Saturday, August 20, 2011

വെറും വിചാരങ്ങള്‍

      സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരാള്‍. അങ്ങനെ ഉണ്ടാവില്ലേ? സ്ത്രീകള്‍ പൊതുവേ അങ്ങനെ യാണ് എന്ന് തോന്നുന്നു. പരിചയക്കാര്‍ ഉണ്ടാകും .അവര്‍ സുഹൃത്തുക്കള്‍ ആകണമെങ്കില്‍ ..എങ്ങനെയാണ്  ഒരാള്‍ക്ക്‌ സൗഹൃദം  ഉണ്ടാകുന്നത്. അത് പ്രണയം പോലെ യാണെന്ന് എനിക്ക് തോന്നുന്നില്ല. ഒറ്റ നോട്ടത്തില്‍ അവള്‍ /അവന്‍ എന്റെ സുഹൃത്ത് തന്നെ എന്ന ഒരടുപ്പം .മുതിര്‍ന്നു സ്വാര്‍ഥതയും ആക്രാന്തവും വളര്‍ന്നു മുറ്റിയവരില്‍ ഒരിക്കലും അത് സംഭവിക്കില്ല. ഇനി അത്തരക്കാര്‍ തമ്മിലുള്ള സൗഹൃദം ഉണ്ടായാല്‍ തന്നെ  പരസ്പരം കാര്യസാധ്യങ്ങള്‍ക്കും  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി കൊണ്ട് നടക്കുന്ന ഒരു ഏര്‍പ്പാടായി തീരുകയും ചെയ്യും. നേട്ടങ്ങള്‍ ഇല്ലാതാവുന്നതോടെ അസ്തമിക്കുന്ന ആ ബന്ധങ്ങള്‍ക്കു  എങ്ങനെ സൗഹൃദം എന്ന്  പേര് പറയും?
    കുട്ടിക്കാലത്തും കൌമാരകാലത്തും, "ആ കുട്ടി എന്റെ കൂട്ടുകാരി ആയിരുന്നെങ്കില്‍" എന്ന് എന്നോട് അടുപ്പവും സ്നേഹവും തോന്നിയ മൂന്നു കൂട്ടുകാരികള്‍ എനിക്കുണ്ടായിരുന്നു. അവരില്‍ രണ്ടു പേര്‍ ഇന്നും എന്റെ ആത്മ മിത്രങ്ങള്‍ തന്നെ. എന്റെ സന്തോഷത്തില്‍ സന്തോഷിക്കുകയും ക്ലേശ ങ്ങളില്‍  ഖേദിക്കുകയും ചെയ്യുന്നവര്‍. എപ്പോഴും കാണുകയോ എല്ലാ ദിവസവും സംസാരിക്കുകയോ ചെയ്യേണ്ടാത്ത്തവര്‍, എങ്കിലും എപ്പോഴും ഉള്ളില്‍ ഉള്ളവര്‍. കാണുമ്പോള്‍ കുട്ടിക്കാലത്തെ പോലെ ഇടതടവില്ലാതെ സംസാരിക്കുന്നവര്‍. എന്റെ കവിതയോ കഥയോ ചിത്രമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ എന്നെ അറിയാന്‍ ആവശ്യമില്ലാത്തവര്‍. മറ്റൊരാള്‍ എന്നെ  പറ്റി  പറയുന്ന ഒരു ദൂഷണത്തിലും   വീണു പോകാത്തവര്‍, അതുകേട്ടു എന്നെ തളളി പറയാത്തവര്‍. അങ്ങനെ രണ്ടോ  മൂന്നോ അഞ്ചോ പേര്‍. കണക്കെടുത്താല്‍ അത്രയേ ഉളളൂ എനിക്ക് കൂട്ടുകാരായി! അത് മതി .
     മറ്റുള്ള ചില സൗഹൃദം ഇങ്ങനെ യാണ്. പരസ്പരം കാണുമ്പോള്‍ ചൊരിയുന്ന സദ്‌ വാക്കുകള്‍ കേട്ടു അത് വിശ്വസിച്ചു നിങ്ങള്‍ വെറുതെ ഒന്ന് ഫോണ്‍ ചെയ്തു നോക്കൂ , അവര്‍ സഗൌരവം മുന്പരിചയമേ ഇല്ലെന്ന മട്ടില്‍ വാക്കുകള്‍ ചുരുക്കും. ഒരു പക്ഷെ നമ്മള്‍ ഫോണില്‍ വിളിച്ചത് വെറും സൌഹൃദത്തിന്റെ പേരില്‍ ആണ്, കാര്യ സാധ്യങ്ങള്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ബോധ്യമായാല്‍ തുടര്‍ന്നു വരുന്ന വാക്കുകള്‍ മധുരിക്കും. അതല്ല "നമ്മുടെ മറ്റേ സുഹൃത്തിറെ ഫോണ്‍ നമ്പര്‍ ഒന്ന് തരാമോ ,അതിന് വേണ്ടി കൂടിയാണ് വിളിച്ചത്" എന്ന് പറഞ്ഞു നോക്കൂ..അപ്പോള്‍ വരും ഉത്തരം 'അയ്യോ ,ഉണ്ടായിരുന്നു കേട്ടോ, ഇപ്പൊ കാണുന്നില്ല' അത്ര ചെറിയ ഉപകാരം പോലും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന കൂട്ടുകാരുമായി എന്ത് കൂട്ട് !
  സ്നേഹിക്കുക  എളുപ്പമല്ല , സ്നേഹത്തില്‍ ഉത്തരവാദിത്വവും പരിഗണനയുമുണ്ട് , തന്നോട് തന്നെയുള്ള , ജീവിതത്തോടുള്ള ഉത്തരവാദിത്വം. നല്ല , കപട ലേശമില്ലാത്ത വാക്കോതുവാന്‍ ത്രാണി ഉണ്ടാവണം എന്ന് പറയുന്നത് എത്ര വാസ്തവം ! 
ഉപാധികളില്ലാത്ത സ്നേഹത്തിനു മാത്രമേ നല്ല സൌഹൃദവും തരാന്‍ കഴിയൂ , കൊടുക്കാനും.

3 comments:

@rjun said...

ചേച്ചി പറയാറുള്ള പോലെ.. ജീവിതത്തില്‍ എനിക്കും സുഹൃത്തുക്കള്‍ എന്ന് എനിക്ക് തോന്നിയിട്ടുള്ള എല്ലാം പറയാറുള്ള..എന്റെ ഒരു വാക്കില്‍ പോലും എന്നെ തെറ്റിധരിക്കാത്ത എന്നാല്‍ ഒരുപാട് കലഹിക്കാറുള്ള.. സംസാരിച്ചില്ലെങ്കിലും, ഫോണ്‍ വിളിച്ചില്ലെങ്കിലും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വീണ്ടും കാണുമ്പോള്‍ ഒരു വ്യത്യാസവുമില്ലാതെ സുഖമാല്ലെടാ എന്ന് ചോദിക്കുന്ന പച്ചയായ ഏതാനും ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ മാത്രം. അവര്‍ ഒന്നും ഇശ്ചിക്കുന്നില്ല..സ്നേഹിക്കുന്നു..നല്ല പോസ്റ്റ്‌

savi said...

പരദൂഷണ ത്തില്‍ അഭിരമിക്കുന്നവര്‍ ,അസൂയാലുക്കള്‍ എല്ലാം തമ്മില്‍ 'ആത്മ സൗഹൃദം' ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് മദ്യപന്മാരുടെ കൂട്ട് കെട്ടു പോലെ. മരിച്ചാല്‍ ശവ പ്രദര്‍ശന സമയത്ത് വരാന്‍ ആളുണ്ടാവില്ല എന്ന് വിചാരിച്ചു അങ്ങനെ ഉള്ളവരെ കൂട്ടുകാരായി കണ്ടു സൗഹൃദം കാത്തു സൂക്തിക്കാന്‍ പറ്റില്ലല്ലോ :)

@rjun said...

ഹ ഹ ഹ അത് സത്യം തന്നെ..ആ പ്രയോഗം എനിക്കിഷ്ട്ടപെട്ടു