. സരസ്വതിയുടെ അമ്മക്ക് എന്റെ ജാതിയെ കുറിച്ച് ഒരു ധാരണയുണ്ട് .അതുകൊണ്ട് മത്സ്യവും ചോറും തരാന്‍ കൂട്ടാക്കില്ല. എനിക്ക് കഴിക്കാനും ആകുമായിരുന്നില്ല. വലിയ നാറ്റമായാണ് അതെനിക്ക് അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ട് സരസ്വതിയുടെ അമ്മ കുറച്ച് കട്ടന്‍ ചായയും അരി വറുത്തതും എനിക്കായി കരുതി വക്കും. മൂന്നു മൈല്‍ ഓടുന്നത് ഇത് കഴിക്കാന്‍ ആയിരുന്നോ എന്ന് അന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. വിശപ്പു മാറാത്ത വയറുമായി ഞാനും മത്സ്യക്കറിയും ചോറും തിന്നു വയറുളുക്കി ഓടാന്‍ വയ്യതെ സരസ്വതിയും രമയും ഒരുമിച്ചു മൈതാനം പോലെ പരന്നു കിടക്കുന്ന കുന്നിന്‍ പുറത്തു കൂടി ഓടുന്ന ആ ഓട്ടം ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് എന്റെ കൂട്ടുകാരികളെ സല്‍ക്കരിക്കാന്‍ മത്സ്യ ക്കൂട്ടാനു പകരം സാമ്പാറോ, പഴമാങ്ങാ ക്കൂട്ടാനോ ആയിരിക്കും. അത്രയെ ഉള്ളു ഞങ്ങളുടെ ജീവിത നിലവാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം.
ഈ താഴെക്കിടയിലുള്ള ജീവിതത്തില്‍ സരസ്വതിക്ക് പാട്ട് പഠിക്കാനോ ,പാട്ട് പഠിക്കാനുള്ളതാണെന്ന് അവളുടെ വീട്ടുകാര്‍ക്കോ തോന്നിയിരുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഏതെങ്കിലും വീട്ടുകാര്‍ തങ്ങളുടെ കുട്ടികളുടെ അഭിരുചികളെ കുറിച്ച് അത്തരത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം.
അങ്ങനെയിരിക്കെ ഞങ്ങളുടെ പാട്ടു നാളുകള്‍ ഇടക്ക് വച്ചു മുറിഞ്ഞു . സരസ്വതി ഏഴില്‍ തോറ്റു. അപ്പോഴും സ്കൂള്‍ പ്രാര്‍ത്ഥനയും ജനഗണ മനയും' ഞങ്ങള്‍ ഒരുമിച്ചു തന്നെ പാടി. പക്ഷെ ക്ലാസുമാറ്റം ഞങ്ങളെ തമ്മില്‍ എപ്പോഴും കാണുന്നത് തടഞ്ഞു. ഞങ്ങള്‍ ഹൈസ്കൂളിലും അവള്‍ താഴെ ക്ലാസിലും ആണല്ലോ!! എട്ടാം ക്ലാസിലെ അരക്കൊല്ല പരീക്ഷയുടെ നാളുകള്‍ വരാറായി. പക്ഷെ ഞങ്ങള്‍ കുറച്ച് പേര്‍ക്ക് തലേന്ന് ഉണ്ടായ സംഭവത്തെക്കുറിച്ച് സരസ്വതിയോട് ചോദിച്ചറിയാന്‍ ധൃതിയായി നില്‍ക്കുകയാണ്. സരസ്വതിയും അനിയനും ഹെഡ് മാസ്റ്ററുടെ കയ്യില്‍ നിന്നു തല്ലു കൊണ്ടു കഴിഞ്ഞുള്ള നില്‍പ്പാണ് അസംബ്ലിയില്‍. ഇതുവരെ അതിന് തക്ക ഒരു കുറ്റവും സരസ്വതി ചെയ്തിട്ടില്ല .എന്ത് പറ്റി. ഇങ്ങനെ അടി കൊള്ളാന്‍ എന്നാണു ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത്.
സരസ്വതി സംഭവം വിവരിച്ചത് ഇങ്ങനെ യാണ്. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട സരസ്വതിയും ആറാം ക്ലാസുകാരനായ അനിയനും സ്കൂളില്‍ വരാതെ നേരെ ഒരു ബസ്സില്‍ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അതിന് മുന്‍പ് കോഴിക്കോട്ടു പോയ പരിചയം രണ്ടു പേര്‍ക്കുമില്ല. കോഴിക്കോട് ഞങ്ങളുടെ സ്കൂളില്‍ നിന്നു ഇരുപത്താറു മൈല്‍ അകലെയുള്ള പട്ടണമാണ്. ബസ് ഇറങ്ങി നേരെ ആകാശവാണി എവിടെയാണെന്ന് ചോദിച്ചു ചോദിച്ചു അവിടെ എത്തിപ്പെട്ടു. ആകാശവാണിയില്‍ കണ്ട ആരോടൊക്കെയോ പാട്ട് പാടാനാണ് വന്നത് എന്നും പറഞ്ഞു. സരസ്വതിയെ ആരും പാട്ട് പാടാന്‍ വിളിച്ചിട്ടല്ല ഈ പോക്ക്. പാട്ട് പാടണം എന്ന ആഗ്രഹം മാത്രം. സ്കൂളുകാരോ കലാ സംഘടനക്കാരോ കൊണ്ടു വരുന്ന കുട്ടികളാണ് ബാലരംഗത്തില്‍ പാടുന്നതെന്ന് സരസ്വതിക്കും അനിയനും അറിയില്ല. ഇക്കാര്യം അവര്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കിയപ്പോള്‍ സരസ്വതി കരച്ചിലായി. "ക്കു കരച്ചില്‍ വന്നു , ഞാനും ഓനും (അനിയന്‍) കൂടി കരഞ്ഞു തുടങ്ങി "എന്നാണു അവള്‍ പറഞ്ഞത്. ഇത് കണ്ടു ഒരാള്‍ക്ക് പാവം തോന്നിയിരിക്കണം സരസ്വതിയെ കൊണ്ടു അവള്‍ക്കറിയുന്ന പാട്ടുകള്‍ പാടിച്ചു നോക്കി. "ഒക്കെ സിനിമാ പാട്ടാണ് ഞാന്‍ പാടിയേ, പക്ഷെ ബാലരംഗത്തില്‍ സിനിമാ പാട്ടില്ല'. അതുകൊണ്ട് രണ്ടു മൂന്നു ലളിത ഗാനങ്ങള്‍ അവര്‍ സരസ്വതിയെ പഠിപ്പിച്ചു. അവള്‍ പെട്ടെന്ന് പഠിച്ചു കാണണം. അവിടെ കുട്ടികളുടെ ബാലരംഗം അവതരിപ്പിക്കാന്‍ വന്ന ഒരു ഗ്രൂപ്പില്‍ കൂട്ടി സരസ്വതിയുടെ പാട്ടുകളും റെക്കാഡ് ചെയ്തു. ഈ പാട്ട് പഠിത്തവും റിക്കാഡ് ചെയ്യലും കഴിഞ്ഞപ്പോള്‍ വൈകി .ബസ് സ്റ്റാന്റില്‍ തിരിച്ചെത്തിയപ്പോള്‍ സന്ധ്യയായി. പേടിച്ചു ചേച്ചിയും അനിയനും കരഞ്ഞു കൊണ്ടു നില്‍പ്പായി , കയ്യില്‍ ബസിനുള്ള കാശും ഇല്ല. നടക്കാവുന്ന ദൂരം ഒന്നുമല്ല , ഇരുപത്താറു മൈല്‍ ഉണ്ടല്ലോ. അങ്ങനെ നില്‍ക്കുമ്പോള്‍ ആണ് സ്കൂള്‍ വിട്ട് നാട്ടിലേക്ക് പോകുന്ന ഹെഡ് മാഷ് ഭാഗ്യം കൊണ്ടു അവരെ കാണുന്നത്. മാഷിനു ജോലിയായി. വീട്ടില്‍ പരിഭ്രമിച്ചു നില്‍ക്കുന്ന അമ്മക്ക് മുന്‍പില്‍ അവരെ കൊണ്ടാക്കി .ഉപദേശിച്ചു. അപ്പോള്‍ ചീത്തയൊന്നും പറഞ്ഞില്ലത്രേ മാഷ് .പിറ്റേ ദിവസം സ്കൂളില്‍ ഇവര്‍ വന്നതും ഹെഡ് മാഷ് മുറിയില്‍ വിളിച്ചു രണ്ടു പേര്‍ക്കും നാലഞ്ച് അടി പാസാക്കി. ഇതാണ് നടന്നത്.
പറഞ്ഞു കഴിഞ്ഞു കരച്ചിലിനിടയിലും ചിരിച്ചു കൊണ്ടു സരസ്വതി പറഞ്ഞു "അടുത്ത ഞായറാഴ്ച എന്റെ പാട്ട് റേഡിയോവില്‍ വരും ന്ന് അവര് പറഞ്ഞി ട്ടുണ്ടല്ലോ "
അടുത്ത ഞായറാഴ്ച ഞാനും അമ്മയും എട്ത്തിയും ഒരുമിച്ചിരുന്നു സരസ്വതിയുടെ മൂന്നു പാട്ടുകള്‍ കേട്ടു ബാലരംഗത്തില്‍. ഹെഡ് മാഷും കേട്ടിട്ടുണ്ടാവും.'എന്നാലും ഈ കുട്ടികള്‍ ഇങ്ങനെ ഒറ്റയ്ക്ക് പോയല്ലോ" എന്ന് അമ്മ വേവലാതിയോടെ പറഞ്ഞു.
വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമുള്ള അടികള്‍ കൊണ്ടു സരസ്വതിയുടെ പാട്ട് മോഹം അവസാനിച്ചു എന്ന് എല്ലാവരും കരുതി . ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു കോളേജില്‍ ചേര്‍ന്നു രണ്ടാം വര്‍ഷം പ്രീ ഡിഗ്രി ക്കു പഠിക്കുന്നു. മൂന്നു കൊല്ലത്തോളം ആയി സരസ്വതിയുമായി ഒരു ബന്ധവും ഇല്ല .ഞങ്ങളുടെ വീടുകള്‍ തമ്മില്‍ പത്ത് കിലോമീറ്ററിന്റെയെങ്കിലും ദൂരമുണ്ട്.
ഒരു ദിവസം കോളെജിലേക്ക് പുറപ്പെട്ടു ബസില്‍ കയറി ബാലന്‍സ് ചെയ്തു തൂങ്ങി നില്‍ക്കുന്ന എന്റെ മുന്‍പില്‍ ഉണ്ട് സരസ്വതി നില്‍ക്കുന്നു. അവള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും മുന്‍പ് വിടര്‍ന്ന കണ്ണും ജ്വലിക്കുന്ന ,സന്തോഷം നിറഞ്ഞ മുഖവുമായി പറഞ്ഞത് ഇത് മാത്രം. " ഞാന്‍ എല്‍ .ആര്‍ ഈശ്വരിയെ കണ്ടു, അവരുടെ പാട്ട് കേട്ടു...കുറെ നേരം ഉണ്ടായീരുന്നു ...ഒരു പാട് പാട്ടുകള്‍ പാടി ...എന്തൊരു രസാ ണ് ന്നോ ....ഞങ്ങള്‍ ഇപ്പോള്‍ ഊട്ടക്കമണ്ടിലാണ് സാവ്യേ...." ആ തെളിഞ്ഞ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ഹെഡ് മാഷുടെ അടി കൊണ്ടൊന്നും സരസ്വതിയുടെ സംഗീതത്തിനോടുള്ള ഇഷ്ടം പോയിട്ടില്ല എന്ന്.
പിന്നെ പലപ്പോഴും സരസ്വതി എന്റെ ആലോചനയില്‍ വന്നു. അവളെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അവള്‍ ആഗ്രഹിച്ച പാട്ടുജീവിതം അവള്‍ക്കു കിട്ടിക്കാണുമോ എന്ന് ഒരാധിയോടെ വിചാരിക്കും. ഉണ്ടാവില്ല എന്ന് ഓര്‍ത്തു ഖേദിക്കും. അവള്‍ അച്ഛന്‍ മരിച്ച് അമ്മയുടെ നാടായ ഊട്ടക്കമണ്ടിലേക്ക് താമസം മാറിയത് അവള്‍ക്കു എല്‍ ആര്‍ ഈശ്വരിയെ ഒന്ന് കാണാനും അവരുടെ ഗാനമേള കേള്‍ക്കാന്‍ ഒരവസരവും കൊടുത്തു ആ കുട്ടിക്കാലത്ത് എന്നല്ലാതെ ഒന്നും സംഭവിക്കാന്‍ ഇടയില്ല. ഒരു പക്ഷെ അവളുടെ ഉള്ളിലെ സംഗീതം മുഴുവന്‍ അവള്‍ തന്റെ കുട്ടികള്‍ക്ക് ഉറക്ക് പാട്ടായി , താരാട്ടായി ചൊല്ലി തീര്‍ത്തിട്ടുണ്ടാവാം.
അല്ലെങ്കില്‍ അവള്‍ മൌനമായി അവളുടെ പാട്ടുകള്‍ ചൊല്ലിത്തീര്‍ക്കുന്നുണ്ടാകാം ഇപ്പോഴും .
ഇപ്പോള്‍ പല പല റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ അരങ്ങു തകര്‍ത്തു പാടുന്നതും സമ്മാനം വാങ്ങുന്നതും കാണുമ്പോള്‍ ഞാന്‍ സരസ്വതിയെ ഓര്‍ക്കും. കാലംമാറിയെന്നും താഴെക്കിടയില്‍ നിന്നു വരുന്ന കഴിവുള്ള കുട്ടികള്‍ക്ക് അവസരം കിട്ടുന്ന വിധം പൊതു വേദികള്‍ തുറന്ന വേദികള്‍ ആയി എന്ന് പറയുമ്പോഴും അതെത്ര കണ്ട് ഇത് പോലുള്ള സരസ്വതിമാര്‍ക്ക് ഗുണകരമാവുന്നുണ്ടാവും? അല്ലെങ്കില്‍ ഈ റിയാലിറ്റി ഷോകള്‍ സര്‍ഗാത്മകതയെ എത്ര കണ്ട് പോഷിപ്പിക്കുന്നു ? ഈ റിയാലിറ്റി ഷോ കളില്‍ പാടി അവസാനിക്കുകയാണോ പുതിയ സരസ്വതിമാര്‍. ആരെങ്കിലും അവരെ അടി കൊടുത്തു സംഗീതത്തില്‍ നിന്നു പിന്‍തിരിപ്പിക്കുന്നുണ്ടാകുമോ? അതോ അവര്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ അവരുടെ സംഗീത ജീവിതത്തെ? ആര്‍ക്കറിയാം.
സാവിത്രി രാജീവന്‍
2011-ജൂണ്‍ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.